'ലൈറ്റ് പോയാല്‍ തപ്പിക്കണ്ടുപിടിക്കേണ്ട കാക്കക്കറുമ്പനെന്ന് ബോഡി ഷെയിമിങ്; കോപ്പിയടി വീരനെന്നും തട്ടിപ്പുകാരനെന്നും ഡീ ഗ്രേഡിങ്ങ്; എന്നിട്ടും വളര്‍ന്ന് ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള ഡയറക്ടറായി; ഒരു സിനിമക്ക് നുറുകോടി പ്രതിഫലം! അരുണ്‍കുമാര്‍ എന്ന ആറ്റ്ലിയുടെ അസാധാരണ കഥ

ആറ്റ്ലിയുടെ അസാധാരണ കഥ

Update: 2025-03-03 10:11 GMT

റ്റ സിനിമക്ക്  നൂറുകോടി രൂപ പ്രതിഫലം വാങ്ങുന്ന സംവിധായകന്‍! ഇന്ത്യയില്‍ ഇന്നുവരെയുള്ള എല്ലാ പ്രതിഫലക്കണക്കുകളെയും വെട്ടിച്ച് റെക്കോഡിട്ടിരിക്കുന്നത്, മധുരയിലെ ഒരു ചെറിയ വീട്ടില്‍ നിന്ന് സിനിമ സ്വപ്്നം കണ്ട് ജീവിച്ച ആ കാക്കക്കറുമ്പനാണ്. പേര് അരുണ്‍കുമാര്‍ എന്ന ആറ്റ്ലി. തൊട്ടതെല്ലാം പൊന്നാക്കിയ ഡയറക്ടര്‍. രാജ്യറാണിയെന്ന ആദ്യ ചിത്രവും, തെരി, മെര്‍സല്‍, ബിഗില്‍ എന്നീ വിജയ്ഹിറ്റുകള്‍ക്കുശേഷം, ഷാറൂഖ് ഖാനെ നായകനാക്കിയായ ആയിരകോടി നേടിയ ജവാന്‍ എന്ന സിനിമ, ആറ്റ്ലിയെന്ന 38കാരനെ ഇന്ത്യന്‍ സിനിമാലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ചലച്ചിത്രകാരനാക്കി!

കലാപരമായി നോക്കുമ്പോള്‍ അത്ര മികച്ചതൊന്നുമല്ല ആറ്റ്ലി സിനിമകള്‍. നായകനുവേണ്ടിയും, ബോക്സോഫീസിനുവേണ്ടിയും ഉണ്ടാക്കിയ ടെയിലര്‍ മേഡ് ചിത്രങ്ങള്‍. പക്ഷേ അവയെല്ലാം അവതരിപ്പിക്കുന്നതിലെ ഒരു പുതുമയും, സ്പീഡും, ടെക്നിക്കുമൊക്കെ അമ്പരപ്പിക്കുന്നതാണ്. സൗത്ത് ഇന്ത്യന്‍ സിനിമയുടെ ഏറ്റവും വലിയ ഷോമാന്‍ എന്ന് നാം കരുതിയിരുന്ന, മണിരത്നം, ഷങ്കര്‍, രാജമൗലി, രാംഗോപാല്‍ വര്‍മ്മ, സുകുമാര്‍ എന്നിവരെയൊക്കെ കടത്തിവെട്ടിയിരിക്കയാണ് ഈ ചെറുപ്പക്കാരന്‍.

അല്ലു അര്‍ജുന്‍ നായകനാവുന്ന ചിത്രമാണ് ആറ്റ്ലി പുതുതായി കമ്മിറ്റ് ചെയ്തിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന വിവരം. ഇത് നേരത്തെ ഡ്രോപ്പ് ചെയ്തുവെന്ന് വാര്‍ത്തകള്‍ വന്നതാണ്. കാരണം, 80 കോടിക്ക് മുകളില്‍ ആറ്റ്ലി പ്രതിഫലം ചോദിച്ചതാണ് ചിത്രം മുടങ്ങാന്‍ കാരണം എന്നാണ് ടൈംസ് ഓഫ് ഇന്ത്യ എഴുതിയിരുന്നത്. പക്ഷേ പുഷ്പ 2 വന്‍ വിജയമാകുകയും 1700 കോടിക്ക് മുകളില്‍ ഗ്രോസ് ചെയ്യുകയും ചെയ്തതോടെ വലിയ പടങ്ങളുടെ വിപണി സാധ്യതകള്‍ നിര്‍മ്മാതാക്കള്‍ തിരിച്ചറിയുകയാണ്. അങ്ങനെയാണ് നൂറുകോടിരൂപ പ്രതിഫലം നല്‍കി, ആറ്റ്ലീ- അല്ലു ചിത്രം വരുന്നത് എന്നാണ്, ഇന്ത്യടുഡെ അടക്കമുള്ള മാധ്യമങ്ങള്‍ പറയുന്നത്.

എ6 എന്ന പേരില്‍ സല്‍മാന്‍ ഖാനും, അറ്റ്ലിയും ഒന്നിക്കുന്ന എന്നത് കുറച്ചുകാലമായി ബോളിവുഡ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രൊജക്ടാണ്. പുനര്‍ജന്മവുമായി ബന്ധപ്പെട്ട ഒരു ആക്ഷന്‍ ചിത്രമാണ് ഇതെന്നണ് കേട്ടത്. ഈ ചിത്രത്തില്‍ കമലഹാസന്‍ അതിഥി വേഷത്തില്‍ എത്തും എന്നതടക്കം വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ ചിത്രം അനിശ്ചിതകാലത്തേക്ക് മുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. അതിന് പകരമാണ് അല്ലു- ആറ്റ്ലീ പ്രൊജക്റ്റ് വരുന്നത്.

