ഇന്ത്യക്കാരുടെ കാനഡ മോഹങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴുന്നു; കാനഡയില്‍ സ്റ്റഡി പെര്‍മിറ്റ് തേടുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ അപേക്ഷകളില്‍ നാലില്‍ മൂന്നും നിരാകരിക്കപ്പെടുന്നു; പ്രാദേശിക ആശങ്കകളും തൊഴില്‍ ക്ഷാമവും കണക്കിലെടുത്ത് കുടിയേറ്റം നിയന്ത്രിക്കാനുള്ള നടപടികളുമായി കാനഡ മുന്നോട്ട്
ഇന്ത്യക്കാരുടെ കാനഡ മോഹങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴുന്നു
ഒന്റാറിയോ: ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ കാനഡ മോഹങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴുകയാണോ? പുറത്തുവരുന്ന കണക്കുകള്‍ ഇത് ശരിവെക്കുന്ന വിദദത്തിലാണ് കാര്യങ്ങള്‍. കാനഡയില്‍ പഠനാനുമതി (സ്റ്റഡി പെര്‍മിറ്റ്) തേടി ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ നാലില്‍ മൂന്നെണ്ണവും നിരാകരിക്കപ്പെടുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അന്താരാഷ്ട്ര വിദ്യാര്‍ഥികളുടെ വരവുമായി ബന്ധപ്പെട്ട് രാജ്യം നടപടികള്‍ കടുപ്പിക്കുന്നുവെന്ന വാര്‍ത്തകള്‍ക്കിടെയാണ് പുതിയ കണക്കുകള്‍ പുറത്തുവരുന്നത്.
2025 ഓഗസ്റ്റ് അവസാനം ലഭ്യമായ കണക്കുകള്‍ അനുസരിച്ച് കാനഡയില്‍ വിദ്യാഭ്യാസ അനുമതി തേടി സമര്‍പ്പിക്കപ്പെട്ട ആകെ അപേക്ഷകളില്‍ 40 ശതമാനത്തിലധികമാണ് നിരാകരിക്കപ്പെട്ടത്. അതേസമയം, പൊതുവേ കൂടുതല്‍ അപേക്ഷ സമര്‍പ്പിക്കപ്പെടുന്ന ഇന്ത്യക്കാര്‍ക്കിടയില്‍ ഇത് കുത്തനെ ഉയര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇമിഗ്രേഷന്‍ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം കാനഡയിലെ പോസ്റ്റ്-സെക്കന്‍ഡറി സ്ഥാപനങ്ങളില്‍ പഠനത്തിന് അനുമതി തേടി ഇന്ത്യക്കാര്‍ സമര്‍പ്പിച്ച അപേക്ഷകളില്‍ 74 ശതമാനവും നിരസിക്കപ്പെട്ടു. 2023 ഓഗസ്റ്റിലെ 32ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇരട്ടിയിലധികമാണ് ഇത്.
2025 ഓഗസ്റ്റില്‍ ചൈനക്കാരായ വിദ്യാര്‍ഥികള്‍ പഠനാനുമതി തേടി സമര്‍പ്പിച്ച അപേക്ഷകളില്‍ ഏകദേശം 24 ശതമാനത്തോളം നിരസിക്കപ്പെട്ടതായും കണക്കുകള്‍ വ്യക്തമാക്കുന്നു. ഒരു പതിറ്റാണ്ടിലേറെയായി ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട രാജ്യമായിരുന്ന കാനഡയുടെ ആകര്‍ഷണം കുറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. വിദ്യാര്‍ഥി വിസയുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ തടയുന്നതിനും താത്കാലിക കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കുന്നതിനുമുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് കാനഡ സ്റ്റഡി പെര്‍മിറ്റുകള്‍ നല്‍കുന്നതില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്.
