ബംഗ്ലൂരുവിലെ ആഡംബര ഹോട്ടലില്‍ മയക്കുമരുന്ന് ഉപയോഗത്തിന് പിടികൂടിയ വ്യക്തി; ഹാക്കറും ബിറ്റ്‌കോയിന്‍ തട്ടിപ്പുകാരനുമായ ശ്രീകിയുടെ കൂട്ടുകാരന്‍; ഈ വര്‍ഷം ആദ്യം ഹോട്ടലില്‍ അതിക്രമം കാട്ടിയതിനും അറസ്റ്റിലായ വിഷ്ണു ശരണ്‍ ഭട്ട്; ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഇടതും വലതും നില്‍ക്കുന്ന ശതകോടീശ്വരന്മാരും ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍; ശബരിമല 'സ്‌പോണ്‍സര്‍മാര്‍' ഭീഷണിയില്‍; സന്നിധാനത്ത് വിലസുന്നത് അധോലോക മാഫിയയോ?
തിരുവനന്തപുരം: ശബരിമലയിലെ വിവാദ സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഇടതും വലതും നില്‍ക്കുന്നവരെല്ലാം ക്രിമിനല്‍ പശ്ചാത്തലമുള്ള പണക്കാര്‍. 2022ലും 2024ലും പുതുവല്‍സരത്തില്‍ ശബരിമലയില്‍ 18000 നെയ് തേങ്ങ കൊണ്ടു വന്ന് അഭിഷേകം നടത്തിയിരുന്നു. ഇരുമുടി കെട്ടില്‍ കൊണ്ടു വരേണ്ട നെയ് തേങ്ങ ട്രാക്ടറിലാണ് അന്ന് സന്നിധാനത്ത് എത്തിച്ചത്. ഇതിനൊപ്പം പോലീസിന് ആംബുലന്‍സ് നല്‍കിയതും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സുഹൃത്തായ ബിസിനസ്സുകാരനാണ്. നെയ്യ് അഭിഷേകം നടത്തിയതും പോലീസിന് ശബരിമലയില്‍ ആംബുലന്‍സ് നല്‍കിയതുമെല്ലാം ബംഗ്ലൂരുവിലെ ഭീമാ ഗ്രൂപ്പിലെ വിഷ്ണു ശരണ്‍ ഭട്ടായിരുന്നു. 2025 ഫെബ്രുവരിയിലും ബംഗ്ലൂരു പോലീസ് അറസ്റ്റു ചെയ്ത വ്യക്തി കൂടിയാണ് ഇയാള്‍. നിരവധി പ്രശ്‌നങ്ങളാണ് വിഷ്ണു ശരണ്‍ ഭട്ടും കൂട്ടരും ബംഗ്ലൂരു പോലീസിന് എന്നും ഉണ്ടാക്കുന്നത്. കന്നഡ മാധ്യമങ്ങളും ഇയാളുടെ അറസ്റ്റ് പ്രധാന്യാത്തോടെ തന്നെ പലപ്പോഴും വാര്‍ത്തയാക്കി. ഇത്തരമൊരു വ്യക്തിയാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പിന്തുണയില്‍ ശബരിമലയില്‍ വിഐപി പരിവേഷത്തില്‍ എത്തുന്നത്. വിഷ്ണു ശരണ്‍ പോറ്റിയുടെ അടുത്തൊരു സുഹൃത്ത് ബിറ്റ് കോയിന്‍ തട്ടിപ്പിലും ഹാക്കിംഗിലുമെല്ലാം സംശയ നിഴലിലുള്ള വ്യക്തിയുമാണ്. ഉണ്ണികൃഷ്ണന്‍ പോറ്റിയ്‌ക്കെതിരെ രണ്ടു കേസുകളുണ്ടെന്ന സൂചന കേരളാ സെപ്ഷ്യല്‍ ബ്രാഞ്ചിന് കിട്ടിയിരുന്നു. ഇത് അനുസരിച്ച് നടത്തിയ അന്വേഷണത്തില്‍ മണ്ണന്തല പോലീസ് സ്‌റ്റേഷനിലെ വാഹന കത്തിക്കല്‍ കേസ് എഴുതി തള്ളിയെന്ന് കണ്ടെത്തിയിരുന്നു. ബംഗ്ലൂരുവില്‍ മറ്റൊരു കേസുണ്ടെന്നും സൂചനകളെത്തി. ഇതില്‍ അന്വേഷണം നടത്തുമ്പോഴാണ് ശബരിമലയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് ഫണ്ട് നല്‍കുന്ന പ്രധാനിയും സംശയ നിഴലിലാകുന്നത്. വലിയ മാഫിയാ സംഘമാണ് ശബരിമലയില്‍ 'സ്‌പോണ്‍സര്‍' എന്ന വ്യാജേന പിടിമുറുക്കിയത് എന്ന് സാരം.