ഇന്ന് സ്വപ്നതുല്യമായ പ്രതിഫലം വാങ്ങി, ഇന്ത്യന്‍ കൊമേര്‍ഷ്യല്‍ സിനിമയിലെ ഏറ്റവും തിളക്കുന്ന ഫിലിം മേക്കറായി നില്‍ക്കുന്ന, ആറ്റ്ലിയുടെ ജീവിതം എന്നും വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. ഇന്നും കോപ്പിയടി വീരന്‍ എന്നുമുള്ള ഡീഗ്രേഡിങ്ങ് അദ്ദേഹം തുടര്‍ച്ചയായി കേള്‍ക്കുന്നുണ്ട്. തന്റെ നിറത്തിന്റെ പേരിലും, തമിഴ്കലര്‍ന്ന ഇംഗ്ലീഷിന്റെ പേരിലുമൊക്കെ ഏറെ അപമാനിക്കപ്പെട്ട വ്യക്തിയായിരുന്നു അയാള്‍. യാതൊരു സിനിമാ പാരമ്പര്യവുമില്ലാത്ത ഒരു കുടുംബത്തില്‍ ജനിച്ച്, തന്റെ പാഷന്‍ ഒന്നുകൊണ്ടുമാത്രം വളര്‍ന്ന ഒരു അപൂര്‍വ പ്രതിഭയുടെ കഥയാണ് ആറ്റ്ലിയുടെ ജീവിതം.




ഷങ്കര്‍ സ്‌കൂളില്‍ നിന്ന് തുടക്കം

1986 സെപ്റ്റംബര്‍ 21, മധുരയിലെ തിരുപ്പരന്‍കുണ്ഡത്തെ ഒരു ഇടത്തരം കുടുംബത്തിലാണ്, അരുണ്‍കുമാര്‍ എന്ന ആറ്റ്ലി ജനിച്ചത്. കുടുംബത്തില്‍ ആര്‍ക്കും സിനിമയുമായി ഒരു ബന്ധം ഉണ്ടായിരുന്നില്ലെങ്കിലും അരുണിന്റെ മനസ്സില്‍ കുട്ടിക്കാലം മുതല്‍ക്കേ സിനിമയായിരുന്നു. അതല്ലാതെ മറ്റൊരു ജോലിയും തനിക്ക് ചെയ്യാന്‍ കഴിയില്ല എന്നാണ് അദ്ദേഹം ഒരു അഭിമുഖത്തില്‍ പറയുന്നത്.

ആദ്യം നടനാകണമെന്നായിരുന്നു ആഗ്രഹിച്ചത്. പക്ഷേ സിനിമയിലേക്കുള്ള വഴി ഏതാണെന്ന് ആ പ്രായത്തില്‍ അവന് അറിയില്ലായിരിന്നു. സ്‌കൂള്‍ പഠനത്തിനു ശേഷം സത്യഭാമ യൂണിവേഴ്‌സിറ്റിയില്‍ നിന്നു വിഷ്വല്‍ കമ്യൂണിക്കേഷനില്‍ ഡിഗ്രി ചെയ്തു. അന്ന് തൊട്ട് സുഹൃത്താണ് ഇന്നത്തെ പ്രശസ്ത നടന്‍ ശിവകാര്‍ത്തികേയന്‍. അപ്പോള്‍ ചെയ്ത ഒരു ഷോര്‍ട്ട് വീഡിയോയാണ് ആറ്റ്ലിയുടെ ജീവിതം മാറ്റിമറിച്ചത്. ശിവകാര്‍ത്തികേയനെ വച്ച് ചെയ്ത മുഖപ്പുസ്തകം എന്ന ഹ്രസ്വചിത്രം വലിയ ചര്‍ച്ചയായി. 'എന്‍ മേലേ വീഴുന്ന മഴത്തുള്ളിയേ' എന്ന ഹ്രസ്വചിത്രവും അറ്റ്ലിയുടെ സിനിമാസ്വപനത്തെയും പ്രതിഭയെയും വിളിച്ചുപറയുന്നതായിരുന്നു. അക്കാലത്ത് സുഹൃത്തായിരുന്ന പ്രിയയോടുള്ള പ്രണയവും അവന്‍ മനസ്സില്‍ സൂക്ഷിച്ചു. സിനിമയില്‍ തന്റേതായ ഒരുമേല്‍വിലാസം ഉണ്ടാക്കിയ ശേഷം അറ്റ്ലി ആ പ്രണയത്തെയും വെളുപ്പെടുത്തി. അവളാണ് ഇന്ന് അദ്ദേഹത്തിന്റെ ഭാര്യ!





