മാസപൂജക്കാലം ശബരീശനെ ഹരിവരാസനം പാടിയുറക്കല്‍ തൊഴാനുള്ള അവകാശം 'വിഐപികള്‍ക്ക്' മാത്രം; നിര്‍മാല്യ ദര്‍ശനത്തിനും 'സിവില്‍ ദര്‍ശകര്‍' വേണ്ട; ശബരിമലയില്‍ ഇനി രണ്ടു തരം ഭക്തര്‍; ഇരുമുടി കെട്ടിന്റെ പേരിലെ 'പുതിയ വിപ്ലവം' ഇഷ്ടക്കാര്‍ക്ക് സുഖദര്‍ശനമാകുമോ?
തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിന് എത്തുന്ന ഭക്തരെ രണ്ടു തട്ടുകളിലാക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പുതിയ 'വിപ്ലവം'. ശബരിമലയില്‍ ഇനിമുതല്‍ എല്ലാ മാസ പൂജകള്‍ക്കുമുള്ള സമയ ക്രമം ദേവസ്വം ബോര്‍ഡ് പുതുക്കി. ഇതിനൊപ്പമാണ് ശബരിമലയില്‍ രണ്ടു തരം ഭക്തരായി അയ്യപ്പദര്‍ശനത്തിന് എത്തുന്നവരെ മാറ്റുന്നത്. ശബരിമലയില്‍ 'സിവില്‍ ദര്‍ശനം' എന്ന പുതിയ ദര്‍ശന രീതിയുണ്ടാക്കുകയാണ് ദേവസ്വം ബോര്‍ഡ്. ഇരുമുടി കെട്ടില്ലാതെ ദര്‍ശനത്തിന് എത്തുന്നവരാകും 'സിവില്‍ ദര്‍ശകര്‍'.
നട തുറക്കുന്നത് രാവിലെ 5 മണിക്ക്, ഉച്ചയ്ക്ക് 1 മണിക്ക് നടയടക്കും. വൈകിട്ട് 4 ന് നട തുറക്കും രാത്രി 10 മണിക്ക് ഹരിവരാസനം പാടി നട അടയ്ക്കും. സിവില്‍ ദര്‍ശനത്തിനും (ഇരുമുടിക്കെട്ട് ഇല്ലാതെയുള്ള ദര്‍ശനം) പുതിയ സമയക്രമം ഏര്‍പ്പെടുത്തി. രാവിലെ നട തുറന്നശേഷം 6 മണി മുതല്‍ മാത്രമേ സിവില്‍ ദര്‍ശനം ഉണ്ടാവുകയുള്ളൂ. രാത്രി 9 .30 ന് സിവില്‍ ദര്‍ശനത്തിനുള്ള സമയക്രമം അവസാനിക്കും-ഇതാണ് ദേവസ്വം ബോര്‍ഡിന്റെ പുതിയ പത്രക്കുറിപ്പ്. യൂണിഫോം ഇടാതെ ജോലി ചെയ്യുന്നവര്‍ സിവിലിയന്‍ ഡ്രെസിലാണെന്നും മറ്റും പോലീസില്‍ പറയാറുണ്ട്. ഇതിന് സമാനമായി ശബരിമലയിലും 'സിവില്‍ ദര്‍ശനം' കൊണ്ടു വരികയാണ് ദേവസ്വം ബോര്‍ഡ്.
വിഐപി ദര്‍ശനത്തിന് ബുദ്ധിമുട്ടു കുറയ്ക്കാനാണ് ഇതെന്നാണ് സൂചന. ഹരിവരാസനം തൊഴാന്‍ വിഐപികള്‍ക്ക് അവസരമൊരുക്കുകായണ് ലക്ഷ്യമെന്നും സൂചനകളുണ്ട്. സാധാരണ ഇരുമുടി കെട്ടുമായി വരുന്ന ഭക്തര്‍ പതിനെട്ടാം പടി കയറി ദര്‍ശനം നടത്തും. ഇരുമുടി കെട്ടില്ലാതെ ദര്‍ശനത്തിന് എത്തുന്നവര്‍ മറ്റ് വഴികളിലൂടെ സോപനത്ത് എത്തി ക്യൂ നിന്ന് അയ്യപ്പനെ തൊഴാറാണ് രീതി. ഈ സംവിധാനമാണ് മാറ്റുന്നത്. ശബരിമലയില്‍ തങ്ങുന്ന ഭക്തര്‍ പുലര്‍ച്ചെ നിര്‍മാല്യത്തിനും ശ്രമിക്കും. അവരും പതിനെട്ടാംപടി ഒഴിവാക്കി മറ്റ് വഴികളിലൂടെ ദര്‍ശനത്തിന് എത്തും. പുതിയ തീരുമാന പ്രകാരം ശബരിമലയില്‍ പതിനെട്ടാം പടി കയറിയ ശേഷം രാത്രി തങ്ങുന്നവര്‍ക്ക് നിര്‍മ്മാല്യ ദര്‍ശനം അസാധ്യമാകും. എന്നാല്‍ വിഐപികള്‍ക്ക് നിര്‍മാല്യവും ഹരിവരാസനവും സുഖമായി ദര്‍ശിക്കുകയും ചെയ്യാം.
