വിപ്ലവം മയക്കുമരുന്നിലുടെയും കള്ളക്കടത്തിലൂടെയും! നെല്ലിന് പകരം നടുന്നത് കഞ്ചാവ് ചെടി; സര്‍ക്കാര്‍ നേരിട്ട് വ്യാജ ഡോളറടിക്കുന്നു; ഐസിസിന് വരെ ആയുധ വില്‍പ്പന; സ്വന്തം ജനതയെ കൂലിപ്പട്ടാളമാക്കിയും വിദേശനാണ്യം; അമേരിക്കയടക്കം ഉപരോധിച്ചിട്ടും ഉത്തര കൊറിയ അതിജീവിക്കുന്നതെങ്ങനെ?

അമേരിക്കയടക്കം ഉപരോധിച്ചിട്ടും ഉത്തര കൊറിയ അതിജീവിക്കുന്നതെങ്ങനെ?

Update: 2024-12-30 11:41 GMT

'വിപ്ലവം തോക്കിന്‍ കുഴലിലൂടെ' എന്നായിരുന്നു പഴയ മാവോയിസ്റ്റ് മുദ്രാവാക്യം. ഗ്രാമങ്ങള്‍ നഗരങ്ങളെ വളഞ്ഞ്, തൊഴിലാളി വര്‍ഗ ഭരണകൂടം വന്ന്, വാക്കുകള്‍ സംഗീതമാവുന്ന ഒരുകാലം വരുമെന്ന് ഏറെ സ്വപ്നം കണ്ട കാല്‍പ്പനികരായിരുന്നു, കേരളീയ ഇടതുപക്ഷവും. എന്നാല്‍ ലോകത്ത് ഇന്ന് നിലനില്‍ക്കുന്ന ഏതാനും കമ്യൂണിസ്റ്റ് ഭരണകൂടങ്ങളില്‍ ഒന്നായ വടക്കന്‍ കൊറിയ, വിപ്ലവം തോക്കിന്‍ കുഴലിലൂടെ എന്ന മുദ്രാവാക്യത്തെ, വിപ്ലവം കഞ്ചാവിലുടെയും കള്ളക്കടത്തിലൂടെയും എന്ന് തിരുത്തുകയാണ്. കാരണം ഇപ്പോള്‍ അങ്ങനെയാണ് അവര്‍ അതിജീവിക്കുന്നത്!

കിം ജോങ്് ഉന്‍ എന്ന ഭ്രാന്തന്‍ ഭരണാധികാരിയുടെ ഏകാധിപത്യത്തില്‍ കഴിയുന്ന വടക്കന്‍ കൊറിയയയെ, അമേരിക്കയടക്കമുള്ള പ്രമുഖ രാജ്യങ്ങളെല്ലാം വിലക്കിയിരിക്കയാണ്. എന്നിട്ടും എങ്ങനെയാണ് ആണവ ശക്തിയാവാന്‍ കഴിഞ്ഞതും, ലോകത്തിന്റെ മുഴുവന്‍ ഉറക്കം കെടുത്തുന്ന ആയുധ ശക്തിയാവാനും ആ രാജ്യത്തിന് കഴിയുന്നത് എന്നത്, ഇന്നും അത്ഭുതമാണ്്. ജനം പട്ടണി കിടക്കുമ്പോഴും ബില്യണ്‍ കണക്കിന് ഡോളറിന്റെ ആസ്തിയുണ്ട് കിം കുടുംബത്തിന്. അത്യാഡംബരത്തോടെയാണ്, ഉത്തര കൊറിയയുടെ ഈ സര്‍വാധിപതി കഴിയുന്നത്. എല്ലാവാതിലുകളും അടച്ചുപൂട്ടി ജയില്‍ പോലെയാണ് ഈ ജനത. മറ്റ് രാജ്യങ്ങളിലേക്ക് പോവാനോ, ഇഷ്ടമുള്ള സിനിമ കാണാനോ, ഇന്റര്‍നെറ്റ് ഉപയോഗിക്കാനോ പോയിട്ട് ഇഷ്ടമുള്ള രീതിയില്‍ മുടിവെട്ടാന്‍പോലും വടക്കന്‍ കൊറിയക്കാര്‍ക്ക് സ്വാതന്ത്ര്യമില്ല.

രണ്ടാം ലോക മഹായുദ്ധം അവസാനിച്ചതിനുശേഷം കൊറിയ രണ്ടായി വിഭജിക്കപ്പെട്ടത് ചരിത്രം. രണ്ട് സ്വാധീന മേഖലകളായി രാജ്യം വിഭജിക്കപ്പെട്ടപ്പോള്‍, റഷ്യ വടക്ക് കമ്മ്യൂണിസ്റ്റ് ഭരണകൂടം സ്ഥാപിച്ചു. തെക്ക് അമേരിക്കന്‍ ചായ്വുള്ള ദക്ഷിണ കൊറിയയും. തെക്കന്‍ കൊറിയ ക്യാപിറ്റലിസത്തിലൂടെ വളര്‍ന്ന്, ആധുനിക കമ്പനികളുടെയും, സംഗീതത്തിന്റെയും, സിനിമയുടെയുമൊക്കെ കേന്ദ്രമായപ്പോള്‍, ഉത്തര കൊറിയ ബോംബുകളും മിസൈലുകളും മാത്രമുള്ള ഒരു തെമ്മാടി രാഷ്ട്രമായി വളര്‍ന്നു. തികഞ്ഞ കമ്യൂണിസ്റ്റ് ഏകാധിപത്യമാണ് ഈ രാജ്യത്തുള്ളത്. 1948 -ല്‍ കിം ഇല്‍-സുങ് അധികാരത്തില്‍ വന്നപ്പോള്‍ മുതല്‍ രാജ്യം ഒരേ കുടുംബത്തിന് കീഴിലാണ്. 1994 -ല്‍ അദ്ദേഹത്തിന്റെ മകന്‍ കിം ജോങ് ഇല്‍ അധികാരമേറ്റു. തുടര്‍ന്ന് 2011 -ല്‍ സ്വന്തം മകന്‍ കിം ജോങ് ഉന്‍ അധികാരമേറ്റു. അമേരിക്കയുടെ അടക്കം ഉപരോധങ്ങള്‍ ഉണ്ടായിട്ടും എങ്ങനെയാണ് ശതകോടികള്‍ ആയുധത്തിനുമാത്രം ചെലവിടാന്‍ ഉത്തരകൊറിയക്ക് പറ്റുന്നത്. ചാനല്‍ഫോറും, ന്യൂയോര്‍ക്ക് ടൈംസും അടക്കമുള്ള മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവിടുന്നത്.




