കണ്ണിലെ ടാറ്റുവിന് രണ്ടുലക്ഷം, ജനനേന്ദ്രിയത്തിലായാല്‍ മൂന്ന്! നാക്കു പിളര്‍ത്തിയും, മുഖം അന്യഗ്രഹ ജീവിയുടെതാക്കിയും ബോഡി ഓള്‍ട്ടറിങ്ങ്; കാഴ്ച്ച പോയവരും, തൊലി പഴുത്തവരും, മാനസിക രോഗികളായവരും ഒട്ടേറെ; ടാറ്റു ക്രെയിസുകള്‍ ഇന്ത്യയെയും ഞെട്ടിക്കുമ്പോള്‍

Update: 2024-12-18 09:23 GMT

87 ലക്ഷം മുടക്കി അവള്‍ തന്റെ ശരീരത്തില്‍ അടിച്ചത് 600 ടാറ്റുകളാണ്! ഡ്രാഗണ്‍ ഗേള്‍ എന്ന് അറിയപ്പെട്ടിരുന്ന, ഇന്‍സ്റ്റഗാം ഇന്‍ഫ്്ളുവന്‍സറായ പോര്‍ച്ചുഗീസ് സ്വദേശി ആബര്‍ എന്ന യുവതിയുടേത് ഒരു വല്ലാത്ത കഥയാണ്. ദേഹം മുഴവന്‍ വിവിധ സര്‍പ്പങ്ങളെയാണ് ഇവര്‍ പച്ചകുത്തിയത്. ഒരു സര്‍പ്പമായി ജനിക്കണം എന്നാണ് തന്റെ ആഗ്രഹമെന്നും അവര്‍ പറഞ്ഞിരുന്നു. 2020-ലാണ് ഈ സംഭവം. പക്ഷേ കണ്ണില്‍ പച്ചകുത്തിയതോടെ ആംബറിന് പണി കിട്ടി. കൃഷ്ണമണിയുടെ നിറം മാറ്റാനായുള്ള ശസ്ത്രക്രിയക്ക് വിധേയായതോടെ മൂന്നാഴ്ച അവരുടെ കാഴ്ച ശക്തി പോയി. ഇപ്പോഴും മങ്ങിയ കാഴ്ചമാത്രമേ ആ കണ്ണുകള്‍ക്കുള്ളൂ.

ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. പാശ്ചാത്യ നാടുകളില്‍ ടാറ്റു ക്രെയിസുകളെപ്പോലെ ടാറ്റു വിക്റ്റിംസിന്റെയും എണ്ണം കൂടിക്കൂടി വരികയാണ്. ടാറ്റുവിന് ഒപ്പം നിരന്തരം പ്ലാസ്റ്റിക്ക് സര്‍ജറിയും ചെയ്ത് മുഖം അന്യഗ്രഹ ജീവികളെപ്പോലെ ആക്കിയവര്‍, അവതാര്‍-ഹാരിപോര്‍ട്ടര്‍ കഥാപാത്രങ്ങളായി നടക്കുന്നവര്‍, മെസ്സിയായും, റോണാള്‍ഡോയായായും, പോപ്പ് ഗായകരായുമൊക്കെ രൂപാന്തരം പ്രാപിച്ചവര്‍... അങ്ങനെ ആ ലിസ്റ്റ് നീണ്ടുപോകുന്നു. ടാറ്റു അഡിക്ഷന്‍ പലപ്പോഴും ഒരു മാനസിക രോഗമായും മാറുന്നുണ്ട്. ത്വഗ്രോഗങ്ങള്‍ തൊട്ട് വിട്ടുമാറാത്ത മൈഗ്രയിനും, കാഴ്ചക്കുറവും, ലൈംഗികശേഷിക്കുറവും, ആസ്തമയടക്കമുള്ള അസുഖങ്ങളും ഇതിന്റെ സൈഡ് എഫക്റ്റായി കിട്ടിയവര്‍ ഉണ്ട്. അമിതമായല്‍ എന്തും വിഷം ആണെന്ന് അവര്‍ മറുന്നുപോവുന്നു.

ഈ വെസ്റ്റേണ്‍ ടാറ്റു ഭ്രാന്തിനൊപ്പം നീങ്ങുകയാണോ, ഇന്ത്യയും എന്ന് സംശയിച്ചുപോകുന്ന നിരവധി കാര്യങ്ങള്‍ നമ്മുടെ നാട്ടിലുമുണ്ട്. ഈ കൊച്ചുകേരളത്തിലും ടാറ്റു ക്രെയിസുകാര്‍ അനവധിയുണ്ട്. ഉടലെഴുത്ത് എന്ന് മലയാളീകരിക്കാവുന്ന ടാറ്റു ഇന്ന് വെറുമൊരു പച്ചകുത്തലല്ല. കോടികള്‍ മറിയുന്ന ബിസിനസ് കൂടിയാണ്. ലക്ഷങ്ങള്‍ ശമ്പളം പറ്റുന്ന ജോലിയാണ് ഇന്ന് ടാറ്റൂയിങ്ങ്. നിങ്ങള്‍ ഈ മേഖലയില്‍ വിദഗ്ധനാണെങ്കില്‍ വിദേശരാജ്യങ്ങള്‍ കൊത്തിക്കൊണ്ടുപോവും. അത്രയേറെയുണ്ട് ലോകത്തെ ടാറ്റു ഭ്രാന്തന്‍മ്മാര്‍. കണ്ണ് തൊട്ട് ജനന്ദ്രേനത്തില്‍വരെ പച്ചകുത്തിയ ടാറ്റു ക്രേസുകള്‍ നിരവധി. പല സെലിബ്രിറ്റി ടാറ്റുകള്‍ക്ക് ലക്ഷങ്ങള്‍ വിലവരും കേരളത്തില്‍ 250-ല്‍ അധികമാണ് ടാറ്റൂ സ്റ്റുഡിയോകളുടെ എണ്ണം. കൊച്ചി കേന്ദ്രീകരിച്ചാണ് ഇതില്‍ 50 എണ്ണവും. വെറുതെയാര്‍ട്ടും ടാറ്റു ആര്‍ട്ടിസ്റ്റാവാന്‍ കഴിയില്ല. അതിന് കൃത്യമായ പരിശീലനം വേണം.

