വീടുകള്‍ വാങ്ങിക്കൂട്ടി വാടകക്ക് കൊടുത്ത് ലാഭം ഉണ്ടാക്കുന്ന മലയാളികളുടെ നെഞ്ച് തകര്‍ത്ത് പുതിയ നിയമം; തൊട്ടതിനും പിടിച്ചതിനുമെല്ലാം ഇനി താങ്ങാനാവാത്ത പിഴ; യുകെയിലെ പുതിയ റെന്റേഴ്സ് റൈറ്റ് ആക്ട് ഇങ്ങനെ

Update: 2025-12-12 04:46 GMT

ലണ്ടന്‍: പണം നിക്ഷേപിക്കുന്ന കാര്യത്തില്‍ റിയല്‍ എസ്റ്റേറ്റ് നല്ലൊരു മേഖലയായാണ് പരിഗണിക്കപ്പെടുന്നത്. ഒന്നിലധികം വീടുകള്‍ വാങ്ങി, അവയൊക്കെ വാടകയ്ക്ക് നല്‍കി ലാഭം ഉണ്ടാക്കുന്ന മലയാളികള്‍ ഉള്‍പ്പടെ നിരവധിപേരുണ്ട് ബ്രിട്ടനില്‍. ഇവര്‍ക്കൊക്കെ ഒരു വലിയ തിരിച്ചടിയായി മാറിയിരുന്നു റെന്റേഴ്സ് റൈറ്റ്‌സ് ആക്റ്റ് 2025. ഇപ്പോഴിതാ ഈ നിയമത്തിന്റെ കീഴില്‍ നിയമലംഘനം നടത്തുന്നവര്‍ക്കുള്ള പിഴ തുകകളുടെ പട്ടിക പുറത്തിറങ്ങിയിരിക്കുന്നു. പലതും, താങ്ങാനാവാത്ത വന്‍ തുകകളാണെന്നതാണ് വീട്ടുടമകളെ വിഷമിപ്പിക്കുന്ന കാര്യം.

സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ ഗവ് ഡോട്ട് യു കെയില്‍ ഈയാഴ്ച പ്രസിദ്ധീകരിച്ച ഔദ്യോഗിക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം 3000 പൗണ്ട് മുതലാണ് പിഴത്തുക ആരംഭിക്കുന്നത്. ഏറ്റവും ഗുരുതരമായ നിയമലംഘനങ്ങള്‍ക്ക് അത് 35,000 പൗണ്ട് വരെയായി അത് ഉയരും. ഇതില്‍ പല നിയമലംഘനങ്ങളും സാധാരണ സംഭവിക്കാറുള്ള ചെറിയ പിഴവുകളായി കണ്ട് അവഗണിക്കുകയായിരുന്നു പതിവ്. എന്നാല്‍, ഇപ്പോള്‍ അത്തരം പിഴവുകള്‍ക്കും പിഴ നല്‍കേണ്ട സാഹചര്യമാണ് ഉയരുന്നത്. പരമ്പരാഗത രീതിയിലുള്ള ഹൗസിംഗ് നിയന്ത്രണത്തേക്കാള്‍ പുതിയ നിയമം കോര്‍പ്പറേറ്റ് നിയന്ത്രണത്തിന്റെ മാതൃകയാണ് പിന്തുടരുന്നത്.

ഒരു ബാനിംഗ് ഓര്‍ഡര്‍ ലംഘിക്കുമ്പോഴാണ് ഏറ്റവും കൂടിയ തുകയായ 35,000 പൗണ്ട് നല്‍കേണ്ടതായി വരിക. അതുപോലെ നൊ- ലെറ്റ് പിരീഡില്‍ ഒരു വീട് വാടകയ്ക്ക് നല്‍കിയാല്‍ 25,000 പൗണ്ട് പിഴയൊടുക്കേണ്ടതായി വരും. ചില നിശ്ചിത ലൈസന്‍സിംഗ് ഏരിയകളില്‍, ശരിയായ ലൈസന്‍സ് ഇല്ലാതെ പ്രവേശിക്കുന്നത് പോലുള്ള ഭരണപരമായ പിഴവുകള്‍ക്ക് പോലും 12,000 പൗണ്ട് വരെ പിഴ ഒടുക്കേണ്ടതായി വരും. പുതിയ ചെലവുകള്‍ ചാര്‍ത്തി, ലാഭം തീരെ കുറവായിരിക്കുന്ന ഒരു സാഹചര്യത്തിലാണ് ഈ അധിക ബാദ്ധ്യത കൂടി വരുന്നത് എന്നതോര്‍ക്കണം.

നിയമം അനുസരിക്കുക എന്നത് ഇനി മുതല്‍ ഒരു ചുമതല മാത്രമല്ല, ഒരു സാമ്പത്തിക വെല്ലുവിളി കൂടി ആവുകയാണ് എന്നര്‍ത്ഥം. ഇത്തരമൊരു സാഹചര്യം വീട്ടുടമകളെ വീടുകള്‍ വാടകയ്ക്ക് നല്‍കുന്നതിനെ കുറിച്ച് രണ്ടാമതൊരു വട്ടം കൂടി ചിന്തിക്കാന്‍ പ്രേരിപ്പിക്കും എന്നര്‍ത്ഥം. ഇതോടെ, സ്വന്തമായി ഒരു വീട് മതിയോ ഒന്നിലധികം വീടുകള്‍ വേണോ എന്ന കാര്യവും ഉടമകള്‍ ചിന്തിച്ചേക്കാം. അതേസമയം, ഇപ്പോള്‍ ഫലത്തില്‍ വന്നിരിക്കുന്ന ലൈസന്‍സിംഗ് ചട്ടലംഘനങ്ങള്‍ക്കുള്ള പിഴത്തുകകള്‍, തൊഴിലിടങ്ങളിലെ സുരക്ഷാ വീഴ്ചയ്ക്കുള്ള പിഴത്തുകകളേക്കാള്‍ കൂടുതലാണെന്ന ആരോപണവും ഉയരുന്നുണ്ട്.

Similar News