ഫോണുകളില്‍ നിന്നും അതിജീവിതയുടെ നമ്പറുകള്‍ ഡിലീറ്റ് ചെയ്യാന്‍ നിര്‍ദേശം; ഡിലീറ്റ് ചെയ്ത ശേഷം സത്യവാങ്മൂലം നല്‍കണം; രണ്ടാം ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കില്ല; അന്വേഷണ സംഘത്തിന്റെ ഹര്‍ജി തള്ളി കോടതി
ഫോണുകളില്‍ നിന്നും അതിജീവിതയുടെ നമ്പറുകള്‍ ഡിലീറ്റ് ചെയ്യാന്‍ നിര്‍ദേശം
തിരുവനന്തപുരം: രണ്ടാം ബലാത്സംഗക്കേസില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കില്ല. അന്വേഷണ സംഘത്തിന്റെ ഹര്‍ജി കോടതി തള്ളി. മുന്‍കൂര്‍ ജാമ്യം നിലനില്‍ക്കുമെന്ന് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വ്യക്തമാക്കി. ഫോണുകളില്‍ നിന്ന് അതിജീവിതയുടെ നമ്പറുകള്‍ ഡിലീറ്റ് ചെയ്യണമെന്ന് രാഹുല്‍ മാങ്കൂട്ടത്തിലിന് കോടതി നിര്‍ദേശം നല്‍കി.
അതിജീവിതയുമായി ബന്ധപ്പെട്ട എല്ലാ നമ്പറുകളും ഡിലീറ്റ് ചെയ്യണം. ഡിലീറ്റ് ചെയ്ത ശേഷം സത്യവാങ്മൂലം നല്‍കണമെന്നും കോടതി അറിയിച്ചു. നേരത്തെ രാഹുല്‍ മാങ്കൂട്ടത്തില്‍ ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചുവെന്ന് പരാതിക്കാരി കോടതിയില്‍ പരാതി നല്‍കിയിരുന്നു. രാഹുല്‍ വിളിച്ചപ്പോള്‍ താന്‍ ഫോണ്‍ എടുത്തില്ലെന്നും വാട്‌സ്ആപ്പ് കോള്‍ തനിക്ക് ബുദ്ധിമുട്ടായി എന്നും ഈ യുവതി പരാതിയില്‍ പറയുന്നു. ഇത് ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്നും പരാതിയില്‍ പ്രോസിക്യൂഷന്‍ അറിയിച്ചിരുന്നു.
നേരത്തെ രണ്ടാം ബലാത്സംഗ കേസില്‍ ഗുരുതര ആരോപണമാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്നത്. ഐ വാന്‍ഡ് ടു റേപ്പ് യു എന്ന് രാഹുല്‍ പറഞ്ഞുകൊണ്ടിരുന്നു രണ്ടാം ബലാത്സംഗ കേസില്‍ ഇര മൊഴി നല്‍കിയത്. വിവാഹവാഗ്ദാനം നല്‍കിയാണ് ബന്ധം സ്ഥാപിച്ചത്. സംസാരിക്കാന്‍ എന്ന് പറഞ്ഞ് ഹോംസ്റ്റേ മുറിയിലേക്ക് കൊണ്ട് പോകുകയും, അതിക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും അതിജീവിത മൊഴി നല്‍കി.
'ശരീരമാകെ മുറിവേല്‍പ്പിച്ചു കൊണ്ടുള്ള ലൈംഗിക അതിക്രമമാണ് നടത്തിയത്. ലൈംഗിക പീഡനത്തിന് ഇരയാക്കുന്ന സമയത്ത് പാനിക് അറ്റാക്കും ശ്വാസം മുട്ടലും അനുഭവപ്പെട്ടു. എന്നിട്ടും ലൈംഗികാതിക്രമം തുടര്‍ന്നു എന്നും അതീജീവിത നല്‍കിയ മൊഴിയില്‍ പറയുന്നു. നമുക്ക് ഒരു കുഞ്ഞു വേണം എന്ന വിചിത്ര ആവശ്യവും രാഹുല്‍ ഉന്നയിച്ചിട്ടുണ്ട്.
'ലൈംഗിക അതിക്രമത്തിന് ശേഷം വിവാഹം ചെയ്യാന്‍ ആകില്ലെന്ന് രാഹുല്‍ അറിയിച്ചു. വീണ്ടും ബന്ധം പുനഃസ്ഥാപിക്കാന്‍ ആയി രാഹുല്‍ പിന്നാലെ നടന്നിരുന്നു. ഫോണ്‍ എടുത്തില്ലെങ്കില്‍ അസഭ്യം വിളിക്കുമായിരുന്നു എന്നും, വീടിന്റെ പരിസരത്തേക്ക് കാറുമായി വന്ന് കൂടെ പോരാന്‍ പലവട്ടം ആവശ്യപ്പെട്ടുവെന്നും അതിജീവിതയുടെ മൊഴിയില്‍ പറയുന്നുണ്ട്.
