30ലേറെ അവിഹിത സന്താനങ്ങളുള്ള 'ബ്രഹ്‌മചാരിയായ' ബുദ്ധ സന്യാസി; യാത്രക്ക് ഫോക്സ്വാഗണ്‍ എസ്.യു.വി, ധരിക്കാന്‍ സ്വര്‍ണ്ണം പൂശിയ വസ്ത്രം; മാര്‍ക്കറ്റിങ്ങിന്റെ രാജാവായതുകൊണ്ട് സിഇഒ സന്യാസി എന്ന് വിളിപ്പേര്; ഷാവോലിന്‍ ക്ഷേത്ര അധിപനെതിരെ അന്വേഷണവുമായി ചൈന
30ലേറെ അവിഹിത സന്താനങ്ങളുള്ള 'ബ്രഹ്‌മചാരിയായ' ബുദ്ധ സന്യാസി
ന്യൂട്ടന്റെ ചലന നിയമങ്ങളും, ഗുരുത്വാകര്‍ഷണ നിയമങ്ങളൊന്നും ബാധകമല്ലാതെ പറന്ന് ഇടികൂടുന്ന, കാലെടുത്ത് ഷോള്‍ഡറില്‍വെച്ച് കുന്തമെറിയുന്ന മൊട്ടത്തലന്‍ ബുദ്ധിസ്റ്റ് യോദ്ധാക്കളെ നാം നിരവധി സിനിമകളില്‍ കണ്ടിട്ടുണ്ട്.' ദ ഷാവോലിന്‍ ടെമ്പിള്‍' എന്ന വിഖ്യാത സിനിമ നമ്മുടെ ചാനലുകളിലൊക്കെ ഇടക്ക് വികൃതമായ സബ് ടൈറ്റിലോടെ കാണിക്കാറുമുണ്ട്. ചൈനയിലെ ഏറ്റവും പ്രശസ്തമായ മത-സാംസ്‌കാരിക കേന്ദ്രമാണ് ഷാവോലിന്‍ ക്ഷേത്രം. ചൈനയുടെ ചരിത്രത്തിന്റെ നാഴികക്കല്ലുകളില്‍ ഏറ്റവും പ്രധാനപ്പെട്ടത് എന്നുതന്നെ പറയാം. ഷാവോലിന്‍ കുങ്്ഫുവും, ഷാവോലിന്‍ ആയോധന മുറയുമൊക്കെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിയത് ഇവിടെ നിന്നാണ്.
എന്നാല്‍ 1,500 വര്‍ഷം പഴക്കമുള്ള ഷാവോലിന്‍ ക്ഷേത്രം ഇപ്പോള്‍ സമാനതകളില്ലാത്ത വെല്ലുവിളിയാണ് നേരിടുന്നത്. നിലവിലെ ക്ഷേത്ര അധിപന്‍ ഷി യോങ്സിനെതിരെ (59) അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് ചൈന.ആശ്രമത്തെ ഒരു ആഗോള വാണിജ്യ ബ്രാന്‍ഡാക്കി മാറ്റിയതിന്റെ പേരില്‍ 'സിഇഒ സന്യാസി' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഷിക്കെതിരെ, ലൈംഗികാപവാദം മുതല്‍ സാമ്പത്തിക തിരിമറി വരെയുള്ള അതിഗുരുതരമായ കുറ്റങ്ങളാണ് ആരോപിക്കപ്പെട്ടിരിക്കുന്നത്.
ബ്രഹ്‌മചാരിക്ക് 30ലേറെ മക്കള്‍!
ചില ക്രിസ്ത്യന്‍ സഭകളെപ്പോലെ, ബുദ്ധമതത്തില്‍ സന്യാസികള്‍ക്ക് ബ്രഹ്‌മചര്യവ്രതം നിര്‍ബന്ധമാണ്. തങ്ങളുടെ കരുത്തിന്റെ പ്രധാനകാരണമായി, സെന്‍ ബുദ്ധിസ്റ്റുകളായ ഷാവോലിന്‍ സന്യാസിമാര്‍ കരുതിപ്പോരുന്നതും ബ്രഹ്‌മചര്യമാണ്. ( ഇത് തീര്‍ത്തും അശാസ്ത്രീയമായ കാഴ്ചപ്പാടാണെന്നത് വേറെ കാര്യം. തന്റെ ആരോഗ്യം നശിപ്പിച്ചത് ബ്രഹ്‌മചര്യമാണെന്ന് സ്വാമി വിവേകാനന്ദന്‍ പറഞ്ഞിരുന്നു.) അതുകൊണ്ടുതന്നെ ബുദ്ധ മതാചാരപ്രകാരം, സന്യാസികളുടെ ബ്രഹ്‌മചര്യലംഘനം ഗുരുതര കുറ്റമാണ്.
