പരിചയപ്പെട്ട് 24 മണിക്കൂറിനകം രാഹുല്‍ മോശക്കാരനാണെന്ന് തിരിച്ചറിഞ്ഞെങ്കില്‍ എന്തുകൊണ്ട് അപ്പോള്‍ തന്നെ ബ്ലോക്ക് ചെയ്തില്ല? രാത്രി 12.30 യ്ക്ക് ശേഷം ആ 'മുന്നണി പോരാളി' എന്തിന് 'പ്ലീസ് കം ടു ടെലഗ്രാം സീക്രട്ട് ചാറ്റ് 'എന്നുപറഞ്ഞു? രാഹുല്‍ മാങ്കൂട്ടത്തിലിനുള്ള പിന്തുണ മുതല്‍ സിപിഐയിലെ ദുരനുഭവങ്ങള്‍ വരെ; ശ്രീനാദേവി കുഞ്ഞമ്മയുടെ വെളിപ്പെടുത്തലുകള്‍ മറുനാടന്‍ പോഡ്കാസ്റ്റില്‍

ശ്രീനാദേവി കുഞ്ഞമ്മയുടെ വെളിപ്പെടുത്തലുകള്‍ മറുനാടന്‍ പോഡ്കാസ്റ്റില്‍

Update: 2026-01-20 14:07 GMT

സിപിഐ പ്രവര്‍ത്തകയായിരുന്ന ശ്രീനാദേവി കുഞ്ഞമ്മ അടുത്തിടെയാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. പാര്‍ട്ടി സഹപ്രവര്‍ത്തകര്‍ക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍ ശക്തമായ പ്രതിരോധം തീര്‍ക്കുന്ന നിലപാട് സ്വീകരിക്കുന്നതിലൂടെയാണ് അവര്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ തിളങ്ങി നില്‍ക്കുന്നത്. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗമായ ശ്രീനാദേവി കുഞ്ഞമ്മ അടുത്തിടെ ഫേസ്ബുക്ക് ലൈവിലൂടെ രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് പാര്‍ട്ടിയുടേതില്‍ നിന്ന് വ്യത്യസ്തമായ അഭിപ്രായങ്ങള്‍ തുറന്നടിച്ചത്.

പീഡനപരാതികളില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണയ്ക്കുകയും, പ്രതിസന്ധി നേരിടാന്‍ 'അതിജീവിതന്' മനക്കരുത്ത് ഉണ്ടാകട്ടെ എന്ന് ആശംസിക്കുകയും ചെയ്തു. കോടതി കുറ്റക്കാരനാണെന്ന് വിധിക്കുന്നത് വരെ ഒരാളെ വേട്ടയാടുന്നത് ശരിയല്ലെന്നും, ഇല്ലാക്കഥകള്‍ മെനയുന്നത് മാധ്യമങ്ങള്‍ ശ്രദ്ധിക്കണമെന്നും അവര്‍ അഭിപ്രായപ്പെട്ടു. അവസാനമായി ഉയര്‍ന്ന പരാതിയിലെ സ്ത്രീ വിവാഹിതയാണെന്നും, വിവാഹബന്ധത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കാന്‍ കഴിയാത്തവര്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്നും ശ്രീനാദേവി കുഞ്ഞമ്മ അഭിപ്രായപ്പെട്ടിരുന്നു. മറുനാടന്‍ സ്‌പെഷ്യല്‍ പോഡ്കാസ്റ്റില്‍ ചീഫ് എഡിറ്റര്‍ ഷാജന്‍ സ്‌കറിയയുമായി സംസാരിക്കവേ സിപിഐയില്‍ നിന്നുള്ള പുറത്താക്കലും, ദുരനുഭവങ്ങളും, നിയമപരമായ വേട്ടയാടലുകളും, രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണയ്ക്കാനുള്ള കാരണവും എല്ലാം വിശദീകരിക്കുന്നു.


Full View

'കുഞ്ഞമ്മ' പാരമ്പര്യവും വ്യക്തിത്വവും

ശ്രീനാദേവി കുഞ്ഞമ്മ എന്ന പേരില്‍ 'കുഞ്ഞമ്മ' എന്നത് തന്റെ സമുദായമായ ഉണ്ണിത്താന്‍ സമുദായത്തിലെ സ്ത്രീകള്‍ക്ക് നല്‍കുന്ന കുടുംബപ്പേരാണെന്ന് അവര്‍ വിശദീകരിക്കുന്നു. പുരുഷന്മാര്‍ 'ഉണ്ണിത്താന്‍' എന്ന് ചേര്‍ക്കുമ്പോള്‍ സ്ത്രീകള്‍ 'കുഞ്ഞമ്മ' എന്ന് ചേര്‍ക്കാറാണ് പതിവ്. അച്ഛന്‍ ശശിധരന്‍ ഉണ്ണിത്താന്റെ പേരിനൊപ്പം കുടുംബ പാരമ്പര്യമായി ലഭിച്ച ഈ പേര് തന്റെ രാഷ്ട്രീയ വ്യക്തിത്വത്തിന്റെ ഭാഗമായി മാറിയെന്നും അവര്‍ ഓര്‍ക്കുന്നു.

രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവ്

ഒരു സാധാരണ കുടുംബത്തില്‍ നിന്ന് പൊതുപ്രവര്‍ത്തനത്തിലേക്ക് എത്തിയ തനിക്ക് നേരിടേണ്ടി വന്ന ആദ്യകാല വെല്ലുവിളികള്‍ അവര്‍ പങ്കുവെക്കുന്നു. സിപിഐ പത്തനംതിട്ട ജില്ലയിലെ പാര്‍ട്ടിക്കുള്ളിലെ വിഭാഗീയതയും പാര്‍ട്ടിക്കുള്ളില്‍ ചിലര്‍ക്ക് ലഭിക്കുന്ന പ്രത്യേക പരിഗണനയും മറ്റുള്ളവര്‍ നേരിടുന്ന അവഗണനയും ശ്രീനാദേവി തുറന്നുപറഞ്ഞു.

രാഷ്ട്രീയ സംഘടനകളില്‍ സ്ത്രീകള്‍ക്ക് അര്‍ഹമായ പ്രാധാന്യം നല്‍കുന്നുണ്ടെന്ന് പുറമെ പറയുമെങ്കിലും, യഥാര്‍ത്ഥത്തില്‍ തീരുമാനങ്ങള്‍ എടുക്കുന്ന കാര്യത്തില്‍ സ്ത്രീകള്‍ തഴയപ്പെടുകയാണെന്ന് അവര്‍ ആരോപിച്ചു. പാര്‍ട്ടിയില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങിയതോടെ തനിക്കെതിരെ വ്യക്തിപരമായ ആക്ഷേപങ്ങള്‍ ഉയരാന്‍ തുടങ്ങിയെന്നും, അത് മാനസികമായി തളര്‍ത്താന്‍ വേണ്ടിയുള്ള ആസൂത്രിത നീക്കമായിരുന്നുവെന്നും അവര്‍ വെളിപ്പെടുത്തുന്നു.

രാഷ്ട്രീയത്തിലെ സ്ത്രീവിരുദ്ധതയും 'അഡ്ജസ്റ്റ്മെന്റ്' രാഷ്ട്രീയവും

രാഷ്ട്രീയത്തില്‍ സ്ത്രീകള്‍ ചില നേതാക്കളുടെ ആഗ്രഹങ്ങള്‍ക്ക് അനുസരിച്ച് നിന്നു കൊടുക്കുന്നില്ലെങ്കില്‍ അവര്‍ക്ക് സ്ഥാനമില്ലാത്ത അവസ്ഥയുണ്ടെന്ന് ശ്രീനാദേവി തുറന്നടിക്കുന്നു. സ്ത്രീ സുരക്ഷയെക്കുറിച്ച് പുറമെ വലിയ കാര്യങ്ങള്‍ പറയുമെങ്കിലും തീരുമാനങ്ങള്‍ എടുക്കുന്നിടത്ത് സ്ത്രീകള്‍ തഴയപ്പെടുകയാണ്. നേതാക്കളുടെ ഇംഗിതങ്ങള്‍ക്ക് വഴങ്ങാത്തവരെ ഒതുക്കാന്‍ ശ്രമിക്കുന്ന രീതിയാണ് നിലവിലുള്ളത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ളിലെ മഹിളാ സംഘടനകള്‍ പലപ്പോഴും ഇത്തരം തെറ്റുകള്‍ക്ക് കുടപിടിക്കുന്നവരായി മാറുന്നുണ്ടെന്നും അവര്‍ വേദനയോടെ പങ്കുവെക്കുന്നു.

പ്രാദേശിക നേതാക്കളുടെ ഇടപെടലുകള്‍ പലപ്പോഴും വികസന പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്ന രീതിയിലായിരുന്നു. പാര്‍ട്ടിക്കുള്ളില്‍ താന്‍ എടുത്ത ഉറച്ച നിലപാടുകളെക്കുറിച്ചും അത് പലരെയും ചൊടിപ്പിച്ചതിനെക്കുറിച്ചും അവര്‍ വിവരിച്ചു. പാര്‍ട്ടിക്കുള്ളില്‍ (CPI) സ്വതന്ത്രമായി അഭിപ്രായം പറയാന്‍ കഴിയാത്ത സാഹചര്യമാണ്. സംഘടനയ്ക്കുള്ളില്‍ ജനാധിപത്യം ഉണ്ടെന്ന് പറയുമെങ്കിലും, സത്യത്തില്‍ മുകള്‍ത്തട്ടില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുക മാത്രമാണ് നടക്കുന്നത് എന്ന് അവര്‍ ആരോപിക്കുന്നു.

