ആശ്രിത വിസ നിര്‍ത്തിയതും മിനിമം സാലറി ഉയര്‍ത്തിയതും തിരിച്ചടിയായി; കെയര്‍ വിസയില്‍ യുകെയില്‍ എത്തുന്നവരുടെ എണ്ണം കുത്തനെ ഇടിഞ്ഞു; പുതിയ കണക്കുകള്‍ ബ്രിട്ടണ്‍ പുറത്ത് വിടുമ്പോള്‍ അവസാനിച്ചത് മലയാളിയുടെ സ്വപ്‌നങ്ങള്‍
ലണ്ടന്‍: 2025 ജനുവരിയില്‍ അവസാനിച്ച പത്ത് വര്‍ഷക്കാലയളവില്‍ സ്‌കില്‍ഡ് വിസയില്‍ ബ്രിട്ടനിലെത്തിയത് വളരെ കുറച്ച് വിദേശ തൊഴിലാളികള്‍ മാത്രം. 2024 ഏപ്രിലിനും 2025 ജനുവരിക്കും ഇടയില്‍ നല്‍കിയ ഹെല്‍ത്ത് ആന്‍ഡ് കെയര്‍ വര്‍ക്കര്‍ വിസയുടെ എണ്ണത്തിലും കാര്യമായ കുറവുണ്ടായി. കെയര്‍ വര്‍ക്കര്‍മാരെ ഷോര്‍ട്ടേജ് ഒക്കുപേഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്ന 2022 ഫെബ്രുവരി മുതല്‍ 2023 ആഗസ്റ്റ് വരെയുള്ള കാലഘട്ടത്തില്‍ പ്രതിമാസ അപേക്ഷകരുടെ എണ്ണം 4,100 ല്‍ നിന്നും 18,300 ആയി ഉയര്‍ന്നിരുന്നു.
എന്നാല്‍, ഇപ്പോള്‍ ഇത് താഴേക്ക് കൂപ്പു കുത്തുകയാണ്. 2024 മാര്‍ച്ചില്‍ അപേക്ഷിച്ചത് 2,400 പേര്‍ മാത്രമായിരുന്നു. പിന്നീട് ഈ കണക്ക് ഏറെ മാറ്റമില്ലാതെ കുറച്ചു മാസങ്ങള്‍ കൂടി തുടര്‍ന്നെങ്കിലും 2025 ല്‍ ലഭിച്ചത് 1900 അപേക്ഷകള്‍ മാത്രമായിരുന്നു എന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. 2024 ഏപ്രില്‍ മുതല്‍ 2025 ജനുവരി വരെയുള്ള കാലയളവില്‍ ഹെല്‍ത്ത് ആന്‍ഡ് കെയര്‍ വിസയ്ക്കായി അപേക്ഷിച്ചത് 23,200 പേരായിരുന്നു. 2023 ഏപ്രില്‍ മുതല്‍ 2024 ജനുവരി വരെയുള്ള കാലഘട്ടത്തില്‍ ലഭിച്ചതിനേക്കാള്‍ 81 ശതമാനം കുറവാണ് ഇക്കാര്യത്തില്‍ ഉണ്ടായത്.
2024 മാര്‍ച്ചിലായിരുന്നു സോഷ്യല്‍ കെയര്‍ വര്‍ക്കര്‍മാരെയും അവരുടെ കുടുംബത്തെയും ബാധിക്കുന്ന തരത്തില്‍ നയങ്ങളില്‍ മാറ്റമുണ്ടായത്. വിദേശ കെയര്‍ വര്‍ക്കര്‍മാര്‍ അവരുടെ കുടുംബത്തെയും കുട്ടികളെയും ബ്രിട്ടനിലേക്ക് കൊണ്ടുവരുന്നത് സര്‍ക്കാര്‍ നിരോധിച്ചു. ഇതോടെ, ഏകരായുള്ളവര്‍ക്കോ, കുടുംബത്തെ നാട്ടില്‍ വിട്ട് യു കെയിലേക്ക് വരാന്‍ തയ്യാറുള്ളവരോ ആയവര്‍ക്ക് മാത്രമെ വിസയ്ക്കായി അപേക്ഷിക്കാനാകൂ എന്ന സാഹചര്യം സംജാതമായി.
എന്നാല്‍, 2023 ന്റെ രണ്ടാം പകുതി മുതല്‍ തന്നെ ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ മേഖലയിലെ തൊഴിലുടമകളെ സര്‍ക്കാര്‍ കര്‍ക്കശ പരിശോധനകള്‍ക്ക് വിധേയമാക്കാന്‍ തുടങ്ങിയതിനാലും ചില തൊഴിലുടമകള്‍ക്ക് നേരെ കര്‍ശന നടപടികള്‍ കൈക്കൊണ്ടതിനാലും വിദേശത്തു നിന്നും കെയര്‍ വര്‍ക്കര്‍മാരെ റിക്രൂട്ട് ചെയ്യുന്നത് സാവധാനം കുറഞ്ഞു തുടങ്ങിയിരുന്നു. ആശ്രിത വിസയ്ക്കുള്ള അപേക്ഷകളുടെ എണ്ണവും 2023 ഡിസംബര്‍ മുതല്‍ കുറഞ്ഞു തുടങ്ങിയിരുന്നു.
സ്‌കില്‍ഡ് വര്‍ക്കര്‍ വിസയുടെ കാര്യത്തിലും ഈ കുറവ് ദൃശ്യമാകുന്നുണ്ട്. 2024 ഏപ്രില്‍ മുതല്‍ 2025 ജനുവരി വരെയുള്ള കാലയളവില്‍, തൊട്ട് മുന്‍പത്തെ വര്‍ഷം ഇതേ കാലയളവില്‍ ലഭിച്ചതിനേക്കാള്‍ 10 ശതമാനം അപേക്ഷകള്‍ കുറവാണ് ലഭിച്ചത്. വിസ ലഭിക്കുന്നതിനുള്ള മിനിമം ശമ്പള പരിധി ഉയര്‍ത്തിയതാണ് ഇതിന് പ്രധാന കാരണം.