രാവിലെ കൊച്ചിയില്‍ നിന്നും ദുബായിലേക്ക് തരൂര്‍ പറന്നത് പലവിധ ആലോചനകള്‍ക്ക ശേഷം; ദുബായില്‍ പിണറായിയുടെ വിശ്വസ്തനുമായി ചര്‍ച്ച; നാളെ രാത്രിയോടെ കേരളത്തില്‍ മടങ്ങിയെത്തും; 27ന് കോണ്‍ഗ്രസ് യോഗത്തില്‍ പ്രവര്‍ത്തക സമിതി അംഗം പങ്കെടുത്തില്ലെങ്കില്‍ എകെജി സെന്ററിന്റെ 'ദുബായ് ഓപ്പറേഷന്‍' വിജയമാകും; ദുബായില്‍ ഇന്ന് വൈകിട്ട് ആ നിര്‍ണ്ണായക കൂടിക്കാഴ്ച
തിരുവനന്തപുരം: കൊച്ചിയില്‍ നിന്നും രാവിലെ ദുബായിലേക്ക് ശശി തരൂര്‍ വിമാനം കയറിയത് രാവിലെ. നാളെ രാത്രിയോടെ കേരളത്തില്‍ തിരിച്ചെത്തുകയും ചെയ്യും. കോഴിക്കോട് കേരളാ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കുമ്പോഴാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തന്‍ ബന്ധപ്പെട്ടത്. ഇതോടെ പരിപാടികളില്‍ മാറ്റം വരുത്തി ദുബായിലേക്ക് പറക്കുകയായിരുന്നു തരൂര്‍. ദുബായില്‍ നിന്നും നാളെ തിരിച്ചെത്തുമ്പോള്‍ മാത്രമേ ദുബായ് ഓപ്പറേഷന് എന്ത് സംഭവിച്ചുവെന്ന് വ്യക്തമാകൂ. അടുത്ത അനുയായികളോട് മാത്രമാണ് തരൂര്‍ ആശയ വിനിമയം നടത്തിയത്. ദുബായിലെ ചര്‍ച്ചകള്‍ക്ക് ശേഷം കേരളത്തിലെത്തുന്ന തരൂര്‍ മനസ്സു തുറക്കും. അപ്പോള്‍ മാത്രമേ സിപിഎം ഓഫറില്‍ തീരുമാനം വരൂ. കോണ്‍ഗ്രസിനെ പിളര്‍ത്തി ദുര്‍ബലമാക്കുകയെന്നതാണ് തരൂരിനെ അടര്‍ത്തിയെടുക്കുന്നതിലൂടെ സിപിഎം ലക്ഷ്യമിടുന്നത്.
കോഴിക്കോട് ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ സജീവമായിരുന്ന ശശി തരൂര്‍ എംപി, അപ്രതീക്ഷിതമായി പരിപാടികള്‍ റദ്ദാക്കി ദുബായിലേക്ക് വിമാനം കയറിയതിന് പിന്നില്‍ രാഷ്ട്രീയ ഭൂകമ്പം ആണെന്നാണ് സൂചന. മുഖ്യമന്ത്രിയുടെ വിശ്വസ്തന്‍ ഫോണില്‍ ബന്ധപ്പെട്ടതിന് പിന്നാലെയായിരുന്നു തരൂരിന്റെ ഈ 'മിന്നല്‍ യാത്ര'. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നതിനിടെയാണ് തരൂരിന് ആ നിര്‍ണ്ണായക സന്ദേശം ലഭിക്കുന്നത്. പിണറായി വിജയന്റെ അതിവിശ്വസ്തനായ ദൂതന്‍ തരൂരുമായി സംസാരിച്ചതിന് പിന്നാലെ അദ്ദേഹം ദുബായിലേക്ക് തിരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. നാളെ രാത്രിയോടെ തരൂര്‍ കേരളത്തില്‍ തിരിച്ചെത്തും. ഈ ചുരുങ്ങിയ സമയം കൊണ്ട് ദുബായില്‍ നിര്‍ണ്ണായക തീരുമാനം ഉണ്ടാകും. തരൂര്‍ ദുബായില്‍ എത്തി കഴിഞ്ഞു.
തരൂരിനെ ഇടതുപക്ഷത്തോടൊപ്പം ചേര്‍ത്ത് കോണ്‍ഗ്രസിനെ തകര്‍ക്കുക എന്ന വജ്രായുധമാണ് സിപിഎം പുറത്തെടുക്കുന്നത്. 15 സീറ്റുകള്‍ എന്ന 'മെഗാ ഓഫര്‍' തരൂര്‍ സ്വീകരിക്കുമോ എന്നതാണ് അറിയേണ്ടത്. പുതിയ പാര്‍ട്ടി രൂപീകരിച്ച് മുന്നണിയിലെത്തിയാല്‍ ഇടതുപക്ഷത്തിന്റെ ദേശീയ മുഖമായി തരൂര്‍ മാറും. തനിക്ക് കിട്ടുന്ന ഈ 'വമ്പന്‍ ഓഫറിനെ' കുറിച്ച് തരൂര്‍ ഇതുവരെ ആരോടും മനസ്സ് തുറന്നിട്ടില്ല. തന്റെ ഏറ്റവും വിശ്വസ്തരായ ചില അനുയായികളോട് മാത്രമാണ് അദ്ദേഹം ആശയവിനിമയം നടത്തിയിട്ടുള്ളത്. ദുബായിലെ ചര്‍ച്ചകള്‍ കഴിഞ്ഞ് നാളെ തിരിച്ചെത്തുന്ന തരൂര്‍ അതിന് ശേഷം മാധ്യമങ്ങളെ കാണുമെന്നാണ് സൂചന. കോണ്‍ഗ്രസും തരൂര്‍ ക്യാമ്പിന്റെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്.
