ഇവിടെ കര്‍ഷകന്റെ പ്രധാന ആയുധം മൊബൈല്‍ ഫോണ്‍; വെള്ളത്തിനും വളത്തിനും നോട്ടിഫിക്കേഷന്‍; വിത്തില്ലാ കുരുമുളക് തൊട്ട് വാട്‌സാപ്പു വരെ നീളുന്ന ഉല്‍പ്പന്നങ്ങള്‍; ആളിനു പകരം ഡ്രോണിനെ വിട്ട് കൊല്ലുന്ന മികവ്; ഇസ്രായേല്‍ എന്ന കുഞ്ഞന്‍ രാഷ്ട്രം ലോകത്തെ ഭരിക്കുന്നത് ഇങ്ങനെ

'ഇസ്രായേല്‍ പൂക്കുകയും തളിര്‍ക്കുകയും ലോകത്തിന്റെ മുഖം നിറയ്ക്കുകയും ചെയ്യും' എന്ന ബൈബിള്‍ വചനത്തെ അന്വര്‍ത്ഥമാക്കുന്ന രീതിയാലായിരുന്നു അവരുടെ കാര്‍ഷിക വളര്‍ച്ച

By :  Remesh
Update: 2024-09-21 03:46 GMT

എം റിജു

കേരളത്തിന്റെ പകുതി മാത്രമുള്ള ഒരു രാജ്യം. ആകെയുള്ളത് 90ലക്ഷം ജനങ്ങള്‍. നാലുപാടും ശത്രുരാജ്യങ്ങള്‍. പുല്ലുപോലും മുളക്കാത്ത മരുഭൂമിപോലുള്ള മണ്ണ്. അവിടെ നിന്നാണ് അവര്‍ ലോകത്തിന്റെ നെറുകയില്‍ എത്തുന്നതാണ്. അതാണ് ഇസ്രയേല്‍ എന്ന കുഞ്ഞന്‍ രാഷ്ട്രം. ഇപ്പോള്‍ ലബനിനിലെ ഹിസ്ബുള്ളയുടെ പേജറും വാട്സാപ്പം പൊട്ടിത്തെറിച്ച്, ആയിരങ്ങള്‍ക്ക് പരിക്കേല്‍ക്കുകയം, മുപ്പതോളംപേര്‍ മരിക്കുകയും ചെയ്തതോടെ ലോകം അന്തം വിട്ട് നില്‍ക്കയാണ്. എന്താണ് ഇസ്രായേല്‍ എന്ന ഈ കൊച്ചു രാഷ്ട്രത്തിന്റെ മിടുക്ക്? എങ്ങനെയാണ് ഇവര്‍ക്ക് ലോകത്തെ നിയന്ത്രിക്കാന്‍ കഴിയുന്നത്?

ലോകത്തിലെ ഏറ്റവും പീഡിപ്പിക്കപ്പെട്ട ജനത ഏതാണെന്ന ചോദ്യത്തിന്, ഒരു സംശയം വേണ്ട ജൂതര്‍ എന്നായിരിക്കും ഉത്തരം. ക്രിസ്തുവിന്റെ ഘാതകര്‍ എന്ന പേരില്‍ യൂറോപ്പില്‍ ഒരു കാലത്ത് അവര്‍ ആട്ടിയോടിക്കപ്പെട്ടു. ഒരു ഗ്രാമത്തില്‍ തന്നെ എന്ത് കളവ് നടന്നാലും, ജൂതനെ പിടിച്ച് കെട്ടിയിട്ട് തല്ലിക്കൊല്ലുകയും, കൈവെട്ടുകയും ചെയ്യുന്ന ഒരു കാലം ഉണ്ടായിരുന്നു. ഇസ്ലാമിക മതശാസനകള്‍ പ്രകാരം കണ്ടിടത്തുവെച്ച് കൊല്ലപ്പെടേണ്ടവര്‍ ആണ് ജൂതര്‍. കിട്ടാവുന്നിടത്തുവെച്ചെല്ലാം ഇസാലാം ജൂതര്‍ക്കിട്ട് പണിതത് ലോക ചരിത്രം.

രണ്ടാം ലോകമഹായുദ്ധകാലത്ത് ഹിറ്റ്ലര്‍ ജൂതര്‍ക്കുനേരെ നടത്തിയ കൂട്ടക്കൊലകള്‍ കുപ്രസിദ്ധമാണേല്ലാ. ജൂത ജനസംഖ്യ മൂന്നിലൊന്നായി കുറഞ്ഞു. അങ്ങനെ സമാനതകള്‍ ഇല്ലാതെ പീഡിപ്പിക്കപ്പെട്ട ഒരു ജനതയ്ക്ക് ഒരു രാജ്യം വേണമെന്ന ആവശ്യത്തെ തുടര്‍ന്നാണ് ഇസ്രായേല്‍ പിറക്കുന്നത്. പക്ഷേ അവിടെയും തുടക്കം യുദ്ധം ആയിരുന്നു. 48 പിറന്നുവീണ ആ കൊച്ചുരാഷ്ട്രത്തെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നുൗ സിറിയും, ജോര്‍ദാനും, ഈജിപ്തും അടക്കമുള്ള ഇസ്ലാമിക രാജ്യങ്ങള്‍ ചെയ്തത്. എന്നിട്ടും ചോര ചിന്തി ഇസ്രായേല്‍ എന്ന കുഞ്ഞന്‍ രാജ്യം ജയിച്ചുകയറി! പിന്നീട് 67-ലും 71-ലും യുദ്ധം നടന്നപ്പോഴും ജയം യഹൂദര്‍ക്ക് തന്നെയായിരുന്നു.