പ്രധാന സ്വര്‍ണ്ണ കടയുടെ മുതലാളി കൂടിയാണ് വിഷ്ണു ശരണ്‍ ഭട്ട്. 2021 നവംബറില്‍ ഹിന്ദു പ്രസിദ്ധീകരിച്ച വാര്‍ത്തയാണ് ഇനി- രാജ്യത്തെ നടുക്കിയ മള്‍ട്ടികോടി ബിറ്റ്‌കോയിന്‍ തട്ടിപ്പ് കേസില്‍ പ്രതിസ്ഥാനത്ത് പേര് ഉയര്‍ന്നുവന്ന കുപ്രസിദ്ധ 'ഹാക്കര്‍' ശ്രീകൃഷ്ണ എന്ന ശ്രീകിയും പ്രമുഖ ജ്വല്ലറി ഉടമ വിഷ്ണു ഭട്ടും മയക്കുമരുന്ന് ഉപയോഗിച്ച നിലയില്‍ ബെംഗളൂരുവിലെ ഒരു ആഡംബര ഹോട്ടലില്‍ വെച്ച് പോലീസ് പിടിയിലായി. ഇരുവരും ലഹരിമരുന്ന് ഉപയോഗിച്ചിരുന്നു എന്ന് വൈദ്യപരിശോധനയില്‍ സംശയലേശമന്യേ സ്ഥിരീകരിച്ചതോടെയാണ് എന്‍.ഡി.പി.എസ്. ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ ഞെട്ടിക്കുന്ന അറസ്റ്റ് ബിറ്റ്‌കോയിന്‍ തട്ടിപ്പ് കേസില്‍ പുതിയ വഴിത്തിരിവാണ്. കോടതിയില്‍ ഹാജരാക്കിയ ഹാക്കര്‍ ശ്രീകൃഷ്ണയെ ജുഡീഷ്യല്‍ കസ്റ്റഡിയിലേക്ക് അയച്ചു. എന്നാല്‍, ജ്വല്ലറി ഉടമയായ വിഷ്ണു ഭട്ടിനെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനും ചോദ്യം ചെയ്യുന്നതിനുമായി പോലീസ് കസ്റ്റഡിയില്‍ വാങ്ങി. ഇരുവരും ഹോട്ടലില്‍ ഒത്തുകൂടിയതിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താനാണ് പോലീസ് ഊര്‍ജിതമായ അന്വേഷണം നടത്തുന്നത്. ഹോട്ടല്‍ ജീവനക്കാരെ ആക്രമിച്ച കേസില്‍ മുമ്പും അറസ്റ്റിലായിരുന്ന വിഷ്ണു ഭട്ട് വീണ്ടും നിയമക്കുരുക്കിലായത് നഗരത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്. ഒരു കുപ്രസിദ്ധ ഹാക്കര്‍ എന്നതിലുപരി, ശ്രീകൃഷ്ണ ഒരു മയക്കുമരുന്ന് കടത്തുകാരന്‍ കൂടിയാണെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിക്കുന്നു. കോടിക്കണക്കിന് രൂപയുടെ ബിറ്റ്‌കോയിന്‍ തട്ടിപ്പ് കേസില്‍ ഇയാളുടെ പേര് ഉള്‍പ്പെട്ടത് വലിയ രാഷ്ട്രീയ, സാമൂഹിക കോളിളക്കങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഹൈടെക് കുറ്റകൃത്യങ്ങളിലും