മണ്ഡല മകരവളിക്ക് കാലത്ത് സന്നിധാനത്തേക്ക് ഭക്തജന ഒഴുക്കുണ്ടാകാറുണ്ട്. എന്നാല്‍ മാസ പൂജ സമയത്ത് അത്രയും ഭക്തര്‍ രാത്രി കാലത്ത് എത്താറില്ല. പലപ്പോഴും പതിനെട്ടാംപടി കയറാന്‍ പോലും ഭക്തരില്ലാത്ത അവസ്ഥ വരും. ഈ സമയത്തും ഹരിവരാസനം തൊഴാന്‍ സന്നിധാനത്തുള്ള എല്ലാ ഭക്തരും സോപാനത്തിലേക്ക എത്തും. അതുകൊണ്ട് ആ സമയം അവിടെ നല്ല തിരക്കാണ്. അടുത്ത സമയത്ത് ദിലീപ് ഹരിവരാസനം തൊഴുതത് വിവാദമായിരുന്നു. നല്ല ഭക്തജന തിരക്കുള്ളപ്പോള്‍ ദിലീപ് തൊഴുതതായിരുന്നു ഇതിന് കാരണം. ദേവസ്വം ബോര്‍ഡിന്റെ നിലവിലെ തീരുമാന പ്രകാരം ഹരിവരാസന സമയത്ത് പതിനെട്ടാം പടി വഴിയെത്തുന്നവര്‍ മാത്രമേ ദര്‍ശനത്തിന് എത്തൂ.
അതായത് വിഐപി പരിഗണനയില്‍ എത്തുന്നവര്‍ക്ക് സുഖമായി ഹരിവരാസനം തൊഴാന്‍ കഴിയും. സാധാരണ ഭക്തര്‍ക്ക് ഈ ഹരിവരാസനം സോപാനത്ത് നിന്നും തൊഴാനുള്ള അവസരം നിഷേധിക്കലായി ഇത് മാറും. നിര്‍മ്മാല്യ ദര്‍ശനത്തിന് എന്നും പതിനെട്ടാം പടി കയറാന്‍ നിരവധി ഭക്തരുണ്ടാകും. ഇത് കാരണം വലിയ തിരക്കാണ് അനുഭവപ്പെടാറുള്ളത്. ഇതും നിര്‍മാല്യം തൊഴാനെത്തുന്ന വിഐപികള്‍ക്ക് ബുദ്ധിമുട്ടാണ്. ദേവസ്വം ബോര്‍ഡിന്റെ പുതിയ തീരുമാന പ്രകാരം ആ ബുദ്ധിമുട്ടും ഒഴിവാകും. ഹൈക്കോടതിയുടെ ഇടെപടലുകള്‍ കാരണം സാധാരണക്കാരയ ഭക്തര്‍ക്ക് അയ്യപ്പ ദര്‍ശനത്തിന് കൂടുതല്‍ അവസരം കിട്ടി. ദിലീപിന്റെ ഹരിവരാസനം തൊഴല്‍ അടക്കം ഹൈക്കോടതി ഗൗരവത്തില്‍ കണ്ടു.
ഈ സാഹചര്യത്തില്‍ ഹരിവരാസനത്തിനും മറ്റും തിരക്കുണ്ടെങ്കില്‍ വിഐപി ദര്‍ശനം വിവാദങ്ങളിലേക്ക് കടക്കും. നടയ്ക്ക് മുന്നിലെ സിസിടിവിയില്‍ എല്ലാം പതിയുകയും ചെയ്യും. ദീലീപ് വിഷയത്തില്‍ അടക്കം തിരക്ക് സിസിടിവിയില്‍ പതിഞ്ഞതാണ് പ്രശ്‌നമായി ദേവസ്വം ബോര്‍ഡിന് മാറിയത്. പുതിയ തീരുമാനം വരുന്നതോടെ മാസപൂജക്കാലത്തും മറ്റും ഇരുമുടികെട്ടുള്ളവര്‍ക്ക മാത്രമേ ഹരിവരാസന സമയത്ത് തിരുനടയില്‍ എത്താനാകൂ. വലിയ തിരക്കുണ്ടാവുകയുമില്ല. ഈ സമയം വിഐപികള്‍ക്ക് സുഖമായി ഹരിവരാസനം ദര്‍ശിക്കാം. ഇപ്പോഴത്തെ ഉത്തരവിന്റെ മറവില്‍ പാവം അയ്യപ്പഭക്തരെ സോപാനത്തേക്ക് പ്രവേശിക്കാതെ തടയാനും കഴിയും.