കളളക്കടത്തിന് ഒരു മന്ത്രാലയം!

ഡി കമ്പനി തൊട്ട് മെക്സിക്കന്‍ ഗ്യാങ്ങ്വരെയുള്ള ലോകത്തിലുള്ള കള്ളക്കടത്ത് സംഘങ്ങളെല്ലാം വ്യക്തികളുടെ നിയന്ത്രണത്തിലാണ്. പക്ഷേ ഒരു രാഷ്ട്രം തന്നെ നേരിട്ട് കള്ളക്കടത്ത് നടത്തുകയും, അതിനായി ഒരു മന്ത്രാലയം തന്നെ ഉണ്ടാക്കിയാലോ? ദക്ഷിണ കൊറിയന്‍ മാധ്യമങ്ങളും, ചാനല്‍ ഫോറും, ന്യൂയോര്‍ക്ക് ടൈംസ് അടക്കമുള്ള രാജ്യാന്തര മാധ്യമങ്ങളും, ഇക്കാര്യം സ്ഥിരീകരിക്കുന്നു. അവര്‍ ഉദ്ധരിക്കുന്നതാവട്ടെ, വടക്കന്‍ കൊറിയയില്‍നിന്ന് രക്ഷപ്പെട്ടുവന്ന, ഇത്തരം പ്രവര്‍ത്തകളില്‍ ഏര്‍പ്പെട്ടവര്‍ നല്‍കിയ വിവരങ്ങളാണ്. സിഎഎ അടക്കമുള്ള അമേരിക്കന്‍ ഏജന്‍സികളുടെ അന്വേഷണത്തിലും വ്യക്തമായ കാര്യമാണിത്.

റൂം 39, അല്ലെങ്കില്‍ ഓഫീസ് 39 എന്നാണ് തങ്ങളുടെ കള്ളക്കടത്തിനായി രൂപീകരിച്ച മന്ത്രാലയത്തിന് വടക്കന്‍ കൊറിയ നല്‍കിയ പേര്. ഏത് നിലക്കും രാജ്യത്തേക്ക് വിദേശനാണ്യം എത്തിക്കുകയാണ് ഇവരുടെ ജോലി. വിദേശനാണ്യകരുതല്‍ ശേഖരം കുത്തനെ ഇടിഞ്ഞാല്‍, പെട്രോള്‍ അടക്കം ഒന്നും ഇറക്കുമതിചെയ്യാനാവാതെ, പാക്കിസ്ഥാനിലും ശ്രീലങ്കയിലും ഉണ്ടായതിന് സമാനമായ അവസ്ഥയാണ് ഉണ്ടാവുക. ഇന്ത്യയില്‍ 90-കളില്‍ ഈ അവസ്ഥയുണ്ടായപ്പോഴാണ് ചന്ദ്രശേഖര്‍ സര്‍ക്കാര്‍, സ്വര്‍ണ്ണം വിദേശബാങ്കുകളില്‍ പണയം വെക്കേണ്ട ഗതികെട്ട അവസ്ഥയുണ്ടായത്. ഇതേ തുടര്‍ന്നാണ്, 91-ല്‍ അധികാരത്തിലേറിയ നരസിംഹറാവു സര്‍ക്കാര്‍ സാമ്പത്തിക ഉദാരീകരണം നടപ്പാക്കിയത്. എന്നാല്‍ സ്വന്തം രാജ്യത്തേക്ക് ടൂറിസ്റ്റുകളെപ്പോലും അനുവദിക്കാത്ത, ചൈനയല്ലാതെ മറ്റൊരു രാജ്യവുമായി നല്ല ബന്ധംപോലുമില്ലാത്ത, ഉത്തര കൊറിയ എന്ന തുറന്ന ജയിലില്‍ ആഗോളീകരണത്തിനും ഉദാരീകരണത്തിനുമൊന്നും ഒരു സാധ്യതയുമില്ല. അതിന് പകരം അവര്‍ കണ്ടെത്തിയ വഴിയാണ് മയക്കുമരുന്ന് -ആയുധ കള്ളക്കടത്തും, ഡോളറിന്റെയടക്കം ഡ്യൂപ്പിക്കേറ്റ് നിര്‍മ്മാണവും!

അത് കൃത്യമായ എക്സിക്യൂട്ടീവ് ചെയ്യുന്നത്, ഓഫീസ് 39 നിലൂടെയാണ്. വടക്കന്‍ കൊറിയയിലെ ഏറ്റവും മിടുക്കരായ ഉദ്യോഗസ്ഥരാണ് ഇവിടെയുള്ളത്. 10 ബില്യണ്‍ ഡോളറാണ് ഇവരുടെ ഒരു വര്‍ഷം രാജ്യത്തേക്ക് കൊണ്ടുവരുന്ന വിദേശ പണം എന്നാണ് ചാനല്‍ ഫോര്‍ ഡോക്യുമെന്റി പറയുന്നത്. രാജ്യത്തിന്റെ മൊത്തം വരുമാനത്തിന്റെ പകുതി ഇങ്ങനെ കള്ളപ്പണത്തിലൂടെയാണ് ഉപയോഗിക്കുന്നത്.



