പുഷ്പന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ ഒരുങ്ങി നാട്; മൃതദേഹം കോഴിക്കോട് നിന്നും വിലാപയാത്രയായി കൊണ്ടുവരും; പാനൂരില്‍ നാളെ ഹര്‍ത്താല്‍; തലശേരിയില്‍ പൊതുദര്‍ശനം

പുഷ്പന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ ഒരുങ്ങി നാട്

Update: 2024-09-28 15:03 GMT

കണ്ണൂര്‍: കുത്തുപറമ്പ് സമരത്തിലെ ജീവിക്കുന്ന രക്തസാക്ഷി പുതുക്കുടി പുഷ്പന്റെ മരണത്തില്‍ അനുശോചിച്ച് 29ന് പാനൂര്‍ മേഖലയില്‍ സി.പി.എം ഹര്‍ത്താല്‍ നടത്തും. രാവിലെ മുതല്‍ വൈകിട്ട് വരെയാണ് ഹര്‍ത്താല്‍. ഞായറാഴ്ച രാവിലെ എട്ടുമണിക്ക് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ നിന്നും ഭൗതിക ശരീരം വിലാപയാത്രയായി നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും തലശേരിയില്‍ കൊണ്ടുവരും. തലശേരി ഏരിയാ കമ്മിറ്റി ഓഫിസില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം ഉച്ചയ്ക്ക് ഒന്നര മുതല്‍ മേനപ്രം കാഞ്ഞിരത്തിന്‍ കീഴില്‍ രാമവിലാസം സ്‌കൂള്‍ ഗ്രൗണ്ടില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. വൈകിട്ട് അഞ്ചു മണിക്ക് സംസ്‌കാരം നടത്തും.

മൂന്ന് പതിറ്റാണ്ടു നീണ്ട കിടപ്പുജീവിതത്തിനൊടുവിലാണ് പുഷ്പന്‍ നാടിനോട് വിടപറഞ്ഞത്. നീതി നിഷേധിക്കപ്പെട്ടവര്‍ക്കായി ഒരു മുദ്രാവാക്യമെങ്കിലും വിളിക്കാന്‍ പറ്റാതെയിരിക്കുന്നതിലും ഭേദം മരണമെന്നായിരുന്നു സഹനങ്ങളത്രയും താണ്ടിയിട്ടും ജീവിതാന്ത്യത്തിലും പുഷ്പന്റെ നിലപാട്. കഠിനവേദനയിലും പുഞ്ചിരി മായാത്ത മുഖവുമായാണ് പുഷ്പനെയെന്നും നാട് കണ്ടത്. നിരാശയുടെ ഒരു ലാഞ്ചന പോലും പുഷ്പനില്‍ ആരും കണ്ടിട്ടുണ്ടാവില്ല. അത്രയും മനക്കരുത്തും രാഷ്ട്രീയ ബോധ്യവും പുഷ്പന് അന്നുതൊട്ടിന്നോളമുണ്ടായിരുന്നു.

1994 നവംബര്‍ 25നാണ് നാഡി തുളച്ചുകയറിയ വെടിയുണ്ടയേറ്റ് ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ പുഷ്പന്‍ വീണുപോയത്. ആശുപത്രികളില്‍ നിന്ന് ആശുപത്രികളിലേക്കുള്ള യാത്രയായിരുന്നു പിന്നീട്. ലഭിക്കാവുന്ന എല്ലാ ചികിത്സയും പുഷ്പന് ഡി.വൈ.എഫ്.ഐ ഉറപ്പുവരുത്തിയിരുന്നു. പൊലിസ് ഭീകരതയുടെ ജീവിക്കുന്ന അടയാളമായിരുന്നു പുഷ്പന്‍. 30 വര്‍ഷത്തോളം തളര്‍ന്നു കിടന്ന പുഷ്പന്‍ അക്ഷരാര്‍ഥത്തില്‍ ജീവിക്കുന്ന രക്തസാക്ഷിയായിരുന്നു. വെടിയേറ്റ് പൂര്‍ണമായി കിടപ്പിലായിട്ടും ഇത്രയും നാള്‍ ജീവിച്ചിരുന്ന മറ്റൊരാള്‍ കേരളത്തിലില്ല.

പുതുക്കുടി പുഷ്പന്റെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ , സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ പി.കെ ശ്രീമതി , ഇ.പി ജയരാജന്‍, എല്‍.ഡി.എഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്‍ തുടങ്ങിയ നേതാക്കള്‍ അനുശോചിച്ചു.