വരയ്ക്കാനുള താത്പര്യമാണ് ടാറ്റൂയിങ്ങില്‍ പ്രധാനം. ക്ഷമാശീലമുള്ള വ്യക്തിയാകണം. ശ്വാസമടക്കിപ്പിടിച്ചാണ് ആര്‍ട്ടിസ്റ്റുകള്‍ സിസൈന്‍ വരയ്ക്കുന്നത്. അത്രയും ശ്രദ്ധവേണ്ട ജോലികൂടിയാണിത്. തദ്ദേശ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള നാലംഗസമിതിയാണ് ടാറ്റൂ സ്റ്റുഡിയോകള്‍ക്ക് ലൈസന്‍സ് നല്‍കുന്നത്. ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ക്ക് സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിന്റെ അംഗീകാരംവേണം. ഡിസ്പോസിബിള്‍ സൂചികളും ട്യൂബുകളുംമാത്രം ഉപയോഗിക്കണം. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സ്റ്റുഡിയോ പരിശോധിച്ചിച്ചുറപ്പാക്കണം. ലൈസന്‍സിനായി അപേക്ഷിക്കുന്നവര്‍ യോഗ്യത, പരിശീലനം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കാന്‍ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. പക്ഷേ നിയമം ഇങ്ങനെയൊക്കെ ആണെങ്കിലും അനധികൃത ടാറ്റു സെന്ററുകള്‍ നമ്മുടെ നാട്ടില്‍ ഒരുപാട് ഉണ്ട്. ഇതില്‍ പോകുന്നവരൊക്കെ അസുഖങ്ങളും അപകടങ്ങളും വിളിച്ചുവരുത്തുകയാണ്.

അത്തരത്തിലുള്ള ഒരു അപകടമാണ് ഇപ്പോള്‍ തമിഴ്നാട്ടിലെ ട്രിച്ചിയിനിന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതാണ് ഇന്‍സ്റ്റയില്‍ ട്രെന്‍ഡിങ്ങായ നാക്കുപിളര്‍ത്തല്‍ ടാറ്റു.

ഞെട്ടിപ്പിച്ച നാക്കുപിളര്‍ത്തല്‍

കഴിഞ്ഞ കുറച്ച് മാസങ്ങളായി യൂറോപ്യന്‍ ഭ്രാന്തന്‍ ടാറ്റു കള്‍ട്ടുകള്‍ ഇന്‍സ്റ്റയില്‍ വൈറലാക്കിയ ഒരു സാധനമാണ് നാക്കു പിളര്‍ത്തല്‍ ടാറ്റു. കണ്ടാല്‍ തന്നെ ഒരു സാധാരണക്കാരന് പേടിയാവും. ഒരു ഡോക്ടറുടെ സഹായം വേണ്ട ശസ്ത്രക്രിയയാണ് ഇവര്‍ പറയത്തക്ക സുരക്ഷയൊന്നുമില്ലാതെ ചെയ്യുന്നത്. ഒരു നാക്കിനെ പിളര്‍ത്തി രണ്ടെണ്ണമാക്കിയുള്ള വീഡിയോ വൈറല്‍ ആയതോടെ, അത് പതുക്കെ ഇന്ത്യയിലുമെത്തി. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍, യാതൊരു സുരക്ഷയുമില്ലാതെ നാവു പിളര്‍ത്തല്‍ അടക്കമുളള ബോഡി മോഡിഫിക്കേഷന്‍ നടത്തിയതിനും ടാറ്റൂ ആര്‍ട്ടിസ്റ്റ് ഉള്‍പ്പെടെ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തത് വലിയ വാര്‍ത്തയായിരിക്കയാണ്.


 



അനധികൃതമായി ടാറ്റൂ പാര്‍ലര്‍ നടത്തിവന്നിരുന്ന ഹരിഹരന്‍, ഇയാളുടെ കൂട്ടാളി ജയരാമന്‍ എന്നിവരാണ് അറസ്റ്റിലായത്. ഹരിഹരന്റെ ടാറ്റൂ പാര്‍ലറും പോലീസ് പൂട്ടിച്ചു. ടാറ്റൂ ആര്‍ട്ടിസ്റ്റായ ഹരിഹരന്‍ കഴിഞ്ഞ ജനുവരിയില്‍ സ്വന്തം നാവ് രണ്ടായി പിളര്‍ത്തി വൈറലായിരുന്നു. പിന്നാലെ മുംബൈയില്‍ പോയി ലക്ഷങ്ങള്‍ മുടക്കി കണ്ണിലും ടാറ്റൂ ചെയ്തു. ഈ 'ഐ ടാറ്റൂ'വിനും രണ്ടുലക്ഷം രൂപയായി. തിരുച്ചിറപ്പള്ളിയില്‍ ഹരിഹരന്‍ നടത്തിയിരുന്ന ടാറ്റൂ പാര്‍ലറില്‍ ഇയാള്‍ ഈ ടാറ്റൂ ചെയ്തുനല്‍കിയിരുന്നു. ഇതിനൊപ്പമാണ് അപകടകരമായരീതിയില്‍ നാവ് പിളര്‍ത്തല്‍ അടക്കമുള്ള ബോഡി മോഡിഫിക്കേഷനും നടത്തിയിരുന്നത്. അടുത്തിടെ നാവ് പിളര്‍ത്തലുമായി ബന്ധപ്പെട്ട ഒട്ടേറെ വീഡിയോകളാണ് ഹരിഹരന്‍ നവമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നത്. തന്റെ കൂട്ടുകാരനായ ജയരാമന്റെ നാവ് പിളര്‍ത്തല്‍ വീഡിയോയും ഇയാള്‍ പങ്കുവെച്ചിരുന്നു.