ഇപ്പോഴിതാ ലെബനനിലെ ഹിസ്ബുള്ളയെ കുടങ്ങിയ പേജര്‍-വാക്കിടോക്കി ആക്രമണത്തിലൂടെ അവര്‍ ലോകത്തെ ഞെട്ടിക്കയാണ്. എന്താണ് ഇസ്രായേലിന്റെ കരുത്ത്? ചില ഇസ്ലാമിസ്റ്റുകള്‍ പറയുന്നതുപോലെ അത് ശരിക്കും സാത്താന്റെ രാജ്യമാണോ? പക്ഷേ സൂക്ഷ്മമായി പഠിച്ചാല്‍ ഒരുകാര്യം വ്യക്തമാവും. ശാസ്ത്രവും സാങ്കേതികവിദ്യയുമാണ് യഹൂദ രാഷ്ട്രത്തിന്റെ കരുത്ത്.

തരിശു ഭൂമിയില്‍ പൊന്ന് വിളയിച്ചവര്‍

'ഇസ്രായേല്‍ പൂക്കുകയും തളിര്‍ക്കുകയും ലോകത്തിന്റെ മുഖം നിറയ്ക്കുകയും ചെയ്യും' എന്ന ബൈബിള്‍ വചനത്തെ അന്വര്‍ത്ഥമാക്കുന്ന രീതിയാലായിരുന്നു അവരുടെ കാര്‍ഷിക വളര്‍ച്ച. വരണ്ട മണ്ണിനും, പ്രതികൂല കാലാവസ്ഥയോടും പൊരുതി നേടിയ വിജയഗാഥയാണ് ഇസ്രായേലിലെ കൃഷി. ഭൂപ്രദേശത്തിന്റെ പകുതിയിലധികവും മരുഭൂമിയാണ്. കാലാവസ്ഥയും ജലസ്രോതസ്സുകളുടെ അഭാവവും കൃഷിക്ക് അനുകൂലമല്ല. വെറും 20 ശതമാനം ഭൂമി കൃഷിയോഗ്യമായുള്ളത്. അതിലും ഉപ്പുരസമുള്ള മണ്ണാണ്. വര്‍ഷത്തില്‍ 5-6 തവണയേ മഴ ലഭിക്കുകയുള്ളു. എന്നിട്ടും ആ ഊഷരഭൂമിയെ ശാസ്ത്രത്തിന്റെ സാങ്കേതികവിദ്യയുടെയും സഹായത്തോടെ ശരിക്കും തേനും പാലുമൊലിക്കുന്ന മണ്ണാക്കുകയാണ് ആ നാട് ചെയ്തത്.

1948-ല്‍ ഇസ്രായേല്‍ സ്ഥാപിതമായപ്പോള്‍ അവിടെ എത്തിയവര്‍ വരണ്ട മണ്ണ് കണ്ട് അന്തം വിടുകയായിരുന്നു. പുക്ഷ കഠിനാധ്വാനത്തിലൂടെയും ശാസ്ത്രീയ രീതികളിലൂടെയും ആ രാജ്യം വളര്‍ന്നു. കൃഷിക്ക് ഉപയോഗിക്കുന്ന പ്രദേശം മൂന്നിരട്ടിയായിക്കി ഉയര്‍ത്തി. ഉല്‍പ്പാദനം 16 മടങ്ങ് വര്‍ദ്ധിച്ചു. വെള്ളത്തില്‍ ഉപ്പിന്റെ അംശമുള്ളതിനാല്‍ ഫില്‍റ്റര്‍ ചെയ്ത് ശുദ്ധീകരിച്ചാണ് കൃഷിയിടത്തില്‍ ഉപയോഗിക്കുന്നത്. കംപ്യൂട്ടര്‍ നിയന്ത്രിത ഡ്രിപ്പ് ഇറിഗേഷന്‍, ചോര്‍ച്ചയ്ക്കുള്ള കംപ്യൂട്ടറൈസ്ഡ് മുന്‍കൂര്‍ മുന്നറിയിപ്പ് സംവിധാനങ്ങള്‍, വിള-ജല സമ്മര്‍ദ്ദം കണ്ടെത്തുന്നതിനുള്ള തെര്‍മല്‍ ഇമേജിംഗ്, ജൈവ കീട നിയന്ത്രണം, അത്യല്‍പ്പാദനശേഷിയുള്ള വിത്തുകള്‍, എന്നിവ ഈ രാജ്യത്തിന്റെ സാങ്കേതിക നേട്ടങ്ങളില്‍ ഉള്‍പ്പെടുന്നു. വിപുലമായ ജലപുനരുപയോഗത്തിലൂടെയും, ഡീസാലിനേഷന്‍ പ്ലാന്റുകളിലൂടെയും ജലക്ഷാമം പരിഹരിക്കപ്പെടുന്നു.

ഇസ്രായേലി ഡ്രിപ്പ്, മൈക്രോ ഇറിഗേഷന്‍ സൊല്യൂഷനുകള്‍ ലോകമെമ്പാടും അതിവേഗം വ്യാപിച്ചു. ഇസ്രയേലി കമ്പനിയായ നെറ്റാഫിം ഡ്രിപ്പ് ഇറിഗേഷനില്‍ ലോകത്തിലെ നമ്പര്‍ വണ്‍ ആണ്. എതിര്‍ പ്രാണികളെയും മൂങ്ങകളെയും മറ്റും ഉപയോഗിച്ചുള്ള ജൈവ കീടനിയന്ത്രണവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇന്നും ബജറ്റിന്റെ 17 ശതമാനം കാര്‍ഷിക ഗവേഷണത്തിനാണ് ഈ രാജ്യം ചെലവിടുന്നത്. ജനിതക സാങ്കേതിക വിദ്യയിലും രാജ്യം നമ്പര്‍ വണ്‍ ആണ്. ഇസ്രായേല്‍ ലോകത്തിന് അതിശയകരമായ ചില പുതിയ കാര്‍ഷിക ഉല്‍പ്പന്നങ്ങളും ഈ നല്‍കി. ഉദാഹരണത്തിന്, വിത്തില്ലാത്ത ഹാര്‍ഡി ബെറ്റ് ആല്‍ഫ കുക്കുമ്പര്‍, സ്വാദിഷ്ടമായ വലിയ തണ്ണിമത്തന്‍, വിറ്റാമിന്‍ സി കൂടുതല്‍ അടങ്ങിയ കറുത്ത തക്കാളി, വിത്തില്ലാത്ത കുരുമുളക് തുടങ്ങിയ നിരവധി കാര്‍ഷിക അത്ഭുതങ്ങള്‍ ഇവിടെയുണ്ടായി.