തന്റെ ഷോര്‍ട്ട്ഫിലിമുകള്‍ സംവിധായകന്‍ ഷങ്കറിന് അയച്ചകൊടുത്തതായിരുന്നു ആറ്റ്ലിയുടെ ജീവിതത്തിലെ അടുത്ത വഴിത്തിരിവ്. ഷോര്‍ട്ട്ഫിലിം കണ്ട് ഇഷ്ടമായ ഷങ്കര്‍ അവനെ തന്റെ സെറ്റിലേക്ക് വിളിപ്പിച്ചു. തന്റെ കൂടെ സഹസംവിധായകനായി ചേരുന്നോ എന്ന് ചോദിച്ചു. ഇത് കേള്‍ക്കേണ്ട താമസം അവന്‍ സമ്മതം മൂളി. സിനിമാമോഹം ഉള്ളില്‍ ഉദിപ്പിച്ച രജനികാന്തിന്റെ യന്തിരന്‍ സെറ്റില്‍ ആറ്റ്ലി ആവേശത്തോടെ നിറഞ്ഞു നിന്നു. ഭാവിയില്‍ ആശാന്റെ പേര് മോശമാക്കാത്ത ശിഷ്യനായിരിക്കുമെന്ന് അന്ന് തന്നെ ഷങ്കറിന് മനസിലായിരുന്നു. പിന്നീട് ഷങ്കറിന്റെ നന്‍പന്‍ എന്ന സിനിമയിലും സഹായിയായി. അവിടെ വച്ചാണ് വിജയ്യുമായുള്ള സൗഹൃദം ആരംഭിച്ചത്. (ഇന്നും വിജ്യയുടെ കിച്ചന്‍ കാബിനറ്റ് എന്ന് വിളിക്കാവുന്ന മനസാക്ഷി സൂക്ഷിപ്പുകാരുടെ ലിസ്റ്റ് എടുത്താല്‍ അതില്‍ ആദ്യമുള്ളപേര് ആറ്റ്ലിയുടേതാണ്)





സെറ്റില്‍ ആവേശത്തോടെ ഓടി നടക്കുന്ന, എന്നാല്‍ അതിഗംഭീരമായ ക്രിയേറ്റിവിറ്റിയുള്ള ആ പയ്യനെ തനിക്കും ശരിക്ക് ഇഷ്പ്പെട്ടുവെന്നാണ് വിജയ് പിന്നീട് പറഞ്ഞത്. ആവേശം മാത്രം കൈമുതലാക്കി സിനിമയിലേക്ക് വന്ന തന്റെ തന്നെ മിനിയേച്ചറിനെയാണ് ആറ്റ്ലിയില്‍ കണ്ടതെന്നും വിജയ് ഓര്‍ത്തിരുന്നു. അന്നുതന്നെ വിജയ് പറഞ്ഞു, 'നീ എനിക്ക് പറ്റിയ ഒരു കഥയുമായി വരൂ, നമുക്ക് പടം ചെയ്യാം'. വിജയ്യുടെ ഒരു ഡേറ്റിനുവേണ്ടി അന്ന് നിര്‍മ്മാതാക്കാള്‍ ക്യൂ നില്‍ക്കുന്ന കാലമായിരുന്നു. പക്ഷേ ആറ്റ്ലി കാത്തിരുന്നു. സ്വന്തമായി ഒരു ഹിറ്റുണ്ടാക്കണം. എന്നിട്ടേ വിജയെ സമീപിക്കൂ എന്ന വാശിയിലായിരുന്നു, അവന്‍.



ഷങ്കറിന്റെ അസിസ്റ്റന്റായി അഞ്ചു വര്‍ഷത്തോളം സിനിമയുടെ സമസ്ത മേഖലയും പഠിച്ച ശേഷമാണു സ്വന്തമായി സംവിധാനത്തിലേക്കു ആറ്റ്‌ലി കടക്കുന്നത്. തന്നെ ബില്‍ഡ് ചെയ്തത് ഷങ്കര്‍ ആണെന്നും, ഷങ്കര്‍ സ്‌കൂളില്‍നിന്നാണ് താന്‍ വരുന്നത് എന്നും എവിടെയും അഭിമാനപൂര്‍വം പറയുമെന്ന് ആറ്റ്ലി പറയാറുണ്ട്. തന്റെ ശിഷ്യന്‍ തന്നേക്കാള്‍ വളര്‍ന്നതില്‍ അഭിമാനമുണ്ടെന്ന് ഷങ്കറും പറയുന്നു. പക്ഷേ ഗുരുവും ശിഷ്യനും, തമ്മില്‍ ഇപ്പോള്‍ അത്ര നല്ല ബന്ധത്തിലല്ല എന്നാണ് കേള്‍ക്കുന്നത്. കാരണം ഗുരുവിന്റെ ഇന്ത്യന്‍ 2 വും, ഗെയിംചേഞ്ചറുമൊക്കെ എട്ടല്ല, പതിനാറ് നിലയില്‍ പൊട്ടുമ്പോള്‍, ശിഷ്യന്റെ പടം ഹിറ്റാവുന്നത് തന്നെയാവാം കാരണം. പക്ഷേ ഷങ്കറിന്റെ ബ്രഹ്‌മാണ്ഡ മേക്കിങ്ങ് ആയിരുന്നു ആറ്റ്ലി ചിത്രങ്ങളുടെ കാതല്‍. ഒരു അര്‍ത്ഥത്തില്‍ ശിഷ്യനിലൂടെ ജീവിക്കുന്നത് ആശാന്‍ തന്നെയാണ്.

രാജാറാണി തൊട്ട് ജവാന്‍ വരെ

2013-ല്‍ പുറത്തിറങ്ങിയ, ആര്യ നായകനായ രാജാറാണിയായിരുന്നു ആറ്റ്ലിയുടെ ആദ്യ ചിത്രം. എ.ആര്‍. മുരുഗദോസ് നിര്‍മ്മിച്ച ഈ ചിത്രത്തില്‍ ആര്യ, ജയ്, നയന്‍താര, നസ്രിയ നസിം എന്നിവരാണ് മുഖ്യവേഷങ്ങളില്‍ എത്തിയത്. പില്‍ക്കാലത്ത് ആറ്റ്ലി ചിത്രങ്ങളുടെ സവിശേഷതയായ ആക്ഷന്‍- ത്രില്ലര്‍ മോഡ് തീരെയില്ലാതെ, റൊമാന്റിക്ക് കോമഡി മോഡിലാണ് ചിത്രം വര്‍ക്കൗട്ട് ചെയ്തിരുന്നത്.

