'മോസ്റ്റ് ഹോട്ട് പൊളിറ്റീഷ്യന്‍ ഓഫ് ദ വേള്‍ഡ്' എന്ന വിശേഷണവുമായി ജസ്റ്റിന്‍ ട്രൂഡോ; 51-ാം വയസ്സിലും 25കാരന്റെ ഊര്‍ജുമായി ഹൃതിക് റോഷന്‍; 63-ാം വയസ്സിലും ഡ്യൂപ്പിടാത്ത ആക്ഷന്‍ ഹീറോ ടോം ക്രൂസ്; കൊറിയന്‍ ഗായകനും, നടനുമായ 28കാരന്‍ 'വി' ഒന്നാമത്; ഇവര്‍ ലോക സുന്ദരന്‍മാര്‍!

'മോസ്റ്റ് ഹോട്ട് പൊളിറ്റീഷ്യന്‍ ഓഫ് ദ വേള്‍ഡ്' എന്ന വിശേഷണവുമായി ജസ്റ്റിന്‍ ട്രൂഡോ

Update: 2025-02-10 09:45 GMT

ലോക സുന്ദരിമാരെക്കുറിച്ചും, മിസ് വേള്‍ഡ് കോമ്പറ്റീഷനെക്കുറിച്ചുമൊക്കെ നാം ധാരാളം കേട്ടിട്ടുണ്ട്. ലോക സുന്ദരമത്സരത്തെക്കുറിച്ചോ, ലോക സുന്ദര പട്ടികയെക്കുറിച്ചോ അധികം വാര്‍ത്തകള്‍ ഉണ്ടാവാറില്ല. സ്പോര്‍ട്സ് -ഫാഷന്‍ രംഗത്തെ രാജ്യാന്തര മാധ്യമമായ ടെക്നോ സ്പോര്‍ട്സ് കഴിഞ്ഞ കുറച്ചുകാലമായി ലോക സുന്ദര പട്ടിക പുറത്തുവിടാറുണ്ട്. പലപ്പോഴും ഇത് കൗതുകവും ഒപ്പം വിവാദവും സൃഷ്ടിക്കാറുണ്ട്.

എങ്ങനെയാണ് നിങ്ങള്‍ ഒരു പുരുഷന്റെ സൗന്ദര്യം അളക്കുന്നത്, സൗന്ദര്യത്തെക്കുറിച്ചുള്ള ബോധ്യങ്ങളെല്ലാം തീര്‍ത്തും വ്യക്തിപരമല്ലേ, മാഗസിന്റെ മാര്‍ക്കറ്റിങ്ങ് ടെക്ക്നിക്ക് അല്ലേ ഇതൊക്കെയെന്ന നിരവധി ചോദ്യങ്ങള്‍ വിമര്‍ശകര്‍ ഉന്നയിക്കാറുണ്ട്. അതിന് ടെക്നോ സ്പോര്‍ട്സ് നല്‍കുന്ന മറുപടി, നിങ്ങള്‍ എങ്ങനെയാണോ മിസ് വേള്‍ഡ് എന്ന തിരഞ്ഞെടുപ്പ് നടത്തുന്നത് അതുപോലെ തന്നെ എന്നാണ്. പക്ഷേ കുറ്റം മാത്രം പറയരുതല്ലോ, നിറത്തിന്റെയോ, വംശത്തിന്റെയോ ആയ സോ കോള്‍ഡ് മഹിമകള്‍ ഒന്നും നോക്കാതെ, ആരോഗ്യം, സൗന്ദര്യസംരക്ഷണം, എന്നിവയുടെയൊക്കെ അടിസ്ഥാനത്തിലാണ് അവര്‍ പട്ടിക തയ്യാറാക്കുന്നത്. ഈ മേഖലയിലെ ആയിരക്കണക്കിന് ആളുകളെ കണ്ട് സര്‍വേ നടത്തിയാണ് ലിസ്റ്റ് യ്യാറാക്കുന്നത്. വേള്‍ഡ്സ് മോസറ്റ് ഹാന്‍സംമെന്‍ എന്ന വാക്കിന്റെ അര്‍ത്ഥം, സ്ത്രീകള്‍ ഇഷ്ടപ്പെടുന്ന പുരുഷന്‍ എന്ന അല്ലെന്നും ടെക്നോ സ്പോര്‍ട്സ് അധികൃതര്‍ പറയാറുണ്ട്.

ഒരു പുരുഷന്റെ ഏറ്റവും വലിയ കരുത്തായി ടെക്നോ സ്പോര്‍സ് വിദഗ്ധര്‍ കാണുന്നത് ആരോഗ്യത്തെയാണ്. അതുകൊണ്ടുതന്നെയാണ് 51-ാം വയസ്സിലും വെറും 25കാരനെപ്പോലെ തോന്നിക്കുന്ന ഹൃതിക് റോഷനെ അവര്‍ പട്ടികയില്‍ അഞ്ചാമനായി ഉള്‍പ്പെടുത്തിയത്. ( 71-ാം വയസ്സിലും നാല്‍പ്പതുകാരന്റെ ഊര്‍ജസ്വലതയോടെ അഭിനയിക്കുന്ന, നമ്മുടെ മമ്മൂട്ടിയെക്കുറിച്ച് അവര്‍ക്ക് വലിയ അറിവില്ലെന്ന് തോന്നുന്നു! ) നമുക്ക് തമാശയായി തോന്നുമെങ്കിലും, ആഗോള തലത്തില്‍ ഏറെ അംഗീകരിക്കപ്പെട്ടതാണ് ലോക സുന്ദര പട്ടിക. കോടികളുടെ ബിസിനസാണ് ഇതില്‍ ഒന്ന് കയറിപ്പറ്റിയാല്‍ കിട്ടുക. ആഗോള ഫാഷന്‍ ബ്രാന്‍ഡുകള്‍ പിന്നെ നിങ്ങളുടെ മുന്നില്‍ ക്യൂ നില്‍ക്കും. കഴിഞ്ഞ കുറേക്കാലമായി ലോക സുന്ദര പട്ടിക ആഗോള അടിസ്ഥാനത്തില്‍ തന്നെ ചര്‍ച്ചയാവാറുണ്ട്.

