ഷെര്‍ലിയും ജോബും തമ്മില്‍ ലിവിങ് ടുഗദര്‍ ബന്ധമായിരുന്നുവെന്ന പ്രചാരണം തെറ്റ്; തുങ്ങി നിന്ന മൃതദേഹത്തിന്റെ കാലുകള്‍ നിലത്ത് മുട്ടിയിരുന്നു; ഇതെങ്ങനെ ആത്മഹത്യയാകും? മൃതദേഹം മാറ്റുന്ന സമയത്തെ പഴുതുകളും രാഷ്ട്രീയ ഗൂഢാലോചനയും അന്വേഷിക്കണം; ഷെര്‍ലിയേയും ജോബിനേയും കൊന്നത് മൂന്നാമന്‍? കുളപ്പുറത്ത് സംഭവിച്ചത് എന്ത്? ദുരൂഹത തുടരുന്നു

Update: 2026-01-13 07:40 GMT

കോട്ടയം: കാഞ്ഞിരപ്പള്ളി കുളപ്പുറത്തെ ആഡംബര വീട്ടില്‍ ഷെര്‍ലിയെയും സുഹൃത്ത് ജോബിനെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു. ഇത് കൊലപാതകമാണെന്ന ഗുരുതര ആരോപണവുമായി ജോബിന്റെ സഹോദരന്‍ ജുബിന്‍ രംഗത്തെത്തി. ഷെര്‍ലിയെ കൊലപ്പെടുത്തിയ ശേഷം ജോബ് ആത്മഹത്യ ചെയ്തു എന്ന പോലീസിന്റെ പ്രാഥമിക നിഗമനങ്ങളെ തള്ളിക്കളയുന്നതാണ് ജുബിന്റെ വെളിപ്പെടുത്തലുകള്‍. ജോബിന്റെ സഹോദരന്‍ നല്‍കുന്ന മൊഴികള്‍ കേസില്‍ നിര്‍ണ്ണായകമാകും. ആഡംബര വീടിനുള്ളിലെ സിസിടിവി ദൃശ്യങ്ങളും ഫോണ്‍ രേഖകളും പരിശോധിച്ചാല്‍ മാത്രമേ സത്യം പുറത്തുവരികയുള്ളൂ.

ജോബ് ഷെര്‍ലിയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തതല്ലെന്നും, മറ്റാരോ ഇവരെ കൊലപ്പെടുത്തിയതാണെന്നുമാണ് സഹോദരന്‍ ആരോപിക്കുന്നത്. ജോബിന്റെ മൃതദേഹം തൂങ്ങിനില്‍ക്കുന്ന നിലയിലായിരുന്നുവെങ്കിലും കാലുകള്‍ നിലത്ത് മുട്ടിയിരുന്നതായും, ആരോ പിടിച്ചുയര്‍ത്തി വെച്ചതുപോലെ തോന്നിക്കുന്നതായും ജുബിന്‍ പറയുന്നു. കേരള കോണ്‍ഗ്രസിലെ ഒരാള്‍ക്ക് ഈ സംഭവത്തില്‍ പങ്കുണ്ടെന്ന് താന്‍ സംശയിക്കുന്നതായി ജുബിന്‍ വെളിപ്പെടുത്തി. മുമ്പ് ഇയാള്‍ ചതിച്ചിട്ടുണ്ടെന്നും പരാതി നല്‍കിയിരുന്നതായും പറയുന്നു.

എം എസ് സി, എംഎഡ് ബിരുദധാരിയായ ജോബ് മികച്ചൊരു അധ്യാപകനായിരുന്നു. പാലായിലെയും ആലപ്പുഴയിലെയും പ്രമുഖ പ്രവേശന പരീക്ഷാ പരിശീലന കേന്ദ്രങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. തെരുവുനായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുകയും പരിക്കേറ്റ നായ്ക്കളെ വീട്ടില്‍ കൊണ്ടുവന്ന് പരിചരിക്കുകയും ചെയ്യുന്ന സ്വഭാവക്കാരനായിരുന്നു ജോബ് എന്ന് സഹോദരന്‍ സാക്ഷ്യപ്പെടുത്തുന്നു. അഞ്ചോളം നായ്ക്കളെ അദ്ദേഹം വളര്‍ത്തിയിരുന്നു. ഇങ്ങനെയുള്ള ഒരാള്‍ ഒരാളെ കൊല്ലുമെന്ന് വിശ്വസിക്കാന്‍ കഴിയില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഷെര്‍ലിയും ജോബും തമ്മില്‍ സാമ്പത്തിക തര്‍ക്കങ്ങള്‍ നിലനിന്നിരുന്നതായും പരസ്പരം പോലീസില്‍ പരാതി നല്‍കിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

എട്ടു മാസം മുമ്പ് കുളപ്പുറത്ത് താമസമാക്കിയ ഇവരെക്കുറിച്ച് അയല്‍വാസികള്‍ക്കും വ്യക്തമായ അറിവില്ലായിരുന്നു. ഓരോരുത്തരോടും ഓരോ കഥകളാണ് ഇവര്‍ പറഞ്ഞിരുന്നത്. മുന്‍പ് നടന്ന ചില സംഭവങ്ങളുമായി ബന്ധപ്പെട്ട് പോലീസിനോട് ജോബിന് ചെറിയ വൈരാഗ്യം ഉണ്ടായിരുന്നെങ്കിലും ഇതില്‍ പോലീസിന് പങ്കുള്ളതായി കരുതുന്നില്ലെന്ന് സഹോദരന്‍ പറയുന്നു. ഷെര്‍ലിയും ജോബും തമ്മില്‍ ലിവിങ് ടുഗദര്‍ ബന്ധമായിരുന്നുവെന്ന പ്രചാരണം തെറ്റാണെന്നും വീട്ടിലെ സിസിടിവി പരിശോധിച്ചാല്‍ സത്യം വ്യക്തമാകുമെന്നും ജുബിന്‍ പറയുന്നു. മൃതദേഹം മാറ്റുന്ന സമയത്തെ പഴുതുകളും രാഷ്ട്രീയ ഗൂഢാലോചനയും അന്വേഷിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

Tags:    

Similar News