കാട് കടക്കുമ്പോള്‍ കൊള്ളയും, കൊലയും ബലാത്സംഗവും ഉണ്ടാവാം; സ്ത്രീകളോട് കോണ്ടം കൈയില്‍ വെക്കാന്‍ ഏജന്റുമാര്‍ പറയുന്ന യാത്ര; വിഷപ്പാമ്പുകളും വന്യമൃഗ ആക്രമണവും പതിവ്; ലോകത്തിലെ ഏറ്റവും അപകടകരമായ കുടിയേറ്റ പാത; ഇന്ത്യക്കാര്‍ അമേരിക്കയിലെത്തുന്ന ഡോങ്കി റൂട്ടിന്റെ കഥ!
ഇന്ത്യക്കാര്‍ അമേരിക്കയിലെത്തുന്ന ഡോങ്കി റൂട്ടിന്റെ കഥ!
വിലങ്ങുവെക്കപ്പെട്ട്, അമേരിക്കയില്‍നിന്നും ഇന്ത്യയിലെത്തുന്ന യാത്രികര്‍! രാജ്യത്തിന്റെ മാത്രമല്ല, ലോകത്തിന്റെ തന്നെ ചരിത്രത്തിലെ അപുര്‍വ സംഭവമായിരുന്നു അത്. അമേരിക്കയിലുള്ള അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ ഇതുവരെ സാക്ഷ്യം വഹിച്ചിട്ടില്ലാത്ത തരത്തിലുള്ള നടപടിക്കാണ് ട്രംപ് ഭരണകൂടം തുടക്കം കുറിച്ചിരിക്കുന്നത്. യു.എസ് സൈന്യത്തിന്റെ സി-17 വിമാനത്തിലാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലേക്കുള്ള നാടുകടത്തിയിരിക്കുന്നത്. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി അവരെ സൈനിക വിമാനത്തില്‍ കയറ്റി, അവര്‍ എവിടെനിന്നാണോ വന്നത് അവിടെത്തന്നെ തിരിച്ചെത്തിക്കുമെന്ന് ട്രംപ് നേരത്തെതന്നെ പറഞ്ഞിരുന്നു. ഇന്ത്യയ്ക്ക് പുറമെ ഗ്വാട്ടിമാല, പെറു, ഹോണ്ടുറാസ് എന്നീ രാജ്യങ്ങളേക്കും അനധികൃത കുടിയേറ്റക്കാരുമായി അമേരിക്കന്‍ സൈന്യത്തിന്റെ ചരക്ക് വിമാനങ്ങള്‍ പറന്നുകഴിഞ്ഞു.
തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നിന് ടെക്സാസിലെ സാന്‍ അന്റോണിയോയില്‍നിന്ന് പഞ്ചാബിലെ അമൃത്സറിലേക്ക് പറന്ന യു.എസ് സൈനിക വിമാനത്തില്‍ 205 ഇന്ത്യക്കാരാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ ഒരു ചാര്‍ട്ടേഡ് വിമാനത്തിലും ഇന്ത്യക്കാരായ അനധികൃത കുടിയേറ്റക്കാരെ ഇത്തരത്തില്‍ തിരിച്ചയച്ചിരുന്നു. നാടുകടത്തില്‍ ആദ്യമായല്ല. പക്ഷേ അതിനായി സൈനിക വിമാനം ഉപയോഗിക്കുന്നതാണ് അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യത്തേത്. ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഉപയോഗിക്കുന്നതിനേക്കാള്‍ വളരെ ചെലവേറിയതാണ് ഇതെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടുചെയ്യുന്നു.
ഇന്ത്യക്കാരുമായുള്ള വിമാനം അമൃത്സറിലേക്ക് എത്തിയപ്പോള്‍ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. കാലും കയ്യും ചങ്ങല കൊണ്ട് ബന്ധിച്ചും, ബാത്ത്റൂം പോലും ഉപയോഗിക്കാന്‍ സമ്മതിക്കാതെയും, മനുഷ്യത്വരഹിതമായിട്ടായിരുന്നു പൗരന്മാരെ യുഎസ് കൊണ്ടുവന്നത്. ഇതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ ഉയരുകയും ചെയ്തു. പക്ഷേ അപ്പോഴും ഉയരുന്ന ചോദ്യമുണ്ട്. ഇത്രയേറെ സുരക്ഷാസംവിധാനങ്ങളുള്ള, ലോക പൊലീസായ അമേരിക്കയിലേക്ക് എങ്ങനെയാണ് എല്ലാവരുടെയും കണ്ണുവെട്ടിച്ച് ഇന്ത്യക്കാര്‍ക്ക് അടക്കം കടക്കാന്‍ കഴിയുന്നത്?