സ്വഭാവഹത്യയും ആസൂത്രിത സൈബറാക്രമണവും

രാഷ്ട്രീയമായി നേരിടാന്‍ കഴിയാത്തപ്പോള്‍ സ്ത്രീകളുടെ സ്വഭാവത്തെ ചോദ്യം ചെയ്യുന്നത് പതിവ് രീതിയാണ്. തനിക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ നടന്ന വ്യാപകമായ വ്യക്തിഹത്യയ്ക്ക് പിന്നില്‍ പഴയ സഹപ്രവര്‍ത്തകര്‍ തന്നെയാണെന്ന് അവര്‍ വെളിപ്പെടുത്തുന്നു. കുടുംബാംഗങ്ങളെപ്പോലും ഇതിലേക്ക് വലിച്ചിഴയ്ക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഈ തളര്‍ത്തല്‍ നീക്കങ്ങളെ ഭയപ്പെടാതെ നിയമപരമായി നേരിടാനാണ് തന്റെ തീരുമാനമെന്നും അവര്‍ വ്യക്തമാക്കി.

പാര്‍ട്ടിയുടെ തീരുമാനങ്ങളെ ചോദ്യം ചെയ്തപ്പോള്‍ നേരിടേണ്ടി വന്ന ഫോണ്‍ വിളികളെയും ഭീഷണികളെയും കുറിച്ച് അവര്‍ ഓര്‍ക്കുന്നു. 'നീ പെണ്ണല്ലേ, അടങ്ങിയിരുന്നോ' എന്ന തരത്തിലുള്ള മനോഭാവമാണ് പല നേതാക്കള്‍ക്കും ഉണ്ടായിരുന്നതെന്ന് അവര്‍ തുറന്നടിച്ചു.

സാമ്പത്തിക ആരോപണങ്ങള്‍

തന്നെ തളര്‍ത്താന്‍ വേണ്ടി ചിലര്‍ സാമ്പത്തിക തിരിമറി ആരോപണങ്ങള്‍ ഉന്നയിച്ചതായി അവര്‍ പറയുന്നു. പഞ്ചായത്ത് അംഗം എന്ന നിലയില്‍ താന്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളില്‍ അഴിമതിയുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ ചില നേതാക്കള്‍ ശ്രമിച്ചുവെന്ന് അവര്‍ വെളിപ്പെടുത്തി.

പാര്‍ട്ടിക്കുള്ളില്‍ തനിക്കെതിരെ അന്വേഷണ കമ്മീഷനെ വെച്ചു. എന്നാല്‍ ഈ കമ്മീഷനുകള്‍ ഒരു പ്രഹസനമാണെന്നും, മുന്‍കൂട്ടി നിശ്ചയിച്ച കാര്യങ്ങള്‍ നടപ്പിലാക്കുക മാത്രമാണ് ഇത്തരം സമിതികള്‍ ചെയ്യുന്നതെന്നും അവര്‍ ആരോപിച്ചു. തനിക്കെതിരെയുള്ള ഓരോ ആരോപണത്തിനും വ്യക്തമായ രേഖകള്‍ സഹിതം മറുപടി നല്‍കാന്‍ തനിക്ക് സാധിക്കുമെന്ന് അവര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

നേതാക്കള്‍ തനിക്കെതിരെ തിരിഞ്ഞപ്പോഴും സാധാരണക്കാരായ അണികള്‍ തന്നോടൊപ്പം നിന്നതിനെക്കുറിച്ച് ശ്രീനാദേവി വെകാരികമായി സംസാരിക്കുന്നു. തന്നെ നേരിട്ടറിയുന്ന നാട്ടുകാര്‍ ഇത്തരം നുണപ്രചാരണങ്ങള്‍ വിശ്വസിക്കില്ലെന്നും അവര്‍ പറയുന്നു.

പുറത്താക്കലിന് പിന്നിലെ അര്‍ദ്ധരാത്രി നാടകം

പാര്‍ട്ടി മീറ്റിംഗുകളില്‍ തന്നെ ഒറ്റപ്പെടുത്താനും അപമാനിക്കാനും നടന്ന നീക്കങ്ങളെക്കുറിച്ച് അവര്‍ വിവരിക്കുന്നു. എന്നാല്‍ സത്യം പറയുന്നതില്‍ നിന്ന് തന്നെ പിന്തിരിപ്പിക്കാന്‍ ഇത്തരം നീക്കങ്ങള്‍ക്ക് കഴിയില്ലെന്ന് അവര്‍ ഉറപ്പിച്ചു പറയുന്നു. പാര്‍ട്ടിക്കുള്ളില്‍ തനിക്കെതിരെ എടുത്ത അച്ചടക്ക നടപടികളെക്കുറിച്ച് അവര്‍ വിശദീകരിക്കുന്നു. തനിക്ക് പറയാനുള്ളത് കേള്‍ക്കാന്‍ പോലും തയ്യാറാകാതെയാണ് പുറത്താക്കല്‍ നടപടികളിലേക്ക് നീങ്ങിയതെന്ന് അവര്‍ ആരോപിക്കുന്നു.

