കിറ്റക്‌സ് സാബുവിന് കൈകൊടുത്ത് വ്യവസായി കെ ജി എബ്രഹാം; കിഴക്കമ്പലത്ത് പരീക്ഷിച്ച് വിജയിച്ച രാഷ്ട്രീയ മോഡല്‍ ഇനി നിരണത്തേക്ക്; എബ്രഹാമിന്റെ പിന്തുണയോടെ നിരണം പഞ്ചായത്തില്‍ മത്സരിക്കാന്‍ ഒരുങ്ങി ട്വന്റി 20; പഴകിപ്പുളിച്ച പതിവു രാഷ്ട്രീയത്തില്‍ നിന്നും രക്ഷപെടാന്‍ കിഴക്കമ്പലം മോഡലിനെ സ്വീകരിക്കാന്‍ നിരണത്ത ജനത; നെഞ്ചിടിപ്പോടെ മുന്നണികള്‍
കിറ്റക്‌സ് സാബുവിന് കൈകൊടുത്ത് വ്യവസായി കെ ജി എബ്രഹാം
പത്തനംതിട്ട: കേരളത്തിലെ പരമ്പരാഗത രാഷ്ട്രീയക്കാരുടെ ശൈലി തന്നെ പൊളിച്ചടുക്കിയ ഭരണമാണ് കിഴക്കമ്പലം പഞ്ചായത്തില്‍ കിറ്റക്‌സ് സാബുവും സംഘവും രൂപം കൊടുത്തത്. രാഷ്ട്രീയ പാര്‍ട്ടികളുടെ കോട്ടകള്‍ തകര്‍ത്ത് ജനകീയ ഭരണത്തിന് മാതൃകയായി മാറുകയായിരുന്നു ട്വന്റി 20. ഇപ്പോള്‍ എറണാകുളത്തില്‍ ശക്തമായ സാന്നിധ്യമായി മാറിയ ട്വന്റി 20 രാഷ്ട്രീയം സംസ്ഥാനത്തിന്റെ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളാണ് സാബു ജേക്കബും സംഘവും നടത്തുന്നത്. ഇതിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ നിരണം പഞ്ചായത്തിലും അധികാരം പിടിക്കാന്‍ ട്വന്റി 20 ഇറങ്ങുകയാണ്. കിഴക്കമ്പലം മോഡല്‍ പത്തനംതിട്ടയിലെ നിരണത്ത് നടപ്പിലാക്കാന്‍ കുവൈറ്റിലെ പ്രമുഖ വ്യവസായിയും നിരണം സ്വദേശിയുമായ കെ.ജി. എബ്രഹാമും അദ്ദേഹത്തിന്റെ കെ.ജി. ഗ്രൂപ്പും മുന്നോട്ട് വന്നിരിക്കയാണ്. ഇത് പരമ്പരാഗത രാഷ്ട്രീയ മുന്നണികള്‍ക്ക് വലിയ വെല്ലുവിളിയാണ് ഈ നീക്കം ഉയര്‍ത്തുന്നത്.
2015-ലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ പരമ്പരാഗത മുന്നണികളെ തറപറ്റിച്ചുകൊണ്ട് ട്വന്റി 20 കിഴക്കമ്പലം പഞ്ചായത്തിന്റെ ഭരണം പിടിച്ചെടുത്തിരുന്നുന്നു. പിന്നീട് 2020 ആയപ്പോഴേക്കും അവര്‍ അവരുടെ സ്വാധീനം അയല്‍ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിച്ചു. ഇപ്പോള്‍ 2025-ലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ സംസ്ഥാന വ്യാപകമായി നിരവധി പഞ്ചായത്തുകള്‍ പിടിക്കാനുള്ള നീക്കത്തിലാണ് അവര്‍. എറണാകുളം കോര്‍പ്പറേഷനിലും കൊച്ചി കോര്‍പ്പറേഷനിലും അവര്‍ക്ക് കണ്ണുണ്ട്. അവര്‍ അതിന് മുമ്പോട്ട് വെക്കുന്ന ഫോര്‍മുവ കിഴക്കമ്പലത്ത് പരീക്ഷിച്ചു വിജയിച്ച മാതൃക തന്നയെയണ്. കേരളത്തിലെ അതിസമ്പന്നരെ തങ്ങളുടെ രാഷ്ട്രീയ മാതൃകയിലേക്ക് ആകര്‍ഷിക്കയുണ് സാബു ജേക്കബിന്റെ ലക്ഷ്യം.
