വെടിയേറ്റ് തലച്ചോറ് ഭാര്യയുടെ മടിയിലേക്ക് വീണ് മരിച്ച കെന്നഡി; ഫലസ്തീന്‍ തീവ്രവാദി കൊന്ന സഹോദരന്‍ റോബര്‍ട്ട്; അമേരിക്കന്‍ ഗാന്ധിക്കും 39ാം വയസ്സില്‍ വെടിയുണ്ട; അഞ്ചുവര്‍ഷത്തിനിടെ ലോകത്തെ നടുക്കിയ മൂന്ന് കൊലകള്‍ ഇന്നും ദുരൂഹം; ട്രയാംഗിള്‍ മര്‍ഡേഴ്‌സിന്റെ കുരുക്ക് ട്രംപ് അഴിക്കുമോ?
വെടിയേറ്റ് തലച്ചോറ് ഭാര്യയുടെ മടിയിലേക്ക് വീണ് മരിച്ച കെന്നഡി
ലോകത്തെ നടുക്കിയ ദുരൂഹമായ ട്രയാംഗിള്‍ മര്‍ഡഴേസ്! ലോക പ്രശസ്തമായ ടൈം മാഗസിന്‍ ആ മൂന്ന് കൊലപാതകങ്ങളെയും അങ്ങനെയാണ് വിശേഷിപ്പിക്കുന്നത്. 1963 തൊട്ട് അഞ്ചുവര്‍ഷത്തെ ഇടവേളകളിലാണ് അവ സംഭവിച്ചത്. കൊലകള്‍ക്കുള്ള കാരണവും സുത്രധാരന്‍മ്മാരും ഇന്നും ദൂരൂഹവും. കൊല്ലപ്പെട്ടത്, ലോകത്തിലെ ഏറ്റവും ശക്തരായ മനുഷ്യരാണ്. ഒന്ന് മോസറ്റ് ഗ്ലാമറസ് പ്രസിഡന്റ് ഓഫ് അമേരിക്ക എന്ന് അറിയപ്പെട്ടിരുന്ന സാക്ഷാല്‍ ജോണ്‍ എഫ് കെന്നഡി. രണ്ടാമത്തേത് കെന്നഡി പ്രസിഡന്റായിരിക്കുമ്പോള്‍ അമേരിക്കയുടെ ക്രമസമാധാനത്തിന്റെ ചുമതലയുള്ള അറ്റോര്‍ണി ജനറലും, മാഫിയകളുടെ പേടി സ്വപ്നവുമായ സഹോദരന്‍ റോബര്‍ട്ട് എഫ് കെന്നഡി. മൂന്നാമത്തേത്, അഹിംസാമാര്‍ഗത്തിലൂടെ അമേരിക്കയിലെ കറുത്തവര്‍ഗക്കാരുടെ നീതിയ്ക്കായി പോരാടിയ, മഹാത്മാഗന്ധിക്കുശേഷം ലോകം കണ്ട ഏറ്റവും വലിയ മഹദ് വ്യക്തിത്വം എന്ന് വിലയിരുത്തപ്പെട്ട മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങ്.
63 നവംമ്പറിലാണ് ജോണ്‍ എഫ് കെന്നഡി കൊല്ലപ്പെടുന്നത്. മാര്‍ട്ടിന്‍ ലുഥര്‍ കിങ് 1968 ഏപ്രിലിലും, കെന്നഡിയുടെ സഹോദരന്‍ റോബര്‍ട്ട് കെന്നഡി 1968 ജൂണിലും കൊല്ലപ്പെട്ടു. ആദ്യയാള്‍ക്ക് കൊല്ലപ്പെടുമ്പോള്‍ 45 വയസ്സ്, രണ്ടാമാന് 42, മൂന്നാമന് 39! വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടായിരുന്നില്ല, രാഷ്ട്രീയവും സാമൂഹികവുമായ കാരണങ്ങള്‍ കൊണ്ടായിരുന്നു ഈ മൂന്ന് കൊലകളും. ലോകത്തിലെ ഏറ്റവും ശക്തമായ അന്വേഷണ ഏജന്‍സിയുള്ള അമേരിക്കക്ക് ഇത്രയും വര്‍ഷം കഴിഞ്ഞിട്ടും ഈ മരണങ്ങളുടെ ദുരൂഹത മാറ്റാന്‍ കഴിഞ്ഞിട്ടില്ല. കൊലപാതകികളെ മാത്രമാണ് പിടികൂടാനായത്, അതിനെ പിന്നില്‍ ആസൂത്രകരെക്കുറിച്ചും, ആഭ്യന്തര വഞ്ചകരെക്കുറിച്ചുമൊക്കെ കഥകള്‍ മാത്രമാണ് ലോക മെമ്പാടും പ്രചരിച്ചത്. നിരവധി സിനിമകളും ഇതിന്റെ പേരില്‍ പുറത്തിറങ്ങി. നുറുകണക്കിന് പുസ്തകങ്ങളും രചിക്കപ്പെട്ടു. അപ്പോഴും പ്രഹേളിക, പ്രഹേളികയായി തുടരുകയാണ്.
അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ തുറപ്പ്ചീട്ടാണ് ഈ കൊലപാതക രഹസ്യങ്ങള്‍. ഈ മൂന്ന് കൊലപാതകങ്ങളുമായി ബന്ധപ്പെട്ട രഹസ്യരേഖകള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടുമെന്ന് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം കൂടിയായിരുന്നു ഇത്. സര്‍ക്കാരിന്റെ സുതാര്യത വര്‍ദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടി.
കൂടാതെ പൊതുജനങ്ങള്‍ക്ക് താല്‍പ്പര്യമുള്ള മറ്റ് വിഷയങ്ങളും ഞങ്ങള്‍ പ്രസിദ്ധീകരിക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍, ഏതൊക്കെ രേഖകള്‍ പുറത്തുവിടുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.
നേരത്തെ പ്രസിഡന്റായിരുന്ന സമയത്ത് ജോണ്‍ എഫ്. കെന്നഡിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട 2,800 രേഖകള്‍ ട്രംപ് പുറത്തുവിട്ടിരുന്നു. എന്നാല്‍ സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി (സിഐഎ), ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്ബിഐ) എന്നിവയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി ദേശീയ സുരക്ഷാ ആശങ്കകള്‍ ചൂണ്ടിക്കാട്ടി മറ്റ് നിരവധി ഫയലുകള്‍ പുറത്തു വിട്ടിരുന്നില്ല. ഇത്തവണ മുഴുവന്‍ ഫയലുകളും പുറത്തുവരുമ്പോള്‍, ആരൊക്കെ പ്രതിക്കൂട്ടിലാവുമെന്ന് കണ്ടറിയണം. പക്ഷേ ഈ രേഖകള്‍ വായിച്ചാല്‍ സങ്കീര്‍ണ്ണതകള്‍ കൂടുകയാണ് ചെയ്യുക എന്നും, വാഷിങ്്ടണ്‍ പോസ്റ്റ്പോലുള്ള മാധ്യമങ്ങള്‍ പറയുന്നത്. കാരണം എല്ലാം കുഴഞ്ഞ് മറിഞ്ഞ് കിടിക്കയാണ്.
തലയോട്ടി ചിന്നിച്ചിതറിയ കെന്നഡി
അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും സുന്ദരും സുമുഖനുമായ പ്രസിഡന്റ്. പുരോഗമനവാദി. തകര്‍പ്പന്‍ പ്രാസംഗികന്‍. ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച നേതാവായിരുന്നു, അമേരിക്കയുടെ 35ാമത്തെ പ്രസിഡന്റായ ജോണ്‍. എഫ് കെന്നഡി. മരിക്കുമ്പോള്‍ വെറും 45 വയസ്സായിരുന്നു പ്രായം.
1963 നവംബര്‍ 22, ഉച്ചയ്ക്ക് 12.30ന് ഡാലസില്‍ വച്ച് ഭാര്യ ജാക്വിലിനൊപ്പം തുറന്ന കാറില്‍ ജനങ്ങളെ അഭിവാദ്യം ചെയ്ത് സഞ്ചരിക്കവെയാണ് കെന്നഡി വെടിയേറ്റ് കൊല്ലപ്പെട്ടത്.
