പരാതിക്കാരന്‍ ഉണ്ണിയും പൃഥ്വിയും അടക്കം മിക്ക സിനിമക്കാരുടെയും സോഷ്യല്‍ മീഡിയ പ്രൊമോട്ടര്‍; തര്‍ക്ക കാരണം ഉണ്ണിക്കെതിരെ യുവതിയോട് നുണ പറഞ്ഞത്; ചോദിയ്ക്കാന്‍ ചെന്നപ്പോള്‍ കൂളിംഗ് ഗ്ലാസ് വച്ചത് വിഷയം വഷളാക്കി; എല്ലാറ്റിനും സാക്ഷിയായി സിസി ടിവി കാമറകള്‍; ഉറ്റ ചങ്ങാതിമാരായ ടൊവിനോയും ഉണ്ണി മുകുന്ദനും തര്‍ക്കമെന്ന് വരുത്തി തീര്‍ക്കാന്‍ ഉണ്ടായ അടിപിടി കേസിന്റെ കഥ
പരാതിക്കാരന്‍ ഉണ്ണിയും പൃഥ്വിയും അടക്കം മിക്ക സിനിമക്കാരുടെയും സോഷ്യല്‍ മീഡിയ പ്രൊമോട്ടര്‍
തിരുവനന്തപുരം: മലയാള സിനിമയില്‍ സമീപകാലത്തുണ്ടായ ഏറ്റവും വലിയ ഹിറ്റ്ചിത്രങ്ങളില്‍ ഒന്നാണ് ഉണ്ണി മുകുന്ദന്‍ നായകനായ മാര്‍ക്കോ. വയലിന്‍സിന്റെ അതിപ്രസരമുള്ള ചിത്രം ഉണ്ണിയുടെ സിനിമാ കരിയറിലെ വഴിത്തിരിവായ ചിത്രമായാണ് കണക്കാക്കുന്നത്. ഈ സിനിമയോടെ പാന്‍ ഇന്ത്യന്‍ ഇമേജുള്ള നടനായി ഉണ്ണി മാറിയിട്ടുണ്ട്. ഇതിനിടെയാണ് ഇപ്പോള്‍ ഉണ്ണിക്കെതിരെ മാനേജര്‍ എന്ന് അവകാശപ്പെട്ട് വിപിന്‍ കുമാര്‍ എന്നയാള്‍ പോലീസില്‍ പരാതിയുമായി രംഗത്തുവന്നത്. ഉണ്ണി തന്നെ ക്രൂരമായി മര്‍ദ്ദിച്ചു എന്ന ആരോപണമാണ് വിപിന്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്. ടൊവിനോ തോമസിന്റെ നരിവേട്ട സിനിമയെ പ്രമോട്ടു ചെയ്തു എന്നതിന്റെ കാരണം കൊണ്ടാണ് മര്‍ദ്ദിച്ചതെന്നാണ് ഇയാള്‍ പരാതിയില്‍ ചൂണ്ടിക്കാട്ടിയത്. ഈ സംഭവത്തിന്റെ മറുവശം തേടി മറുനാടന് ലഭിച്ചത് മറ്റ് വിവരങ്ങളാണ്.
ഉണ്ണി മുകുന്ദനെതിരെ വിപിന്‍ ഉയര്‍ത്തിയ വാദങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നാണ് നടനുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ മറുനാടനോട് വ്യക്തമാക്കിയത്. പരാതിക്കാരന്‍ ആരോപിക്കുന്നത് പോലെയല്ല കാര്യങ്ങളെന്നും അടിസ്ഥാന രഹിതമായ പരാതിയാണ് ഉണ്ണിക്കെതിരെ ഉയര്‍ന്നതെന്നുമാണ് ലഭ്യമാകുന്ന വിവരം. ഒന്നാമതായി പരാതിക്കാരന്‍ ആരോപിക്കുന്നതു പോലെ ഉണ്ണി മുകുന്ദന്റെ മാനേജറല്ല വിപിന്‍. മലയാളത്തിലെ നിരവധി സിനിമകളുടെ സോഷ്യല്‍ മീഡിയ പ്രമോട്ടറാണ് വിപിന്‍. ഉണ്ണിയെ കൂടാതെ പൃഥ്വിരാജ്, ടൊവിനോ തുടങ്ങിയ യുവതാരങ്ങളുടെയെല്ലാം സോഷ്യല്‍ മീഡിയ പ്രമോഷനാണ് ഇദ്ദേഹം ചെയ്യുന്നത്. ഉണ്ണിയുടെ മാര്‍ക്കോയിലെ അടക്കം പ്രമോഷന്‍ ചെയ്തിരുന്നതും വിപിനാണ്.
