ലണ്ടനില്‍ കെയറര്‍ വിസയിലെത്തി ശമ്പളം നല്‍കാതെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു; എംപ്ലോയ്‌മെന്റ് കോടതിയുടെ വിധി ആയിരക്കണക്കിന് കെയറര്‍മാര്‍ക്ക് പ്രതീക്ഷ; ഇന്ത്യന്‍ നഴ്‌സ് പോരാട്ടം ജയിക്കുമ്പോള്‍
പുതിയ വിസ റൂട്ട് പ്രാബല്യത്തില്‍ വന്നതോടെ ഈ മേഖലയില്‍ തൊഴിലാളി ചൂഷണം വര്‍ദ്ധിച്ചതായ വിമര്‍ശനം ഉണ്ടായിരുന്ന
ലണ്ടന്‍: ഒരു ബ്രിട്ടീഷ് കെയര്‍ കമ്പനി പിരിച്ചു വിട്ട ഇന്ത്യന്‍ നഴ്സ് നല്‍കിയ പരാതിയില്‍ നഴ്സിന് അനുകൂലമായ വിധിയുമായി എംപ്ലോയ്‌മെന്റ് കോടതി. വിദേശ നഴ്സുമാരെ ചതിയില്‍ കുടുക്കുന്ന മറ്റ് സ്വാര്‍ത്ഥരായ കമ്പനികള്‍ക്കെതിരെ പൊരുതുവാന്‍ വിദേശ നഴ്സുമാര്‍ക്ക് ഈ വിധി കരുത്തുപകരുമെന്ന് നിയമജ്ഞര്‍ പറയുന്നു. കെയറര്‍ മേഖലയില്‍ കനത്ത തൊഴിലാളിക്ഷാമം ഉണ്ടായതിനെ തുടര്‍ന്ന് സര്‍ക്കാര്‍ പുതിയ വിസ റൂട്ട് ആരംഭിച്ച 2022 മുതല്‍ ബ്രിട്ടനിലെത്തിയ 1 ലക്ഷത്തിലധികം നഴ്സുമാരില്‍ ഒരാളാണ് കിരണ്‍കുമാര്‍ റാത്തോഡ്.
പുതിയ വിസ റൂട്ട് പ്രാബല്യത്തില്‍ വന്നതോടെ ഈ മേഖലയില്‍ തൊഴിലാളി ചൂഷണം വര്‍ദ്ധിച്ചതായ വിമര്‍ശനം ഉണ്ടായിരുന്നു. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്ലിനിസിയ പ്രൈവറ്റ് ഹെല്‍ത്ത്‌കെയര്‍ ലിമിറ്റഡ് എന്ന സ്ഥാപനം തന്നെ ജോലിയില്‍ നിയമിക്കുകയും, എന്നാല്‍, ജോലിയൊന്നു നല്‍കാതിരിക്കുകയും പിന്നീട് പിരിച്ചുവിടുകയും ചെയ്തതിനാല്‍ തനിക്ക് കടുത്ത സാമ്പത്തിക ബാദ്ധ്യത ഉണ്ടാക്കിയതായി കിരണ്‍കുമാര്‍ റാത്തോഡ് പറയുന്നു. തുടര്‍ന്നായിരുന്നു അയാള്‍ നിയമനടപടികള്‍ക്ക് മുതിര്‍ന്നത്.