ഡിസംബര്‍ 31-ന് രാത്രി 11:30-ന് കൂടിയ ഒരു പ്രത്യേക കമ്മിറ്റിയാണ് തന്നെ സിപിഐയില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചതെന്ന് ശ്രീനാദേവി പറഞ്ഞു. പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പിസവും വിഭാഗീയതയുമാണ് ഈ നടപടിക്ക് പിന്നിലെ പ്രധാന കാരണം. ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങിയതോടെ തന്നെ 'പാര്‍ട്ടി വിരുദ്ധ' മുദ്ര ചാര്‍ത്തി പുറത്താക്കുകയായിരുന്നു. തനിക്ക് പറയാനുള്ളത് കേള്‍ക്കാന്‍ പോലും തയ്യാറാകാതെ ഏകപക്ഷീയമായാണ് അച്ചടക്ക നടപടി എന്ന പ്രഹസനം അരങ്ങേറിയത്.

എല്‍ഡിഎഫ് വിടലും കോണ്‍ഗ്രസിലേക്കുള്ള മാറ്റവും

എല്‍ഡിഎഫില്‍ തുടരുന്നത് തന്റെ വ്യക്തിത്വത്തിന് യോജിക്കാത്ത കാര്യമാണെന്ന് തിരിച്ചറിഞ്ഞ നിമിഷത്തെക്കുറിച്ച് അവര്‍ വിവരിക്കുന്നു. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നതിന് മുന്‍പ് തന്നെ താന്‍ മാനസികമായി അകന്നിരുന്നുവെന്ന് അവര്‍ വ്യക്തമാക്കുന്നു. കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം പറയുന്ന കാര്യങ്ങളും പാര്‍ട്ടിയിലെ നേതാക്കള്‍ പ്രവര്‍ത്തിക്കുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്ന് അവര്‍ ആരോപിക്കുന്നു. സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനേക്കാള്‍ ഗ്രൂപ്പ് താല്പര്യങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നതെന്ന് അവര്‍ പറയുന്നു.

'എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ പാര്‍ട്ടിക്കുള്ളില്‍ നേരിട്ട നീതികേടുകള്‍ക്കെതിരെയാണ് സംസാരിക്കുന്നത്. പള്ളിക്കല്‍ പഞ്ചായത്തിലെ ജനങ്ങള്‍ എന്നെ തിരഞ്ഞെടുത്തത് അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ്. എന്നാല്‍ ചില സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി എന്നെ അടിച്ചമര്‍ത്താന്‍ നോക്കിയപ്പോള്‍ അതിനെതിരെ എനിക്ക് പ്രതികരിക്കേണ്ടി വന്നു.'

സിപിഐക്കുള്ളില്‍ അനുഭവിച്ച ശ്വാസംമുട്ടലാണ് മുന്നണി മാറാന്‍ പ്രേരിപ്പിച്ചത്. ആശയങ്ങള്‍ക്കപ്പുറം ഗ്രൂപ്പ് താല്പര്യങ്ങള്‍ക്കാണ് അവിടെ മുന്‍ഗണന നല്‍കുന്നത്. വ്യക്തിസ്വാതന്ത്ര്യത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന പാര്‍ട്ടി എന്ന നിലയിലാണ് കോണ്‍ഗ്രസ് തിരഞ്ഞെടുത്തതെന്ന് അവര്‍ വ്യക്തമാക്കുന്നു. സത്യസന്ധമായി കാര്യങ്ങള്‍ പറയുന്നതിനെ 'ചാരപ്രവര്‍ത്തനമായി' കാണുന്ന ഇടത്തുനിന്ന് സ്വതന്ത്രമായി അഭിപ്രായം പറയാന്‍ കഴിയുന്നിടത്തേക്കുള്ള മാറ്റമാണിതെന്ന് അവര്‍ വിശ്വസിക്കുന്നു.

'സത്യാവസ്ഥ എന്താണെന്ന് ജനങ്ങള്‍ക്കറിയാം. എല്‍ഡിഎഫ് വിട്ടപ്പോഴും ഞാന്‍ എന്റെ നിലപാടുകളില്‍ ഉറച്ചു നിന്നു. കോണ്‍ഗ്രസ് പ്രസ്ഥാനത്തിലേക്ക് വന്നപ്പോള്‍ എനിക്ക് ലഭിച്ച സ്വീകാര്യത വളരെ വലുതാണ്. എന്നെ വിശ്വസിക്കുന്ന ആളുകള്‍ക്ക് വേണ്ടി ഞാന്‍ തുടര്‍ന്നും പ്രവര്‍ത്തിക്കും.'

'ആരെങ്കിലും സൈബര്‍ അധിക്ഷേപങ്ങള്‍ നടത്തിയാല്‍ ഞാന്‍ തളരില്ല. കാരണം ഞാന്‍ ചെയ്യുന്നത് ശരിയാണെന്ന ബോധ്യം എനിക്കുണ്ട്. എന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്നവര്‍ക്ക് കാലം മറുപടി നല്‍കും. സമാധാനപരമായി ജനസേവനം നടത്തുക എന്നതാണ് എന്റെ ഇപ്പോഴത്തെ ലക്ഷ്യം.'


