കൗമാരക്കാരനായ മകന് വിസ നിഷേധിച്ച് ഹോം ഓഫീസ്; ജോലിക്ക് കയറി ആഴ്ചകള്‍ക്കകം ബ്രിട്ടണിലെ ആശുപത്രി വിടാനൊരുങ്ങി ഇന്ത്യന്‍ വംശജയായ ഡോക്ടര്‍; ഇതൊരു അമ്മയുടെ വേദന
ലണ്ടന്‍: ഇന്ത്യയില്‍ നിന്നുള്ള ഗ്യാസ്‌ട്രോഎന്റെറോളജിസ്റ്റ് ആയ വനിത ഡോക്ടര്‍, തന്റെ ഏക മകനെ യു കെയില്‍ വരുന്നതില്‍ നിന്നും വിലക്കിയ ഹോം ഓഫീസിന്റെ നടപടിയില്‍ ആശങ്കയിലായിരിക്കുകയാണ്. പേരുവെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഈ വനിത ഡോക്ടര്‍ സിംഗിള്‍ പാരന്റുകൂടിയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഹെല്‍ത്ത് ആന്‍ഡ് കെയര്‍ വിസ ലഭിച്ഛ് കഴിഞ്ഞമാസം ഇംഗ്ലണ്ടിലെത്തിയ ഇവര്‍ വടക്കന്‍ ഇംഗ്ലണ്ടിലെ ഒരു പ്രമുഖ ആശുപത്രിയിലാണ് ജോലിയില്‍ പ്രവേശിച്ചത്.
അധികം താമസിയാതെ തന്റെ മകനും വിസ ലഭിക്കുമെന്നും യു കെയില്‍ തന്നൊപ്പം ചേരുമെന്നുമായിരുന്നു ഈ അമ്മ കരുതിയിരുന്നത്. എന്നാല്‍, തന്റെ മുന്‍ ഭര്‍ത്താവില്‍ നിന്നുള്ള സമ്മതി പത്രം ഉള്‍പ്പടെ ആവശ്യപ്പെട്ട രേഖകള്‍ എല്ലാം സമര്‍പ്പിച്ചിടും മകന്റെ വിസയ്ക്കായുള്ള അപേക്ഷ നിരസിക്കപ്പെടുകയായിരുന്നു. രണ്ട് കാരണങ്ങളാണ് അപേക്ഷ നിരസിക്കുന്നതിനായി ഹോം ഓഫീസ് അധികൃതര്‍ പറഞ്ഞത്.
ഇതിനോടകം മറ്റൊരു വിവാഹം കഴിച്ച, കുട്ടിയുടെ പിതാവ് തന്റെ മകന്റൊപ്പം യു കെയില്‍ എത്തുന്നതിനായി എന്‍ട്രി ക്ലിയറന്‍സിന് അ്‌പേക്ഷിച്ചിട്ടില്ല എന്നതാണ് അതിലൊന്ന്. പിതാവിന് കുട്ടിയെ സന്ദര്‍ശിക്കുന്നതിനുള്ള അവകാശമുള്ളതിനാല്‍, കുട്ടിയുടെ പൂര്‍ണ്ണ ഉത്തരവാദിത്തം അമ്മയ്ക്കാണ് എന്നത് സംശയാതീതമായി തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് രണ്ടാമത്തേത്. പൂര്‍ണ്ണ ഉത്തരവാദിത്തവും, പൂര്‍ണ്ണ കസ്റ്റഡിയും തമ്മില്‍ വ്യത്യാസമുണ്ടെന്ന് ഹോം ഓഫീസ് പറയുന്നു.
'നിങ്ങളുടെ അമ്മയ്ക്ക് നിങ്ങളുടെ കസ്റ്റഡി അനുവദിച്ചു നല്‍കിയിട്ടുണ്ടെങ്കിലും, പിതാവിന് സന്ദര്‍ശനാനുമതി ഉള്ളതിനാല്‍, പിതാവിനും ചില ഉത്തരവാദിത്തങ്ങള്‍ ഉണ്ടെന്ന് മനസ്സിലാക്കുന്നു' എന്നാണ് അപേക്ഷ നിരസിച്ചുകൊണ്ടുള്ള കത്തില്‍ എഴുതിയിരിക്കുന്നതെന്ന് ഐ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.; തനിക്ക് കുട്ടിയെ സന്ദര്‍ശിക്കുന്നതിന് ലഭിച്ച അനുംതി വേണ്ടെന്ന് വെച്ചുകൊണ്ട് പിതാവ് സത്യവാങ്മൂലം നല്‍കിയിട്ടുണ്ടെങ്കിലും അത് നല്‍കിയത് എന്നാണെന്ന് വ്യക്തമല്ലെന്നും ഹോം ഓഫീസ് പറായുന്നു.
