ഡ്രഗ് പാര്‍ട്ടികളുടെ കേന്ദ്രമായ ബോളിവുഡില്‍ ഇതാ മദ്യപിക്കാത്ത പുകവലിക്കാത്ത ഒരു നടന്‍! ലംബോര്‍ഗിനിയിലല്ല, യാത്ര സാദാ പിക്കപ്പ് ട്രക്കില്‍; ഏതാനും ജോഡി വസ്ത്രങ്ങളും സാധാരണ ചെരുപ്പുമുള്ള മിഡില്‍ ക്ലാസുകാരന്‍; പാതി മലയാളിയായ ജോണ്‍ എബ്രഹാം വ്യത്യസ്തനായ ഒരു സൂപ്പര്‍ സ്റ്റാര്‍
പാതി മലയാളിയായ ജോണ്‍ എബ്രഹാം വ്യത്യസ്തനായ ഒരു സൂപ്പര്‍ സ്റ്റാര്‍
നീളന്‍ മുടിയും, പരുക്കന്‍ ഭാവുമായി, സൂപ്പര്‍ ബൈക്കുകളില്‍ വന്ന് കൊള്ള നടത്തി അതിവേഗം രക്ഷപെടുന്ന 'ധും' സിനിമയിലെ ആ സുന്ദര വില്ലനെ ഓര്‍മ്മയില്ലേ! 2004-ല്‍ ഇറങ്ങിയ ധും കേരളത്തിലടക്കം തരംഗമായപ്പോള്‍ ആ പയ്യനും വലിയ ഫാന്‍ബേസാണ് ഉണ്ടായത്. പിന്നെ അവന് വെച്ചടിവെച്ചടി കയറ്റമായി. ഇന്ന് നടന്‍, നിര്‍മ്മാതാവ്, എന്നീ നിലകളിലെല്ലാം അയാള്‍ തിളങ്ങി നില്‍ക്കയാണ്. ഫിറ്റ്നെസിന്റെ കാര്യത്തിലും ഏറെ ശ്രദ്ധയുള്ള വ്യക്തിയാണ് ജോണ്‍ എബ്രഹാം. ഈ 52-ാം വയസ്സിലും സിക്സ്പാക്ക്!
പക്ഷേ നടന്‍ എന്ന നിലയില്‍നിന്ന് മാറി ഒരു ഇന്‍ഫ്ളുവെന്‍സര്‍ എന്ന നിലയില്‍ താരം ഏറെ ശ്രദ്ധനേടുകയാണിപ്പോള്‍. നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ ആത്മഹത്യയെ തുടര്‍ന്ന്, ബോല്‍വുഡിലെ സ്വജനപക്ഷപാതിത്വത്തെക്കുറിച്ചും, ഡ്രഗ് പാര്‍ട്ടികളെക്കുറിച്ചുമൊക്കെ വലിയ ചര്‍ച്ചയും വിമര്‍ശനവും വന്നിരുന്നു. സ്വയം രക്തപരിശോധന നടത്തി, മയക്കുമരുന്നിന്റെ അംശം ശരീരത്തില്‍ ഇല്ല എന്ന് തെളിയിക്കാന്‍, നടി കങ്കണ റണാവത്ത് താരങ്ങളെ വെല്ലുവിളിച്ചപ്പോള്‍ എല്ലാവരും മാളത്തില്‍ ഒളിക്കയായിരുന്നു. കൃഷ്ണമൃഗവേട്ട നടത്തിയതിനും, മദ്യപിച്ച് വാഹനമോടിച്ച് റോഡില്‍ ഉറങ്ങിക്കിടക്കുന്നവരെ അരച്ചുകൊന്ന കേസിലും പ്രതികളായ സൂപ്പര്‍ താരങ്ങളുള്ള ബോളിവുഡിലാണ്, വെജിറ്റേറിനായ, മദ്യപിക്കാത്ത പുകവലിക്കാത്ത ഒരു സൂപ്പര്‍ സ്റ്റാര്‍ നിലനില്‍ക്കുന്നത്! എന്ന് മാത്രമല്ല, ലഹരി പ്രമോട്ട് ചെയ്യുന്ന ഒരു പരസ്യത്തിലും താരം അഭിനയിക്കില്ല. മാത്രമല്ല അത്തരം പണികള്‍ എടുക്കുന്നവരെ, മുഖം നോക്കാതെ വിമര്‍ശിക്കാനും താരത്തിന് മടിയില്ല. ശരിക്കും ഒരു വ്യത്യസ്തനായ സൂപ്പര്‍ സ്റ്റാറാണ് ജോണ്‍.