'പക്ഷെ അപ്പൊഴും നമ്മള്‍ ആലോചിക്കേണ്ടത്, നമ്മള്‍ ആരെയും ഭയക്കേണ്ടതില്ല എന്നുള്ളതാണ്. പള്ളിക്കല്‍ പഞ്ചായത്തില്‍ എനിക്ക് തന്ന വോട്ട് എന്ന് പറയുന്നത് എന്റെ വ്യക്തിത്വത്തിന് തന്ന വോട്ടാണ്. അല്ലാതെ ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ ലേബലില്‍ എനിക്ക് കിട്ടിയതല്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു.'

'കാരണം, ഞാന്‍ എടുത്ത നിലപാടുകള്‍, അല്ലെങ്കില്‍ ഞാന്‍ അവിടെ ചെയ്ത പ്രവര്‍ത്തനങ്ങള്‍ അത് ജനങ്ങള്‍ക്ക് ബോധ്യമുള്ളതാണ്. പാര്‍ട്ടിക്കുള്ളിലെ ചില ആളുകള്‍ക്ക് എന്നോട് വ്യക്തിപരമായ വിരോധം ഉണ്ടായേക്കാം. അത് അവരുടെ രാഷ്ട്രീയ നിലനില്‍പ്പിന് ഞാന്‍ ഒരു ഭീഷണിയാണെന്ന് അവര്‍ കരുതുന്നത് കൊണ്ടായിരിക്കാം. പക്ഷെ അതുകൊണ്ടൊന്നും എന്നെ തളര്‍ത്താന്‍ പറ്റില്ല.'

മാധ്യമങ്ങളുടെ റോള്‍:

തന്റെ ഭാഗത്തെ സത്യാവസ്ഥ ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ മാധ്യമങ്ങള്‍ വലിയ പങ്കുവഹിച്ചുവെന്നും, ആ സമയത്ത് ലഭിച്ച പിന്തുണ തന്നെ മുന്നോട്ട് നയിക്കാന്‍ സഹായിച്ചുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തന്റെ പ്രശ്‌നങ്ങള്‍ പുറംലോകം അറിയാന്‍ മറുനാടന്‍ മലയാളി നല്‍കിയ പിന്തുണയെക്കുറിച്ചും, തനിക്ക് നല്‍കിയ ആത്മവിശ്വാസത്തെക്കുറിച്ചും അവര്‍ നന്ദിയോടെ സ്മരിച്ചു.

ജനങ്ങളുടെ പ്രതികരണം:

പാര്‍ട്ടി മാറിയപ്പോള്‍ തന്റെ നാട്ടുകാര്‍ക്കിടയിലുണ്ടായ പ്രതികരണങ്ങളെക്കുറിച്ച് അവര്‍ സംസാരിച്ചു. പലരും തന്റെ തീരുമാനത്തെ പിന്തുണച്ചുവെന്നും, സത്യം അറിയുന്നവര്‍ ഒപ്പമുണ്ടാകുമെന്നും അവര്‍ വിശ്വസിക്കുന്നു. താന്‍ പാര്‍ട്ടിക്കുള്ളിലെ വിവരങ്ങള്‍ പുറത്തുവിടുന്നു എന്നാരോപിച്ച് തന്നെ 'ചാരന്‍' എന്ന് വിളിക്കാന്‍ ശ്രമിച്ചു. സത്യസന്ധമായി കാര്യങ്ങള്‍ പറയുന്നതിനെ ചാരപ്രവര്‍ത്തനമായി കാണുന്ന പാര്‍ട്ടിയുടെ രീതിയെ അവര്‍ വിമര്‍ശിച്ചു.

രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ചത് എന്തുകൊണ്ട്?