നെല്ലിന് പകരം കറുപ്പ്!

ഒരു രാജ്യം നേരിട്ട് എല്ലവിധ ഔദ്യോഗിക സംവിധാനങ്ങളും ഉപയോഗിച്ച് കള്ളനോട്ടടി തുടങ്ങിയാല്‍ എന്തു ചെയ്യാന്‍ കഴിയും. ഉത്തര കൊറിയയുടെ ഏറ്റവും വലിയ വരുമാന മാര്‍ഗം ഈ കള്ളനോട്ടടിയാണ്. ആര്‍ക്കും വേണ്ടാത്ത സ്വന്തം കറന്‍സിയല്ല. പുത്തന്‍ അമേരിക്കന്‍ ഡോളറാണ്, ഈര്‍ച്ചവാള്‍ചേര്‍ച്ചയോടെ അവര്‍ അടിച്ചുകൂട്ടുന്നത്. 2010-വരെ അമേരിക്കയില്‍ അടിച്ചുകൂട്ടിയ അത്ര ഡോളര്‍, ഉത്തര കൊറിയയിലും അടിക്കുമായിരുന്നത്രേ. പിന്നീട് അമേരിക്ക ഡോളര്‍ അച്ചടി വേറെ ലെവലിലേക്ക് മാറ്റിയതോടെയാണ് ഈ പണി ഏതാണ്ട് നിന്നത്. അതുവരെയും അമേരിക്കന്‍ ഡോളറിന്റെ അതേ കടലാസും, അതേ വാട്ടര്‍ മാര്‍ക്കും, അതേ മഷിയും വെച്ച്, ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്പിക്കേറ്റ് ആയിരുന്നു കൊറിയ അടിച്ചുകൊണ്ടിരുന്നത്. കള്ളക്കടത്ത് സംഘങ്ങളെപ്പോലെയല്ലല്ലോ ഒരു രാഷ്ട്രം. അവര്‍ വിചാരിച്ചാല്‍ ഏത് പ്രസും വാങ്ങിയെടുക്കാന്‍ കഴിയും. കൊറിയന്‍ പ്രസിഡന്റ് നേരിട്ട് നിയന്ത്രിക്കുന്ന ഓഫീസ് 39 ആണ്, ഇതിനും നേതൃത്വം കൊടുത്തിരുന്നത്.

അല്ലെങ്കിലും ഡ്യൂപ്ലിക്കേറ്റിന്റെയും ആഗോള തലസ്ഥാനമാണ് ഈ കമ്യൂണിസ്റ്റ് രാജ്യം. നമ്മുടെ കുന്നംകുളം ഡ്യൂപ്പിക്കേറ്റ് ഒന്നും ഒന്നുമല്ല. ലോകത്തിലെ ഏറ്റവും പ്രമുഖ ബ്രാന്‍ഡുകളുടെയൊക്കെ ഡ്യൂപ്പിക്കേറ്റ് ഈ ഓഫീസ് 39 ഉണ്ടാക്കിയെടുക്കും. ഡ്യൂപ്പിക്കേറ്റ് സിഗരറ്റായിരുന്നു ഇതില്‍ ഏറ്റവും പ്രധാനം. 90-കളില്‍ ലോക വിപണയില്‍ കിട്ടിയിരുന്ന, 25 ശതമാനം സിഗരറ്റുകളും കൊറിയയില്‍നിന്നുവന്ന വ്യാജനായിരുന്നു. നൂറുമില്യന്‍ ഡോളര്‍വരെ ഈ ബിസിനസില്‍നിന്ന് കൊറിയ വിദേശനാണ്യമുണ്ടാക്കിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇന്നും പഴയ പ്രതാപമില്ലെങ്കിലും ഡ്യൂപ്പിക്കേറ്റ് ബിസിനസ് നടക്കുന്നുണ്ട്. വയാഗ്രക്കും വിവിധ പരമ്പാരഗത കൊറിയന്‍ മരുന്നുകള്‍ക്കും, രക്തചന്ദനം ചേര്‍ക്കുന്ന സൗന്ദര്യവസ്തുക്കള്‍ക്കുമെല്ലാം, പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് ബദലായി അവര്‍ ഡ്യൂപ്പിക്കേറ്റ് ഇറക്കുന്നുണ്ട്.

പക്ഷേ 90-കളേക്കാള്‍ പ്രതാപത്തോടെ, ഇന്നും തുടരുന്ന ശതകോടികള്‍ വരുമാനമുള്ള പരിപാടിയാണ് ഡ്രഗ്സ് നിര്‍മ്മാണവും വിതരണവും. ഇതിനും ദീര്‍ഘകാലത്തെ പഴക്കമുണ്ട്്. കൊറിയയുടെ ദ ഗ്രേറ്റ് ലീഡര്‍ എന്ന് അറിയപ്പെടുന്ന കിം ഇല്‍ സങ്ങിന്റെ കാലത്തുതന്നെ ഈ പരിപാടിയുണ്ട്. ജനങ്ങള്‍ പട്ടിണികൊണ്ട് പൊറുതിമുട്ടി, പല്ലിയെയും പാറ്റയെയും തിന്നുന്ന കാലത്ത്, കിം ഇല്‍ സങ്ങ് ഉത്തരവിട്ടത്, ധാന്യത്തിന് പകരം ഓപ്പിയം കൃഷിചെയ്യാനാണെന്നാണ് ഉത്തര കൊറിയയിനിന്ന് രക്ഷപ്പെട്ടവര്‍ പറയുന്നത്! നെല്ലില്‍നിന്ന് കിട്ടുന്നതിന്റെ പത്തിരിട്ടി ലാഭം കറുപ്പില്‍നിന്ന കിട്ടുമെന്നാണ് ആ പാവങ്ങളെ പഠിപ്പിച്ചത്. പക്ഷേ ജനങ്ങള്‍ക്ക് ഇതിലും നക്കാപ്പിച്ചയാണ് കിട്ടിയത്. കറുപ്പിന്റെ ലാഭം സ്റ്റേറ്റ് എടുത്തു. ഉത്തര കൊറിയയില്‍ സ്‌റ്റേറ്റ്‌ എന്നാല്‍ കിം കുടുംബം തന്നെയാണ്.



