ചാലക്കയത്തെ ടോള്‍ ബൂത്തിനെ എടുത്ത് ദൂരെ എറിഞ്ഞ ശബരിമലയിലെ ആദ്യ സമര പോരാളി; സ്‌കൂളിലും മാര്‍ ഇവാനിയോസിലും എസ് എഫ് ഐക്കാരന്‍; പ്രീഡിഗ്രി കഴിഞ്ഞതും ആര്‍ എസ് എസ്; മുരളീധനുമായുള്ള അടുപ്പത്തില്‍ സുരേന്ദ്രന്റെ പിന്‍ഗാമിയായി യുവമോര്‍ച്ചയുടെ സംസ്ഥാന അധ്യക്ഷനുമാക്കി; തിരുവനന്തപുരത്തെ നഗരപിതാവിന് തൊട്ടടുത്ത് വിവി രാജേഷ്

Update: 2025-12-25 11:16 GMT

തിരുവനന്തപുരം: മേയര്‍ തിരഞ്ഞെടുപ്പ് മാത്രമാണ് ഇനി രാജേഷിന് മുന്നിലുള്ള ഏക കടമ്പ. സത്യപ്രതിജ്ഞയിലെ 'ദൈവനാമ വിവാദം' അതിജീവിച്ചാല്‍ രാജേഷ് മേയറാകും. അങ്ങനെ വിവിയെന്ന രാജേഷ് ഡബിള്‍ വിക്ടറി നേടുകയാണ്. നെടുമങ്ങാട് സ്വദേശിയാണ് വി വി രാജേഷ്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ എസ് എഫ് ഐക്കാരനായിരുന്നു രാജേഷ്. മാര്‍ ഇവാനിയോസ് കോളേജിലും അങ്ങനെയായിരുന്നു. പിന്നീട് പെട്ടെന്ന് ആര്‍ എസ് എസുമായി അടുത്തു. ശാഖയില്‍ സ്ഥിരമായി. അങ്ങനെ എബിവിപിക്കാരനായി. അതിന് ശേഷം ആര്‍ എസ് എസ് വഴിയിലായിരുന്നു യാത്ര. എബിവിപിയുടെ മുഴുവന്‍ സമയ പ്രവര്‍ത്തകനായി. യുവമോര്‍ച്ചയിലും വന്നു. ഇതോടെ കെ സുരേന്ദ്രന്റെ വിശ്വസ്തനായി. വി മുരളീധരനുമായി നേരത്തെ തന്നെ രാജേഷിന് ബന്ധമുണ്ട്. എബിവിപിയുടെ നേതൃ ചുമതലയില്‍ ദേശീയ ജനറല്‍ സെക്രട്ടറിയായി വി മുരളീധരന്‍ നിറഞ്ഞു നിന്നപ്പോള്‍ കേരളത്തിലെ പ്രധാന അനുയായി ആയിരുന്നു രാജേഷ്. ഈ കരുത്തിലാണ് കെ സുരേന്ദ്രന് ശേഷം യുവമോര്‍ച്ചയുടെ സംസ്ഥാന അധ്യക്ഷനായി രാജേഷ് എത്തുന്നത്.

ശബരിമലയില്‍ പ്രതിഷേധങ്ങളും സമരങ്ങളുമൊന്നും അതിന് മുമ്പ് ഭക്തര്‍ക്കായി നടന്നിരുന്നില്ല. ചാലക്കയത്തെ ടോള്‍ കൊള്ള യുവമോര്‍ച്ച ഏറ്റെടുത്തു. ചാലക്കയം ടോളിലൂടെ കടന്നു പോകുന്ന എല്ലാ വാഹനങ്ങളില്‍ നിന്നും പാര്‍ക്കിംഗ് ഫീസ് പിരിക്കുന്നതായിരുന്നു രീതി. ആളുകളെ ഇറക്കി മടങ്ങുന്ന പാര്‍ക്ക് ചെയ്യാത്ത വാഹനങ്ങള്‍ക്കും പണം കൊടുക്കേണ്ട അവസ്ഥ. യുവമോര്‍ച്ച ഇതിനെതിരെ സമരം നടത്തി ആഴ്ചകള്‍ നീണ്ട സമരം. ഒടുവില്‍ ഹൈക്കോടിയില്‍ വരെ എത്തി ആ വിഷയം. എല്ലാ അര്‍ത്ഥത്തിലും വിജയം യുവമോര്‍ച്ചയ്ക്കായിരുന്നു. അങ്ങനെ ചാലക്കയത്തെ ടോള്‍ അപ്രത്യക്ഷമായി. പിന്നീട് പാര്‍ക്ക് ചെയ്യുന്നവര്‍ക്ക് മാത്രമായി ശബരിമലയിലെ പാര്‍ക്കിംഗ് ഫീസ് മാറി. അതിന് കാരണക്കാരന്‍ രാജേഷായിരുന്നു. നെടുമങ്ങാട് എബിവിപിയുടെ താലൂക്ക് പ്രസിഡന്റായാണ് രാജേഷ് പരിവാര്‍ നേതൃത്വത്തിലേക്ക് എത്തുന്നത്. പിന്നീട് സംഘത്തിന്റെ അതിവിശ്വസ്തനായി ബിജെപിയുടെ സംസ്ഥാന നേതൃ മുഖമായി. ഇപ്പോള്‍ പരിവാര്‍ കരുത്തില്‍ മേയര്‍ പദവിയിലേക്കും.

വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായിരുന്നു രണ്ടു തവണ. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തും എത്തി. നെടുമങ്ങാട് മത്സരിച്ച് വലിയ തോതില്‍ വോട്ടുയര്‍ത്തി. പൂജപ്പുര വാര്‍ഡില്‍ കൗണ്‍സിലറായി ആദ്യ തെരഞ്ഞെടുപ്പ് വിജയം. കഴിഞ്ഞ തവണ തിരുവനന്തപുരത്ത് മേയര്‍ സ്ഥാനം വനിതാ സംവരണമായിരുന്നു. എന്നിട്ടും ബിജെപി ജില്ലാ പ്രസിഡന്റായിരുന്ന രാജേഷ് മത്സരിച്ചു. പക്ഷേ ഭൂരിപക്ഷം കിട്ടിയില്ല. ഇത്തവണ പൂജപ്പുര വാര്‍ഡ് വനിതാ സംവരണമായി. അപ്പോള്‍ കൊടുങ്ങാനൂരിലേക്ക് മാറി. അവിടേയും മികച്ച വിജയം നേടി. ആര്‍ എസ് എസാണ് സുരക്ഷിത മണ്ഡലമായ കൊടുങ്ങാനൂരിലേക്ക് രാജേഷിനെ നിയോഗിച്ചത്. അതില്‍ തന്നെ രാജേഷാകണം മേയറെന്ന സന്ദേശം ഒളിച്ചിരുന്നിരുന്നു.

ചരിത്രത്തില്‍ ആദ്യമായി തിരുവനന്തപുരം കോര്‍പറേഷന്‍ ഭരണത്തിലേക്കു ബിജെപി എത്തുമ്പോള്‍ നയിക്കാനുള്ള നിയോഗം മുതിര്‍ന്ന നേതാവ് വി.വി.രാജേഷിന് കിട്ടുന്നതും ആര്‍ എസ് എസ് ഇടപെടലില്‍ തന്നെയാണ്. മുന്‍ ഡിജിപി ആര്‍.ശ്രീലേഖയുടെ പേരും പരിഗണിക്കപ്പെട്ടെങ്കിലും രാഷ്ട്രീയരംഗത്തെ പതിറ്റാണ്ടുകളുടെ പരിചയമാണ് രാജേഷിന് നറുക്കു വീഴാന്‍ കാരണമായത്. ഭൂരിഭാഗം കൗണ്‍സിലര്‍മാരുടെയും പിന്തുണ രാജേഷിനായിരുന്നു. കരുമം മണ്ഡലത്തില്‍നിന്നു വിജയിച്ച ആശാനാഥ് ഡപ്യൂട്ടി ചെയര്‍മാനാകും. ബിജെപി എ ക്ലാസ് മണ്ഡലങ്ങളായി കരുതുന്ന വട്ടിയൂര്‍ക്കാവ് നിയോജകമണ്ഡലത്തില്‍നിന്ന് മേയറെയും നേമം മണ്ഡലത്തില്‍നിന്ന് ഡപ്യൂട്ടി മേയറെയുമാണ് നിയോഗിച്ചിരിക്കുന്നത്.

മറ്റു മുന്നണികളില്‍നിന്ന് കരുത്തരായ നേതാക്കള്‍ കൗണ്‍സിലിലേക്കു തിരഞ്ഞെടുക്കപ്പെട്ട് എത്തിയിരിക്കുന്ന സാഹചര്യത്തില്‍ അവരെ നേരിടാന്‍ രാഷ്ട്രീയ പരിചയമുള്ള ഒരാള്‍ തന്നെ മേയറായി എത്തണമെന്ന പൊതുഅഭിപ്രായമാണ് ബിജെപിയില്‍ ഉയര്‍ന്നത്. ആര്‍എസ്എസിന്റെ പിന്തുണയും രാജേഷിന് അനുകൂലമായി. ബിജെപി സംസ്ഥാന സെക്രട്ടറിയായ രാജേഷ് തിരുവനന്തപുരം മുന്‍ ജില്ലാ പ്രസിഡന്റും യുവമോര്‍ച്ച മുന്‍ സംസ്ഥാന അധ്യക്ഷനുമായിരുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷം കോര്‍പറേഷനില്‍ അഴിമതി ആരോപണം ഉള്‍പ്പെടെ ഉന്നയിച്ച് രാജേഷിന്റെ നേതൃത്വത്തില്‍ നിരവധി സമരങ്ങള്‍ ബിജെപി സംഘടിപ്പിച്ചിരുന്നു.

101 അംഗ കോര്‍പ്പറേഷനില്‍ 50 സീറ്റുകളാണ് ബിജെപിക്കുള്ളത്. 51 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. സ്വതന്ത്രന്റെ പിന്തുണ നേടി മാജിക് നമ്പര്‍ കണ്ടെത്താനുള്ള നീക്കമാണ് ബിജെപി നടത്തുന്നത്. സ്ഥാനാര്‍ഥിയുടെ മരണത്തെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് മാറ്റിവച്ച വിഴിഞ്ഞത്തെ ഫലവും നിര്‍ണായകമാകും. കോര്‍പറേഷനുകളിലെ മേയര്‍, ഡപ്യൂട്ടി മേയര്‍, മുനിസിപ്പാലിറ്റി ചെയര്‍പഴ്‌സന്‍, വൈസ് ചെയര്‍പഴ്‌സന്‍ പദവികളിലേക്കുള്ള തിരഞ്ഞെടുപ്പ് 26ന് നടക്കും. മേയര്‍, ചെയര്‍പഴ്‌സന്‍ തിരഞ്ഞെടുപ്പ് രാവിലെ 10.30നും ഡപ്യൂട്ടി മേയര്‍, വൈസ് ചെയര്‍പഴ്‌സന്‍ തിരഞ്ഞെടുപ്പ് ഉച്ചകഴിഞ്ഞ് 2.30നുമാണ്. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് 27ന് രാവിലെ 10.30നും വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് 2.30നും നടക്കും.

Tags:    

Similar News