കേരളാ പോലീസില്‍ സമ്പൂര്‍ണ സൈബര്‍ വിലക്കോ? സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നതിന് കടുത്ത നിയന്ത്രണം; ഏതൊക്കെ സോഷ്യല്‍ മീഡിയാ ഗ്രൂപ്പുകളില്‍ അംഗങ്ങളെന്ന് പോലീസുകാര്‍ സത്യവാങ്മൂലം നല്‍കണം; ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശം സ്വകാര്യതയിലേക്ക് നുഴഞ്ഞു കയറലെന്ന് വിമര്‍ശനം; അതൃപ്തികളും പരാതികളും പുറത്തുവരാതിരിക്കാന്‍ സര്‍ക്കാറിന്റെ കൂച്ചുവിലങ്ങിടല്‍ തന്ത്രം!
കേരളാ പോലീസുകാര്‍ക്ക് സമ്പൂര്‍ണ സൈബര്‍ വിലക്കോ?
തിരുവനന്തപുരം: തെരഞ്ഞെടുപ്പുകാലം അടുത്തതോടെ കേരളാ പോലീസിന് മൂക്കുകയറിടാന്‍ സര്‍ക്കാര്‍ നീക്കം. പോലീസുകാര്‍ക്കുള്ള സോഷ്യല്‍ മീഡിയാ വിലക്കിലേക്ക് നയിക്കുന്ന വിധത്തിലുള്ള സമ്പൂര്‍ണ നിയന്ത്രണങ്ങളിലേക്കാണ് ആഭ്യന്തര വകുപ്പ് കടക്കുന്നത്. ഇതിനായി പോലീസുകാര്‍ ഏതൊക്കെ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളില്‍ അംഗങ്ങളാണെന്ന് വ്യക്തമാക്കി സത്യവാങ്മൂലം നല്‍കണമെന്ന് ആവശ്യപ്പെട്ടിരിക്കയാണിപ്പോള്‍. വാട്‌സാപ്പും, ടെലഗ്രാമും പോലെ ഏതൊക്കെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ അംഗങ്ങളാണെന്ന് വ്യക്തമാക്കി സത്യവാങ്മൂലം പൂരിപ്പിച്ചു നല്‍കണമെന്നാണ് ആഭ്യന്തര വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് സംബന്ധിച്ച സത്യവാങ്മൂലത്തിന്റെ ഫോം പുറത്തിറക്കിയിട്ടുണ്ട്.
ഈ ഗ്രൂപ്പുകളില്‍ ഇടപെടുമ്പോള്‍ താനിടുന്ന എല്ലാ പോസ്റ്റുകളും അഭിപ്രായങ്ങളും പ്രവര്‍ത്തനങ്ങളും പോലീസ് വകുപ്പിലെ അംഗങ്ങള്‍ക്ക് ബാധകമായ പെരുമാറ്റച്ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കും. കൂടാതെ തന്റെ ഓരോ പ്രവര്‍ത്തനവും പൊതുജനങ്ങളുടെ ദൃഷ്ടിയില്‍ പോലീസ് സേനയുടെ പ്രതിച്ഛായയ്ക്കോ, അന്തസ്സിനോ, സമഗ്രതയ്ക്കോ ഹാനികരമാകില്ലെന്ന് ഉറപ്പാക്കുമെന്നും കാണിച്ചാണ് സത്യവാങ്മൂലം നല്‍കേണ്ടത്. ഔദ്യോഗിക വിവരങ്ങളൊന്നും ഈ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളില്‍ പങ്കുവെക്കില്ലെന്നും സത്യാവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടണം.