നരിവേട്ട സിനിമയുടെ പ്രമോഷന്റെ പേരിലാണ് തര്‍ക്കമുണ്ടായതെന്ന ആരോപണം അപ്പാടെ നിഷേധിക്കുകയാണ് ഉണ്ണിയുമായി അടുപ്പമുള്ളവര്‍. ടൊവിനോയും ഉണ്ണിയും തമ്മില്‍ അടുത്ത സുഹൃത്തുക്കളാണ്. ഈ വിഷയത്തില്‍ പരാതിയുമായി വിപിന്‍ പോലീസില്‍ സംസാരിച്ച ശേഷവും ഇരുവരും തമ്മില്‍ സംസാരിച്ചിട്ടുണ്ട്. അനാവശ്യമായി തന്റെ പേര് വലിച്ചിഴച്ചു എന്ന വികാരമാണ് ടൊവിനോയ്ക്ക് ഈ വിഷയത്തിലുള്ളത്. വിപിന്‍ ഇല്ലാത്തകഥ മെനയുകയാണ് ചെയ്യുന്നതെന്നാണ് ഉണ്ണിയുമായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കുന്നത്.
മാര്‍ക്കോ സിനിമയുടെ സോഷ്യല്‍ മീഡിയ പ്രമോഷനുമായി ബന്ധപ്പെട്ടാണ് ഇരുവര്‍ക്കുമിടയില്‍ തര്‍ക്കം ഉടലെടുത്തത്. വിപിനൊപ്പം മറ്റൊരു യുവതിയുമായിരുന്നു സിനിമയുടെ പ്രമോഷന്‍ ചെയ്തിരുന്നത്. ഇവര്‍ക്കിടയില്‍ ഇതുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങളും നിലനിന്നിരുന്നു. ഇതിനിടെ യുവതിയോട് ഉണ്ണിക്കതെിര വിപിന്‍ ചില മോശം പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഇതില്‍പ്രതികരിച്ച യുവതിയോട് മേശം പെരുമാറ്റം ഉണ്ടാകുകയും ചെയ്തു. ഇതേക്കുറിച്ച് ഉണ്ണി വിളിച്ചു ചോദിച്ചപ്പോള്‍ ആക്ഷേപങ്ങള്‍ വിപിന്‍ നിഷേധിക്കുകയാണ് ചെയ്തത്. ഇതിന് ശേഷം പലകേന്ദ്രങ്ങളിലും ഉണ്ണിക്കെതിരെ വിപിന്‍ പലതും പറഞ്ഞു നടന്നു.
ഇതിനിടെ ഉണ്ണിക്ക് പണി വരുന്നുണ്ടെന്ന വിധത്തില്‍ ഒരു ഫോണ്‍ സന്ദേശവും എത്തി. വിപിനാണ് ഇതിന് ഒരുങ്ങുന്നത് എന്നു ചോദിച്ചപ്പോള്‍ ഫോണില്‍ വിളിച്ചു ചോദിച്ചെങ്കിലും അദ്ദേഹം അത് നിഷേധിക്കുകയാണ് ഉണ്ടായത്. പിന്നീട് സംവിധായകന്‍ വിഷ്ണു ഉണ്ണിത്താനോടും ഉണ്ണിയെ കുറിച്ച് മോശം അഭിപ്രായം പറഞ്ഞതായി അറിഞ്ഞു. ഇങ്ങനെ ചില തര്‍ക്കങ്ങള്‍ നിലനില്‍ക്കവേയാണ് എറണാകുളത്ത് എത്തിയപ്പോള്‍ ഉണ്ണിയുടെ താമസ സ്ഥലമായ കാക്കനാട് ഡിഎല്‍എഫ് ന്യൂട്ടണ്‍ ഹൈറ്റ്‌സ് എന്ന ഫ്ളാറ്റിന്റെ ഒന്നാം നിലയിലുള്ള പാര്‍ക്കിങ് സ്ഥലത്തേക്ക് വിപിന് എത്തിയത്. തര്‍ക്ക വിഷയങ്ങളെ കുറിച്ചു സംസാരിക്കവേ വിപിന്‍ കൂളിംഗ് ഗ്ലാസ് ധരിച്ചിരുന്നു. ഇത് ഊരി സംസാരിക്കണമെന്ന് ഉണ്ണി ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ വഴങ്ങിയില്ല. ഇത് തര്‍ക്കങ്ങള്‍ വഷളാക്കുകയും ചെയ്തു.