മയക്കുമരുന്ന് കടത്തിലും ഇവര്‍ക്കുള്ള പങ്ക് ഈ പുതിയ അറസ്റ്റിലൂടെ കൂടുതല്‍ വ്യക്തമാകുകയാണ്. ഇവര്‍ക്ക് ലഹരിമരുന്ന് എവിടെനിന്ന് ലഭിച്ചു എന്നതിനെക്കുറിച്ചും പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്-ഇതാണ് 2021ല്‍ ഹിന്ദുവില്‍ വന്ന വാര്‍ത്തയുടെ മലയാള പരിഭാഷ. ഈ വാര്‍ത്തയില്‍ പറയുന്ന വിഷ്ണു ഭട്ടാണ് 2022ലും 2024ലും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സൗഹൃദ കരുത്തില്‍ ശബരിമലയില്‍ നെയ്യഭിഷേകം നടത്തിയത്. കേരളത്തില്‍ കേന്ദ്രീകരിച്ച ജ്യൂലറി ഗ്രൂപ്പായി ബിസിനസ് ബന്ധങ്ങളില്ലാത്ത കമ്പനിയാണ് കര്‍ണ്ണാടകയിലും ബംഗ്ലൂരുവിലും ഭീമയുടെ പേരില്‍ പ്രവര്‍ത്തിക്കുന്നത്. പക്ഷേ രണ്ടു ഗ്രൂപ്പും അടുത്ത ബന്ധുക്കളാണ്.
2025 ഫെബ്രുവരിയില്‍ ന്യൂസ് മിനിറ്റ് നല്‍കിയ വാര്‍ത്തയാണ് ഇനിയുള്ളത്. പ്രമുഖ ജ്വല്ലറി ശൃംഖലയായ ഭീമ ഗോള്‍ഡ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ വിഷ്ണുശരണ്‍ ഭട്ട് അറസ്റ്റില്‍. ഹോട്ടല്‍ ഉടമയെ മര്‍ദിച്ച കേസിലും സ്വന്തം ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസിലുമാണ് ബംഗളൂരു പോലീസ് വിഷ്ണുവിനെ കസ്റ്റഡിയിലെടുത്തത്. കെവിന്‍ തോമസ്, സതീഷ് സ്വാമി എന്നിവര്‍ ഉള്‍പ്പെടെയുള്ള കൂട്ടാളികളും ഹോട്ടല്‍ ഉടമയെ മര്‍ദിച്ച കേസില്‍ അറസ്റ്റിലായിട്ടുണ്ട്. എച്ച്എസ്ആര്‍ ലേഔട്ടിലെ ബിഡിഎ കോംപ്ലക്‌സിന് സമീപമുള്ള ഹോട്ടല്‍ ഉടമ എസ്. തിരുശെല്‍വം നല്‍കിയ പരാതിയിലാണ് ആദ്യ അറസ്റ്റ്. ഫെബ്രുവരി 9-ന് തിരുശെല്‍വത്തിന്റെ ഹോട്ടലില്‍ കാപ്പി കുടിച്ച ശേഷം മടങ്ങുമ്പോള്‍, വിഷ്ണു അബദ്ധത്തില്‍ ഒരു ഇരുചക്രവാഹനം ഇടിച്ചിരുന്നു. ഈ സംഭവം ആദ്യം കാര്യമാക്കാതിരുന്നെങ്കിലും, ഫെബ്രുവരി 26 ബുധനാഴ്ച വിഷ്ണു വീണ്ടും ഹോട്ടലിലെത്തിയപ്പോള്‍ തിരുശെല്‍വം വാഹനം ഇടിച്ചതിനെക്കുറിച്ച് ചോദ്യം ചെയ്തു. ഇതില്‍ പ്രകോപിതനായ വിഷ്ണു തന്റെ അംഗരക്ഷകര്‍ക്കൊപ്പം ഹോട്ടല്‍ ഉടമയെ മര്‍ദിക്കുകയായിരുന്നു എന്നാണ് പരാതി. ഈ കേസില്‍ വിഷ്ണു നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. നേരത്തെ, കൊറമംഗല പോലീസ് സ്റ്റേഷനില്‍ വിഷ്ണുവിനും അഞ്ചുപേര്‍ക്കുമെതിരെ മറ്റൊരു എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. സ്വന്തം ജ്വല്ലറിയിലെ ഒരു ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചുവെന്നാണ് ഈ കേസ്. 50 ഗ്രാം സ്വര്‍ണം മോഷ്ടിച്ച് മറ്റൊരു ജ്വല്ലറിക്ക് വിറ്റുവെന്ന് ആരോപിച്ച് ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദിക്കുകയും, ഭീഷണിപ്പെടുത്തി സ്വര്‍ണത്തിന്റെ വില തിരികെ നല്‍കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു എന്നാണ് ആരോപണം. തട്ടിക്കൊണ്ടുപോകല്‍ കേസിലെ ആരോപണങ്ങളെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുന്നതിനായി വിഷ്ണുവിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ് ഒരുങ്ങുകയാണ്. വിഷ്ണു ഭട്ടിന് മുമ്പും നിയമപ്രശ്‌നങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ബിറ്റ്‌കോയിന്‍ കേസിലെ പ്രധാന പ്രതിയായ ഹാക്കര്‍ ശ്രീകൃഷ്ണ എന്ന ശ്രീകിയുമായി ബന്ധപ്പെട്ട് 2021-ല്‍ ലഹരിമരുന്ന് ഉപയോഗിച്ചതിനും വിഷ്ണു അറസ്റ്റിലായിരുന്നു. ഒന്നിലധികം ക്രിമിനല്‍ കേസുകളില്‍ പ്രമുഖനായ ഒരു വ്യവസായി അറസ്റ്റിലായത് പൊതുസമൂഹത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. ഈ കേസുകളില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ പുരോഗമിക്കുകയാണ്-ഇതാണ് 2025 ഫെബ്രുവരിയില്‍ ചര്‍ച്ചയായ ക്രിമിനല്‍ കുറ്റം. വിഷ്ണു ശരണ്‍ ഭട്ടിന്റെ ആക്രമണ സ്വാഭവം അടുത്ത കാലത്തും ബംഗ്ലൂരുവിനെ വിറപ്പിച്ചുവെന്ന് സാരം. ഹാക്കര്‍ ശ്രീകഷ്ണയുടെ സുഹൃത്താണ് വിഷ്ണുവെന്നത് ശബരിമല പോലൊരു അതീവ സുരക്ഷാ മേഖലയില്‍ അതിനിര്‍ണ്ണായകമാണ്.