ജന്‍മംകൊണ്ട് പാതി മലയാളി
1972 ഡിസംബര്‍ 17-ന് മലയാളിയായ ജോണിന്റെയും പാഴ്സിയായ അമ്മ ഫര്‍ഹാന്റെയും മകനായി മുംബൈയിലാണ് ജനനം. ഫര്‍ഹാന്‍ എബ്രഹാം എന്നാണ് യഥാര്‍ത്ഥ പേര്. ആലുവ സ്വദേശിയായ പിതാവ് ഒരു ആര്‍ക്കിടെക്ട് ആയിരുന്നു. സഹോദരന്‍ അലന്‍ എബ്രഹാം. ജോണിന്റെ കസിന്‍ സൂസി മാത്യു ഒരു എഴുത്തുകാരിയാണ്. 'ഇന്‍ എ ബബിള്‍ ഓഫ് ടൈം' അടക്കമുള്ള നോവലുകള്‍ എഴുതിയിട്ടുണ്ട്. മുംബൈ സ്‌കോട്ടിഷ് സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. മുംബൈ എജ്യൂക്കേഷണല്‍ ട്രെസ്റ്റില്‍ നിന്നും മാസ്റ്റര്‍ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് ബിരുദം നേടി. പഠനകാലത്തുതന്നെ മോഡലിങ്ങും, സംഗീതവും, ബൈക്ക് റൈസും, സിനിമയുമൊക്കെയായിരുന്നു, ജോണിണ് പ്രിയപ്പെട്ടത്.
പഞ്ചാബി ഗായകന്‍ ജാസി ബിയുടെ 'സുര്‍മണ്‍ എന്ന ഗാനത്തിന്റെ മ്യൂസിക് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടാണ്, ജോണ്‍ തന്റെ മോഡലിംഗ് ജീവിതം ആരംഭിച്ചത്. പിന്നീട് അദ്ദേഹം ടൈം & സ്പേസ് മീഡിയ എന്റര്‍ടൈന്‍മെന്റ് പ്രൊമോഷന്‍സ് ലിമിറ്റഡ് എന്ന മീഡിയാ സ്ഥാപനത്തില്‍ ചേര്‍ന്നു. ഇത് സാമ്പത്തിക പ്രതിസന്ധി കാരണം അത് അടച്ചുപൂട്ടി. ആ കാലത്തൊക്കെ പണത്തിന്റെ വില നന്നായി താന്‍ അറിഞ്ഞിരുന്നുവെന്നാണ് ജോണ്‍ പറയുന്നത്.
1999-ല്‍ ഗ്ലാഡ്രാഗ്സ് മാന്‍ഹണ്ട് മത്സരത്തില്‍ വിജയിച്ച്, ഇന്റര്‍നാഷണലിനായി ഫിലിപ്പീന്‍സിലേക്ക് പോയതാണ് ആദ്യ ബ്രേക്ക് ആയത്. അവിടെ രണ്ടാം സ്ഥാനം നേടുകയും ചെയ്തു. പിന്നീട് അദ്ദേഹം ഹോങ്കോംഗ്, ലണ്ടന്‍, ന്യൂയോര്‍ക്ക് സിറ്റി എന്നിവിടങ്ങളില്‍ വിവിധ ബ്രാന്‍ഡുകള്‍ക്ക് മോഡലായി. പങ്കജ് ഉദാസ്, ഹന്‍സ് രാജ് ഹന്‍സ്, ബാബുല്‍ സുപ്രിയോ എന്നിവരുള്‍പ്പെടെയുള്ള ഗായകര്‍ക്കായി, നിരവധി വാണിജ്യ പരസ്യങ്ങളിലും മറ്റ് സംഗീത വീഡിയോകളിലും പ്രത്യക്ഷപ്പെട്ടു. തന്റെ അഭിനയ കഴിവുകള്‍ മെച്ചപ്പെടുത്തുന്നതിനായി, ജോണ്‍ എബ്രഹാം, കിഷോര്‍ നമിത് കപൂര്‍ ആക്ടിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്ന് അഭിനയം പഠിച്ചു.
വില്ലനായി വന്ന് നായകനിലേക്ക്
2003-ല്‍ അമിത് സക്‌സേന സംവിധാനം ചെയ്ത 'ജിസം' എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലേക്കുള്ള അരങ്ങേറ്റം. ചിത്രം വന്‍ വിജയമായി. ജോണിന്റെ വേഷം പ്രത്യേകം ശ്രദ്ധ ആകര്‍ഷിച്ചു. ബിപാഷാ ബസുവായിരുന്നു നായിക. ദരിദ്രനും മദ്യപാനിയും വഴിപിഴച്ച അഭിഭാഷകനുമായ കബീര്‍ ലാലിന്റെ വേഷമാണ് അദ്ദേഹം ചിത്രത്തില്‍ അവതരിപ്പിച്ചത്. കോടീശ്വരന്റെ ഭാര്യയായ സോണിയ ഖന്നയുമായി ഇയാള്‍ പ്രണയത്തിലാവുന്നു. തുടര്‍ന്ന് കോടീശ്വരനെ കൊല്ലാന്‍ അവര്‍ നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ഇതിനെ നെഗറ്റീവ് ഷേഡുള്ള ജോണിന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. ചിത്രം വലിയ വിജയമാണ്.