ഒരു സുരക്ഷാ മുന്‍കരുതലോ മെഡിക്കല്‍ സന്നാഹങ്ങളോ ഇല്ലാതെയായിരുന്നു ഹരിഹരന്റെ 'ഓപ്പറേഷന്‍'. വീഡിയോ ഇവ്യാപകമായി പ്രചരിച്ചതോടെയാണ് പോലീസ് രണ്ടുപേരെയും അറസ്റ്റ് ചെയ്തു. തുടര്‍ന്നുള്ള പരിശോധനയിലാണ് ഉയാളുടെ പാര്‍ലറിന് ലൈസന്‍സ് പോലുമില്ല എന്ന് മനസ്സിലായത്. യാതൊരു മെഡിക്കല്‍ പരിശീലനവുമില്ലാതെയാണ് ഇയാള്‍ ബോഡി മോഡിഫിക്കേഷന്‍ ചെയ്തിരുന്നതെന്നും പോലീസ് വ്യക്തമാക്കി.

എന്തും ഏതും അനുകരിക്കുന്ന ഒരു തലമുറയുള്ള കേരളവും പേടിക്കേണ്ടതാണ് ഈ നാക്കുപിളര്‍ത്തലിനെ. സത്യത്തില്‍ അംഗീകാരമുള്ള ടാറ്റു വിദഗ്ധര്‍ക്ക് അപമാനമാവുകയാണ് ഇത്തരക്കാര്‍. വെറുതെ ആരെയും പിടിച്ച് കുത്തലല്ല ടാറ്റു. അതിന് മുമ്പ് നിരവധി മാനദണ്ഡങ്ങള്‍ ഉണ്ട. ആദ്യം തൊലി ടാറ്റൂവിന് അനുയോജ്യമാണോയെന്നും പരിശോധിക്കണം. ഹൃദ്രോഗമുള്ളവരെയും രക്തംവേഗം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നു കഴിക്കുന്നുവരെയും ഇതിന് ഉപയോഗിക്കരുത്. ഉപയോഗിക്കുന്ന സൂചി പുതിയതാണോയെന്ന് നോക്കണം. അല്ലെങ്കില്‍, രക്തത്തിലൂടെ പകരുന്ന എല്ലാരോഗങ്ങളും ഇതിലൂടെ പകരാം. നിലവാരമുള്ള മഷിയാണോയെന്നും ഉറപ്പിക്കണം. പ്രമേഹരോഗികള്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, മദ്യപിച്ചവര്‍, ലഹരി ഉപയോഗിച്ചവര്‍ എന്നിവരെ ടാറ്റൂചെയ്യാന്‍ പാടില്ല. ഇങ്ങനെയൊക്കെയാണ് മാനദണ്ഡമെങ്കിലും കേരളത്തിലടക്കം ഇത് പാലിക്കപെടാറില്ല.

പക്ഷേ ഇന്നും ഇന്നലെയും തുടങ്ങിതല്ല, ഈ ടാറ്റൂ. ഈ ഉടലെഴുത്തിന് യുദ്ധത്തിന്റെ ക്രൂരതയുടെ അടിമത്തത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും, പ്രണയത്തിന്റെയുമൊക്കെ ഒരുപാട് കഥകള്‍ പറയാനുണ്ട്.

5000 വര്‍ഷത്തെ ചരിത്രം

മനുഷ്യന്‍ ടാറ്റു കുത്താന്‍ തുടങ്ങിയത് ഏതാണ്ട് 5000 വര്‍ഷങ്ങള്‍ക്ക് മുമ്പാണെന്നാണ് ചരിത്രം. അതിനുമുമ്പോ, വളര്‍ത്തുമൃഗങ്ങളെ തിരിച്ചറിയാനുള്ള പച്ചകുത്തലുകള്‍ ഉണ്ടായിരുന്നു. ഈജിപ്തില്‍ മമ്മി ചെയ്യപ്പെട്ട മനുഷ്യന്റെ അവശിഷ്ടങ്ങളില്‍ ടാറ്റുകള്‍ കണ്ടെത്തിയിട്ടുണ്ട്. 2018-ല്‍, ലോകത്തിലെ ഏറ്റവും പഴക്കമുള്ള ആലങ്കാരിക ടാറ്റൂകള്‍ ഈജിപ്തില്‍ നിന്നുള്ള രണ്ട് മമ്മികളില്‍ കണ്ടെത്തി. അവയുടെ പ്രായം ബിസി 3351 നും 3017 നും ഇടയിലാണ്. സുഡാന്‍, ചൈന, ജപ്പാന്‍, വടക്കേ അമേരിക്ക എന്നിവടങ്ങളില്‍നിന്നെല്ലാം ബി സി കാലത്തുതന്നെ ടാറ്റുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഈജിപ്തിലെ രാജാക്കന്മാരും പ്രഭുക്കന്മാരും ദേഹത്ത് പലതരം രൂപങ്ങള്‍ പച്ചകുത്തിയിരുന്നതായുള്ള തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. 2000 കൊല്ലം മുന്‍പ് ഈജിപ്റ്റില്‍ പച്ചകുത്തലിന് വലിയ പ്രധാന്യം ഉണ്ടായിരുന്നെന്ന് പഠനങ്ങള്‍ പറയുന്നു.