'രാഹുല്‍ മാങ്കൂട്ടത്തില്‍ എന്റെ ഡിവിഷനിലെ വോട്ടറായിരുന്നു. ഇപ്പോഴാണ് പാലക്കാട് എംഎല്‍എയായത്. ആ കുടുംബം എന്റെ വോട്ടേഴ്‌സാണ്. ഞാന്‍ റിപ്പോര്‍ട്ടര്‍ ചാനലില്‍ നിന്നുണ്ടായ അനുഭവമാണ് നേരത്തെ പങ്കുവച്ചത്. കേസില്‍ പരാതിക്കാര്‍ക്ക് പരാതി പറയാനുള്ള അവസരമുണ്ടെങ്കിലും ആരോപണവിധേയന്റെ കാര്യങ്ങള്‍ പറയാനുള്ള സ്വാതന്ത്ര്യം നിഷേധിക്കരുത്......സ്വാഭാവികമായും രണ്ടുഭാഗവും നമ്മള്‍ അന്വേഷിക്കുന്നു. ഈ വിഷയത്തില്‍ ഒരുമുന്നണി പോരാളിയായി വന്ന ആളുണ്ട്. പേരു പറയാന്‍ ആഗ്രഹിക്കുന്നില്ല. അവര് യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു, പരിചയപ്പെട്ട് 24 മണിക്കൂറിനകം എനിക്ക് മോശമായ അനുഭവമുണ്ടായി. പക്ഷ അങ്ങനെയൊരാള്‍ രാത്രി ഏതാണ്ട് 12.30 മണി സമയത്ത്, രാഹുല്‍ മാങ്കൂട്ടത്തില്‍ മോശമായി പെരുമാറിയെന്ന് പറഞ്ഞ ആള്‍ 24 മണിക്കൂറില്‍ ബന്ധം അവസാനിപ്പിച്ചില്ല, പകരം രാത്രി 12.30 മണിക്ക് ശേഷം അങ്ങനെയൊരാളെ വീഡിയോ കോള്‍ ചെയ്തിട്ടുണ്ടാവുക. 'പരിചയപ്പെട്ട 24 മണിക്കൂറിനകം മോശമായി തോന്നിയ ഒരാള്‍, അതായത് രാഹുല്‍ മാങ്കൂട്ടത്തില്‍ മോശമായി പെരുമാറി എന്ന് പറഞ്ഞ ഒരാള്‍, അവിടെ എന്താണ് നമ്മള്‍ മനസ്സിലാക്കേണ്ടത് ? പറയുന്നതും സംഭവിച്ചതും, രണ്ടും രണ്ടാണെങ്കില്‍, വാക്കും പ്രവൃത്തിയും രണ്ടുദിശകളിലേക്ക് സഞ്ചരിക്കുന്നുണ്ടെങ്കില്‍ അജണ്ടകള്‍ ഉണ്ടെന്ന ആരോപണത്തിന് ചെവികൊടുക്കാതിരിക്കാനാവില്ലെന്നും ശ്രീനാദേവി കുഞ്ഞമ്മ പറഞ്ഞു. അതായത് രാഹുല്‍ മാങ്കൂട്ടത്തില്‍ മോശമായി പെരുമാറി എന്ന് പറഞ്ഞ ഒരാള്‍, അതോടുകൂടി ബ്ലോക്ക് ചെയ്ത് ബന്ധം അവസാനിപ്പിച്ചില്ലേ? പകരം ഒരു ദിവസം രാത്രി 12:30 മണിക്ക് ശേഷം എന്തിനായിരുന്നു അങ്ങനെ ഒരാളെ വീഡിയോ കോള്‍ ചെയ്തിട്ടുണ്ടാവുക?'

രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ പരാതികളെ കുറിച്ചും ശ്രീനാദേവി ഗൗരവകരമായ ചില ചോദ്യങ്ങള്‍ ഉന്നയിക്കുന്നു. 'എന്തുകൊണ്ടാണ് രാഹുല്‍ മാങ്കൂട്ടത്തെ പിന്തുണയ്ക്കുന്നത് എന്ന് ചോദിച്ചാല്‍, കോടതി കുറ്റക്കാരനാണെന്ന് പറയുന്നത് വരെ നമുക്ക് വിധിയെഴുതാന്‍ പറ്റില്ല. ഒരു നിയമസഭാ സാമാജികന്‍ എന്ന നിലയില്‍ ഇത് പ്രാധാന്യം കൊടുക്കേണ്ട വാര്‍ത്ത തന്നെയാണ്. പക്ഷേ, പ്രാധാന്യം കൊടുക്കുമ്പോള്‍ ഇല്ലാത്ത കഥകള്‍ മെനയരുത് എന്ന് റിപ്പോര്‍ട്ടര്‍മാര്‍ ശ്രദ്ധിക്കണം.

'താന്‍ അതിജീവിതയ്‌ക്കൊപ്പമാണെങ്കിലും വിവാഹിതയായ സ്ത്രീയാണ് പരാതിക്കാരി. അങ്ങനെയൊരു വിവാഹബന്ധത്തില്‍ നില്‍ക്കുമ്പോള്‍ അതിന്റെ പവിത്രത കാത്തുസൂക്ഷിക്കാന്‍ കഴിയാതെ വരുമ്പോള്‍, അവര്‍ ഉയര്‍ത്തിയ ആക്ഷേപങ്ങള്‍ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ലെന്നും ശ്രീനേദാവി പറഞ്ഞു.

'രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ ഞാന്‍ എന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു. ഞാന്‍ കണ്ടതും അനുഭവിച്ചതുമായ കാര്യങ്ങള്‍ പറയുന്നതില്‍ എനിക്ക് ആരെയും പേടിക്കാനില്ല. അവര്‍ എത്രയൊക്കെ സൈബര്‍ ആക്രമണം നടത്തിയാലും സത്യാവസ്ഥ ഒരു ദിവസം പുറത്തുവരും. എനിക്ക് നേരിടേണ്ടി വന്ന ഓരോ അപമാനങ്ങളും എന്നെ കൂടുതല്‍ ശക്തയാക്കുകയാണ് ചെയ്തത്.'

'എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ ആരെയും വ്യക്തിഹത്യ നടത്താനോ ആരെയും മോശമായി ചിത്രീകരിക്കാനോ ശ്രമിച്ചിട്ടില്ല. എന്നാല്‍ എനിക്കെതിരെ ഉണ്ടായ സൈബര്‍ ആക്രമണങ്ങള്‍ അത്രത്തോളം വലുതായിരുന്നു. എന്റെ ഫോണ്‍ നമ്പര്‍ വരെ സോഷ്യല്‍ മീഡിയയില്‍ പലരും പ്രചരിപ്പിച്ചു. രാത്രികാലങ്ങളില്‍ അശ്ലീല സന്ദേശങ്ങളും കോളുകളും വരാന്‍ തുടങ്ങി.

'ഒരു പൊതുപ്രവര്‍ത്തക എന്ന നിലയില്‍ ഇത്തരം കാര്യങ്ങള്‍ നേരിടുക എന്നത് വലിയ മാനസിക വിഷമം ഉണ്ടാക്കുന്ന ഒന്നാണ്. പക്ഷെ ഞാന്‍ ഇതിനെയെല്ലാം ധൈര്യത്തോടെയാണ് നേരിട്ടത്. എനിക്ക് നിയമസംവിധാനങ്ങളില്‍ വിശ്വാസമുണ്ട്. അതുകൊണ്ട് തന്നെയാണ് ഞാന്‍ പരാതിയുമായി മുന്നോട്ട് പോയത്. ആരെങ്കിലും വിചാരിച്ചാല്‍ എന്നെ അടിച്ചമര്‍ത്താം എന്നത് വെറും തോന്നല്‍ മാത്രമാണ്.'

'സത്യം എപ്പോഴും എന്റെ ഭാഗത്താണ് എന്ന് എനിക്ക് ഉറപ്പുണ്ട്. അതുകൊണ്ട് തന്നെ ആരെയും പേടിക്കാതെ രാഷ്ട്രീയത്തില്‍ സജീവമായി തുടരാന്‍ തന്നെയാണ് എന്റെ തീരുമാനം. എന്നെ പിന്തുണയ്ക്കുന്ന ഒരു വലിയ വിഭാഗം ആളുകള്‍ ഇപ്പോഴുമുണ്ട്, അവരാണ് എന്റെ കരുത്ത്.'

ഭയമില്ലാത്ത നിലപാടുകള്‍

രാഷ്ട്രീയമായി ഒറ്റപ്പെടുത്താനും മാനസികമായി തളര്‍ത്താനും നടത്തിയ ശ്രമങ്ങളെ അവര്‍ വിവരിച്ചു. കുടുംബാംഗങ്ങളെപ്പോലും ഇതിലേക്ക് വലിച്ചിഴയ്ക്കാന്‍ ശ്രമിച്ചുവെന്നും, എന്നാല്‍ തന്റെ കുടുംബം തനിക്ക് വലിയ പിന്തുണയാണ് നല്‍കിയതെന്നും അവര്‍ വ്യക്തമാക്കുന്നു.

താന്‍ എന്തിനാണ് ഇത്ര ബോള്‍ഡ് ആയി സംസാരിക്കുന്നത് എന്ന ചോദ്യത്തിന്, സത്യം പറയുന്നതിന് ആരെയും ഭയപ്പെടേണ്ടതില്ല എന്നാണ് തന്റെ നയമെന്ന് അവര്‍ മറുപടി നല്‍കുന്നു. രാഷ്ട്രീയത്തിലെ 'അഡ്ജസ്റ്റ്‌മെന്റുകള്‍ക്ക്' താന്‍ തയ്യാറല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയത്തില്‍ സത്യസന്ധമായി നില്‍ക്കുക എന്നത് വലിയ വെല്ലുവിളിയാണെന്നും, പലപ്പോഴും നുണകള്‍ പറയുന്നവരാണ് കൂടുതല്‍ സ്വീകാര്യരാകുന്നതെന്നും അവര്‍ നിരീക്ഷിക്കുന്നു. താന്‍ കണ്ട കാര്യങ്ങള്‍ തുറന്നു പറഞ്ഞതിലൂടെ ഉണ്ടായ പ്രത്യാഘാതങ്ങള്‍ അവര്‍ പങ്കുവെക്കുന്നു.