അതേ വര്‍ഷം തന്നെ സായ എന്ന ചിതത്തിലും ജോണ്‍ അഭിനയിച്ചു. 2004 -ല്‍ പുറത്തിറങ്ങിയ ധും ആണ് ജോണിന്റെ കരിയര്‍ മാറ്റിയത്. ചിത്രം ഇന്ത്യന്‍ സിനിമയെത്തന്നെ ഇളക്കിമറിച്ചു. ബാങ്കുകൊള്ളക്കാരനായ വില്ലന്‍ തരംഗമായി. അഭിഷേക് ബച്ചന്‍,ഉദയ് ചോപ്ര എന്നിവരും ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തി. ധൂം ബോക്സോഫീസ് റെക്കോര്‍ഡുകളെല്ലാം തകര്‍ത്തു. സഞ്ജയ്ഗാധ്വിയായിരുന്നു ചിത്രം സംവിധാനം ചെയ്തത്.
2005-ല്‍ കാല്‍ എന്ന ചിത്രത്തില്‍ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ ജോണ്‍ അവതരിപ്പിച്ചുവെങ്കിലും ചിത്രം പരാജയമായിരുന്നു. പക്ഷേ തുടര്‍ന്നുന്ന ദോസ്താന, ഗരം മസാല, ഫോഴ്സ് തുടങ്ങിയ ചിത്രങ്ങളിലൂടെ സൂപ്പര്‍ താരമായി. ജോണ്‍ എബ്രഹാമും അഭിഷേക് ബച്ചനും പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ദോസ്താന. സ്വവര്‍ഗാനുരാഗത്തെ തുറന്നു കാണിച്ച ചിത്രം കൂടിയായിരുന്നു ഇത്. സ്വവര്‍ഗാനുരാഗം പ്രമേയമായതിനാല്‍ അന്ന് ചിത്രത്തെ പ്രതികൂലിച്ചുമൊക്കെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.
കാലത്തിനു മുന്‍പേ പുറത്തിറങ്ങിയ സിനിമ എന്നാണ് ജോണ്‍ നാകയനായ നോ സ്മോക്കിങ് എന്ന ചിത്രം സിനിമാ പ്രേമികള്‍ക്കിടയില്‍ അറിയപ്പെടുന്നത് പുകവലി ഉപേക്ഷിക്കാന്‍ പാടുപെടുന്ന ഒരു മനുഷ്യന്റെ ജീവിതമായിരുന്നു ചിത്രം പറഞ്ഞത്. അനുരാഗ് കശ്യപായിരുന്നു ചിത്രം കഥയെഴുതി സംവിധാനം ചെയ്തത്. ഇതിലെ ജോണിന്റെ അഭിനയം പരക്കെ പ്രകീര്‍ത്തിക്കപ്പെട്ടു. അഭിഷേക് ശര്‍മ സംവിധാനം ചെയ്ത് 2018-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് പരമാണു ദ് സ്റ്റോറി ഓഫ് പൊക്രാന്‍. ജോണിന്റെ കരിയറിലെ തന്നെ ശക്തമേറിയ കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു ഇത്. ഷൂജിത് സിര്‍ക്കാര്‍ - ജോണ്‍ എബ്രഹാം കൂട്ടുകെട്ടിലെത്തിയ മദ്രാസ് കഫേയും നിരൂപകരാല്‍ ഏറെ പ്രശംസിക്കപ്പെട്ടു. രാജീവ് ഗാന്ധി വധവുമായി ബന്ധപ്പെട്ടാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ജോണിലെ നടനെ പ്രേക്ഷകര്‍ ഒന്നു കൂടി അടുത്തറിഞ്ഞ ചിത്രം കൂടിയായിരുന്നു ഇത്. ഏകദേശം 67 കോടിയോളം ചിത്രം തിയറ്ററുകളില്‍ നേടുകയും ചെയ്തു.
ഇന്ന് നടന്‍, നിര്‍മ്മാതാവ്, പരസ്യബ്രാന്‍ഡ്, ഫാഷന്‍ ട്രെന്‍ഡ് സെറ്റര്‍ എന്നീരീതിലെല്ലാം കോടികള്‍ കൊയ്യുന്ന വ്യക്തിയാണ് ജോണ്‍. എന്നിട്ടും അയാള്‍ ലളിതമായ ശാന്തമായ ജീവിതം ആസ്വദിക്കുന്നു.