 



പ്രാചീനകാലത്ത് ഭരണാധികാരികള്‍ മരിച്ചാല്‍ അവരുടെ ശവശരീരങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കുക പതിവുണ്ടായിരുന്നു. ഇത്തരം ഒരു ശവകുടീരം 1920-ല്‍ ലൂബ്സര്‍ എന്ന സ്ഥലത്ത് വെച്ച് പൊളിക്കുകയുണ്ടായി. അതില്‍ ഉണ്ടായിരുന്ന രാജാവിന്റെ ദേഹം മുഴുവന്‍ പലതരത്തിലുള്ള ഡിസൈനുകള്‍ പച്ച കുത്തിയിരുന്നു. രാജകുടുംബത്തിലെ സ്ത്രീകളും നെറ്റിയിലും കഴുത്തിലും ഒക്കെ പല ദൈവങ്ങളുടെ രൂപങ്ങള്‍ പച്ചകുത്തി നടക്കുന്നത് പൗരാണിക ഈജിപ്തില്‍ പതിവായിരുന്നു. ആദ്യകാലത്തെ മേക്കപ്പ് ടെക്നിക്കുകളില്‍ ഒന്നായിരുന്നു പച്ചകുത്തല്‍.

പുരാതന ഗ്രീക്കുകാര്‍ക്കും, ജര്‍മ്മന്‍കാര്‍ക്കും, ബ്രിട്ടന്‍കാര്‍ക്കുമെല്ലാം ഇടയില്‍ ടാറ്റു നിലനിന്നിരുന്നു. ഇതിന് പിന്നില്‍ പല കാരണങ്ങള്‍ ഉണ്ടായിരുന്നു. രോഗശമനം, നിര്‍ഭാഗ്യങ്ങള്‍ വരാതിരിക്കാന്‍, കൃഷി നശിക്കാതിരിക്കുക, എന്നിങ്ങനെ വിവിധ ആവശ്യങ്ങളായിരുന്നു ഏറെയും. ഇന്നത്തെ കാലത്തെപ്പോലെ ആനന്ദമായിരുന്നില്ല, വിശ്വാസമായിരുന്നു അവയ്ക്ക് പിന്നില്‍. സമൂഹത്തിലെ പദവി തെളിയിക്കുന്നതിനും ഈ പച്ചകുത്തല്‍ ഉപയോഗിച്ചിരുന്നു. ഓരോ വിഭാഗങ്ങള്‍ക്കും ഉള്ള പച്ചകുത്തലില്‍ വിവിധതരം മാറ്റം ഉണ്ടായിരുന്നു രാജാക്കന്മാര്‍ക്ക് ഒരുതരം പ്രഭുക്കന്മാര്‍ക്ക് മറ്റൊരുതരം, സാധാരണക്കാര്‍ക്ക് വേറൊരു തരം എന്നിങ്ങനെ പച്ചകുത്തുന്ന രീതിയിലും രൂപത്തിലും ഒക്കെ മാറ്റങ്ങള്‍ നിലനിന്നിരുന്നു. ചില ഗ്രോത്രങ്ങളില്‍ ചേരണമെങ്കില്‍ പച്ചകുത്തല്‍ നിര്‍ബന്ധമായിരുന്നു. അത് നോക്കി ഏതു ഗോത്രമാണെന്ന് എളുപ്പത്തില്‍ മനസ്സിലാക്കാന്‍ സാധിക്കും.

പച്ചകുത്തിന്റെ വിവിധ രീതികളാണ് എക്സിമോകളും കിഴക്കന്‍ സൈബീരിയക്കാരും പാലിച്ചു വന്നത്. അവര്‍ സൂചികൊണ്ട് തൊലിയില്‍ കുത്തുക മാത്രമല്ല അതിനിടയില്‍ പല നിറത്തിലുള്ള നൂലുകള്‍ കടത്തിവിട്ട് ഡിസൈനുകള്‍ രൂപപ്പെടുത്തുകയും ചെയ്തിരുന്നു. ക്യാപ്റ്റന്‍ ജെയിംസ് ബുക്ക് എന്ന സാഹസികനാണ്, 18ാം നുറ്റാണ്ടിന്റെ അവസാനത്തില്‍ പച്ചകുത്തലിന് ടാറ്റൂ എന്ന പേര് കൊടുത്ത് യൂറോപ്യന്‍സിന് പരിചയപ്പെടുത്തിക്കൊടുത്തത്. ജെയിംസ് കുക്ക് താഹിതി ദ്വീപ് കണ്ടെത്തിയതിന് ശേഷം ടാറ്റൂ എന്ന വാക്ക് ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ഇവിടുത്തെ ജനങ്ങള്‍ ശരീരത്തില്‍ പച്ചകുത്തുന്നതിന് പോളിനേഷ്യന്‍ വാക്കായ 'ടൗ-ടൗ' എന്നാണ് പറഞ്ഞിരുന്നത്. ഇതാണ് ടാറ്റു ആയത്.

ലോകത്തെ നടുക്കിയ നാസി ടാറ്റു

ആദ്യകാലത്തെ പച്ചുകുത്തലുകള്‍ക്കൊന്നും ഇന്നത്തെപോലെയുള്ളവ ആയിരുന്നില്ല. പലതും ചാപ്പയടിപോലെ ക്രുരമായിരുന്നു. തടവുപുള്ളികളെയും അടിമകളെയും തിരിച്ചറിയാനാണ് റോമാക്കാര്‍ പച്ചകുത്തല്‍ വിദ്യ ഉപയോഗിച്ചിരുന്നത്. അതുകൊണ്ടുതന്നെ മറ്റു രാജ്യങ്ങളിലുള്ള പച്ചകുത്തിയ ആള്‍ക്കാര്‍ റോമില്‍ എത്തിപ്പെട്ടാല്‍ അവരെ അടിമയോ തടവുപുള്ളിയോ ആയി കണക്കാക്കും. കയറ്റുമതി ചെയ്ത അടിമകള്‍ 'നികുതി അടച്ചു' എന്ന് പച്ചകുത്തിയിരുന്നു, കൂടാതെ ഒളിച്ചോടിയ അടിമകളുടെ നെറ്റിയില്‍ 'ഫ്യൂജിറ്റീവ്' എന്നതിന്റെ ആദ്യമൂന്നക്ഷരങ്ങള്‍ പച്ചകുത്തുന്നത് ഒരു സാധാരണ സമ്പ്രദായമായിരുന്നു. പിന്നീട് കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി എഡി 330 നടുത്ത് മുഖത്ത് പച്ചകുത്തുന്നത് നിരോധിച്ചു. ചൈനയിലും കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷയായോ, അടിമകളെഅേടയാളപ്പെടുത്തുന്നതിനോ ചൈനീസ് അധികാരികള്‍ മുഖത്ത് ടാറ്റൂകള്‍ പ്രയോഗിക്കുമായിരുന്നു. ബ്രിട്ടീഷ് സൈന്യത്തില്‍ നിന്ന് ഒളിച്ചോടിയവരെയും പച്ചകുത്തി വേര്‍തിരിച്ചിരുന്നു.