കിം ജോങ് ഉന്നിന്റെ കാലമെത്തിയതോടെ, ഓപ്പിയം ഉല്‍പ്പനങ്ങളില്‍നിന്ന് മാറി അതി ഗുരുതരമായ രാസലഹരി ഉല്‍പ്പാദനത്തിലേക്ക് രാജ്യം അപ്ഡേറ്റ് ചെയ്യപ്പെട്ടു. അത് ഇന്ന് ലോകം മുഴുവന്‍ എത്തുന്ന വിപത്തായി മാറുന്നു. കടുത്ത ഇസ്ലാമിക നിയമങ്ങളുടെ വക്താക്കളായ താലിബാന്റെയും പ്രധാന വരുമാനം മയക്കുമരുന്ന് കള്ളക്കടത്താണ്. അഫ്ഗാനില്‍ ഗ്രാമീണര്‍ക്ക് നട്ടുനനച്ചുവളര്‍ത്താല്‍ ആയിരക്കണക്കിന് പോപ്പിച്ചെടികളാണ് താലിബാന്‍ വിതരണം ചെയ്തിരിക്കുന്നത്. ഉള്‍ഗ്രാമങ്ങളില്‍ പലയിടത്തും, കണ്ണെത്താദൂരത്ത് പോപ്പിപ്പാടങ്ങളാണ്. ഇവിടെനിന്ന് എടുക്കുന്ന കറുപ്പ്, സംസ്‌ക്കരിച്ച് ഹെറോയിന്‍ ആക്കി മാറ്റുന്ന കുടില്‍ വ്യവസായവും അഫ്ഗാനിലുണ്ട്. നാര്‍ക്കോട്ടിക്സ് എന്ന ഈ ഡേര്‍ട്ടി ബിസിനസ് ചെയ്യുമ്പോഴും, താലിബാന്‍ ഒരു അര്‍ത്ഥത്തില്‍ സത്യസന്ധരാണ്. കയറ്റുമതിചെയ്യുകയല്ലാതെ അവര്‍ അത് ഉപയോഗിക്കുകയോ, സ്വന്തം രാജ്യത്ത് വിതരണം ചെയ്യുകയോ ഇല്ല. എന്നാല്‍ നമ്മുടെ 'കിമ്മേട്ടന്' ആ എത്തികസ് പോലുമില്ല. വടക്കന്‍ കൊറിയയിലും സര്‍ക്കാര്‍ നിര്‍മ്മിച്ച രാസലഹരിയടക്കമുള്ളവ വ്യാപകമായി കിട്ടുമായിരുന്നെന്നാണ് അവിടെനിന്ന് രക്ഷപ്പെട്ടവര്‍ പറയുന്നത്. ഇത്തരം ബ്ലാക്ക്മാര്‍ക്കറ്റുകള്‍ക്ക് നേരെ അധികൃതര്‍ കണ്ണടക്കും. സ്വന്തം ജനത ചത്താലും വേണ്ടില്ല. കിമ്മിന് മുഖ്യം പണമാണ്.

ഐസിസിനുവരെ ആയുധ വില്‍പ്പന

രാജ്യം പട്ടിണിയിലാണെങ്കിലും, ശതകോടികളുടെ ആയുധ സമ്പത്തുള്ള രാജ്യമാണ് ഇത്. ശീതയുദ്ധകാലത്ത് സോവിയറ്റ് യൂണിയന്റെ പിന്തുണയിലൂടെയാണ്, ആരെയും വെല്ലുവിളിക്കാന്‍ കഴിയുന്ന ആയുധ ശക്തികളായി അവര്‍ വളര്‍ന്നത്. പിന്നീട് സോവിയറ്റ് യൂണിയന്‍ തകരുകയും, അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തിട്ടും, വടക്കന്‍ കൊറിയയുടെ ആയുധ മത്സരത്തിന് യാതൊരു കുറവും വന്നില്ല. അവരുടെ വരുമാനത്തിന്റെ നല്ലൊരു ഭാഗവും വരുന്നത് ലീത്തല്‍ ആംസ് ട്രേഡിലൂടെയാണ്.

ഇറാന്‍- ഇറാഖ് യുദ്ധമായിരുന്നു, ഉത്തര കൊറിയുടെ ചാകരക്കാലം എന്നാണ്, ന്യൂയോര്‍ക്ക് ടൈംസ് എഴുതിയത്. അന്ന് ഇറാന്, ഈ തെമ്മാടിരാഷ്ട്രം നന്നായി ആയുധങ്ങള്‍ നല്‍കി. പരസ്പരം ഒരുരീതിയിലും ചേരാത്ത പ്രത്യയശാസ്ത്രം ആണെങ്കിലും, ഇന്നും ഇറാനും വടക്കന്‍ കൊറിയയും മോശമല്ലാത്ത ബന്ധത്തിലാണ്. ഇറാനെ ആണവശക്തിയാക്കിയതിന് പിന്നിലും വടക്കന്‍ കൊറിയയുടെ കൈകള്‍ സിഐഎ സംശയിക്കുന്നുണ്ട്. ഇറാനുമാത്രമല്ല, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള തീവ്രവാദ സംഘങ്ങള്‍ക്കും ഇവര്‍ വ്യാപകമായി ആയുധം വിറ്റു. നൈജീരിയിലെ ബോക്കോഹറാം തൊട്ട് സാക്ഷല്‍ ഐസിസും, അല്‍ഖായിദയും വരെ ഉപയോഗിക്കുന്നത് നോര്‍ത്ത് കൊറിയന്‍ ആയുധങ്ങളാണ്. അങ്ങനെ ലോക സമാധാനത്തിനുവരെ, ഈ കൊച്ചു രാഷ്ട്രം ഭീഷണിയായി.