ഇത്തവണത്തെ പട്ടിയനസുരിച്ച്, പ്രശസ്ത കൊറിയന്‍ സംഗീതബാന്‍ഡ് ബിടിഎസിലെ ഗായകനും, അഭിനേതാവുമായ കിം തെ യുങ്് ആണ് ലോകത്തിലെ ഏറ്റവും സുന്ദരന്‍. വി എന്ന് അറിയപ്പെടുന്ന ഈ 28കാരന്‍ കേരളത്തിലടക്കം ലോകമെമ്പാടും ആരാധകരുള്ള ഹീറോയാണ്. ഹോളിവുഡ് താരങ്ങളായ ബ്രാഡ്്പിറ്റ്, റോബര്‍ട്ട് പാറ്റിന്‍സണ്‍ എന്നിവരാണ്, രണ്ടും മൂന്നും സ്ഥാനങ്ങളില്‍. കനേഡിയന്‍ നടനും മോഡലുമായ നോവ മില്‍സ് നാലാം സ്ഥാനത്തും, കാനഡയുടെ മുന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആറാം സ്ഥാനത്തുമാണ്. ക്രിസ് ഇവാന്‍സ്, ഹെന്‍ട്രി കാവില്‍, ടോം ക്രൂസ് എന്നിവര്‍ യഥാക്രമം എഴ്, എട്ട്, ഒമ്പത് സ്ഥാനത്തുണ്ട്. ഓസ്‌ക്കാര്‍ നോമിനേഷന്‍ ലഭിച്ച നടന്‍ ബ്രാഡ്ലി കൂപ്പര്‍ ആണ് പത്താം സ്ഥാനത്ത്.

ലോക സുന്ദരനായ അന്തര്‍മുഖന്‍

മലയാളി കുട്ടികള്‍ കൊറിയന്‍ ഭാഷയില്‍ സംസാരിക്കാന്‍ തുടങ്ങിയ കാലംവന്നത,് കോവിഡ് കാലത്ത് തരംഗമായ ബിടിഎസ് എന്ന കെ പോപ്പ് ബ്രാന്‍ഡിലൂടെയായിരുന്നു. ഭാഷയ്ക്കും ദേശത്തിനും അപ്പുറം മാസ്മരിക സംഗീതം കൊണ്ട് ലോകത്തെ ത്രസിപ്പിച്ച ദക്ഷിണ കൊറിയന്‍ ബോയ് ബാന്‍ഡിന് കോടിക്കണക്കിന് ആരാധകരാണുള്ളത്. അതിലെ പ്രധാനി എന്ന നിലയിലാണ്, വി എന്ന ചുരക്കപ്പേരില്‍ അറിയപ്പെടുന്ന കിം തെ യുങ്് പേരെടുത്തത്.


 



കൊറിയയിലെ ഒരു കര്‍ഷക കുടുംബത്തിലാണ് വി ജനിച്ചത്. മകന്റെ കലാജീവിതത്തിനു പിന്തുണയുമായി മാതാപിതാക്കള്‍ ഒപ്പം നിന്നു. ചെറുപ്പം മുതല്‍ സാക്സോഫോണ്‍ പഠിച്ചുതുടങ്ങി. 9-ാംക്ലാസില്‍ പഠിക്കവേ ദ ബിഗ് ഹിറ്റിന്റെ ഓഡിഷനില്‍ പങ്കെടുത്ത്, ബിടിഎസില്‍ എത്തി. അങ്ങനെ ലോകം കീഴടക്കിയ ഏഴു പയ്യന്‍മ്മാരില്‍ ഒരുവനായി.