പക്ഷേ ലോകത്തെ ഞെട്ടിച്ചത് നാസികളുടെ ടാറ്റുവായിരുന്നു. ഹോളോകോസ്റ്റ് സമയത്ത് കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പിലെ അന്തേവാസികളെ നിര്‍ബന്ധിതമായി പച്ചകുത്തിച്ചിരുന്നു. കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളിലെ ഭീകരമായ പീഡനംമൂലം മരിച്ച പല തടവുകാരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞതുപോലും ഇങ്ങനെയാണ്. രജിസ്ട്രേഷന്‍ സമയത്ത്, ഗാര്‍ഡുകള്‍ ഓരോ തടവുകാരനെയും ഒരു നമ്പര്‍ ഉപയോഗിച്ച് പച്ചകുത്തുന്നു, സാധാരണയായി ഇടതു കൈത്തണ്ടയിലാണ്. എന്നാല്‍ ചിലപ്പോള്‍ നെഞ്ചില്‍ വയറ്റിലും കുത്തും. തടവുകാരന്റെ ക്യാമ്പ് നമ്പറായിരുന്നു പച്ചകുത്തിയിരുന്നത്. ചിലപ്പോള്‍ ഒരു പ്രത്യേക ചിഹ്നം ചേര്‍ത്തു. ചില ജൂതന്മാര്‍ക്ക് ഒരു ത്രികോണം ഉണ്ടായിരുന്നു, ജിപ്സികള്‍ക്കം പ്രത്യേക അടയാളം ഉണ്ടായിരുന്നു. അക്കാലത്ത് മരണത്തിന്റെ ചിഹ്‌മായി മാറി ടാറ്റുകള്‍.


 



രണ്ടാം ലോകമഹായുദ്ധകാലത്ത് പോസ്റ്റുമോര്‍ട്ടത്തിലും ടാറ്റു സഹായിച്ചതായി പഠനങ്ങളുണ്ട്. കത്തിച്ചതോ അഴുകിയതോ വികൃതമായതോ ആയ ശരീരങ്ങളെ തിരിച്ചറിയാന്‍ സഹായിക്കുന്നതിന് ഫോറന്‍സിക് പാത്തോളജിസ്റ്റുകള്‍ ചിലപ്പോള്‍ ടാറ്റൂകള്‍ ഉപയോഗിക്കുന്നു. ആഴത്തില്‍ പൊതിഞ്ഞിരിക്കുന്നതിനാല്‍, ചര്‍മ്മം കത്തിച്ചാല്‍ പോലും ടാറ്റൂവിലെ പിഗ്മന്റുകള്‍ എളുപ്പത്തില്‍ നശിപ്പിക്കപ്പെടില്ല.

കോടികളുടെ ബിസിനസായി വളരുന്നു

പച്ചകുത്താന്‍ ഉപയോഗിക്കുന്ന ഇലക്ട്രിക് ഉപകരണത്തിന്റെ കണ്ടുപിടിത്തം 1891-ല്‍ അമേരിക്കയിലാണ് നടന്നത്. ടാറ്റൂ ക്യാന്‍സര്‍ രോഗത്തിനും ചില കരള്‍ രോഗങ്ങള്‍ക്കും കാരണമാകും എന്ന പറഞ്ഞ്, അമേരിക്കയിലെ ന്യൂയോര്‍ക്ക് നഗരത്തില്‍ ആദ്യകാലത്ത് ഇത് നിരോധിച്ചിരുന്നു. പിന്നീട് അത് നീക്കി. പക്ഷേ നാം ഇന്നുകാണുന്നതുപോലെയുള്ള ടാറ്റു കള്‍ച്ചര്‍ ഉടലെടുത്തത് 1970കളിലാണ്. ഹിപ്പി സംസ്‌ക്കാരത്തോടൊപ്പമാണ്, പച്ചകുത്തലും ഫാഷനായി മാറിയത്. ഇന്ന് പാശ്ചാത്യ ജനതയുടെ 25 ശതമാനവും ടാറ്റു ചെയ്യുന്നവര്‍ ആണെന്നാണ് വെളിപ്പെടുത്തല്‍. സെലിബ്രിറ്റികളില്‍ 80 ശതമാനവും ടാറ്റു ചെയ്യുന്നവരാണ്!

ശരീരത്തില്‍ 200 ലധികം ടാറ്റുചെയ്ത ഫ്ളോറിഡക്കാര്‍ സോറന്‍ ലോറന്‍സ് തലക്കെട്ടുകള്‍ സൃഷ്ടിച്ചിരുന്നു. അതുപോലെ 2021-ല്‍ ന്യൂസിലാന്റുകാരിയായ മാദ്ധ്യമപ്രവര്‍ത്തക ഒറിനി കൈപ്പറയും ചരിത്രം സൃഷ്ടിച്ചത് തന്റെ ടാറ്റുവിന്റെ പേരിലാണ്. മുഖത്ത് ടാറ്റൂ പതിച്ച് പ്രൈം-ടൈം ന്യൂസ് അവതരിപ്പിച്ച ഒറിനിയുടെ അവതരണം ലോകശ്രദ്ധയാകര്‍ഷിച്ചു. പരമ്പരാഗത മാവോറി വിഭാഗത്തില്‍പ്പെട്ട സ്ത്രീയാണ് ഒറിനി കൈപ്പറ. അവരുടെ കീഴ്ത്താടിയിലാണ് ടാറ്റൂ പതിച്ചിരിക്കുന്നത്. മാവോറി വിഭാഗത്തില്‍പ്പെട്ട സ്ത്രീകളുടെ ആചാരത്തിന്റെ ഭാഗമായാണ് മുഖത്തെ പച്ചക്കുത്തല്‍. ഒരു ജനതയുടെ അതിജീവനത്തിന്റെ പ്രതീകമായാണ് ലോകം അതിനെ കണ്ടത്.

