ദര്‍ശനത്തിന് എത്തുന്ന സ്ത്രീകളെ ചിലന്തിവലയിലെന്ന പോലെ പിടിച്ച്, ബലാത്സംഗം ചെയ്ത് കൊല്ലുന്നോ? നിരവധി മൃതദേഹങ്ങള്‍ കുഴിച്ചിട്ടുവെന്ന് വെളിപ്പെടുത്തല്‍; മലയാളി യുവതിയുടെ മൃതദേഹം കണ്ടെത്തിയത് കാലുവെട്ടിയ നിലയില്‍; മഞ്ജുനാഥ സന്നിധിയോ മരണ സാകേതമോ? ധര്‍മ്മസ്ഥയിലെ കൂട്ടക്കൊലകള്‍ക്ക് പിന്നിലാര്?
ധര്‍മ്മസ്ഥയിലെ കൂട്ടക്കൊലകള്‍ക്ക് പിന്നിലാര്?
800 വര്‍ഷം പഴക്കമുള്ള പുരാതനമായ ശിവക്ഷേത്രം. 50,000 ആളുകള്‍ക്ക് ദിനംപ്രതി സൗജന്യമായി ഭക്ഷണം നല്‍കുന്നയിടം. ഒറ്റക്കല്ലില്‍ പണികഴിപ്പിച്ച 39 അടി ഉയരമുള്ള ഗോമതേശ്വര പ്രതിമ കാണാനായും മലയാളികളടക്കമുള്ള നിരവധിപേര്‍, കര്‍ണ്ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയില്‍ ബെല്‍ത്തങ്ങടി താലൂക്കില്‍ നേത്രാവതി നദിക്ക് സമീപമായുള്ള ഈ ക്ഷേത്രനഗരത്തില്‍ എത്താറുണ്ട്. അതാണ് പ്രസിദ്ധമായ ശ്രീ മഞ്ജുനാഥ ക്ഷേത്രം നിലകൊള്ളുന്ന ധര്‍മ്മസ്ഥല! മുകാംബികയിലെത്തുന്ന മലയാളി തീര്‍ത്ഥാടകരില്‍ നല്ലൊരു പങ്കും, ഉഡുപ്പിയും ധര്‍മ്മസ്ഥലും സന്ദര്‍ശിക്കാതെ മടങ്ങാറില്ല. ധര്‍മ്മസ്ഥലയിലെ തീര്‍ത്ഥാടകര്‍ക്കുള്ള സൗജന്യ ഭക്ഷണവും, ക്ഷേത്ര ട്രസ്റ്റ് നടത്തുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളും, ഒരു ഗ്രാമത്തില്‍ അവര്‍ കൊണ്ടുവന്ന വികസന പ്രവര്‍ത്തനങ്ങളുമൊക്കെ കേരളത്തിലും ഏറെ വാര്‍ത്തയായിട്ടുണ്ട്.
പക്ഷേ മഞ്ജുനാഥന്‍ എന്ന പരമശിവ സന്നിധിയെക്കുറിച്ച് ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍, ഞെട്ടിപ്പിക്കുന്നതാണ്. ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മൂന്‍ ശുചീകരണത്തൊഴിലാളി വെളിപ്പെടുത്തിയത്, ധര്‍മ്മസ്ഥലയിലും പ്രദേശങ്ങളിലും ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട നിരവധി സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങള്‍, ക്ഷേത്ര ഭാരവാഹികളുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് താന്‍ കുഴിച്ചിട്ടുവെന്നാണ്. ഇതിനുള്ള തെളിവുകളും അയാള്‍ നല്‍കിയതോടെ, ഇന്ത്യ നടുങ്ങി. പിന്നാലെ നാട്ടുകാര്‍ ഇളകി. വിദ്യാര്‍ത്ഥികളടക്കം 100ലേറെ സ്ത്രീകളെ പീഡിപ്പിച്ച് കൊന്നുവെന്നാണ് അവര്‍ പറയുന്നത്. ഈ പ്രദേശത്തുമാത്രം ഇരുനൂറോളം സ്ത്രീകളെ കാണാതായിട്ടുണ്ട്.
ശൈവപാരമ്പര്യത്തിലുള്ള ഈ ക്ഷേത്രത്തിലെ പൂജാരിമാര്‍ വൈഷ്ണവരായ മാധ്വ ബ്രാഹ്‌മണരാണെങ്കിലും, ക്ഷേത്രനടത്തിപ്പ് ജൈനമതസ്ഥരായ ഒരു ബന്ത് കുടുംബത്തിന്റേതാണ്. ഈ ബന്ത് കുടംബത്തിനെതിരെയാണ് ഇപ്പോള്‍ ജനരോഷം ഉയരുന്നത്. ധര്‍മ്മസ്ഥല ധര്‍മ്മാധികാരി ഡോ. ഡി. വീരേന്ദ്ര ഹെഗ്ഗഡെയാണ് പ്രതികളെ സംരക്ഷിക്കുന്നത് എന്ന് ജനങ്ങള്‍ ആരോപിക്കുന്നു. ക്ഷേത്ര ദര്‍ശനത്തിന് എത്തുന്ന സ്ത്രീകളെ ചിലന്തിവലയിലെന്ന പോലെ പിടിച്ച്, ബലാത്സംഗം ചെയ്ത് കൊല്ലുന്നത് ഇവിടുത്തെ ജീവനക്കാരുടെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘമാണെന്നാണ് ആരോപണം.