ഏപ്രില്‍ രണ്ടാം തീയതി ശബരിമലയില്‍ കൊടിയേറ്റാണ്. ഒന്നാം തീയതി രാത്രിയില്‍ നടതുറക്കും. അന്ന് മുതല്‍ പുതിയ തീരുമാനങ്ങള്‍ നടപ്പാക്കും. ഹൈക്കോടതി കനിഞ്ഞില്ലെങ്കില്‍ ഹരിവരാസന ദര്‍ശനം സാധാരണ ഭക്തര്‍ക്ക് ഇനി സാധ്യമാകില്ലെന്ന് സാരം. ദിലീപിന്റെ ശബരിമല ദര്‍ശനത്തില്‍ ദേവസ്വം ബോര്‍ഡിനെതിരേ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി രംഗത്തു വന്നിരുന്നു. ദിലീപിനായി മറ്റു ഭക്തരെ തടഞ്ഞത് വിമര്‍ശിച്ച കോടതി എന്ത് പ്രത്യേക പരിഗണനയാണ് ഇത്തരം ആളുകള്‍ക്കുള്ളതെന്നും വിഷയം ഗൗരവതരമാണെന്നും വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ തീര്‍ത്ഥാടന കാലത്ത് ഹരിവരാസനം പാടി നടയടയ്ക്കുന്ന നേരത്താണ് ദിലീപും സഹോദരനും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയും സന്നിധാനത്ത് ദര്‍ശനം നടത്തിയത്. ഇവര്‍ക്ക് ദര്‍ശനം നടത്തുന്നതിനായി മുന്‍നിരയിലുണ്ടായ ഭക്തരെ തടഞ്ഞിരുന്നു. പത്ത് മിനിറ്റിലേറെ മുന്‍ നിരയില്‍ തന്നെ നിന്ന് ദര്‍ശനം നടത്തിയ ദിലീപ് മറ്റ് ഭക്തരുടെ ദര്‍ശനത്തിനും ക്യൂ നീങ്ങുന്നതിനും തടസം സൃഷ്ടിച്ചെന്നാണ് ആരോപണം.
ഇതിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ച കോടതി ഭക്തരെ തടയാന്‍ ആരാണ് അനുവാദം നല്‍കിയതെന്നും ചോദിച്ചു. ഹരിവരാസനം പാടി നട അടയ്ക്കുന്ന സമയം എന്നത് ആ ദിവസത്തെ ദര്‍ശനം ലഭിക്കുന്ന അവസാന സമയമാണ്, എന്തടിസ്ഥാനത്തില്‍ ഒന്നാം നിര ബ്ലോക്ക് ആക്കി വച്ചു, എന്തിന് മറ്റ് ഭക്തര്‍ക്ക് മാര്‍ഗതടസമുണ്ടാക്കിയെന്നും കോടതി ചോദിച്ചിരുന്നു. ഹൈക്കോടതിയില്‍ നിന്നുള്‍പ്പെടെ രൂക്ഷവിമര്‍ശനം ഉണ്ടായ സാഹചര്യത്തില്‍ വിഐപി ദര്‍ശന വിവാദത്തില്‍ നാല് പേര്‍ക്കെതിരെ ദേവസ്വം ബോര്‍ഡ് കര്‍ശന നടപടി സ്വീകരിച്ചിരുന്നു.ശബരിമലയില്‍ ആര്‍ക്കും പ്രത്യേക പരിഗണന നല്‍കരുതെന്ന് കോടതി നേരത്തെതന്നെ വ്യക്തമാക്കിയിട്ടുണ്ട്. അവിടെ എത്തുന്ന എല്ലാ ഭക്തരും സമന്മാരാണ്.
എല്ലാവര്‍ക്കും വിര്‍ച്വല്‍ ക്യൂ വഴിയാണ് അവിടെ ദര്‍ശനം അനുവദിക്കുന്നത്. അതുകൊണ്ട് ആ രീതിക്ക് കാര്യങ്ങള്‍ നടക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇനി ഹരിവരാസനം വിഐപികള്‍ക്ക് മാത്രമാക്കുകയാണ് ദേവസ്വം ബോര്‍ഡ്. ആരേയും തടയാതെ വിഐപികള്‍ക്ക് ഹരിവരാസന സമയത്ത് സുഖദര്‍ശനം ഇനി സാധ്യമാകും.