സമ്പൂര്‍ണ്ണ മദ്യ-പുകയില വിരോധി
ഹോളിവുഡ് താരങ്ങളില്‍നിന്ന് ജോണ്‍ എബ്രാഹാം വേറിട്ട് നില്‍ക്കുന്നത്, അദ്ദേഹത്തിന്റെ സമ്പുര്‍ണ്ണമായ ലഹരി വിരുദ്ധതയിലൂടെയാണ്. ഈയിടെയും ലഹരിയെ ജീവിതത്തില്‍ അടുപ്പിക്കരുതെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. നവി മുംബൈ നാഷ മുക്തി പ്രോഗ്രാമില്‍ കുട്ടികളെ അഭിസംബോധന ചെയ്യുകയായിരുന്നു നടന്‍. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസിന്റെ നേതൃത്വത്തില്‍ തുടങ്ങിയ ലഹരിമുക്ത ക്യാമ്പെയിനാണിത്.-''എനിക്ക് നിങ്ങളോട് ഒരു കാര്യം പറയാനുണ്ട്, വ്യക്തിപരമായി ജീവിതത്തില്‍ ഒരിക്കലും ഞാന്‍ മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ല. പുകവലിയും മദ്യപാനവുമില്ല. പക്ഷേ ലഹരി ഉപയോഗിക്കാതിരിക്കുക എന്നതാണ് പ്രധാനം. ജീവിത്തത്തില്‍ അച്ചടക്കമുള്ളവരായിരിക്കുക. സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഒരു മാതൃകയാവുക. മഹാരാഷ്ട്രയുടെയും ഇന്ത്യയുടെയും നല്ലൊരു പൗരനാവുക. നല്ല മസിലുകളുണ്ടാക്കാന്‍ കഠിനമായി പരിശീലിക്കുക- നടന്‍ പറഞ്ഞു. ക്യാമ്പയിന് തുടക്കമിട്ട മുഖ്യമന്ത്രിയെയും ചുക്കാന്‍ പിടിക്കുന്ന മുംബൈ പൊലീസ് കമ്മിഷണറെയും നടന്‍ അഭിനന്ദിച്ചു.
നേരത്തെ ജോണ്‍ എബ്രാഹം പാന്‍ മസാലയുടെ പരസ്യത്തില്‍ വേഷമിട്ട താരങ്ങളെ വിമര്‍ശിച്ചതും വാര്‍ത്തയായിരുന്നു. ആരോഗ്യത്തെക്കുറിച്ച് വലിയ രീതിയില്‍ സംസാരിക്കുകയും താരങ്ങള്‍ ഇത്തരം പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത് ഇരട്ടത്താപ്പാണെന്ന് അദ്ദേഹം തുടന്നടിച്ചു. 'ആളുകള്‍ ഫിറ്റ്നസിനേക്കുറിച്ച് വാതോരാതെ സംസാരിക്കും. ഇതേയാളുകള്‍ തന്നെ പാന്‍ മസാലയെ പ്രോത്സാഹിപ്പിക്കും. ഞാന്‍ എന്റെ സഹപ്രവര്‍ത്തകരായ നടന്മാരെ ഇഷ്ടപ്പെടുന്നു. ഞാന്‍ അവരില്‍ ഒരാളെപ്പോലും അപമാനിക്കുകയല്ല. എന്നെക്കുറിച്ചാണ് ഞാന്‍ സംസാരിക്കുന്നത് എന്നെനിക്ക് ഉറപ്പാക്കേണ്ടതുണ്ട്. ഞാനൊരിക്കലും മരണം വില്‍ക്കില്ല. പാന്‍-മസാല വ്യവസായത്തിന്റെ വാര്‍ഷിക വിറ്റുവരവ് 45,000 കോടി രൂപയാണെന്ന് നിങ്ങള്‍ക്കറിയാമോ? അതിനര്‍ത്ഥം സര്‍ക്കാര്‍ പോലും അതിനെ പിന്തുണയ്ക്കുന്നു എന്നാണ്. അതുകൊണ്ടാണ് ഇത് നിയമവിരുദ്ധമല്ലാത്തത്''- ജോണ്‍ എബ്രഹാം പറഞ്ഞു. പുകയിലയല്ല 'ഏലക്ക'യാണ് വില്‍ക്കുന്നതെന്ന് പറയുന്ന നടന്മാരെ തനിക്ക് ഒരിക്കലും മനസ്സിലാകില്ലെന്നും താരം പറഞ്ഞു. നിങ്ങള്‍ മരണം വില്‍ക്കുകയാണ്, നിങ്ങള്‍ക്ക് എങ്ങനെ ജീവിക്കാനാകുമെന്നും അദ്ദേഹം ചോദിച്ചു.