കൊവിഡ് മഹാമാരി ലോകത്തെ തടവിലാക്കിയപ്പോഴും സംഗീത പ്രേമികള്‍ ആശ്വാസമായിരുന്നു ഇവരുടെ പാട്ടുകള്‍. അര്‍ഥമോ ഭാവമോ അറിയാതെ ലോകം അവയെല്ലാം നെഞ്ചോട് ചേര്‍ത്തു. ലോക്ഡൗണ്‍ കാലത്ത് പുറത്തിറങ്ങിയ ഡയനാമൈറ്റ് എന്ന ആല്‍ബവും റെക്കോര്‍ഡുകള്‍ പലതും തകര്‍ത്തു. 2010-ല്‍ ബിഗ് ഹിറ്റ്സ് മ്യൂസിക് എന്ന എന്റര്‍ടെയ്ന്‍മെന്റ് കമ്പനിയാണ് ബിടിഎസ് ബാന്‍ഡ് രൂപീകരിച്ചത്. തെരുവില്‍ നൃത്തം ചെയ്തവര്‍, അണ്ടര്‍ഗ്രൗണ്ട് റാപ്പര്‍മാര്‍, വിദ്യാര്‍ഥികള്‍ എന്നിവരില്‍ നിന്നെല്ലാം ഓഡിഷന്‍ വഴി ആളുകളെ തെരഞ്ഞെടുത്തു. 2013ല്‍ 2 കൂള്‍ 4 സ്‌കൂള്‍ എന്ന ആല്‍ബത്തിലെ നോ മോര്‍ ഡ്രീം എന്ന പാട്ടുമായി ആദ്യമെത്തിയ ബാന്‍ഡ് പിന്നെ ആസ്വാദകമനസുകളില്‍ സ്ഥാനം ഉറപ്പിച്ചു. പ്രതിസന്ധികളെ അതിജീവിച്ചാണ് ബിടിഎസ് ഇന്ന് കാണുന്ന വിജയത്തില്‍ എത്തിയത്. തഴയപ്പെടലുകളും തരംതാഴ്ത്തലുകളും ഏറെ അനുഭവിച്ചിട്ടുണ്ട്. ബാങ്താന്‍ സൊന്യോന്ദാന്‍ അഥവാ ബുള്ളറ്റ് പ്രൂഫ് ബോയ് സ്‌കൗട്ട്സ് എന്നാണ് ബിടിഎസിന്റെ പൂര്‍ണരൂപം. ആര്‍എം, ജെ-ഹോപ്പ്, ജിന്‍, സുഗ, പാര്‍ക്ക് ജി-മിന്‍, വി, ജംഗ്കൂക്ക് എന്നിവരാണ് ഇതില്‍ അംഗങ്ങള്‍.

2022-ല്‍ ബീറ്റീസില്‍ താല്‍ക്കാലികമായി പരിച്ചുവിട്ടപ്പോള്‍, ലോകം തേങ്ങി. കൊറിയയില്‍ 18-28 വയസ്സുവരെയുള്ള കാലയളവില്‍ സൈനിക സേവനം നിര്‍ബദ്ധമാണ്. അതിന് പോവാന്‍ വേണ്ടിയാണ് വി അടക്കമുള്ളവര്‍ ഇപ്പോള്‍ ഒരു ബ്രേക്ക്എടുത്തിരിക്കുന്നത്. സൈനിക സേവനം കഴിഞ്ഞ ഈ വര്‍ഷം തന്നെ അവര്‍ ഒന്നിക്കുമെന്നാണ് അറിയുന്നത്. കുറഞ്ഞത് 18 മാസമെങ്കിലും സൈനിക സേവനം ചെയ്തിരിക്കണമെന്നതാണ് ദക്ഷിണ കൊറിയയിലെ നിയമം. വ്യക്തിഗത കരിയര്‍ പിന്തുടരുന്നതിന് വേണ്ടിയാണ് ഇടവേള എടുക്കുന്നതെന്നാണ് ബിടിഎസ് അറിയിച്ചിരിക്കുന്നത്. ബാന്‍ഡ് രൂപീകരിച്ച് ഒന്‍പത് വര്‍ഷം പൂര്‍ത്തിയാക്കിയ വേളയില്‍ നടത്തിയ പ്രത്യേക അത്താഴ വിരുന്ന് 'ഫെസ്റ്റ 2022ന്' ശേഷമാണ് ബിടിഎസിന്റെ പുതിയ പ്രഖ്യാപനം. തങ്ങള്‍ എന്നെങ്കിലും മടങ്ങിവരുമെന്നും സംഘം, വികാരഭരിതമായി ആരാധകരോട് പറഞ്ഞു.

പുരുഷന്മാര്‍ 18-28 വയസ്സിനിടയില്‍ കുറഞ്ഞത് 18 മാസമെങ്കിലും സൈനിക സേവനം ചെയ്തിരിക്കണമെന്നതാണ് ദക്ഷിണ കൊറിയയിലെ നിയമം. ഇപ്പോഴും യുദ്ധവിരാമം പ്രഖ്യാപിക്കാത്ത ഉത്തരകൊറിയയുമായുള്ള 'യുദ്ധത്തിലാണ്' സാങ്കേതികമായി ദക്ഷിണ കൊറിയ. അതിനാല്‍ തന്നെ രാജ്യത്തെ പുരുഷന്മാര്‍ ഇത് പാലിക്കാറുണ്ട്. എന്നാല്‍ ചിലര്‍ക്ക് ഈ നിയമത്തില്‍ ഇളവുണ്ട്. കൊറിയയുടെ പേര് അന്താരാഷ്ട്ര വേദികളില്‍ ഒളിംപിക്സില്‍ അടക്കം ഉയര്‍ത്തുന്ന കായിക താരങ്ങള്‍, ശാസ്ത്രീയസംഗീതജ്ഞര്‍ എന്നിവര്‍ക്ക് നിര്‍ബന്ധിത സൈനിക സേവനത്തില്‍ ഇളവുണ്ട്.