അതുപോലെ ഇന്ത്യന്‍ നിയമവ്യവസ്ഥക്കും തീരാക്കളങ്കമായിരിക്കയാണ് ഈ കൂട്ടക്കൊലകള്‍. 1998നും 2014നും ഇടയിലുള്ള സംഭവങ്ങള്‍ മാത്രമാണ് ശുചീകരണത്തൊഴിലാളി വെളിപ്പെടുത്തിയത്. എന്നാല്‍ ഇവിടെ 1979 മുതല്‍ സ്ത്രീകളെ കാണാതാവുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. 200 ഓളം മിസ്സിംഗ് കേസുകളുടെ പരാതി കിട്ടിയിട്ടും പൊലീസ് ഒരു നടപടിയും എടുത്തില്ല. അതുകൊണ്ടുതന്നെ രാഷ്ട്രീയമായും സാമ്പത്തികമായും പിന്തുണയുള്ള ഉന്നതരാണ് ഈ കൊലകള്‍ക്ക് പിന്നിലെന്ന് വ്യക്താണ്. ക്രൈം ത്രില്ലറുകളെപ്പോലും പിന്‍തള്ളുന്ന സംഭവങ്ങളാണ് ധര്‍മ്മസ്ഥലയില്‍ നടക്കുന്നത്. ശരിക്കും ഇന്ന് അധര്‍മ്മസ്ഥലമാണ് വിശ്വാസികളുടെ ഈ പുണ്യഭൂമി.
ക്ഷേത്ര പരിസത്തെ മൃതദേഹങ്ങള്‍
സാധാരണ ഒരുക്ഷേത്രത്തിലെ ശുചീകരണത്തൊഴിലാളിക്ക് പൂജാസാധനങ്ങളുടെ അവശിഷ്ടങ്ങളും മറ്റുമാണ് വൃത്തിയാക്കേണ്ടതായി വരിക. പക്ഷേ ഇവിടെ ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ട കൊച്ചു പെണ്‍കുട്ടികളുടെ മൃതദേഹങ്ങളാണ് ഈ പാവത്തിന് സംസ്‌ക്കരിക്കേണ്ടി വന്നത്. സത്യം ഒരിക്കലും കുഴിച്ചുമൂടാന്‍ കഴിയില്ല എന്നതിന്റെ ഉദാഹരണമാണ്, ലോകത്തെ തന്നെ ഞെട്ടിച്ച ഈ ധര്‍മ്മസ്ഥല കൊലപാതക പരമ്പര. പരാതിയുമായി എത്തിയ ആള്‍ തന്റെ വ്യക്തിത്വം വെളിപ്പെടുത്തരുതെന്ന് അഭ്യര്‍ത്ഥിച്ചുവെന്നും, കോടതിയുടെ അനുമതി തേടിയ ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നുമാണ് ബെല്‍ത്തങ്ങാടി എസ് പി വ്യക്തമാക്കിയത്. ശുചീകരണ തൊഴിലാളിയായിരുന്ന ഇയാള്‍ പരാതിക്കൊപ്പം കുഴിച്ചിട്ട മൃതദേഹങ്ങളുടെ ഫോട്ടോയും ഇദ്ദേഹം പോലീസിന് കൈമാറിയിട്ടുണ്ട്. പശ്ചാത്താപം തോന്നിയതുകൊണ്ടും ഇരകള്‍ക്ക് നീതി ലഭിക്കണമെന്നതുകൊണ്ടുമാണ് ഇപ്പോള്‍ ഇക്കാര്യം തുറന്നുപറയുന്നതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. അദ്ദേഹത്തിന്റെ മൊഴി ഇങ്ങനെയാണ്.