ഷാവോലിന്‍ ടെമ്പിളിലെ പ്രധാന പുരോഹിതനായ ഷിക്കെതിരെയുള്ള ഏറ്റവും വലിയ ആരോപണവും സ്ത്രീ ലമ്പടത്തം തന്നെയാണ്. ഒട്ടേറെ സ്ത്രീകളുമായി ബന്ധം പുലര്‍ത്തുക മാത്രമല്ല, അവരിലെല്ലാം കുറഞ്ഞത് ഒരു കുട്ടിക്കെങ്കിലും ഷി ജന്മം നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. മുപ്പത് കുട്ടികളെങ്കിലും, നമ്മുടെ സന്യാസിവര്യന് ഉണ്ടെന്നും, ആ മഹാന്‍ ഒരു കോണ്ടം ഉപയോഗിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നു എന്നാണ് ടോക്കിയോ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ചൈനീസ് വിമതരുടെ ഗ്രൂപ്പായ, പീപ്പിള്‍സ് ആക്ഷന്‍ കൗണ്‍സില്‍ പറയുന്നത്. അതുപോലെ തന്നെ ദലൈലാമയെ അനുകൂലിക്കുന്ന യുകെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന, ഫ്രീഡം എന്ന കൂട്ടായ്മയുമാണ് ഷി ക്കെതിരെയുള്ള ആരോപണങ്ങള്‍ പുറത്തുവിടുന്നത്. ചൈനയില്‍നിന്ന് ഇപ്പോഴും പരിമതിമായ വിവരങ്ങളാണ് പുറത്തുവരുന്നത്. ഇവിടെയെത്തുന്ന തീര്‍ത്ഥാടകരായ സ്ത്രീകളുമായി സൗഹൃദമുണ്ടാക്കി വര്‍ഷങ്ങളായി ഷി ലൈംഗിക ജീവിതം നയിക്കയാണെന്നാണ് പറയുന്നത്. ഒരു ഫ്രഞ്ചുകാരിയായ വിദേശ വനിതയിലും ഇയാള്‍ക്ക് കുട്ടിയുണ്ടെന്ന് പറയുന്നു.
പക്ഷേ ഇതെല്ലാം ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധങ്ങളാണ്. അതുകൊണ്ടുതന്നെ സ്ത്രീകള്‍ ആരും തന്നെ ഷി യോങ്സിനെതിരെ പരാതി പറഞ്ഞിട്ടില്ല. ഇദ്ദേഹത്തെ ചുറ്റിപ്പറ്റി വര്‍ഷങ്ങളായി നിരവധി വിവാദങ്ങള്‍ നിലവിലുണ്ട്. ബുദ്ധമത നിയമങ്ങളുടെ ലംഘനം, സാമ്പത്തിക ക്രമക്കേടുകള്‍ എന്നിവ കൂടാതെ, ക്ഷേത്രത്തിനായുള്ള പ്രോജക്റ്റ് ഫണ്ടുകള്‍ വകമാറ്റുകയും, ദുരുപയോഗം ചെയ്തുവെന്നും പറയുന്നു. ഈ പ്രവര്‍ത്തികളിലെല്ലാം ഷിയെ സംശയിക്കുന്നതായും ക്ഷേത്രത്തിന്റെ ഔദ്യോഗിക വീചാറ്റ് അക്കൗണ്ട് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
എസ്യുവി, സ്വര്‍ണ്ണം പൂശിയ വസ്ത്രം
പക്ഷേ കുറ്റം മാത്രം പറയരുതല്ലോ, ഷാവോലിന്‍ കുങ്ഫുവിനെയും ലോകം മുഴുവന്‍ വ്യാപിപ്പിക്കാനും, ദിവസേന ആയിക്കണക്കിന് ടൂറിസ്റ്റുകളെ ചൈനയിലേക്ക് ആകര്‍ഷിപ്പിച്ച്, കോടികളുടെ വിദേശനാണ്യം ചൈനക്ക് കിട്ടാനുമൊക്കെ സഹായിച്ചത് എംബിഎ ബിരുദമുള്ള, ഷി യോങ്സിന്റെ ബുദ്ധിയാണ്. അതുകൊണ്ടുതന്നെയാണ് അയാള്‍ക്ക് സിഇഒ സന്യാസി എന്ന പേര് ലഭിച്ചതും. ( ഷീ ജിന്‍ പിങ്ങിനെ ചൈനയുടെ സിഇഒ എന്നാണ് വിമര്‍ശകര്‍ വിളിക്കുന്നത്. അതും സത്യം തന്നെയാണ്. ഒരു കോര്‍പ്പറേറ്റ് കമ്പനിയുടെ മേധാവിയെപ്പോലെയാണ് ഷീ ജിന്‍ പിങ്ങിന്റെ പ്രവര്‍ത്തനവും)
1965-ല്‍ അന്‍ഹുയി പ്രവിശ്യയിലെ യിങ്ഷാങ്ങില്‍ ജനിച്ച ഷിയുടെ യഥാര്‍ത്ഥ പേര് ലിയു യിങ്ചെങ് എന്നാണ്. 1981-ലാണ് അദ്ദേഹം ആദ്യമായി ഷാവോലിന്‍ ക്ഷേത്രത്തില്‍ എത്തുന്നത്. ക്ഷേത്രത്തിന്റെ 29-ാം തലമുറയിലെ അധിപനായ ഷി സിങ്ഷെങ്ങിന്റെ ശിഷ്യനായി. 1987-ല്‍ ഗുരുവിന്റെ മരണശേഷം ക്ഷേത്രത്തിന്റെ നടത്തിപ്പ് ചുമതല ഏറ്റെടുത്തു. 1999-ഓടെ, അദ്ദേഹം ഔദ്യോഗികമായി ക്ഷേത്രത്തിന്റെ അധിപനായി നിയമിതനായി.