വിപണി കിട്ടാന്‍ കര്‍ഷകര്‍ ഓടിനടക്കേണ്ട കാര്യവും ഇവിടെയില്ല. കിബുട്ട് കമ്മ്യൂണിറ്റിയുടെ വിപണന മാര്‍ക്കറ്റ് അത്തരത്തിലുള്ളതാണ്. സ്വന്തമായി ഉല്‍പാദിപ്പിക്കുന്നതെല്ലാം അവര്‍ ആ മാര്‍ക്കറ്റിലൂടെ വില്‍പന നടത്തുന്നു. കൃഷിയിടത്തിനും നഗരത്തിനും ഇടയിലാണ് ഈ മാര്‍ക്കറ്റ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടുതന്നെ വില്‍പനയ്ക്ക് ബുദ്ധിമുട്ടില്ല. നമ്മുടെ നാട്ടില്‍ പലപ്പോഴും വില്‍പനയ്ക്കാണ് കര്‍ഷകര്‍ ബുദ്ധിമുട്ടുന്നത്. മാത്രമല്ല വിളകള്‍ക്ക് താങ്ങുവില നിശ്ചയിച്ച് ഇസ്രായേല്‍ സര്‍ക്കാര്‍ കര്‍ഷകരെ പിന്തുണക്കുന്നുണ്ട്

വെള്ളത്തിനും വളത്തിനും നോട്ടിഫിക്കേഷന്‍

നമ്മുടെ നാട്ടിലെപോലെ കൈക്കോട്ടും കുട്ടയുമൊന്നുമല്ല ഇവിടുത്തെ കര്‍ഷന്റെ പ്രധാന ആയുധം. മൊബൈല്‍ ഫോണ്‍ ആണ്! ഇസ്രായേലില്‍ കൃഷി പൂര്‍ണമായും ഓട്ടോമേറ്റഡ് ആണ്. ആധുനിക സാങ്കേതിക വിദ്യകളുപയോഗിച്ച് കര്‍ഷകര്‍ക്ക് വീട്ടിലിരുന്ന് തന്നെ ഓരോ ദിവസവും തങ്ങളുടെ വിളകള്‍ക്ക് ആവശ്യമായ വളവും വെള്ളത്തിന്റെ അളവും അറിയാനാകും. ഇതുമൂലം കോവിഡ് കാലത്ത് കര്‍ഷകര്‍ക്ക് വീട്ടിലിരുന്നു കൊണ്ടും കൃഷിയില്‍ ശ്രദ്ധിക്കനായി. കൊറോണക്കാലത്ത് ലോകം മുഴുവന്‍ കൃഷിയില്‍ പിറകോട്ട് അടിച്ചപ്പോള്‍, ഇസ്രയേലിന് മാത്രം ഒരു കുഴപ്പവും പറ്റിയില്ല. അരുടെ മൊബൈലില്‍ ചെടികളുടെ വളര്‍ച്ചയെക്കുറിച്ചും, വളത്തിന്റെയും വെള്ളത്തിന്റെയും അളവ് കൂടിയാലും കുറഞ്ഞാലുമെല്ലാം നോട്ടിഫിക്കേഷന്‍ വരും. പക്ഷെ ഇതിന്റെ ഇന്‍സ്റ്റല്ലേഷന്‍ - മെയിന്റനന്‍സ് ചെലവ് പ്രതിവര്‍ഷം മൂന്ന് ലക്ഷം വരെ വരുന്നുണ്ട്. പക്ഷേ ഇതിന് കൊടുക്കുന്ന മനുഷ്യഅധ്വാനം വെച്ചുനോക്കുമ്പോള്‍ ലാഭമാണ്.

ഇസ്രായേലിലെ തക്കാളിച്ചെടികള്‍ക്ക് രണ്ടരയടി ഉയരം കാണുമെന്നാണ് അവിടം സന്ദര്‍ളിച്ചവര്‍ പറയുന്നത. വള്ളിച്ചെടികള്‍ പോലെയാണ് അവ നീണ്ട് പോകുക. അവയെ കയര്‍കെട്ടി പ്രത്യേക രീതിയിലാണ് അവര്‍ പരിപാലിക്കുക. ഒരു ചെടിയില്‍ നിന്നും ഏകദേശം 150-ല്‍ കൂടുതല്‍ തക്കാളികള്‍ ലഭിക്കും. അവയ്ക്ക് 500 മില്ലി വെള്ളമാണ് ഒരു ദിവസം ആവശ്യമെങ്കില്‍ അത് മാത്രമേ അവര്‍ നല്‍കുകയുള്ളു. ഒരിക്കലും അതില്‍ കുറവോ അധികമോ വെള്ളം നല്‍കില്ല. ഒരു ദിവസം ആവശ്യമായ പൊട്ടാഷ്യം-യൂറിയയുടെ അളവ് അവര്‍ക്ക് നോട്ടിഫിക്കേഷന്‍ വരും. അത് അന്ന് നല്‍കുന്ന വെള്ളത്തില്‍ കലര്‍ത്തി നല്‍കുമെന്നല്ലാതെ വേറെ വെള്ളം ചേര്‍ത്ത് തളിക്കുകയില്ല. എല്ലാം ആവശ്യത്തിന് മാത്രം നല്‍കുക എന്നതാണ് അവരുടെ രീതി. ഒന്നും അധിമാക്കി വേസ്റ്റ് ചെയ്യില്ല. ഓരോ ദിവസവും ചെടികള്‍ക്ക് ആവശ്യമായത് എന്താണ് എന്നത് കൃത്യമായി മോണിറ്റര്‍ ചെയ്ത് അത് കൃത്യമായ ഇടവേളകളില്‍ ചെടികള്‍ക്ക് നല്‍കും. അതില്‍ അവര്‍ ഒരു കോംപ്രമൈസും ചെയ്യുകയില്ല.റോബോട്ടിക് കൃഷിരീതികളും വ്യാപകമാണ്.