'ദലിത് കുടുംബത്തില്‍ ജനിച്ച ഞാന്‍ 1995 മുതല്‍ 2014 ഡിസംബര്‍ വരെ ധര്‍മ്മസ്ഥല ക്ഷേത്രത്തിന് കീഴില്‍ ഒരു ശുചീകരണ തൊഴിലാളിയായി ജോലി ചെയ്തിരുന്നു. അതിനുമുന്‍പ് അതിന്റെ പരിസര പ്രദേശങ്ങളിലും ഈ ജോലി ചെയ്തിരുന്നു. ശുചീകരണ ജോലിയുടെ തുടക്കത്തില്‍ ഞാന്‍ നിരവധി മൃതദേഹങ്ങള്‍ കണ്ടു. അവ ആത്മഹത്യ ചെയ്തതോ ആകസ്മികമായി മുങ്ങിമരിച്ചതോ ആണെന്നാണ് കരുതിയത്. മൃതദേഹങ്ങളില്‍ ഭൂരിഭാഗവും സ്ത്രീകളുടേതായിരുന്നു, മിക്കവയും വസ്ത്രങ്ങളില്ലാത്തവ. ചില മൃതദേഹങ്ങളില്‍ ലൈംഗികാതിക്രമത്തിന്റെയും കഴുത്ത് ഞെരിച്ചതിന്റെയും മറ്റ് മുറിവുകളുടെയും ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. 1998-ല്‍, എന്റെ സൂപ്പര്‍വൈസര്‍ മൃതദേഹങ്ങള്‍ രഹസ്യമായി സംസ്‌കരിക്കാന്‍ എന്നോട് നിര്‍ദ്ദേശിച്ചു. ഞാന്‍ വിസമ്മതിക്കുകയും പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യുമെന്ന് പറയുകയും ചെയ്തപ്പോള്‍, എന്നെ ക്രൂരമായി മര്‍ദിച്ചു. എന്നെയും കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. മൃതദേഹങ്ങളില്‍ പലതും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെതായിരുന്നു. അതില്‍ ഒരു സംഭവം എന്നെ വല്ലാതെ വേട്ടയാടി. 2010-ല്‍ കല്ലേരിയിലെ ഒരു പെട്രോള്‍പമ്പിന് 500 മീറ്റര്‍ അകലെ 12 നും 15 നും ഇടയില്‍ പ്രായമുള്ള ഒരു പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. അവള്‍ സ്‌കൂള്‍ യൂണിഫോം ധരിച്ചിരുന്നു, അവളുടെ പാവാടയും അടിവസ്ത്രവും കാണാനില്ല, ലൈംഗികാതിക്രമത്തിന്റെയും ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതിന്റെയും പാടുകള്‍ ഉണ്ടായിരുന്നു. ഒരു കുഴി കുഴിച്ച് സ്‌കൂള്‍ ബാഗിനൊപ്പം കുഴിച്ചിടാന്‍ എന്നോട് ആവശ്യപ്പെട്ടു. മറ്റൊരു കേസില്‍, 20 വയസ്സുള്ള ഒരു സ്ത്രീയുടെ മുഖം ആസിഡ് ഒഴിച്ച് കത്തിച്ച നിലയിലായിരുന്നു. ആ മൃതദേഹം കുഴിച്ചുമൂടാന്‍ എന്നോട് ആവശ്യപ്പെട്ടു. ധര്‍മ്മസ്ഥല പ്രദേശത്ത് വീടില്ലാത്തവരെയും യാചകരെയും കൊലപ്പെടുത്തിയതിന് ഞാന്‍ സാക്ഷിയായിരുന്നു. നിരവധി മൃതദേഹങ്ങള്‍ കുഴിച്ചിടാന്‍ എന്നെ നിര്‍ബന്ധിച്ചു, അവയില്‍ ചിലത് കത്തിച്ചു'- അദ്ദേഹം മൊഴയില്‍ പറഞ്ഞു.
ധര്‍മ്മസ്ഥലയില്‍ നിന്ന് രക്ഷപ്പെടാനുള്ള കാരണവും അദ്ദേഹം പറയുന്നുണ്ട്. '2014-ല്‍, എന്റെ കുടുംബത്തിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളില്‍ ഒരാളെ എന്റെ സൂപ്പര്‍വൈസറിന് അറിയാവുന്ന ഒരാള്‍ ലൈംഗികമായി പീഡിപ്പിച്ചു. ഇതിന് പിന്നാലെ ഞങ്ങള്‍ ധര്‍മസ്ഥലയില്‍ നിന്നും രക്ഷപ്പെട്ടു. അയല്‍ സംസ്ഥാനത്ത് താമസിക്കുന്ന ഞങ്ങള്‍ സ്വന്തം വ്യക്തിത്വം വെളിപ്പെടുത്താതെയും ഇടയ്ക്കിടെ വീട് മാറിയുമാണ് താമസിക്കുന്നത്. അടുത്തിടെ ഞാന്‍ ധര്‍മസ്ഥലയില്‍ പോയി ഒരു മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ പുറത്തെടുത്ത് ഫോട്ടോ സഹിതം പൊലീസ് നല്‍കിയിട്ടുണ്ട്. പ്രതികള്‍ ധര്‍മ്മസ്ഥല ക്ഷേത്ര ഭരണസമിതിയുമായും മറ്റ് ജീവനക്കാരുമായും ബന്ധപ്പെട്ടവരാണ്. അവര്‍ വളരെ സ്വാധീനമുള്ളവരാണ്, അവരെ എതിര്‍ക്കുന്നവരെ അവര്‍ കൊലപ്പെടുത്തും. എനിക്കും എന്റെ കുടുംബത്തിനും സംരക്ഷണം ലഭിച്ചുകഴിഞ്ഞാല്‍ അവരുടെ പേരുകളും അവരുടെ പങ്കും വെളിപ്പെടുത്താന്‍ ഞാന്‍ തയ്യാറാണ്, നുണപരിശോധനയ്ക്ക് വിധേയനാകാനും ഞാന്‍ തയ്യാറാണ്'- അദ്ദേഹം പറഞ്ഞു.
ഈ വെളിപ്പെടുത്തല്‍ ഇന്ത്യയില്‍ മാത്രമല്ല, ബിബിസി അടക്കമുള്ള ലോകമാധ്യമങ്ങളില്‍പോലും വാര്‍ത്തയായി. അതോടെയാണ് കര്‍ണ്ണാടക ഭരിക്കുന്ന സിദ്ധരാമയ്യയുടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ അനങ്ങിയത്. ഇപ്പോള്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടക്കുകയാണ്. പക്ഷേ 1979-ല്‍ ഉണ്ടായ വേദവല്ലിക്കേസുതൊട്ട് പതിറ്റാണ്ടുകളായി ധര്‍മ്മസ്ഥലക്ഷേത്രത്തെ ചുറ്റിപ്പറ്റി പെണ്‍കുട്ടികളുടെ കാണാതാവാല്‍ നടക്കുകയാണ്്. ഇപ്പോള്‍ ഈ ജീവനക്കാരന്റെ വെളിപ്പടുത്തലിലേക്ക് അടക്കം നയിച്ചത്, സൗജന്യ എന്ന പെണ്‍കുട്ടിയുടെ കൊലപാതകക്കേസിനെ തുടര്‍ന്നുള്ള ജനരോഷമാണ്.
