തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിച്ചാല്‍ മുഖ്യമന്ത്രിയാര്? വിഡിയ്ക്കും കെ.സിയ്ക്കും ചെന്നിത്തലയ്ക്കും പുറമേ കുഞ്ഞാപ്പയും കളത്തിലേക്ക്; കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിയായാല്‍ എന്താണ് പ്രശ്നമെന്ന് പാണക്കാട് നിന്നും ചോദ്യം; ലീഗിന്റെ സമ്മര്‍ദ്ദതന്ത്രമെന്ന് വിലയിരുത്തി കോണ്‍ഗ്രസ് നേതൃത്വം; ആരാകും യുഡിഎഫിലെ ക്യാപ്ടന്‍?
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടി യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ കേരളാ മുഖ്യമന്ത്രിയാകുന്നത് ആരായിരിക്കും ?. വി.ഡി സതീശനും രമേശ് ചെന്നിത്തലയും കെ.സി വേണുഗോപാലും ഉള്‍പ്പെടെയുള്ളവരുടെ പേരുകള്‍ ഉയര്‍ന്നു കേള്‍ക്കുന്നതിനിടയില്‍ പുതിയൊരു പേരൂകൂടി വരുന്നു. മുസ്ലീം ലീഗ് നേതാവായ പി.കെ കുഞ്ഞാലിക്കുട്ടിയുടെ പേരാണ് മുഖ്യമന്ത്രിയാകാന്‍ സാധ്യതയുള്ളവരുടെ പട്ടികയില്‍ ഇപ്പോള്‍ ഉയരുന്നത്. മുസ്ലീം ലീഗ് യോഗങ്ങളില്‍ ഈയ്യിടെയായി കുഞ്ഞാലിക്കുട്ടിയെ മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടുന്നത് പാണക്കാട്ടു നിന്നുള്ള അനുഗ്രഹാശിസുകളോടെയാണ്. കൂടുതല്‍ സീറ്റുകള്‍ നേടാനും മുന്നണിയില്‍ ആധിപത്യം നേടാനുമുള്ള ലീഗിന്റെ സമ്മര്‍ദ്ദതന്ത്രമായും ഇതിനെ കോണ്‍ഗ്രസ് നേതൃത്വം വിലയിരുത്തുന്നുണ്ട്.
കോണ്‍ഗ്രസിലെ നേതൃനിരയില്‍ ചേരിപ്പോര് രൂക്ഷമായി തുടരുന്നതിനിടയിലാണ്, പി.കെ കുഞ്ഞാലിക്കുട്ടി യു.ഡി.എഫിന്റെ മുഖ്യമന്ത്രിയായാല്‍ എന്താണ് പ്രശ്‌നമെന്ന തരത്തില്‍ മുസ്ലീം ലീഗ് വേദികളില്‍ ചര്‍ച്ച നടക്കുന്നത്. മുസ്ലീം യൂത്ത് ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി നടത്തിയ 'മ' സാഹിത്യോത്സവത്തില്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ നടത്തിയ പ്രസ്താവനയാണ് മുസ്ലിം ലീഗില്‍ നിന്ന് മുഖ്യമന്ത്രിയെന്ന ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ലീഗിനെ പി.കെ. കുഞ്ഞാലിക്കുട്ടി തന്നെ നയിക്കുമെന്ന് തങ്ങള്‍ വ്യക്തമാക്കിയിരുന്നു. അതോടൊപ്പമാണ് യു.ഡി.എഫ്. അധികാരത്തില്‍ വന്നാല്‍ മുഖ്യമന്ത്രി പദവി കുഞ്ഞാലിക്കുട്ടിക്കാവുമെന്നും കോണ്‍ഗ്രസില്‍ അതു നടക്കാന്‍ സാധ്യതയുണ്ടെന്നും തങ്ങള്‍ പറഞ്ഞത്.