അതിനുള്ള ഉത്തരമാണ് ഡോങ്കി റൂട്ടുകള്‍. ലോകത്തിലെ ഏറ്റവും അപകടകരമായ കുടിയേറ്റ പാത. ഇത് താണ്ടിയാണ്, ഇത്തരക്കാര്‍ അമേരിക്കയില്‍ എത്തുന്നത്. ശരിക്കും ഞെട്ടിപ്പിക്കുന്ന കഥയാണ് അവരുടേത്.
എന്താണ് ഡോങ്കി റൂട്ട്?
മറ്റൊരു രാജ്യത്തേക്ക് അനധികൃതമായി കുടിയേറാനുള്ള വഴികളാണ് പൊതുവെ ഡോങ്കി റൂട്ട് എന്ന് അറിയപ്പെടുന്നത്. ഡങ്കി റൂട്ട് എന്നും പറയും. കഴുതയുടെ പ്രാദേശിക ഉച്ചാരണമായ 'ഡങ്കി' ഒരു പഞ്ചാബി ഭാഷയില്‍ നിന്നാണ് ഉത്ഭവിച്ചത്, അതിനര്‍ത്ഥം 'ഒരിടത്തു നിന്ന് മറ്റൊരിടത്തേക്കുള്ള യാത്ര' എന്നാണ് ഉദ്ദേശിക്കുന്നത്. ഏറ്റവും സാഹസികമായ ഇമിഗ്രേഷന്‍ റൂട്ട് എന്ന് വിളിക്കുന്ന ഡോങ്കി റൂട്ടിലൂടെ ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് യുഎസ്, യുകെ തുടങ്ങിയ രാജ്യങ്ങളിലേക്ക് ചേക്കേറിയത്. യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ പുറത്തുവിട്ട കണക്ക് പ്രകാരം 2022 ഒക്ടോബര്‍ മുതല്‍ 2023 സെപ്തംബര്‍ വരെ ഇന്ത്യയില്‍ നിന്ന് 42,000 കുടിയേറ്റക്കാര്‍ അനധികൃതമായി തെക്കന്‍ അതിര്‍ത്തിയിലൂടെ കടന്നിട്ടുണ്ട്.
അനധികൃതമായി രാജ്യത്ത് പ്രവേശിക്കാന്‍ ശ്രമിച്ച 97,000 പേരെയാണ് യുഎസ് അറസ്റ്റ് ചെയ്തത്. ഹരിയാനയില്‍ നിന്നുള്ളവര്‍ കൂടുതലായും അമേരിക്ക തിരഞ്ഞെടുക്കുമ്പോള്‍, പഞ്ചാബില്‍ നിന്നുള്ളവര്‍ കാനഡയാണ് ലക്ഷ്യം വയ്ക്കുന്നത്. വലിയ സാമ്പത്തിക ചെലവ് വേണ്ട ഒരു യാത്ര കൂടിയാണ് ഡോങ്കി റൂട്ടിലേത്. യുഎസിലേക്കുള്ള യാത്രയ്ക്ക് 15 മുതല്‍ 40 ലക്ഷം രൂപ വരെ ഒരാളില്‍ നിന്നും ചെലവാകും. 70 ലക്ഷം വരെ ചെലവാക്കി ഇതുവഴി അനധികൃതമായി യുഎസില്‍ എത്തിയവരുമുണ്ട്. പണത്തിന്റെ തോത് കൂടുന്നതോടെ യാത്രയുടെ ബുദ്ധിമുട്ടും കുറയും. ( ഇത്രയും പണം ചെലവാക്കാനുണ്ടെങ്കില്‍ ഇന്ത്യയില്‍ തന്നെ ജീവിച്ചാല്‍ പേരെ എന്നാണ് മറ്റൊരു ചോദ്യം. പലരും പ്രചരിപ്പിക്കുന്നതുപോലെ തീര്‍ത്തും പട്ടിണിപ്പാവങ്ങള്‍ ഒന്നുമല്ല, പഞ്ചാബില്‍നിന്നും ഹരിയാനയില്‍നിന്നും കുടിയേറുന്നവര്‍. പലരും കടംമേടിച്ചും, ലോണെടുത്തുമാണ് പോകുന്നതെന്നും വേറെ കാര്യം)
ലാറ്റിനമേരിക്ക വഴിയുള്ളതാണ്, അമേരിക്കയിലേക്കുള്ള പ്രധാന ഡോങ്കി റൂട്ട്. പക്ഷേ അതല്ലാതെയും വഴിയുണ്ട്. ചിലപ്പോള്‍ യാത്രികനെ ദുബായിലേക്ക് കൊണ്ടുപോകും. അവിടെ നിന്ന് അസര്‍ബൈജാന്‍, തുര്‍ക്കിയെ വഴി പനാമയിലെത്തുന്നു. ഇവിടെ നിന്ന് മെക്സിക്കോ വഴി അമേരിക്കയിലേക് കടക്കുന്നു.
