ടീച്ചര്‍, ലോറി ഡ്രൈവര്‍, ക്‌ളീനര്‍, പോലീസ് ഓഫീസര്‍.. യുകെയില്‍ ഉറപ്പായും കിട്ടുന്ന ജോലിയിവ; കോവിഡിന് ശേഷം ഉണ്ടായ മാന്ദ്യം മാറി തൊഴിലില്ലായ്മ വര്‍ധിച്ചിട്ടും ആര്‍ക്കും ജോലി കിട്ടാവുന്നത് ഈ തൊഴില്‍ ചെയ്യാന്‍ തയാറാവുമ്പോള്‍

ടീച്ചര്‍, ലോറി ഡ്രൈവര്‍, ക്‌ളീനര്‍, പോലീസ് ഓഫീസര്‍.. യുകെയില്‍ ഉറപ്പായും കിട്ടുന്ന ജോലിയിവ

Update: 2025-04-01 01:43 GMT

ലണ്ടന്‍: കോവിഡ് പ്രതിസന്ധിയില്‍ നിന്നെല്ലാം ഉയര്‍ത്തെഴുന്നേറ്റ് ലോകമെമ്പാടുമുള്ള തൊഴിലാളികള്‍ തൊഴിലുകളിലേക്ക് തിരികെ മടങ്ങുകയാണ്. അതേസമയം തൊഴിലില്ലായ്മ നിരക്കും വര്‍ദ്ധിച്ചു വരികയാണ്. കഴിഞ്ഞ കുറേ മാസങ്ങളായി തൊഴില്‍ വിപണിയിലും കടുത്ത മത്സരം നേരിടുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍, നിങ്ങള്‍ ഒരു ജോലി കണ്ടെത്താന്‍ വിഷമിക്കുകയാണെങ്കില്‍ ഓര്‍ക്കുക, നിങ്ങള്‍ ഒറ്റയ്ക്കല്ല. നിങ്ങള്‍ ഒരു പ്രത്യേക തൊഴില്‍ മേഖല ഉന്നംവച്ചുള്ള പഠനമല്ല നടത്തിയിട്ടുള്ളതെങ്കില്‍, അത്തരമൊരു ആസൂത്രണം നടത്തിയിട്ടില്ല എങ്കില്‍ നിലവില്‍ ഏറ്റവും അധികം ഒഴിവുകള്‍ ഉള്ള തൊഴിലുകള്‍ ഏതെല്ലാമെന്ന് അറിഞ്ഞിരിക്കുന്നത് നല്ലതായിരിക്കും.

അതില്‍ ആദ്യത്തേതാണ് അധ്യാപക തസ്തിക. ഒരുകാലത്ത് ഏറ്റവുമധികം പ്രതിഫലം ലഭിച്ചിരുന്നതും, ആദരിക്കപ്പെട്ടിരുന്നതുമായ ഈ തൊഴിലിന് ഇപ്പോള്‍ ആളുകളെ ലഭിക്കുന്നില്ല എന്നതാണ് വാസ്തവം. 2023 ലെ സര്‍ക്കാര്‍ കണക്കുകള്‍ കാണിക്കുന്നത് സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപക തസ്തികകളിലേക്ക്, പ്രത്യേകിച്ചും ഫിസിക്സ് അധ്യാപക തസ്തികകളിലേക്ക് ആവശ്യമായതിന്റെ 50 ശതമാനം പേരെ മാത്രമെ നിയമിക്കാന്‍ ആയിട്ടുള്ളു എന്നാണ്. വലിയ ക്ലാസ്സ് മുറികള്‍, കനത്ത ജോലി ഭാരം, പ്രതീക്ഷിച്ചതിലും കുറവ് ശമ്പളം, ഉയര്‍ന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങള്‍ എന്നീ ഘടകങ്ങളാണ് ഈ തസ്തികയെ ആകര്‍ഷണീയമല്ലാതാക്കി മാറ്റിയിരിക്കുന്നത്.

എളുപ്പം ലഭിക്കാന്‍ സാധ്യതയുള്ള രണ്ടാമത്തെ തൊഴില്‍ ലോറി ഡ്രൈവറുടേതാണ്. ചരക്കുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് നീക്കം ചെയ്യേണ്ടുന്നതിന്റെ ആവശ്യകത വര്‍ദ്ധിച്ചു വരുമ്പോഴും ഈ തൊഴില്‍ ചെയ്യാന്‍ വളരെ കുറവ് ആളുകള്‍ മാത്രമാണ് മുന്നോട്ട് വരുന്നത്. വീട്ടില്‍ നിന്നും അധികകാലം മാറി നില്‍ക്കേണ്ടി വരിക, നിരത്തുകളില്‍ ദീര്‍ഘസമയം ചെലവഴിക്കേണ്ടതായി വരിക, അതുപോലെ ശാരീരികമായി കഠിനാദ്ധ്വാനം ചെയ്യേണ്ടി വരിക തുടങ്ങിയവയാണ് ആളുകളെ ഈ തൊഴിലില്‍ നിന്നും അകറ്റി നിര്‍ത്തുന്നത്. ശാരീരികാരോഗ്യം, മാനസികാരോഗ്യം, സാമൂഹ്യ ബന്ധങ്ങള്‍ എന്നിവയെയൊക്കെ ഈ തൊഴിലിന്റെ സ്വഭാവം പ്രതികൂലമായി ബാധിക്കുന്നതായി അടുത്തിടെ നടത്തിയ ഒരു സര്‍വ്വേയില്‍ തെളിഞ്ഞിരുന്നു. ജീവിതവും തൊഴിലും തമ്മിലുള്ള സംതുലനം പാലിക്കാന്‍ കഴിയാതെ വരുന്നതിനാല്‍ നിരവധി പേരാണ് ജോലിയില്‍ കയറി ഒരു വര്‍ഷം തികയുന്നതിനു മുന്‍പ് മേഖല വിട്ടു പോകുന്നത്.