2012 -ന്റെ തുടക്കത്തില്‍, ഷങ്കറിന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന സമയത്താണ് ആറ്റ്‌ലി ചിത്രത്തിന്റെ കഥയുണ്ടാക്കിയത്. ആദ്യം മനസ്സിലുണ്ടായിരുന്നത് സുഹൃത്ത് ശിവകാര്‍ത്തികേയന്‍ ആയിരുന്നെങ്കിലും അദ്ദേഹത്തിന് ഡേറ്റ് ഉണ്ടായിരുന്നില്ല. അങ്ങനെയാണ് ആര്യയും നയന്‍താരയും പ്രൊജക്റ്റിലേക്ക് എത്തുന്നത്. ചിത്രത്തില്‍ നസ്റിയയുടെ വേഷവും ശ്രദ്ധേയമായിരുന്നു. 25 കോടി മുടക്കിയ ചിത്രം 50 കോടിയിലേറെ നേടി. ചിത്രത്തിന്, നിരൂപക പ്രശംസയും ലഭിച്ചു. ഈ ചിത്രത്തിന് അദ്ദേഹത്തിന് മികച്ച സംഭാഷണ രചയിതാവിനുള്ള തമിഴ്നാട് സംസ്ഥാന അവാര്‍ഡും ലഭിച്ചു.




പക്ഷേ ആറ്റ്ലിയുടെ എല്ലാ ചിത്രത്തിലും പതിവായപോലെ വിവാദങ്ങളും ഉണ്ടായി. മണിരത്നത്തിന്റെ മൗനരാഗം എന്ന ചിത്രവുമായും, മിലാന എന്ന കന്നഡ ചിത്രവുമായുള്ള സാമ്യം നിരൂപകര്‍ വിഷയമാക്കി. തമിഴ് ചിത്രമായ നെഞ്ചത്തൈ കില്ലാത്തേയുമായുള്ള സാദൃശ്യവും ചര്‍ച്ചയായി. ഇതെല്ലാം വെച്ച് ഒരു കോപ്പിയടി വീരനാക്കി ആറ്റ്ലിയെ ചിത്രീകരിക്കാനും ശ്രമം നടന്നു. പക്ഷേ ചില്‍ സാദൃശ്യങ്ങള്‍ ഉണ്ടെന്നത് ഒഴിച്ചാല്‍ ഇത് കോപ്പിയടിയല്ലെന്നും വ്യക്തമായിരുന്നു.




പക്ഷേ രാജറാണിയുടെ വിജയം ആറ്റ്ലിക്ക് ധൈര്യമായി വിജയ് എന്ന സൂപ്പര്‍ താരത്തെ സമീപിക്കാന്‍ പ്രചോദനമായി. അങ്ങനെയാണ്, 2016-ല്‍ അദ്ദേഹം ദളപതിയെ നായകനാക്കി തെരിയെന്ന ചിത്രമെടുക്കുന്നത്. ആ സമയത്ത് ഒന്ന് രണ്ട് പരാജയങ്ങളെ തുടര്‍ന്ന് ബോക്സോഫീസില്‍ അല്‍പ്പം പതറി നില്‍ക്കയായിരുന്നു വിജയ്. പക്ഷേ 150 കോടിയുടെ കളക്ഷന്‍ നേടി തെരി സൂപ്പര്‍ ഹിറ്റായി. വിജയെ ആരാധകര്‍ ആഗ്രഹിക്കുന്ന അതേ ത്രില്ലില്‍ രംഗത്തിറക്കാന്‍ കഴിഞ്ഞു എന്നതായിരുന്നു ആറ്റ്ലിയുടെ വിജയം. തുടര്‍ന്ന് 2017-ല്‍ മെര്‍സലും, 2019-ല്‍ ബിഗിലും ഇതേ കോമ്പോയില്‍ ഉണ്ടായി. എല്ലാം സൂപ്പര്‍ വിജയങ്ങള്‍.

പക്ഷേ അപ്പോഴും കോപ്പിയടി വിവാദം കൂടെയുണ്ടായിരുന്നു. 1990-ല്‍ ഇറങ്ങിയ ചത്രിയന്റെ നവീകരിച്ച പതിപ്പായാണ് തെറിയെ ചില നിരൂപകര്‍ വിശേഷിപ്പിച്ചത്. 1989-ല്‍ ഇറങ്ങിയ അപൂര്‍വ സഹോദരങ്ങളുടെയും, 82-ല്‍ ഇറങ്ങിയ മൂണ്ട്രു മുഖത്തിന്റെ യും നവീകരിച്ച പതിപ്പായാണ് മെര്‍സലിനെ വിശേഷിപ്പിച്ചത്. ബിഗിലിനെ 'ചക് ദേ! ഇന്ത്യ' യില്‍നിന്ന് എടുത്തതാണെന്നും ആരോപണം വന്നു. പല സോഷ്യല്‍ മീഡിയ അനലിസ്റ്റകളും ഒരു വൈരാഗ്യബുദ്ധിപോലെ ആറ്റ്ലിയുടെ പിറകെ കുടുകയായിരുന്നു. ശരിയാണ് കഥയില്‍ ചില സാമ്യങ്ങളുണ്ട്. പക്ഷേ എന്നുവെച്ച് വെറും കോപ്പിയടി സിനിമകള്‍ മാത്രമായിരുന്നു അവയൊന്നും. ആറ്റ്ലിയുടെ അവതരണ മികവും, സിനിമ മാര്‍ക്കറ്റ് ചെയ്യാനുള്ള തന്ത്രങ്ങളുമൊക്കെ മറന്നുകൊണ്ടാണ് അയാളെ അധിക്ഷേപിക്കുന്നത്.