അമേരിക്കയിലേക്ക് മാത്രമല്ല, യൂറോപ്പിലേക്കും ഡോങ്കി റൂട്ട് വഴിപോകാം. ഒരാള്‍ ഇന്ത്യയില്‍ നിന്ന് പടിഞ്ഞാറന്‍ യൂറോപ്പിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അവനെ ആദ്യം സെര്‍ബിയയിലേക്ക് അയയ്ക്കും. അത്ര കണിശതയില്ലാത്ത രാജ്യമാണ് ഇത്. സെര്‍ബിയയിലെ മനുഷ്യക്കടത്തുകാര്‍ ശരിയായ അവസരത്തിനായി കാത്തിരിക്കാന്‍ ആവശ്യപ്പെടും. ശരിയായ സമയം വരുമ്പോള്‍, അവര്‍ യാത്രികനെ മറ്റൊരു രാജ്യം വഴി യൂറോപ്പിന്റെ പടിഞ്ഞാറ് ഭാഗത്തേക്ക് കൊണ്ടുപോകും. ഈ പദ്ധതിയും പരാജയപ്പെടാം. അപ്പോള്‍ കാത്തിരിപ്പ് നീളും. അല്ലെങ്കില്‍ ഒരുരക്ഷയുമില്ലാതെ വരുമ്പോള്‍ മനുഷ്യക്കടത്തുകാരും പിന്‍വാങ്ങാം.
ഒന്നിനും ഒരു ഗ്യാരണ്ടിയുമില്ലാത്ത യാത്രയാണിത്. ഡോങ്കി റൂട്ടിലൂടെയുള്ള യാത്രകള്‍ ഒന്നോ രണ്ടോ ആഴ്ചയോ അതില്‍ കൂടുതലോ ആയാലും അവസാനിക്കുന്നില്ല. ചിലപ്പോള്‍ മാസങ്ങള്‍ എടുക്കും. അതെല്ലാം നേരിടാന്‍ കഴിയുന്നവര്‍ മാത്രമേ, ഈ പണിക്ക് ഇറങ്ങേണ്ടതുള്ളൂ.
കൊള്ളയടി, വിഷപ്പാമ്പുകള്‍, അപകടങ്ങള്‍...
ഒരുകാലത്ത് പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ മാത്രം കണ്ടുവന്നിരുന്ന ഡോങ്കി യാത്ര, ഇപ്പോള്‍ ഉത്തര്‍പ്രദേശ്, ഹിമാചല്‍ പ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലുമുണ്ട്. രണ്ടുവര്‍ഷം മുമ്പ് കൊല്ലപ്പെട്ട കര്‍ണിസേന തലവന്‍ സുഖ്‌ദേവ് സിംഗിന്റെ കൊലയാളി രോഹിത് ഗോദ്ര ഡോങ്കി റൂട്ട് വഴി യുഎസിലേക്ക് കടക്കാന്‍ പദ്ധതിയിട്ടിരുന്നു.
ലോകത്തിലെ ഏറ്റവും പ്രസിദ്ധമായ ഡോങ്കി റൂട്ട് ഇങ്ങനെയാണ്. ആദ്യമായി നിങ്ങളെ ഏജന്റ്് ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ ഇക്വഡോര്‍, ബൊളിവിയ, ഗുയാന, ബ്രസീല്‍, വെനസ്വേല എന്നിവയില്‍ ഏതെങ്കിലും ഒരിടത്തേക്ക്, വിമാനം കയറ്റും. യാത്രയ്ക്കായി ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ തിരഞ്ഞെടുക്കുന്നതും ബോധപൂര്‍വമാണ്. കാരണം, ഇന്ത്യക്കാര്‍ക്ക് ഈ രാജ്യങ്ങളിലേക്ക് എത്താനുള്ള നടപടിക്രമങ്ങള്‍ വളരെ എളുപ്പമാണ്. ഓണ്‍ അറൈവല്‍ വിസ മാത്രമല്ല, പ്രി വിസ അറൈവല്‍ വിസയും എളുപ്പത്തില്‍ ലഭിക്കും.