അതിനുപുറമെ, സത്യവാങ്മൂലങ്ങള്‍ വിവരങ്ങള്‍ ലഭിക്കുന്നതിനുള്ള സ്രോതസ്സുകളാകാമെങ്കിലും യു കെയില്‍ അവ, കുട്ടികളുടെ അവകാശവുമായി ബന്ധപ്പെട്ട നിയമപരമായ രേഖകള്‍ അല്ലെന്നും ഹോം ഓഫീസ് ചൂണ്ടിക്കാണിക്കുന്നു. അസാധാരണ സാഹചര്യം എന്നതും ഹോം ഓഫീസ് നിഷേധിക്കുകയാണ്. തന്റെ മകനെ സംരക്ഷിക്കുന്നത് താനാണെന്നും, മകന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം തനിക്കാണെന്നുമുള്ളതിന്റെ കൈവശമുള്ള രേഖകള്‍ എല്ലാം നല്‍കി എന്നാണ് ഡോക്ടര്‍ പറയുന്നത്.
തന്റെ കുഞ്ഞ് ജനിച്ചത് മുതല്‍ താന്‍ ഒറ്റക്കാണെന്നും മുന്‍ ഭര്‍ത്താവ് ഇന്ത്യയില്‍ തന്നെ വിവാഹം കഴിച്ച് വേറെ കുടുംബമായി താമസിക്കുകയാണെന്നും അവര്‍ പറയുന്നു. തന്നെ റിക്രൂട്ട് ചെയ്ത ഏജന്‍സി തനിക്ക് നല്‍കിയ വിവരം മകനുവേണ്ടി വിസ എളുപ്പത്തില്‍ കരസ്ഥമാക്കാം എന്നതായിരുന്നു എന്നും അവര്‍ പറയുന്നു. എന്നാല്‍, തെറ്റിദ്ധാരണ പടര്‍ത്താനായിരുന്നില്ല ഏജന്‍സി അങ്ങനെ ചെയ്തതെന്നും ഇതിനു മുന്‍പ് അവര്‍ റിക്കൂട് ചെയ്തവരുടെ ആശ്രിതരെ വലിയ പ്രശ്‌നങ്ങള്‍ ഇല്ലാതെ അവര്‍ യു കെയില്‍ എത്തിച്ചിട്ടുണ്ടെന്നും ഡോക്ടര്‍ പറയുന്നു.
താന്‍ യു കെയിലേക്ക് വരുന്നതിനു മുന്‍പായിരുന്നു മകന് വിസ നിഷേധിച്ചിരുന്നതെങ്കില്‍ താന്‍ യു കെയിലെക്ക് വരില്ലായിരുന്നു എന്നാണ് ഡോക്ടര്‍ പറയുന്നത്. എന്നാല്‍, എന്‍ എച്ച് എസ്സില്‍ ജോലിയില്‍ കയറിയാല്‍ ചെയ്യേണ്ട കുറഞ്ഞ കാലയളവിലെ സേവനം ചെയ്യാതെ വിട്ടുപോയാല്‍ വീണ്ടും എന്‍ എച്ച് എസ്സില്‍ കയറാന്‍ ആകില്ലെന്ന് അവര്‍ ഭയപ്പെടുകയും ചെയ്യുന്നുണ്ട്. ഇപ്പോള്‍ ഒരു അഡ്മിനിസ്‌ട്രേഷന്‍ റീവ്യൂവിന് അപെക്ഷിക്കുവാനാണ് ഡോക്ടര്‍ തീരുമാനിച്ചിരിക്കുന്നത്.
അത് പരാജയപ്പെട്ടാല്‍ ജ്യുഡീഷല്‍ റീവ്യുവിന് പോകും. അവിടെയും പരാജയപ്പെട്ടാല്‍, ജോലിയില്‍ നിന്നും രാജിവെച്ച് ഇന്ത്യയിലേക്ക് മടങ്ങുകയല്ലാതെ മറ്റ് മാര്‍ഗ്ഗമില്ലെന്ന് അവര്‍ പറയുന്നു.