സൗജന്യയെ റേപ്പ്ചെയ്ത കൊന്നതാര്?
സിനിമാക്കഥകളെപ്പോലും അവിശ്വസിപ്പിക്കുന്ന രീതിയിലാണ് ധര്‍മ്മസ്ഥലയിലെ സൗജന്യ എന്ന 17കാരിയുടെ മരണം. ധര്‍മ്മസ്ഥല മഞ്ജുനാഥ കോളജില്‍നിന്ന് വീട്ടിലേക്കുള്ള യാത്രാമദ്ധ്യേ അവളെ കാണാതാവുകയായിരുന്നു. പിന്നീട് ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ടു നിലയിലാണ് വീട്ടില്‍ നിന്ന് വെറും 300 മീറ്റര്‍ അകലെയുള്ള കുറ്റിക്കാട്ടില്‍ അവളെ കണ്ടെത്തിയത്. ഇതോടെ വലിയ ജനരോഷം ഉണ്ടായപ്പോള്‍ ബെല്‍ത്തങ്ങാടി പൊലീസ് അനങ്ങി.
ധര്‍മ്മസ്ഥല മഞ്ജുനാഥ ട്രസ്റ്റിലെ ജീവനക്കാരാന്‍ സന്തോഷ് റാവു ആയിരുന്നു കേസിലെ ഏക പ്രതി. അന്നുതന്നെ സൗജന്യയുടെ കുടുംബം ഇത് ഫേക്ക് പ്രതിയാണെന്ന് ആരോപിച്ചിരുന്നു. അതുതന്നെ സംഭവിച്ചു. 2023 ജൂണ്‍ 16 ന് ബെംഗളൂരു സെഷന്‍സ് കോടതി റാവുവിനെ കുറ്റവിമുക്തനാക്കി. ക്ഷേത്ര നടത്തിപ്പുകാരായ വീരേന്ദ്ര ഹെഗ്‌ഡെ കുടുംബം യഥാര്‍ത്ഥ കുറ്റവാളികളെ സംരക്ഷിക്കുകയാണെന്ന് സൗജന്യയുടെ കുടുംബം ആരോപിച്ചു. അതോടെ ദക്ഷിണ കന്നഡയിലുടനീളം പ്രതിഷേധങ്ങള്‍ നടന്നു. ജസ്റ്റിസ് ഫോര്‍ സൗജന്യ എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ കാമ്പയിനും നടന്നു. കര്‍ണ്ണാടക പൊലീസില്‍ നിന്ന് കേസ് സിബിഐ ഏറ്റെടുത്ത കേസായിരുന്നു ഇത്. വിധി തിരിച്ചായതോടെ സിബിഐ പിന്നെ ഒന്നും ചെയ്തില്ല. എന്നാല്‍ സൗജന്യയുടെ കുടുംബം നിരന്തരം പുനര്‍ അന്വേഷണം ആവശ്യപ്പെട്ടു.
2023-ല്‍ ബിജെപി എംഎല്‍എമാര്‍ ഉള്‍പ്പടെയുള്ള സൗജന്യകേസില്‍ പുനര്‍ അന്വേഷണം ആവശ്യപ്പെട്ടു. എന്നാല്‍, 2025 ജനുവരിയില്‍ ആ ആവശ്യം തള്ളി. അതോടെ വിസ്മൃതിയിലാവാന്‍ തുടങ്ങിയ സൗജന്യകേസിന് ജീവന്‍ വെപ്പിച്ചത് ഒരു യുട്യൂബറാണ്. മാധ്യമങ്ങള്‍ ആരും തന്നെ ഒരു കാമ്പയിന്‍ ആയി ഈ സംഭവം ഏറ്റെടുത്തില്ല. അവര്‍ക്കും ഭയമായിരുന്നു. കര്‍ണ്ണാടക മാധ്യമങ്ങളുടെ യാതൊരു സഹായവും തങ്ങള്‍ക്ക് കിട്ടിയിട്ടില്ല എന്നാണ് സൗജന്യയുടെ കുടുംബം പറയുന്നത്.
യു ട്യൂബര്‍ തുറന്ന വാതില്‍
ഫെബ്രുവരി 27 ന് കണ്ടന്റ് ക്രിയേറ്ററായ സമീര്‍ എംഡി എന്ന 25കാരന്‍ തന്റെ യൂട്യൂബ് ചാനലായ ധൂതയില്‍ അപ്ലോഡ് ചെയ്ത വീഡിയോ കര്‍ണാടകയില്‍ വൈറലായി, 1.8 കോടിയിലധികം പേര്‍ കണ്ടു. സൗജന്യവധത്തിന്റെ യഥാര്‍ത്ഥ ചിത്രം അതോടെയാണ് പുറത്തായത്. ക്ഷേത്രം നിയന്ത്രിക്കുന്ന ജൈന കുടുംബമായ ഹെഗ്ഡേമാര്‍ പ്രതിക്കൂട്ടിലായി.
