സ്ത്രീപ്രവേശന കാലത്ത് ഇരട്ട നേട്ടമുണ്ടാക്കിയ മുരാരി; മണിച്ചേട്ടനിലൂടെ പെരുന്നയില്‍ ഭാര്യയ്ക്ക് ജോലി ഉറപ്പിച്ചതിനൊപ്പം ചരടു വലികളിലൂടെ ബോര്‍ഡിലെ പ്രധാനിയായി; അന്ന് സന്നിധാനത്തെ സര്‍വ്വാധികാരി സുധീഷ് കുമാര്‍; ഓടി നടന്ന് നവോത്ഥാനം ഉറപ്പാക്കിയ വാസു കമ്മീഷണറും; അചാര ലംഘനത്തിന് കൂട്ടു നിന്ന 'ത്രിമൂര്‍ത്തികള്‍' ഇന്ന് അകത്ത്
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ എന്‍ വാസുവിന്റേത് സുപ്രധാന അറസ്റ്റ്. നാലു പേരാണ് അറസ്റ്റിലാകുന്നത്. ഇതില്‍ മൂന്ന് പേരും സ്ത്രീ പ്രവേശന വിധിക്കാലത്ത് ശബരിമലയെ നിയന്ത്രിച്ചവരാണ്. ശബരിമല എക്സിക്യൂട്ടീവ് ഓഫീസറായിരുന്നു സുധീഷ് കുമാര്‍. അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്നു മുരാരി ബാബു. ദേവസ്വം കമ്മീഷണറായിരുന്നു വാസു. മൂന്നു പേരും ശബരിമലയിലെ സ്ത്രീ പ്രവേശന ഗൂഡാലോചന നേരിട്ട് മനസ്സിലാക്കിയ വ്യക്തികള്‍. മൂവരും ഇതിന്റെ പേരില്‍ നേട്ടവുമുണ്ടാക്കി. വാസുവിന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റാകാന്‍ സാധിച്ചത് നവോത്ഥാനമെന്ന ലേബലില്‍ സ്ത്രീ പ്രവേശനകാലത്ത് നടത്തിയ നീക്കമാണ്. ഇതേ വാസുവിന് പ്രസിഡന്റായപ്പോള്‍ ഒന്നും ചെയ്യാനായിരുന്നില്ല. കോവിഡു കാരണം ആ രണ്ടു വര്‍ഷവും ഭക്തര്‍ മലകയറുന്നതില്‍ നിയന്ത്രണമുണ്ടായിരുന്നു. അവസാന കാലത്ത് കോവിഡും വന്നു. അതു കാരണം കാലാവധി നീട്ടിയെടുക്കാനും കഴിഞ്ഞില്ല. ഇപ്പോള്‍ ശബരിമലയില്‍ ആചാര വിരുദ്ധതയെന്ന് കുറ്റത്തിനൊപ്പം നിന്ന വാസു അഴിക്കുള്ളിലായി. അന്ന് വാസുവിന്റെ വലം കൈയ്യായിരുന്നു സുധീഷ് കുമാര്‍. ശബരിമലയിലെ അഴിമതി കേസുകളില്‍ പെട്ട സുധീഷിനെ എല്ലാ അര്‍ത്ഥത്തിലും വാസു സംരക്ഷിച്ചു. ശബരിമലയിലെ സ്ത്രീ പ്രവേശന കാലത്തെ പിന്തുണയ്ക്ക് പ്രത്യുപകാരമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരിക്കെ തന്റെ പിഎയായും സുധീഷിനെ വാസു നിയമിച്ചു. ഈ വാസുവിന്റെ അറസ്റ്റോടെ ശബരിമല സ്വര്‍ണ്ണ കൊള്ളയില്‍ അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക് കടക്കുകയാണ്. ശബരിമല സ്ത്രീ പ്രവേശന കാലത്ത് ഭക്തരുടെ വികാരങ്ങള്‍ കളങ്കപ്പെടുത്തിയ പലരും ഇനിയും അഴിക്കുള്ളിലാകും.