പുകയില ഉത്പ്പന്നത്തിന്റെ പരസ്യത്തില്‍ അഭിനയിച്ചതിനും അവയെ പ്രോത്സാഹിപ്പിച്ചതിനും ഷാരൂഖ് ഖാന്‍, അക്ഷയ് കുമാര്‍, അജയ് ദേവ്ഗണ്‍ എന്നിവര്‍ക്കെതിരെ നേരത്തേ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഏലയ്ക്ക് പോലുള്ള മൗത്ത് ഫ്രെഷനറുകളുടെ പരസ്യം ചെയ്യാനാണ് താന്‍ കരാറിലേര്‍പ്പെട്ടതെന്നാണ് ഇതിന് മറുപടിയായി അജയ് ദേവ്ഗണ്‍ പറഞ്ഞത്. വിവാദമായതോടെ ഇത്തരം ബ്രാന്‍ഡുകളുമായി ഇനി കരാറിലേര്‍പ്പെടില്ലെന്ന് അക്ഷയ് കുമാര്‍ പറഞ്ഞപ്പോള്‍, 2021-ല്‍ ഷൂട്ട് ചെയ്തതാണ് ഇപ്പോള്‍ കാണിക്കുന്നതെന്നാണ് ഷാരൂഖ് വിശദികരിച്ചത്. ഈ ബ്രാന്‍ഡുമായി ഇനി സഹകരിക്കില്ലെന്ന് പരസ്യമായി പറഞ്ഞതാണെന്നും ഷാരൂഖ് പറഞ്ഞിരുന്നു. ഇതിനൊക്കെ തുടക്കമിട്ടത് സത്യത്തില്‍ ജോണ്‍ എബ്രഹാമിന്റെ പരസ്യ വിമര്‍ശനമാണ്.
ശുദ്ധ വെജിറ്റേിയന്‍, ലളിത ജീവിതം
അതുപോലെ ശുദ്ധ വെജിറ്റേറിയനാണ് ഈ ഫിറ്റ്നസ് ട്രെന്‍ഡ് സെറ്റര്‍-''ആര്‍ക്കുവേണമെങ്കിലും പൂര്‍ണമായും ശരീരമാറ്റം വരുത്താന്‍ സാധിക്കും. ഞാന്‍ വെജിറ്റേറിയന്‍ ഭക്ഷണം മാത്രമാണ് കഴിക്കുക. നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണത്തില്‍ നിന്ന് മാത്രമാണ് പ്രോട്ടീന്‍ ലഭിക്കുകയെന്നത് തെറ്റായ കാര്യമാണ്. സസ്യാഹാരത്തില്‍നിന്നും ആവശ്യമായ പ്രോട്ടീന്‍ ശരീരത്തിന് ലഭിക്കും''- ജോണ്‍ എബ്രഹാം ഒരിക്കല്‍ പറഞ്ഞു.
അതുപോലെ കോടീശ്വരനായിരുന്നിട്ടും, തീര്‍ത്തും ലളിത ജീവിതമാണ് അദ്ദേഹം നയിക്കുന്നത്. ''ലാളിത്യത്തോടെ ജീവിക്കുന്നതാണ് യഥാര്‍ത്ഥ ആഡംബരമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്്.സമ്പത്തുണ്ടാക്കുന്നതിനേക്കാള്‍ പ്രാധാന്യംനല്‍കേണ്ടത് മൂല്യമുണ്ടാക്കുന്നതിനാണ്. ഞാനൊരു മിഡല്‍ക്ലാസ് ജീവിതം നയിക്കുന്നയാളാണെന്ന് എപ്പോഴും പറയാറുണ്ട്. അത് ഞാന്‍ നേരിട്ട കഷ്ടപ്പാടുകളെ കാല്പനികവത്ക്കരിക്കാനല്ല. മിഡില്‍ ക്ലാസ് മൂല്യങ്ങളില്‍നിന്നുവരുന്ന ശക്തിയെന്താണെന്ന് ഉയര്‍ത്തിക്കാട്ടാനാണ്. എന്റെ സ്റ്റൈലിസ്റ്റിനോട് ചോദിച്ചാലറിയാം എനിക്ക് അത്രയധികം വസ്ത്രങ്ങളൊന്നുമില്ലെന്ന്. ഒരു സ്യൂട്ട്കെയ്സില്‍ കൊള്ളാവുന്ന വസ്ത്രങ്ങളേ ഇന്നും കയ്യിലുള്ളൂ. സാധാരണ ചെരുപ്പാണ് ധരിക്കാറ്. ഓടിക്കാന്‍ ഒരു പിക്ക് അപ്പ് ട്രക്കുണ്ട്. കുറച്ച് വിലയുള്ള കാര്‍ വാങ്ങിക്കൂടേ എന്ന് ഡ്രൈവര്‍ ഇടയ്ക്കിടെ ചോദിക്കും. അതെന്തുകാര്യത്തിനാണെന്നാണ് ഞാന്‍ തിരിച്ചുചോദിക്കാറ്. ഷൂട്ടിങ്ങുള്ളപ്പോള്‍ പ്രൊഡക്ഷന്‍ യൂണിറ്റില്‍നിന്ന് ഇന്നോവ അയക്കും. വീട്ടില്‍നിന്ന് ഒരു കിലോമീറ്ററേയുള്ളൂ ഓഫീസിലേക്ക്. പിന്നെന്തിനാണ് നാലും നാലരക്കോടിയും വിലയുള്ള കാര്‍ വാങ്ങുന്നത്?''- രണ്‍വീര്‍ അല്ലാബാദിയയുടെ ദ രണ്‍വീര്‍ ഷോ എന്ന പോഡ്കാസ്റ്റില്‍ സംസാരിക്കുകവേ, ജോണ്‍ എബ്രഹാം പറഞ്ഞു.