സമീര്‍ പുതിയ തെളിവുകള്‍ കണ്ടെത്തിയിരുന്നില്ല. മറിച്ച് പൊതുജനങ്ങള്‍ക്ക് ലഭ്യമായ വിവരങ്ങളെ ആശ്രയിച്ചു. കുറ്റകൃത്യവും തുടര്‍ന്നുണ്ടായ അന്വേഷണത്തിലെ പാളിച്ചകളും വിശദമായി പ്രതിപാദിക്കുന്ന 39 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ, സമീറിന്റെ ശക്തവും വ്യക്തവുമായ ആഖ്യാന ശൈലി കാരണം വൈറലായി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഗ്രാഫിക്സും വീഡിയോയ്ക്ക് സഹായകമായി. സോഷ്യല്‍ മീഡിയയില്‍ വീഡിയോയ്ക്ക് വലിയ പിന്തുണ ലഭിച്ചപ്പോള്‍, ഒരു വിഭാഗം ആളുകള്‍ യൂട്യൂബറുടെ മതപരമായ വ്യക്തിത്വം ഉയര്‍ത്തിക്കാട്ടി ഇത് ഒരു വര്‍ഗീയ പ്രശ്നമാക്കി, ഒരു ക്ഷേത്രനഗരത്തെക്കുറിച്ച് ഇത്തരമൊരു വീഡിയോ നിര്‍മ്മിച്ചതിലെ സമീറിന്റെ ഉദ്ദേശ്യത്തെ ചോദ്യം ചെയ്തു.
സൗജന്യയുടെ കുടുംബം വീഡിയോ നിര്‍മ്മിക്കാന്‍ അദ്ദേഹത്തിന് പണം നല്‍കിയതായി ആരോപണങ്ങള്‍ ഉയര്‍ന്നുവന്നു. സൗജന്യയുടെ അമ്മ ഇത് നിഷേധിച്ച് ശക്തമായി രംഗത്തെത്തി. മാര്‍ച്ച 5ന് സമീറിനെതിരെ മതസ്പര്‍ധയുണ്ടാക്കിയെന്ന് പറഞ്ഞ് പൊലീസ് കേസെടുത്തു. പക്ഷേ താന്‍ വ്യക്തമായി പഠിച്ചിട്ടാണ് ഈ വിഷയം ചെയ്തതെന്നും കേസ് നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. പക്ഷേ സമീറിന്റെ കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു. ഈ വീഡിയോയാണ് ധര്‍മ്മസ്ഥല കൊലപാതകങ്ങള്‍ വീണ്ടും ചര്‍ച്ചയാക്കിയത്. ഇത് കണ്ടിട്ടാണ് ആ മുന്‍ ശുചീകരണത്തൊഴിലാളിക്കുവരെ മാനസാന്തരം വരികയും അയാള്‍ തന്റെ ജീവന്‍പോലും തൃണവത്ക്കരിച്ച് കാര്യങ്ങള്‍ വെളിപ്പെടുത്തിയതും.
മലയാളി സ്ത്രീകളെയും ധര്‍മ്മസ്ഥലയില്‍ കാണാതായതായി സംശയമുണ്ട്. ധര്‍മ്മസ്ഥലയിലേക്ക് പോകുന്ന മലയാളികളില്‍ കൂടുതലും കാസര്‍കോട്ടുകാരാണ്. 1987-ല്‍ കാണാതായ യുവതിയുടെ മൃതദേഹം കൈകാലുകള്‍ വെട്ടിയ നിലയില്‍ കണ്ടെത്തിയിരുന്നു. ഇക്കാര്യം കഴിഞ്ഞ ദിവസം യുവതിയുടെ സഹോദരന്‍ വെളിപ്പെടുത്തി. ജൂലൈ 3 നാണ് പരാതിക്കാരന്‍ പൊലീസ് സൂപ്രണ്ടിന്റെ ഓഫീസിലും ധര്‍മ്മസ്ഥല പൊലീസ് സ്റ്റേഷനിലും രേഖാമൂലം പരാതി നല്‍കുന്നത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തുവെന്ന് ദക്ഷിണ കന്നഡ എസ് പി അരുണ്‍ കെ അറിയിച്ചിരുന്നു.
അനന്യ ഭട്ടിന് സംഭവിച്ചത്?
ശുചീകരണത്തൊഴിലാളിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന്, 22 വര്‍ഷങ്ങള്‍ക്ക് മുമ്പ് ധര്‍മ്മസ്ഥലയില്‍വെച്ച് കാണാതായ തന്റെ മകളുടെ അസ്ഥിയെങ്കിലും എടുത്തുതരണമെന്ന അഭ്യര്‍ത്ഥനയോടെ ഒരു അമ്മയും രംഗതെത്തി. ബെംഗളൂരുവിലെ പത്മനാഭനഗര്‍ നിവാസിയും, സിബിഐ യില്‍ നിന്ന് വിരമിച്ച സ്റ്റെനോഗ്രാഫറുമായ സുജാത ഭട്ടാണ് ബെല്‍ത്തങ്ങാടിയില്‍ എത്തി പൊലീസില്‍ പരാതി നല്‍കിയത്.