അന്ന് ഉച്ചസമയത്ത്, ടെക്സ്സ് സംസ്ഥാനത്തെ ഡാല്ലസില്‍, മുകള്‍ഭാഗം തുറന്ന നീണ്ട കാറിലിരുന്ന് റോഡിന്റെ ഇരുവശങ്ങളും തടിച്ചുകൂടിയ ജനങ്ങളെ അഭിവാദ്യം ചെയ്തുകൊണ്ട് ഉല്ലാസപുര്‍വം യാത്ര ചെയ്യുകയായിരുന്നു കെന്നഡിയും സംഘവും. ഇടതുഭാഗത്ത് ഭാര്യ ജാക്വിലിനുണ്ട്. മുന്‍ സീറ്റില്‍ ടെക്സസ് ഗവര്‍ണ്ണര്‍ ജോണ്‍ കോണലിയും, ഭാര്യ നെല്ലിയും. വാഹനഘോഷയാത്രയിലെ തുടര്‍ന്നുള്ള കാറുകളില്‍ വൈസ് പ്രസിഡന്റ് ലിന്‍ഡന്‍ ജോണ്‍സന്‍ അടക്കമുള്ള പ്രമുഖരുണ്ട്. അങ്ങനെയിരിക്കെയാണ് വഴിയരികിലെ ഒരു കെട്ടിടത്തിന്റെ ആറാം നിലയില്‍നിന്നുണ്ടായ വെടിവെപ്പില്‍ കെന്നഡിയുടെ തല തകര്‍ന്ന് തലച്ചോറ് പൊട്ടിച്ചിതറിയത്. രക്തവും മറ്റ് മസ്തിഷ്‌ക്കഭാഗങ്ങളും ഭാര്യയുടെ മടിയിലേക്കാണ് വീണത്. മറ്റൊരു വെടിയുണ്ട കെന്നഡിയുടെ കഴുത്തിലുടെ തുളച്ചുകയറി, പുറത്തുവന്ന്, ടെക്സ്സ് ഗവര്‍ണര്‍ കോണലിയുടെ കഴുത്തിന് തുളച്ചുകയറി. സാരമായി പരിക്കേറ്റെങ്കിലും അദ്ദേഹം രക്ഷപ്പെട്ടു.
ഉടന്‍ തന്നെ ആ കെട്ടിടത്തിലേക്ക് ഓടിക്കയറിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക്, തോക്ക് കണ്ടെത്താനായെങ്കിലും ഘാതകനെ പിടികൂടാനായില്ല. ലീ ഹാര്‍വി ഓസ്വാള്‍ഡ് എന്ന കൊലയാളി പിടിയിലായത് അരമണിക്കൂറിന് ശേഷം ഒരു സിനിമാ തീയേറ്ററില്‍ വെച്ചാണ്. മുന്‍ സൈനികനായ ഇയാള്‍, ഒരു പൊലീസുകാരനെ വെടിവെച്ചുകൊന്നശേഷം അവിടെ ഒളിച്ചിരിക്കയായിരുന്നു. സംഭവസ്ഥലത്തിനു സമീപമുള്ള ഒരു കെട്ടിടത്തിലെ ആറാം നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ ബുക്ക് ഡിപ്പോയിലെ ജോലിക്കാരനായിരുന്നു ആ സമയത്ത് അയാള്‍. ആ കെട്ടിടത്തില്‍ നിന്നാണ് കെന്നഡിയുടെ നേരെ നിറയൊഴിച്ചതും.
ഓസ്വാള്‍ഡ് ആവട്ടെ മണിക്കൂറുകള്‍ക്കകം ജാക്ക് റൂബി എന്ന നിശാക്ലബ് ഉടമയുടെ വെടിയേറ്റു മരിച്ചു. പൊലീസ് അറസ്റ്റു ചെയ്ത് കൈയാമം വച്ചു കൊണ്ടുപോകുമ്പോള്‍, എല്ലാവരും നോക്കിനില്‍ക്കെയായിരുന്നു കൊലപാതകം. കെന്നഡി വധത്തില്‍ അസ്വസ്ഥനായതാണ് ഓസ്വാള്‍ഡിനെ കൊല്ലാന്‍ പ്രേരിപ്പിച്ചതെന്നാണ് റൂബി പറഞ്ഞത്. ഓസ്വാള്‍ഡിന്റെ വിചാരണയ്ക്ക് തൊട്ടുമുന്നേയായിരുന്നു ഇത്. ജാക്ക് റൂബി പിന്നീട് ജയിലില്‍ വച്ചു കാന്‍സര്‍ ബാധിച്ചു മരിച്ചു.