കേരളത്തില്‍ നിന്ന് കൃഷിവകുപ്പ് വഴി ഇസ്രയേല്‍ സന്ദര്‍ശിച്ച ആളുകള്‍ തങ്ങളുടെ അനുഭവം പറയുന്നത് നോക്കകു.-'' ഞങ്ങള്‍ ആദ്യയി സന്ദര്‍ശിച്ചത് ഒരു അവ്ക്കാഡോ തോട്ടമാണ്. 2000 ഹെക്ടറോളം സ്ഥലത്തായി പരന്നുകിടക്കുന്ന ഫാമായിരുന്നു അത്. 100 ഹെക്ടര്‍ സ്ഥലത്ത് ഒരു ജോലിക്കാരന്‍ എന്ന രീതിയിലാണ് അവിടെ ജോലിക്കാരുള്ളത്. അതായത് 2000 ഹെക്ടര്‍ സ്ഥലം പരിപാലിക്കാന്‍ വെറും 20 പേര്‍ മാത്രം. അതുപോലെ ദീര്‍ഘകാല വിളകള്‍ നടുന്നതിനു മുന്‍പ് അവര്‍ ഇരുപതോളം കാര്യങ്ങള്‍ പരിശോധിക്കുന്നുണ്ട്. വെള്ളത്തിന്റെ ലഭ്യത, വെയിലിന്റെ ലഭ്യത, മണ്ണിന്റെ ഘടന എന്നിങ്ങനെ ഇരുപതോളം കാര്യങ്ങള്‍ കുഴി എടുക്കുന്നതിനുമുന്‍പുതന്നെ പരിശോധിക്കുന്നു. അതുപോലെ 50 മരങ്ങള്‍ക്കിടയില്‍ ഒന്ന് എന്ന രീതിയില്‍ ഡെന്‍ഡ്രോമീറ്റര്‍ സ്ഥാപിച്ചിട്ടുണ്ട്. ഓരോ ദിവസം അവിടുള്ള മരങ്ങള്‍ക്ക് എത്രത്തോളം വെള്ളം ആവശ്യമാണെന്ന് പമ്പ് ഹൗസിലേക്ക് റിപ്പോര്‍ട്ട് കൊടുക്കുന്നത് ഈ സംവിധാനമാണ്. അതനുസരിച്ചാണ് നന. വളവും കാര്യങ്ങളുമെല്ലാം നല്‍കുന്നതും ഇതേ സംവിധാനത്തിലൂടെ.

പോളിഹൗസ് തോട്ടങ്ങള്‍ കംപ്യൂട്ടര്‍ നിയന്ത്രണത്തിലൂടെയാണ് പ്രവര്‍ത്തിക്കുന്നത്. അകദേശം 25000 ച.അടി വിസ്തീര്‍ണമുള്ള ഈ കൃഷിയിടത്തില്‍ ആകെയുള്ളത് ഒരു സഹായി മാത്രമാണ്. എല്ലാം കൃത്യതയോടെയും കംപ്യൂട്ടര്‍ നിയന്ത്രണത്തിലൂടെയും ശാസ്ത്രീയമായി ചെയ്യുന്നതുകൊണ്ടുതന്നെയാണ് അവിടെ തൊഴിലാഴികളുടെ എണ്ണം പരിമിതപ്പെടുത്താന്‍ കഴിയുന്നത്. അതുകൊണ്ടുതന്നെ ഉല്‍പന്നവിലയിലും ആ വ്യത്യാസം കാണാം.''- ഈ അനുഭവങ്ങളൊക്കെ വായിക്കുമ്പോഴാണ് കേരളം ആധുനിക കൃഷിയില്‍ എത്രമാത്രം പിറകിലാണെന്ന് നാം അറിയുന്നത്.

ലോകത്തിലെ ഏറ്റവും പാലു തരുന്ന പശു

മാംസ ഉല്‍പ്പാദനത്തിലും ഇന്ന് യഹൂദ രാഷ്ട്രം ഏറെ മുന്നിലാണ്. 1998-ല്‍ ഇസ്രായേലി ബീഫ് ഉപഭോഗത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും ഇറക്കുമതി ചെയ്തിരുന്നു, എന്നാല്‍ ഇന്ന് രാജ്യത്തെ പുതിയ ബീഫ് വിതരണത്തിന്റെ പകുതിയോളം പ്രാദേശിക ഉത്പാദകരില്‍ നിന്നാണ്. ലോകത്തിലെ ഒരു മൃഗത്തിന് ഏറ്റവും കൂടുതല്‍ പാല്‍ ഉത്പാദിപ്പിക്കുന്ന മൃഗം എന്ന പേരും ഇസ്രായല്‍ പശുക്കള്‍ക്കാണ്.