2025 ഓഗസ്റ്റില്‍ കനേഡിയന്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ അപേക്ഷകളില്‍ 74% നിരസിക്കപ്പെട്ടു. 2023 ഓഗസ്റ്റില്‍ ഇത് 32% മാത്രമായിരുന്നു. മൊത്തത്തിലുള്ള സ്റ്റഡി പെര്‍മിറ്റ് അപേക്ഷകളിലെ നിരസിക്കല്‍ നിരക്ക് ഇരു മാസങ്ങളിലും ഏകദേശം 40% ആയിരുന്നു. എന്നാല്‍, ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ നിരസിക്കല്‍ നിരക്ക് വളരെ കൂടുതലാണ്. 2025 ഓഗസ്റ്റില്‍ 1000-ല്‍ അധികം അപേക്ഷകള്‍ അംഗീകരിച്ച രാജ്യങ്ങളില്‍ ഏറ്റവും ഉയര്‍ന്ന നിരസിക്കല്‍ നിരക്ക് ഇന്ത്യക്കാര്‍ക്കാണ്. കാനഡയില്‍ സ്റ്റഡി പെര്‍മിറ്റിനായി സമര്‍പ്പിച്ച 1,550 അപേക്ഷകളില്‍ തട്ടിപ്പുകള്‍ കണ്ടെത്തിയിരുന്നു.
ഇതില്‍ ഭൂരിഭാഗവും ഇന്ത്യയില്‍ നിന്നുള്ളവയായിരുന്നു. തട്ടിപ്പുകള്‍ തടയാന്‍ വെരിഫിക്കേഷന്‍ സംവിധാനം ശക്തമാക്കിയതായും അപേക്ഷകര്‍ പാലിക്കേണ്ട സാമ്പത്തിക മാനദണ്ഡങ്ങള്‍ വര്‍ധിപ്പിച്ചതായും കാനഡയുടെ ഇമിഗ്രേഷന്‍ വകുപ്പ് അറിയിച്ചു. കാനഡയും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ നിലനില്‍ക്കുന്ന പിരിമുറുക്കങ്ങള്‍ക്കിടെയാണ് വിസ നിരസിക്കല്‍ നിരക്ക് വര്‍ധിക്കുന്നത്.
പ്രാദേശിക ആശങ്കകളും തൊഴില്‍ ക്ഷാമവും കണക്കിലെടുത്ത് കുടിയേറ്റം നിയന്ത്രിക്കാനുള്ള ശ്രമങ്ങളുമായി കാനഡ മുന്നോട്ടുപോവുകയാണ്. നടപടികളുടെ ഭാഗമായി 2025ല്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്ക് അനുവദിക്കുന്ന പഠനാനുമതികളുടെ എണ്ണം രാജ്യം വെട്ടിക്കുറച്ചിരുന്നു.
ഇന്ത്യന്‍ അപേക്ഷകരുടെ എണ്ണത്തിലും ഗണ്യമായ കുറവ് ദൃശ്യമാണ്. 2023 ഓഗസ്റ്റില്‍ 20,900 ആയിരുന്ന അപേക്ഷകളുടെ എണ്ണം 2025 ഓഗസ്റ്റില്‍ 4,515 ആയി. അതേസമയം, ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ പഠനാനുമതി അപേക്ഷകള്‍ തുടര്‍ച്ചയായി നിരസിക്കപ്പെടുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ഒട്ടാവയിലെ ഇന്ത്യന്‍ എംബസി വ്യക്തമാക്കി. എന്നാല്‍, ഇത് രാജ്യത്തിന്റെ ആഭ്യന്തര വിഷയമാണെന്നും എംബസി അറിയിച്ചു.
2023-ല്‍, സമര്‍പ്പിക്കപ്പെട്ട 1,550 പഠനാനുമതി അപേക്ഷകളില്‍ വ്യാജ രേഖകള്‍ ഉള്‍പ്പെടുത്തിയിരുന്നതായി കണ്ടെത്തിയിരുന്നുവെന്ന് കനേഡിയന്‍ ഇമിഗ്രേഷന്‍ വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2024-ല്‍, പരിശോധനകള്‍ കൂടുതല്‍ ശക്തമാക്കിയതോടെ വ്യാജരേഖകളുമായി സമര്‍പ്പിക്കപ്പെട്ട അപേക്ഷകളുടെ എണ്ണം 14,000 കടന്നു. ഇതില്‍ വലിയ പങ്ക് ഇന്ത്യയില്‍ നിന്നുള്ളവയായിരുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി.