ഹെനാന്‍ പ്രവിശ്യയിലെ സോങ്ഷാന്‍ പര്‍വതനിരകളില്‍ സ്ഥിതി ചെയ്യുന്ന ഷാവോലിന്‍ ക്ഷേത്രം ഒരു ആരാധനാലയം മാത്രമല്ല, ചാന്‍ (സെന്‍) ബുദ്ധമതത്തിന്റെയും ഷാവോലിന്‍ കുങ് ഫൂവിന്റെയും ജന്മസ്ഥലം കൂടിയാണ്. യുനെസ്‌കോയുടെ ലോക പൈതൃകകേന്ദ്രം കൂടിയാണ് ഈ ക്ഷേത്രം. ക്ഷേത്രത്തിന്റെ ഇന്നോളമുള്ള അധിപന്മാരില്‍ എംബിഎ ബിരുദം നേടിയിട്ടുള്ള ആദ്യത്തെ ആളാണ് ഷി. ഈ യോഗ്യത പിന്നീട് ക്ഷേത്രനടത്തിപ്പിലുള്ള അദ്ദേഹത്തിന്റെ സമീപനത്തെ രൂപപ്പെടുത്തി. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഷാവോലിന്‍, ചരിത്രപരമായ ഒരു ആശ്രമം എന്നതില്‍നിന്നും ഒരു ലോകോത്തര ബ്രാന്‍ഡ് എന്ന ഖ്യാതി നേടി.
സിനിമകള്‍, കാര്‍ട്ടൂണുകള്‍, വീഡിയോ ഗെയിമുകള്‍ എന്നിവയില്‍ ഉപയോഗിക്കുന്നതിനായി അദ്ദേഹം ഷാവോലിന്‍ എന്ന പേരിന് ലൈസന്‍സ് നല്‍കി. ഇതുകൂടാതെ റിയല്‍ എസ്റ്റേറ്റ്, പ്രസിദ്ധീകരണം, പരമ്പരാഗത വൈദ്യം, ആഗോള ടൂറിസം എന്നിവയില്‍ വ്യാപിച്ചുകിടക്കുന്ന ഒരു ബിസിനസ് ശൃംഖലയും കെട്ടിപ്പടുത്തു. സെന്‍ ബുദ്ധമതത്തിന്റെയും ചൈനീസ് ആയോധന കലകളുടെയും പ്രധാന കേന്ദ്രമാണ് ഷാവോലിന്‍ ക്ഷേത്രം. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഈ ക്ഷേത്രത്തെ ഒരു ആഗോള ബ്രാന്‍ഡാക്കി മാറ്റിയത് ഷി യോങ്‌സിന്‍ ആണ്. എന്നാല്‍, ക്ഷേത്രത്തെ ഒരു കച്ചവട സ്ഥാപനം പോലെ മാറ്റിയതിന് അദ്ദേഹത്തിനെതിരെ മതവിശ്വാസികള്‍ക്കിടയില്‍ വലിയ വിമര്‍ശനമുണ്ട്.