മുഖ്യമന്ത്രിയുമായി അടുപ്പമുള്ള വ്യവസായി ആണ് ചര്‍ച്ചക്ക് മുന്‍കൈയെടുക്കുന്നത് എന്ന വിവരമാണ് പുറത്തുവരുന്നത്. നിര്‍ണായകമായ വിവരമാണ് വിശ്വസനീയമായ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ നിന്ന് ലഭിച്ചിരിക്കുന്നത്. കൊച്ചി മഹാപഞ്ചായത്തിലെ അവഗണനയില്‍ തരൂര്‍ അതൃപ്തിയിലാണ്. ഇന്ന് വൈകിട്ടോട് കൂടി മുഖ്യമന്ത്രിയുമായി ഏറ്റവും അടുപ്പമുള്ള ഒരു വ്യവസായിയും ശശി തരൂരുമായി കൂടിക്കാഴ്ച നടത്തും. 27ന് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് സമിതി യോഗം തിരുവനന്തപുരത്ത് ചേരുന്നുണ്ട്. ആ യോഗത്തില്‍ തരൂര്‍ പങ്കെടുക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. തരൂരിനെ അനുനയിപ്പിക്കാനുള്ള ശ്രമം കോണ്‍ഗ്രസ് ആരംഭിച്ച സാഹചര്യത്തിലാണ് സിപിഎമ്മില്‍ നിന്നുള്ള ഇത്തരത്തിലുള്ള നീക്കം നടക്കുന്നുവെന്നതിന്റെ സൂചന. അതിനിടെ പ്രിയങ്കാ ഗാന്ധി നേരിട്ട് അനുനയത്തിന് എത്തുമെന്നും സൂചനയുണ്ട്.
സിപിഎമ്മിന്റെ ഈ 'മെഗാ ഓഫര്‍' തരൂര്‍ സ്വീകരിക്കുകയാണെങ്കില്‍ കേരള രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങളുണ്ടാകും. ഇടതുപക്ഷത്തിനൊപ്പം ചേരാന്‍ തീരുമാനിച്ചാല്‍ തരൂര്‍ ഉടന്‍ തന്നെ ലോക്‌സഭാ എംപി സ്ഥാനം രാജിവെയ്ക്കും. ഇതോടെ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങും. നായര്‍-ക്രിസ്ത്യന്‍ വോട്ടുകളിലും യുവാക്കള്‍ക്കിടയിലും തരൂരിനുള്ള സ്വീകാര്യത വോട്ടാക്കി മാറ്റാനാണ് പിണറായിയുടെ നീക്കം. തരൂര്‍ കോണ്‍ഗ്രസ് വിടുന്നത് പാര്‍ട്ടിയുടെ ദേശീയ തലത്തിലുള്ള പ്രതിച്ഛായയെപ്പോലും ബാധിക്കും.
രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശന വേളയില്‍ ഉണ്ടായ അവഗണനയില്‍ നീറിപ്പുകയുന്ന തരൂരിനെ കൃത്യസമയത്ത് റാഞ്ചാനാണ് എകെജി സെന്റര്‍ ലക്ഷ്യമിടുന്നത്. തരൂര്‍ ഇതുവരെ മനസ്സ് തുറന്നിട്ടില്ലെങ്കിലും, ദുബായിലെ രഹസ്യ ചര്‍ച്ചകള്‍ക്ക് ശേഷം കേരളം കാത്തിരിക്കുന്നത് വമ്പന്‍ വെളിപ്പെടുത്തലുകള്‍ക്കായിരിക്കുമെന്നും സൂചനകളുണ്ട്. കഴിഞ്ഞ ദിവസം സിപിഎം ഉന്നത നേതാവാണ് തരൂരിനെ ബന്ധപ്പെട്ടത്. കേരളത്തില്‍ ഉടനീളം 15 സീറ്റ് നല്‍കാമെന്നാണ് വാഗ്ദാനം. പുതിയ പാര്‍ട്ടിയുണ്ടാക്കി ഇടതു മുന്നണിയിലേക്ക് വരാനാണ് നിര്‍ദ്ദേശം. അര്‍ഹിക്കുന്ന പരിഗണന നല്‍കാമെന്നും തരൂരിനെ മുതിര്‍ന്ന സിപിഎം നേതാവ് അറിയിച്ചു. ഇതിനോട് അനുകൂലമായോ പ്രതികൂലമായോ തരൂര്‍ പ്രതികരിച്ചിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശ പ്രകാരമാണ് മുതിര്‍ന്ന നേതാവ് തരൂരിനെ ബന്ധപ്പെട്ടത്.