ഈ സമയത്ത് ഫ്‌ലാറ്റിലെ മറ്റൊരു താമസക്കാരനായ വിഷ്ണു ഉണ്ണിത്താനും സ്ഥലത്തുണ്ടായിരുന്നു. അപ്പോഴത്തെ തര്‍ക്കം രൂക്ഷമായി ദേഷ്യത്തിന് വിപിന് ധരിച്ചിരുന്ന കൂളിംഗ് ഗ്ലാസ് ഉണ്ണി ഊരിയെടുത്തത്. ഇതിനിടെ ഗ്ലാസ് താഴെ വീണു പൊട്ടുകയും ചെയ്തുവെന്ന് ഉണ്ണിയുമായി അടുപ്പമുള്ളവര്‍ പറയുന്നു. ഈ കൂളിംഗ് ഗ്ലാസ് ടൊവിനോ ഗിഫ്റ്റ് നല്‍കിയതാണെന്ന് അറിഞ്ഞുകൊണ്ട് ഉണ്ണി പൊട്ടിച്ചു എന്ന ആരോപണത്തിന് അടിസ്ഥാനമില്ലെന്നുമാണ് വിശദീകരണം. വിപിനെ മര്‍ദ്ദിച്ചു എന്ന ആരോപണത്തിന് അടിസ്ഥാനം ഇല്ലാത്തതാണ്. ഉറ്റ ചങ്ങാതിമാരായ ടൊവിനോയും ഉണ്ണി മുകുന്ദനും തര്‍ക്കമെന്ന് വരുത്തി തീര്‍ക്കാനാണ് അടിപിടി കേസിന്റെ കഥയുമായി രംഗത്തുവന്നതെന്നും ഉണ്ണിയുമായി അടപ്പുള്ളവര്‍ വ്യക്തമാക്കി.
തര്‍ക്കം നടന്നു എന്നത് ശരിയാണ്. വിപിന്റെ വാദങ്ങള്‍ വസ്തുതയല്ലെന്ന് വ്യക്തമാക്കുന്ന സിസി ടി വി ദൃശ്യങ്ങള്‍ ലഭ്യമാണ്. കൂടാതെ സാക്ഷികളും ഉണ്ടെന്ന് ഉണ്ണി മുകുന്ദനുമായി ബന്ധമുള്ളവര്‍ വ്യക്തമാക്കി. നേരത്തെ ഉണ്ണി നായകനായ ഒരു സിനിമയില്‍ നായികയോട് മോശമായി പെരുമാറിയെന്ന് പരാതി വിപിനെതിരെ ഉയര്‍ന്നിരുന്നു. ഈ പരാതിയില്‍ ഇന്റേണല്‍ കംപ്ലെയിന്റ് കമ്മറ്റി അന്വേഷണം നടത്തി വരികയുമാണ്. ഇതിനിടെയാണ് വിപിന്‍ നടന്‍മാരായ ഉണ്ണിയെയും ടൊവിനോയെയും തമ്മില്‍ തെറ്റിക്കുന്ന വിധത്തില്‍ പരാതിയുമായി രംഗത്തുവന്നിരിക്കുന്നത്.
ആറുവര്‍ഷമായി ഉണ്ണി മുകുന്ദന്റെ മാനേജര്‍ ആയി പ്രവര്‍ത്തിക്കുന്ന തനിക്ക് മുന്‍കാലങ്ങളിലും താരത്തില്‍ നിന്ന് ദുരനുഭവം നേരിട്ടിട്ടുണ്ടെന്നു മാനേജരായ വിപിന്‍ കുമാര്‍ നല്‍കിയ പരാതിയില്‍ ആരോപിക്കുന്നത്. ഉണ്ണി മുകുന്ദന്റെ 'മാര്‍ക്കോ' എന്ന വിജയചിത്രത്തിനു ശേഷം വന്ന 'ഗെറ്റ് സെറ്റ് ബേബി' എന്ന ചിത്രം പരാജയമായത് താരത്തെ നിരാശയിലാക്കി. ആ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുമായും നായികയുമായും ഉണ്ണി മുകുന്ദന്‍ അസ്വാരസ്യത്തിലാണെന്ന് വിപിന്റെ പരാതിയില്‍ പറയുന്നു.
ശ്രീഗോകുലം മൂവീസുമായി ചേര്‍ന്ന് ഉണ്ണി മുകുന്ദന്‍ സംവിധാനം ചെയ്യാനിരുന്ന ഒരു ചിത്രത്തില്‍ നിന്ന് അവര്‍ പിന്മാറിയതും 'മാര്‍ക്കോ'യ്ക്കു ശേഷം നല്ല ചിത്രങ്ങളൊന്നും ലഭിക്കാത്തതും താരത്തെ വിഷമിപ്പിച്ചിരുന്നു. ഇതിന്റെ നിരാശയെല്ലാം കൂടെയുള്ള തൊഴിലാളികളോടാണ് താരം തീര്‍ക്കുന്നതെന്നും മുന്‍പ് ഒപ്പമുണ്ടായിരുന്നവരെല്ലാം താരത്തിന്റെ മോശം സ്വഭാവം കാരണം രാജിവച്ചു പോയതാണെന്നും വിപിന്‍ ആരോപിക്കുന്നത്. ഉണ്ണി മുകുന്ദന്‍ സ്വാധീനവും കയ്യൂക്കുമുള്ള പ്രമുഖ സിനിമാതാരമായതുകൊണ്ട് പൊലീസ് തന്റെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കണം എന്ന് ആവശ്യപ്പെട്ടാണ് വിപിന്‍ കുമാര്‍ തന്റെ പരാതി അവസാനിപ്പിച്ചിരിക്കുന്നത്. എന്നാല്‍, ഈ ആരോപണം തള്ളുകയാണ് ഉണ്ണിയുമായി അടുപ്പമുള്ളവര്‍.