ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും തമ്മില്‍ യൂത്ത് വിസ കരാര്‍ വരുന്നു; മുപ്പത് വയസ്സില്‍ താഴെ ഉള്ളവര്‍ക്ക് ഇനി എളുപ്പത്തില്‍ യൂറോപ്പില്‍ പഠിക്കുകയോ ജോലി ചെയ്യുകയോ ആവാം: യുകെ മലയാളികള്‍ അടക്കം അനേകര്‍ക്ക് ഗുണം ചെയ്യുന്ന പുതിയ വിസയെ അറിയാം
ലണ്ടന്‍: ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും തമ്മില്‍ യൂത്ത് വിസ കരാര്‍ വരുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. ബ്രെക്സിറ്റിന് ശേഷം ഇരു കക്ഷികളും തമ്മിലുള്ള ബന്ധം പുതിയൊരു തലത്തില്‍ എത്തിക്കുന്നതിനായി അടുത്തമാസം ഉന്നതതല സമ്മേളനം നടക്കാന്‍ ഇരിക്കവെയാണ് ഇത്തരമൊരു സൂചന പുറത്തു വരുന്നത്. യുവാക്കള്‍ക്ക് വിദേശത്ത് പഠിക്കുന്നതും ജോലി ചെയ്യുന്നതും എളുപ്പമാക്കുന്ന ഇത്തരമൊരു പദ്ധതി ആലോചനയിലില്ല എന്നായിരുന്നു ലേബര്‍ പാര്‍ട്ടി നേരത്തെ പറഞ്ഞിരുന്നത്.
എന്നാല്‍, ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ചക്കിടയില്‍ ഇരുഭാഗവും തമ്മിലുള്ള പരസ്പര ബന്ധം ശക്തിപ്പെടുത്തുന്നതിനായി ഇത്തരമൊരു പദ്ധതി വേണമെന്ന് യൂറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതില്‍ അനൗപചാരികമായ ഒരു ഒത്തു തീര്‍പ്പുണ്ടായി എന്നാണ് ബി ബി സി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട് ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ മുന്‍ നിലപാട് ആവര്‍ത്തിക്കാന്‍ ലേബര്‍ വൃത്തങ്ങള്‍ തയ്യാറായില്ല എന്നത് ശ്രദ്ധേയമാണ്.
അതിനിടയില്‍ അറുപതോളം ലേബര്‍ എം പിമാര്‍ മന്ത്രിമാരെ കണ്ട് 30 വയസ്സില്‍ താഴെയുള്ളവര്‍ക്കായി ബ്രിട്ടനും യൂറോപ്യന്‍ യൂണിയനുമിടയില്‍ ഒരു യൂത്ത് വിസ പദ്ധതി നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇത് നടപ്പില്‍ വന്നാല്‍, മലയാളികള്‍ ഉള്‍പ്പടെ ബ്രിട്ടീഷ് പൗരത്വമുള്ളവര്‍ക്ക് യൂറോപ്യന്‍ യൂണിയനില്‍ പഠിക്കുന്നതും ജോലി ചെയ്യുന്നതും കൂടുതല്‍ എളൂപ്പമാകും. ഇത്തരമൊരു പദ്ധതി ബ്രിട്ടനിലെ യുവാക്കള്‍ക്ക് സാംസ്‌കാരിക, വിദ്യാഭ്യാസ, സാമ്പത്തിക മണ്ഡലങ്ങളില്‍ പുതിയ അവസരങ്ങള്‍ തുറന്നു കൊടുക്കുമെന്നാണ് ഇ യു റിലേഷന്‍ മന്ത്രി നിക്ക് തോമസ് സിമ്മണ്ട്‌സിന് ലേബര്‍ എം പിമാര്‍ എഴുതിയ കത്തില്‍ പറയുന്നത്.
മെയ് 19 ന് ലണ്ടനില്‍ വെച്ച് നടക്കുന്ന ഉന്നതതല സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നതിനിടയില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മറും യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡണ്ട് ഉറുസ്വല വോണ്‍ ഡേര്‍ ലെയെനും തമ്മില്‍ കൂടിക്കാഴ്ച നടക്കുകയും ചെയ്തു. ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നടക്കുന്ന ചര്‍ച്ചകള്‍ക്ക് നല്ല പുരോഗതി ഉണ്ടായതായി ഇരുവരും വിലയിരുത്തി എന്ന് ഡൗണിംഗ് സ്ട്രീറ്റ് വൃത്തങ്ങള്‍ പറഞ്ഞു. ചര്‍ച്ചകള്‍ തുടരുമെന്നും അവര്‍ അറിയിച്ചു.