വീട് വൃത്തിയാക്കിയിട്ടില്ല; ഭര്‍ത്താവിന്റെ കഴുത്തിന് കുത്തിപരിക്കേല്‍പ്പിച്ച് ഇന്ത്യക്കാരിയായ ഭാര്യ: അമേരിക്കയില്‍ നടന്ന സംഭവത്തില്‍ പ്രതിക്ക് ഉപാധികളോടെ ജാമ്യം
വീട് വൃത്തിയാക്കിയിട്ടില്ല; ഭര്‍ത്താവിന്റെ കഴുത്തില്‍ കത്തിക്ക് കുത്തി യുവതി
നോര്‍ത്ത് കരോലീന: വീട് വൃത്തികേടായി കിടന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഭാര്യ ഭര്‍ത്താവിന്റെ കഴുത്തിന് കുത്തിപ്പരുക്കേല്‍പ്പിച്ചു. അമേരിക്കയിലെ നോര്‍ത്ത് കരോലീനയിലാണ് സംഭവം. ഇന്ത്യക്കാരിയായ ചന്ദ്രപ്രഭയാണ് അറസ്റ്റിലായത്. ഒക്ടോബര്‍ 12ന് രാവിലെയായിരുന്നു സംഭവമെന്ന് അറസ്റ്റ് വാറന്റില്‍ പറയുന്നു. ഭര്‍ത്താവ് അരവിന്ദ് സിങിന്റെ കഴുത്തിലാണ് ചന്ദ്രപ്രഭ കത്തി കുത്തിയിറക്കിയത്. ഗുരുതരമായി പരുക്കേറ്റ അരവിന്ദ് ആശുപത്രിയിലാണ്.
വീട് വൃത്തിയാക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ചന്ദ്രപ്രഭ അരവിന്ദിനെ മനപ്പൂര്‍വം കുത്തിപ്പരുക്കേല്‍പ്പിച്ചുവെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയല്ലെന്നും കൈപ്പിഴ സംഭവിച്ചതാണെന്നുമാണ് ചന്ദ്രപ്രഭയുടെ വാദം. 'രാവിലെ അടുക്കളയില്‍ പ്രഭാത ഭക്ഷണം ഉണ്ടാക്കിക്കൊണ്ട് നില്‍ക്കുന്നതിനിടെ അരവിന്ദെത്തി എന്തെങ്കിലും സഹായിക്കണോ എന്ന് ചോദിച്ചു. പച്ചക്കറി അരിയുന്നതിനിടെ വീട് വൃത്തികേടായി കിടക്കുകയാണെന്ന കാര്യം പറഞ്ഞ് തിരിഞ്ഞതും പിന്നില്‍ നിന്ന അരവിന്ദിന്റെ കഴുത്തില്‍ കൊണ്ട് മുറിവേല്‍ക്കുകയായിരുന്നു' എന്നാണ് ചന്ദ്ര പറയുന്നത്.
അതേസമയം ഭാര്യ തന്നെ മനപ്പൂര്‍വം കുത്തിയതാണെന്നാണ് അരവിന്ദ് പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. വിവരമറിഞ്ഞയുടന്‍ പൊലീസ് സ്ഥലത്തെത്തി. അരവിന്ദിനെ പൊലീസെത്തിയ ശേഷമാണ് ആശുപത്രിയിലേക്ക് മാറ്റിയത്. അറസ്റ്റിലായ ചന്ദ്രപ്രഭയ്ക്ക് മജിസ്‌ട്രേറ്റ് ആദ്യം ജാമ്യം നിഷേധിച്ചുവെങ്കിലും പിന്നീട് അനുവദിക്കുകയായിരുന്നു. തിങ്കളാഴ്ചയാണ് ഉപാധികളോടെ ജാമ്യം നല്‍കിയത്.
ഭര്‍ത്താവുമായി ആശയവിനിമയം നടത്തരുതെന്ന് വ്യക്തമാക്കിയ കോടതി ചന്ദ്രയെ നിരീക്ഷിക്കാന്‍ ഇലക്ട്രോണ് ഡിവൈസ് ധരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. എല്‍പി സ്‌കൂള്‍ അസിസ്റ്റന്റായ ചന്ദ്രയെ അന്വേഷണം പൂര്‍ത്തിയാകുവോളം ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.