2023നും 25നും ഇടയില്‍ ഐഇഎല്‍ടിഎസ് പരീക്ഷ എഴുതിയവര്‍ക്ക് ലഭിച്ചത് തെറ്റായ സ്‌കോര്‍; പാസായി സ്റ്റുഡന്റ് വിസ ലഭിച്ചവരും നഴ്സായവരും യോഗ്യതയില്ലാത്തവര്‍; പരീക്ഷ തട്ടിപ്പിന്റെ വിവരങ്ങള്‍ പുറത്ത് വന്നതോടെ മലയാളികള്‍ അടക്കമുള്ളവര്‍ക്ക് ആശങ്ക
2023നും 25നും ഇടയില്‍ ഐഇഎല്‍ടിഎസ് പരീക്ഷ എഴുതിയവര്‍ക്ക് ലഭിച്ചത് തെറ്റായ സ്‌കോര്‍
ലണ്ടന്‍: മാര്‍ക്ക് ഇടുന്നതില്‍ വന്ന പിഴവ് മൂലം നിര്‍ബന്ധമായ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം തെളിയിക്കുന്ന പരീഷയില്‍ തോറ്റവര്‍ക്ക് പോലും വിസ നല്‍കിയതായ റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു. ദി ടെലെഗ്രാഫ് പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബ്രിട്ടീഷ് കൗണ്‍സില്‍ നടത്തിയ പരീക്ഷയില്‍ ഇരുന്ന 80,000 പേര്‍ക്ക് വരെ തെറ്റായ ഫലമാണ് നല്‍കിയിട്ടുള്ളത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതായത്, പരീക്ഷയില്‍ പരാജയപ്പെട്ട പലര്‍ക്കും വിജയിക്കുന്നതിനുള്ള മാര്‍ക്ക് നല്‍കിയെന്നര്‍ത്ഥം.
അതുകൂടാതെ, ചൈന, ബംഗ്ലാദേശ്, വിയറ്റ്‌നാം എന്നിവിടങ്ങളില്‍ പരീക്ഷയില്‍ തട്ടിപ്പ് നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. പരീക്ഷയ്ക്ക് മുന്‍പായി തന്നെ ചില തട്ടിപ്പു സംഘങ്ങള്‍ പരീക്ഷാര്‍ത്ഥികള്‍ക്ക് ചോദ്യപേപ്പര്‍ ചുമത്തി നല്‍കിയതായിട്ടാണ് കണ്ടെത്തിയിട്ടുള്ളത്. ഇത് ഇവര്‍ക്ക് പരീക്ഷയില്‍ ജയിക്കാനുള്ള സൗകര്യമൊരുക്കി. അങ്ങനെ, ഇംഗ്ലീഷ് ഭാഷയില്‍ പരിജ്ഞാനം ഉണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കി സ്റ്റുഡന്റ് വിസയും വര്‍ക്ക് വിസയുമൊക്കെ നേടിയെടുത്ത പല വിദ്യാര്‍ത്ഥികള്‍ക്കും, എന്‍ എച്ച് എസ് ജീവനക്കാര്‍ക്കും, മറ്റ് കുടിയേറ്റക്കാര്‍ക്കും യഥാര്‍ത്ഥത്തില്‍, മതിയായ ഇംഗ്ലീഷ് ഭാഷ പ്രാവീണ്യം ഇല്ലെന്ന് ചുരുക്കം.