ടാറ്റൂചെയ്യുന്ന ചിത്രത്തിന്റെ വലുപ്പമനുസരിച്ചാണ് വില ഈടാക്കുന്നത്. കേരളത്തില്‍പോലും, പതിനായിരം മുതല്‍ 50,000 രൂപയിലധികം വരുന്ന, ദിവസങ്ങളെടുത്ത് ചെയ്യുന്ന ഡിസൈനുകള്‍ക്കും ആവശ്യക്കാരുണ്ട്. പക്ഷേ ലോകത്തേക്കുവന്നാല്‍ ഇന്ന് ലക്ഷങ്ങള്‍ വിലയുള്ള ടാറ്റുകള്‍ ഉണ്ട്. മണിക്കുറിന് ആയിരങ്ങള്‍ ഈടാക്കുന്ന വിദഗ്ധ ടാറ്റുകുത്തിവെപ്പുകാരുമുണ്ട്. ഐ ടാറ്റുവിന് രണ്ടുലക്ഷമാണ് ഇന്ത്യയില്‍ ഫീസ് എന്നാണ് പറയുന്നത്. ജനനേന്ദ്രിയ ടാറ്റുവിന് മുന്ന് ലക്ഷവും! സെലിബ്രിറ്റി ഹെയര്‍ സ്റ്റെലിസ്്റ്റുകളെപ്പോലെ സെലിബ്രിറ്റി ടാറ്റുക്കാരും ധാരളാം. ഇന്ന് കോടികള്‍ മറിയുന്ന ബിസിനസായി ടാറ്റു മാറിക്കഴിഞ്ഞു. സെലിബ്രിറ്റി ടാറ്റുക്കാരെ തേടി കസ്റ്റമേഴ്സിന്റെ നീണ്ട നിരയാണ്.

എയ്ഡ്സ് തൊട്ട് ഹെപ്പറ്റൈറ്റീസ് വരെ

സൂക്ഷിച്ചില്ലെങ്കില്‍ പല പ്രശ്നങ്ങളും ഇത്തരം അമിതമായ ടാറ്റു ക്രെയിസ് വരുത്തിവെക്കുന്നുണ്ട്. കൃതിമ മഷി ത്വക്കിന്റെ ആവരണത്തിലേക്ക് സൂചി ഉപയോഗിച്ച് കടത്തിവിടുകയാണ് ടാറ്റൂവരയില്‍ നടക്കുന്നത്. സൂചികള്‍ ഉപയോഗിച്ച് ചര്‍മ്മത്തില്‍ മുറിവുകളുണ്ടാക്കുന്നു. പ്രത്യേക അറകളായി തുടരുന്ന ഇത്തരം മുറിവുകള്‍ പലതരത്തിലുമുള്ള പ്രതിപ്രവര്‍ത്തനങ്ങളും ഉണ്ടാക്കാറുണ്ട്. രണ്ടാഴ്ചയ്ക്കുള്ളില്‍ മുറിവുകള്‍ കരിയുമെന്ന് ടാറ്റൂ സെന്ററുകള്‍ പറയുമ്പോഴും മാസങ്ങളോളം കരിയാത്ത മുറിവുകളും ചിലര്‍ക്ക് ഉണ്ടാവാറുണ്ട്. കൃത്യമായ അണുവിമുക്തമാക്കല്‍ നടക്കാത്ത കേന്ദ്രങ്ങള്‍ ഹെപ്പറ്റൈറ്റിസ്, എച്ച്.ഐ.വി തുടങ്ങിയ മാരകരോഗങ്ങളാവും ടാറ്റുവരയ്ക്കാനെത്തുന്നവര്‍ക്ക് സമ്മാനിയ്ക്കുക.


 



ടാറ്റു അടിക്കാന്‍ പോകുന്നവര്‍ ആദ്യം ശ്രദ്ധിക്കേണ്ടത് ആര്‍ട്ടിസ്റ്റിന്റെ എക്പീരിയന്‍സും, തങ്ങളുടെ പാര്‍ലറിന് ലൈസന്‍സ് ഉണ്ടോ എന്നുമാണ്.

ഇലക്ട്രിക് ഉപകരണത്തിലെ സൂചികൊണ്ട് ത്വക്കിന്റെ രണ്ടാംപാളിയിലേക്ക് മഷി കുത്തിവെക്കുന്നതാണ് ടാറ്റൂവിലെ പൊതു രീതി. ചൈന, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഹിറ്റായ ത്രീഡി ടാറ്റൂവും കേരളത്തിലിന്ന് സജീവമാണ്. ടാറ്റൂചെയ്യാനെടുക്കുന്ന ചിത്രം, അതിന്റെ ആശയം, സമയം, വലുപ്പം എന്നിവയെ അടിസ്ഥാനമാക്കിയാണ് വില. കൈത്തണ്ട, പുറംഭാഗം, കാലുകള്‍, കഴുത്തിനു പിന്‍ഭാഗം എന്നിവിടങ്ങളിലാണ് കൂടുതല്‍പ്പേരും ടാറ്റുചെയ്യുന്നത്.