പക്ഷേ എല്ലാ അധിക്ഷേപങ്ങള്‍ക്കുമുള്ള ആറ്റ്ലിയുടെ മറുപടിയായിരുന്നു, 2023-ലെ ഷാറുഖ് ഖാന്‍ നായകനായ ജവാന്‍. സൗത്ത് ഇന്ത്യയില്‍ നിന്നുള്ള ഡയറക്ടര്‍മാര്‍ പലപ്പോഴും ബോളിവുഡില്‍ എത്തിയാല്‍ വിജയിക്കാറില്ല. പക്ഷേ ആ ശാപം ആറ്റ്ലി തിരുത്തി. മുന്നൂറ് കോടി മുടക്കിയ ചിത്രം 1200 കോടിയാണ് നേടിയത്.



പഠാന്റെ വന്‍ വിജയത്തിന്റെ ഉന്മാദം വിട്ടൊഴിയും മുന്‍പേ ഈ ഷാരൂഖ് ഖാന്‍ ചിത്രം ആരാധകരെ ത്രസിപ്പിച്ചു. ഒരു തമിഴ് മാസ് എന്റര്‍ടെയിനറില്‍ ഷാരൂഖ് ഖാന്‍ എത്തിയാല്‍ എങ്ങനെയുണ്ടാകും എന്നതിന്റെ കൃത്യമായ ഉത്തരം കൂടിയാണ് ചിത്രം. മാസ്സും ആക്ഷനും ഇമോഷനും സ്റ്റൈലും എല്ലാം ഒത്തുചേര്‍ന്നൊരു കംപ്ലീറ്റ് പാക്കേജാണ് സംവിധായകന്‍ അറ്റ്ലീ ആരാധകര്‍ക്കായി ഒരുക്കി വെച്ചത്. അഴിമതിക്കും സിസ്റ്റത്തിലെ പ്രശ്നങ്ങള്‍ക്കും എതിരെ വിക്രം റാത്തോര്‍ എന്ന ഷാറൂഖ് കഥാപാത്രം ഒരു പോരാട്ടം നയിക്കുകയാണ്, കൂട്ടായി ഒരു പെണ്‍പടയും.

രാജ്യത്തെ നടുക്കുന്ന ഒരു ട്രെയിന്‍ ഹൈജാക്കും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളും തുടക്കത്തിലെ പ്രേക്ഷകനെ ത്രില്ലടിപ്പിക്കുന്നുണ്ട്. പിന്നീടുള്ള ആദ്യപകുതിയിലെ ഓരോ സീനിലും ആരാധകര്‍ക്ക് ആഘോഷമാക്കാനുള്ള എന്തെങ്കിലും അവശേഷിപ്പിക്കാന്‍ അറ്റ്ലീ ശ്രദ്ധിച്ചിട്ടുണ്ട്. രണ്ടാം പകുതിയില്‍ പതിഞ്ഞ താളത്തില്‍ തുടങ്ങുന്ന ചിത്രം ക്ലൈമാക്സിനോട് അടുക്കുന്തോറും ഫാന്‍സിനെ കോരിത്തരിപ്പിരിച്ചു. നയന്‍താര, വിജയ് സേതുപതി എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ പ്രിയാമണി, യോഗി ബാബു എന്നിവരുമുണ്ട്. ദീപിക പദുക്കോണ്‍, സഞ്ജയ് ദത്ത് എന്നിവര്‍ അതിഥി കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അനിരുദ്ധ് രവിചന്ദറാണ് സംഗീതം. റെഡ് ചില്ലീസിന്റെ ബാനറില്‍ ഗൗരി ഖാനും ഗൗരവ് വര്‍മയും ചേര്‍ന്നാണ് 'ജവാന്‍' നിര്‍മിച്ചിത്. ഇയോടെ ഇന്ത്യയിലെ തന്നെ ഏറ്റവം വിലപിടിപ്പുള്ള സംവിധായകനായി ആറ്റ്ലി മാറി.


കറുപ്പിന്റെ പേരില്‍ നിരന്തര അവഹേളനം

2019-ല്‍ ഐപിഎല്ലില്‍ ക്രിക്കറ്റ് ഫൈനലില്‍, വെളുത്തുതുടുത്ത നടന്‍ ഷാറൂഖ് ഖാനൊപ്പം ഇരിക്കുന്ന കാക്കക്കറുപ്പുള്ള ഒരു വ്യക്തി സോഷ്യല്‍ മീഡിയയില്‍ ചില വേട്ടാവളിയന്‍മാരുടെ വിമര്‍ശനത്തിന് ഇരയായിരുന്നു. തന്റെ ക്ലബ്ബായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ പ്രോല്‍സാഹിപ്പിക്കാനായി സാക്ഷാല്‍ ഷാരൂഖ് ഖാന്‍ എത്തിയപ്പോള്‍, ഒപ്പം ഒരു ഫോട്ടോ എടുത്തതായിരുന്നു, യുവ സംവിധായാകന്‍ ആറ്റ്ലി. അപ്പോള്‍ ആറ്റ്ലി ഒരു കുറത്ത വസ്ത്രമാണ് അണിഞ്ഞിരുന്നത്. അതിന്റെ പേരിലായി ഒരു വിഭാഗത്തിന്റെ ബോഡി ഷെമിയിങ്ങ്. 'ഇവന്‍ എന്തിനാണ് കറുത്ത വസ്ത്രം ഇട്ടിരിക്കുന്നത്, ലൈറ്റ്പോയാല്‍ ഇവടെ തപ്പിക്കണ്ടുപിടിക്കേണ്ടി വരും' എന്നൊക്കെയായി ഹേറ്റ് കമന്റ്. അന്ന് ആറ്റ്ലി ഇത്ര പ്രശസ്തനല്ലായിരുന്നു. പക്ഷേ മൂന്നുവര്‍ഷങ്ങള്‍ക്ക് ശേഷം അയാള്‍ ഷാറൂഖ്ഖാനെവെച്ച് ഹിന്ദി സിനിമ ചെയ്ത് സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റാക്കി!

