ഈസ്റ്റ് ലണ്ടന്‍ മലയാളികളുടെ 'കൊച്ചങ്കിള്‍' അന്തരിച്ചു; വിടവാങ്ങിയത് കോവിഡ് കാലത്ത് ആയിരങ്ങളുടെ വിശപ്പകറ്റിയ പാചക വിദഗ്ധന്‍; മുഹമ്മദ് ഇബ്രാഹിമിന്റെ കൈപ്പുണ്യം രുചിച്ചറിഞ്ഞവര്‍ ഞെട്ടലില്‍; കണ്ണീരോടെ യുകെ മലയാളികള്‍
ഈസ്റ്റ് ലണ്ടന്‍ മലയാളികളുടെ 'കൊച്ചങ്കിള്‍' അന്തരിച്ചു
ഈസ്റ്റ് ലണ്ടന്‍: യുകെ മലയാളികളെ ഞെട്ടിച്ചുകൊണ്ട് അപ്രതീക്ഷിത മരണ വാര്‍ത്ത. ഈസ്റ്റ് ലണ്ടനിലെ മലയാളികള്‍ക്കെല്ലാം സുപരിചിതനായ മികച്ച പാചക വിദഗ്ധനും കണ്ണൂര്‍ വളപട്ടണം സ്വദേശിയുമായ മുഹമ്മദ് ഇബ്രാഹിം ആണ് വിടവാങ്ങിയത്. അദ്ദേഹത്തെ ഒരിക്കല്‍ പരിചയപ്പെട്ടവരും ആ കൈപ്പുണ്യം രുചിച്ചറിഞ്ഞവരുമെല്ലാം പിന്നെ അദ്ദേഹത്തെ കൊച്ചങ്കിള്‍ എന്നായിരുന്നു വിളിച്ചിരുന്നത്. കോവിഡ് കാലത്ത് സൗജന്യമായി ഭക്ഷണമുണ്ടാക്കി നല്‍കി ആയിരങ്ങളുടെ വിശപ്പ് അകറ്റിയ മനുഷ്യനെ കൂടിയാണ് ഇപ്പോള്‍ നഷ്ടപ്പെട്ടിരിക്കുന്നത്.
മാത്രമല്ല, കേരളത്തിന്റെ സ്വന്തം രുചി വിഭവങ്ങള്‍ തയ്യാറാക്കി ഈസ്റ്റ്ഹാമിലെ 'തട്ടുകട' എന്ന മലയാളി റെസ്റ്റോറന്റിനെ ലണ്ടന്‍ മലയാളികളുടെ പ്രിയപ്പെട്ട ഇടമായി മാറ്റുന്നതില്‍ മുഹമ്മദ് ഇബ്രാഹിം വഹിച്ച പങ്ക് ചെറുതല്ല. മുംബൈയില്‍ ജനിച്ചുവളര്‍ന്ന് വടക്കേ ഇന്ത്യയിലെ പല പട്ടണങ്ങളിലും ജോലി ചെയ്ത ശേഷമാണ് അദ്ദേഹം ബ്രിട്ടനിലെത്തിയത്. ദുബായിലും പാചക വിദഗ്ധനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
കോവിഡ് കാലത്ത് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള മലയാളികള്‍ക്കും മറ്റ് ഇന്ത്യക്കാര്‍ക്കും സൗജന്യ ഭക്ഷണം ഒരുക്കി നല്‍കാന്‍ വിവിധ ജീവകാരുണ്യ പ്രവര്‍ത്തകരുടെ കൂടെ മുഹമ്മദ് ഇബ്രാഹിം മുന്നിലുണ്ടായിരുന്നു. അതുകൊണ്ടു തന്നെ തികഞ്ഞ മനുഷ്യസ്‌നേഹിയായ കൊച്ചങ്കിളിന്റെ വേര്‍പാട് യുകെ മലയാളികള്‍ക്ക് മുഴുവന്‍ ഞെട്ടലേകിയിരിക്കുകയാണ്.