മിക്കപ്പോഴും വിദേശരാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുകയും, കയ്യില്‍ ഒരു ഐഫോണുമായി എലിസബത്ത് രാജ്ഞി, നെല്‍സണ്‍ മണ്ടേല, ഹെന്റി കിസിംഗര്‍, ആപ്പിള്‍ സിഇഒ ടിം കുക്ക് തുടങ്ങിയ പ്രമുഖര്‍ക്കൊപ്പം ഫോട്ടോകളിലും വാര്‍ത്തകളിലും ഷി പ്രത്യക്ഷപ്പെട്ടു. ഇതെല്ലാം, 'സിഇഒ സന്യാസി' എന്ന പേരില്‍ ഷിയുടെ ഖ്യാതി വര്‍ദ്ധിപ്പിക്കുക മാത്രമാണ് ചെയ്തത്. സന്യാസിമാരും പൗരന്മാരാണെന്നും തങ്ങളുടെ കര്‍ത്തവ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് ലഭിക്കുന്ന പാരിതോഷികങ്ങള്‍ വേണ്ടായെന്ന് വെക്കേണ്ടതില്ല എന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം.
2015-ല്‍ ഷിക്ക് സമാനമായ ആരോപണങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. അന്ന് അനുചിതമായ ബന്ധങ്ങള്‍, വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തപ്പെട്ടതിനെ തുടര്‍ന്ന് ഷി മാസങ്ങളോളം പൊതുവേദികളില്‍ നിന്ന് മാറി നിന്നു. എന്നാല്‍, രണ്ട് വര്‍ഷത്തിന് ശേഷം ഷിയെ കുറ്റവിമുക്തനാക്കി. നിലവില്‍ അദ്ദേഹം അന്വേഷണത്തിലാണെന്ന ഓണ്‍ലൈന്‍ കിംവദന്തികള്‍ പ്രചരിച്ചതിന് ശേഷമാണ് ക്ഷേത്രം ഭാരവാഹികള്‍ ഇപ്പോള്‍ പ്രസ്താവന പുറത്തിറക്കിയത്.
2015-ലെ അന്വേഷണത്തില്‍, ഷി ആഡംബര ജീവിതം നയിക്കുന്നതായും, സമ്മാനമായി ഫോക്സ്വാഗണ്‍ എസ്യുവി സ്വീകരിച്ചതായും, സ്വര്‍ണ്ണം പൂശിയ വസ്ത്രം ധരിച്ചതായും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഓസ്ട്രേലിയയില്‍ 380 മില്യണ്‍ ഡോളറിന്റെ കുങ്ഫു തീം പാര്‍ക്ക് പദ്ധതിയില്‍ ക്ഷേത്രത്തിനുണ്ടായിരുന്ന പങ്കിന്റെ പേരിലും ഷി വിമര്‍ശിക്കപ്പെട്ടിരുന്നു.
അതെ സമയം, 2011-ല്‍ ഒരു ഫോക്‌സ്വാഗണ്‍ എസ്യുവി തദ്ദേശസ്വയംഭരണ സ്ഥാപനം സമ്മാനിച്ചതാണെന്നും, അതുപോലെ പൊതുജനങ്ങള്‍ വിമര്‍ശിച്ച ഐപാഡുകള്‍ പോലുള്ള മറ്റ് വസ്തുക്കളും സമ്മാനമായി ലഭിച്ചതാണെന്നും ഷി പറഞ്ഞു. ഇപ്പോള്‍ ക്ഷേത്രത്തിലേക്ക് ലക്ഷക്കണക്കിന് സന്ദര്‍ശകര്‍ എത്തുന്നുണ്ടെന്നും, അതില്‍ നിന്നുള്ള ടൂറിസം വരുമാനത്തിന് നന്ദി പറയേണ്ടത് ഈ സമ്മാനങ്ങള്‍ നല്‍കിയവരോടാണെന്നും ഷി അഭിപ്രായപ്പെട്ടിരുന്നു.
ചരിത്രമുറങ്ങുന്ന ഷാവോലിന്‍ ടെമ്പിള്‍
4,000 വര്‍ഷത്തിലേറെ പഴക്കമുള്ള പാരമ്പര്യമാണ് ചൈനയിലെ ഷാവോലിന്‍ ക്ഷേത്രത്തിന്റെത് എന്ന് പറയുന്നു. ചൈനയിലെ ഹെനാന്‍ പ്രവിശ്യയിലുള്ള ഒരു ബുദ്ധവിഹാരമായ ഷാവോലിന്‍ ക്ഷേത്രം, എ ഡി 495-ല്‍ സ്ഥാപിതമായത്. 464-ല്‍, ബുദ്ധന്റെ കാലം മുതല്‍ക്കേയുള്ള മതനേതാക്കളുടെ പരമ്പരയിലെ 28-ാമത്തെ പിന്‍ഗാമിയായ ബഡ എന്ന ഇന്ത്യന്‍ സന്യാസി, ബുദ്ധമത പ്രചാരണത്തിനായി ചൈനയില്‍ എത്തിയെന്നാണ് പറയുന്നത്. 495-ല്‍ വെയ് ചക്രവര്‍ത്തിയായ സിയാവോവെണ്ടിയുടെ നിര്‍ദ്ദേശപ്രകാരം നിര്‍മ്മാണം ആരംഭിച്ച ഷാവോലിന്‍ ക്ഷേത്രം അദ്ദേഹത്തിന്റെ വിജയത്തിന് സാക്ഷ്യം വഹിക്കുന്നു. ഇവിടെ നിന്നാണ് ഇന്ത്യന്‍ തിരുവെഴുത്തുകള്‍ ചൈനീസ് ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടതും സെന്‍ ബുദ്ധമതത്തിന്റെ പ്രമാണങ്ങള്‍ രൂപപ്പെട്ടതും. ധ്യാനത്തിന് പൂരകമായി ആയോധനകലകള്‍ അവതരിപ്പിച്ചതായും ബഡ (പലപ്പോഴും ബോധിധര്‍മ്മന്‍ എന്ന് വിളിക്കപ്പെടുന്നു. ഈ ബോധി ധര്‍മ്മന്റെ കഥ പല ഇന്ത്യന്‍ സനിമകളിലും വന്നിട്ടുണ്ട് ) അറിയപ്പെടുന്നു. ഇവരുടെ ഈ പരിശീലനമാണ് വളരെ വൈദഗ്ധ്യമുള്ള ഷാവോലിന്‍ കുങ്ഫു ആയി വികസിച്ചത്.