ആയിരത്തോളം പശുക്കളുള്ളതാണ് ഈ നാട്ടിലെ ഒരു ശരാശരി ഡെയറി ഫാം എന്നാണ് ഇവിടം സന്ദര്‍ശിച്ചവര്‍ പറയുന്നത്. കഴുത്തിലോ മൂക്കിലോ കയറുകളില്ല. വലിയ ഷെഡ്ഡിലൂടെ അവര്‍ ആവശ്യാനുസരണം നടക്കുന്നു . അതുപോലെ ചാണകം വാരുന്ന രീതിയും അവിടെയില്ല. വര്‍ഷത്തില്‍ രണ്ടു തവണ മാത്രമാണ് ഷെഡ്ഡിലെ ചാണകം നീക്കം ചെയ്യുന്നത്. ഇടയ്ക്ക് യന്ത്രം ഉപയോഗിച്ചു നിലം പൂട്ടുന്നുണ്ട്. പശുവിന്റെ ഓരോ കാര്യങ്ങളും അറിയാന്‍ കാലില്‍ ഘടിപ്പിച്ചിരിക്കുന്ന സെന്‍സര്‍ സഹായിക്കും. അതുപോലെ തീറ്റ ടിഎംആര്‍ രീതിയില്‍ നല്‍കുന്നത്. കുളിപ്പിക്കുന്ന രീതിയും അവിടെ കണ്ടില്ല. കറവ സമയത്ത് അകിട് വൃത്തിയാക്കി യന്ത്രം ഘടിപ്പിക്കുന്നു. 1000 പശുക്കളുള്ള ഫാമിലെ ജോലിക്കാരുടെ എണ്ണം വെറും 10 ആണ്.

രാവിലെ, ഉച്ചക്ക്, വൈകുന്നേരം എന്ന കണക്കില്‍ മൂന്ന് നേരമാണ് പാല്‍ കറക്കുക. മെഷീന്‍ സംവിധാനം ഉപയോഗിച്ചാണ് കറവ. ഒരു പശുവില്‍ നിന്നും 50-60 ലിറ്റര്‍ പാല്‍ വരെ ഒരു ദിവസം ലഭിക്കും. 350 പശുക്കളുള്ള ഫാമില്‍ രണ്ട് തൊഴിലാളികള്‍ മാത്രമാണുള്ളത്. എന്തെന്നാല്‍ പശുക്കളുടെ തീറ്റ നല്‍കുന്നത് മുതല്‍ കറവ വരെ ഓട്ടോമേറ്റഡ് സിസ്റ്റം ആണ്. അതിന്റെയെല്ലാം മേല്‍നോട്ടം മാത്രമാണ് തൊഴിലാളികളുടെ ഡ്യൂട്ടി. മറ്റൊരു ശ്രദ്ധേയമായ കാര്യമെന്തെന്നാല്‍ അവര്‍ പശുക്കളെ കുളിപ്പിക്കുകയില്ല. അവയുടെ തൊലിപ്പുറത്ത് രൂപപ്പെടുന്ന ഒരു പ്രത്യേകതരം കൊഴുപ്പ് അവയെ കുളിപ്പിച്ചാല്‍ നഷ്ടമാകും. ആ കൊഴുപ്പ് കളയാതെ കാത്ത് സംരക്ഷിച്ചാല്‍ ചെള്ളും മറ്റ് കീടങ്ങളുടെയും ആക്രമണങ്ങള്‍ തടയാം, അതുവഴി പശുക്കള്‍ക്ക് രോഗവും വരില്ല.

ഡെയറി ഫാമിലെ പ്രവര്‍ത്തനങ്ങള്‍ പോലെ തന്നെയാണ് മുട്ടക്കോഴി ഫാമിലും. 10000 മുട്ടകളുല്‍പാദിപ്പിക്കുന്ന ഫാം. തീറ്റയും വെള്ളവുമെല്ലാം ഓട്ടോമാറ്റിക് ആയി കോഴികളുടെ മുന്‍പിലെത്തും. മുട്ടകളാവട്ടെ കണ്‍വേയര്‍ ബെല്‍റ്റിലൂടെ വന്ന് കൃത്യമായി തരംതിരിച്ച് ട്രേകളില്‍ അടുക്കുന്നു. ഇവിടെ ജീവനക്കാരുടെ എണ്ണം രണ്ട് ആണ്.

സ്ട്രോബെറി ഫാമികളിയൊക്കെ. പോളിഹൗസില്‍ ഹൈഡ്രോപോണിക്സ് രീതിയിലായിരുന്നു കൃഷി. ഇവിടെ പരാഗണത്തിനായി ഉപയോഗിക്കുന്നത് തേനീച്ചകളെയാണ്. സാധാരണ തേന്‍ശേഖരണമുള്ള തേനീച്ചകളെയാണ് നാം ഉപയോഗിക്കുന്നതെങ്കില്‍ ഈ ഫാമിലെ തേനീച്ചകള്‍ അവരുടെ ആവശ്യങ്ങള്‍ക്കു മാത്രമാണ് തേന്‍ ശേഖരിച്ചുവയ്ക്കൂ എന്ന പ്രത്യേകതയുണ്ട്. ഇതിലൂടെ പരാഗണം എന്ന ഗുണം മാത്രമാണ് കര്‍ഷകന് ലഭിക്കുക

കണ്ടുപിടുത്തങ്ങളിലെ രാജാക്കന്‍മ്മാര്‍

ഇതുപോലെ എല്ലായിടത്തും ശാസ്ത്രത്തിന്റെയും സാങ്കേതിവിദ്യയുടെയും സാധ്യകള്‍ ഉപയോഗിച്ചാണ് ഇസ്രായേല്‍ മുന്നേറിയത്്. ജുതജനതയെ കണ്ടുപിടുത്തതിന്റെ രാജാക്കന്‍മ്മാര്‍ എന്ന് ഒറ്റവാക്കില്‍ വിശേഷിപ്പിക്കാം.ഇസ്രയേല്‍ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌ക്കരിച്ചാല്‍ നിങ്ങള്‍ക്ക് വാട്‌സാപ്പ് തൊട്ട് എടിഎം വരെ ഉപയോഗിക്കാന്‍ കഴിയില്ല. ഗസ്സയിലടക്കം യുദ്ധം മൂര്‍ഛിക്കുന്ന സമയത്തൊക്കെ ഇടക്കിടെ ഉയര്‍ന്നവരുന്ന ഒരു കാര്യമാണ് ഇസ്രയേല്‍ ഉല്‍പ്പന്ന ബഹിഷ്‌ക്കരണം. മക്‌ഡോണള്‍ഡ്‌സ് മുതല്‍ പ്യൂമ വരെ പ്രമുഖ സ്ഥാപനങ്ങും, സ്റ്റാര്‍ബക്സ് കോഫിയുമൊക്കെ ഇങ്ങനെ ലോകവ്യാപകമായി ഇസ്ലാമിക ഗ്രൂപ്പുകളുടെ ബഹിഷ്്ക്കരണ ഭീഷണി നേരിടുന്നവയാണ്. പക്ഷേ രാജ്യത്തിന്റെ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌ക്കരിച്ചുകൊണ്ട്, നമുക്ക് ജീവിക്കാന്‍ കഴിയില്ല.