സിറിയില്‍ ഇന്നും പൊട്ടുന്ന ലാന്‍ഡ് മൈനുകളും, കലാഷ്നിക്കോവുകളുമൊക്കെ മെയ്ഡ് ഇന്‍ നോര്‍ത്ത് കൊറിയയാണ്. എത്യോപ്പ്യയും, സുഡാനും തൊട്ട് സൊമാലിയയിലെ കടല്‍ക്കൊള്ളക്കാര്‍ക്കുവരെ മരാകായുധങ്ങള്‍ എത്തുന്നത്, ഈ ബ്ലാക്ക് മാര്‍ക്കറ്റിലൂടെയാണ്. ഉത്തര കൊറിയ വില്‍ക്കുന്നതിന്റെ എത്രയോ ഇരിട്ടിക്ക് ഇത് മറിച്ച് വിറ്റ്, ഇടനിലക്കാരും കോടീശ്വരര്‍ ആയി. ഇന്ത്യക്കും കടുത്ത ഭീഷണിയാണ് വടക്കന്‍ കൊറിയന്‍ ആയുധങ്ങള്‍. കാരണം പാക്കിസ്ഥാന്‍ വഴി കശ്മീര്‍ തീവ്രവാദികളുടെ കൈയില്‍ ഇവ ധാരാളം എത്തുന്നുണ്ട്. ഒരേ രാജ്യത്ത് പോരടിക്കുന്ന രണ്ട് വ്യത്യസ്ത ഗ്രൂപ്പുകള്‍ ഒരുപക്ഷേ ഉപയോഗിക്കുക, ഉത്തര കൊറിയുടെ തന്നെ ആയുധങ്ങള്‍ ആയിരിക്കും. അന്താരാഷ്ട്ര ഇടനിലക്കാരിലൂടെ ഇവ രണ്ടു ഗ്രൂപ്പുകളുടെയും കൈയിലെത്തും! സ്വന്തം അമ്മാവനെ വെട്ടിനുറുക്കി മുതലക്കിട്ടുകൊടുത്തു എന്നത് അടക്കമുള്ള ക്രൂരതകള്‍ പറഞ്ഞു കേള്‍ക്കുന്ന കിം ജോങ്് ഉന്നിന് എന്ത് ധാര്‍മ്മികത. അയാളെ സംബന്ധിച്ച് പണം കിട്ടിയാല്‍ ആര്‍ക്കും ആയുധം വില്‍ക്കും!

ഇപ്പോള്‍ പുതിയ ഒരുപരിപാടി കൂടി അവര്‍ തുടങ്ങിയിട്ടുണ്ട്. അതാണ് ഹാക്കര്‍മാരെവെച്ചുള്ള ഓണ്‍ലൈന്‍ ബാങ്ക് കൊള്ള. കുപ്രസിദ്ധമായ ബംഗ്ലാദേശ് സെന്‍ട്രല്‍ ബാങ്ക് കൊള്ളയില്‍വരെ വടക്കന്‍ കൊറിയ ആരോപിതരാണ്. സ്വന്തം ജനതക്ക് ഇന്റനെറ്റും, ഹോളിവുഡ് സിനിമയും നിഷേധിക്കുന്ന രാഷ്ട്രമാണ്, സൈബര്‍ യുഗത്തിലെ ആധുനിക സാധ്യതകള്‍വരെ തട്ടിപ്പിനായി ഉപയോഗിക്കുന്നത്!

വെളുപ്പിക്കാനും വ്യത്യസ്ത മാര്‍ഗങ്ങള്‍

ഇതൊക്കെ വായിക്കുന്ന ഏതൊരാള്‍ക്കുമുണ്ടാവുന്ന സ്വാഭാവികമായ സംശയം, ഈ ലോകമെന്താ വെള്ളരിക്കാപ്പട്ടണമാണോ, ഈ കള്ളക്കടത്തൊക്കെ പിടിക്കാന്‍ മാര്‍ഗമില്ലേ എന്നായിരിക്കും. പക്ഷേ അതിനും ഉത്തരകൊറിയക്ക് കൃത്യമായ മാര്‍ഗങ്ങള്‍ ഉണ്ട്. ആദ്യകാലത്ത് അവര്‍ രാജ്യത്തേക്ക് ചരക്ക് കൊണ്ടുവന്നിരുന്ന കപ്പലുകള്‍ തിരിച്ചുപോവുമ്പോള്‍, സാധനങ്ങള്‍ ഒളിപ്പിച്ച് വെച്ചായിരുന്നു കള്ളക്കടത്ത് നടത്തിയത്. ചില രാജ്യങ്ങളുടെ ഒത്താശയും, കപ്പലധികൃതരുടെ സമ്മതവും ഇതിനുണ്ടായിരുന്നു. എന്നാല്‍ ഇത്തരം കപ്പലുകള്‍ പിടിക്കപ്പെട്ടു. താടെ ഉത്തരകൊറിയന്‍ ഷിപ്പുകളില്‍ പ്രേത്യേക പരിശോധനയും ഉണ്ടായി. ( ഉത്തര കൊറിയക്ക് അരി കൊടുക്കുന്ന രാജ്യമാണ് ഇന്ത്യ. നമ്മുടെ കപ്പലില്‍ ഒരുതവണ പോലും ഇത്തരം പരിപാടി ഉണ്ടായിട്ടില്ല)