തികച്ചും അസാധാരണമായ വിധിയിലാണ് കിരണ്‍കുമാറിന് ഇതുവരെയുള്ള വേതന കുടിശ്ശികയായ 17,000 പൗണ്ട് നല്‍കാനും, അനധികൃതമായി പിരിച്ചു വിട്ടു എന്ന കിരണ്‍കുമാറിന്റെ പരാതിയില്‍ തീര്‍പ്പുണ്ടാകുന്നത് വരെ അയാള്‍ക്ക് ശമ്പളം കൃത്യമായി നല്‍കാനും ക്ല്‌നിസ്യയോട് ആവശ്യപ്പെട്ടിരിക്കുന്നത്. സുപ്രധാനമായ ഒരു വിധിയാണിതെന്ന് റത്തോഡിന്റെ അഭിഭാഷകയും വര്‍ക്ക് റൈറ്റ് സെന്റര്‍ പ്രതിനിധിയുമായ ശര്‍മിള ബോസ് പറഞ്ഞത്. വിസ പദ്ധതി ദുരുപയോഗം ചെയ്ത് പീഡിപ്പിക്കപ്പെടുന്ന നിരവധിപേര്‍ക്ക് ഈ വിധി ആശ്വാസമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
റാത്തോഡിനും, അയാളുടെ ഭാര്യയ്ക്കും ആറ് വയസ്സ് മാത്രം പ്രായമുള്ള കുട്ടിയ്ക്കും ഏറെ ആശ്വാസപ്രദമാണ് ഈ വിധി എന്നും ശര്‍മ്മിള ബോസ് റോയിറ്റേഴ്സിനോട് പറഞ്ഞു. അത്രയും വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കായിരുന്നു ക്ലിനിസിയ അവരെ തള്ളിവിട്ടത്. വലിയ ആശ്വാസം എന്നായിരുന്നു വിധിക്ക് ശേഷം റാത്തോഡ് പറഞ്ഞത്. വലിയ പ്രതിസന്ധികളിലൂടെയായിരുന്നു താന്‍ കടന്നു പോയ്ക്കൊണ്ടിരുന്നതെന്നും, വൈകാരികമായും സാമ്പത്തികമായും തകര്‍ന്ന അവസ്ഥയിലായിരുന്നു എന്നും അയാള്‍ കൂട്ടിച്ചേര്‍ത്തു. തനിക്ക് ജോലിയും വേതനവും ക്ലിനിസിയ നിഷേധിച്ചു, കുടുംബത്തെ പോറ്റാന്‍ പോലും ആകാത്ത അവസ്ഥയിലെത്തിച്ചു എന്നും അയാള്‍ പറയുന്നു.
വളരെ അസാധാരണവും വിരളവുമായ ഒരു വിധിയാണിതെന്നാണ് നിയമജ്ഞര്‍ പറയുന്നത്. മാത്രമല്ല, കേസ് അന്തിമ വിസ്താരത്തിനായി സെന്‍ട്രല്‍ ലണ്ടന്‍ എംപ്ലോയ്‌മെന്റ് ട്രിബ്യൂണലില്‍ എടുക്കുമ്പോള്‍ വിധി റാത്തോഡിന് അനുകൂലമാകും വിധി എന്നതിന്റെ ശക്തമായ സൂചനകൂടിയാണെന്നും അവര്‍ പറയുന്നു. ഇന്ത്യയില്‍ ഒരു ഏജന്റിന് 22,000 രൂപ നല്‍കിയാണ് ബ്രിട്ടനില്‍ റാത്തോഡ് ജോലി ശരിയാക്കിയത്. 2023 മെയ് മാസത്തില്‍ ഇയാള്‍ക്ക് 23,500 പൗണ്ട് വാര്‍ഷിക ശമ്പളത്തോടെ ഹെല്‍ത്ത്‌കെയര്‍ അസിസ്റ്റന്റായി ജോലി കരാറില്‍ ഒപ്പു വയ്ക്കുകയും ചെയ്തു.
എന്നാല്‍, അയാളെ ഒരു ജോലിയും ഏല്പിച്ചില്ല എന്ന് മാത്രമല്ല, നിരവധി തവണ അയാള്‍ ലണ്ടനിലെ ക്ലിനിസിയയുടെ ഓഫീസിലെത്തിയപ്പോള്‍ തൃപ്തികരമായ മറുപടിയും നല്‍കിയില്ല. മാസങ്ങളോളം ജോലിയും കൂലിയും ഇല്ലാതെ വന്നപ്പോള്‍ താന്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് അയാള്‍ കമ്പനിയുടെ പ്രതിനിധിയെ അറിയിച്ചു. തുടര്‍ന്ന് 2023 നവംബര്‍ 8 ന് ഇയാളുടെ തൊഴില്‍ കരാര്‍ കമ്പനി റദ്ദാക്കുകയായിരുന്നു.