സ്ത്രീ പ്രവേശനത്തില്‍ ഇരട്ട നേട്ടമുണ്ടാക്കിയത് മുരാരി ബാബുവാണ്. ഒരേ സമയം സംവിധാനത്തിന്റേയും നവോത്ഥാന വിരുദ്ധ ചേരിയുടേയും ആളായി. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഭാസ്‌കരന്‍ നായരുടെ പിന്തുണയിലാണ് പെരുന്നക്കാരന്‍ ദേവസ്വം ബോര്‍ഡിലെത്തിയത്. എന്‍ എസ് എസ് പ്രസിഡന്റായിരുന്ന മുന്‍ മന്ത്രിയാണ് ഭാസ്‌കരന്‍ നായര്‍. ശബരിമല സ്ത്രീപ്രവേശന കാലത്താണ് എന്‍ എസ് എസുമായി വീണ്ടും മുരാരി ബാബു അടുത്തത്. എന്‍ എസ് എസ് സ്ത്രീ പ്രവേശനത്തെ എതിര്‍ത്തു. തുടക്കത്തില്‍ രണ്ടു സ്ത്രീകള്‍ സുപ്രീംകോടതി വിധിയുമായി മല ചവിട്ടാന്‍ എത്തി. എന്നാല്‍ ഇത് നടന്നില്ല. ഈ സമതം തന്ത്രി എടുത്ത നിലപാട് നിര്‍ണ്ണായകമായി. ഇതിന് കാരണം താനാണെന്ന് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെ ധരിപ്പിച്ചു. തന്ത്രിയും എന്‍ എസ് എസും തമ്മിലെ കണ്ണിയായും പ്രവര്‍ത്തിച്ചു. ഇതിനൊപ്പം സ്ത്രീകളെ എത്തിക്കാന്‍ നിന്നവര്‍ക്കൊപ്പവും നിലയുറപ്പിച്ചു. അങ്ങനെ രണ്ടു വള്ളത്തില്‍ ചവിട്ടി. പിന്നീട് സിപിഎം അനുകൂല സംഘടനയുടെ ഭാഗമായി. ഇതോടെ വീണ്ടും ശബരിമലയില്‍ എക്സിക്യൂട്ടീവ് ഓഫീസറായി. 2018ലെ സ്വര്‍ണ്ണ കൊള്ള വീണ്ടും അവതരിപ്പിക്കാനും നോക്കി. സ്ത്രീ പ്രവേശന വിവാദം ആളി തണുത്തപ്പോള്‍ തന്റെ ഭാര്യയ്ക്ക് എന്‍ എസ് എസ് ആസ്ഥാനത്ത് ജോലിയും സംഘടിപ്പിച്ചു. ഇരട്ട വരുമാനം കിട്ടിയതോടെ തേക്ക് കൊട്ടാരമായി വീടും മാറി. ഇതിനൊപ്പം പെരുന്ന കരയോഗത്തിന്റെ വൈസ് പ്രസിഡന്റുമായി. എന്‍ എസ് എസ് പിന്തുണയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പദത്തിലേക്ക് പോവുമ്പോഴാണ് സ്വര്‍ണ്ണ കൊള്ളയിലെ അറസ്റ്റ്. ഇത് ചെയ്ത പാപങ്ങള്‍ക്കുള്ള അയ്യപ്പ ശിക്ഷയായി പെരുന്നക്കാര്‍ കരുത്തുന്നുണ്ട്. എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെ അടുപ്പക്കാര്‍ മണിച്ചേട്ടന്‍ എന്നാണ് വിളിക്കുന്നത്. സുകുമാരന്‍ നായരെ തന്ത്രപരമായി പാട്ടിലാക്കി സര്‍ക്കാരിലും ബോര്‍ഡിലും സ്വാധീനം കൂട്ടുകയായിരുന്നു മുരാരി ബാബു.