ടെക്ക്നോളജിയില്‍ അത്രയേറെ മുന്നിലാണ് അവര്‍. സ്വതന്ത്രചിന്തകനും എഴുത്തുകാരനുമായ ടോമി സെബാസ്റ്റിയന്‍ ഇതു സംബന്ധിച്ച് എഴുതിയ പോസ്റ്റ് വൈറലായിരുന്നു. വോയിസ് ഓവര്‍ ഇന്റര്‍നെററ് പ്രോട്ടോക്കോള്‍ എന്ന സാങ്കേതികവിദ്യ കണ്ടെത്തിയത് ഇസ്രായേല്‍ ആണ്. നിങ്ങള്‍ വാട്‌സ്ആപ്പ് ഉപയോഗിക്കുമ്പോള്‍ അതിന്റെ ബൗദ്ധികഅവകാശ വിഹിതം ഇസ്രായേലിന് കിട്ടിക്കൊണ്ടിരിക്കുന്നുണ്ട്. മൊബൈല്‍ ഫോണുകളും കമ്പ്യൂട്ടറുകളിലും ഉപയോഗിക്കുന്നു മൈക്രോപ്രൊസസറുകള്‍ ഇതൊക്കെ ഇസ്രായേലി ഉല്‍പ്പന്നങ്ങളാണ്.

വേയ്‌സ് എന്ന പേരില്‍ ഇസ്രായേലി കമ്പനി ആരംഭിച്ച നാവിഗേറ്റര്‍ സോഫ്റ്റ്വെയര്‍ ആണ് പിന്നീട് ഗൂഗിള്‍ മാപ്പ് ആയി മാറിയത്. നിങ്ങള്‍ അത് ഉപയോഗിക്കുമ്പോഴും അതിന്റെ ലാഭവിഹിതം ഇസ്രായേലിന് കിട്ടുന്നുണ്ട്. യുസ്ബി ഡ്രൈവ് ഡേറ്റ കോപ്പി ചെയ്യാനും ട്രാന്‍സ്ഫര്‍ ചെയ്യാനുമുള്ള വിദ്യ ഇസ്രുയലിന്റെതാണ്. കമ്പ്യൂട്ടറില്‍ ഉപയോഗിക്കുന്ന ഫയര്‍വാള്‍ വിപിഎന്‍ സൗകര്യങ്ങളും അവരുടേതാണ്. അതുപോലെ, സോളാര്‍ ഹീറ്റിംഗ് പാനലുകള്‍, കാറുകളില്‍ ഉപയോഗിക്കുന്ന സെന്‍സറുകള്‍, വാട്ടര്‍ പ്യൂരിഫയര്‍,

ം ഇലക്ട്രിക് കാര്‍ ചാര്‍ജ് ചെയ്യാന്‍ ഉപയോഗിക്കുന്ന സാങ്കേതികവിദ്യ, കാറിന്റെ ഇമ്മൊബിലൈസര്‍, സെന്‍ട്രല്‍ ലോക്കിങ്ങ് സിസ്റ്റ്ം എന്നിവയൊക്കെ ഇസ്രായേല്‍ കമ്പനികളുടെ കണ്ടുപിടുത്തങ്ങളാണ്.

അതുപോലെ വൈദ്യരംഗത്തും ഒരുപാട് സംഭാവനകള്‍ ഇസ്രയേലിന്‍െതായിട്ടുണ്ട്. എമര്‍ജന്‍സി ബാന്‍ഡേജ് തൊട്ട് എന്‍ഡോസ്‌കോപ്പി ഉപകരം വരെ അതില്‍പെടുന്നു. അതുപോലെ ഇന്ന് ഏറ്റവും കൃത്യമായ ഇമേജ് തരുന്ന നാനോക്‌സ് എക്‌സ് റേഎക്‌സറേ മിഷ്യനും ഇസ്രയേലിന്റെ സൃഷ്ടിയാണ്. ചുരക്കിപ്പറഞ്ഞാല്‍ ഇസ്രായേല്‍ വില്‍ക്കുന്ന സാധനം വേണ്ട എന്നു പറഞ്ഞാല്‍ നമുക്ക് ജീവിക്കാനാവില്ല.


മൊസാദ്: മരണത്തിലെ കൃത്യത

ഏത് കാര്യത്തിലുമെന്നപോലെ ആയുധങ്ങളുടെ കാര്യത്തിലും, ചാരപ്രവര്‍ത്തനത്തിന്റെ കാര്യത്തിലും ഇസ്രയേല്‍ നമ്പര്‍ വണ്‍ ആണ്. അതിന്റെ ഉദാഹരണമാണ് അമേരിക്കപോലും പേടിക്കുന്ന, മെര്‍ക്കാസി ലെ-മോദീന്‍ ഉലെ-തഫ്കിദിം മെയുഹാദിം എന്ന പൂര്‍ണ്ണ നാമധേയമുള്ള മൊസാദ് എന്ന ചാര സംഘടന. ഇന്ന് ഡ്രോണ്‍ നിയന്ത്രണത്തിലാണ് മൊസാദിന്റെ കൊലകള്‍. ആളെവിട്ട് കൊല്ലിക്കുന്ന രീതിയൊക്കെ അവര്‍ എന്നോ വിട്ടു. ഒരാളെ കൊല്ലണമെങ്കില്‍, ഉപഗ്രഹ നിയന്ത്രിത സംവിധാനം വഴിയുള്ള ഡ്രോണില്‍നിന്നായിരിക്കും ഇനി വെടിയുണ്ട വിരിക! കൊലപാതകത്തിലും നൂതന സാങ്കേതിവിദ്യയും, തികഞ്ഞ പ്രൊഫഷണലിസവുമാണ് മൊസാദിന്റെ രീതി.

