ജോലിയില്‍ സ്ഥാനക്കയറ്റത്തിനായി ബിരുദ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്തത് നാട്ടിലെ സുഹൃത്ത് വഴി; യുഎഇ എംബസിയുടെതെന്ന പേരില്‍ വ്യാജ സീലും സ്റ്റാംപും; വ്യാജ അറ്റസ്റ്റേഷനില്‍ നേരിട്ട് പങ്കില്ല; നിയമകുരുക്കില്‍പ്പെട്ട കണ്ണൂര്‍ സ്വദേശിയെ കുറ്റവിമുക്തനാക്കി ഷാര്‍ജ കോടതി
വ്യാജ അറ്റസ്റ്റേഷന്‍: കണ്ണൂര്‍ സ്വദേശിയെ ഷാര്‍ജ കോടതി കുറ്റ വിമുക്തനാക്കി
ഷാര്‍ജ: ബിരുദ സര്‍ട്ടിഫിക്കറ്റില്‍ അറ്റസ്റ്റേഷന്‍ വ്യാജമായി ചെയ്‌തെന്നാരോപിച്ച് നിയമക്കുരുക്കിലകപ്പെട്ട കണ്ണൂര്‍ സ്വദേശിയെ ഷാര്‍ജ കോടതി കുറ്റവിമുക്തനാക്കി. കണ്ണൂര്‍ തളിപ്പറമ്പ് കോലച്ചേരി സ്വദേശി സജേഷ് ചോടത്ത് വാസുദേവനെയാണ് കുറ്റവിമുക്തനാക്കിയത്. കുറ്റകൃത്യത്തില്‍ സജേഷിന് നേരിട്ട് പങ്കില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ബിരുദ സര്‍ട്ടിഫിക്കറ്റില്‍ വ്യാജ സീലും സ്റ്റാംപും പതിപ്പിച്ച് ഷാര്‍ജ വിദേശകാര്യ മന്ത്രാലയത്തെ കബളിപ്പിക്കാന്‍ ശ്രമിച്ചു എന്നാരോപിച്ച് നീതിന്യായ മന്ത്രാലയം നല്‍കിയ പരാതിക്കെതിരെ യാബ് ലീഗല്‍ സര്‍വീസസിലെ അഡ്വ. മുഹമ്മദ് അബ്ദുല്‍റഹ്‌മാന്‍ മുഹമ്മദ് അബ്ദുല്ല അല്‍ സുവൈദി മുഖേന നല്‍കി കേസിലാണ് സജേഷിന് അനുകൂല വിധിയുണ്ടായത്. 2024 ജൂലൈ 2നാണ് കേസിനാസ്പദമായ സംഭവം.
ജോലിസ്ഥലത്തെ സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട് 2010 ല്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് നാട്ടിലെ ഒരു സുഹൃത്ത് വഴി സജേഷ് അറ്റസ്റ്റ് ചെയ്തിരുന്നു. വീസ പുതുക്കുന്നതുമായി ബന്ധപ്പെട്ട് ഷാര്‍ജയിലെ വിദേശകാര്യ മന്ത്രാലയത്തില്‍ അറ്റസ്റ്റേഷന് സമര്‍പ്പിച്ചപ്പോഴാണ് സര്‍ട്ടിഫിക്കറ്റില്‍ പതിപ്പിച്ച സീല്‍ വ്യാജമാണെന്ന് കണ്ടെത്തി സജേഷിനെ അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. ഇതേ തുടര്‍ന്ന് നിയമസഹായം തേടുകയായിരുന്നു. കുറ്റകൃത്യത്തില്‍ സജേഷിന് നേരിട്ട് പങ്കില്ലെന്നും സര്‍ട്ടിഫിക്കറ്റില്‍ പതിച്ചത് വ്യാജ സീലും സ്റ്റാംപുമാണെന്ന് അറിയാതെയാണ് സജേഷ് ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വിദേശ കാര്യമന്ത്രാലയത്തിന്റെ അംഗീകാരത്തിന് നല്‍കിയതെന്നും കോടതിയെ ബോധിപ്പിച്ചു.
2024 ജൂലൈ 2 - നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ജോലി സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട് സജേഷ് തന്റെ നാട്ടിലുള്ള സുഹൃത്ത് വഴി 1998 ലെ ഡിഗ്രി സര്‍ട്ടിഫിക്കേറ്റ് 2010 ല്‍ നാട്ടില്‍ വെച്ച് അറ്റസ്റ്റ് ചെയ്യുകയും ശേഷം 14 വര്‍ഷങ്ങള്‍ക്കിപ്പുറം ഇഖാമ പുതുക്കുന്നതുമായി ബന്ധപ്പെട്ടു ഷാര്‍ജയിലുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ കീഴില്‍ അറ്റസ്റ്റേഷന് സമര്‍പ്പിക്കുകയുണ്ടായി. തുടര്‍ന്ന് സര്‍ട്ടിഫിക്കറ്റ് പരിശോധിച്ച അധികൃതര്‍ അതില്‍ പതിച്ചിരിക്കുന്ന ഡല്‍ഹിയിലെ യുഎഇ എംബസിയുടെ സീല്‍ വ്യാജമാണെന്ന് കണ്ടെത്തുകയും സജേഷിനെ ഷാര്‍ജ പോലീസിന് കൈമാറി അറസ്റ്റ് ചെയ്തു ജ്യാമത്തില്‍ വിട്ടയച്ചു.