ശബരിമലയിലെ സ്പോണ്‍സര്‍ഷിപ്പുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ വന്‍കിട ഭക്തര്‍ക്കും ശബരിമലയ്ക്കും ഇടയിലുള്ള ഒരു പാലമായിട്ടാണ് ഉണ്ണികൃഷ്ണന്‍ പോറ്റി വര്‍ത്തിച്ചിരുന്നത് എന്നാണ് വിവരം. വലിയ ധനികന്മാരായ ഒരുപാട് അയ്യപ്പ ഭക്തര്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉണ്ട്. ഈ ഭക്തന്മാരില്‍ പലരും തങ്ങളുടെ ബിസിനിന്റെ ലാഭവിഹിതത്തില്‍ ഒരു പങ്ക് ശബരിമലയിലേക്ക് നീക്കിവെക്കുന്ന രീതി പിന്തുടര്‍ന്നിരുന്നു. ഒരു ബിസിനസില്‍ മൂന്ന് പങ്കാളികള്‍ ഉണ്ടെങ്കില്‍ അതിനെ നാലായി ഭാഗിച്ച് നാലാമത്തെ പങ്കാളി അയ്യപ്പനാണ് എന്ന നിലയില്‍ ലാഭം മാറ്റിവെക്കുന്ന രീതി ഇവര്‍ക്കുണ്ടായിരുന്നു. ഇത്തരത്തില്‍ കര്‍ണാടക, തമിഴ്‌നാട്, ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളിലുള്ള ധനികരായ നിരവധി ഭക്തന്മാരെ ഉണ്ണികൃഷ്ണന്‍ പോറ്റി ചൂഷണം ചെയ്തുവെന്നാണ് വിവരം. ശബരിമലയിലെ ദ്വാരപാലക ശില്പങ്ങള്‍ സ്വര്‍ണം പൊതിയാനുള്ള സാഹചര്യത്തെ ഉണ്ണികൃഷ്ണന്‍ പോറ്റി അവസരമാക്കി മാറ്റി. ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന റിയല്‍ എസ്റ്റേറ്റ് ബ്രോക്കറും ഫിനാന്‍സ് സ്ഥാപനം നടത്തുന്ന വ്യക്തിയായ രമേഷ് റാവുവിനെ പോറ്റി ബന്ധപ്പെട്ടു. ഇദ്ദേഹത്തിന്റെ അടുത്ത് എത്തിയ ഉണ്ണികൃഷ്ണന്‍ പോറ്റി ദ്വാരപാലക ശില്പങ്ങളില്‍ സ്വര്‍ണം പൊതിയാനുള്ള അവസരമുണ്ട് എന്ന് അറിയിച്ചു. താല്‍പ്പര്യമുണ്ടെങ്കില്‍ എല്ലാവര്‍ക്കും ചേര്‍ന്ന് അത് ചെയ്യാം എന്ന് അറിയിക്കുന്നു.
തുടര്‍ന്ന് അനന്ത സുബ്രഹ്‌മണ്യം, വിനീത് ജയന്‍ തുടങ്ങിയ ആളുകളെയും കൂട്ടത്തില്‍ ചേര്‍ക്കുന്നു. ഇവരെല്ലാവരുമാണ് ശബരിമലയിലെ സ്വര്‍ണപ്പാളി കാണിക്ക വെക്കുന്നതുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട സ്പോണ്‍സര്‍മാര്‍. ദ്വാരപാലക ശില്പങ്ങള്‍ക്കായി രമേഷ് റാവു സ്വര്‍ണം നല്‍കിയിരുന്നു. എന്നാല്‍, താന്‍ ഇതിനായിട്ട് സ്വര്‍ണം നല്‍കിയെങ്കിലും, അതിന്റെ ഒരു രൂപ പോലും ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് നേരിട്ട് കൊടുത്തിട്ടില്ലെന്നും സ്വര്‍ണ്ണവും കൈമാറിയിട്ടില്ലെന്നും രമേഷ് റാവു പറയുന്നു. ഇതെല്ലാം ചെന്നൈയിലുള്ള സ്മാര്‍ട്ട് ക്രിയേഷന്‍സിന് നേരിട്ട് നല്‍കുകയാണ് ചെയ്തതെന്നാണ് രമേഷ് റാവു നല്‍കുന്ന വിശദീകരണം. വിഷ്ണു ശരണ്‍ ഭട്ടിനൊപ്പം നെയ് തേങ്ങാ സമര്‍പ്പണത്തിലും രമേഷ് റാവു പങ്കെടുത്തിരുന്നു. 2024ല്‍ വിഷ്ണു ശരണ്‍ ഭട്ട്, ഉണ്ണികൃഷ്ണന്‍ പോറ്റി, രമേശ് റാവു, ദൊരൈ എന്നിവരുടെ വഴിപാടായാണ് നെയ്യഭിഷേകം നടത്തിയത്.