അവിടെന്ന് പനാമ കാടുകളില്‍ എത്തുക എന്നതാണ് അടുത്ത കടമ്പ. തീര്‍ത്തും വന്യമായ പ്രദേശം. കുടിവെള്ളംപോലും കൊണ്ടുപോവണം. വന്യ മൃഗങ്ങളുടെ ആക്രമണം പതിവാണ്. ക്ഷയരോഗിയുടെ കഫം തിന്നുന്നവര്‍ എന്ന് പറയുന്നതുപോലെ, ഇത്തരം കുടിയേറ്റക്കാരെയും, കൊള്ളയടിക്കാന്‍ എന്തിനും തയ്യാറാകുന്ന ക്രിമിനല്‍ സംഘം ഈ നാട്ടിലുമുണ്ട്. സ്ത്രീകള്‍ പീഡനം ഭയന്ന് ഗര്‍ഭനിരോധന ഉറകള്‍ പോലും കയ്യില്‍ കരുതും. ഒട്ടേറെ സ്ത്രീകള്‍ ഇവിടെ വച്ച് ക്രൂര ബലാത്സംഗത്തിന് ഇരയായിട്ടുണ്ട്. പലരും അക്കാര്യം പിന്നീട് തുറന്നുപറഞ്ഞിട്ടുണ്ട്. ഇത് പുസ്തകങ്ങളും ചലച്ചിത്രവുമായിട്ടുണ്ട്. കാട്ടിലുടെ പോവുന്ന സ്ത്രീകള്‍ളുടെ കൈയില്‍ അവരുടെ സുരക്ഷയെതന്നെ കരുതി ഏജന്റുമാര്‍ കോണ്ടം കൊടുക്കാറുമുണ്ട്. ( ദുല്‍ഖര്‍ നായകനായ സിഐഎ എന്ന ചിത്രത്തിലും സമാനമായ രംഗമുണ്ട്)
ഡോങ്കി റൂട്ടിലെ ഏറ്റവും ദുഷ്‌കരമായ കാര്യങ്ങളിലൊന്ന് ഡാരിയന്‍ ഗ്യാപ്പ് എന്നറിയപ്പെടുന്ന ഈ വനപ്രദേശം കടന്നുകിട്ടുക എന്നതാണ്. 97 കിലോമീറ്റര്‍ നീളമുള്ള, ഈ കൊടുംകാട്ടിലൂടെയുള്ള യാത്ര ദുരിതമയമാണ്. പനാമയെയും കൊളംബിയയെയും ബന്ധിപ്പിക്കുന്ന ഈ വനപാത ചതുപ്പുകളും, വന്യമൃഗങ്ങളുമടങ്ങുന്ന, പാതയാണ്. മോശം കാലാവസ്ഥയും, മോശം ഭൂപ്രകൃതിയും എല്ലാംകൊണ്ട് ആരും ഈ കൊടുംകാട്ടിലേക്ക് പ്രവേശിക്കുക പോലും ചെയ്യാറില്ല. എന്നാല്‍ യുഎസ് എന്ന സ്വപ്നവുമായി നടക്കുന്ന മനുഷ്യര്‍, വേറെ വഴിയില്ലാതെ ഈ പാത തിരഞ്ഞെടുക്കുകയാണ്. വിഷപ്പാമ്പുകള്‍, കുത്തിയൊഴുകുന്ന നദികള്‍, പുലിയും കരടിയും അടക്കമുള്ള വന്യമൃഗങ്ങള്‍ തുടങ്ങിയവയെല്ലാം ഈ വനപാതയിലുണ്ട്.
എപ്പോഴും മരണം കുടെയുണ്ട്!
എപ്പോഴും മരണം കൂടെയുള്ള പാത എന്നാണ് ഇത് അറിയപ്പെടുന്നത്. കഴിഞ്ഞ ദിവസം യുഎസില്‍ നിന്ന് ഇന്ത്യയിലേക്ക് എത്തിയ ഒരു യുവാവ് ഇത്തരത്തില്‍ മൃതദേഹങ്ങള്‍ കണ്ട അനുഭവവും മറ്റും പങ്കുവെച്ചിരുന്നു. രണ്ടുവര്‍ഷം മുമ്പ്, ഹരിയാനയില്‍ നിന്നും യാത്ര പുറപ്പെട്ട ജിതേന്ദ്രയും സംഘവും കവര്‍ച്ചയ്ക്ക് ഇരയായ സംഭവം വാര്‍ത്തയായിരുന്നു. ഇവരുടെ മൊബൈല്‍ ഫോണുകള്‍, പണം, വസ്ത്രങ്ങള്‍, ഷൂസ് എല്ലാം തന്നെ കൊള്ളസംഘം കവര്‍ന്നു. പിന്നീട് അങ്ങോട്ടുള്ള സംഘത്തിന്റെ യാത്ര വെറും കാല്‍പാദത്തിലായിരുന്നു. യാത്രയ്ക്കിടെ സംഘത്തില്‍ ആരെങ്കിലും മരണപ്പെട്ടാല്‍ മൃതദേഹം അവിടെ ഉപേക്ഷിക്കേണ്ടി വരും. തിരിച്ച് നാട്ടിലെത്തിക്കാനുള്ള ഒരു സംവിധാനവുമുണ്ടാകില്ല. ഇതൊക്കെ നേരത്തെ തന്നെ ഏജന്റ് പറയുന്ന കാര്യമാണ്.