തുടര്‍ന്ന് പ്രതിസന്ധിയിലായ സജേഷ് കുടുംബസമ്മേതം യാബ് ലീഗല്‍ സര്‍വീസസ് സിഇഒ സലാം പാപ്പിനിശ്ശേരിയെ സമീപിക്കുകയായിരുന്നു. ശേഷം യാബ് ലീഗല്‍ സര്‍വീസസിലെ യുഎഇ അഭിഭാഷകര്‍ ഷാര്‍ജ പ്രോസിക്യൂഷനില്‍ നിജസ്ഥിതി ബോധിപ്പിച്ചെങ്കിലും പ്രോസിക്യൂഷന്റെ ഭാഗത്തു നിന്നും സജേഷിനെതിരെ നിയമ നടപടി സ്വീകരിക്കാന്‍ ഷാര്‍ജ ഫസ്റ്റ് ഇന്‍സ്റ്റന്റ് കോടതിയിലേക്ക് കേസ് ട്രാന്‍സ്ഫര്‍ ചെയ്തു.
സജേഷിന് മേല്‍ ആരോപിക്കപ്പെട്ട കുറ്റകൃത്യത്തില്‍ ഇദ്ദേഹത്തിന് നേരിട്ടുള്ള പങ്കാളിത്തമില്ലായെന്നും വ്യാജ സീല്‍ സ്റ്റാമ്പ് എന്നിവ ഉണ്ടാക്കിയതും അത് സര്‍ട്ടിഫിക്കറ്റില്‍ പതിപ്പിച്ചതും ഇദ്ദേഹത്തിന്റെ നാട്ടിലുള്ള സുഹൃത്ത് മുഖേനെയാണെന്നും ഇതൊന്നുമറിയാതെയാണ് സജേഷ് ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വിദേശ കാര്യമന്ത്രാലയത്തിന്റെ അംഗീകാരത്തിന് നല്‍കിയതെന്നും ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റിന്റെ മേല്‍ ഒരാളും അറിഞ്ഞുകൊണ്ട് വ്യാജമായി അറ്റസ്റ്റേഷന്‍ നടത്താന്‍ മുതിരില്ലെന്നും അതുകൊണ്ട് തന്നെ ഇദ്ദേഹത്തെ നിരപരാധിയായി വിധിക്കാനും യുഎഇ അഭിഭാഷകനായ അഡ്വ. മുഹമ്മദ് അബ്ദു റഹ്‌മാന്‍ മുഹമ്മദ് അബ്ദുള്ള അസ്സുവൈദി കോടതിയില്‍ ആവശ്യപ്പെട്ടു.
യാബ് ലീഗല്‍ സര്‍വീസസിലെ അഭിഭാഷകന്റെ വാദവും മെമ്മോറാണ്ടം ഉള്‍പ്പടെയുള്ള രേഖകളും സൂക്ഷ്മമായി നിരീക്ഷിച്ച ഷാര്‍ജ കോടതി സജേഷ് മനപൂര്‍വം കുറ്റം ചെയ്തു എന്ന് തെളിയിക്കുന്ന മതിയായ രേഖകള്‍ ലഭിക്കാത്തതിനാലും ചോദ്യം ചെയ്യലുകളിലെല്ലാം കുറ്റം നിഷേധിച്ചതിനാലും തെറ്റ് സജേഷിന്റെ ഭാഗത്തല്ല എന്ന് കോടതിക്ക് ബോധ്യപ്പെട്ടു. തുടര്‍ന്ന് ഡിഗ്രി സര്‍ട്ടിഫിക്കറ്റ് സംശയാസ്പദമായ രീതിയില്‍ ഉപയോഗിച്ചതിനാല്‍ കണ്ടുകെട്ടാനും ശിക്ഷ നടപ്പാക്കുന്നത് നിര്‍ത്തി വെക്കാനും കോടതി ഉത്തരവിട്ടു.
പ്രവാസലോകത്ത് ഒട്ടനവധി പ്രവാസികള്‍ പ്രത്യേകിച്ച് മലയാളികള്‍ ഡ്യൂപ്ലിക്കേറ്റ് സര്‍ട്ടിഫിക്കറ്റ് ഒര്‍ജിനല്‍ അറ്റസ്റ്റേഷന്‍ നടത്തിയും ഒര്‍ജിനല്‍ സര്‍ട്ടിഫിക്കറ്റുകളില്‍ ഡ്യൂപ്ലിക്കേറ്റ് അറ്റസ്റ്റേഷന്‍ നടത്തിയതുമായി ബന്ധപ്പെട്ട കേസുകളില്‍ അകപ്പെട്ട് ഒട്ടനവധിയാളുകള്‍ ജയിലിലകപ്പെടുകയും നാട്ടിലേക്ക് ഡിപ്പോട്ട് ചെയ്ത് മടങ്ങിയതായും അറിയാന്‍ സാധിച്ചിട്ടുണ്ടെന്ന് സലാം പാപ്പിനിശ്ശേരി വിശദമാക്കി. കൂടുതല്‍ ആളുകളും അറ്റസ്റ്റേഷനായി അംഗീകാരമില്ലാത്ത ഏജന്റുമാരെയാണ് ഏല്‍പ്പിക്കുന്നത്. അവരവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ അറ്റസ്റ്റ് ചെയ്യാന്‍ പരമാവധി ശ്രമിക്കണമെന്നും ഏജന്റുമാരെ ഏല്‍പ്പിക്കുന്നവര്‍ ആധികാരികമായ സ്ഥാപനങ്ങളില്‍ മാത്രം ഏല്പിക്കാന്‍ ശ്രദ്ധിക്കണമെന്നും അല്ലാത്തപക്ഷം ഇത്തരത്തിലുള്ള നിയമപ്രതിസന്ധികള്‍ നേരിടേണ്ടി വരുമെന്നും സലാം പാപ്പിനിശ്ശേരി അറിയിച്ചു.