ഇത്തരം ആസ്തികളോടൊന്നും കമ്പമില്ല. ഇതൊന്നും എന്റെ ജോലിയെ ബാധിക്കുന്ന കാര്യമല്ല. എന്താണ് തന്റെ പശ്ചാത്തലമെന്നും എവിടെ നിന്നാണ് വരുന്നത് എന്നതുകൊണ്ടും പണം ചിലവഴിക്കാന്‍ പേടിയാണ്. ഷൂസിനും ബാഗുകള്‍ക്കുംവേണ്ടി ഒരുപാട് പണം മുടക്കാന്‍ പേടിയാണെന്നും ജോണ്‍ എബ്രഹാം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം അച്ഛന് ഒന്നാന്തരം ഒരു എസ്യുവി സമ്മാനിച്ചത് മാത്രമാണ് അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടായ ഒരു ആഡംബരം. പക്ഷേ സാധാരണ താരങ്ങള്‍ ചെയ്യുന്നപോലെ,കോടികള്‍ വില മതിക്കുന്ന വലിയ ആഡംബര വാഹനം ഒന്നുമല്ല, ഗംഭീര സേഫ്റ്റിയുള്ള മഹീന്ദ്രയുടെ കോംപാക്ട് എസ്യുവിയാണ് അദ്ദേഹം പിതാവിന്റെ ജന്മദിനത്തില്‍ നല്‍കിയത്.
ബൈക്കപകടത്തില്‍ തടവ്, പ്രണയ പുലിവാല്‍
ഇങ്ങനെയൊക്കെ മരിയാദാരാമനായ നടന്‍ ജയിലില്‍ കിടന്നിട്ടുണ്ടെന്ന് പറഞ്ഞാലും വിശ്വസിക്കാന്‍ പ്രയാസമാണ്. പക്ഷേ സംഭവം സത്യമാണ്. 2006- ലെ ഒരു ബൈക്കപകടക്കേസുമായി ബന്ധപ്പെട്ട് ബാന്ദ്ര കോടതിയാണ് 2009-ല്‍ ജോണ്‍ എബ്രാഹമിനെ 15 ദിവസത്തെ തടവ് ശിക്ഷ വിധിച്ചത്. ജോണിന്റെ അശ്രദ്ധ നിറഞ്ഞ ഡ്രൈവിങാണ് അപകടത്തിനിടയാക്കിയതെന്ന് കോടതി കണ്ടെത്തി. മുംബൈയിലെ ഖാര്‍ ദാന്ത റോഡില്‍ വെച്ചാണ് അപകടമുണ്ടായത്. ജോണ്‍ ഓടിച്ചിരുന്ന യമഹയുടെ 1100 സിസി ബൈക്കിടിച്ച് രണ്ട സൈക്കിള്‍ യാത്രക്കാര്‍ക്ക് പരിക്കേറ്റിരുന്നു. പക്ഷേ അക്കാലത്ത് തനിക്ക് വിദേശ സ്‌പോര്‍ട്‌സ് ബൈക്കുകളോട് കലശലായ ഹരമായിരുന്നുവെന്നും അങ്ങനെ പറ്റിപ്പോയതാണെന്നും അദ്ദേഹം സമ്മതിക്കുന്നുണ്ട്.