കുറഞ്ഞത് 4000 കോടിയുടെ ടേണ്‍ഓവര്‍ ഉള്ള ഒരു സമ്പന്നനാണ് കുവൈത്തിലെ പ്രവാസി വ്യവസായിയായ കെ ജി എബ്രഹാം. ധുനിക നിരണത്തെ രക്ഷിച്ചെടുത്ത മനുഷ്യരില്‍ ഒരാളാണ് കെ.ജി. എബ്രഹാം. കിഴക്കമ്പലം മാതൃകയില്‍ ട്വന്റി 20 യുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും സാധാരണക്കാരുടെ ജീവിതച്ചെലവ് കുറയ്ക്കുകയും വേഗത്തില്‍ സേവനം ലഭ്യമാക്കുകയും ചെയ്യുന്ന ഭരണരീതിയെക്കുറിച്ചുമെല്ലാം അദ്ദേഹം പഠിച്ചിട്ടുണ്ട്. ഇതേരീതി നിരണത്തും അവലംബിക്കാനാണ് ഉദ്ദേശിക്കുന്നത്.
ഈ തിരഞ്ഞെടുപ്പില്‍ അധികാരം നേടാന്‍ വേണ്ടിയുള്ള ശ്രമങ്ങള്‍ കെ ജി എബ്രഹാം തുടങ്ങിയിട്ടുണ്ട്. നിരണത്തെ 14 വാര്‍ഡുകളിലും ട്വന്റി 20 യൂണിറ്റുകള്‍ സ്ഥാപിച്ചു കഴിഞ്ഞു. വരാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി വിജയം ഉറപ്പാക്കാനുള്ള തീവ്ര ശ്രമത്തിലാണ് ട്വന്റി 20. സാബു ജേക്കബിന്റെ നീക്കം യുഡിഎഫിനും എല്‍ഡിഎഫിനും വലിയ തിരിച്ചടിയാകുമെന്ന് ഉറപ്പാണ്. കിഴക്കമ്പലത്ത് സാബുവിന്റെ രാഷ്ട്രീയം വിജയിച്ചപ്പോള്‍ അവിടെ വലിയ തിരിച്ചടി നേരിട്ടത് ഇരു മുന്നണികളുമായിരുന്നു. ഈ കൂട്ടുകെട്ട് ഭാവിയില്‍ നിയമസഭാ തിരഞ്ഞെടുപ്പിലും മുന്നണികള്‍ക്ക് ഭീഷണിയാണ്.
ചരിത്രപരമായി ഏറെ പ്രാധാന്യങ്ങളുള്ള പ്രദേശമാണ് നിരണം. തോമാസ് ലീഹ സ്ഥാപിച്ചതായി കരുതപ്പെടുന്ന സെന്റ് തോമസ് പള്ളിയും, പരശുരാമന്‍ സ്ഥാപിച്ച 108 ശിവക്ഷേത്രങ്ങളില്‍ ഒന്നായ തൃക്കപാലീശ്വര ക്ഷേത്രവും, മാലിക് ദിനാര്‍ സ്ഥാപിച്ച ആദ്യകാല മോസ്‌കും നിലകൊള്ളുന്ന ഇടമാണ്. കണ്ണശ കവികള്‍ എന്നറിയപ്പെടുന്ന നിരണം കവികളുടെ ജന്മദേശമായും ഈ ഗ്രാമം അറിയപ്പെടുന്നു. നെല്‍കൃഷി, മത്സ്യകൃഷി തുടങ്ങിയവയെ ആശ്രയിക്കുന്ന ഈ കാര്‍ഷിക ഗ്രാമം ഇന്ന് സര്‍ക്കാരിന്റെ സഹായമില്ലായ്മയാല്‍ പ്രതിസന്ധി നേരിടുകയാണ്.