പരീക്ഷ പാസ്സാകാതെ ബ്രിട്ടനിലെത്തിയ എല്ലാവരെയും നാടുകടത്തണം എന്നാണ് ഇപ്പോള്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ലേബര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്റര്‍നാഷണല്‍ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റിംഗ് സിസ്റ്റത്തില്‍ (ഐ ഇ എല്‍ ടി എസ്) എല്ലാ വര്‍ഷവും ലോകമാകമാനമായി 36 ലക്ഷത്തോളം പേരാണ് ഇംഗ്ലീഷ് പരിജ്ഞാന പരീക്ഷയ്ക്ക് ഹാജരാകാറുള്ളത്. ബ്രിട്ടീഷ് കൗണ്‍സില്‍, കേംബ്രിഡ്ജ് യൂനിവേഴ്സിറ്റി പ്രസ്സ് ആന്‍ഡ് അസ്സെസ്സ്‌മെന്റ് എന്നിവര്‍ക്കൊപ്പം എഡ്യൂക്കേഷന്‍ കമ്പനിയായ ഐ ഡി പിയും ചേര്‍ന്നാണ് ഇത് നടത്തുന്നത്.
2023 ആഗസ്റ്റിനും 2025 സെപ്റ്റംബറിനും ഇടയിലായി ആയിരക്കണക്കിന് ആളുകള്‍ക്കാണ് തെറ്റായ പരീക്ഷാഫലം ലഭിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ചില ഐ ഇ എല്‍ ടി എസ് അക്കാദമിക് ആന്‍ഡ് ജനറല്‍ ട്രെയിനിംഗ് ടെസ്റ്റുകളിലെ ലിസനിംഗ് ആന്‍ഡ് റീഡിംഗ് കമ്പോണന്റുകളെ ബാധിച്ച ചില സാങ്കേതിക പ്രശ്നങ്ങളാണ് ഇതിന് കാരണമായി ഐ ഇ എല്‍ ടി എസ് ചൂണ്ടിക്കാണിക്കുന്നത്. ഏകദേശം 1 ശതമാനം ടെസ്റ്റുകളെ മാത്രമെ ഇത് ബാധിക്കുകയുള്ളു എന്നും അവര്‍ പറയുന്നു.
എന്നാല്‍, എണ്ണം കണക്കാക്കുമ്പോള്‍ ഈ ഒരു ശതമാനം എന്നത് 78,000 ടെസ്റ്റുകള്‍ വരും. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് മാത്രമാണ് ഈ പ്രശ്നം കണ്ടെത്തിയത്. കഴിഞ്ഞ മാസം ഈ പിഴവുകള്‍ സംഭവിച്ച പരീക്ഷാര്‍ത്ഥികളുമായി ബന്ധപ്പെട്ട് ഐ ഇ എല്‍ ടി എസ് അവരുടെ യഥാര്‍ത്ഥ പരീക്ഷാഫലം നല്‍കിയിരുന്നു. അതില്‍ ചിലര്‍ക്ക് വളരെ ഉയര്‍ന്ന മാര്‍ക്കുകള്‍ ലഭിച്ചപ്പോള്‍ മറ്റ് ചിലര്‍ക്ക് തീരെ കുറവ് മാര്‍ക്കുകളാണ് ലഭിച്ചത് എന്നാണ് അറിയാന്‍ കഴിയുന്നത്.
ഈ പ്രശ്നം കണ്ടെത്താന്‍ ഇത്രയും വൈകിയതിനാല്‍, പരീക്ഷയില്‍ തോല്‍വിയറിഞ്ഞ എന്നാല്‍, വിജയിച്ചു എന്ന് തെറ്റായി രേഖപ്പെടുത്തിയ പലരും ഇതിനോടകം തന്നെ ബ്രിട്ടനിലേക്കുള്ള വിസ സമ്പാദിച്ചു കാണും എന്നാണ് കരുതുന്നത്. മാത്രമല്ല, അവര്‍ നിയമപ്രകാരം ബ്രിട്ടനിലേക്ക് എത്തുകയും ചെയ്തിട്ടുണ്ടാകാം. ഇത്തരക്കാര്‍ക്ക് നേരെ എന്ത് നടപടിയാണ് എടുക്കുന്നത് എന്നാണ് ഇപ്പോള്‍ വിദേശ തൊഴിലാളികള്‍ ഉറ്റുനോക്കുന്നത്.