അഅതോടെ കൊറിയന്‍ ടീം അടവുമാറ്റി. അവര്‍ ഷെല്‍ കമ്പനികളും, ഓഫ് ഷോര്‍ അക്കൗണ്ടുകളും തുടങ്ങി. ഈ വ്യാജ കമ്പനികള്‍ വെച്ച് മറ്റുരാജ്യങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത് കപ്പലുകള്‍ വാങ്ങും. ഉദാഹരണത്തിന് രേഖകളില്‍ രജിസ്ട്രേഷന്‍ മൗറീഷ്യസിലോ, കംബോഡിയയിലോ ആയിരിക്കും. അവിടുത്തെ ഒരാളോ, കമ്പനിയോ ആയിരിക്കും രേഖകളില്‍ കപ്പലുടമ. പക്ഷേ ഇത് സത്യത്തില്‍ കൊറിയയുടെ ബിനാമി ആയിരിക്കും. ഇങ്ങനെയാണ് ഡ്രഗ്സ് അടക്കമുള്ളവ മറ്റ് സ്ഥലത്ത് എത്തിക്കുന്നത്. പിന്നെ, ഭൂമിക്കടിയിലുടെ കിലോമീറ്ററുകള്‍ തുരങ്കമുണ്ടാക്കി അമേരിക്കയിലേക്ക് ഡ്രഗ്സ് കടത്തുന്ന മെക്സിക്കന്‍ മാഫിയയെപ്പോലുള്ള 'പ്രതിഭാശാലികള്‍' ഈ ലോകത്ത് ഉണ്ട്. എങ്ങനെ കടത്തണം എന്ന് അവരുമായി ഒരു ടൈഅപ്പ് ആയാല്‍, ചുരുങ്ങിയകാലംകൊണ്ട് പഠിക്കാവുന്നതേയുള്ളൂ.




ഇത്തരം കപ്പലുകളും പലതവണ പിടിക്കപ്പെട്ടിട്ടുണ്ട്. 2010-ല്‍ ഈജിപ്തില്‍ പിടിയിലാണ് കനേഡിയന്‍ കപ്പലില്‍ കൊറിയന്‍ ആയുധങ്ങളും റോക്കറ്റ് ലോഞ്ചറിന് വേണ്ടിയുള്ള സാമഗ്രികളുമായിരുന്നു. പക്ഷേ ഒരു കമ്പനി പൂട്ടിച്ചാല്‍ അവര്‍ അടുത്ത ഷെല്‍ കമ്പനി തുടങ്ങും. യാതൊരു നിയമങ്ങളും ബാധകമല്ലാതെ, ഒരു രാജ്യം തന്നെ കട്ടപ്പാരയെടുത്ത് കക്കാനിറങ്ങിയാല്‍ ആര്‍ക്ക് എന്ത് ചെയ്യാന്‍ കഴിയും!

ഇങ്ങനെ കിട്ടുന്ന കള്ളപ്പണം വെളിപ്പിക്കാനായി, റും 13 എന്ന 'ധനകാര്യവിദഗ്ധരുടെ 'മറ്റൊരു മന്ത്രാലയത്തിനും ഉത്തര കൊറിയ രൂപം കൊടുത്തിട്ടുണ്ട്. എങ്ങനെ ഷെല്‍ കമ്പനികള്‍ ഉണ്ടാക്കണം എന്ന് ഇവരെ ആരും പഠിപ്പിക്കേണ്ടതില്ല. ലോകമെമ്പാടും 140 ബ്രാഞ്ചുകളുള്ള പോങ്്യാങ്ങ് എന്ന റെസ്റ്റോറന്‍സ് ശൃഖലയിലുടെയും ആദ്യകാലത്ത് ഇവര്‍ കള്ളപ്പണം വെളിപ്പിച്ചിരുന്നു. 47-ല്‍ സ്ഥാപിതമായ കൊറിയന്‍ നാഷണല്‍ ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്, യുകെയില്‍ അടക്കം ഒരുപാട് സ്വത്തുവകകള്‍ ഉണ്ട്. ഈ സ്ഥാപനത്തിലൂടെയും വെളുപ്പിക്കല്‍ നിര്‍ബാധം തുടര്‍ന്നു. കള്ളപ്പണം പിടിച്ചതിന്റെ പേരില്‍ പല ഉത്തരകൊറിയന്‍ ബാങ്കുകളും പൂട്ടിയിട്ടുണ്ട്. പലരും അമേരിക്കയിടലക്കം ജയിലിലായി. പക്ഷേ ഒന്ന് പിടിച്ചാല്‍ ഉടനെ അടുത്തത് തുടങ്ങും.

ചൈനയുടെ നിയന്ത്രണത്തിലുള്ള ഹോങ്കോങ്ങിലൂടെയാണ് വ്യാജ ഡോളര്‍ വ്യവസായം വടക്കന്‍ കൊറിയ ഗംഭീരമായി നടത്തുന്നത്. മക്കാവു അടക്കമുള്ള ഉല്ലാസകേന്ദ്രങ്ങളിലും വ്യാജന്‍ നല്ല രീതിയില്‍ ചെലവാകുന്നു. ആദ്യകാലത്ത് വിവിധ രാജ്യങ്ങളില്‍ ജോലിചെയ്യുന്ന കൊറിയന്‍ അംബാസിഡര്‍മാരുടെ കൈയിലും അവര്‍ ലക്ഷക്കണക്കിന് രൂപയുടെ വ്യാജ നോട്ടുകള്‍ നല്‍കിയിരുന്നു. ഡിപ്പോമാറ്റിക്ക് ബാഗേജിലുടെ കള്ളക്കടത്ത് നടത്തിയ സംഭവം, കേരളത്തില്‍ ഉണ്ടായതിന് ദശാബ്ദങ്ങള്‍ മുന്നേ, അത് നടത്തി വിജയപ്പിച്ചെടുത്തവരാണ് വിപ്ലവ കൊറിയക്കാര്‍! ഇതോടെ പല രാജ്യങ്ങളും നോര്‍ത്ത് കൊറിയന്‍ ഉദ്യോഗസ്ഥര്‍ക്കുള്ള ഡിപ്ലോമാറ്റിക്ക് പരിരക്ഷ എടുത്തുകളഞ്ഞു.