24കാരനായ, സാധാരണക്കാരനായ ഓസ്വാള്‍ഡ് എന്തിനാണ് കെന്നഡിയെ കൊലപ്പെടുത്തുന്നത് എന്നതായിരുന്നു, മാധ്യമങ്ങള്‍ ഉയര്‍ത്തിയ പ്രധാന ചോദ്യം. ഇതിന് കൃത്യമായി ഉത്തരം പറയാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കായില്ല. പ്രാഥമിക ചോദ്യം ചെയ്യലില്‍ തന്നെ അയാള്‍ കെന്നഡിയെ കൊന്നത് നിഷേധിച്ചിരുന്നു. അദ്ദേഹത്തിന്റെ കുടുംബം ഇന്നും പറയുന്നത്, മറ്റാരോ ചെയ്ത കുറ്റകൃത്യം ഓസ്വാള്‍ഡിന്റെ തലയില്‍ കെട്ടിവെക്കുക ആയിരുന്നുവെന്നാണ്.
സംഭവത്തിനു തൊട്ടുപിന്നാലെ ഓസ്വാള്‍ഡ് കൊല്ലപ്പെട്ടതും സംഭവത്തിലെ നിഗൂഢത ശക്തമാകാന്‍ കാരണമായി.
ജോണ്‍.എഫ്. കെന്നഡിവധവുമായി ബന്ധപ്പെട്ട എല്ലാ അന്വേഷണ രേഖകളും ഘട്ടംഘട്ടമായി പുറത്തുവിടണമെന്ന് 1992-ല്‍ യുഎസ് കോണ്‍ഗ്രസ് ഉത്തരവിട്ടിരുന്നു. 2017 ഒക്ടോബര്‍ 26 ആയിരുന്നു ഇതിന് അനുവദിച്ച അവസാന തീയതി. ഇതില്‍ പല രേഖകളും പുറത്തുവിട്ടിട്ടും എല്ലാകാര്യങ്ങളും കൃത്യമായി ചുരുളഴിഞ്ഞിട്ടില്ല.
ചിത്രം പകര്‍ത്തിയ അജ്ഞാത സ്ത്രീ എവിടെ?
കെന്നഡിയെ കൊലപ്പെടുത്തുന്നതിന് മുന്‍പ് മെക്സിക്കോയിലെ റഷ്യന്‍, ക്യൂബന്‍ എംബസികളിലേക്ക് ഓസ്വാള്‍ഡ് യാത്ര നടത്തിയെന്ന് വിവരം ലഭിച്ചിരുന്നു. പിന്നീട് എഫ്ബിഐയും സിഐഎയും അന്വേഷണം നടത്തിയത് ആ സൂചനയിലൂടെയായിരുന്നു. ക്യൂബയുടെയോ സോവിയറ്റ് യൂണിയന്റെയോ ചാരന്മാരുമായി ഗൂഢാലോചന നടത്താനായിരുന്നു യാത്രയെന്നാണ് പലരും കരുതുന്നത്. കെന്നഡി വധത്തിന് ഒരു മാസം മുമ്പാണ് ടെക്സസ് അതിര്‍ത്തി കടന്ന് ഓസ്വാള്‍ഡ് യു.എസിലെത്തിയത്. റഷ്യന്‍ രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥനുമായി ഓസ്വാള്‍ഡ് ബന്ധപ്പെട്ടെന്നും സിഐഎ കണ്ടെത്തിയിരുന്നു. മുന്‍ യു.എസ് മറീനായ ഓസ്വാള്‍ഡ് മുമ്പ് സോവിയറ്റ് യൂണിയനില്‍ താമസിച്ചിട്ടുണ്ടെന്നതിനാല്‍ കെന്നഡി വധത്തിന് പിന്നില്‍ സോവിയറ്റ് ചാരസംഘടനയായ കെ.ജി.ബി ആണോയെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു.