യൗവ്വനം മുതല്‍ മധ്യവയസു വരെ ഒരേ കിടപ്പില്‍ നരകയാതന അനുഭവിക്കുമ്പോഴും പാര്‍ട്ടിയെ തള്ളിപ്പറയാത്ത വിപ്‌ളവ വീര്യത്തിന്റെ ചുരുക്ക പേരായിരുന്നു പുതുക്കുടി പുഷ്പനെന്ന ജീവിക്കുന്ന രക്തസാക്ഷി. കുത്തുപറമ്പ് സമരത്തിന്റെ പ്രസക്തി തന്നെ ചോദ്യം ചെയ്തു. കൊണ്ടു പുറത്തു നടക്കുന്ന രാഷ്ട്രീയ വിവാദങ്ങള്‍ എല്ലാം കിടന്ന കിടപ്പില്‍ അറിയുന്നുണ്ടായിരുന്നുവെങ്കിലും മറ്റാരെക്കാളും കൂടുതല്‍ പാര്‍ട്ടിയാണ് ശരിയെന്ന് പുഷ്പന്‍ വിശ്വസിച്ചു. കണ്ണൂരില്‍ മാത്രമല്ല കേരളത്തില്‍ തന്നെ എന്തു പരിപാടികള്‍ നടന്നാലും വിപ്‌ളവ നേതാക്കള്‍ ആദ്യമെത്തിയിരുന്നത് പുഷ്പന്റെ വീട്ടിലായിരുന്നു. സഖാവില്‍ നിന്നും ഊര്‍ജ്ജം കൊണ്ടു മുഷ്ടി ചുരുട്ടിയാണ് പലരും ആവേശം കൊണ്ടു മടങ്ങിയത്.

തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോഴും ജയിച്ചാലും ചുമതലയേല്‍ക്കുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ സുഖസൗകര്യങ്ങള്‍ അന്വേഷിക്കാന്‍ പുഷ്പനെ തേടിയെത്തി. ചുവന്ന മണ്ണായ കണ്ണൂരിന്റെ വിപ്‌ളവ ഐക്കണായിരുന്നു പുഷ്പനെന്ന ജീവിക്കുന്ന രക്തസാക്ഷി. പുഷ്പന്റെ ത്യാഗനിര്‍ഭരമായ ജീവിതത്തെ അടിസ്ഥാനമാക്കി നിരവധി വിപ്‌ളവ ഗാനങ്ങളും സംഗീത ആല്‍ബങ്ങളുമുണ്ടായി. ബാലസംഘം കലാകാരന്‍മാര്‍ അതു പുഷ്പന്റെ വീട്ടിലെത്തി നൃത്തചുവടുകളോടെ അവതരിപ്പിക്കുമ്പോള്‍ കിടന്ന കിടപ്പില്‍ ആനന്ദാശ്രുക്കള്‍ പൊഴിക്കുകയായിരുന്നു പുഷ്പന്‍ നട്ടെല്ലില്‍ അതിശക്തമായ കൊളുത്തി വലിയും മരണവേദനയും അനുഭവിക്കുമ്പോഴും ഒരിക്കല്‍ പോലും പുഷ്പന്‍ കുത്തുപറമ്പ് സമരത്തെയോ താന്‍ ജീവനുതുല്യം സ്‌നേഹിക്കുന്ന പാര്‍ട്ടിയെയോ തള്ളി പറഞ്ഞിരുന്നില്ല.

ഡി.വൈ.എഫ്.ഐ ഒരുക്കി നല്‍കിയ സ്‌നേഹവീടില്‍ കഴിഞ്ഞിരുന്ന പുഷ്പന്‍ കഴിഞ്ഞ 30 വര്‍ഷമായി ഒരേ കിടപ്പില്‍ തന്നെയായിരുന്നു. കുത്തുപറമ്പ് സമരത്തില്‍ തന്നോടൊപ്പം പങ്കെടുത്ത കെ.കെ. രാജീവന്‍, കെ.വി റോഷന്‍, ഷിബുലാല്‍, ബാബു, മധു എന്നിവരോടൊപ്പം വെടിയേല്‍ക്കുമ്പോഴും പ്രാണന്റെ ഒരു തരി മാത്രമാണ് പുഷ്പനിലുണ്ടായിരുന്നത്. മരിച്ചുവെന്നു കരുതിയ പുഷ്പന്‍ ജീവിതത്തിലേക്ക് തിരിച്ചു വന്നുവെങ്കിലും ശയ്യാവലംബമായി തളര്‍ന്നു പോവുകയായിരുന്നു. പ്രദേശത്തെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും കുടുംബാംഗങ്ങളുമാണ് അദ്ദേഹത്തെ പരിചരിച്ചിരുന്നത്. അറിയാമോ ഞങ്ങളെ പുഷ്പനെ അറിയാമോയെന്ന വിപ്‌ളവ ഗാനത്തിലെ ഈരടികള്‍ പോലെ കണ്ണുരിലെ പാര്‍ട്ടി പ്രവര്‍ത്തകരുടെ മനസില്‍ ആവേശം നിറയ്ക്കുന്ന നിശബ്ദ സാന്നിദ്ധ്യമായിരുന്നു പുതുക്കുടി പുഷ്പ്പന്‍ സി.പി.എം അതിന്റെ ജൈവഘടനയില്‍ തന്നെ പ്രതിസന്ധികള്‍ നേരിടുമ്പോള്‍ പാര്‍ട്ടിക്കായി ജീവിക്കുന്ന രക്തസാക്ഷിയായ പുഷ്പനെന്ന പേരായിരുന്നു കരുത്തേകിയിരുന്നത്. ഇപ്പോഴിതാ മരണത്തിലും അമരനായി മാറിയിരിക്കുകയാണ് പുഷ്പനെന്ന പോരാളി.

Tags:    

Similar News