14 വര്‍ഷം മുന്‍പ് വഴി കെട്ടിയടച്ച അയല്‍വാസിയുടെ പക്കല്‍ നിന്നും 5 സെന്റ് സ്ഥലം വാങ്ങി; ഭിന്നശേഷിക്കാരനായ മകനെ ഇപ്പോള്‍ ആശുപത്രിയില്‍ കൊണ്ടു പോകാന്‍ മതില്‍ ചാടിക്കടക്കണം; വണ്ടാനത്തെ കാട്ടുങ്ങല്‍ വീട്ടില്‍ താമസിക്കുന്നവര്‍ക്ക് പറയാനുള്ളത് സമാനതകളില്ലാത്ത ദുരിതം; ഈ കണ്ണില്‍ ചോരയില്ലായ്മയും സാംസ്‌കാരിക കേരളത്തില്‍
ആലപ്പുഴ: അയല്‍ വാസി വഴി കെട്ടി അടച്ചതോടെ മതില്‍ ചാടി പുറത്തിറങ്ങേണ്ട ഗതികേടിലാണ് വണ്ടാനം കാട്ടുങ്ങല്‍ വീട്ടില്‍ പി.ജെ ജയയും(61)ഭിന്നശേഷിക്കാരനായ മകന്‍ മുരുകേശും(40). മൂന്ന് മാസം മുന്‍പാണ് അയല്‍വാസി വഴി കെട്ടി അടച്ചത്. ഇതോടെ മതിലില്‍ ഏണി ചാരിവച്ച് കയറിയാണ് പുറത്തേക്ക് പോകുന്നത്. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് വാര്‍ഡ് 18 ലെ സ്ഥിരം താമസക്കാരിയാണ് ജയയും മകന്‍ മുരുകേശും.
14 വര്‍ഷം മുന്‍പ് ഇപ്പോള്‍ വഴി കെട്ടിയടച്ച അയല്‍വാസിയുടെ പക്കല്‍ നിന്നും 5 സെന്റ് സ്ഥലം വാങ്ങി. ഭിന്നശേഷിക്കാരനായ മകന്റെ ചികിത്സയ്ക്കായി വണ്ടാനം മെഡിക്കല്‍ കോളേജില്‍ പോകുന്നതിനായുള്ള സൗകര്യത്തിനായിട്ടാണ് സ്ഥലം വാങ്ങിയത്. സ്ഥലം കൊടുത്തയാളുടെ പറമ്പില്‍ കൂടിയായിരുന്നു വഴി നടന്നിരുന്നതും. അന്ന് ജയ വാങ്ങിയ സ്ഥലത്തിന് ചുറ്റും മതിലുകളോ വേലിയോ ഇല്ലായിരുന്നു. എന്നാല്‍ പിന്നീട് ചുറ്റും മതിലുകള്‍ കെട്ടുകയും അടുത്തിടെ അയല്‍ വാസിയും വഴി അടയ്ക്കുകയും ചെയ്തു. ഇതോടെയാണ് ജയ ദുരിതത്തിലായത്.
ഭിന്നശേഷിക്കാരനായ മകന്‍ മുരുകേശിനെ വണ്ടാനം മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളാണ് ആശുപത്രിയിലേക്ക് കൊണ്ടു പോകാന്‍ സഹായത്തിന് എത്തുന്നത്. മതിലിന് മുകളില്‍ കൂടി ഏറെ പാടുപെട്ടാണ് ആംബുലന്‍സില്‍ കയറ്റി കൊണ്ടു പോകുന്നത്. മകന്റെ അസുഖം മൂലം വീട്ടില്‍ നിന്നും മാറി നില്‍ക്കാന്‍ കഴിയാത്തതിനാല്‍ ജോലിക്ക് പോകാനും ജയക്ക് കഴിയില്ല. മെഡിക്കല്‍ കോളേജില്‍ നിന്നും ലഭിക്കുന്ന സൗജന്യ ഭക്ഷണമാണ് ഇരുവരുടെയും ജീവന്‍ നിലനിര്‍ത്തുന്നത്. കൂടാതെ ചില അയല്‍വാസികളുടെയും സന്നദ്ധ സംഘനകളുടെയും സഹായവും ലഭിക്കുന്നുണ്ട്.
നലവില്‍ ജയയും മകനും താമസിക്കുന്ന വീട് ആവാസ യോഗ്യമല്ല. മൂന്ന് ചുവരുകള്‍ മാത്രം കട്ട കെട്ടി മുകളില്‍ ഷീറ്റ് ഇട്ടിരിക്കുകയാണ്. ഇതിന്റെ ഒരു ഭാഗം കനത്ത മഴയില്‍ തകര്‍ന്നു പോയി. മഴ പെയ്ത് കഴിഞ്ഞാല്‍ വീടിനുള്ളില്‍ ചോര്‍ച്ചയാണ്. ജയയുടെ ദുരവസ്ഥ അറിഞ്ഞ് പഞ്ചായത്തധികൃതര്‍ അയല്‍വാസിയുമായി ചര്‍ച്ച നടത്തിയെങ്കിലും അനുകൂല നടപടി ഉണ്ടായില്ല. നടക്കാനുള്ള വഴിയെങ്കിലും തുറന്ന് തന്നാല്‍ വലിയ സഹായമാകുമെന്നാണ് ജയ പറയുന്നത്.