അതിനിടെ സിഐഎ തന്നെയാണു കെന്നഡിയെ കൊലപ്പെടുത്തിയതെന്ന വാദവുമുണ്ടായി. രണ്ടുവര്‍ഷവും പത്തുമാസവും നീണ്ടുനിന്ന തന്റെ ഭരണത്തിനിടയില്‍ കെന്നഡി ഒട്ടേറെ ശക്തരായ ശത്രുക്കളെയും സമ്പാദിച്ചിരുന്നു. ക്യൂബയുമായുള്ള യുഎസ് ബന്ധം തീര്‍ത്തും വഷളവാന്‍ തുടങ്ങിയത് കെന്നഡിയുടെ കാലത്താണ്. അമേരിക്കയില്‍ അഭയം പ്രാപിച്ചിരുന്ന ക്യൂബന്‍ വിമതര്‍, 1961-ല്‍ സിഐഎയുടെ സഹായത്തോടെ ക്യൂബയെ ആക്രമിച്ചിരുന്നു. 'ബേ ഓഫ് പിഗ്സ്' എന്ന് അറിയപ്പെട്ടിരുന്ന ആ സംഭവം, സിഐഎ ചെയ്തത് കെന്നഡിയുടെ സമ്മതമില്ലാതെയായിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ക്യൂബന്‍ അട്ടിമറി ഓപ്പറേഷന്‍ പരാജയപ്പെട്ടതോടെ നാണം കെട്ടത്, കെന്നഡിയാണ്. ഇക്കാലത്തുതന്നെ ക്യൂബന്‍ പ്രസിഡന്റ് ഫിദല്‍ കാസ്ട്രോയെ വധിക്കാന്‍ അമേരിക്ക നടത്തിയ നിരവധി ശ്രമങ്ങളും വിവാദമായി.
അന്ന് സോവിയറ്റ് യൂണിയന്‍ കത്തി നില്‍ക്കുന്ന കാലമാണ്. ഓസ്വാള്‍ഡിന്റെ സോവിയറ്റ്-ക്യൂബ ബന്ധങ്ങള്‍ സംശയം ബലപ്പെടുത്തി. ഓസ്വാള്‍ഡ് അറിയപ്പെട്ടത് കമ്യൂണിസ്റ്റായിട്ടായിരുന്നെന്നും ചില രേഖകള്‍ പറയുന്നു. ഇദ്ദേഹം കുറച്ചകാലം സോവിയറ്റ് യൂണിയനിലേക്ക് പോവുകയും, അവിടെ ഒരു റഷ്യാക്കാരിയെ വിവാഹം കഴിച്ചതായും പറയുന്നു. ഇതൊക്കെ സംശയം വര്‍ധിപ്പിക്കുന്നു.
ടെക്സില്‍ ശക്തി പ്രാപിച്ചിരുന്ന വലതുപക്ഷ തീവ്രവാദികളും സംശയത്തിലായി. അവര്‍ കെന്നഡിക്ക് എതിവായിരുന്നു. അവര്‍ കുഴപ്പമുണ്ടാക്കുമെന്ന ഭയത്താല്‍ കെന്നഡിയുടെ ഡാലസ് സന്ദര്‍ശനം മാറ്റിവെക്കണം എന്ന് സുരക്ഷാ ഉപദേഷ്ടാക്കള്‍ നിര്‍ദേശിച്ചിരുന്നതായും വിവരമുണ്ട്. വധത്തിന് പിന്നില്‍ അമേരിക്കയിലെ തീവ്രവാദികള്‍ ആണെന്നാണ് കാസ്ട്രോയും, സോവിയറ്റ് പ്രധാനമന്ത്രി ക്രൂഷ്ചേവും ആരോപിച്ചിരുന്നത്. വൈസ് പ്രസിഡന്റ് ലിന്‍ഡന്‍ ജോണ്‍സനുനേരെയും സംശയത്തിന്റെ മുനകള്‍ വന്നു. കെന്നഡിയും ജോണ്‍സനു തമ്മില്‍ മോശം ബന്ധമായിരുന്നുവെന്നും അടുത്ത തിരഞ്ഞെടുപ്പില്‍ ജോണ്‍സനെ തഴയാന്‍ കെന്നഡി ശ്രമിക്കുന്നതായും വാര്‍ത്തകള്‍ വന്നു. മയക്കുമരുന്ന് മാഫിയായാണ് കെന്നഡി വധത്തിന് പിന്നിലെന്നും ആരോപണം വന്നു.