ചൈനയിലെ അഞ്ച് പുണ്യപര്‍വ്വതങ്ങളില്‍ ഒന്നായ മൗണ്ട് സോങ്ങിന്റെ ചരിവിലാണ് ഷാവോലിന്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നിലവിലുള്ള പല ഘടനകളും മിംഗ് , ക്വിംഗ് രാജവംശങ്ങളുടെ കാലത്താണ് ഉണ്ടാക്കിയത്. ക്ഷേത്രത്തിന്റെ രൂപകല്‍പ്പനതന്നെ നിരവധിപേരെ ഇങ്ങോട്ട് ആകര്‍ഷിക്കുന്നുണ്ട്.
സമുച്ചയത്തിലെ ഏറ്റവും വലിയ കെട്ടിടം ആയിരം പേര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന ബുദ്ധന്മാരുടെ ഹാളാണ്. ഇതിന്റെ ഉള്‍ഭാഗം അതിമനോഹരവും നന്നായി സംരക്ഷിക്കപ്പെട്ടതുമായ ചുവര്‍ച്ചിത്രങ്ങള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. കെട്ടിടങ്ങള്‍ തടിയും കല്ലും കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. സാധാരണ സ്യന്യാസിമാര്‍ ആയുധമെടുക്കാറില്ല. എന്നാല്‍ രാജക്കന്‍മ്മാര്‍ക്ക് വേണ്ടി യുദ്ധം ചെയ്തതിന്റെ വലിയൊരു പരാമ്പര്യം ഇവര്‍ക്കുണ്ട്. അതുകൊണ്ടുതന്നെ അത്യാവശ്യത്തിന് ഉപയോഗിക്കാന്‍ കഴിയുന്ന ഒരു റിസര്‍വ് സൈന്യം എന്ന രീതിയിലുള്ള പരിഗണനയും, ചൈനീസ് രാജാക്കന്‍മ്മാര്‍ ഇവര്‍ക്ക് കൊടുത്തിരുന്നു.
ക്ഷേത്രത്തിനടുത്തായി ചൈനയിലെ ഏറ്റവും വലിയ വാസ്തുവിദ്യാ രേഖകളില്‍ ഒന്നായ പഗോഡ വനം സ്ഥിതിചെയ്യുന്നു. ഇവിടെ 246 ശ്മശാന സ്ഥലങ്ങള്‍ അമ്പരപ്പിക്കുന്ന വൈവിധ്യമാര്‍ന്ന പഗോഡകളാല്‍ അടയാളപ്പെടുത്തിയിരിക്കുന്നു. സെന്‍ ബുദ്ധമതത്തിന്റെ ജന്മസ്ഥലമെന്ന നിലയില്‍ ക്ഷേത്രത്തിന്റെ പ്രാധാന്യത്തോടൊപ്പം, ഈ ഘടനാപരമായ വൈവിധ്യവും ഷാവോലിന്‍ ക്ഷേത്രത്തെ ചൈനയിലെ ഏറ്റവും പ്രധാനപ്പെട്ട ബുദ്ധമത കേന്ദ്രങ്ങളിലൊന്നാക്കി മാറ്റുന്നു. അങ്ങനെയാണ് 2010-ല്‍ ഇത് യുനെസ്‌കോയുടെ ലോക പൈതൃക സ്ഥലമായി മാറിയത്.