ജവാന്റെ ചെന്നെയില്‍ നടന്ന ഓഡിയോ ലോഞ്ച് ആറ്റ്ലിക്ക് മധുര പ്രതികരാത്തിന്റ വേദി കൂടിയായിരുന്നു. അതില്‍ പണ്ട് താന്‍ ഷാറൂഖിനൊപ്പമുള്ള ഫോട്ടോക്ക് കീഴില്‍ വന്ന കമന്റുകള്‍ക്ക് മറുപടി പറയുന്ന കൃത്യമായ ഒരു പ്രസംഗം നല്‍കി. 'ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളല്ല നമുക്ക് അറിവ് നല്‍കുന്നത്. അറിവ് നല്‍കാനുള്ള ഒരു ഉപാധിമാത്രമാണ് ഭാഷ. അതുപോലെ നിറവും. അത് നമ്മെ അവതരിപ്പിക്കുന്നുവെന്ന് മാത്രം. കറുപ്പിലും വെളുപ്പിലും അഭിമാനിക്കാനോ, അവഹേളിക്കാനോ ഒന്നുമില്ല''- ആറ്റ്ലിയുടെ ആ ചെറു പ്രസംഗം വൈറലായി.

പക്ഷേ പിന്നീടും പലപ്പോഴും നിറത്തിന്റെ പേരില്‍ ആറ്റ്ലി അവഹേളിക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം അംബാനി കുടുംബത്തില്‍ നടന്ന താരവിവാഹത്തില്‍ പങ്കെടുക്കാന്‍ ആറ്റ്‌ലിയും ഭാര്യ പ്രിയയും ഒരുമിച്ചാണ് എത്തിയത്. എന്നാല്‍ വളരെ മോശമായിട്ടുള്ള കമന്റുകളാണ് താരത്തിന് ലഭിച്ചത്. 'പണമാണ് വലുതെന്ന് ഇതുപോലെയുള്ള താരങ്ങളെ കണ്ടാല്‍ മനസിലാവും, ഇത്രയും സുന്ദരിയായ പെണ്‍കുട്ടിയ്ക്ക് ഇയാളെ എങ്ങനെ ഭര്‍ത്താവായി കാണാന്‍ സാധിച്ചു...' എന്നിങ്ങനെ പോയി ചില കമന്റുകള്‍. പക്ഷേ ഇത്തവണ ഒരു വലിയ മാറ്റമുണ്ടായി. വളരെക്കുറിച്ച് ഫേക്കുകള്‍ മാത്രമേ ഹേറ്റ് കമന്‍സ് ഇട്ടുള്ളു. ഭൂരിഭാഗംപേരും ആറ്റ്ലിക്ക് ഒപ്പമായിരുന്നു. അതേ സമയം മുന്‍പ് ഉണ്ടായിരുന്നതിനെക്കാളും പോസിറ്റീവായി ആളുകള്‍ മാറി എന്നതും ശ്രദ്ധേയമാണ്. 'നിറത്തില്‍ വിവേചനം കാണിക്കുന്ന പെണ്‍കുട്ടികള്‍ ആറ്റ്‌ലിയുടെ ഭാര്യയെ കണ്ട് പഠിക്കുക...' എന്നിങ്ങനെ താരദമ്പതിമാര്‍ക്ക് ആശംസകളുമായിട്ടാണ് ചിലര്‍ എത്തുന്നത്.




നേരത്തെ കൊമേഡിയനും അവതാരകനുമായ കപില്‍ ശര്‍മയുടെ 'ഗ്രേറ്റ് ഇന്ത്യന്‍ കപില്‍ ഷോ'യില്‍ അറ്റ്‌ലി അതിഥിയായി എത്തിയപ്പോഴും വലിയ വിവാദമുണ്ടായി. കപില്‍ ശര്‍മയുടെ ചോദ്യം നിറത്തിന്റെ പേരില്‍ അപമാനിക്കുന്നരീതിയിലുള്ളതാണെന്ന് വ്യാപക വിമര്‍ശനം വന്നു.

'നിങ്ങള്‍ ഒരു താരത്തെ കാണാന്‍ പോയപ്പോള്‍ അവര്‍ക്ക് നിങ്ങളെ തിരിച്ചറിയാന്‍ കഴിയാതിരുന്ന സംഭവമുണ്ടായിട്ടുണ്ടോ, അറ്റ്‌ലീ എവിടെയെന്ന് അവര്‍ ചോദിച്ചിട്ടുണ്ടോ' എന്നായിരുന്നു കപില്‍ ശര്‍മയുടെ വിവാദചോദ്യം. എന്നാല്‍, അറ്റ്‌ലീ ഇതിന് കൃത്യമായ മറുപടി നല്‍കി.