എന്നാല്‍ മറ്റ് സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക് ഇളവില്ല, സിനിമ, പോപ്പ് സംഗീതമൊക്കെ അതില്‍ വരും. അടുത്തകാലത്തായി കൊറിയന്‍ സിനിമയ്ക്കും, സംഗീതത്തിനും ആഗോളതലത്തില്‍ ലഭിക്കുന്ന വന്‍ പ്രചാരത്തെ ഒരു സംസ്‌കാരിക തരംഗമായാണ് കൊറിയക്കാര്‍ പറയുന്നത്. അത് അവര്‍ ഹാല്ല്യു എന്നാണ് ഇതിനെ വിളിക്കുന്നത്. എന്നാല്‍ ഹാല്ല്യുവിന്റെ മുന്‍നിരക്കാര്‍ക്ക് ഒന്നും സൈനിക സേവനത്തില്‍ ഇളവില്ല. ഇത് വേണോ എന്നത് ഒരു തര്‍ക്കമായി നിലനില്‍ക്കുന്നുണ്ട്. ഇപ്പോള്‍ സൈനിക സേവനം കഴിഞ്ഞുള്ള 'വി'യുടെ തിരിച്ചുവരവിനായി കാത്തിരിക്കയാണ് ലോകം.

ബിടിഎസിന് ഉപരിയായി സോളോ ഗാനങ്ങളിലൂടെയും, ടെലിവിഷന്‍ ഷോകളിയൂടെയും സിനിമയിലൂടെയുമൊക്കെ വി തരംഗമായിട്ടുണ്ട്. 'സ്ത്രൈണഭാവം മുറ്റി നില്‍ക്കുന്ന അസുലഭ സൗന്ദര്യം' എന്നാണ് ഈ 28കാരനെ അന്താരാഷ്ട്ര ഫാഷന്‍ രംഗത്തുള്ളവര്‍ വിശേഷിപ്പിക്കാറുള്ളത്. വിയുടെ മൂന്ന് സോളോ ഗാനങ്ങള്‍ സൂപ്പര്‍ ഹിറ്റാണ്. 2016-ല്‍ 'സ്റ്റിഗ്മ', 2018-ല്‍ 'സിംഗുലാരിറ്റി', 2020-ല്‍ 'ഇന്നര്‍ ചൈല്‍ഡ്'-ഇവയെല്ലാം ദക്ഷിണ കൊറിയയുടെ ഗാവ് ഡിജിറ്റല്‍ ചാര്‍ട്ടില്‍ ചാര്‍ട്ട് ചെയ്തിട്ടുണ്ട്. 2016-ലെ ടെലിവിഷന്‍ പരമ്പരയായ ഹ്വാരംഗ്: ദി പൊയറ്റ് വാരിയര്‍ യൂത്ത് എന്ന പരമ്പരയില്‍ വി തന്റെ അഭിനയ അരങ്ങേറ്റം നടത്തി. പിന്നെ നടന എന്ന നിലയിലും അദ്ദേഹത്തിന് വെച്ചടി കയറ്റമായിരുന്നു. വ്യക്തിജീവിത്തില്‍ തീര്‍ത്തും അന്തര്‍മുഖനായാണ്, ലോകമെമ്പാടും ആരാധികമാര്‍ ഉള്ള ഈ താരം അറിയപ്പെടുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ കാമുകിമാരെക്കുറിച്ചൊന്നും അധികം വിവരങ്ങളും പുറത്തുവന്നിട്ടില്ല.

ഹൃതിക്: എജ് ഇന്‍ റിവേഴ്സ് ഗിയര്‍

51-ാം വയസ്സിലും ലോക സുന്ദരന്‍മ്മാരുടെ പട്ടികയില്‍ തിളങ്ങി നില്‍ക്കുന്ന, ഹൃതിക് റോഷനെക്കുറിച്ച് പറയുമ്പോള്‍, 'ഏജ് ഇന്‍ റിവേഴ്സ് ഗിയര്‍' എന്നാണ്, ടെക്നോ സ്പോര്‍ട്സിന്റെ ടീം വിലയിരുത്തുന്നത്. ഇതുകൊണ്ടുതന്നെയാവണം ആരാധകര്‍ അദ്ദേഹത്തെ 'ഗ്രീക്ക് ദൈവമെന്ന്' വിളിക്കുന്നത്. ശരീരവടിവിലും സൗന്ദര്യത്തിലും ഏറെ ശ്രദ്ധചെലുത്തുന്ന താരം ഇതാദ്യമായല്ല ലോകസുന്ദരന്മാരുടെ പട്ടികയില്‍ ഇടംപിടിക്കുന്നത്. പട്ടികയില്‍ അഞ്ചാം സ്ഥാനത്ത് ആണെങ്കിലും, പ്രായംവെച്ച് നോക്കുമ്പോള്‍ അദ്ദേഹമാണ് റിയല്‍ ഹീറോ എന്നാണ് പലരും പറയുന്നത്.


 



വേള്‍ഡ്‌സ് ടോപ്പ്‌മോസ്റ്റ് ഡോട്ട്‌കോം എന്ന അന്താരാഷ്ട്ര വെബ്‌സൈറ്റ് 2019 ല്‍ നടത്തിയ ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ ലോകത്തെ ഏറ്റവും സൗന്ദര്യമുള്ള സിനിമാ താരങ്ങളുടെ പട്ടികയില്‍ ഹൃത്വിക് ഒന്നാമതെത്തിയിരുന്നു. ബോളിവുഡിലെ സിനിമാ കുടുംബത്തില്‍നിന്നാണ് ഹൃതിക് റോഷന്റെ വരവ്.

