രണ്ട് വര്‍ഷം തുടര്‍ച്ചയായി സാറയെ അവര്‍ പീഢിപ്പിച്ചു; ബെല്‍റ്റിനടിച്ചും ശ്വാസം മുട്ടിച്ചും കൊന്നു തള്ളി; മകളെ കൊന്ന് പാകിസ്ഥാനിലേക്ക് മുങ്ങിയ ഷെറീഫിന്റെ വിചാരണ ബ്രിട്ടണില്‍ തുടരുന്നു

Update: 2024-10-16 02:18 GMT

ലണ്ടന്‍: ബ്രിട്ടനെയാകെ ഞെട്ടിച്ച സംഭവമായിരുന്നു 10 വയസ്സുകാരി മകളെ കൊന്നതിന് ശേഷം പിതാവും കാമുകിയും സഹോദരനും കൂടി രാജ്യം വിട്ട് പാകിസ്ഥാനിലേക്ക് പോയ സംഭവം. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 10 ന് ആയിരുന്നു ക്രൂരമായ സംഭവം അരങ്ങേറിയത്. പാകിസ്ഥാനിലെത്തിയ ശേഷം കുട്ടിയുടെ പിതാവ് ഉര്‍ഫാന്‍ ഷെരീഫ് തന്നെയായിരുന്നു ഫോണ്‍ വഴി പോലീസിനെ അറിയിച്ചത്. താന്‍ അവളെ നിയമപരമായി ശിക്ഷിച്ചതാണെന്നും, എന്നാല്‍ അവള്‍ മരണമടയുകയാണ് ഉണ്ടായതെന്നുമാണ് അയാള്‍ പറഞ്ഞത്. മകളെ തല്ലി കൊല്ലുകയായിരുന്നു എന്നാണ് ഇയാള്‍ സമ്മതിച്ചത്.

മരണമടഞ്ഞ മകളുടെ ശരീരത്തിന് സമീപത്ത് നിന്ന്, ഉര്‍ഫാന്‍ ഷെരീഫിന്റെ കൈയക്ഷരത്തില്‍ ഉള്ളത് എന്ന് കരുതുന്ന ഒരു കുറിപ്പും കിട്ടിയെന്ന് വിചാരണക്കിടെ പ്രോസിക്യൂഷന്‍ കോടതിയില്‍ ബോധിപ്പിച്ചു. താനാണ് മകളെ കൊന്നതെന്ന് അതില്‍ എഴുതിയുരുന്നത്രെ. കൊല്ലണമെന്ന് താന്‍ ഉദ്ദേശിച്ചില്ലെന്നും എന്നാല്‍, അത് സംഭവിച്ചപ്പോള്‍ താന്‍ ഭയന്നതിനാലാണ് താന്‍ നാടുവിട്ടതെന്നും അയാള്‍ പറയുന്നു. നാടുവിട്ട്, സ്വന്തം നാടായ പാകിസ്ഥാനിലെത്തിയ ഇയാള്‍ തന്നെയായിരുന്നു 999 എന്ന നമ്പറില്‍ വിളിച്ച് സംഭവം അറിയിച്ചതും വീടിന്റെ മേല്‍വിലാസം നല്‍കിയതും അപ്പൊള്‍ ഇയാള്‍ കരച്ചിലിന്റെ വക്കിലായിരുന്നു എന്ന് ഇയാളുടെ ഫോണ്‍ എടുത്ത ഓപ്പറേറ്റര്‍ പറയുന്നു.

മരിക്കുന്നതിന് മുന്‍പായി സാറ എന്ന പത്ത് വയസ്സുകാരിയെ ഇയാള്‍ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ചതായും കോടതിയില്‍ ബോധിപ്പിച്ചു. കൊല്ലപ്പെടുന്നതിന് മാസങ്ങള്‍ക്ക് മുന്‍പ് സാറ ഹിജാബ് ധരിക്കാന്‍ ആരംഭിച്ചതായി അയല്‍ക്കാര്‍ പറഞ്ഞിരുന്നു. ഒരുപഷെ വീട്ടില്‍ നിന്നുള്ള മര്‍ദ്ദനത്തിന്റെ പരിക്കുകള്‍ മറയ്ക്കാനായിരിക്കും അതെന്നാണ് പ്രോസിക്യൂട്ടര്‍ കോടതിയില്‍ പറഞ്ഞത്. ഏതാണ്ട് അതേ സമയം മുതല്‍ സാറായുടെ കരച്ചിലും നിലവിളിയും കേള്‍ക്കാന്‍ തുടങ്ങിയതായും അയല്‍ക്കാര്‍ പറഞ്ഞിരുന്നു. മാത്രമല്ല, സാറായുടെ കണ്ണുകളും കവിളുകളും വീര്‍ത്തിരിക്കുന്നത് അവള്‍ പഠിക്കുന്ന സ്‌കൂളിലെ ജീവനക്കാരും ശ്രദ്ധിച്ചിരുന്നു. എന്നാല്‍, അതിന് ഓരോ കാരണങ്ങള്‍ പറഞ്ഞ് സാറാ ഒഴിഞ്ഞു മാറുകയായിരുന്നു.

മരണശേഷം സാറയുടെ വീട്ടിലെത്തിയ പോലീസുകാര്‍ അടുക്കളയില്‍ നിലത്ത് സാറയുടെ ചോരപ്പാടുകള്‍ കണ്ടെത്തിയിരുന്നു. മാത്രമല്ല, ഔട്ട്ഹൗസിന്റെ ചുമരിനോട് ചാരിവെച്ചിരുന്ന ക്രിക്കറ്റ് ബാറ്റിലും രക്തം കണ്ടെത്തി. സാറയുടെ മുഖം ഒരു പ്ലാസ്റ്റിക് കവര്‍ കൊണ്ട് മറച്ച രീതിയിലായിരുന്നു പോലീസ് കണ്ടെത്തുമ്പോള്‍. പോസ്റ്റ്ബമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സാറയ്ക്ക് വടിയും മറ്റ് വസ്തുക്കളും ഉപയോഗിച്ച് മര്‍ദ്ദനമേറ്റതായി തെളിഞ്ഞിരുന്നു. മാത്രമല്ല, ശ്വാസം മുട്ടിക്കുകയും ചെയ്തിട്ടുണ്ട്. നട്ടെല്ലിന് മാത്രം പതിനൊന്നോളം ക്ഷതങ്ങളായിരുന്നു ഏറ്റിരുന്നത്.

Tags:    

Similar News