രോഗിയോടൊപ്പം വീട്ടില്‍ കയറിക്കൂടി സമ്മാനങ്ങളും പണവും സ്വന്തമാക്കി; വില്‍ പത്രത്തില്‍ അവകാശിയായതോടെ ഇംഗ്ലീഷുകാരന്റെ മക്കളുമായി നിയമപോരാട്ടം: യുകെയില്‍ മലയാളി നഴ്‌സിന് പിന്‍നമ്പര്‍ തെറിച്ച കഥ
യുകെയില്‍ മലയാളി നഴ്‌സിന് പിന്‍നമ്പര്‍ തെറിച്ച കഥ
ലണ്ടന്‍: നിസ്സഹായനായ കാന്‍സര്‍ രോഗിയില്‍ നിന്നും വിലക്കൂടിയ സമ്മാനങ്ങള്‍ കരസ്ഥമാക്കുകയും പണം തട്ടിയെടുക്കുകയും ചെയ്ത സീനിയര്‍ നഴ്സിന്റെ പിന്‍ നമ്പര്‍ റദ്ദാക്കി. വെയ്ല്‍സ്, സ്വാന്‍സീയിലെ സിംഗിള്‍ടണ്‍ ഹോസ്പിറ്റല്‍ ട്രസ്റ്റില്‍ കീമോതെറാപ്പി വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന, മലയാളി എന്ന് സംശയിക്കുന്ന അനിത ജോര്‍ജ്ജിന്റെ പിന്‍ നമ്പറാണ് നഴ്സിംഗ് ആന്‍ഡ് മിഡ്വൈഫറി കൗണ്‍സില്‍ (എന്‍ എം സി) റദ്ദ് ചെയ്തത്.
ചികിത്സകഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ രോഗിയുടെയും ഭാര്യയുടേയും ഒപ്പം അനിതയും അവരുടെ വീട്ടിലേക്ക് 2012 ല്‍ കെയറര്‍ ആയി പോവുകയായിരുന്നു. വീട്ടിലെത്തിയതിന് ശേഷം, ധനാഢ്യനായ ബിസിനസ്സുകാരനുമായി അനിത ഒരു ബന്ധം വളര്‍ത്തി എടുക്കുകയായിരുന്നു. അയാളുടെ കമ്പനിയുമായി ഒരു ടെനന്‍സി അഗ്രിമെന്റ് ഒപ്പു വയ്ക്കുകയും കാര്‍ ഉള്‍പ്പടെ വിലയേറിയ പല സമ്മാനങ്ങളും ഒപ്പം വന്‍ തുകയും കൈപ്പറ്റുകയും ചെയ്തതായി ഹിയറിംഗില്‍ ബോധിപ്പിച്ചു. അതിനൊപ്പം 2000 പൗണ്ട് മുതല്‍ 9,959 പൗണ്ട് വരെ മൂല്യമുള്ള ചില ഒഹരികളും കൈക്കലാക്കി.
കടുത്ത അനാരോഗ്യം നിമിത്തം ഈ വൃദ്ധ ദമ്പതികള്‍ വളരെ നിസ്സഹായാവസ്ഥയില്‍ ആയിരുന്നു. മാത്രമല്ല, ഇവരുടെ മക്കള്‍ ആസ്‌ട്രേലിയയില്‍ ആയതിനാല്‍ തികച്ചും ഒറ്റപ്പെട്ട ജീവിതമായിരുന്നു ഇവര്‍ നയിച്ചിരുന്നത്. അത് ഇവരുടെ മനസ്സില്‍ തീര്‍ത്ത അരക്ഷിതാവസ്ഥയും അനിത മുതലാക്കുകയായിരുന്നു. അവസാനം, 2016 ല്‍ ഈ വൃദ്ധന്‍ മരണമടഞ്ഞപ്പോള്‍ അയാളുടെ വില്‍പ്പത്രത്തില്‍ അനിതയുടെ പേരായിരുന്നു ഉണ്ടായിരുന്നത്. ഇതോടെ നിസ്സഹായരായ തങ്ങളുടെ മാതാപിതാക്കളെ അനിത ദുരുപയോഗം ചെയ്തതായി മക്കള്‍ സംശയിച്ചു.
പോലീസ് അന്വേഷണം നടത്തിയെങ്കിലും ഒന്നും സംഭവിച്ചില്ല. താന്‍ രോഗിയുടെ മേല്‍ സാമ്പത്തികമായി ആശ്രിതയാണെന്ന വസ്തുതയും വില്ലില്‍ പേരുവന്ന വിവരവും അനിത താന്‍ ജോലി ചെയ്തിരുന്ന ആശുപത്രിയില്‍ നിന്നും മറച്ചു വയ്ക്കുകയായിരുന്നു. ഇത് വെളിപ്പെടുത്തേണ്ട ബാദ്ധ്യത അനിതക്ക് ഉണ്ടായിരുന്നു എന്ന് അന്വേഷണ സമിതി വ്യക്തമാക്കി. തന്റെ നടപടികള്‍ മൂലം എന്‍ എച്ച് എസ്സിന് ദുഷ്‌കീര്‍ത്തി ഉണ്ടാകാന്‍ ഇടയുള്ള പ്രവര്‍ത്തനമാണ് അനിതയുടെ ഭാഗത്തു നിന്നും ഉണ്ടായതെന്നും സമിതി നിരീക്ഷിച്ചു.
തുടര്‍ന്നായിരുന്നു വൃദ്ധ ദമ്പതികളെ സ്വന്തം ലാഭത്തിനായി അനിത ഉപയോഗപ്പെടുത്തി എന്ന് കാണിച്ചുകൊണ്ട് അനിതയുടെ പിന്‍ നമ്പര്‍ റദ്ദാക്കിയത്. വളരെ വന്‍ തുകകള്‍ അവരില്‍ നിന്നും കൈപ്പറ്റിയതും മറ്റൊരു തെറ്റായി ചൂണ്ടിക്കാണിക്കപ്പെട്ടു. അതേസമയം, താന്‍ ആ വൃദ്ധദമ്പതികളുടെ സുഹൃത്ത് മാത്രമായിരുന്നു എന്നും ഒരു കെയറര്‍ എന്ന രീതിയില്‍ പ്രൊഫഷണല്‍ സമീപനമല്ല തനിക്ക് അവരോട് ഉണ്ടായിരുന്നതെന്നുമായിരുന്നു അനിത വാദിച്ചത്. എന്നാല്‍, കെയറര്‍ എന്ന നിലയില്‍ തന്നെയായിരുന്നു അനിത അവിടെ പോയതെന്നതില്‍ എന്‍ എം സി ഉറച്ചു നില്‍ക്കുക്യായിരുന്നു.