ബ്രിട്ടനില്‍ പഠനം ഇനി ചെലവേറും; സ്റ്റുഡന്റ് വിസക്ക് വേണ്ട ബാങ്ക് ബാലന്‍സ് തുക ഉയര്‍ത്തി; ക്രിമിനല്‍ കേസ് പ്രതികള്‍ക്ക് വിസയില്ല; സീസണല്‍ വാര്‍ക്കേഴ്‌സിന്റെ കൂളിംഗ് പീരീഡ് കുറച്ചു; ഫാമിലി വിസയിലും മാറ്റങ്ങള്‍: ഒക്ടോബറില്‍ പ്രഖ്യാപിച്ച യുകെയിലെ കുടിയേറ്റ നിയമ മാറ്റങ്ങളില്‍ മിക്കതും പ്രാബല്യത്തില്‍

ബ്രിട്ടനില്‍ പഠനം ഇനി ചെലവേറും; സ്റ്റുഡന്റ് വിസക്ക് വേണ്ട ബാങ്ക് ബാലന്‍സ് തുക ഉയര്‍ത്തി

Update: 2025-11-12 04:59 GMT

ലണ്ടന്‍: കുടുംബങ്ങളെയും, വിദ്യാര്‍ത്ഥികളെയും സീസണല്‍ വര്‍ക്കര്‍മാരെയും ബാധിക്കുന്ന, ബ്രിട്ടീഷ് വിസ നിയമങ്ങളിലെ മാറ്റങ്ങള്‍ ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നു. കുറഞ്ഞ വേതനമുള്ള തൊഴിലാളികളില്‍ ഉള്ള ബ്രിട്ടന്റെ അമിതാശ്രയം കുറയ്ക്കുന്നതിനായിട്ടാണ് പുതിയ ഒരുപറ്റം മാറ്റങ്ങള്‍ കുടിയേറ്റ നിയമത്തില്‍ ഹോം ഓഫീസ് കൊണ്ടുവന്നത്. ഒക്ടോബറില്‍ പ്രഖ്യാപിച്ച മാറ്റങ്ങള്‍ 2025 ലും 2026 ലുമായി പടിപടിയായി നടപ്പിലാക്കും. ഈ മാറ്റങ്ങളില്‍ ഉള്‍പ്പെടുന്ന, ബ്രിട്ടനില്‍ ജോലി ചെയ്യാന്‍ എത്തുന്നവര്‍ എ ലെവല്‍ സ്റ്റാന്‍ഡേര്‍ഡ് ഇംഗ്ലീഷ് ഭാഷ പരീക്ഷ പാസ്സാകണമെന്ന നിബന്ധന ജനുവരി വരെ നടപ്പിലാക്കില്ല.

അതേസമയം, ഇന്ന് മുതല്‍ വിദേശ രാജ്യങ്ങളില്‍ നിന്നും യു കെ സ്റ്റുഡന്റ് വിസയ്ക്കായി അപേക്ഷിക്കുന്നവര്‍ക്ക് ബ്രിട്ടനില്‍ ജീവിക്കുന്നതിനുള്ള ചെലവുകള്‍ വഹിക്കാന്‍ കഴിയുമെന്നതിന്റെ തെളിവായി കൂടുതല്‍ തുകയ്ക്കുള്ള ബാങ്ക് സ്റ്റേറ്റ്‌മെന്റുകള്‍ കാണിക്കേണ്ടതായി വരും. ലണ്ടനിലേക്കാണ് വരുന്നതെങ്കില്‍, ഒന്‍പത് മാസക്കാലത്തേക്ക് പ്രതിമാസം ചുരുങ്ങിയത് 1,529 പൗണ്ട് എങ്കിലും ഉണ്ടെന്ന് കാണിക്കേണ്ടി വരും.തലസ്ഥാനത്തിന് പുറത്താണ് എങ്കില്‍ ഇത് പ്രതിമാസം 1,171 പൗണ്ട് ആയിരിക്കും. മാത്രമല്ല, ഈ തുക തുടര്‍ച്ചയായ 28 ദിവസങ്ങള്‍ ബാങ്കില്‍ ഉണ്ടായിരുന്നിരിക്കുകയും വേണം.

കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ടിട്ടുള്ള കുടിയേറ്റക്കാരായ കുറ്റവാളികള്‍ക്ക് വിസ നിരാകരിക്കുന്ന വ്യവസ്ഥ നവംബര്‍ 11 മുതല്‍ നിലവില്‍ വന്നു. ചില ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ പങ്കെടുത്തവരെ നിര്‍ബന്ധമായും നാടുകടത്തണം എന്നാണ് വ്യവസ്ഥ. 12 മാസത്തേയോ അതിലധികം കാലത്തേയോ കസ്റ്റോഡിയല്‍ സെന്റന്‍സ് ലഭിച്ചവര്‍ക്ക് ഇനി മുതല്‍ വിസ നിഷേധിക്കപ്പെടും. ഈ കുറ്റകൃത്യം എത്രകാലം മുന്‍പ് ചെയ്തു എന്നത് പരിഗണിക്കാതെയായിരിക്കും നടപടി. നേരത്തേ 4 വര്‍ഷത്തില്‍ കുറവ് ശിക്ഷ ലഭിച്ചവര്‍ക്ക് വിസയുടെ കാര്യത്തില്‍ ചില ഇളവുകള്‍ നല്‍കിയിരുന്നു. അത് ഇപ്പോള്‍ നീക്കം ചെയ്തിരിക്കുകയാണ്.

അതുപോലെ സീസണല്‍ വര്‍ക്കര്‍ വിസയുമായി ബന്ധപ്പെട്ട മാറ്റങ്ങളും നവംബര്‍ 11 മുതല്‍ നിലവില്‍ വന്നു. ഇതനുസരിച്ച് ഏതൊരു പത്ത് മാസ കാലയളവിലും ഇവര്‍ക്ക് ആറ് മാസക്കാലം ബ്രിട്ടനില്‍ ജോലി ചെയ്യാന്‍ കഴിയും . ഹോര്‍ട്ടികള്‍ച്ചര്‍ മേഖലയുമായി ബന്ധപ്പെട്ടാണ് സീസണല്‍ വിസയില്‍ പ്രത്യേകിച്ചും ആളുകള്‍ എത്തുന്നത്. നേരത്തെ ഒരു വര്‍ഷത്തിനുള്ളില്‍ ആറ് മാസം ജോലി ചെയ്യാം എന്നതായിരുന്നു. അതുപോലെ, സുരക്ഷാ ആശങ്കകളുണ്ടെങ്കില്‍ ചിലര്‍ക്ക് ഫാമിലി വിസ നിഷേധിക്കുകയും ചെയ്യും.

Tags:    

Similar News