പോയ വര്‍ഷം ഇന്ത്യക്കാര്‍ക്ക് ബ്രിട്ടന്‍ നല്‍കിയത് ആശ്രിതര്‍ക്കടക്കം 81463 വര്‍ക്ക് വിസകളും 159371 സ്റ്റുഡന്റ് വിസകളും; വര്‍ക്ക് പെര്‍മിറ്റില്‍ 30000 പേര്‍ ആരോഗ്യമേഖലയില്‍: മൂന്ന് വര്‍ഷം വരെ ഇന്ത്യക്കാര്‍ക്ക് എന്‍ഐ വിഹിതം ഒഴിവാക്കുമ്പോള്‍ അറിയേണ്ട ഇന്ത്യന്‍ കുടിയേറ്റ കണക്ക്

Update: 2025-05-08 02:45 GMT

രു ടു ടയര്‍ ടാക്സ് സിസ്റ്റം കൊണ്ടുവന്ന് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ ഇന്ത്യ തൊഴിലാളികളെ സഹായിക്കുന്നു എന്ന ആരോപണം ഉയരുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യം യു കെയിലേക്ക് വരാനും ജോലി ചെയ്യാനും ഏറ്റവും അധികം വിസ നല്‍കിയത് ഇന്ത്യാക്കാര്‍ക്ക് ആണെന്നാണ്. ഇപ്പോള്‍ ഇന്ത്യയുമായി ഒപ്പ് വയ്ക്കാന്‍ പോകുന്ന 5 ബില്യന്‍ പൗണ്ടിന്റെ വ്യാപാര കരാറിന്റെ ഭാഗമായി ഇന്ത്യയില്‍ നിന്നും ബ്രിട്ടനിലേക്ക് താത്ക്കാലികമായി ജോലിക്കെത്തുന്നവരെ നാഷണല്‍ ഇന്‍ഷുറന്‍സിന്റെ വിഹിതം നല്‍കുന്നതില്‍ നിന്നും ഒഴിവാക്കും. ഇതോടെ, ബ്രിട്ടീഷ് തൊഴിലുടമകള്‍ക്ക്, ഏറ്റവും കുറഞ്ഞ ചെലവില്‍ നിയമിക്കാന്‍ കഴിയുക ഇന്ത്യന്‍ പൗരന്മാരെ ആയിരിക്കും എന്ന സ്ഥിതി വന്നിരിക്കുകയാണ്.

ഇന്ത്യ ഇത് ഒരു വന്‍ വിജയമാണ് ആഘോഷിക്കുന്നതെങ്കിലും, ബ്രിട്ടനില്‍ പ്രധാനമന്ത്രി വലിയ ആരോപണം നേരിടുകയാണ്. കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ നാഷണല്‍ ഇന്‍ഷുറന്‍സില്‍ തൊഴിലുടമ നല്‍കേണ്ടുന്ന വിഹിതം വര്‍ദ്ധിപ്പിച്ചിരുന്നു. ഇപ്പോള്‍, ബ്രിട്ടീഷുകാരാായ ജീവനക്കാരെ നിയമിച്ചാല്‍ തൊഴിലുടമക്ക് ഈ വിഹിതം നല്‍കേണ്ടതായി വരും. എന്‍ ഐ വിഹിതം വര്‍ദ്ധിപ്പിച്ചതില്‍ പിന്നെ പലരും പുതിയ നിയമനങ്ങള്‍ നടത്താതിരിക്കുകയോ വൈകിപ്പിക്കുകയോ ആണ്. ചില തൊഴിലുടമകള്‍ ജീവനക്കാരെ പിരിച്ചുവിട്ട് എണ്ണം കുറയ്ക്കാനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്.

2024 ല്‍ ഇന്ത്യാക്കാര്‍ക്കായി ജോലിയുമായി ബന്ധപ്പെട്ട് 81,463 വിസകള്‍ നല്‍കിയതായാണ് ഹോം ഓഫീസിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. അതായത്, മൊത്തം ജോബ് വിസകളുടെ 22 ശതമാനം നല്‍കിയത് ഇന്ത്യാക്കാര്‍ക്ക് എന്നര്‍ത്ഥം. ഇപ്പോള്‍ ഇന്ത്യയുടെ ആവശ്യത്തിന് വഴങ്ങി, താത്ക്കാലിക ഇന്ത്യന്‍ ജീവനക്കാര്‍ക്ക് എന്‍ ഐ വിഹിതം ഒഴിവാക്കിയ നടപടി അവരില്‍ പലര്‍ക്കും പ്രയോജനകരമാവുകയും ചെയ്യും. അതോടൊപ്പം തന്നെ അവരെ നിയമിച്ചിരിക്കുന്ന കമ്പനികള്‍ക്കും ഇവര്‍ക്കായി എന്‍ ഐ വിഹിതം നല്‍കേണ്ടതില്ല. അവര്‍ക്കും ഇത് പ്രയോജനകരമാണ്. യു കെയില്‍ ജോലി ചെയ്യുന്നത് മൂന്ന് വര്‍ഷത്തില്‍ കുറവാണെങ്കിലാണ് ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് എന്‍ ഐ ആവശ്യമില്ലാതെ വരുന്നത്.

ഇതേ നിബന്ധന ഇന്ത്യയില്‍ ജോലി ചെയ്യുന്ന ബ്രിട്ടീഷുകാര്‍ക്കും ബാധ്കമായിരിക്കും. അതായത്, താത്ക്കാലികമായി ജോലി ചെയ്യാത്തവര്‍ക്ക് പ്രയോജനം ലഭിക്കാത്ത സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ക്കായി അവര്‍ വിഹിതം നല്‍കേണ്ടി വരില്ല എന്ന അടിസ്ഥാന ആശയം ഇരു രാജ്യങ്ങളിലെയും പൗരന്മാര്‍ക്ക് ബാധകമാകും. എന്നാല്‍, ഈ ഇരട്ടത്താപ്പ് നയം ബ്രിട്ടീഷ് തൊഴിലാളികള്‍ക്ക് പരിഗണന ലഭിക്കുന്നത് തടയും എന്നാണ് കെമി ബെയ്ഡ്‌നോക്കും, നെയ്ജല്‍ ഫരാജും പറയുന്നത്.

അതുകൂടാതെ പുതിയ വ്യാപാര കരാറിന്റെ ഭാഗമായി യോഗ അധ്യാപകരെയും സ്‌കില്‍ഡ് വര്‍ക്കര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പാചക വിദഗ്ധര്‍, സംഗീതജ്ഞര്‍ തുടങ്ങിയവര്‍ക്കൊപ്പമാണ് യോഗ അധ്യാപകരെയും ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് കൂടുതല്‍ ഇന്ത്യാക്കാര്‍ക്ക് യു കെയില്‍ തൊഴില്‍ ലഭിക്കുന്നതിന് സഹായിക്കും എന്നു കരുതുന്നു.

Similar News