സത്യവാങ്മൂലം ആവശ്യം പോലീസുകാരുടെ സ്വകാര്യത ഇല്ലാതാക്കുമെന്ന് വിലയിരുത്തലാണ് പോലീസ് സേനയിലെ ഭൂരിപക്ഷത്തിനും. കടുത്ത അമര്‍ഷമാണ് ആഭ്യന്തര വകുപ്പിന്റെ നീക്കത്തില്‍ പോലീസ് സേനക്കിടയില്‍ ഉള്ളത്. ഒരു പോലീസുകാരന്‍ വാട്‌സ് ആപ്പില്‍ ഫാമിലി ഗ്രൂപ്പിലും, കോളേജ്, സ്‌കൂള്‍ ഗ്രൂപ്പുകളിലും അംഗങ്ങളാണെങ്കില്‍ അതേക്കുറിച്ചുള്ള വിവരങ്ങള്‍ അടക്കം സത്യവാങ്മൂലത്തില്‍ സൂചിപ്പിക്കേണ്ടി വരും. ഔദ്യോഗികമായി പരാതികള്‍ ഉന്നയിച്ചാലും പോലീസിനെ വിമര്‍ശിക്കുന്ന വാര്‍ത്തകളില്‍ ലൈക്ക് അടിച്ചാല്‍ പോലും ചട്ടലംഘനമായി മാറുന്ന അവസ്ഥ ഇതോടെ ഉണ്ടാകും. അതുകൊണ്ട് തന്നെ പോലീസ് സേനാംഗങ്ങളുടെ സ്വകാര്യയിലേക്ക് നുഴഞ്ഞുകയറുന്നതാണ് ആഭ്യന്തര വകുപ്പിന്റെ നടപടി എന്ന വിമര്‍ശനമാണ് ശക്തമാകുന്നത്.
ഉമേഷ് വള്ളിക്കുന്നിനെ പോലുള്ള പോലീസുകാര്‍ മേലുദ്യോഗസ്ഥരുടെ കൊള്ളരുതായ്മകള്‍ അടക്കം ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയവഴി വിമര്‍ശനം ഉന്നയിക്കാറുണ്ട്. പോലീസുകാരുടെ ഗ്രൂപ്പുകളിലും ഇത്തരത്തില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സംഭവമുണ്ട്. ഇതെല്ലാം ആഭ്യന്തര വകുപ്പിന്റെ ഇമേജിനെ ബാധിക്കുന്നു എന്ന് മുന്നില്‍ കണ്ടാണ് ഇപ്പോള്‍ കൂച്ചുവിലങ്ങിടല്‍ നീക്കം നടക്കുന്നത്. അതൃപ്തികളും പരാതികളും പുറത്തുവരാതിരിക്കാന്‍ സര്‍ക്കാറിന്റെ ഇപ്പോഴത്തെ നീക്കത്തിന് പിന്നിലെന്നാണ് ഉയരുന്ന വിമര്‍ശനം.
നേരത്തെ സാമൂഹികമാധ്യമങ്ങളില്‍ പോലീസ് ഉദ്യോഗസ്ഥര്‍ കൂടുതല്‍ സജീവമാകേണ്ടതില്ലെന്ന നിര്‍ദേശവുമായി സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. സാമൂഹിക മാധ്യമങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും വിവാദമുണ്ടാക്കുന്ന പോസ്റ്റുകളും കമന്റുകളും വേണ്ടെന്നും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് പുതിയ നിര്‍ദേശവും എത്തിയത്.
പോലീസ് ഉദ്യോഗസ്ഥര്‍ ഫോണ്‍ റെക്കോഡ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യരുതെന്നും ഡിജിപി സര്‍ക്കുലറില്‍ നിര്‍ദേശിച്ചിരുന്നു. നെയ്യാറ്റിന്‍കരയിലെ മജിസ്‌ട്രേറ്റും പോലീസ് ഉദ്യോഗസ്ഥനും തമ്മിലുള്ള സംഭാഷണം പുറത്തുവന്ന സംഭവമുണ്ടായിരുന്നു. പോലീസുകാര്‍ ഫോണ്‍സംഭാഷണങ്ങള്‍ റെക്കോഡ് ചെയ്ത് പ്രചരിപ്പിക്കരുതെന്നും സാമൂഹികമാധ്യമങ്ങളില്‍ തെറ്റായി ഇടപെടരുതെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തേ, പോലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തെക്കുറിച്ച് സര്‍ക്കാര്‍ മാര്‍ഗരേഖ ഇറക്കിയിരുന്നു.