ഒന്നര വര്‍ഷം മുമ്പത്തെപ്പോലെ, മെക്സിക്കോയിലേക്കുള്ള വഴിയില്‍ ഒരു ഇന്ത്യന്‍ ദമ്പതികള്‍ കുട്ടികളുമായി മരിച്ച നിലയില്‍ കണ്ടെത്തി. കാറില്‍ പൂട്ടിയിട്ടിരുന്ന ഇവര്‍ വഴിയില്‍ മഞ്ഞുവീഴ്ചയില്‍ കുടുങ്ങുകയായിരുന്നു. മെക്‌സിക്കോ വഴി അനധികൃതമായി യുഎസിലേക്ക് പോകാനായിരുന്നു ദമ്പതികള്‍ പദ്ധതിയിട്ടിരുന്നത്. ഇത്തരം കേസുകള്‍ തുടര്‍ച്ചയായി വന്നുകൊണ്ടിരിക്കയാണ.
ആയിരക്കണക്കിന് ആളുകള്‍ ഈ കാടുകളില്‍ മരണപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. ഒരിക്കല്‍ എച്ച് ബി ഒയുടെ ഒരു ഡോക്യൂമെന്റിക്കുവേണ്ടി, പനാമ കാടുകള്‍ പരിശോധിച്ചപ്പോള്‍, മനുഷ്യന്റെ നിരവധി അസ്ഥിക്കൂടങ്ങളാണ് കണ്ടത്. വെള്ളംപോലും കിട്ടാതെ ഒറ്റപ്പെട്ടുപോയതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തവരുമുണ്ട്. ഏറ്റവും വിചിത്രം പനാമയും മെക്സിക്കോയുമൊക്കെ ഇതും ഒരു അനൗദ്യോഗിക വരുമാന മാര്‍ഗമായി എടുത്തിരിക്കയാണെന്നാണ്. അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറാന്‍ ഏജന്റിന് കൊടുക്കുന്ന പണത്തിന്റെ നല്ലൊരു ഭാഗം പോവുന്നത് പോലീസിനാണ്. ഡ്രഗ് കാര്‍ട്ടലുകളും കുടിയേറ്റക്കാര്‍ക്ക് വേണ്ടി പണം പിരിക്കുന്നു.
അങ്ങനെ, ഏറെ ക്ലേശിച്ച് പനാമാ കാടുകള്‍ നടന്ന് താണ്ടിയാലാണ്, അമേരിക്കയുടെ തൊട്ടടുത്തുള്ള മെക്സിക്കോയില്‍ പ്രവേശിക്കുക. മിക്ക കുടിയേറ്റക്കാരും തിരഞ്ഞെടുക്കുന്ന രാജ്യമാണ് മെക്സിക്കോ. രണ്ടുരാജ്യങ്ങളും തമ്മില്‍ 3140 കിലോ മീറ്റര്‍ ദൂരത്തിലാണ് അതിര്‍ത്തി പങ്കിടുന്നത്. റിയോ ഗ്രാന്‍ഡ് നദിയാണ് ഇവരില്‍ കൂടുതല്‍ പേരും അതിര്‍ത്തി കടക്കാന്‍ ആശ്രയിക്കുന്നത്. ഇങ്ങനെ അതിര്‍ത്തിയിലേക്ക് എത്തുന്നവരില്‍ പലരും, യുഎസ് അതിര്‍ത്തി സുരക്ഷ സേനയുടെ കസ്റ്റഡിയില്‍ അകപ്പെടുന്നു എന്നത് മറ്റൊരു വസ്തുത. അതായത് ഇത്രലക്ഷങ്ങള്‍ ചെലവഴിച്ചിട്ടും ഒന്നിനും ഒരു ഉറപ്പുമില്ല എന്നാണ് വസ്തുത.
ഷാറൂഖിന്റെ ഡങ്കി, ദുല്‍ഖറിന്റെ സിഐഎ
ഡോങ്കി റൂട്ടിലെ ദുരിതങ്ങള്‍ കഥയാക്കി ലോകവ്യാപകമായിതന്നെ, ഒരുപാട് ചലച്ചിത്രങ്ങള്‍ ഉണ്ടായിട്ടുണ്ട്. ക്യൂബയില്‍നിന്നും, വെനിസ്വലയില്‍നിന്നുമൊക്കെ അമേരിക്കയിലേക്ക് കുടിയേറാനായി മെകിസ്‌ക്കന്‍ അതിര്‍ത്തി കടക്കാനെത്തി വെടിയേറ്റ് മരിച്ചവരുടെയൊക്കെ കഥകള്‍ പലതവണ സിനിമയായി.