്കെന്നഡിയെ കാണാന്‍ അന്ന് അണിനിരന്ന ബബുഷ്‌ക ലേഡി എന്നറിയപ്പെടുന്ന സ്ത്രീയെ ഇന്നും തിരിച്ചറിഞ്ഞിട്ടില്ല. കൊലയുടെ വീഡിയോകളും ഫോട്ടോകളും പരിശോധിക്കവെയാണ് ഉദ്യോഗസ്ഥര്‍ ഈ സ്ത്രീയെ കണ്ടത്. മദ്ധ്യവയസ്‌കയായ അവര്‍ റഷ്യന്‍ സ്ത്രീകള്‍ ധരിക്കുന്ന പോലൊരു സ്‌കാര്‍ഫ് തലയില്‍ക്കെട്ടിയിരുന്നു. റഷ്യന്‍ ഭാഷയില്‍ ' ബബുഷ്‌ക ' എന്ന വാക്കിനര്‍ത്ഥം പ്രായമായ സ്ത്രീ എന്നാണ്. കൈയ്യില്‍ ഒരു കാമറയുമായി നിന്ന ഈ സ്ത്രീ തന്റെ കാമറ മുഖത്തോട് ചേര്‍ത്ത് വച്ച് ചിത്രങ്ങള്‍ പകര്‍ത്തുന്നത് കാണാം. കെന്നഡിയ്ക്ക് വെടിയേല്‍ക്കുമ്പോഴും അവര്‍ ചിത്രങ്ങള്‍ പകര്‍ത്തുന്നുണ്ടായിരുന്നു. മറ്റുള്ളവര്‍ ചിതറിയോടുമ്പോഴും ചിത്രങ്ങള്‍ പകര്‍ത്തിയ ഈ അജ്ഞാത സ്ത്രീ പിന്നീട് എങ്ങോട്ടോ നടന്നകന്നു. ഒരു പക്ഷേ, കെന്നഡിയുടെ ഘാതകനെ ഈ സ്ത്രീ പകര്‍ത്തിയിരിക്കാം എന്ന നിഗമനത്തില്‍ എഫ്.ബി.ഐ അടക്കമുള്ള ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചെങ്കിലും അവര്‍ ആരാണെന്ന് കണ്ടെത്താനായില്ല. ഇങ്ങനെ 'ഹലാക്കിന്റെ അവിലും കഞ്ഞി' എന്ന മലബാറില്‍ പറയുന്നതുപോലെ കുഴഞ്ഞ് മറിഞ്ഞ് കിടക്കയാണ് കെന്നഡി വധ ഗൂഢാലോചന.
ഫലസ്തീനി കൊന്ന റോബര്‍ട്ട് കെന്നഡി
രണ്ട് കെന്നഡി സഹോദരന്മാര്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ കൊല്ലപ്പെടുക. 1968-ല്‍. ലോസ് ഏഞ്ചല്‍സില്‍ വെടിയേറ്റ് വീഴുമ്പോള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് കെന്നഡി എന്ന, ജോണ്‍ എഫ് കെന്നഡിയുടെ സഹോദരന് വെറും 42 വയസ്സുമാത്രമായിരുന്നു പ്രായം. രാഷ്ട്രീയത്തിലും സഹോദരന്റെ വലം കൈയായിരുന്നു റോബര്‍ട്ട്. ജോണ്‍ അമേരിക്കന്‍ പ്രസിഡന്റ് ആയിരിക്കുമ്പോള്‍, റോബര്‍ട്ടായിരുന്നു അറ്റോര്‍ണി ജനറല്‍. ആ നിലയില്‍ നാട്ടിലെ ക്രമസമാധാനത്തിന്റെ ചുമതല അദ്ദേഹത്തിനായിരുന്നു. വിഖ്യാതമായ 'ഗോഡ്ഫാദര്‍' സിനിമയില്‍ കാണുന്നതതുപോലുള്ള സംഘടിത കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന മാഫിയകള്‍ക്കെതിരെ അദ്ദേഹം ആഞ്ഞടിച്ചു.
അതുകൊണ്ടുതന്നെ ഒരു പാട് ശത്രുക്കളും അദ്ദേഹത്തിനുണ്ടായി. പക്ഷേ സാധാരണക്കാരുടെ മനസ്സില്‍ റോബര്‍ട്ട് ഹീറോയായി. മാത്രമല്ല, കെന്നഡി വധത്തിന്റെ ഭാഗമായി ഒരു സഹതാപ തരംഗവും അദ്ദേഹത്തിന് അനുകൂലമായി ഉണ്ടായിരുന്നു. കെന്നഡിയുടെ വധത്തില്‍ സിഐഎഎയും വൈസ് പ്രസിഡന്റുംവരെ സംശയത്തിലായിരുന്നപ്പോഴും, റോബര്‍ട്ടിനെതിരെ ആരോപണങ്ങള്‍ വന്നില്ല. അത്രക്ക് ഊഷ്മളമായിരുന്നു അദ്ദേഹത്തിന്, ജ്യേഷ്ഠനുമായുള്ള ബന്ധം. കെന്നഡിയുടെ കൊലപാതകത്തോടെ ആകെ തകര്‍ന്നുപോയെങ്കിലും, വൈകാതെ സമനില വീണ്ടെടുത്ത് അദ്ദേഹം കര്‍മ്മ നിരതനായി.