യു.ഡി.എഫ്. ഘടകകക്ഷികള്‍ ചേര്‍ന്ന് ലീഗിനോട് മുഖ്യമന്ത്രി പദം ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടാല്‍ പറ്റില്ലെന്ന് പറയില്ലെന്ന് ജനറല്‍ സെക്രട്ടറി പി.എം.എ. സലാമും അഭിപ്രായപ്പെട്ടിരുന്നു. തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടുകൊണ്ട് മുസ്ലീം ലീഗ് വാര്‍ഡ് കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനം അടിത്തട്ടില്‍ ശക്തമാക്കുന്നുണ്ട്. ബൂത്ത് കമ്മിറ്റി നേതാക്കളെ വിളിച്ചുകൂട്ടി യോഗങ്ങളും ആരംഭിച്ചു കഴിഞ്ഞു. കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകള്‍ തന്നെ ഇത്തവണയും വേണമെന്ന നിര്‍ബന്ധം ലീഗ് കാണിക്കില്ല. പ്രാദേശിക സാഹചര്യങ്ങള്‍ അനുസരിച്ച് സീറ്റുകള്‍ വച്ചുമാറാന്‍ തയ്യാറാണെന്ന് മുന്നണിയെ അറിയിക്കാനാണ് ലീഗ് നേതൃത്വത്തിന്റെ തീരുമാനം.
നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കാന്‍ എട്ടുമാസം മാത്രം ബാക്കിനില്‍ക്കെ, കോണ്‍ഗ്രസിലെ ഉള്‍പ്പാര്‍ട്ടി തര്‍ക്കങ്ങള്‍ കാരണം യു.ഡി.എഫ് ഇതുവരെ സംഘടനാപരമായി കെട്ടുറപ്പില്‍ എത്തിയിട്ടില്ല. രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തിലാണ് കോണ്‍ഗ്രസ് ആടിയുലഞ്ഞത്. അതില്‍ മുതിര്‍ന്ന നേതാക്കള്‍ വിഭിന്ന ചേരിയിലായത് പാര്‍ട്ടിയെ ആശയക്കുഴപ്പത്തിലാക്കുകയായിരുന്നു. രാഹുല്‍ സജീവമായി വീണ്ടും മണ്ഡലത്തില്‍ എത്തിയതോടെ എതിര്‍ത്തിരുന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഒറ്റപ്പെട്ടെന്ന ആരോപണമുണ്ടായി. മാസങ്ങളായി നീളുന്ന പുന:സംഘടന പൂര്‍ത്തിയാകാത്തതിനു കാരണം കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫിന്റെ പിടിപ്പുകേടാണെന്ന ആരോപണം മറ്റൊരു വശത്തുണ്ട്്.
കര്‍ശന നിലപാടുകള്‍ കൈക്കൊള്ളുന്നതിനാല്‍ എപ്പോഴും വിമര്‍ശന വിധേയനാകുന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സമാന്തരമായാണ് രമേശ് ചെന്നിത്തലയുടെ ഇടപെടലുകള്‍. നിശ്ചിത ഇടവേളകളില്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചും ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളിലൂടെ ജനശ്രദ്ധ ആകര്‍ഷിച്ചുമാണ് ചെന്നിത്തല മുന്നേറുന്നത്. അധികാരം നേടിയാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് സംസ്ഥാനതല നേതാക്കള്‍ നിശ്ചയിച്ചുറപ്പിക്കുന്നത് വി.ഡി സതീശനെയും രമേശ് ചെന്നിത്തലയെയുമാണ്.
എന്നാല്‍, ഇതുസംബന്ധിച്ച് തര്‍ക്കമുണ്ടായാല്‍ ഹൈക്കമാന്‍ഡ് നോമിനിയായി കെ.സി വേണുഗോപാല്‍ കേരളത്തിലെത്തും. ഹൈക്കമാന്‍ഡ് തീരുമാനമെന്ന നിലയില്‍ കെ.സി വേണുഗോപാല്‍ മുഖ്യമന്ത്രിയായാല്‍ ആര്‍ക്കും എതിര്‍ക്കാനുമാകില്ല. സംസ്ഥാനത്തെ കോണ്‍ഗ്രസിലെ ഒരു വിഭാഗം യുവനേതാക്കളുടെ ശക്തമായ പിന്തുണ വേണുഗോപാലിനുണ്ട്. കേരളത്തിലേക്കുള്ള വരവിന്‍െ്റ ഭാഗമായി കെ.സി വേണുഗോപാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്നറിഞ്ഞാലേ ഇതു വ്യക്തമാകൂ.