ഇങ്ങനെ ഏറെ ചരിത്രപ്രധാനമുള്ള നാടിനെ വീണ്ടെടുക്കാനാണ് ട്വന്റി 20 മുന്നിട്ടിറങ്ങുന്നത്. നിരണത്ത് സംഭവിക്കുന്ന ഈ മാറ്റം കേരളത്തില്‍ വ്യാപകമായ പരിവര്‍ത്തനങ്ങള്‍ക്ക് കാരണമാകുമെന്ന പ്രതീക്ഷയിലാണ് ട്വന്റി 20 നേതൃത്വം. കുവൈത്തിലെ മംഗഫിലില്‍ ആറുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ 23 മലയാളികള്‍ ഉള്‍പ്പെടെ 49 പേര്‍ക്കാണ് അന്ന് ജീവന്‍ നഷ്ടമായത്. ഈ തീപിടിത്തം ഉണ്ടായ ഫ്‌ളാറ്റ്, മലയാളി വ്യവസായിയും എന്‍ബിടിസി ഗ്രൂപ്പിന്റെയും കേരളം കേന്ദ്രമായ കെജിഎ ഗ്രൂപ്പിന്റെയും മാനേജിംഗ് ഡയറക്ടറായ കെ ജി എബ്രഹാം വാടകയ്ക്കെടുത്തതായിരുന്നു. ഗള്‍ഫ് രാജ്യത്തെ ഏറ്റവും വലിയ കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പുകളിലൊന്നായ എന്‍ബിടിസി ഗ്രൂപ്പിലെ ജീവനക്കാരാണ് ഇവിടെ താമസിച്ചിരുന്നത്. അന്നത്തെ സംഭവത്തില്‍ പിണറായി വിജയന്‍ കുറ്റപ്പെടുത്തലുമായി വന്നതും വാര്‍ത്തകളില്‍ നിറഞ്ഞതാണ്.
38 വര്‍ഷമായി കുവൈറ്റില്‍ ബിസിനസുകാരയിരുന്നു അദ്ദേഹം.കര്‍ഷകനായ കെ ടി ഗിവര്‍ഗീസിന്റെയും ശോശാമ്മയുടെയും മൂന്നാമത്തെ മകനായി 1954 നവംബര്‍ ഒന്‍പതിനാണ് കെ ജി എബ്രഹാമിന്റെ ജനനം. നിരണം സെന്റ് മേരീസ് ഹൈസ്‌കൂളില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടി. തുടര്‍ന്ന് സിവില്‍ എഞ്ചിനീയറിങ്ങില്‍ ഡിപ്ലോമയും നേടിയ ശേഷം 22ാമത്തെ വയസില്‍ കുവൈറ്റിലേക്ക് യാത്ര തിരിച്ചു.
സാധാരണ പ്രവാസിയെ പോലെ 1976ല്‍ കുവൈറ്റിലെത്തിയ അദ്ദേഹം അഹമ്മദിയിലെ 'ബദ്ധ ആന്‍ഡ് മുസൈരി' കമ്പനിയില്‍ 60 ദിനാര്‍ ശമ്പളത്തിനാണ് ജോലിക്ക് കയറിയത്. ഏഴ് വര്‍ഷത്തിനുശേഷം സ്വന്തമായുണ്ടായിരുന്ന 1500 ദിനാറും സുഹൃത്തുക്കളില്‍ നിന്ന് സ്വരൂപിച്ച 2500 ദിനാറും ചേര്‍ത്ത് 4000 ദിനാര്‍ മൂലധനത്തില്‍ സ്വന്തം സ്ഥാപനം തുടങ്ങി. 1983ല്‍ വിവിധ സ്ഥാപനങ്ങള്‍ക്ക് വേണ്ടി എണ്ണ അനുബന്ധ ഉത്പാദനങ്ങളുടെ ചെറുകിട കരാര്‍ ജോലികള്‍ ഏറ്റെടുത്തുകൊണ്ടാണ് കമ്പനി പ്രവര്‍ത്തനം തുടങ്ങിയത്.