വിഷം കലര്‍ത്തിയ ടൂത്ത് പേസ്റ്റ്, ആയുധധാരികളായ ഡ്രോണുകള്‍, പൊട്ടിത്തെറിക്കുന്ന മൊബൈല്‍ ഫോണുകള്‍, റിമോട്ട് കണ്‍ട്രോള്‍ ബോംബ് ഘടിപ്പിച്ച സ്‌പെയര്‍ ടയറുകള്‍ ഇങ്ങനെ പല ആയുധങ്ങളും മൊസാദിനുണ്ട്. വിഷ സൂഷി മുതല്‍ ചാരസുന്ദരികള്‍വരെ മൊസാദിന് ആയുധമാണ്. ഇരുചെവിയറിയാതെ ശത്രുവിനെ ഉന്മൂലനം ചെയ്യാനുള്ള മൊസാദിന്റെ മാസ്റ്റര്‍പീസ് രീതികളിലൊന്നാണത്രെ വിഷസൂചിപ്രയോഗം. ഒരു പുഷ്പംപോലെ കൊല്ലുക എന്നതാണ് അവരുടെ രീതി. 2010 ജനുവരി 20ന് ദുബൈയില്‍വെച്ച് ഹമാസ് നേതാവ്, മഹ്‌മൂദ് അബ്ദുല്‍ റഹൂഫ് മുഹമ്മദ് ഹസ്സനെ കൊലപ്പെടുത്തിയത് അങ്ങനെയാണ്. ഹോട്ടല്‍ മുറിയില്‍ ഉറങ്ങാന്‍ പോയ മഹമൂദ് പിറ്റേദിവസം ഹൃദയാഘാതം വന്ന് മരിച്ചെന്നായിരുന്നു ആദ്യ നിഗമനം. എന്നാല്‍ വൈകതെ ഇത് മൊസാദ് നടത്തിയ കൊലയാണെന്ന് തെളിഞ്ഞു. എന്തിനുംപോന്ന ട്രെയിന്‍ഡ് ചാര വനിതകള്‍ക്ക് പുറമേ, ലോകമെമ്പാടും മൊസാദിന് പെയിഡ് ചാരസുന്ദരികള്‍ ഉണ്ട്. മൊസാദ് ഒരു കാര്യം പറഞ്ഞാല്‍ ഹണി ട്രാപ്പിലുടെയാണെങ്കിലും അവര്‍ കാര്യം നടത്തിത്തരും. അതുപോലെ കോടിക്കണക്കിന് ഡോളര്‍ കൊടുത്ത് മൊസാദ് വളര്‍ത്തുന്ന പെയ്ഡ് ചാരന്‍മ്മാരും ലോകത്തിന്റെ വിവിധ കോണുകളിലുണ്ട്. ഈജിപ്ഷ്യന്‍ പ്രസിഡന്റ് നാസറിന്റെ മരുമകനെപ്പോലും പണം നല്‍കി അവര്‍ കൂറുമാറ്റിയിരുന്നു. വെറും പണം മാത്രമല്ല ആജീവനാന്ത പ്രൊട്ടക്ഷനും മൊസാദ് നല്‍കും. മൊസാദ് വാക്കുപറഞ്ഞാല്‍ വാക്കാന്. നിങ്ങുടെ രൂപം തന്നെ മാറ്റി മറ്റൊരു ഐഡന്റിറ്റിയില്‍ ജീവിക്കാനുള്ള അവസരം നല്‍കും.

അതുപോലെ മേക്ക്ഓവര്‍ ആണ് മൊസാദിന്റെ മറ്റൊരു പ്രത്യേക. സിഖുകാരനെ ആഫ്രിക്കക്കാരനാക്കാന്‍ മൊസാദ് ടീമിനെ് ഞൊടിയിട മതി. ഇന്ന് ഡ്രോണുകളും, ഉപഗ്രഹ സാങ്കേതികവിദ്യയുമാണ് മൊസാദിന്റെ ബലം. ഒരുസ്ഥലത്ത് ഒരു കമാന്‍ഡോ പോകേണ്ട കാര്യം പോലുമില്ല. ആകാശത്ത് ജിയോസ്റ്റേഷനറി സാറ്റലൈറ്റുകളിലുടെ ആയിരിക്കണക്കിന് ക്യാമറകളിലൂടെ ലോകം നിരീക്ഷിക്കുന്നുണ്ട് ഇസ്രായോല്‍. അങ്ങനെയാണ് അവര്‍ കാര്‍ഗില്‍ നുഴഞ്ഞുകയറ്റംപോലും കണ്ടെത്തിയത്. മുസ്ലീം പുരോഹിതന്മാരുടെ രഹസ്യ പ്രണയബന്ധങ്ങള്‍ അന്വേഷിക്കുകയും ഇസ്രയേല്‍ ചെയ്യുന്നുണ്ട്. പലരെയും ഹണിട്രാപ്പിലും പെടുത്തി രഹസ്യങ്ങള്‍ ചോര്‍ത്തി. ഇന്ന് അമേരിക്കുപോലും ചാരപ്പണിയില്‍ അറിവ് നല്‍കുന്നത് ഈ കുഞ്ഞന്‍ രാഷ്ട്രമാണ്. എന്നാല്‍ 2001 സെപ്റ്റംബര്‍ 11ലെ ഭീകരാക്രമണത്തിന് ശേഷം ഇസ്രയേലിന്റെ രീതികള്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു ബുഷ് ഉപയോഗിച്ച് തുടങ്ങികമാന്‍ഡ്, കണ്‍ട്രോള്‍ സംവിധാനങ്ങള്‍, വിവര ശേഖരണ രീതികള്‍, വാര്‍ റൂമുകള്‍, ഡ്രോണുകള്‍, മറ്റ് സാങ്കേതികവിദ്യകള്‍ തുടങ്ങി യുഎസ് സൈന്യം ഉപയോഗിക്കുന്ന പലതും ഇസ്രയേല്‍ വികസിപ്പിച്ചതാണ്.

