യുകെയില്‍ സ്ത്രീകളെ ശല്യം ചെയ്ത മലയാളിക്ക് 3 വര്‍ഷം ജയില്‍; മധ്യവയസ്‌കന്‍ ജയിലിലെത്തുന്നത് ആഘോഷമാക്കി പ്രാദേശിക മാധ്യമങ്ങള്‍; കോവിഡില്‍ ഇഴഞ്ഞ കോടതി നടപടികള്‍ പൂര്‍ത്തിയാകുന്നത് 5 വര്‍ഷത്തിന് ശേഷം

Update: 2024-10-05 04:49 GMT

ലണ്ടന്‍: യുകെയില്‍ കഴിഞ്ഞ ഏതാനും വര്‍ഷമായി എത്തിക്കൊണ്ടിരിക്കുന്ന മലയാളി ചെറുപ്പക്കാരില്‍ ഒരു ഡസന്‍ പേരെങ്കിലും അടുത്തകാലങ്ങളിലായി ബ്രിട്ടനില്‍ ജയിലില്‍ എത്തിയ കഥകള്‍ക്ക് അപവാദമായി ഏറെക്കാലത്തെ ബ്രിട്ടീഷ് ജീവിതാനുഭവമുള്ള മധ്യവയസ്‌കനും ഇപ്പോള്‍ ജയിലിലേക്ക്.

യുകെയിലെ മിഡ്ലാന്‍ഡ്സ് പട്ടണമായ കെറ്ററിംഗില്‍ നിന്നുമാണ് മലയാളി സമൂഹത്തില്‍ നാണക്കേടായി മറ്റൊരു സംഭവം കൂടി എത്തുന്നത്. പൊതുവഴിയില്‍ സ്ത്രീകളെ ശല്യം ചെയ്തെന്ന കേസിലാണ് ഇപ്പോള്‍ മധ്യവയസ്‌കനായ ബിനു പോളിന് മൂന്നു വര്‍ഷത്തെ ജയില്‍ ശിക്ഷ ലഭിക്കുന്നത്. അഞ്ചു വര്‍ഷം മുന്‍പ് നടന്ന സംഭവത്തില്‍ കോടതികള്‍ കോവിഡ് നടപടികള്‍ മൂലം ഇഴഞ്ഞ സാഹചര്യത്തിലാണ് കേസിലെ അന്തിമ വിധി അമാന്തിക്കാന്‍ കാരണമായത്. എന്നാല്‍ മദ്യലഹരിയില്‍ സംഭവിച്ച അബദ്ധം ആണെന്നാണ് ഇയാളെ പരിചയമുള്ളവര്‍ വെളിപ്പെടുത്തുന്നത്. മുന്‍പ് മദ്യ ലഹരിയില്‍ ആര്‍ക്കും നിയന്ത്രികനാകാത്ത വിധം പെരുമാറിയിട്ടില്ല ഇയാള്‍ ചികിത്സയ്ക്കും മറ്റും വിധേയനായ ശേഷം പെരുമാറ്റ മര്യാദ പാലിച്ചിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം.

അതിനിടെ അടുത്തകാലത്തായി കുടിയേറ്റക്കാരുടെ വാര്‍ത്തകള്‍ കൂടുതല്‍ ആഘോഷമാക്കുന്ന ട്രെന്‍ഡില്‍ ബിനു പോളിന്റെ ശിക്ഷ വിധി വലിയ പ്രാധാന്യം നേടുകയാണ് പ്രാദേശിക മാധ്യമങ്ങളില്‍. നോര്‍ത്താംപ്ടണ്‍ ടെലിഗ്രാഫിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ കേസില്‍ ഇരയായ സ്ത്രീക്ക് പിന്തുണ നല്കാനെത്തിയവര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് പത്രം വാര്‍ത്ത ഷെയര്‍ ചെയ്തിരിക്കുന്നത്. വാര്‍ത്തയ്ക്ക് കീഴില്‍ എത്തുന്ന കമന്റില്‍ ഇയാള്‍ക്ക് ലഭിച്ചത് കുറഞ്ഞ ശിക്ഷ ആണെന്നും സ്ത്രീകള്‍ക്ക് അന്തസോടെ ജീവിക്കാന്‍ കൂടുതല്‍ കാലം ഇരുമ്പഴിക്കുളില്‍ കിടത്തണം എന്നുമാണ് വായനക്കാര്‍ പ്രതികരിക്കുന്നത്.