പ്രമുഖ നടനും സംവിധായകനുമായ രാകേഷ് രോഷന്റെ പുത്രനാണ് ഹൃതിക്. പിതാവ് തെളിച്ച വഴികളിലൂടെ തന്നെ അദ്ദേഹം സിനിമയിലുമെത്തി. ആറുവയസ്സുള്ളപ്പോള്‍ അഭിനയ ലോകത്ത് എത്തിയ ആളാണ് ഹൃതിക്. 1980-ല്‍ ആശ എന്ന ചിത്രം ചെയ്യുമ്പോള്‍ അദ്ദേഹത്തിന് വെറും 6 വയസ്സുമാത്രമായിരുന്നു. പിന്നീട് ചെറിയ വേഷങ്ങള്‍ ചില ചിത്രങ്ങളില്‍ ചെയ്യുകയുണ്ടായി. 1995-ല്‍ ഇറങ്ങിയ കരണ്‍ അര്‍ജുന്‍ എന്ന ചിത്രത്തിലും 1997 ലെ കോയ്‌ല എന്ന ചിത്രത്തിലും സഹസംവിധായകനായും പ്രവര്‍ത്തിച്ചു.

പക്ഷേ 2000-ത്തില്‍ ഹൃതിക്, ആദ്യമായി നായകവേഷത്തില്‍ എത്തിയ കഹോ ന പ്യാര്‍ ഹേ എന്ന ചിത്രം സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായി. ഈ കൊച്ചുകേരളത്തിലടക്കം ആയിരിക്കണക്കിന് ആരാധകരാണ് ഈ യുവ ടനുണ്ടായത്. ചിത്ര അഭിനയത്തിന് അദ്ദേഹത്തിന് മികച്ച നടനും, പുതുമുഖ നടനുമുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചു. നായികയായി അഭിനയിച്ച അമിഷ പട്ടേലിനും ഈ ചിത്രം ഒരു ഭാഗ്യ ചിത്രമായിരുന്നു. മൊത്തം 102 അവാര്‍ഡുകള്‍ ലഭിച്ച ഈ ചിത്രത്തിനാണ്, എറ്റവുമധികം അവാര്‍ഡ് ലഭിച്ച ചിത്രം എന്ന ലിംക ലോക റെക്കോര്‍ഡ്! അതിനു ശേഷം ശ്രദ്ധേയമായ വേഷം ചെയ്ത ചിത്രങ്ങള്‍ കോയി മില്‍ ഗയ (2003), ക്രിഷ് (2006) ധൂം 2 (2006) എന്നിവയായിരുന്നു. ഇതൊക്കെ അദ്ദേഹത്തെ ഹോല്‍വുഡിലെ മുന്‍ നിര നായകന്‍മ്മാരില്‍ ഒരാളാക്കി.

ഒരുവേള അമിതാബച്ചന് സമാനമായി ഒരു വലിയ സൂപ്പര്‍ സ്റ്റാര്‍ ഹൃതിക് ആവുമെന്നും പ്രതീക്ഷപ്പെട്ടിരുന്നു. പക്ഷേ അതുണ്ടായില്ല. ധും 2 വിന്ശേഷമുള്ള അദ്ദേഹത്തിന്റെ ചില ചിത്രങ്ങള്‍ തുടര്‍ച്ചയായി പരാജയമായി. സഞ്ജയ് ഖാന്റ്റെ പുത്രിയായ സൂസനെയാണ് ഋത്വിക് വിവാഹം ചെയ്തിരിക്കുന്നത്. ഇവര്‍ക്ക് രണ്ട് കുട്ടികളുണ്ട്. ഡിസംബറില്‍ ഇവര്‍ തമ്മില്‍ വേര്‍പിരിയുന്നതായുള്ള വെളിപ്പെടുത്തല്‍ ഉണ്ടായി. ആരോഗ്യ സംരക്ഷണത്തിനും, ലഹരിക്കെതിരായ കാമ്പയിനിലും അദ്ദേഹം സജീവമാണ്.

ട്രൂഡോ: രാഷ്ട്രീയത്തിലെ വശ്യത

സിനിമ നടന്‍മ്മാരും, മോഡലുകളും, സപോര്‍ട്സ് സെലിബ്രിറ്റികളുമൊക്കെ സ്ഥാനം പിടിക്കാറുള്ള ലോക സുന്ദര പട്ടികയില്‍ രാഷ്ട്രീയക്കാര്‍ക്ക് എന്ത് കാര്യം എന്ന് ചോദിക്കാന്‍ വരട്ടെ. അവിടെ ആറാം സ്ഥാനം അലങ്കരിക്കുന്നത്, കനേഡിയന്‍ മുന്‍ പ്രധാനമന്ത്രിയായ 53കാരന്‍ സ്റ്റിന്‍ ട്രൂഡോയാണ്. നമ്മുടെ നാട്ടിലെപ്പോലെ യാതൊരു കായികാധ്വാനവും ചെയ്യാതെ കുടവയറും, ചീര്‍ത്ത കവിളുകമായി ജീവിക്കുന്ന രാഷ്ട്രീയക്കാരനല്ല ട്രൂഡോ. ഈ 50 കളിലും അദ്ദേഹത്തിന്റെ ഊര്‍ജവും പ്രസരിപ്പിപ്പും, വാക്ചാതുരിയും അമ്പരിപ്പിക്കുന്നതാണ്. ആരോഗ്യ സംരക്ഷണത്തിന് അദ്ദേഹം നല്‍കുന്ന പ്രധാന്യം തന്നെയാണ്് ട്രൂഡോയെ ഈ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ കാരണം.