വളഞ്ഞ പുരികവും ചുവന്ന ചുണ്ടുകളും മെര്‍ലിന്‍ മണ്‍റോയുടെ മറുകുമെല്ലാം സൃഷ്ടിക്കാന്‍ പെര്‍മനന്റ് മേക്കപ്പിലൂടെ കഴിയും. ഐബ്രോ ടാറ്റൂയിങ്, മൈക്രോ ബ്ലേഡിങ്, പെര്‍മനന്റ് ലിപ് കളറിങ് തുടങ്ങിയവയാണ് ഇതില്‍ പ്രധാനം. 18 വയസ്സുകഴിഞ്ഞ ആര്‍ക്കും മൈക്രോ ബ്ലേഡിങ് ചെയ്യാന്‍കഴിയും. ത്വക്കിന്റെ ആഴങ്ങളിലേക്ക് മഷിയിറങ്ങാതെ തൊലിപ്പുറത്താണ് ഇതുചെയ്യുന്നത്. എന്നാല്‍ ബോഡി ഓള്‍ട്ടറിങ്ങ് ഒന്നും ഇങ്ങനെ നിരുപദ്രവകാരിയല്ല.

ത്വക്കില്‍ മഷി നിറച്ചുണ്ടാവുന്ന മുറിവുകള്‍ കുറച്ചുനാള്‍ കഴിഞ്ഞു ഉണങ്ങും. ഇതോടെ ഈ കോശങ്ങള്‍ സമീപത്തിലുള്ള മുറിവല്‍ക്കാത്ത കോശങ്ങളില്‍ നിന്ന് വേര്‍പെടുന്നു. ഇവയോട് സമീപ കോശങ്ങള്‍ യോജിയ്ക്കാതിരിയ്ക്കുമ്പോള്‍ ഗ്രാനുലാര്‍ ഫോര്‍മേഷന്‍ എന്ന അവസ്ഥയിലേക്ക് ത്വക്ക് എത്താന്‍ സാധ്യതയുണ്ട്. ഇത്തരം കോശങ്ങളില്‍ മറ്റുള്ളവയില്‍ നിന്നും ഒരു പുറന്തള്ളല്‍ പ്രതിഭാസവും ചിലസമയങ്ങളില്‍ പ്രത്യക്ഷമാവാറുണ്ട്. സ്‌കിലോയിഡ് ഫോര്‍മേഷന്‍ എന്ന അവസ്ഥ എത്തുന്നതോടെ ചിലര്‍ക്ക് മുറിവുകള്‍ ഉണങ്ങാത്ത നിലയിലേക്ക് എത്തുമെന്ന് ത്വക്ക് രോഗ വിദഗ്ധര്‍ പറയുന്നു.

മുറവുണങ്ങുന്നതിനായി ചില ലേപനങ്ങളും ആന്റിബയോട്ടിക്കുകളും കുറിച്ചുനല്‍കുകയും ചെയ്യുന്നു. എന്നാല്‍ ഡോക്ടര്‍മാരുടെ വിദഗ്‌ധോപദേശമില്ലാത്ത ഇത്തരം മരുന്നുവിതരണം വലിയ ആപത്താണ്. രോഗിയുടെ ആരോഗ്യനിലയ്ക്കും മുരുന്നുകളോടുള്ള പ്രതിപ്രവര്‍ത്തനം അടക്കമുള്ള കാര്യങ്ങള്‍ പരിഗണിയ്ക്കാതെ മരുന്നുനല്‍കുന്നത് ഗുരുതരമായ അലര്‍ജിയിലേക്കും മുറിവുകള്‍ ഒരിയ്ക്കലും ഉണങ്ങാത്ത അവസ്ഥയിലേക്കും പോലും കാര്യങ്ങള്‍ എത്തിയ്ക്കും. അതിനാല്‍ ഒരിക്കലും അംഗീകാരമില്ലാത്ത ടാറ്റു സെന്ററുകളിലേക്ക് പോകരുത്. ശരീരത്തിന്റെ പൊതുഘടന മാറ്റിക്കളയുന്ന ബോഡി ആള്‍ട്ടറേഷന് നില്‍ക്കരുത് എന്നാണ് വിദഗ്ധര്‍ പറയുന്നത്.

മാനസിക പ്രശ്നങ്ങളും ഒട്ടേറെ

ടാറ്റു ക്രെയിസ് അമിതമായി, ഉന്‍മാദ സമാനമായ മാനസികഅവസ്ഥയിലെത്തിയാവരും നിരവധിയാണ്. കാമുകനോടോ കാമുകിയോടോ ഉള്ള അദമ്യമായ സ്‌നേഹം പ്രകടിപ്പിയ്ക്കാന്‍ സ്വന്തം ശരീരത്തില്‍ മുറിപ്പാടുകള്‍ വീഴ്ത്തി, പ്രണയ പങ്കാളിയുടെ പേരും രൂപവുമൊക്കെ പച്ചകുത്തുന്നവരുണ്ട്. എന്നാല്‍ പ്രണയം പരാജയത്തിലേക്ക് മാറിയശേഷം ടാറ്റൂ മായ്ക്കുന്നതാണ് പിന്നീട് തലവേദന. ടാറ്റൂവിന്റെ വലുപ്പമനുസരിച്ച് അഞ്ചുമുതല്‍ എട്ടുതവണവരെയാക്കെ ലേസര്‍ ചികിത്സ ചെയ്യേണ്ടി വരുന്നു. ചുരുക്കത്തില്‍ അയ്യായിരം രൂപമുടക്കി വരച്ച ടാറ്റൂ മായ്ക്കാന്‍ അമ്പത് മുതല്‍ എണ്‍പതിനായിരം വരെ ചെലവുണ്ടാകും!