അതുപോലെ വിവാദമായിരുന്നു, ജോണിന്റെ പ്രണയ ജീവിതവും. ഒരുകാലത്ത് വലിയ ചര്‍ച്ചയായി മാറിയ ജോഡിയാണ് ബിപാഷ ബസുവും ജോണ്‍ എബ്രഹാമും. 2003-ല്‍ പുറത്തിരങ്ങിയ ജിസം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരും കണ്ടുമുട്ടുന്നതും അടുപ്പത്തിലാകുന്നതും. ദീര്‍ഘനാള്‍ നീണ്ടു നിന്ന ഈ പ്രണയം പലരും വിവാഹത്തിലെത്തുമെന്ന് വരെ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ആരാധകരെ നിരാശപ്പെടുത്തിക്കൊണ്ട് ഇരുവരും പിന്നീട് പിരിഞ്ഞു. (തന്റെ ഇരുണ്ട നിറത്തിന്റെ പേരില്‍ സിനിമ മേഖലയില്‍ നിന്നും പുറത്തു നിന്നുമെല്ലാം ബിപാഷ അധിക്ഷേപങ്ങള്‍ നേരിട്ടിട്ടുണ്ട്. കാമുകിയെ ഇരുണ്ടതിന്റെ പേരില്‍ കളിയാക്കുമ്പോള്‍ ജോണ്‍ എബ്രഹാം ഫെയര്‍നെസ് ക്രീമിന്റെ പരസ്യത്തില്‍ അഭിനയിച്ചതും വലിയ വിമര്‍ശനങ്ങളുണ്ടാക്കി! പക്ഷേ ഇപ്പോള്‍ ഇത്തരം പരസ്യങ്ങളില്‍നിന്നും താരം മാറിനില്‍ക്കുന്നു)
ബോളിവുഡ് കണ്ട ഏറ്റവും വലിയ ബ്രേക്കപ്പ് വാര്‍ത്തകളില്‍ ഒന്നായിരുന്നു ജോണും ബിപാഷയും തമ്മിലുള്ളത്. പിന്നീട് ഇരുവരും തമ്മില്‍ സൗഹൃദം പോലും സാധ്യമായില്ല. ജോണിനെക്കുറിച്ച് ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ ചോദിച്ചപ്പോള്‍, 'അങ്ങനെ ഒരാളെ എനിക്കറിയില്ല' എന്ന് വരെ ബിപാഷ പറയുകയുണ്ടായി. ബിപാഷയുമായി പ്രണയമുണ്ടായിരുന്ന കാലത്തായിരുന്നു ജോണ്‍ തന്റെ പ്രിയതമയെ കണ്ടുമുട്ടുന്നത്. ജോണും ബിപാഷയും പോയിരുന്ന ജിമ്മില്‍ വച്ചാണ് ജോണ്‍, പ്രിയ രുഞ്ചലിനെ പരിചയപ്പെടുന്നത്. ഇരുവരുടെയും സുഹൃത്തായിരുന്നു പ്രിയ. ബിപാഷയുമായി പിരിഞ്ഞതോടെ ജോണും പ്രിയയും കൂടുതല്‍ അടുക്കുകയായിരുന്നു. ജോണ്‍ പ്രിയയുമായി പ്രണയത്തിലായെന്ന വാര്‍ത്ത ബിപാഷയ്ക്കും ഞെട്ടലുണ്ടാക്കുന്നതായിരുന്നു.
അതീവ രഹസ്യമായിട്ടായിരുന്നു ഇവര്‍ വിവാഹിതരായത്. പിന്നീട് ട്വിറ്ററിലൂടെ ആരാധകര്‍ക്ക് പുതുവര്‍ഷാശംസ നേരുമ്പോള്‍ ജോണ്‍ ആന്റ് പ്രിയ എന്ന് എഴുതിയാണ് താന്‍ വിവാഹിതനായെന്നകാര്യം ജോണ്‍ വെളിപ്പെടുത്തിയത്. ലോക ബാങ്കിലെ ജീവനക്കാരിയായിരുന്നു അമേരിക്കന്‍ പൗരയാണ് പ്രിയ. തങ്ങളുടെ സ്വഭാവത്തിലെ ആ സാമ്യതയാണ് പ്രിയയെ പ്രണയിക്കാന്‍ കാരണമായതെന്നാണ് പിന്നീട് ജോണ്‍ പറഞ്ഞത്. ഫാമിലി മാറ്റര്‍ അധികം സംസാരിക്കാന്‍ കൂട്ടാക്കാത്തയാളാണ് ജോണ്‍. ഭാര്യയ്ക്കൊപ്പം സമയം ചെലവിടുമ്പോള്‍ താന്‍ പാപ്പരാസികളെ ഇഷ്ടപ്പെടുന്നില്ലെന്നാണ് ജോണ്‍ പറയുന്നത്. തന്നെ പോലെ തന്നെ പ്രിയയും സ്വാകാര്യത ഇഷ്ടപ്പെടുന്ന വ്യക്തിയാണെന്നും ജോണ്‍ പറയുന്നുണ്ട്.