2003-ല്‍, മണിപ്പാല്‍ മെഡിക്കല്‍ കോളേജില്‍ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിനിയായ മകള്‍ അനന്യ സുഹൃത്തുക്കള്‍ക്കൊപ്പം ധര്‍മ്മസ്ഥല ക്ഷേത്രത്തിലേക്ക് യാത്ര പോയതായിരുന്നു. പിന്നെ കുട്ടിയുടെ വിവരമൊന്നുമില്ല. സഹപാഠിയായ രശ്മിയില്‍ നിന്ന് സുജാതയ്ക്ക് ഫോള്‍കോള്‍ വരുമ്പോഴാണ് അനന്യയെ കാണാനില്ലെന്ന വിവരം അമ്മ സുജാത അറിയുന്നത്. കോളേജ് ഹോസ്റ്റലുമായി ബന്ധപ്പെട്ടപ്പോള്‍, രണ്ടോ മൂന്നോ ദിവസമായി അനന്യയെ കാണാനില്ലെന്ന് അവരും പറഞ്ഞു. കൊല്‍ക്കത്തയില്‍ നിന്ന് ധര്‍മ്മസ്ഥലയിലേക്ക് ഓടിയെത്തിയ സുജാത, മകളുടെ ഫോട്ടോ നാട്ടുകാര്‍ക്കും ക്ഷേത്ര ജീവനക്കാര്‍ക്കും കാണിച്ചുകൊടുത്ത് അന്വേഷണം ആരംഭിച്ചു. അനന്യയുടെ വിവരണവുമായി പൊരുത്തപ്പെടുന്ന ഒരു യുവതിയെ ക്ഷേത്ര ജീവനക്കാര്‍ അകമ്പടി സേവിക്കുന്നത് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കണ്ടതായി നിരവധി നാട്ടുകാര്‍ അവരോട് പറഞ്ഞു. പക്ഷേ , ബെല്‍ത്തങ്ങാടി പോലീസ് അതൊന്നും അംഗീകരിച്ചില്ല.
'എന്റെ പരാതി രജിസ്റ്റര്‍ ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ വിസമ്മതിക്കുകയും മകള്‍ ഒളിച്ചോടിയതായി ആരോപിക്കുകയും ചെയ്തു. എന്നെ അധിക്ഷേപിച്ചാണ് അവര്‍ സ്റ്റേഷനില്‍ നിന്ന് പുറത്താക്കിയത്''- സുജാത് ഭട്ട് മാധ്യമങ്ങളോട് പറയുന്നു. തുടര്‍ന്ന് സുജാത ധര്‍മ്മസ്ഥല ധര്‍മ്മാധികാരി ഡോ. ഡി. വീരേന്ദ്ര ഹെഗ്ഗഡെയെ സമീപിച്ചു. പക്ഷേ ഫലമുണ്ടായില്ല. പക്ഷേ തുടര്‍ന്ന് അതിഭീകരമായ അനുഭവമാണ് ആ അമ്മക്ക് ഉണ്ടായത്.
ആ രാത്രിയില്‍, നിരാശയോടെ ക്ഷേത്രത്തിന് പുറത്ത് ഇരിക്കുമ്പോള്‍, വെള്ള വസ്ത്രം ധരിച്ച ചില പുരുഷന്മാര്‍ തങ്ങള്‍ക്ക് ചില വിവരം ഉണ്ടെന്ന് അവകാശപ്പെട്ട് അവരെ കൂട്ടിക്കൊണ്ടുപോയി. സുജാതയെ കെട്ടിയിട്ട് വായ മൂടിക്കെട്ടി, ക്ഷേത്രത്തിനടുത്തുള്ള ഒരു ഇരുണ്ട മുറിയില്‍ രാത്രി മുഴുവന്‍ തടങ്കലില്‍ വച്ചു. 'മിണ്ടാതിരിക്കാന്‍ അവര്‍ എന്നെ ഭീഷണിപ്പെടുത്തി, ആക്രമിച്ചു, ഒടുവില്‍ എന്റെ തലയില്‍ അടിച്ചു''- സുജാത പറഞ്ഞു. അതോടെ അവരുടെ ബോധം പോയി. മൂന്ന് മാസത്തോളം സുജാത കോമയില്‍ തുടര്‍ന്നു. ഓര്‍മ്മവരുമ്പോള്‍ ബംഗളൂരുവിലെ ഒരു ആശുപത്രിയിലാണ്. എങ്ങനെ അവിടെ എത്തിയെന്ന് ഓര്‍മ്മയില്ലായിരുന്നു. ഐഡി, ബാങ്ക് രേഖകള്‍, സ്വകാര്യ വസ്തുക്കള്‍ എന്നിവയുള്‍പ്പെടെയുള്ള വസ്തുക്കള്‍ നഷ്ടപ്പെട്ടു. ആ ആക്രമണത്തില്‍ അവളുടെ തലയില്‍ എട്ട് തുന്നലുകള്‍ വേണ്ടിവന്നു. സുജാതയെന്ന ഒറ്റയാളിന്റെ മൊഴിയില്‍ നിന്നുതന്നെ ക്ഷേത്ര ജീവനക്കാര്‍ക്ക് സംഭവത്തില്‍ ബന്ധമുണ്ടെന്ന് വ്യക്തമാണ്.