ഷാരൂഖ് ഖാന്‍ ചിത്രമായ ഡങ്കി ഈ അനധികൃത കുടിയേറ്റം പ്രമേയമാക്കിയുണ്ടായതതാണ്. മറ്റൊരു പ്രയോഗത്തില്‍ നിന്നാണ് താന്‍ സിനിമയുടെ പേര് രൂപപ്പെടുത്തിയിരിക്കുന്നത്. സംവിധായകന്‍ രാജ്കുമാര്‍ ഹിറാനി പറഞ്ഞിരുന്നു. ഡോങ്കി ഫ്ള്ളൈറ്റ് എന്ന് കുപ്രസിദ്ധിയാര്‍ജിച്ച ഒരു അനധികൃത കുടിയേറ്റ രീതിയുണ്ട്. വിസ നിയമങ്ങള്‍ ശക്തമായ യുഎസ്, കാനഡ, യുകെ തുടങ്ങിയ രാജ്യങ്ങളിലേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്ന, എന്നാല്‍ നിയമം അനുശാസിക്കുന്ന തരത്തില്‍ അതിന് സാധിക്കാത്തവരില്‍ ഒരു വിഭാഗം പരീക്ഷിക്കുന്ന, വലിയ റിസ്‌ക് ഉള്ള മാര്‍ഗമാണ് ഡോങ്കി ഫ്ളൈറ്റ്. ഈ പ്രയോഗത്തില്‍ നിന്നാണ് ഡങ്കി എന്ന പേരിലേക്ക് രാജ്കുമാര്‍ ഹിറാനി എത്തിയത്. ഇന്ത്യയിലെ കാര്യമെടുത്താല്‍ പഞ്ചാബ് ആണ് ഡോങ്കി ഫ്ളൈറ്റ് ഏര്‍പ്പെടുത്തുന്ന ഏജന്റുമാരുടെ പ്രധാന കേന്ദ്രം. ഡോങ്കി എന്ന വാക്ക് പഞ്ചാബികള്‍ പൊതുവെ ഉച്ചരിക്കുന്നത് ഡങ്കി എന്നാണെന്നും ഇറാനി പറഞ്ഞിരുന്നു.
മലയാളത്തിലും ഈ പ്രമയം ഉണ്ടായിട്ടുണ്ട്. അതാണ് അമല്‍നീരദ് സംവിധാനം ചെയ്ത് 2017-ല്‍ ഇറങ്ങിയ, സിഐഎ. കോമ്രേഡ് ഇന്‍ അമേരിക്ക എന്നാണ് ചിത്രത്തിന്റെ മുഴുവന്‍ പേര്. കാമുകിയായ സാറയെ (കാര്‍ത്തിക മുരളീധരന്‍) സ്വന്തമാക്കാനായി ലാറ്റിന്‍ അമേരിക്കയിലെ മെക്സിക്കന്‍ അതിര്‍ത്തി വഴി അമേരിക്കയിലേക്ക് അനധികൃതമായി യാത്ര ചെയ്യുന്ന കേരളത്തിലെ കമ്മ്യൂണിസ്റ്റായ അജിയുടെ (ദുല്‍ഖര്‍ സല്‍മാന്‍ ) യാത്രയാണ് സിനിമയുടെ ഇതിവൃത്തം.
കോളേജ് പഠനത്തിനായി യുഎസില്‍നിന്ന് കേരളത്തിലെത്തിയ സാറയുമായി അജി പ്രണയത്തിലാകുന്നു. സാറ അജിയോട് അമേരിക്കയിലേക്ക് വരുവാന്‍ ആവശ്യപ്പെടുന്നു. കമ്യൂണിസ്റ്റായ അജിയ്ക്ക് ഒരു സമ്പൂര്‍ണ്ണ മുതലാളിത്ത രാജ്യത്ത് ജീവിക്കാന്‍ കഴിയില്ലാത്തതിനാല്‍ അയാള്‍ ആ അഭ്യര്‍ത്ഥന നിരസിക്കുന്നു. പ്രേമം അറിഞ്ഞ സാറയുടെ മാതാപിതാക്കള്‍ അവളെ അമേരിക്കയിലേക്ക് തിരികെ കൊണ്ടുപോവുന്നു. അവളെ വിവാഹം കഴിപ്പിക്കാന്‍ ശ്രമിക്കയാണെന്ന് അജി അറിയുന്നു. തുടര്‍ന്നാണ് അയാള്‍ അമേരിക്കയിലേക്ക് പോകാന്‍ തീരുമാനിക്കുന്നത്. എന്നാല്‍ വിസ കിട്ടുന്നില്ല. അതോടെ മെക്സിക്കോ വഴി അമേരിക്കയിലേക്ക് നിയമവിരുദ്ധമായി പ്രവേശിക്കാനുള്ള കടുത്ത തീരുമാനമാണ് അയാള്‍ എടുക്കുന്നത്.