90 ജീവനക്കാരുമായി ആരംഭിച്ച എന്‍ടിബിസി ഇന്ന് 14 രാജ്യങ്ങളില്‍ നിന്നുള്ള പതിനായിരത്തോളം പേര്‍ക്ക് തൊഴില്‍ നല്‍കുന്ന സ്ഥാപനമാണ്. എറണാകുളം കുണ്ടന്നൂരിലെ പഞ്ചനക്ഷത്ര ആഡംബര ഹോട്ടലായ ക്രൗണ്‍ പ്ലാസയുടെ ചെയര്‍മാനും തിരുവല്ലയിലെ കെജിഎ എലൈറ്റ് കോണ്ടിനെന്റല്‍ ഹോട്ടലിന്റെ പങ്കാളിയുമാണ്. കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് മേഖലയിലും അദ്ദേഹം നിക്ഷേപം നടത്തിയിട്ടുണ്ട്.
കുവൈറ്റില്‍ നിര്‍മാണ മേഖലയില്‍ ചെറിയതോതില്‍ തുടക്കം കുറിച്ച കെ ജി എബ്രഹാം മികച്ച നിര്‍മാണങ്ങളിലൂടെ വിശ്വാസ്യത നേടി വളരുകയായിരുന്നു. എന്‍ജിനിയറിംഗ്, കണ്‍സ്ട്രക്ഷന്‍, ഫാബ്രിക്കേഷന്‍, യന്ത്രങ്ങള്‍ സ്ഥാപിക്കല്‍ തുടങ്ങിയവയാണ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനം. എണ്ണ, പെട്രോകെമിക്കല്‍ മേഖലകളിലുള്‍പ്പെടെ കുവൈറ്റിലും മറ്റു പശ്ചിമേഷ്യന്‍ രാജ്യങ്ങളിലും കമ്പനികളുണ്ട്. മാര്‍ക്കറ്റിംഗ്, വിദ്യാഭ്യാസം എന്നീ മേഖലകളിലും പ്രവര്‍ത്തിക്കുന്നുണ്ട്.
താന്‍ സമ്പാദിച്ചതിന്റെ ഗുണം സ്വന്തം നാട്ടുകാര്‍ക്കും ലഭിക്കണമെന്നാണ് എബ്രഹാം ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് സാബു ജേക്കബുമായി കൈകൊടുക്കാന്‍ അദ്ദേഹം തീരുമാനിച്ചിരിക്കുന്നത്. അതേസമയം തദ്ദേശ തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുന്‍പേ കിഴക്കമ്പലം പഞ്ചായത്തില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ട്വന്റി 20 ഒരു മുഴം മുമ്പാലാണ്. കിഴക്കമ്പലം ഗ്രാമപഞ്ചായത്തിലെ 21 വാര്‍ഡിലേയും വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിലെ മൂന്നു ഡിവിഷനുകളിലേയും എറണാകുളം ജില്ലാ പഞ്ചായത്ത് വെങ്ങോല ഡിവിഷനിലേയും 25 സ്ഥാനാര്‍ഥികളെയാണ് പ്രഖ്യപിച്ചത്. 90 ശതമാനം സ്ത്രീ സംവരണം ഉറപ്പാക്കിയാണ് സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കിയത്. മാങ്ങയാണ് തെരഞ്ഞെടുപ്പ് ചിഹ്നം.