 



വ്യത്യസ്തമായ വസ്ത്രങ്ങള്‍ അണിഞ്ഞും മറ്റും എവിടെപ്പോയാലും ട്രൂഡോ ശ്രദ്ധയാകര്‍ഷിക്കാറുണ്ട്. 2018-ല്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ട്രൂഡോയുടെയും ഭാര്യയുടെയും ഡ്രസിങ്് സ്റ്റെല്‍ ചൂണ്ടിക്കാട്ടി, ഫാഷന്‍ നയതന്ത്രം എന്നാണ് ടൈംസ് ഓഫ് ഇന്ത്യയടക്കമുള്ള മാധ്യമങ്ങള്‍ എഴുതിയിരുന്നത്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനത്തിനായി കുടുംബത്തോടൊപ്പം ഇന്ത്യയിലെത്തിയ ട്രൂഡോ, ഇന്ത്യയുടെ പരമ്പാരഗത വസ്ത്രങ്ങള്‍ ധരിച്ചാണ് വൈറല്‍ ആയത്. ചുവന്ന കുര്‍ത്ത, സ്വര്‍ണ്ണ ഷെര്‍വാണി എന്നിവ അണിഞ്ഞാണ് അദ്ദേഹം താജ്മഹല്‍ അടക്കം സന്ദര്‍ശിക്കാനെത്തിയത്. 'ദേശി വൈബ്' എന്ന പേരില്‍ ഇന്‍സ്്റ്റയിലടക്കം ട്രെന്‍ഡിങ്ങായിരുന്നു ഇത്. ഗാന്ധിനഗറിലെ സബര്‍മതി ആശ്രമത്തില്‍ മഞ്ഞ-ചുവപ്പ് നിറങ്ങിലുള്ള, പരമ്പരാഗത ഇന്ത്യന്‍ വസ്ത്രം ധരിച്ച് 'നമസ്‌തേ' പറയുന്ന ട്രൂഡോ കുടുംബം അത്ഭുതപ്പെടുത്തിയെന്ന് മാധ്യമങ്ങള്‍ എഴുതി. ട്രൂഡോയും ഭാര്യ സോഫി ഗ്രിഗോയര്‍ ട്രൂഡോയും മക്കളായ ഹാഡ്രിയന്‍, സേവ്യര്‍, മകള്‍ എല്ല-ഗ്രേസ് എന്നിവരും ഇന്ത്യന്‍ ശൈലിയിലുള്ള വസ്ത്രമാണ് ധരിച്ചത്.

ആരെയും കൊതിപ്പിക്കുന്ന വ്യക്തിത്വമായിരുന്നെങ്കിലും, സാധാരണ പാശ്ചാത്യ നാടുകളിലെ സെലിബ്രിറ്റി രാഷ്ട്രീയക്കാരെപ്പോലെ, ലൈംഗിക അപവാദങ്ങള്‍ അധികമെന്നും ട്രൂഡോയുടെ പേരില്‍ ഉണ്ടായിരുന്നില്ല. സോഫി ഗ്രിഗറി ട്രൂഡോയുള്ള 18 വര്‍ഷം നീണ്ട വിവാഹജീവിതം ഇരുവരും അവസാനിപ്പിച്ചതും വലിയ ബഹളങ്ങള്‍ ഒന്നുമില്ലാതെയാണ്. 2005-ലാണ് ട്രൂഡോയും സോഫിയും വിവാഹിതരാകുന്നത്. പത്തു വര്‍ഷങ്ങള്‍ക്ക് ശേഷം ട്രൂഡോ കാനഡയുടെ പ്രധാനമന്ത്രിയുമായി. മുന്‍പ്രധാനമന്ത്രി പിയറി എലിയറ്റ് ട്രൂഡോയുടെ മകനായ ജസ്റ്റിന്‍ ട്രൂഡോ സ്‌കൂള്‍ അധ്യാപകനായി ജോലി ചെയ്തു വരികെയാണ് പ്രധാനമന്ത്രിപദത്തിലെത്തുന്നത്. 48-കാരിയായ സോഫി ഗ്രിഗറി മാധ്യപ്രവര്‍ത്തകയാണ്.

പക്ഷേ ട്രൂഡോയുടെ കാലം ഇന്ത്യയുമായുള്ള ബന്ധം അത്ര നന്നായിരുന്നില്ല. കാനഡ കേന്ദ്രീകൃതമായ ഖലിസ്ഥാന്‍ വാദത്തിന് പരോക്ഷ പിന്തുണ നല്‍കുന്ന നടപടിയാണ് അദ്ദേഹത്തിന് ഭാഗത്തുനിന്ന് ഉണ്ടായത്. സ്വതന്ത്ര സിഖ് രാഷ്ട്രമെന്ന ആവശ്യം മുന്‍നിര്‍ത്തി കാനഡയില്‍ പ്രവര്‍ത്തിച്ചിരുന്ന ഖലിസ്താന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തെ തുടര്‍ന്ന് കാനഡ-ഇന്ത്യ ബന്ധം തകരാറിലായ കാര്യം എല്ലാവര്‍ക്കും അറിയാമല്ലോ. ഇപ്പോള്‍ കാനഡയിലെ ആഭ്യന്തര രാഷ്ട്രീയത്തിലും ട്രൂഡോക്ക് കാലിടറി. ഇപ്പോള്‍ അദ്ദേഹം രാജിവെച്ച് കാവല്‍ പ്രധാനമന്ത്രിയായി തുടരുകയാണ്.