ഇപ്പോള്‍ ചര്‍ച്ചചെയ്യുന്ന ഡോങ്കി റൂട്ടിലൂടെ തന്നെയാണ് അജിയുടെ യാത്ര. ആദ്യം നിക്കരാഗ്വയിലേക്ക് പോകുന്നു. അവിടെ വിസ ആവശ്യമില്ല. അവിടെ വച്ച് അദ്ദേഹം ശ്രീലങ്കന്‍ തമിഴ് ടാക്സി ഡ്രൈവറായ അരുളിനെ കണ്ടുമുട്ടി. അവര്‍ ഒരുമിച്ച് അമേരിക്കയിലേക്ക് പോകാന്‍ തീരുമാനിച്ചു. തുടര്‍ന്ന് രണ്ടുപേരും മെക്സിക്കോയിലെ റെയ്നോസയിലേക്ക് യാത്രചെയ്യുന്നു, അവിടെ അവരെ സുരക്ഷിതമായി അതിര്‍ത്തികളിലൂടെ നയിക്കാന്‍ ഒരു ഏജന്റിനെ കണ്ടെത്തുന്നു. മെക്്സിക്കന്‍ കാട്ടിലുടെയുള്ള അജിയുടെയും സംഘത്തിന്റെയും കഠിനമായ യാത്ര, മലയാളികള്‍ക്ക് മറക്കാനാവാത്ത സിനിമാ അനുഭവമാണ് സമ്മാനിച്ചത്.
അതായത് ഇന്ന് സിനിമകളിലുടെയും, സാഹിത്യത്തിലുടെയും, അനുഭവക്കുറിപ്പുകളിലുടെയുമൊക്കെ ആളുകള്‍ക്ക് അറിയാം ഡോങ്കി റൂട്ട് എത്ര ദുരിതം പിടിച്ചതാണെന്ന്. അമേരിക്ക എടുക്കുന്ന കര്‍ശന നിലപാടുകളെക്കുറിച്ചും ആളുകള്‍ക്ക് നന്നായി ബോധ്യമുണ്ട്. എന്നിട്ടും ഒരു മെച്ചപ്പെട്ട ജീവിതം തേടി ജനം അമേരിക്കയിലേക്ക് ഒഴുകുകയാണ്. അതുതന്നെയാണ് ആ രാജ്യത്തിന്റെ മഹത്വത്തിന്റെ തെളിവാണ്!
നേരായ മാര്‍ഗത്തിലൂടെ പോവുക
ഇനി അമേരിക്കയിലേക്ക് പോവുകയാണെങ്കില്‍, അത് നേരായവഴിയിലൂടെ മാത്രം വേണമെന്നാണ് ഇപ്പോള്‍ കുടുങ്ങിയവര്‍ പറയുന്നത്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് അവര്‍ക്കുണ്ടായത്. ഡോണള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് പദവയില്‍ എത്തിയതിന് പിന്നാലെ അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്. ഗ്വാട്ടിമാല, പെറു, ഹോണ്ടുറാസ് എന്നിവിടങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരെയും സൈനിക വിമാനത്തില്‍ മടക്കി അയച്ചു കഴിഞ്ഞു. ടെക്സസിലെ എല്‍ പാസോ, കാലിഫോര്‍ണിയയിലെ സാന്‍ ഡീഗോ എന്നിവിടങ്ങളിലുള്ള 5,000ലധികം കുടിയേറ്റക്കാരെ വിമാനമാര്‍ഗം സ്വദേശത്തേക്ക് എത്തിക്കും.
ഏകദേശം 7,25,000 ഇന്ത്യക്കാര്‍ അമേരിക്കയില്‍ അനധികൃതമായി കഴിയുന്നതായി റിപ്പോര്‍ട്ട്. പേവ് റിസര്‍ച്ച് സെന്ററിന്റെ കണക്കുകള്‍ പ്രകാരം അനധികൃത കുടിയേറ്റക്കാരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. മെക്സിക്കോയും എല്‍സാല്‍വദോറും ആണ് അനധികൃത കുടിയേറ്റക്കാരുടെ എണ്ണത്തില്‍ ഒന്നും രണ്ടും സ്ഥാനത്ത്. നാടുകടത്താനായി കണ്ടെത്തിയ 15 ലക്ഷം അധികൃത കുടിയേറ്റക്കാരില്‍ 18,000 പേര്‍ മതിയായ രേഖകള്‍ ഇല്ലാത്ത ഇന്ത്യന്‍ പൗരന്മാരാണെന്നാണ് യു.എസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റിന്റെ (ഐ.സി.ഇ) പ്രാഥമിക കണ്ടെത്തല്‍.