'സര്‍, താങ്കളുടെ ചോദ്യം ഒരുതരത്തില്‍ എനിക്ക് മനസിലായി. ഞാന്‍ ഉത്തരം പറയാന്‍ ശ്രമിക്കാം. എ.ആര്‍. മുരുഗദോസ് സാറിനോട് ഏറെ നന്ദിയുള്ളവനാണ് ഞാന്‍, കാരണം എന്റെ ആദ്യ ചിത്രം നിര്‍മിച്ചത് അദ്ദേഹമാണ്. അദ്ദേഹം എന്റെ സ്‌ക്രിപ്റ്റ് ചോദിച്ചപ്പോള്‍ എന്നെ കാണാന്‍ എങ്ങനെയുണ്ടെന്ന് അദ്ദേഹം നോക്കിയിട്ടില്ല. ഞാന്‍ കഴിവുള്ളവനാണോ അല്ലയോ എന്നതാണ് അദ്ദേഹം നോക്കിയത്. പക്ഷേ, അദ്ദേഹത്തിന് എന്റെ സ്‌ക്രിപ്റ്റ് ഇഷ്ടമായി. ലോകം അത് കാണണം. രൂപം കൊണ്ടല്ല, ഹൃദയം കൊണ്ടാണ് ഒരാളെ വിലയിരുത്തേണ്ടത്'', അറ്റ്‌ലീ പറഞ്ഞു.




സംവിധായകന്‍ നല്‍കിയ മറുപടിക്ക് പിന്നാലെ സദസ്സില്‍ നിന്ന് കരഘോഷം മുഴങ്ങുന്നതാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയിലുള്ളത്. അവതാരകനായ കപില്‍ ശര്‍മയും അറ്റ്‌ലീയുടെ മറുപടിക്ക് കൈയടിക്കുന്നുണ്ട്. അതേസമയം, കപില്‍ ശര്‍മയുടെ ഇത്തരം ചോദ്യങ്ങള്‍ക്കെതിരേ സാമൂഹികമാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനമാണുയരുന്നത്. നിറത്തിന്റെ പേരിലുള്ള വിവേചനത്തില്‍നിന്ന് ഇന്ത്യന്‍ സമൂഹം രക്ഷപ്പെട്ടുവരുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണ് ഇവിടെയെല്ലാം കാണുന്നത്.

.

ബോളിവുഡ് നിര്‍മ്മതാവായി കൈപൊള്ളി

തൊട്ടതെല്ലാം പൊന്നാക്കുന്നതതാണ് ആറ്റ്ലി എന്ന മധുര വണ്ടര്‍ ബോയുടെ ചരിത്രമെങ്കിലും, നിര്‍മ്മാതാവ് എന്ന നിലയില്‍ അദ്ദേഹത്തിനും കൈപൊള്ളിയിട്ടുണ്ട്. അറ്റ്ലി നിര്‍മ്മിച്ച 180 കോടി ബജറ്റ് പടം ബേബി ജോണ്‍ എന്ന ഹിന്ദി ചിത്രം ബോക്സോഫീസില്‍ വലിയ പരാജയായിരുന്നു. വരുണ്‍ ധവാന്‍ നായകനായ ബേബി ജോണ്‍, കഴിഞ്ഞ ക്രിസ്മസ് റിലീസായി വന്‍ ഹൈപ്പോടെ റിലീസ് ചെയ്ത ബോളിവുഡ് പടമാണ്. എന്നാല്‍ ചിത്രം പുറത്തിറങ്ങി ബോക്‌സ് ഓഫീസില്‍ വന്‍ പരാജയമാണ് ഏറ്റുവാങ്ങിയത്. 180 കോടി ചിലവാക്കി എടുത്ത ചിത്രം മുടക്ക് മുതലിന്റെ പകുതി പോലും തീയറ്ററില്‍ ഉണ്ടാക്കാന്‍ ചിത്രത്തിന് സാധിച്ചില്ലെന്നാണ് വിവരം.

വരുണ്‍ ധവാന്‍ നായകനായ ബേബി ജോണില്‍ കീര്‍ത്തി സുരേഷും വാമിഖ ഗബ്ബിയും അഭിനയിച്ചിരുന്നു. വിജയ് നായകനായ തെരിയുടെ റീമേക്ക് ആയിരുന്നു ഈ ചിത്രം. ആറ്റ്ലി തമിഴില്‍ വിജയ്യെവെച്ച് എടുത്ത് ഹിറ്റാക്കിയ കഥ ഹിന്ദിയിലേക്ക് മാറ്റി എടുത്തതായിരുന്നു. തമിഴിലെപോലെ വന്‍ വിജയം നേടാമെന്ന ആറ്റ്ലിയുടെ കണക്കുകൂട്ടല്‍ ഇവിടെ പാളി. കാലിസാണ് ചിത്രം സംവിധാനം ചെയ്തത്. എസ് തമന്‍ ആയിരുന്നു സംഗീതം. കീര്‍ത്തി സുരേഷ് നായികനായി എത്തിയ ആദ്യ ബോളിവുഡ് ചിത്രവും ബേബി ജോണാണ്.

ചിത്രത്തില്‍ സല്‍മാന്‍ ഖാന്‍ അതിഥി വേഷത്തില്‍ എത്തിയിരുന്നു. ക്രിസ്മസിന് റിലീസ് ചെയ്ത് ചിത്രം ഇന്ത്യന്‍ ബോക്സോഫീസില്‍ 39.32 കോടി മാത്രമാണ് നേടിയത്. എന്നാല്‍ ആഗോളതലത്തിലെ കളക്ഷനും കൂട്ടിയാല്‍ ചിത്രം 50 കോടി കടന്നുവെന്നാണ് വിവരം.