ശബരിമലയിലെ പരമാധികാരി എക്സിക്യൂട്ടീവ് ഓഫീസറാണ്. സ്ത്രീ പ്രവേശനം സുഗമാക്കാനുള്ള എല്ലാ നീക്കങ്ങളിലും എക്സിക്യൂട്ടീവ് ഓഫീസര്‍ പങ്കാളിയായിരുന്നു. ഇതെല്ലാം അന്നത്തെ ബോര്‍ഡ് പ്രസിഡന്റായിരുന്ന എ പദ്മകുമാര്‍ അറിഞ്ഞോ അറിഞ്ഞില്ലേ എന്നത് ആര്‍ക്കും ഉറപ്പില്ലാ കാര്യമാണ്. അത്രയും കരുത്തനായിരുന്നു അന്ന് വാസു. എല്ലാം നിയന്ത്രിച്ചതും വാസുവായിരുന്നു. ഈ വാസുവാണ് ഇപ്പോള്‍ തലകുനിച്ച് അറസ്റ്റിലായത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അടുപ്പക്കാരന്‍ എന്ന നിലയിലായിരുന്നു വാസു ശബരിമലയില്‍ കത്തി കയറിയത്. സിപിഎം നേതാവായിരുന്ന വാസു കൊല്ലം കുളക്കട പഞ്ചായത്ത് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2006-11 കാലത്ത് വി.എസ് സര്‍ക്കാരില്‍ പി.കെ. ഗുരുദാസന്‍ മന്ത്രിയായിരുന്ന സമയത്ത് അദ്ദേഹത്തിന്റെ പിഎ ആയിരുന്നു. വിജിലന്‍സ് ട്രൈബ്യൂണല്‍ അംഗമായും വാസു പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയില്‍ അഭിഭാഷകനാണ്. രണ്ടുതവണ ദേവസ്വം കമ്മിഷണറായി തിരുവിതാം ദേവസ്വം ബോര്‍ഡില്‍ പ്രവര്‍ത്തിച്ചു. തുടര്‍ന്ന് 2019-ല്‍ ദേവസ്വം പ്രസിഡന്റ് സ്ഥാനത്തെത്തി. ദേവസ്വം കമ്മിഷണറായിരുന്ന ഒരാള്‍ ദേവസ്വം പ്രസിഡന്റ് സ്ഥാനത്തേക്കെത്തുന്നത് തന്നെ ആദ്യമായിട്ടാണ്.
പാര്‍ട്ടി നേതൃത്വത്തിന്റെ വിശ്വസ്തനായ ആളുകൂടിയായിരുന്നു എന്‍. വാസു. ബോര്‍ഡില്‍ ഉണ്ടായിരുന്നപ്പോഴും ഇല്ലാതിരുന്നപ്പോഴും എന്‍. വാസു ശബരിമലയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിര്‍ണായക ഇടപെടല്‍ നടത്താന്‍ കഴിയുന്ന ആളുമായിരുന്നു. ശബരിമലയില്‍ സ്വര്‍ണക്കൊള്ള നടന്നതായി ഇപ്പോള്‍ അന്വേഷണ സംഘം കണ്ടെത്തിയ 2019 ല്‍ തന്നെയാണ് എന്‍.വാസുവിന് ദേവസ്വം കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് ദേവസ്വം പ്രസിഡന്റ് സ്ഥാനത്തേക്ക് 'പ്രമോഷന്‍' ലഭിക്കുന്നതും. സ്വര്‍ണക്കൊള്ളക്കേസില്‍ അഞ്ചാംപ്രതിയായ അന്നത്തെ എക്‌സിക്യുട്ടീവ് ഓഫീസര്‍ ഡി. സുധീഷ് കുമാറും ആറാം പ്രതിയായ അന്നത്തെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവും അറസ്റ്റിലായി റിമാന്‍ഡിലാണ്. ഇവരുടെ മൊഴിയാണ് വാസുവിന്റെ അറസ്റ്റിലേക്ക് കാര്യങ്ങള്‍ എത്തിച്ചിരിക്കുന്നത്. മൂന്നാം പ്രതിയായ എന്‍. വാസുവിനെ നേരത്തെ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് എസ്ഐടി അറസ്റ്റിലേക്ക് കടന്നിരിക്കുന്നത്. കട്ടിളപ്പാളിയിലെ സ്വര്‍ണപ്പാളികള്‍ ചെമ്പാണെന്ന് എഴുതാന്‍ കമ്മിഷണറായിരുന്ന വാസു 2019 മാര്‍ച്ച് 19-ന് നിര്‍ദേശം നല്‍കിയെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റിലേക്ക് വഴിവെച്ചത്.