ഡോങ്കി റൂട്ടിലുടെ അല്ലാതെ, നേരായ വഴിയില്‍വന്നവരും അമേരക്കയില്‍ അനധികൃത താമസക്കാരായുണ്ട്. അനധികൃത പ്രവേശനത്തിനുള്ള ഒരു മാര്‍ഗം വിസ ഓവര്‍ സ്റ്റേ ആണ്. അതായത് ശരിയായ വിസയുമായി വന്ന്, കാലാവധി കഴിഞ്ഞാലും രാജ്യത്ത് തുടരുക എന്ന പരിപാടി. അത്തരം ആളുകള്‍ കൂടുതലും വിനോദസഞ്ചാരികളാണ്. അല്ലെങ്കില്‍ എന്തെങ്കിലും ബിസിനസ്സ് കാര്യം കാണിച്ച് രാജ്യത്ത് പ്രവേശിക്കുന്നു. ഈ അനധികൃത അഭയാര്‍ത്ഥികളെയും പിടികൂടിയിട്ടുണ്ട്.
ഇതിന് കടുത്ത ശിക്ഷയുമുണ്ട്. ഉദാഹരണത്തിന്, ഒരാള്‍ അമേരിക്കയില്‍ പോയി ഒരു വര്‍ഷമോ അതില്‍ കുറവോ അവിടെ താമസിച്ചാല്‍, അടുത്ത മൂന്ന് വര്‍ഷത്തേക്ക് അയാള്‍ക്ക് അമേരിക്കയിലേക്ക് പോകാന്‍ കഴിയില്ല. ഇത്തരക്കാരുടെ വിസ നിരസിക്കപ്പെടും. ഒരാള്‍ ഒരു വര്‍ഷത്തില്‍ കൂടുതല്‍ ഒളിവില്‍ കഴിഞ്ഞാല്‍ 10 വര്‍ഷത്തേക്ക് അമേരിക്കയില്‍ പ്രവേശിക്കാന്‍ അനുവാദമില്ല. നിയമങ്ങള്‍ എല്ലാം നേരത്തെയുണ്ടെങ്കിലും അത് ഇത്രയും കര്‍ശനമാവുന്ന് ട്രംപ് വന്നതിനുശേഷമാണ്. അതില്‍ കുറ്റം പറയാനും കഴിയില്ല. ഒരു രാജ്യവും അനധികൃത കുടിയേറ്റക്കാരെ അനുവദിക്കില്ല.
അമേരിക്ക ഇന്ത്യയില്‍ എത്തിച്ച ആരെങ്കിലും അവിടുത്തെ നിയമപ്രകാരം ഉള്ള കുടിയേറ്റക്കാര്‍ അല്ല എന്നോര്‍ക്കണം. അവര്‍ മനുഷ്യക്കടത്തുകാര്‍ വഴിയും നിയമ വിരുദ്ധ മാര്‍ഗങ്ങള്‍ വഴിയും അവിടെ എത്തിയവരാണ്. അവിടെ നിയമ പ്രകാരം കഴിയുന്ന ഏതെങ്കിലും ഇന്ത്യക്കാര്‍ക്ക് പ്രശ്നമില്ല. അവിടെ കഴിയുന്ന 55 ലക്ഷം ഇന്ത്യക്കാരില്‍ നിലവില്‍ രേഖകള്‍ ഒന്നും ഇല്ലാത്ത 18,000 ആളുകള്‍ മാത്രം ആണ് ബ്ലാക്ക് ലിറ്റില്‍ല്‍ ഉള്ളത്. വിലങ്ങ് അണിയിക്കുന്ന അമേരിക്കയില്‍ കുറ്റകരമല്ല. ഇത്രയും കഠിനമായ സാഹചര്യങ്ങളിലൂടെ വന്നവര്‍, ഓടിപ്പോവില്ലെന്നോ, സ്വയം ജീവനൊടുക്കില്ല എന്നതിനും എന്താണ് ഉറപ്പ് എന്ന ചോദ്യം ബാക്കിയാവുന്നു.
വാല്‍ക്കഷ്ണം: അമേരിക്ക ക്രൂരതചെയ്തേ, എന്ന് ഫേസ്ബുക്കില്‍ നിലവിളിക്കുന്ന ലെഫ്റ്റ് പ്രൊഫൈുകളാണ് ഇപ്പോള്‍ എവിടെയും. അവരോട് ഒരു ചോദ്യം. എന്തിനാണ് ഇത്രയും ഭീകരമായ അമേരിക്കയിലേക്ക് എല്ലാവരും ഓടുന്നത്. ക്യൂബയിലേക്കോ, ചൈനയിലേക്കോ, വടക്കന്‍ കൊറിയയിലേക്കോ പോയാല്‍പോരെ. ഇനി അതല്ലെങ്കില്‍ സിറിയ, അഫ്ഗാനിസഥാന്‍, ഇറാന്‍, തുര്‍ക്കി തുടങ്ങിയ എത്രയെത്ര വിസ്മയമായ രാജ്യങ്ങള്‍ നീ നാട്ടിലുണ്ട്?