കേരളത്തോട് എന്നും പ്രത്യേക സ്നേഹം
തന്റെ പിതൃഭൂമിയായ, കേരളത്തോടും, ഇവിടുത്തെ ഭക്ഷണങ്ങളോടുമുള്ള ഇഷ്ടത്തെക്കുറിച്ചും പലപ്പോഴും വാതോരാതെ സംസാരിക്കാറുണ്ട് ഈ നടന്‍. ലോകത്തില്‍ വച്ച് തനിക്കേറ്റവും ഇഷ്ടം കേരള ബ്രേക്ക്ഫാസ്റ്റ് ആണെന്ന് താരം ഒരിക്കല്‍ പറഞ്ഞിരുന്നു. കേരളം എന്തുകൊണ്ട് ഇതുവരെ 'മോഡി-ഫൈഡ്' ആയില്ല എന്ന ചോദ്യത്തിന് ജാണ്‍ എബ്രഹാമിന്റെ മറുപടിയും വൈറലായിരുന്നു. മലയാളിയായ മാധ്യമ പ്രവര്‍ത്തകന്‍ മുരളി കെ മേനോന്റെ ആദ്യ നോവല്‍ 'ദി ഗോഡ് ഹു ലവ്ഡ് മോട്ടോര്‍ ബൈക്ക്‌സിന്റെ' മുംബൈയിലെ പ്രകാശന വേദിയിലാണ് ജോണ്‍ സംസാരിച്ചത്. ജോണിന്റെ നാട് കൂടിയായ കേരളം എന്തുകൊണ്ട് ഇതുവരെ 'മോഡി-ഫൈഡ്' ആകാത്തതെന്നും എന്താണ് കേരളീയരെ മറ്റുളളവരില്‍ നിന്നും വ്യത്യസ്തരാക്കുന്നതെന്നുമാണ് പരിപാടിയില്‍ മോഡറേറ്റര്‍ ആയ നമ്രത സക്കറിയ ചോദിച്ചത്.
''അതാണ് കേരളത്തിന്റെ സൗന്ദര്യം. നിങ്ങള്‍ക്ക് ക്ഷേത്രവും ക്രിസ്ത്യന്‍ പളളികളും പത്ത് മീറ്റര്‍ അകലത്തില്‍ കാണാനാവും. അവയൊക്കെ സമാധാനത്തോടെ പ്രശ്‌നങ്ങളൊന്നുമില്ലാതെ നിലനില്‍ക്കുന്നു. അത്തരത്തിലുളള പ്രശ്‌നങ്ങളൊന്നും അവിടെയില്ല. മുഴുവന്‍ ലോകവും ധ്രൂവീകരിക്കപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ മതങ്ങള്‍ക്കും സമുദായങ്ങള്‍ക്കും സമാധാനത്തോടെയുളള ഒത്തൊരുമയോടെ കഴിയാമെന്നതിന് നല്ല ഉദാഹരണമാണ് കേരളം''- ജോണ്‍ പറഞ്ഞു.
ക്യൂബന്‍ കമ്മ്യൂണിസ്റ്റ് നേതാവ് ഫിദല്‍ കാസ്‌ട്രോയുടെ മരണസമയത്ത് കേരളത്തില്‍ എത്തിയപ്പോഴുളള കാഴ്ചകളും ജോണ്‍ തുറന്നുപറഞ്ഞു. ആ സമയത്ത് ഞാന്‍ കേരളത്തില്‍ പോയിരുന്നു. മരണത്തില്‍ അനുശോചനം അറിയിച്ചുളള പോസ്റ്ററുകളും ഹോര്‍ഡിംഗുകളും എല്ലായിടത്തും കണ്ടു. അത്തരത്തില്‍ കേരളം ശരിക്കും കമ്മ്യൂണിസ്റ്റ് ആണ്. അച്ഛന്‍ കാരണം മുന്‍പ് കുറയെറെ മാര്‍ക്‌സിസ്റ്റ് സംഗതികള്‍ ഞാന്‍ വായിച്ചിരുന്നു. ഒരുപാട് മലയാളികളില്‍ ഒരു ഇടതുപക്ഷ സമീപനമുണ്ട്. നമ്മളെല്ലാം വിശ്വസിക്കുന്നത് സമത്വപൂര്‍വ്വമുളള ജീവിതത്തിലും സമ്പത്തിന്റെ തുല്യമായ വിതരണത്തിലുമാണ്. അതിന്റെ തിളങ്ങുന്ന ഉദാഹരണമാണ് കേരളമെന്നും ജോണ്‍ എബ്രഹാം പറഞ്ഞിരുന്നു. പക്ഷേ ഇതിന് താഴെ അങ്ങ് കേരളത്തില്‍ സ്ഥിര താമസമാക്കാത്തുകൊണ്ട് തോനുന്നതാണെന്ന് പല മലയാളികളും പ്രതികരിച്ചിരുന്നു!
വാല്‍ക്കഷ്ണം: മലപ്പുറം തേഞ്ഞിപ്പലത്തിന് അടുത്ത് ചേലേമ്പ്രയില്‍ നടന്ന ഒരു വന്‍ ബാങ്ക് കൊള്ളക്ക് പ്രചോദനമായത്, ജോണ്‍ വില്ലനായി എത്തിയ 'ധൂം' സിനിമയായിരുന്നു. സിനിമയിലെ ഒരു രംഗത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് പ്രതികള്‍ മുകളിലെ കെട്ടിടം വാടകക്ക് എടുത്ത് താഴേനിലയിലുള്ള ബാങ്കിലേക്ക് തുരന്ന് എത്തുകയായിരുന്നു!