സാഹസികതയും, തൊഴില്‍ സ്ഥിരതയും തേടുന്നവര്‍ക്ക് ഒരുകാലത്ത് ആകര്‍ഷണിയമായ ഒന്നായിരുന്നു സൈന്യത്തിലെ ജോലി. എന്നാല്‍, ഇപ്പോള്‍ പുതിയ സൈനികരെ റിക്രൂട്ട് ചെയ്യാന്‍ ഏറെ കഷ്ടപ്പെടുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന ഇടങ്ങളില്‍ നിയമിക്കപ്പെട്ടേക്കാം എന്നതുള്‍പ്പടെയുള്ള, സൈനിക ജീവിതത്തിലെ അപകട സാധ്യതകളാണ് പ്രധാനമായും പലരെയും അതില്‍ നിന്നകറ്റുന്നത്. അതുപോലെ കടുത്ത ശാരീരികക്ഷമതയും മാനോധൈര്യവും ഇതിന് ആവശ്യമാണ് എന്നതും പലരെയും ഇതില്‍ നിന്നും പിന്തിരിപ്പിക്കുന്നു. ശീതയുദ്ധത്തിനു ശേഷം ബ്രിട്ടീഷ് സൈന്യത്തില്‍ ഏകദേശം 2 ലക്ഷം സൈനികരുടെ കുറവുണ്ടായിട്ടുണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത്. വ്യോമസേനക്കാണെങ്കില്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ചെറിയ സൈന്യമാണ് ഇപ്പോഴുള്ളത്.

നിരവധി വെല്ലുവിളികള്‍ നേരിടേണ്ടി വരും എന്നതും, സമൂഹത്തില്‍ പെരുകുന്ന കുറ്റകൃത്യ നിരക്കും പോലീസ് ഉദ്യോഗത്തിനും ആവശ്യക്കാരെ കുറച്ചു എന്ന് കണക്കുകള്‍ വെളിപ്പെടുത്തുന്നു. സമ്മര്‍ദ്ദം ഏറെയുള്ള ജോലിയാണെന്നതും, പൊതുമധ്യത്തില്‍ വിചാരണ ചെയ്യപ്പെട്ടേക്കാം എന്നതും പുതിയ തലമുറയ്ക്ക് പോലീസ് ഉദ്യോഗത്തോടുള്ള താത്പര്യം കുറച്ചിരിക്കുകയാണ്. സുരക്ഷയെ കുറിച്ചുള്ള ആശങ്കയും അതുപോലെ വൈകാരിക സമ്മര്‍ദ്ദവും, ഒരിക്കല്‍ ഏറെ ആളുകള്‍ ആഗ്രഹിച്ചിരുന്ന ഈ തൊഴിലിന്റെ ആകര്‍ഷണീയത കുറയ്ക്കാന്‍ ഇടയാക്കി. ക്ലീനര്‍മാരുടെ ആവശ്യകതയും ഇന്ന് ഏറെ കൂടുതലാണ്. താരതമ്യേന കുറഞ്ഞ വേതനവും ശാരീരിക അധ്വാനം കൂടുതലായി വേണമെന്നതും ധാരാളം പേരെ ഈ തൊഴിലില്‍ നിന്നും അകറ്റുന്നു.

ഇതാണ് ബ്രിട്ടനിലെ മാറുന്ന തൊഴില്‍ വിപണിയുടെ നിലവിലെ ഘടന. പല മേഖലകളിലെയും ഓട്ടോമേഷനും, ജീവിതവും തൊഴിലും തമ്മിലുള്ള സംതുലനവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ മനോനിലയില്‍ വന്ന മാറ്റവും എല്ലാം തൊഴില്‍ വിപണിയിലെ പുതിയ പ്രവണതകള്‍ക്ക് കാരണമായിട്ടുണ്ട്. അതുകൊണ്ടു തന്നെ, നിങ്ങള്‍ ജോലിയ്ക്ക് ശ്രമിക്കുന്ന വ്യക്തിയാണെങ്കില്‍, തൊഴില്‍ വിപണിയിലെ ഈ മാറ്റങ്ങള്‍ക്കനുസരിച്ച്, നിങ്ങളുടെ മനസ്സിനെ മാറ്റിയെടുത്താല്‍, ജോലി ലഭിക്കാന്‍ സാധ്യത വലുതാണ്.

Tags:    

Similar News