സിക്സ് പാക്ക് സന്യാസിമാര്‍
.നമ്മുടെ നാട്ടിലെപോലെ സര്‍വസംഗ പരിത്യാഗികളായി എല്ലും തോലുമായ സന്യാസികളല്ല ഇവിടെയുള്ളത്. കാല്‍വിരലുകൊണ്ട് ചെവി ചൊറിയാന്‍ കഴിയുന്ന രീതിയിലുള്ള അഭ്യാസികളാണ്! വെറുതെ ആര്‍ക്കുംപോയി ചേരാവുന്നതല്ല, ഷാവോലിന്‍ സന്യാസം. അത് ഒരു അതി കഠിനമായ പരിശീലനം വേണ്ടതാണ്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ അതൊരു ഉപാസനയാണ്. പരിശീലന കാലയളവ് ശരാശരി അഞ്ച് വര്‍ഷമോ അതില്‍ കൂടുതലോ ആകാം. വിദ്യാര്‍ത്ഥികളുടെ പ്രായപരിധി 6 മുതല്‍ 78 വയസ്സ് വരെയാണ്. കുങ്ഫു അനുഭവം, പ്രായം, ശരീര നിലവാരം എന്നിവയെ അടിസ്ഥാനമാക്കിയാണ് പരിശീലനം സംഘടിപ്പിക്കുന്നത്. എല്ലാ വിദ്യാര്‍ത്ഥികളും ശാരീരികമായും മാനസികമായും യോഗ്യരാണെന്ന് തെളിയിക്കുന്ന ഒരു മെഡിക്കല്‍ ക്ലിയറന്‍സ് ഹാജരാക്കണം.
പ്രായം, ലിംഗഭേദം, മതം, വംശം, രാജ്യം എന്നിവയില്‍ ഷാവോലിന്‍ സന്യാസിമാര്‍ വിവേചനം കാണിക്കുന്നില്ല. ഇങ്ങനെ വര്‍ഷങ്ങളായി ആശ്രമത്തില്‍ നിന്ന് പഠിച്ച് ശാരീരികവും മാനസികവുമായി കരുത്ത് തെളിയച്ചവരെ മാത്രമാണ്, ഷാവൊലിന്‍ സന്യാസത്തിലേക്ക് എടുക്കുക. ബാക്കിയുള്ളവരെ പറഞ്ഞു വിടും. 1500 വര്‍ഷങ്ങള്‍ക്ക് മുമ്പ്, പരമ്പരാഗത ഷാവോലിന്‍ ആയോധനകലകള്‍ ഉത്ഭവിച്ചത് ഷാവോലിന്‍ ക്ഷേത്രത്തില്‍ നിന്നാണ്. 1912 മുതല്‍ 1949 വരെ, ചൈനയില്‍ യുദ്ധം സാധാരണമായിരുന്നു. പക്ഷേ തങ്ങളുടെ ആശ്രമം ആക്രമിക്കാന്‍ എത്തുമ്പോഴോക്കെ അതിനെ കൂട്ടത്തോടെ ചെറുത്ത് തോല്‍പ്പിച്ച അനുഭവമാണ് ഷാവോലിന്‍ സന്യാസിമാര്‍ക്ക് പറയാനുള്ളത്. 40 കളിലലെ ഒരു തീപ്പിടുത്തവും ക്ഷേത്രത്തെ സാരമായി ബാധിച്ചു. തുടര്‍ന്ന് ചൈനീസ് സര്‍ക്കാര്‍ ഷാവോലിന്‍ ക്ഷേത്രം പുനര്‍നിര്‍മ്മിക്കയായിരുന്നു.
സാധാരണ സന്യാസിമാരെപ്പോലെ, പ്രാര്‍ത്ഥനും ആരാധനയും മാത്രമല്ല. ശക്തമായ ആയോധന കലാഭ്യാസമാണ് ഷാവോലിന്‍ സന്യാസിമാരെ വേറിട്ടതാക്കുന്നത്. എല്ലാരും സിക്സ് പാക്കാണ്. ഷാവേലിന്‍ കുങ്്ഫു ആണ് ഇവര്‍ അഭ്യസിക്കുന്നത്. എന്നാല്‍ അവരുടേതായ ആചാര അനുഷ്ഠാനങ്ങള്‍ വേറയുമുണ്ട്. അതിലും ആര്‍ക്കും ഇളവില്ല. ജാക്കിചാനെയും മറ്റും സിനിമകളിലുടെ ഇന്ന് ഷാവൊലിന്‍ ക്ഷേത്രവും, കുങ്്ഫുവും ലോക പ്രശസ്തമായി. ഇന്ന് യുഎസിലും, യുകെയിലും, ഫ്രാന്‍സിലുമടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഷാവൊലിന്‍ കുങ്ഫു ഉണ്ട്. പ്രശസ്തമായ വുഷു, ഷാവോലിന്‍ കുങ്്ഫുവില്‍നിന്ന് ഉണ്ടായതാണെന്ന് കരുതുന്നു.