ഇപ്പോള്‍, പുതിയ വെളിപ്പെടുത്തലിനെ തുടര്‍ന്ന് തന്റെ മകളുടെ ഒരു അസ്ഥിയെങ്കിലും കിട്ടുമെന്ന പ്രതീക്ഷയിലാണ് ആ അമ്മ ധര്‍മ്മസ്ഥലയില്‍ എത്തിയത്. ഒരു ഭക്ത ഹിന്ദു ബ്രാഹ്‌മണന്‍ എന്ന നിലയില്‍, തന്റെ മകളുടെ അന്ത്യകര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ കഴിയാത്തതില്‍ അവര്‍ അഗാധമായ ദുഃഖം പ്രകടിപ്പിച്ചു. 'അനന്യയുടെ ശവസംസ്‌കാര ചടങ്ങുകള്‍ അന്തസ്സോടെ നടത്താന്‍ കഴിയുന്നതിന് അവളുടെ മൃതദേഹം വീണ്ടെടുക്കാന്‍ എന്നെ സഹായിക്കണമെന്ന് ഞാന്‍ അധികാരികളോട് അപേക്ഷിക്കുന്നു. ആവശ്യമെങ്കില്‍, ഒരു പോളിഗ്രാഫ് പരിശോധനയ്ക്ക് വിധേയയാകാന്‍ ഞാന്‍ തയ്യാറാണ്,' -സുജാത മാധ്യമങ്ങളോട് പറഞ്ഞു. ഈ പരാതിയിലും പൊലീസ് കേസ് എടുത്തിട്ടുണ്ട്. ഇപ്പോ 22 വര്‍ഷങ്ങള്‍ക്ക് ശേഷം!
കാണാതായത് ഇരുപതിനായിരത്തോളം സ്ത്രീകള്‍!
നേരത്തെ 2021ലും ധര്‍മ്മസ്ഥല ഇതുപോലെ ഒരു വലിയ പ്രക്ഷോഭത്തിന് വേദിയായിരുന്നു. അന്നും സഞ്ജാറാണി എന്ന പെണ്‍കുട്ടിയുടെ കാണാതാവലാണ് പ്രശ്നമായത്. അന്ന് ഇത് ലൗ ജിഹാദ് ആണെന്ന് ആരോപണം വന്നിരുന്നു. പക്ഷേ പിന്നീടുള്ള അന്വേഷണത്തില്‍ സഞ്ജന ആരുമായും പ്രേമത്തിലായിരുന്നില്ല എന്ന് കണ്ടെത്തി. കുട്ടിയെ ഇപ്പോഴും കിട്ടിയില്ല. ഇതിലും ആരോപണ വിധേയനായത്, ക്ഷേത്ര ട്രസ്റ്റിയായ വീരേന്ദ്ര ഹെഡ്ഗെയായിരുന്നു. ഇതേ ഹെഗ്ഡേയെ ബിജെപി രാജ്യസഭാംഗമാക്കിയതും പ്രതിഷേധത്തിന് ഇടയാക്കി. പക്ഷേ ബിജെപി ഇപ്പോള്‍ പറയുന്നത്, ജൈനരില്‍നിന്ന് ക്ഷേത്ര ഭരണം ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുക്കണം എന്നാണ്. അവിടെ വലിയ ധുര്‍ത്തും അഴിമതിയാണെന്നു, സര്‍ക്കാര്‍ നടത്തുന്ന സേവനങ്ങള്‍ പോലും ക്ഷേത്രത്തിന്റെതാണ് എന്ന് പറഞ്ഞ് അവതരിപ്പിക്കയാണെന്നുമാണ് ബിജെപി പറയുന്നത്.
സഞ്ജന വിവാദത്തിന്റെ ഭാഗമായി നടന്ന നിയമസഭാ ചോദ്യത്തില്‍ കര്‍ണ്ണാടകയില്‍ കാണാതായ സ്ത്രീകളുടെ കണക്ക് വന്നത്. അത് ഇരുപതിനായിരത്തോളമായിരുന്നു. അതില്‍ വെറും 260പേരെയാണ് പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞത്. ഈ പെണ്‍കുട്ടികള്‍ എവിടേക്ക് പോവുന്നു എന്നത് വലിയ ചോദ്യമാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ക്രൈം റേറ്റുള്ള സംസ്ഥാനങ്ങളില്‍ ഒന്നായി കര്‍ണ്ണാടക മാറുകയാണ്. അതില്‍ തന്നെ ദക്ഷിണ കന്നഡയിലാണ് ഏറെ പ്രശ്നങ്ങള്‍. കൊലപാതങ്ങളും ഗുണ്ടാ സംഘങ്ങളുടെ ഏറ്റുമുട്ടലും ഗ്യാങ്് റേപ്പുകളും ഇവിടെ നിന്ന് പലതവണ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മംഗലാപുരം അടക്കമുള്ള ദക്ഷിണ കന്നഡയുടെ ഭാഗങ്ങള്‍ ഇന്ത്യയുടെ ക്രൈം ഹബ്ബായി മാറിക്കഴിഞ്ഞു. ഷെട്ടി ഗ്യാങ്ങുകള്‍, ഹെ്ഡഡെ ഗ്യാങ്ങുകള്‍ എന്ന പേരിലൊക്കെ ആസുത്രിക ക്രിമനില്‍ സംഘങ്ങള്‍ ഇവിടെ പൊട്ടിമുളച്ചിട്ട് വര്‍ഷങ്ങളായി. ബീഹാര്‍ മോഡലില്‍ തകര്‍ന്നുകിടക്കായാണ് കര്‍ണ്ണാടകയുടെ ക്രമസമാധാന പാലനം. ഏറെ പ്രതീക്ഷയോടെ അധികാരത്തിലേറിയ മുഖ്യമന്ത്രി സിദ്ധരാമയ്യക്കുപോലും ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. 'ഗരുഡ ഗമന ഋഷഭ വാഹന' എന്ന പ്രശസ്തമായ സിനിമയൊക്കെ ഈ ഗ്യാങ്ങ്സ്റ്ററുകളെ അഡ്രസ് ചെയ്യുന്നതാണ്.
