ഇനി ചാള്‍സ് രാജാവിന്റെ വലംകൈ; ബര്‍മിങാമിലെ മലയാളി യുവതിയ്ക്ക് രാജാവിന്റെ അസി. പ്രൈവറ്റ് സെക്രട്ടറിയായി നിയമനം; കാസര്‍ഗോട്ടുകാരി മുന ഷംസുദ്ദീന്റെ അത്യപൂര്‍വ്വ നേട്ടത്തില്‍ നാട്ടിലെ തറവാട്ടു വീട്ടിലും ആഹ്ലാദാരവം

ചാള്‍സ് രാജാവിന്റെ വലംകൈയായി കാസര്‍ഗോടുകാരി

Update: 2024-11-29 06:37 GMT

ബര്‍മിങാം: ലോകത്തിന്റെ മുക്കിലും മൂലയിലും മാത്രമല്ല, ഉന്നതമായ പല സ്ഥാനങ്ങളിലും മലയാളികളെ കാണാം. ഇപ്പോഴിതാ, ബ്രിട്ടീഷ് രാജകുടുംബത്തിലും മലയാളിയുടെ സാന്നിധ്യം എത്തിയിരിക്കുകയാണ്. ചാള്‍സ് രാജാവിനും ഭാര്യയ്ക്കും ആയുര്‍വേദ സുഖചികിത്സകള്‍ നടത്തുന്നത് ഒരു മലയാളി ഡോക്ടറാണെന്ന വാര്‍ത്തകള്‍ പുറത്തു വന്നതിനു പിന്നാലെ, രാജാവിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായും ഒരു മലയാളി യുവതി എത്തിയിരിക്കുകയാണെന്ന വാര്‍ത്തയാണ് മാധ്യമങ്ങളില്‍ നിറയുന്നത്.


ബര്‍മിങാമിലാണ് മുന താമസിക്കുന്നത്. കാസര്‍ഗോട്ടെ തളങ്കര തെരുവത്ത് ഹാഷിം സ്ട്രീറ്റിലെ പരേതനായ ഡോ. പുതിയപുരയില്‍ ഷംസുദ്ദീന്റെയും സെയ്ദുന്നിസ എന്ന ഷഹനാസിന്റെയും മകളാണ് മുന. ബ്രിട്ടീഷ് നയതന്ത്ര ഉദ്യോഗസ്ഥയായ ഇവര്‍ ലണ്ടനിലെ ഫോറിന്‍, കോമണ്‍വെല്‍ത്ത് ആന്‍ഡ് ഡിവലപ്മെന്റ് ഓഫീസില്‍ ജോലി ചെയ്യുമ്പോഴാണ് കഴിഞ്ഞ വര്‍ഷം ചാള്‍സ് രാജാവിന്റെ അസി. പ്രൈവറ്റ് സെക്രട്ടറിയായി നിയമിതയായത്. മുനയുടെ സേവന മികവ് അറിഞ്ഞ ചാള്‍സ് രാജാവ് തന്റെ ദൈനംദിന ഔദ്യോഗിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ മുന ശംസുദ്ദീനെ അസി. പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കുകയായിരുന്നു.


നോട്ടിംഗാം സര്‍വകലാശാലയില്‍നിന്ന് മാത്തമാറ്റിക്സ് ആന്‍ഡ് എന്‍ജിനീയറിംഗില്‍ ബിരുദം നേടിയ ശേഷമാണ് മുന ബ്രിട്ടീഷ് വിദേശകാര്യ സര്‍വീസില്‍ ചേര്‍ന്നത്. ജറുസലേമില്‍ കോണ്‍സുലേറ്റ് ജനറലായും പാക്കിസ്ഥാനിലെ കറാച്ചിയില്‍ ഡെപ്യൂട്ടി ഹെഡ് ഓഫ് മിഷന്‍ ആയും പ്രവര്‍ത്തിച്ചു. യു.എന്‍. ഉദ്യോഗസ്ഥനായ ഡേവിഡാണ് ഭര്‍ത്താവ്. ചാള്‍സ് രാജാവിന്റെ ഔദ്യോഗിക പരിപാടികളുടെ ചുമതല മുന ഉള്‍പ്പെടെയുള്ളവര്‍ക്കാണ്. രാജാവിനൊപ്പം വിദേശയാത്രകളിലും മറ്റും അനുഗമിക്കുകയും ചെയ്യണം.


കാസര്‍കോട്ടെ പ്രമുഖ അഭിഭാഷകനായിരുന്ന പരേതനായ അഡ്വ. പി. അഹ്‌മദിന്റെയും പരേതയായ സൈനബിയുടെയും മകനാണ് മുനയുടെ പിതാവായ ഡോ. ഷംസുദ്ദീന്‍. യു.എസിലും ബ്രിട്ടനിലും സൗദി അറേബ്യയിലും പ്രവര്‍ത്തിച്ചു. തിരികെ ബ്രിട്ടനിലെത്തിയശേഷം കുടുംബസമേതം ബര്‍മിംഗാമിലായിരുന്നു താമസം. കുട്ടിക്കാലത്ത് മുന കുടുംബാംഗങ്ങളോടൊപ്പം എല്ലാ വര്‍ഷവും കാസര്‍കോട്ട് വന്നിരുന്നു. ഏറ്റവുമൊടുവില്‍ 10 വര്‍ഷം മുന്‍പാണ് വന്നത്. ഡോ. ഷംസുദ്ദീന്റെ സഹോദരങ്ങളും അവരുടെ മക്കളും വിവിധ രംഗങ്ങളിലായി പ്രശസ്തരാണ്.

Tags:    

Similar News