അതിനിടെ ശിക്ഷ ലഭിച്ച വ്യക്തിയുടെ കുടുംബം അടക്കമുള്ളവര്‍ യുകെയില്‍ ഉള്ളതിനാല്‍ വക്തിപരമായ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് ഒഴിവാക്കണമെന്നു സുഹൃത്തുക്കള്‍ അഭ്യര്‍ഥിച്ചിരിക്കുകയാണ്. ഒരു ദശകത്തോളമായി യുകെയില്‍ കഴിയുന്ന ബിനുവിന് നിയമത്തെ കുറിച്ചും പെരുമാറ്റ രീതികളെ കുറിച്ചും അറിവില്ലായ്മ പോലും കോടതിയില്‍ വാദമുഖമായി ഉയര്‍ത്താന്‍ സാധിച്ചില്ല എന്നതാണ് വാസ്തവം. പൊതു നിരത്തില്‍ അപമര്യാദയായി പെരുമാറിയ രണ്ടു സംഭവങ്ങള്‍ ഉണ്ടായതാണ് ജയില്‍ ശിക്ഷ ഉറപ്പിച്ചത് എന്ന് കരുതപ്പെടുന്നു. കേറ്ററിംഗിലും അടുത്തപട്ടണമായ റാഷ്ടനിലും ആണ് കേസിനു ആസ്പദമായ സംഭവങ്ങള്‍ ഉണ്ടായത്. 2019 മാര്‍ച്ചില്‍ സംഭവിച്ച കേസിലാണ് ഇപ്പോള്‍ കോടതി വിധി പ്രസ്താവിച്ചിരിക്കുന്നത്. രണ്ടു വര്‍ഷത്തിന് ശേഷം 2021 ഒക്ടോബറിലും മറ്റൊരു സംഭവത്തില്‍ പരാതിക്കാരി രംഗത്ത് വന്നതും കോടതി ഗൗരവമായെടുത്തു എന്നുവേണം അനുമാനിക്കാന്‍ എന്നും കോടതി നടപടികള്‍ നിരീക്ഷിച്ചവര്‍ പറയുന്നു.

ആദ്യ സംഭവത്തില്‍ സ്ത്രീയുമായി വാക്കേറ്റം ഉണ്ടായപ്പോള്‍ പുറകില്‍ നിന്നും എത്തി നിതംബത്തില്‍ അടിച്ച ശേഷം പ്രതി കടന്നു കളയുക ആയിരുന്നു എന്നാണ് പരാതി. ഈ സംഭാവത്തില്‍ സിസിടിവി ദൃശ്യങ്ങളാണ് പരാതിക്കാരിയുടെ രക്ഷയ്ക്ക് എത്തിയത്. എന്നാല്‍ സംഭവത്തിന് എന്താണ് പ്രകോപനമായതു എന്നത് വ്യക്തമല്ല. രണ്ടാമത്തെ സംഭവത്തില്‍ സ്ത്രീയോടുള്ള മോശം പെരുമാറ്റത്തിന് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുക ആയിരുന്നു എന്ന് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. മദ്യപാനം മൂലമുള്ള പെരുമാറ്റ വൈകല്യം ആയിരുന്നു എന്ന് തെളിയിക്കാനുള്ള ബ്രീത് അനലൈസ് പരിശോധനയ്ക്ക് വിധേയനാകാതിരുന്നതും തിരിച്ചടിയായി. ഇക്കാരണത്താല്‍ 36 മാസത്തേക്ക് ഡ്രൈവിങ് നിരോധനവും ഏര്‍പ്പെടുത്തി കോടതി വിധിയായി.

ലൈംഗിക അക്രമ പരാതി ഉന്നയിച്ച സ്ത്രീകളുടെ വാദം കണക്കിലെടുത്തു മൂന്നുവര്‍ഷത്തെ ജയില്‍ ശിക്ഷയാണ് നോര്‍ത്താംപ്ടണ്‍ ക്രൗണ്‍ കോടതി വിധിച്ചത്. അഞ്ചുവര്‍ഷത്തേക്ക് ഒരു കാരണവശാലും കേസിനു തയാറായ ഇരകളെ ഒരു വിധത്തിലും ബന്ധപ്പെടരുത് എന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട് .ലൈംഗിക കുറ്റകൃത്യ രജിസ്റ്ററില്‍ ആജീവനാന്ത കാലം ഇയാളുടെ പേര് ഉള്‍പ്പെടുത്തണം എന്നും കോടതി നിര്‍ദേശമുണ്ട്.

Tags:    

Similar News