ബെല്‍ഫാസ്റ്റില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ബിനോയിയെ മരിച്ച നിലയില്‍ കണ്ടെത്തി; ഫിലോസഫിയില്‍ ഡോക്ടറേറ്റ് നേടിയിട്ടുള്ള ബിനോയ് ഫോര്‍ധം യൂണിവേഴ്സിറ്റിയിലെ എംബിഎ ബിരുദധാരിയും; മക്കളുടെ നിര്‍ബന്ധം മൂലം സംസ്‌കാരം ബെല്‍ഫാസ്റ്റില്‍ തന്നെ
ബെല്‍ഫാസ്റ്റ് മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി
കവന്‍ട്രി: ബെല്‍ഫാസ്റ്റില്‍ അടുത്ത കാലം വരെ പൊതു രംഗത്ത് സജീവം ആയിരുന്ന മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഏതാനും നാളുകളായി ഉദര സംബന്ധ അസുഖം മൂലം ചികിത്സയില്‍ ആയിരുന്നു ബിനോയ് അഗസ്റ്റിന്‍ (49) എന്ന് അടുത്ത സുഹൃത്തുക്കള്‍ വ്യക്തമാക്കുന്നു. ഇന്നലെ വ്യാഴാഴ്ച രാവിലെയാണ് ബിനോയിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂലമറ്റം സ്വദേശിയായ ബിനോയ് അഗസ്റ്റിന് വിപുലമായ സൗഹൃദനിര ഉണ്ടായിരുന്നതിനാല്‍ ബെല്‍ഫാസ്റ്റിലെ നിറസാന്നിധ്യം കൂടിയായിരുന്നു.
കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെ ആയി ബെല്‍ഫാസ്റ്റിലെ മലയാളി ജീവിതവുമായി ഒത്തിണങ്ങിയിരുന്ന ബിനോയ് രോഗം തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് ഏറെക്കുറെ വിശ്രമ തുല്യമായ ജീവിതത്തിലും ആയിരുന്നു. ബെല്‍ഫാസ്റ്റ് സിറ്റി ഹോസ്പിറ്റല്‍ അടക്കമുള്ള സ്ഥലങ്ങളില്‍ അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്. ഭാര്യ ഷൈനിയുടെ വരുമാനത്തിലൂടെയാണ് മൂന്നു മക്കളടങ്ങുന്ന കുടുംബം മുന്നോട്ടു പോയിരുന്നത്.
തികച്ചും സൗമ്യമായ പെരുമാറ്റം മൂലമാണ് ബിനോയ് സൗഹൃദങ്ങളെ സൃഷ്ടിച്ചിരുന്നത്. താത്വിക വിഷയത്തിലാണ് ഗവേഷണം നടത്തിയത് എങ്കിലും ആരുമായും ചര്‍ച്ചകളിലും മറ്റും തര്‍ക്കത്തില്‍ ഏര്‍പ്പെടാതെ ഒഴിഞ്ഞു മാറുന്ന പ്രകൃതം കൂടിയായിരുന്നു അദ്ദേഹത്തിന്റേത് എന്നും അടുത്തറിയുന്നവര്‍ വ്യക്തമാക്കുന്നു. മരണം അധികം അകലെയല്ല എന്ന് തീരുമാനിച്ചുറപ്പിച്ച പോലെയായിരുന്നു അവസാന നാളുകളില്‍ ബിനോയിയെ കാണാനായിരുന്നത്. പലപ്പോഴും ഏകനായി കാണപ്പെട്ടിരുന്ന ബിനോയിയുടെ വിയോഗ വാര്‍ത്ത ബെല്‍ഫാസ്റ്റ് മലയാളി സമൂഹത്തെ അത്യധികം പ്രയാസത്തിലാക്കിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയാ ഗ്രൂപ്പുകളില്‍ അനേകം പേരാണ് അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നത്.
മരണത്തെ തുടര്‍ന്ന് മൃതദേഹം പ്രായമായ മാതാപിതാക്കളെ കാണിക്കുക എന്ന ലക്ഷ്യത്തോടെ നാട്ടില്‍ എത്തിക്കണമെന്ന ചിന്ത ആദ്യം ഉണ്ടായിരുന്നെങ്കിലും ഇന്നലെ വൈകുന്നേരത്തോടെ മക്കളുടെ നിര്‍ബന്ധം മൂലം സംസ്‌കാരം ബെല്‍ഫാസ്റ്റില്‍ തന്നെ നടത്തം എന്ന് തീരുമാനിക്കുക ആയിരുന്നു. ബിനോയിയുടെ സഹോദരിയും കുടുംബവും യുകെ മലയാളികളാണ്. ഭാര്യ ഷൈനി ജോണ്‍ മറ്റെര്‍ ഹോസ്പിറ്റലില്‍ നഴ്‌സ് ആണ്. വിദ്യാര്‍ത്ഥികളായ ബിയോണ്‍, ഷന, ഫ്രയ എന്നിവരാണ് മക്കള്‍.