പ്രവാസികള്‍ക്കും കുടുംബങ്ങള്‍ക്കുമായി നോര്‍ക്ക കെയര്‍ ഇന്‍ഷുറന്‍സ് നിലവില്‍ വന്നു; 30 വരെ എന്റോള്‍ ചെയ്യാം

Update: 2025-11-01 16:27 GMT

തിരുവനന്തപുരം: പ്രവാസികള്‍ക്കും കുടുംബങ്ങള്‍ക്കുമായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക വഴി നടപ്പാക്കുന്ന ആരോഗ്യ, അപകട ഇന്‍ഷുറന്‍സ് പദ്ധതി 'നോര്‍ക്ക കെയര്‍' കേരളപ്പിറവി ദിനത്തില്‍ നിലവില്‍ വന്നു. 1,02,524 കുടുംബങ്ങള്‍ ഇതുവരെ പദ്ധതിയില്‍ ചേര്‍ന്നു. ഇതുവഴി നാലു ലക്ഷത്തിന് മുകളില്‍ വ്യക്തികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. പദ്ധതിയില്‍ ചേരാനുള്ള സമയപരിധി 30 വരെ നീട്ടിയിട്ടുണ്ട്.

പദ്ധതിയുടെ ഔദ്യോഗിക ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ് മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ന്യൂ ഇന്ത്യ അഷുറന്‍സ് ഡിജിഎം ജോയ്സ് സതീഷ് നോര്‍ക്ക റൂട്‌സ് സിഇഒ അജിത് കൊളശേരിക്ക് കൈമാറി. നോര്‍ക്ക റൂട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍, വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ടി വി അനുപമ, ഇന്‍ഷുറന്‍സ് കമ്പനി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

പ്രവാസികളില്‍നിന്നും പ്രവാസി സംഘടനകളില്‍നിന്നും ആവശ്യമുയര്‍ന്ന സാഹചര്യത്തിലാണ് സമയപരിധി ദീര്‍ഘിപ്പിച്ചതെന്ന് പി ശ്രീരാമകൃഷ്ണനും അജിത് കൊളശേരിയും അറിയിച്ചു. നേരത്തേ ഒക്ടോബര്‍ 31 വരെയായിരുന്നു എന്റോള്‍ ചെയ്യാനുള്ള സമയപരിധി. സെപ്തംബര്‍ 22-ന് ആരംഭിച്ച ഗ്ലോബല്‍ രജിസ്‌ട്രേഷന്‍ ഡ്രൈവ് 40 ദിവസത്തിലാണ് 1,02,524 കുടുംബങ്ങളെ അംഗങ്ങളാക്കിയത്. ഈ കാലയളവില്‍ രണ്ടു ലക്ഷത്തോളം പ്രവാസി കേരളീയര്‍ പുതുതായി നോര്‍ക്ക പ്രവാസി ഐഡി കാര്‍ഡ് സേവനവും പ്രയോജനപ്പെടുത്തി. നോര്‍ക്കയിലെ ജീവനക്കാര്‍ക്കൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ പ്രവാസി സമൂഹവും പ്രവാസി സംഘടനകളും കൂട്ടായ്മകളും പദ്ധതിയുടെ പ്രചാരണത്തിനും രജിസ്ട്രേഷനുമായി വിപുലമായ പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കിയതെന്നും പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

രാജ്യത്താദ്യമായാണ് പ്രവാസികള്‍ക്കായി ഒരു സംസ്ഥാന സര്‍ക്കാര്‍ ഇത്തരം ആരോഗ്യ ഇന്‍ഷുറന്‍സ് നടപ്പാക്കിയത്. സാധുവായ നോര്‍ക്ക പ്രവാസി ഐഡി, സ്റ്റുഡന്റ് ഐഡി, എന്‍ആര്‍കെ ഐഡി കാര്‍ഡുള്ള പ്രവാസി കേരളീയര്‍ക്കാണ് പദ്ധതിയില്‍ എന്റോള്‍ ചെയ്യാനാകുക. രണ്ടു മക്കളടക്കം നാലുപേരടങ്ങുന്ന കുടുംബത്തിന് 13,411 രൂപയോ, 563 ദിര്‍ഹമോ ആണ് പ്രീമിയം. അധികം കുട്ടികളില്‍ ഓരോരുത്തര്‍ക്കും 4130 രൂപയോ 173 ദിര്‍ഹമോ അടയ്ക്കണം. വ്യക്തിക്ക് 8101 രൂപയോ 340 ദിര്‍ഹമോ ആണ് പ്രീമിയം തുക. രണ്ടാം ഘട്ടത്തില്‍ പ്രവാസികളുടെ രക്ഷിതാക്കളെയും പരിധിയില്‍ കൊണ്ടുവരും. 18 മുതല്‍ 70 വയസ്സുവരെയാണ് പ്രായപരിധി. ഗ്രൂപ് മെഡിക്ലെയിം അഞ്ചുലക്ഷം രൂപയാണ് ഇന്‍ഷുറന്‍സ് തുക. അലോപ്പതിക്ക് പുറമെ ആയുര്‍വേദവും ഇന്‍ഷുറന്‍സ് പരിധിയില്‍ വരും. ഗ്രൂപ് പേഴ്‌സണല്‍ ആക്‌സിഡന്റ് 10 ലക്ഷം രൂപയാണ്. നോര്‍ക്ക വെബ്സൈറ്റ്, ആപ്ലിക്കേഷന്‍ എന്നിവ വഴി രജിസ്റ്റര്‍ ചെയ്യാം. കേരളത്തിലെ 500ല്‍ അധികം ആശുപത്രികള്‍ ഉള്‍പ്പെടെ രാജ്യത്തെ 18,000 ത്തോളം ആശുപത്രികളില്‍ പദ്ധതിയുടെ സേവനം ലഭ്യമാകും.

Similar News