പക്ഷേ ആരോഗ്യസംരക്ഷണത്തിലും ഡ്രസ് സെന്‍സിലുമൊക്കെ ട്രൂഡോയെ സമ്മതിക്കണം. ഹൃദയാരോഗ്യ സംരക്ഷണ കാമ്പയിനുകളിലടക്കം അദ്ദേഹം പങ്കാളിയാണ്. നേരത്തെ 'ലോകത്തിലെ ഏറ്റവും ഹോട്ടായ പൊളിറ്റീഷ്യന്‍' എന്നാണ് ഫാഷന്‍ ട്രെന്‍ഡ് മാഗസിന്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചത്.

63-ാം വയസ്സിലും ഡ്യൂപ്പിടാത്ത ഹീറോ

ലോക സുന്ദര ലിസ്റ്റില്‍ 9ാം സ്ഥാനത്തുള്ളത് നടന്‍ ടോം ക്രൂസാണ്. 63 വയസ്സാണ് അദ്ദേഹത്തിന്. ഈ പ്രായത്തിലും ഡ്യൂപ്പിടാതൊണ് അദ്ദേഹം ആക്ഷന്‍ രംഗങ്ങളില്‍ അഭിനയിക്കുന്നത്. ശരീരം ഇന്നും സിക്സ്പാക്കാണ്. അതും തനിക്ക് തോന്നിയതെല്ലാം ചെയ്തുകൊണ്ട്. ഇഷ്ട ഭക്ഷണം കഴിക്കുകയും, മദ്യപിക്കുകയും, പുകവലിക്കുകയുമൊക്കെ ചെയ്യുന്ന ആളാണ്. ഒരുപാട് കാമുകിമാരുമുണ്ട്!

മിഷന്‍ ഇംപോസിബിള്‍ എന്ന ചലച്ചിത്ര പരമ്പരയിലൂടെ ടോം ക്രൂസ് ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ചത്. സാഹസികമായ രംഗങ്ങള്‍ ചെയ്യാന്‍ ഏറെ ഇഷ്ടമുള്ള താരംകൂടിയാണ് അദ്ദേഹം. പറക്കുന്ന വിമാനത്തില്‍ നിന്ന് ചാടുന്നതും വിമാനത്തില്‍ തൂങ്ങിപ്പിടിച്ച് ഫൈറ്റ് ചെയ്യുന്നതും ഒരു കെട്ടിടത്തില്‍നിന്നും മറ്റൊന്നിലേക്ക് ചാടുന്നതും മലമുകളില്‍നിന്ന് ബൈക്കില്‍ താഴേക്ക് പറന്നിറങ്ങുന്നതുമെല്ലാം ഡ്യൂപ്പിനെ ഉപയേഗിക്കാതെ ചെയ്ത് വിസ്മയിപ്പിച്ചിട്ടുണ്ട് അദ്ദേഹം. ജീവിതത്തില്‍ ഇന്നേവരെ സംഘട്ടനരംഗത്തില്‍ ഡ്യൂപ്പിനെ ഉപയോഗിക്കാത്ത ടോമിന് ഇതാദ്യമായി ഒരു ഡ്യൂപ്പിനെ ഇട്ടതും ഇക്കഴിഞ്ഞ വര്‍ഷം വാര്‍ത്തയായി.

മിഷന്‍ ഇംപോസിബിള്‍ പരമ്പരയില്‍ പുതിയ ചിത്രത്തിനാണ് താരം ഡ്യൂപ്പിനെ ഉപയോഗിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. പക്ഷേ ഒരു പുസ്തകത്തിന്റെ പേജ് മറിക്കുന്ന രംഗമാണത്. ഹാന്‍ഡ് ഡബിള്‍ എന്നാണ് ഈ സംവിധാനത്തെ വിശേഷിപ്പിക്കുന്നത്. കാരണം കൈ മാത്രമേ രംഗത്തിലുണ്ടാവൂ എന്നതുതന്നെ. സ്‌കൈഡവിംഗ്, വിമാനത്തില്‍ തൂങ്ങിക്കിടന്നുള്ള പ്രകടനം തുടങ്ങിയവയാണ് ടോം ക്രൂസ് സാധാരണയായി ചെയ്യാറുള്ളത്. പുതിയ ചിത്രത്തിനുവേണ്ടി ഇത്തരത്തിലുള്ള ഒരുപാട് രംഗങ്ങള്‍ ചെയ്ത് അദ്ദേഹം ക്ഷീണിതനായി. താരത്തിന് വിശ്രമം അനുവദിച്ചതിനെത്തുടര്‍ന്നാണ് ഈ നിസ്സാര രംഗം ഡ്യൂപ്പിനെ വെച്ച് ചിത്രീകരിച്ചത്!

കഴിഞ്ഞ വര്‍ഷം ഒളിമ്പിക്സ് സമാപനച്ചടങ്ങില്‍ അതിശയിപ്പിക്കുന്ന ആക്ഷന്‍ പ്രകടനവുമായി ഹോളിവുഡ് സ്റ്റാര്‍ ടോം ക്രൂസ് എത്തിയിരുന്നു. പതിവുപോലെ ഡ്യൂപ്പുകളുടെ സഹായമില്ലാതെയായിരുന്നു സാഹസിക പ്രകടനങ്ങളുമായി ക്രൂസ് ഒളിമ്പിക്സ് വേദിയില്‍ എത്തിയത്. സ്റ്റേഡിയത്തിനു മുകളില്‍നിന്ന് പറന്നിറങ്ങിക്കൊണ്ടായിരുന്നു വേദിയിലേക്കുളള താരത്തിന്റെ എന്‍ട്രി.