സ്വര്‍ണം പൂശിയതിന്റെ ബാക്കി സ്വര്‍ണം ഉപയോഗിച്ച് നിര്‍ധനയായ പെണ്‍കുട്ടിയുടെ വിവാഹം നടത്തുന്നതിന് അഭിപ്രായം ചോദിച്ച് ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് 2019 ഡിസംബര്‍ ഒന്‍പതിന് ഇ-മെയില്‍ അയച്ചിരുന്നു. അന്നത്തെ പ്രസിഡന്റ് എം. പദ്മകുമാര്‍ ആണെന്നായിരുന്നു പലരും വിചാരിച്ചിരുന്നത്. എന്നാല്‍, അങ്ങനെ ആയിരുന്നില്ല. അന്നത്തെ പ്രസിഡന്റ് എന്‍. വാസുവായിരുന്നു. ഇത് വെളിപ്പെട്ടതോടെ മാധ്യമങ്ങള്‍ അദ്ദേഹത്തില്‍ നിന്ന് അഭിപ്രായം തേടുകയും ചെയ്തിരുന്നു. എന്നാല്‍ പാളികള്‍ അഴിച്ചുകൊണ്ടുപോകുമ്പോള്‍ താന്‍ കമ്മിഷണറോ പ്രസിഡന്റോ ആയിരുന്നില്ലെന്നും ഇതിലൊന്നും ഒരു പങ്കും ഇല്ലെന്നായിരുന്നു എന്‍. വാസു പ്രതികരിച്ചത്. എന്നാല്‍ അത് തെറ്റാണെന്നും താനാണ് അന്നത്തെ പ്രസിഡന്റ് എന്നത് മനസ്സിലാക്കിയതും പിറ്റേന്ന് രേഖകളുമായി വാസു മാധ്യമങ്ങള്‍ക്ക് മുമ്പിലെത്തി.
2019-ല്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്നപ്പോള്‍ കിട്ടിയ മെയിലിന്റെ കോപ്പിയായിരുന്നു അത്. ഉണ്ണികൃഷ്ണന്‍ പോറ്റി മെയിലയച്ചെങ്കിലും പോറ്റിയും സംഘവും സംഘടിപ്പിച്ച സ്വര്‍ണം ബാക്കിവന്നതിന് ദേവസ്വം ബോര്‍ഡിന് ഉത്തരവാദിത്വമില്ലെന്ന് പറഞ്ഞ് വാസു കൈകഴുകി. ആ പ്രയോഗമായിരുന്നു പിന്നീട് കേസില്‍ വാസുവിന് കുരുക്കായത്. അന്ന് എന്‍. വാസു പറഞ്ഞത്; 'സ്വര്‍ണക്കൊള്ളയില്‍ ഒരു ബന്ധവുമില്ല. സ്വര്‍ണം മിച്ചമുണ്ടെന്നറിയിച്ച് ഉണ്ണികൃഷ്ണന്‍ പോറ്റി അയച്ച മെയില്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുക മാത്രമാണ് ചെയ്തത്- എന്നായിരുന്നു വാസു കഴിഞ്ഞ മാസം മാതൃഭൂമി ന്യൂസിനോട് പറഞ്ഞത്. ഉണ്ണികൃഷ്ണന്‍ പോറ്റി സ്വന്തം സ്വര്‍ണം എടുത്ത് ദ്വാരപാലശില്പം ചെയ്യുന്നുവെന്നായിരുന്നു കരാര്‍ എന്നും സ്വര്‍ണം പൂശിയ ശേഷം ബാക്കി വന്ന സ്വര്‍ണം അത് ഉണ്ണികൃഷ്ണന്‍ പോറ്റിയുടേതാണ്'- എന്നായിരുന്നു. ശബരിമലയുടെ പേരില്‍ പിരിവുനടത്തി ഉണ്ടാക്കിയ സ്വര്‍ണത്തെപ്പറ്റി നിസ്സാരമായി വാസു സംസാരിച്ചത് ഗൂഢാലോചനയില്‍ അദ്ദേഹത്തിന്റെ സ്ഥാനം അത്ര ചെറുതല്ല എന്ന നിഗമനത്തിലേക്കാണ് അന്വേഷണസംഘത്തെ കൊണ്ടെത്തിച്ചത്.