ഇന്ന് ചൈനയിലേക്ക് എത്തുന്ന സഞ്ചാരികളുടെ മസ്റ്റ് വാച്ച് സ്പോട്ടുകൂടിയാണ് ഇത്. ഇവിടെയാണ് നമ്മുടെ കഥാനായകന്‍, ഷി യോങ്സിന്റെ പ്രസക്തി. മാര്‍ക്കറ്റിങ്ങിന്റെ രാജാവാണ് ഈ എംബിഎക്കാരന്‍ സന്യാസി. ഇന്ന് കാണുന്ന രീതിയിലുള്ള ഹൈട്ടക്ക് സാധനമാക്കി ഷാവോലിന്‍ എന്ന ഒരു ബ്രാന്‍ഡുണ്ടാക്കിയത് അദ്ദേഹത്തിന്റെ തലയാണ്. പണം ഒഴുകിവരുന്ന കേസായതുകൊണ്ട് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങിനും ഇതിലൊക്കെ വലിയ താല്‍പ്പര്യമായിരുന്നു. പക്ഷേ ഇപ്പോള്‍ ഇത്രയധികം വിവാദങ്ങള്‍ വന്നതോടെ ഷീ ജിന്‍ പിങും, ഷി യോങ്്സിനെ കൈവിട്ടിരിക്കയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
അമേരിക്കയിലേക്ക് രക്ഷപ്പെടുമോ?
മതങ്ങള്‍ക്ക് ഒട്ടും സ്വാതന്ത്ര്യം കൊടുക്കാത്തവരാണ് ചൈനയിലെ കമ്യൂണിസ്റ്റ് ഭരണകൂടം. ഉയിഗൂര്‍ മുസ്ലീങ്ങളളോട് ചൈന ചെയ്യുന്ന ക്രുരതകള്‍ സമാനതകളില്ലാത്തതാണ്. ടിബറ്റിനെ അവര്‍ ആക്രമിച്ച് കീഴടക്കിയതും, ദലൈലാമ ഇന്ത്യയിലേക്ക് പലായനും ചെയ്തുമെല്ലാം, ബുദ്ധമതക്കാരോടുള്ള ചൈനയുടെ സമീപനം വ്യക്തമാക്കുന്നു. എന്നാല്‍ അത്ഭുതമെന്ന് പറയട്ടെ, ചൈനയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയും ഭരണകൂടവും എന്നും മൃദുസമീപനമാണ് ഷാവോലിന്‍ സന്യാസികളോട് സ്വീകരിച്ചിരുന്നത്. സനാസിമാരെയും പ്രൊഫസര്‍മാരെയെല്ലാം പിടിച്ച് കന്നുപൂട്ടാനും, ആശാരിപ്പണിക്കുമൊക്കെ നിയോഗിച്ച മാവോയുടെ സാംസ്‌ക്കാരിക വിപ്ലവ കാലത്തും, ഷാവോലിന്‍ ടെമ്പിളിലെ സന്യാസിമാര്‍ക്കുനേരെ കാര്യമായ പീഡനം ഉണ്ടായിട്ടില്ല!
ഇതിന് രണ്ടുകാരണങ്ങളാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ദലൈലാമയെ വിഘടനവാദി നേതാവ് എന്നാണ് ചൈന വിളിക്കുന്നത്. അതുപോലെയല്ല, ഷാവോലിന്‍ സന്യാസികള്‍ എന്നും അവര്‍ ഈ രാജ്യത്തിന്റെ സാംസ്‌ക്കാരിക ധാരയില്‍ അലിഞ്ഞുചേര്‍ന്നവര്‍ ആണെന്നുമാണ് കമ്യുണിസ്റ്റ് ഭരണകൂടം വിലയിരുത്തുന്നത്. മറ്റൊന്ന് അവര്‍ സാധുധരാണ് എന്നതും, വിദേശനാണ്യം നേടിത്തരുന്നവരുമാണെന്നതുമാണ്. ചൈനയെ സംബന്ധിച്ചിടത്തോളം അക്യൂപങ്്ച്ചറും, ഡ്രാഗന്‍ ജ്യോതിഷവുപോലെ അവര്‍ ഷാവോലിനെയും നന്നായി മാര്‍ക്കറ്റ് ചെയ്യുന്നു. മാത്രമല്ല ദലൈലാമക്കെതിരായ ഒരു പ്രതിരോധം എന്ന നിലക്കുകൂടി, ചുവപ്പന്‍ ബുദ്ധികേന്ദ്രങ്ങള്‍ ഈ സന്യാസിമാരെ കാണുന്നുണ്ട്.