 



'അതിശയിപ്പിക്കുന്ന നാടകീയ കടന്നുവരവ്' എന്നാണ് വിദേശ മാധ്യമങ്ങള്‍ ടോം ക്രൂസിന്റെ പ്രകടനത്തെ വിശേഷിപ്പിച്ചത്. അരയില്‍ പ്രത്യേക റോപ്പ് ഘടിപ്പിച്ച് സുരക്ഷ ഉറപ്പുവരുത്തിക്കൊണ്ടായിരുന്നു കാണികളെ ആവേശത്തിലാക്കിയ രംഗപ്രവേശനം.അത്ലറ്റുകള്‍ക്ക് ഹസ്തദാനം നല്‍കിക്കൊണ്ട് കടന്നുവന്ന ക്രൂസിനെ ആര്‍പ്പുവിളികളും ആരവവും കൊണ്ട് കാണികള്‍ സ്വീകരിച്ചു. തുടര്‍ന്ന് സ്പോര്‍ട്സ് ബൈക്കില്‍ ഒളിമ്പിക് പതാകയുമായി യാത്ര തുടങ്ങിയ ക്രൂസിന് മുന്നില്‍ മറ്റൊരു ദൗത്യം കൂടി ഉണ്ടായിരുന്നു, ഹോളിവുഡിലേക്ക് പതാക എത്തിക്കുക. വിമാനത്തില്‍ കയറി പാരച്യൂട്ട് മാര്‍ഗം ലോസ് ഏഞ്ചല്‍സില്‍ ഇറങ്ങുക എന്നതായിരുന്നു അതിനായി ക്രൂസ് തിരഞ്ഞെടുത്ത മാര്‍ഗം. മുമ്പ് 2004ല്‍ ഏതെന്‍സില്‍ നടന്ന ഒളിമ്പിക്സ് ഉദ്ഘാടനച്ചടങ്ങിലും ടോം ക്രൂസ് പങ്കെടുത്തിരുന്നു.

എന്താണ് ഈ ആരോഗ്യത്തിന്റെ രഹസ്യം എന്ന ചോദ്യത്തിന് 'നത്തിംഗ്' എന്നായിരുന്നു ടോമിന്റെ മറുപടി. ലോകമെമ്പാടും കാമുകിമാരും അദ്ദേഹത്തിനുണ്ട്. മൂന്ന് തവണ ടോം ക്രൂസ് വിവാഹിതനായിട്ടുണ്ട്. 1987-ലാണ് അദ്ദേഹം അഭിനേത്രിയായ മിമി റോജേഴ്സിനെ വിവാഹം ചെയ്തത്. ഈ ബന്ധം 1990 വരെയാണ് നീണ്ടത്. 1990-ല്‍ നിക്കോള്‍ കിഡ്മാനെ വിവാഹം ചെയ്ത ക്രൂസ് 2001-ല്‍ ഈ ബന്ധം അവസാനിപ്പിച്ചു. 2006-ല്‍ കേറ്റ ഹോംസിനെ വിവാഹം ചെയ്ത ടോം ക്രൂസ് 2012-ല്‍ ഈ ബന്ധവും അവസാനിപ്പിച്ചിരുന്നു. ഏറ്റവും ഒടുവിലായി, രണ്ടുവര്‍ഷം മുമ്പ് 61ാം വയസില്‍ 36 കാരിയുമായി പ്രണയത്തിലായതും വാര്‍ത്തയായിരുന്നു. മുന്‍ റഷ്യന്‍ മോഡലായി എല്‍സീന ഖൈറോവയെന്ന 36കാരിയാണ് ടോം ക്രൂസിന്റെ മനം കവര്‍ന്നത്. വില്യം രാജകുമാരന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച എയര്‍ ആംബുലന്‍സ് ചാരിറ്റി പരിപാടിയില്‍ ഇരുവരും ഒരുമിച്ചാണ് പങ്കെടുത്തതോടെയാണ് വാര്‍ത്ത പുറത്തായത്. ആ ബന്ധവും ഇപ്പോള്‍ പരിഞ്ഞുവെന്നാണ് അറിയുന്നത്. വ്യവസ്ഥാപിത സൗന്ദര്യസംരക്ഷണത്തിനുള്ള ഒരു മാര്‍ഗവും സ്വീകരിക്കാതിരുന്നിട്ടും, ടോം ക്രൂസ് പ്രായം കൂടുന്നതിന് അനുസരിച്ച് സുന്ദരനായിക്കൊണ്ടിരിക്കയാണെന്നാണ് പറയുന്നത്.

വാല്‍ക്കഷ്ണം: പണ്ട് ലോക സൗന്ദര്യമത്സരത്തിനെതിരെ, ലോക വിരൂപ മത്സരം സംഘടിപ്പിച്ചുകൊണ്ട് കോഴിക്കോട്ടുകാരനായ രാംദാസ് വൈദ്യര്‍, ലോകത്തെ അമ്പരപ്പിച്ചിരുന്നു. വൈദ്യരുള്ള കാലത്താണ്, ഈ പരിപാടിയെങ്കില്‍ അദ്ദേഹം ലോക വിരൂപ പട്ടികയും പുറത്തിറക്കിയേനെ!

Tags:    

Similar News