നിരസിക്കപ്പെട്ട ഭൂമി തരംമാറ്റ അപേക്ഷകളുടെ പേരില്‍ ലക്ഷങ്ങള്‍ തട്ടാന്‍ ഇടനിലക്കാര്‍; വെട്ടില്‍ വീണ് സാധാരണക്കാര്‍; നഷ്ടമാകുന്നത് ഒന്നു മുതല്‍ മൂന്നു ലക്ഷം വരെ; സ്വകാര്യ കണ്‍സള്‍ട്ടന്‍സികള്‍ ലക്ഷ്യമിടുന്നത് മലയോര മേഖല; കേരളം നേരിടുന്ന 'ഭൂ മാഫിയാ വക്കാലത്ത്' തട്ടിപ്പിന്റെ കഥ

Update: 2025-10-09 04:23 GMT

കോട്ടയം: നിരസിക്കപ്പെട്ട ഭൂമി തരംമാറ്റ അപേക്ഷകളില്‍ ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി വാങ്ങി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ഇടനിലക്കാര്‍ നടത്തുന്ന വന്‍ തട്ടിപ്പില്‍ കുടുങ്ങുന്നത് നൂറുകണക്കിനാളുകള്‍. ഒരു ലക്ഷം മുതല്‍ മൂന്ന് ലക്ഷം രൂപ വരെയാണ് ഇത്തരം സംഘങ്ങള്‍ സാധാരണക്കാരില്‍ നിന്ന് ഈടാക്കുന്നത്. സ്വകാര്യ കണ്‍സള്‍ട്ടന്‍സികളുടെ മറവിലാണ് തട്ടിപ്പ് അരങ്ങേറുന്നത്. കൃഷി ഓഫീസര്‍ പ്രതികൂല റിപ്പോര്‍ട്ട് നല്‍കി അപേക്ഷ തള്ളിയവരെയാണ് തട്ടിപ്പുസംഘം പ്രധാനമായും ലക്ഷ്യമിടുന്നത്. അപേക്ഷ നിരസിച്ച വിവരം ലഭിക്കുന്ന ഉടന്‍ ഇവര്‍ ഭൂവുടമയെ സമീപിച്ച്, ഹൈക്കോടതിയില്‍ ഒരു പുനഃപരിശോധനാ ഹര്‍ജി നല്‍കിയാല്‍ എളുപ്പത്തില്‍ കാര്യം സാധിക്കാമെന്ന് വിശ്വസിപ്പിക്കുന്നു. ഇതിനായി വന്‍ തുക ഫീസായി കൈപ്പറ്റും.

തുടര്‍ന്ന്, ഉടമയ്ക്കു വേണ്ടി ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യും. കോടതിയുടെ നിര്‍ദ്ദേശപ്രകാരം അപേക്ഷ വീണ്ടും പരിശോധിക്കാന്‍ കൃഷി ഓഫീസറോട് ആവശ്യപ്പെടുകയും ചെയ്യും. എന്നാല്‍, നിയമപരമായ കാരണങ്ങളാല്‍ പഴയ റിപ്പോര്‍ട്ട് തന്നെയാകും കൃഷി ഓഫീസര്‍ മിക്കവാറും വീണ്ടും സമര്‍പ്പിക്കുക. ഇതോടെ കോടതി വ്യവഹാരത്തിനായി മുടക്കിയ പണം ഭൂവുടമയ്ക്ക് പൂര്‍ണ്ണമായും നഷ്ടമാകും. പണം നഷ്ടപ്പെട്ടവര്‍ ഇവരോട് കാര്യം തിരക്കുമ്പോള്‍, തങ്ങള്‍ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തില്ലേ, കോടതി ഇടപെട്ട് വീണ്ടും പരിശോധിക്കാന്‍ ഉത്തരവിട്ടില്ലേ എന്ന് ചോദിച്ച് കൈമലര്‍ത്തുകയാണ് ഇവരുടെ പതിവ് രീതിയെന്നാണ് പറയപ്പെടുന്നത്. പുനഃപരിശോധനാ ഹര്‍ജി നല്കിയിട്ടും കാര്യമില്ലെന്ന് അറിഞ്ഞു കൊണ്ടു തന്നെയാണ് ഇത്തരക്കാര്‍ ആളുകളെ വലയിലാക്കുന്നത്. അഭിഭാഷകര്‍ ഉള്‍പ്പെടുന്ന ഒരു സംഘം തന്നെ ഇത്തരം തട്ടിപ്പുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം.

ആര്‍.ഡി.ഒ, താലൂക്ക്, വില്ലേജ് ഓഫീസുകള്‍ക്ക് സമീപം ബോര്‍ഡുകള്‍ സ്ഥാപിച്ചും സാമൂഹിക മാധ്യമങ്ങളില്‍ പരസ്യം നല്‍കിയുമാണ് ഇവര്‍ ഇരകളെ കണ്ടെത്തുന്നത്. ഭൂമി തരംമാറ്റല്‍ എളുപ്പത്തില്‍ നടത്തിക്കൊടുക്കുമെന്ന വാഗ്ദാനങ്ങളില്‍ സാധാരണക്കാര്‍ വീണുപോവുകയാണ്. തട്ടിപ്പിനിരയായവര്‍ പരാതിയുമായി ഉദ്യോഗസ്ഥരെ സമീപിക്കുമ്പോള്‍,ഭൂവുടമകള്‍ വക്കാലത്ത് നല്‍കിയെന്നും കോടതി ഫീസായാണ് പണം വാങ്ങിയതൊന്നുമാണ് ഇവര്‍ അവകാശപ്പെടുന്നത്. എന്നാല്‍, സിവില്‍ ക്രിമിനല്‍ കേസുകള്‍ക്ക് മാത്രമാണ് വക്കാലത്ത് ആവശ്യമുള്ളതെന്നും ഭൂമി തരംമാറ്റുന്നതുപോലുള്ള റവന്യൂ നടപടികള്‍ക്ക് ഇതിന്റെ ആവശ്യമില്ലെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.സംസ്ഥാനത്ത് ലക്ഷക്കണക്കിന് ഭൂമി തരംമാറ്റ അപേക്ഷകള്‍ തീരുമാനമാകാതെ കെട്ടിക്കിടക്കുന്നത് തട്ടിപ്പുകാര്‍ക്ക് വളക്കൂറുള്ള മണ്ണൊരുക്കുകയാണ്. വിജിലന്‍സ് ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ ഇത്തരം തട്ടിപ്പുകളെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഇടനിലക്കാരുടെ ശൃംഖല ഇപ്പോഴും സജീവമായി തുടരുകയാണ്.

ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് സമാനമായ സംഘങ്ങള്‍ ഇടുക്കി കട്ടപ്പനയില്‍ ഓഫീസ് തുറന്നിരുന്നു. വ്യാപകമായ പരാതികളെ തുടര്‍ന്ന് അന്നത്തെ സബ് കളക്ടറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ രേഖകള്‍ പിടിച്ചെടുത്തിരുന്നു. ഇതേത്തുടര്‍ന്ന് പിന്‍വാങ്ങിയ സംഘം ഇപ്പോള്‍ കട്ടപ്പനയില്‍ വീണ്ടും രംഗപ്രവേശം ചെയ്തിട്ടുണ്ട്.

Tags:    

Similar News