കൂലിപ്പട്ടാളവും മനുഷ്യക്കടത്തും!

സ്വന്തം നാട്ടിലെ മനുഷ്യരെ വിറ്റ് വിദേശനാണ്യം നേടുന്ന ഭരണകൂടം. ഉത്തര കൊറിയയുടെ മറ്റൊരു വരുമാന മാര്‍ഗം ഞെട്ടിപ്പിക്കുന്നതാണ്. അത് കൂലിപ്പട്ടാളമായും, അപകടകരമായ സ്ഥലങ്ങളില്‍ ജോലിചെയ്യാന്‍ സ്വന്തം ജനതയെ ഉപയോഗിച്ചുകൊണ്ടുള്ള ബ്ലഡ് മണിയാണ്. ഇപ്പോള്‍ നടക്കുന്ന യുക്രൈന്‍ യുദ്ധത്തില്‍പോലും റഷ്യക്കുവേണ്ടി ഉത്തര കൊറിയന്‍ കൂലിപ്പട പോരടിക്കുന്നുണ്ട്. ഇതിനുപുറെമ സൈബീരിയപോലുള്ള അങ്ങേയറ്റം തണുപ്പുള്ള പ്രദേശങ്ങില്‍ ജോലിചെയ്യാനും ഉത്തരകൊറിയയിലെ പട്ടിണിപ്പാവങ്ങളെ ഉപയോഗിക്കുന്നുണ്ട്. അതുപോലെ ചൈനയിലെ ആണവ നിലയങ്ങള്‍, തൊട്ട് മറ്റുളളവര്‍ ജോലിചെയ്യാന്‍ മടിക്കുന്ന അതീവ അപകടമുള്ള മേഖലകളിലൊക്കെ ഉത്തരകൊറിയക്കാര്‍ തള്ളിവിടപ്പെടുന്നു. സൈന്യം വിധിച്ചാല്‍ ഉത്തര കൊറിയയിലെ പാവങ്ങള്‍ക്ക് എന്തുചെയ്യാന്‍ കഴിയും.

ഇന്ന് ഗള്‍ഫ്രാജ്യങ്ങളിലടക്കം അതീവ സുരക്ഷമേഖലകളില്‍ അടിമപ്പണിയെടുക്കാന്‍ ഉത്തര കൊറിയക്കാരുണ്ട്. ഇതെല്ലാം അധികൃതരുടെ ഒത്താശയോടെയാണ് നടക്കുന്നത്. ജനങ്ങള്‍ക്ക് നക്കാപ്പിച്ചയാണ് കിട്ടുന്നതെങ്കിലും, രാജ്യത്തിനും കിം കുടുംബത്തിനും ഇതുവഴിയും വന്‍തുക കിട്ടുന്നുണ്ട്.

തടവുകാരെക്കൊണ്ട് ഖനികളിലും മറ്റും അടിമപ്പണി ചെയ്യിച്ചും ഉത്തര കൊറിയ കോടികള്‍ ഉണ്ടാക്കുന്നുണ്ട്. ഈ നരകത്തില്‍നിന്ന് രക്ഷപെട്ടവരുടെ അനുഭവങ്ങള്‍ ഭീകരമാണ്. ഉത്തരകൊറിയന്‍ തടവുകാരനായ കാങ് ചോല്‍-ഹ്വാന്‍ തന്റെ അനുഭവങ്ങളിലൂടെ ലോകത്തിന് പരിചയപ്പെടുത്തിയത് ജയിലിലെ ഭീകരതകളാണ്.ഉത്തര കൊറിയയിലെ കുപ്രസിദ്ധമായ യോഡോക് തടങ്കല്‍പ്പാളയത്തില്‍ 10 വര്‍ഷത്തോളം കഴിഞ്ഞ അദ്ദേഹം ഒടുവില്‍ അവിടെ നിന്ന് രക്ഷപ്പെട്ട് ദക്ഷിണ കൊറിയയില്‍ എത്തി. അതിനുശേഷമാണ് തന്റെ അനുഭവങ്ങള്‍ എല്ലാം കൂട്ടിച്ചേര്‍ത്ത് അദ്ദേഹം പ്രശസ്തമായ 'ദി അക്വേറിയംസ് ഓഫ് പ്യോംങ്യാംഗ്' എന്ന പുസ്തകം എഴുതിയത്. കാങ്ങിന് ഒന്‍പത് വയസ്സുള്ളപ്പോള്‍, ഉത്തരകൊറിയന്‍ സര്‍ക്കാര്‍ അദ്ദേഹത്തിന്റെ മുത്തച്ഛനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി. എന്നിട്ട് കുടുംബത്തെ ഒന്നടങ്കം, ഉത്തര കൊറിയയിലെ ഏറ്റവും കുപ്രസിദ്ധ തടങ്കല്‍പ്പാളയമായ യോഡോക്കിലേക്ക് അയച്ചു.

വിലകുറഞ്ഞ റേഷനരി കഴിച്ചും, ഒടുവില്‍ ജീവന്‍ നിലനിര്‍ത്താന്‍ എലികളെയും, മണ്ണിരകളെയും വരെ ഭക്ഷിച്ചും കാങ് 10 വര്‍ഷം ആ ക്യാമ്പില്‍ കഴിഞ്ഞു. പകലന്തിയോളം വയലുകളിലും ഖനികളിലും അവരെ പണിയെടുപ്പിച്ചു. ചിലപ്പോള്‍ സഹതടവുകാരെ പരസ്യമായി അവര്‍ വധശിക്ഷയ്ക്ക് വിധേയരാക്കി. 1992 -ല്‍ ഉത്തര കൊറിയയില്‍ നിന്ന് രക്ഷപ്പെട്ട കാങ് താന്‍ അനുഭവിച്ച ഭയാനകമായ കഷ്ടപ്പാടുകളെ കുറിച്ച് ലോകത്തോട് പങ്കുവച്ചു. ഇപ്പോള്‍ ദക്ഷിണ കൊറിയയിലെ സിയോളില്‍ താമസിക്കുന്ന അദ്ദേഹം ഒരു പത്രപ്രവര്‍ത്തകനായി ജോലി ചെയ്യുകയും, ഉത്തരകൊറിയന്‍ ജനതയെ സഹായിക്കാന്‍ പ്രവര്‍ത്തിക്കുന്ന ഉത്തര കൊറിയ സ്ട്രാറ്റജി സെന്ററിനെ നയിക്കുകയും ചെയ്യുകയാണ്.