വാണിജ്യ- വ്യവസായ ആവശ്യത്തിന് എന്നപോലെ ഡമ്മി കമ്പനികളും ഇസ്രയേലിന് ഉണ്ട്. 1970കളില്‍ മോസാദ് ഓപ്പറേഷന്‍സ് തലവന്‍ വിദേശ രാജ്യങ്ങളില്‍ വാണിജ്യ കമ്പനികള്‍ തുറന്നു. ഭാവിയിലെ ആവശ്യങ്ങള്‍ ലക്ഷ്യം വച്ചായിരുന്നു ഇത്. മൊസാദിന്റെ മിഡില്‍ ഈസ്റ്റേണ്‍ ഷിപ്പിംഗ് ബിസിനസ് യെമനിലെ ഇടപെടലിന് അവര്‍ക്ക് സഹായമായി. ഇപ്പോള്‍ ഹിബുല്ലയുടെ പേജര്‍ ഓപ്പറേഷന് പിന്നിലും ഇത്തരം ചില ഇടപെടലാണെന്നാണ് സംശയം. മൊസാദിലെ 40 ശതമാനം ജീവനക്കാരും വനിതകളാണ്. തീര്‍ന്നില്ല മൊസാദിന്റെ തലപ്പത്തുള്ള 24 ശതമാനം പേരും സ്ത്രീകളാണ്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഈ ചാരംഘടനയില്‍ അംഗമായിരുന്ന സില്‍വിയ റാഫേല്‍ എന്ന സുന്ദരി മ്യൂണിക്ക് ഒളിമ്പിക്സ് വേദിയില്‍ ഇസ്രയേല്‍ അത്ലറ്റുകളെ വധിച്ചവരില്‍ 3 പേരെ പിടികൂടി വധിച്ചത് ചരിത്രമാണ്.നോര്‍വ്വേ സര്‍ക്കാര്‍ ഇവരെ പിടികൂടി എങ്കിലും ഒടുവില്‍ ഇസ്രയേല്‍ ഇവരെ നാട്ടിലേക്ക് കൊണ്ട് വരികയായിരുന്നു.

മൊസാദിന്റെ ചാര സുന്ദരിമാര്‍ ഇന്നും ഒരത്ഭുത പ്രതിഭാസമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. ഏത് രാജ്യത്തും ഇവരെത്തും ശത്രുരാജ്യങ്ങളിലെ ഉന്നത നേതാക്കളും സൈനിക മേധാവികളുമായെല്ലാം ഇവര്‍ തേന്‍കെണിയൊരുക്കി ചങ്ങാത്തം കൂടും. അങ്ങനെ അവിടുത്തെ രഹസ്യങ്ങളെല്ലാം ചോര്‍ത്തിയെടുക്കും. എന്നാല്‍ ഇവര്‍ക്ക് ഈ പ്രമുഖരോട് കിടക്ക പങ്കിടാന്‍ മൊസാദ് ഒരിക്കലും അനുവാദം നല്‍കാറില്ല. ലബനനില്‍ നടന്ന സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ നടത്തിയ അന്വേഷണങ്ങള്‍ ഒടുവില്‍ ചെന്നെത്തിയത് ഒരു അതിസുന്ദരിയിലേക്കാണ്. ക്രിസ്റ്റിയാന ബാര്‍സണി ആര്‍സിഡയകോനോ എന്നാണ് ഈ നാല്‍പ്പതുകാരിയുടെ പേര്. ലോകത്തെ എല്ലാ രാജ്യങ്ങളിലും പറന്ന് നടക്കുന്ന ഒരു വനിത എന്നാണ് ഇവരെ പലരും വിശേഷിപ്പിക്കുന്നതും. ക്രിസ്റ്റിയാന എന്തായാലും ഒരു പ്രഹേളികയാണ്. ആരാണ് ഇവര്‍ എന്ന് ഇന്ന് ലോകമെമ്പാടമുള്ള മാധ്യമപ്രവര്‍ത്തകര്‍ തെരയുകയാണ്. എന്നാല്‍ ആര്‍ക്കും പിടികൊടുക്കാതെ ഇപ്പോഴും ഇവര്‍ എവിടെയോ മറഞ്ഞിരിക്കുകയാണ്. ചുരുക്കിപ്പറഞ്ഞാല്‍ എന്താണ് ഇസ്രായേലിന്റെ രഹസ്യം എന്നു ചോദിച്ചാല്‍, കഠിനാധ്വാനം, അര്‍പ്പണ ബോധം, ശാസ്ത്രീമായ കാഴ്ചപ്പാട്, നൂതന സാങ്കേതിക വിദ്യകള്‍ എന്ന് തന്നെയാണ് പറയാന്‍ കഴിയുക.

വാല്‍ക്കഷ്ണം: കേരളത്തില്‍ ഇടതുപക്ഷവും വലതുപക്ഷവും ഒരുപോലെ വെറുപ്പോടെ കാണുന്ന രാജ്യമാണ് ഇസ്രായേല്‍. അവരുടെ രാഷ്ട്രീയം അവിടെ നില്‍ക്കട്ടെ. അവര്‍ കൃഷിയിലടക്കം കൊണ്ടുവന്ന് മാറ്റങ്ങള്‍ അനുകരിക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ നമ്മുടെ നാട് എന്നേ മാറിയേനെ. നമ്മള്‍ ഇപ്പോഴും ചാണകവും, കൈക്കോട്ടുമായുള്ള പഴയ മോഡലില്‍ തന്നെയല്ലേ!

Tags:    

Similar News