ബ്രിട്ടണിലെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ കൊള്ള നടത്തി ഇന്ത്യന്‍ വംശജന്‍; ടെസ്‌കോയിലും സെയ്ന്‍സ്ബറിയിലും മോഷണം നടത്തിയത് തോക്കും കത്തിയുമായി; പ്രതിയുടെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവിട്ട് പോലീസ്

Update: 2024-10-14 03:25 GMT

ലണ്ടന്‍: ലെസ്റ്റര്‍ഷയറിലെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നടന്ന മൂന്ന് കൊള്ളകളുമായി ബന്ധപ്പെട്ട സി സി ടി വി ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു ആയുധങ്ങളുമായി എത്തിയാണ് കൊള്ള നടത്തിയത്. വ്യാഴാഴ്ച വിഗ്സ്റ്റണിലും, വെള്ളിയാഴ്ച എവിംഗ്ടണിലും ശനിയാഴ്ച എന്‍ഡെര്‍ബിയിലുമാണ് കൊള്ള നടന്നത്. കൊള്ള നടത്തുന്നതിനുള്ള ഗൂഢാലോചന നടത്തി എന്ന സംശയത്തില്‍ ഒരു 40 കാരനെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്യാന്‍ ഉദ്ദേശിക്കുന്ന രണ്ടുപേരുടെ ചിത്രങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടുണ്ട്.

വ്യാഴാഴ്ച രാത്രി 23:55 ന് ബ്ലേബി റോഡിലുള്ള ടെസ്‌കോയിലാണ് ആദ്യ മോഷണം നടന്നതെന്ന് പോലീസ് പറയുന്നു. ഈതെല്‍ റോഡിലുള്ള ടെസ്‌കോയിലാണ് രണ്ടാമത്തേത് നടന്നത്. ഇത് വെള്ളിയാഴ്ചയായിരുന്നു നടന്നത്. ശനിയഴ്ച പകല്‍ 9.25 ന് ഫോസ്സ് പാര്‍ക്കിന് സമീപമുള്ള സെയ്ന്‍സ്ബറീസിലായിരുന്നു മൂന്നാമത്തെ മോഷണം നടന്നത്. ഈ മൂന്ന് സംഭവങ്ങളിലും രണ്ട് പുരുഷന്മാര്‍ വ്യത്യസ്ത സമയങ്ങളിലയി സൂപ്പര്‍മാര്‍ക്കറ്റുകളില്‍ എത്തുകയും പിന്നീട് മദ്യത്തിന് പണം നല്‍കാതെ പോവുകയുമായിരുന്നെന്ന് പോലീസ് പറയുന്നു.

സെയ്ന്‍സ്ബറീസില്‍ മോഷണം നടക്കുമ്പോള്‍ ഒരു കത്തിയും ഉപയോഗിച്ചിരുന്നതായി പോലീസ് പറഞ്ഞു. എന്നാല്‍, കൊള്ളക്കിടയില്‍ ആര്‍ക്കും ഗുരുതര പരിക്കുകള്‍ ഏറ്റിട്ടില്ല എന്നും പോലീസ് സ്ഥിരീകരിക്കുന്നുണ്ട്. മുന്‍ഗണന നല്‍കിയാണ് പോലീസ് ഈ കേസ് അന്വേഷിക്കുന്നത്. ചിത്രങ്ങളില്‍ കാണുന്നവരെ ഇത് സംബന്ധിച്ച് ചോദ്യം ചെയ്യണമെന്നും ഇവരെ കുറിച്ച് എന്തെങ്കിലും വിവരങ്ങള്‍ അറിയാവുന്നവര്‍ പോലീസിനെ ബന്ധപ്പെടണമെന്നും ബ്രിട്ടീഷ് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:    

Similar News