ഭരണകൂടവും. അവിടത്തെ ദുഷ്‌കരമായ ജീവിതം അദ്ദേഹം വിശദീകരിച്ചു. 'ഞങ്ങള്‍ രാവിലെ അഞ്ച് മണിക്ക് ഉറക്കമുണര്‍ന്ന് ഹാജരില്‍ ഒപ്പുവയ്ക്കും. അതിനുശേഷം വൈകുന്നേരം ഏഴ് മണി വരെ പണിയെടുക്കും. ജോലിചെയ്ത് വിശന്നുതളര്‍ന്ന ഞങ്ങള്‍ക്ക് ഉച്ചഭക്ഷണത്തിന് വെറും ഉപ്പും, അരിയും മാത്രമാണ് കിട്ടുക. എന്നാല്‍, ഇത് മാത്രം കഴിച്ച ആളുകള്‍ക്ക് പോഷകാഹാരക്കുറവ് ഉണ്ടാവുകയും താമസിയാതെ അവര്‍ മരിക്കുകയും ചെയ്തു. എന്നാല്‍, ഇത് തടവുകാരെ കൊല്ലാനുള്ള നയപരമായ മാര്‍ഗ്ഗമായിരുന്നു. വിശപ്പ് മാറാതെ ആളുകള്‍ കൈയില്‍ കിട്ടുന്നതെല്ലാം കഴിക്കാന്‍ തുടങ്ങി. ഒടുവില്‍ ജീവന്‍ നിലനിര്‍ത്താന്‍ മറ്റ് വഴികളില്ലാതെ അവര്‍ എലികളെയും പ്രാണികളെയും തവളകളെയും പിടിച്ച് കഴിക്കാനാരംഭിച്ചു. പകല്‍ മുഴുവന്‍ കഠിനാധ്വാനം ചെയ്യുകയും എന്നാല്‍ ആവശ്യത്തിന് ആഹാരം കിട്ടാതിരിക്കുകയും ചെയ്തതോടെ ജീവിതം നരകതുല്യമായി' അദ്ദേഹം പറഞ്ഞു.'മാസത്തിലൊരിക്കലോ ചിലപ്പോള്‍ രണ്ട് തവണയോ അവിടെ പരസ്യമായി വധശിക്ഷകള്‍ നടക്കുമായിരുന്നു. അതില്‍ രണ്ട് തടവുകാരെ കഴുവേറ്റിയത് എനിക്ക് ഒരിക്കലും മറക്കാനാകാത്ത അനുഭവമാണ്. ആ തടവുകാരെ കല്ലെറിയാന്‍ അവര്‍ ഞങ്ങളെ ഭീഷണിപ്പെടുത്തി. ഒടുവില്‍ ആയിരക്കണക്കിന് കല്ലുകള്‍ കൊണ്ട് അവരുടെ ശരീരം തിരിച്ചറിയാന്‍ കഴിയാത്ത രീതിയില്‍ വികൃതമായി' വേദനയോടെ അദ്ദേഹം പറയുന്നു.

ജയില്‍ ക്യാമ്പുകളില്‍ ഭൂരിഭാഗവും സ്ഥിരമായി തടവറകളായിരുന്നു. ഇവിടെ മൊത്തം പത്തുലക്ഷത്തോളം പേര്‍ ഉണ്ടെന്നാണ് കണക്ക്. ഇവരെ ഇരുമ്പ് ഖനികളിലും, ആണവ നിലയങ്ങിലും അടക്കം എല്ലുമുറിയെ പണിയെടുപ്പിച്ച് കൊല്ലുന്നു. അങ്ങനെ ആ രക്തത്തില്‍നിന്നും കിം ജോങ്ങ് പണമുണ്ടാക്കുന്നു!




വാല്‍ക്കഷ്ണം: ഇത്രയയൊക്കെ ദ്രോഹിച്ചിട്ടും ഉത്തര കൊറിയന്‍ ജനതയില്‍ ഭൂരിപക്ഷത്തിനും, ഈ കമ്യൂണിസ്റ്റ് നേതാക്കളോട് സ്നേഹമാണത്രേ! ലോകം മുഴുവന്‍ മുതലാളിത്തത്തിന്റെയും തിന്‍മകളുടെയും കൈയിലാണെന്നാണ് ആ പാവങ്ങളെ ചെറുപ്പം മുതലേ പഠിപ്പിക്കുന്നത്. അവര്‍ക്ക് സര്‍ക്കാര്‍ കൊടുക്കുന്ന പുസ്തകങ്ങളും, പ്രൊപ്പഗന്‍ഡാ സിനിമകളും നല്‍കിയ ലോക വീക്ഷണമേയുള്ളൂ.

അതുകൊണ്ട് അവരോട് പൊറുക്കാം. പക്ഷേ ഇതെല്ലാം അറിഞ്ഞിട്ടും, കേരളത്തിലെ ഒരു വിഭാഗം കമ്മികള്‍ക്ക് ഇന്നും ആരാധ്യപുരുഷനാണ് കിം എന്ന് സോഷ്യല്‍ മീഡിയ നോക്കിയാല്‍ കാണാം. അതിന്റെ സൈക്കോളജി മാത്രം പിടി കിട്ടുന്നില്ല.

Tags:    

Similar News