പക്ഷേ ഇപ്പോള്‍ ഗുരതുര ആരോപണം വന്നതോടെ ഷാവോലിന്‍ സന്യാസ സമൂഹത്തില്‍നിന്ന്, പുറത്തായിരിക്കയാണ ഷി യോങ്സി.ഒന്നിലധികം വകുപ്പുകളുടെ സംയുക്ത അന്വേഷണമാണ് ഇപ്പോള്‍ ഷിക്കെതിരെ നടക്കുന്നത്. അതേസമയം, ഷിയുടെ സന്യാസ പദവിക്ക് ഔദ്യോഗിക അംഗീകാരം നല്‍കുന്ന രേഖ റദ്ദാക്കിയതായി ചൈനയിലെ ബുദ്ധമത അസോസിയേഷന്‍ തിങ്കളാഴ്ച പ്രഖ്യാപിച്ചു. ഷിയുടെ സന്യാസപട്ടം റദ്ദാക്കിയതായുള്ള ഈ വാര്‍ത്ത അദ്ദേഹത്തിനെതിരായ ആരോപണങ്ങളുടെ ഗൗരവം വ്യക്തമാക്കുന്നു.
'ഷി യോങ്സിന്റെ പ്രവൃത്തികള്‍ അങ്ങേയറ്റം നിന്ദ്യമാണ്. ഇത് ബുദ്ധമത സമൂഹത്തിന്റെ പ്രശസ്തിക്ക് ഗുരുതരമായി കളങ്കം ചാര്‍ത്തുകയും സന്യാസിമാരുടെ പ്രതിച്ഛായക്ക് കോട്ടം തട്ടിക്കുകയും ചെയ്യുന്നു. ഷിക്കെതിരായ കേസ് നിയമപ്രകാരം കൈകാര്യം ചെയ്യാനുള്ള തീരുമാനത്തെ തങ്ങള്‍ ശക്തമായി പിന്തുണയ്ക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു' എന്നാണ് ഷിയുടെ പേരില്‍ ആരോപിക്കപ്പെട്ട പ്രവൃത്തികളെ അപലപിച്ചുകൊണ്ട് അസോസിയേഷന്‍ നടത്തിയ പ്രസ്താവനയില്‍ വ്യക്തമാക്കിയത്. അതേസമയം, ഈ ആരോപണങ്ങളോടൊന്നും ഷി ഇതുവരെയും പ്രതികരിച്ചിട്ടില്ല.
വടക്കന്‍ ഹെനാനിലെ ഒരു നഗരമായ സിന്‍സിയാങ്ങില്‍വെച്ച് ഷിയെ പോലീസ് കസ്റ്റഡിയിലെടുത്തതായി ചില ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് ശരിയാണോ എന്ന കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായിട്ടില്ല. അതേസമയം, ദിവസേന പോസ്റ്റുകള്‍ വന്നിരുന്ന, 870,000-ല്‍ അധികം ഫോളോവേഴ്സുള്ള അദ്ദേഹത്തിന്റെ വെയ്ബോ അക്കൗണ്ട് കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ നിശ്ചലമാണ്. അതുകൊണ്ടുതന്നെ സാമൂഹ്യമാധ്യമങ്ങളില്‍ അഭ്യൂഹങ്ങള്‍ വര്‍ധിക്കുകയാണ്. തന്റെ കാമുകിമാരും കുട്ടികളുമായി ഷി അമേരിക്കയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ചു എന്നുവരെ പ്രചാരണം നടന്നിരുന്നു. എന്നാല്‍ ഈ വാര്‍ത്ത അധികൃതര്‍ തള്ളിക്കളഞ്ഞു. പക്ഷേ ചൈനയിലെ കാര്യമാണ് ഒന്നും പറയാന്‍ കഴിയില്ല. നിന്ന നില്‍പ്പില്‍ ആളുകളെ കാണാതാവുന്ന സ്ഥലമാണ്. അപ്പോള്‍ പിന്നെ അഴിമതി പിടിക്കപ്പെട്ടാല്‍ പറയുകയും വേണ്ട.
വാല്‍ക്കഷ്ണം: സന്യാസി മഠങ്ങളിലെ തിരഞ്ഞെടുപ്പിനുപോലും കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗീകാരം നല്‍കിയാലെ അത് ചൈനയില്‍ പ്രാബല്യത്തില്‍ വരു. ആദ്യകാലത്ത് പാര്‍ട്ടി ഷിക്ക് ഒപ്പമായിരുന്നു. പക്ഷേ അഴിമതി കൈയോടെ പിടിക്കപ്പെട്ടതോടെ ആര്‍ക്കും ആയാളുടെ രക്ഷിക്കാന്‍ പറ്റാത്ത അവസ്ഥയാണ്.