'നിങ്ങള്‍ക്ക് എന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാം, പക്ഷേ എന്റെ നാവില്‍ നിന്ന് സത്യം വരുന്നത് തടയാനാവില്ല' എന്ന് നേതാക്കളോട് നേരിട്ട് പറഞ്ഞ കാര്യം അവര്‍ ഓര്‍ക്കുന്നു. ഭയം എന്ന വികാരം തന്നെ വിട്ടുപോയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സ്ത്രീകളുടെ മൗനം

പല സ്ത്രീകളും ഇത്തരം അനുഭവങ്ങള്‍ പുറത്തുപറയാത്തത് കുടുംബത്തെയും ഭാവിയെയും ഓര്‍ത്താണെന്ന് അവര്‍ പറയുന്നു. 'എനിക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്തതുകൊണ്ടാണ് ഞാന്‍ സംസാരിക്കുന്നത്, പക്ഷേ പലര്‍ക്കും ആ പേടിയുണ്ട്' എന്ന് അവര്‍ വ്യക്തമാക്കുന്നു.

പാര്‍ട്ടിക്കുള്ളില്‍ നേതാക്കളുടെ തെറ്റായ പ്രവണതകളെ ചോദ്യം ചെയ്യുന്നവരെ ഒതുക്കാന്‍ 'അച്ചടക്ക നടപടി' എന്ന ആയുധമാണ് ഉപയോഗിക്കുന്നത്. ഇത് ചോദ്യം ചെയ്യുന്നവരുടെ നട്ടെല്ല് ഒടിക്കാനുള്ള ശ്രമമാണെന്ന് അവര്‍ തുറന്നടിക്കുന്നു. രാഷ്ട്രീയമായി നേരിടാന്‍ കഴിയാത്തപ്പോള്‍ സ്ത്രീകളുടെ സ്വഭാവത്തെക്കുറിച്ച് അപവാദങ്ങള്‍ പ്രചരിപ്പിക്കുന്നത് ഒരു സ്ഥിരം രീതിയാണെന്ന് അവര്‍ നിരീക്ഷിക്കുന്നു. തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ നടന്ന പ്രചാരണങ്ങള്‍ ഇതിന് ഉദാഹരണമാണ്.

കുടുംബത്തിന്റെ പിന്തുണ:

ഇത്രയും വലിയ സൈബര്‍ ആക്രമണങ്ങളും രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളും ഉണ്ടായിട്ടും തന്റെ കുടുംബം തനിക്കൊപ്പം ഉറച്ചുനിന്നു. അത് നല്‍കിയ കരുത്താണ് തന്നെ ഇപ്പോഴും പൊതുരംഗത്ത് നിലനിര്‍ത്തുന്നതെന്ന് അവര്‍ വൈകാരികമായി പറയുന്നു.

വിമര്‍ശനങ്ങളോടുള്ള സമീപനം:

തന്നെ വിമര്‍ശിക്കുന്നവരോട് തനിക്ക് വ്യക്തിപരമായ വിദ്വേഷമില്ലെന്നും, എന്നാല്‍ അവര്‍ ഉയര്‍ത്തുന്ന തെറ്റായ ആരോപണങ്ങളെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും അവര്‍ ഉറപ്പിച്ചു പറയുന്നു.

താന്‍ ഒരു സാധാരണ സ്ത്രീയല്ലെന്നും, വര്‍ഷങ്ങളായി പൊതുപ്രവര്‍ത്തനരംഗത്ത് നില്‍ക്കുന്ന ഒരാളായതുകൊണ്ട് ഇത്തരം ഭീഷണികളെ ഭയപ്പെടുന്നില്ലെന്നും അവര്‍ പറയുന്നു. തന്നെ തളര്‍ത്താന്‍ നോക്കിയവര്‍ക്ക് തന്റെ കരുത്ത് മനസ്സിലായില്ലെന്ന് അവര്‍ പരിഹസിക്കുന്നു.

പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര പരാതി പരിഹാര സെല്ലുകള്‍ (Internal Committees) പലപ്പോഴും വെറും നോക്കുകുത്തികളാണെന്ന് അവര്‍ വിമര്‍ശിക്കുന്നു. ഒരു സ്ത്രീ പരാതിയുമായി ചെന്നാല്‍ അവളെ ഒതുക്കാന്‍ നോക്കുന്നതല്ലാതെ നീതി ഉറപ്പാക്കാന്‍ ആരും ശ്രമിക്കുന്നില്ലെന്ന് അവര്‍ വേദനയോടെ പറയുന്നു.

വെറും പോസ്റ്റര്‍ ഒട്ടിക്കാനും ഘോഷയാത്രകളില്‍ പങ്കെടുപ്പിക്കാനും മാത്രമാണ് പലപ്പോഴും സ്ത്രീകളെ ഉപയോഗിക്കുന്നത്. നയപരമായ തീരുമാനങ്ങള്‍ എടുക്കുന്നിടത്ത് സ്ത്രീകളെ അടുപ്പിക്കാത്തത് എന്തുകൊണ്ടാണെന്ന് അവര്‍ ചോദ്യം ചെയ്യുന്നു. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് രാഷ്ട്രീയത്തില്‍ സജീവമായി തുടരുമെന്നും, തന്നെ വിശ്വസിക്കുന്ന ആളുകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നും അവര്‍ പറഞ്ഞു നിര്‍ത്തുന്നു.


Tags:    

Similar News