പെട്ടെന്നുള്ള ആവേശത്തിന് വരയ്ക്കുന്ന ടാറ്റൂമൂലം ഒന്നോ രണ്ടോ ആഴ്ച കഴിയുമ്പോള്‍ തന്നെ മാനസിക സംഘര്‍ഷത്തിലാവുന്നവരും ഉണ്ട്. ടാറ്റൂ പതിയ്ക്കാനെത്തുമ്പോള്‍ ഈ വിവരങ്ങള്‍ മുന്‍കൂട്ടി ധരിപ്പിയ്ക്കാനുള്ള കൗണ്‍സിലര്‍മാര്‍ ഇല്ലാത്തതാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് ചൂണ്ടിക്കാണിയ്ക്കപ്പെടുന്നു. അതുപോലെ ദേഹമാസകലം ടാറ്റുകുത്തുന്ന പലരും, ആ ടാറ്റു കഥാപാത്രങ്ങളെപ്പോലെ അതിമാനുഷിക ശക്തിയുള്ളവരായി വിശ്വസിച്ച് ചികിത്സതേടേണ്ടി വന്ന അവസ്ഥയും വിദേശരാജ്യങ്ങളില്‍ പലതവണ ഉണ്ടായിട്ടുണ്ട്.


 



സൂചികളുപയോഗിച്ച് ശരീരത്തില്‍ മുറിവുകള്‍ വീഴ്ത്തുന്ന വിദഗ്ധോപദേശം അനിവാര്യമായ ജോലിയാണ് ടാറ്റൂ പതിപ്പിയ്ക്കല്‍. എന്നാല്‍ ഇതില്‍ വിദഗ്ധനാരെന്ന് കണ്ടെത്താന്‍ മാര്‍ഗ്ഗങ്ങളില്ലെന്ന് ഈ രംഗത്തു പ്രവര്‍ത്തിയ്ക്കുന്നവര്‍തന്നെ പറയുന്നു. നഗരസഭ അല്ലെങ്കില്‍ പഞ്ചായത്ത് സെക്രട്ടറിയുടെ ലൈസന്‍സ് മാത്രമാണ് പ്രവര്‍ത്തനത്തിനായി മിക്കയിടത്തുമുള്ളത്. മറ്റ് അനുമതികളേക്കുറിച്ച് പലര്‍ക്കും അറിവുമില്ല. വികസിത രാജ്യങ്ങളിലടക്കം ടാറ്റൂ കേന്ദ്രങ്ങള്‍ക്ക് പ്രത്യേക അനുമതി ആവശ്യമുണ്ട്. ഉപയോഗിയ്ക്കുന്ന ഉപകരണങ്ങള്‍, അണുവിമുക്തമാക്കുന്നതിനുള്ള സൗകര്യങ്ങള്‍, വൈദഗ്ധ്യമുള്ളവര്‍ എന്നിവ നിര്‍ബന്ധമാണ്. എന്നാല്‍ ഇന്ത്യയില്‍ ഇത്തരത്തില്‍ പ്രത്യേക നിബന്ധനകളില്ലാത്തത് വലിയ അപകടങ്ങള്‍ക്കാണ് വഴിവെയ്ക്കുന്നത്.

പലയിടത്തും ഒറ്റമുറിയിലാണ് ടാറ്റൂകേന്ദ്രങ്ങളുടെ പ്രവര്‍ത്തനം. ആളെ ഇരുത്തുകയോ കിടത്തുകയോ ചെയ്യുന്നതിനുള്ള സംവിധാനം മാത്രമാണുള്ളത്. സൂചി മാറുന്നു എന്ന് ഇടപാടുകാരെ അറിയിയ്ക്കുമ്പോഴും സൂചിഘടിപ്പിയ്ക്കുന്ന യന്ത്രം അണുവിമുക്തമാക്കുന്നതിനുള്ള സംവിധാനം പലയിടത്തുമില്ല. സ്ത്രീകള്‍ നിരവധി പേരാണ് ടാറ്റൂ പതിപ്പിക്കലിനായി എത്തുന്നത്. എന്നാല്‍ മിക്ക ടാറ്റൂ കേന്ദ്രങ്ങളിലും വനിതാ ജിവനക്കാരുടെ സാന്നിദ്ധ്യം ഉണ്ടാവാറില്ല. ശരീരത്ത് സ്പര്‍ശിച്ചുള്ള ടാറ്റൂ വരയ്ക്കല്‍ പിന്നീട് ലൈംഗിക പീഡനത്തിലേക്ക് മാറുന്നു. അപമാനഭാരം ഭയന്ന് ഇരകളില്‍ പലരും ഇതും പുറത്തുപറയാറുമില്ല. കൊച്ചില്‍ രണ്ടുവര്‍ഷം മുമ്പ് അത്തരത്തിലുള്ള പരാതികള്‍ വന്നിരുന്നു. ക്ലിനിക്കല്‍ ലാബ് സൗകര്യം, മാലിന്യനിര്‍മ്മാര്‍ജ്ജന സൗകര്യം തുടങ്ങിയ അത്യാവശ്യമായ പല കാര്യങ്ങളും ഇവിടെ ലഭ്യമല്ല താനും. ചുരക്കിപ്പറഞ്ഞാല്‍ നോക്കിയും കണ്ടും ടാറ്റു ചെയ്തില്ലെങ്കില്‍ പണി കിട്ടുമെന്ന് ഉറപ്പാണ്.

വാല്‍ക്കഷ്ണം: രണ്ടുവര്‍ഷം മുമ്പ് കൊച്ചിയില്‍ ടാറ്റൂ ആര്‍ട്ടിസ്റ്റില്‍ നിന്ന് ലൈംഗിക പീഡനത്തിന് ഇരയായെന്ന യുവതികളുടെ വെളിപ്പെടുത്തലോടെ കൊച്ചി നഗരത്തില്‍ കൂണുപോലെ മുളച്ചുവരുന്ന ടാറ്റൂ സെന്ററുകളേക്കുറിച്ച് അധികൃതര്‍ പരിശോധന ആരംഭിച്ചു. പക്ഷേ ആ വാര്‍ത്തയുടെ ചൂട് ആറിയതോടെ എല്ലാം നിലച്ചു. വ്യാജന്‍മ്മാരെ തടയിടാനുള്ള നടപടി ഈ മേഖലയില്‍ അനിവാര്യമാണ്.

Tags:    

Similar News