ഏറ്റവും ഒടുവില്‍ ചില ദേശീയ മാധ്യമങ്ങളില്‍ ചിത്രം ഒടിടിയില്‍ ആരും വാങ്ങിയില്ലെന്ന വാര്‍ത്തയും വന്നു. എന്നാല്‍ ഈ വാര്‍ത്ത നിഷേധിച്ചിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. ചിത്രത്തിന്റെ ഒടിടി അവകാശം നേരത്തെ തന്നെ ആമസോണ്‍ പ്രൈമിന് വിറ്റെന്നും അവര്‍ അത് കരാര്‍ സമയത്ത് റിലീസ് ചെയ്യുമെന്നുമാണ് നിര്‍മ്മാതാക്കളുടെ വാദം. ഒടിടി കരാര്‍ അനുസരിച്ച് ഫെബ്രുവരി അവസാനമോ, മാര്‍ച്ച് ആദ്യമോ ചിത്രം ഒടിടിയില്‍ എത്തുമെന്നാണ് വിവരം. പക്ഷേ ഈ പരാജയം താന്‍ ഒരു പാഠമായാണ് എടുത്തത് എന്നാണ് ആറ്റ്ലി ഒരു അഭിമുഖത്തില്‍ പറയുന്നത്.




ഇപ്പോള്‍ നൂറുകോടിയുടെ അല്ലു അര്‍ജുന്‍ പ്രോജക്റ്റുകളുടെ പേരിലാണ് ആറ്റ്ലീ വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുന്നത്. പക്ഷേ അദ്ദേഹത്തിന്റെ ഡ്രീം പ്രോജക്റ്റ് എന്നത് നടന്‍ വിജയും, ഷാറൂഖ്ഖാനും ഒന്നിക്കുന്ന സിനിമയാണ്. കഴിഞ്ഞ തന്റെ പിറന്നാള്‍ ദിനത്തില്‍ ഇരുവര്‍ക്കും ഒപ്പമുള്ള ചിത്രമാണ് ആറ്റ്ലീ പുറത്തുവിട്ടത്. അതേക്കുറിച്ച് അദ്ദേഹം ഇങ്ങനെ പറയുന്നു- 'ജവാന്റെ ഷൂട്ടിനിടെയായിരുന്നു എന്റെ പിറന്നാള്‍. സിനിമയില്‍ എല്ലാരും സുഹൃത്തുക്കളാണെങ്കിലും വളരെ അടുത്ത കൂട്ടുകാര്‍ കുറവാണ്. വിജയ് അണ്ണന്‍ മാത്രമാണ് വളരെ അടുത്ത സുഹൃത്ത്. വിജയ് അണ്ണനെ ഞാന്‍ പിറന്നാള്‍ പാര്‍ട്ടിക്ക് വിളിച്ചു, അദ്ദേഹം വരാമെന്ന് പറഞ്ഞു. അവിടെ വെച്ച് വിജയ് അണ്ണനും ഷാരൂഖ് സാറും എന്തോ പരസ്പരം സംസാരിച്ചതിന് ശേഷം എന്നെ വിളിച്ചു. 'നീ എപ്പോഴെങ്കിലും രണ്ട് നായകന്മാരുള്ള ചിത്രം ചെയ്യാന്‍ പദ്ധതിയിടുന്നെങ്കില്‍ ഞങ്ങള്‍ രണ്ടുപേരും അതിന് തയാറാണ്' എന്ന് ഷാരൂഖ് സാര്‍ എന്നോട് പറഞ്ഞു. അതെയെന്ന് വിജയ് അണ്ണനും പറഞ്ഞു. കഥ തയാറാക്കിയിട്ട് അവരെ അറിയിക്കാനും ആവശ്യപ്പെട്ടു. എന്നെക്കൊണ്ട് സാധിക്കുമെന്ന് കരുതിയാണ് അവര്‍ ഇത് പറഞ്ഞത്. അവരാവശ്യപ്പെട്ടത് പോലൊന്ന് ചെയ്യാനുള്ള കഠിനശ്രമത്തിലാണ് ഞാന്‍. ചിലപ്പോള്‍ അതാകാം എന്റെ അടുത്ത ചിത്രം. ഞാന്‍ പരിശ്രമിക്കും, നടന്നാല്‍ നല്ലതല്ലേ. ഒരു ഹോളിവുഡ് സ്റ്റുഡിയോയും സിനിമ ചെയ്യാനായി ബന്ധപ്പെട്ടിട്ടുണ്ട്', -ആറ്റ്‌ലി പറഞ്ഞു.

ഇപ്പോള്‍ രാഷ്ട്രീയത്തിനുവേണ്ടി വിജയ് സിനിമ എതാണ്ട് ഉപേക്ഷിച്ചിരിക്കയാണ്. പക്ഷേ ആറ്റ്ലീയും ഷാറൂഖ് ഖാനും ചേര്‍ന്ന് ഒരു പ്രൊജക്റ്റുമായി എത്തിയാല്‍ വിജയ്ക്ക് നോ പറയാന്‍ ആവുമോ? അങ്ങനെ ഒരു പ്രോജക്റ്റ് നടന്നാല്‍ അത് ഇന്ത്യന്‍ ചലച്ചിത്ര വ്യവസായത്തിനുതന്നെ വലിയ ഉണര്‍വാകുമെന്ന് സംശയമില്ല.

വാല്‍ക്കഷ്ണം: തുടര്‍ച്ചയായ ഡീ ഗ്രേഡിങ്ങ് കൊണ്ടൊന്നും, പ്രതിഭയുള്ളവനെ തളര്‍ത്താന്‍ കഴിയില്ല എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ആറ്റ്ലി. കോപ്പിയടിവീരന്‍, തട്ടിപ്പുകാരന്‍ എന്ന് തൊട്ട് അയാള്‍ നേരിട്ട അത്ര ഡീഗ്രേഡിങ്ങ് സമകാലീന ഇന്ത്യന്‍ സിനിമയില്‍ ആരും നേരിട്ടുണ്ടാവില്ല!


Tags:    

Similar News