ഈ ഗ്യാങ്ങുകളാണ് മനുഷ്യക്കടത്തിലുടെ സ്ത്രീകളെ കൊണ്ടുപോവുന്നത്. കാണാതായ സ്ത്രീകളില്‍ പലരും മുബൈയിലെയും, കൊല്‍ക്കൊത്തയിലെയും, ഡല്‍ഹിയിലെയും, ലൈംഗികത്തൊഴിലാളി കേന്ദ്രത്തിലുണ്ടെന്നാണ് പറയുന്നത്. പക്ഷേ ഇവരെയൊന്നും കണ്ടെത്താന്‍ കര്‍ണ്ണാടകയിലെ കുത്തഴിഞ്ഞ പൊലീസ് സംവിധാനത്തിന് കഴിഞ്ഞിട്ടില്ല. മാത്രമല്ല ഇപ്പോഴും ജാതിവ്യവസ്ഥയും അന്ധവിശ്വാസങ്ങളും ഏറെയുള്ള നാടാണ് കര്‍ണ്ണാടക. ദേവദാസി സമ്പ്രദായം 82-ല്‍ നിരോധിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇപ്പോഴും അത് രഹസ്യമായി തുടരുന്നുണ്ട്.
രാജസദസ്സുകളില്‍ നൃത്തമാടുന്ന കലാനിപുണകളാണ് ദേവദാസികള്‍ എന്നാണ് നമ്മള്‍ പഠിച്ചുവച്ചിരിക്കുന്നതെങ്കിലും, കര്‍ണാടകയിലെ സ്ഥിതി തികച്ചും വ്യത്യസ്തം. പൊതുവേ കാംബ്ലേ, മാതിക തുടങ്ങിയ പിന്നാക്ക സമുദായങ്ങളിലാണ് ഈ സമ്പ്രദായം നിലനിന്നിരുന്നത്. പെണ്‍കുട്ടികള്‍ക്കു പ്രായപൂര്‍ത്തിയെത്തിയാല്‍ അവരെ ക്ഷേത്രത്തിലെത്തിച്ചു മാല ചാര്‍ത്തുകയും പിന്നീടു ക്ഷേത്രത്തോടനുബന്ധിച്ചുള്ള പുരകളില്‍ അവരെ താമസിപ്പിക്കുകയുമായിരുന്നു പണ്ടുകാലത്തെ രീതി. ഈ പെണ്‍കുട്ടികളെ പ്രമാണിമാര്‍ അവരുടെ ഇംഗിതത്തിന് അനുസരിച്ച് ഉപയോഗപ്പെടുത്തുകയും ചെയ്യും. പുതിയ പെണ്‍കുട്ടികള്‍ ദേവദാസികള്‍ ആവുമ്പോള്‍ പ്രമാണിമാര്‍ അവരിലേക്ക് തിരിയും. ഒടുക്കം പഴയ ദേവദാസികള്‍ ലൈംഗിക തൊഴിലാളികളായി മാറും. പെണ്‍കുട്ടികളെ പോറ്റാന്‍ ശേഷിയില്ലാത്ത പിന്നാക്കക്കാര്‍ ഈ സമ്പ്രദായത്തെ അന്നു സൗകര്യമായി കണ്ടിരുന്നു. അത് ഇപ്പോഴും തുടരുന്നുണ്ട്. അതാണ് ഇടത്തരക്കാര്‍ മുതലെടുക്കുന്നത്. ഇതെല്ലാം മുന്നില്‍ കണ്ട് കര്‍ണ്ണാടകയിലെ മൊത്തം മിസ്സിംഗ് കേസുകളും സമഗ്രമായി അന്വേഷിക്കണമെന്നാണ്, സാമൂഹിക പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്.
വാല്‍ക്കഷ്ണം: ധര്‍മ്മസ്ഥല കേസ് ഈ രീതിയിലെങ്കിലും എത്തിച്ചതിന് ആ നാട്ടുകാര്‍ നന്ദി പറയുന്നത് കേരള മീഡിയക്കും, ഇംഗ്ലീഷ് മീഡിയക്കും, വ്ളോഗര്‍മാക്കുമാണ്. കര്‍ണ്ണാടകയിലെ മാധ്യമങ്ങള്‍ മടിച്ചുമടിച്ചാണ്, സമാനതകള്‍ ഇല്ലാത്ത ഈ സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്.