വിവാഹിതരാകുന്നവര്‍ക്ക് 2025 മുതല്‍ ജനിതക പരിശോധന നിര്‍ബന്ധമാക്കി യുഎഇ; തദ്ദേശിയര്‍ക്കും പ്രവാസികള്‍ക്കും എല്ലാം യുഎഇയിലെ വിവാഹത്തിന് ഇത് നിര്‍ബന്ധമാകും

Update: 2024-12-26 11:54 GMT

അബുദാബി: വിവാഹിതരാകുന്നവര്‍ക്ക് 2025 മുതല്‍ ജനിതക പരിശോധന നിര്‍ബന്ധമാക്കി യുഎഇ. നിര്‍ബന്ധിത വിവാഹപൂര്‍വ്വ പരിശോധനയുടെ ഭാഗമായാണ് യുഎയിലെ എല്ലാ പൗരന്മാര്‍ക്കും ജനിതക പരിശോധനയും നിര്‍ബന്ധമാക്കുന്നത്. എമിറേറ്റിന്റെ ജീനോം കൗണ്‍സിലിന്റെ തീരുമാനത്തിന് യുഎഇ സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരിക്കുകയാണ്. 570ല്‍ അധികം ജനിതക മാറ്റങ്ങള്‍ ജനിതക പരിശോധനയിലൂടെ കണ്ടെത്താനാകുമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.

പൗരന്മാരും പ്രവാസികളും ഉള്‍പ്പെടെയുള്ള ദമ്പതികള്‍ക്ക് വിവാഹപൂര്‍വ്വ വൈദ്യ പരിശോധന നിര്‍ബന്ധിതമായിരുന്നുവെങ്കിലും വിവാഹത്തിന് മുന്‍പായുള്ള ജനിതക പരിശോധന ഇഷ്ടമുള്ളവര്‍ മാത്രം ചെയ്താല്‍ മതിയായിരുന്നു. ഇതാണ് പരിഷ്‌കരിക്കുന്നത്. ഇത്തരം 'മ്യൂട്ടേഷനുകള്‍' കാര്‍ഡിയോമയോപതി, ജനറ്റിക് എപ്പിലെപ്സി, സ്പൈനല്‍ മസ്‌കുലാര്‍ അസ്ട്രോഫി, കേള്‍വി തകരാര്‍, സിസ്റ്റിക് ഫൈബ്രോസിസ്, ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കാത്ത മറ്റ് മാരകരോഗങ്ങള്‍ എന്നിവയിലേയ്ക്ക് നയിക്കുമെന്നാണ് വിലയിരുത്തല്‍.

ദേശീയ ജനിതക ഡാറ്റാബേസ് നിര്‍മിക്കുകയും അതിലൂടെ നേരത്തെ തന്നെ ജനിതക രോഗങ്ങള്‍ കണ്ടെത്തി ചികിത്സ ലഭ്യമാക്കുകയും ചെയ്യുകയാണ് പുതിയ പരിശോധനാ നിര്‍ദേശത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സര്‍ക്കാരിന്റെ പുതിയ തീരുമാനം ആരോഗ്യമേഖലയില്‍ വലിയ മാറ്റത്തിലേയ്ക്ക് നയിക്കുമെന്ന് ആരോഗ്യ, പ്രതിരോധ വകുപ്പ് വ്യക്തമാക്കുന്നു.

വിവാഹപൂര്‍വ ജനറ്റിക് പരിശോധന നടപ്പിലാക്കുന്നതിനായി ആവശ്യമായ മെഡിക്കല്‍ സ്റ്റാഫുകള്‍, വിദഗ്ദ്ധ സേവനം, മാര്‍ഗനിര്‍ദേശങ്ങള്‍, സാങ്കേതിക സഹായം തുടങ്ങിയവ ലഭ്യമാക്കിയതായും ആരോഗ്യവകുപ്പ് അറിയിച്ചു.

Tags:    

Similar News