അടുത്ത അമേരിക്കന്‍ പ്രസിഡന്റായി പലരും കണ്ടത്, റോബര്‍ട്ട് കെന്നഡിയെ ആയിരുന്നു. 1964-ല്‍ ന്യൂയോര്‍ക്ക് സംസ്ഥാനത്തിലേക്കുള്ള ഡെമോക്രാറ്റിക് സെനറ്ററായി തിരഞ്ഞെടുക്കപ്പെട്ട റോബര്‍ട്ട് കെന്നഡി, 1968-ല്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചു. അഞ്ച് ഡെമോക്രാറ്റിക് പ്രൈമറികളില്‍ നാലെണ്ണം അദ്ദേഹം വിജയിച്ചു. അതോടെ കെന്നഡി കുടുംബത്തിനല്‍നിന്ന് രണ്ടാമത്തെ പ്രസിഡണ്ട് വരുന്നെന്ന് മാധ്യമങ്ങള്‍ എഴുതി. ലോസ് ആഞ്ചല്‍സിലെ പ്രൈമറിയിലെ വോട്ടിംഗ് ദിവസം, മൂടല്‍മഞ്ഞും തണുപ്പും ആയിരുന്നു. ഫലങ്ങള്‍ക്കായി ലോസ് ഏഞ്ചല്‍സിലെ ഹോട്ടലിലെ സ്യൂട്ടിലേക്ക് പോകുന്നതിന് മുമ്പ് റോബര്‍ട്ട് കെന്നഡി തന്റെ കുട്ടികളുമായി ബീച്ചില്‍ കളിച്ചു. വിജയത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ വന്നതോടെ എല്ലാവരും അഹ്ലാദഭരിതരായി. അര്‍ദ്ധരാത്രിയോടെ അദ്ദേഹം ഹോട്ടല്‍ ബോള്‍റൂമില്‍ തടിച്ചുകൂടിയ അനുയായികളോട് സംസാരിക്കാന്‍ ഇറങ്ങി. ജനത്തിരക്കേറിയ ഇടവഴിയിലൂടെ അദ്ദേഹം ബോള്‍റൂം വിട്ടു, അനുയായികള്‍ക്കും ഹോട്ടല്‍ ജീവനക്കാര്‍ക്കും ഹസ്തദാനം നല്‍കി, നടന്നു നീങ്ങവെ, ഒരാള്‍ തന്റെ മുന്നിലൂടെ ഇറങ്ങിവന്ന് .െ22 കാലിബര്‍ റിവോള്‍വറില്‍ നിന്ന് വെടിയുതിര്‍ക്കുക്കയായിരുന്നു. കൊലയാളിയെ ദീര്‍ഘനേരത്തെ മല്‍പ്പിടുത്തത്തിന് പിടികൂടിയത്. ഈ സംഘട്ടനത്തിലും അഞ്ചുപേര്‍ക്ക് പരിക്കേറ്റു. റോബര്‍ട്ട് കെന്നഡിയെ അടുത്തുള്ള ഗുഡ് സമരിറ്റന്‍ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയെങ്കിലും അദ്ദേഹം അടുത്ത ദിവസം മരിച്ചു.
റോബര്‍ട്ടിന്റെ മരണവാര്‍ത്തയും അമേരിക്കയെ നടുക്കി. മൃതദേഹം പ്രത്യേക ട്രെയിനില്‍ വാഷിംഗ്ടണ്‍ ഡിസിയിലേക്ക് കൊണ്ടുപോയി. ആയിരങ്ങളാണ് അവിടെയും തടിച്ച് കൂടിയത്. റോബര്‍ട്ട് കെന്നഡിയെ ആര്‍ലിംഗ്ടണ്‍ നാഷണല്‍ സെമിത്തേരിയില്‍ സഹോദരന്‍ ജോണിന്റെ അടുത്താണ് അടക്കം ചെയ്തത്. കൊലപാതകി മയക്കുമരുന്ന് മാഫിയുയുമായി ബന്ധമുണ്ടായിരുന്ന വ്യക്തിയാണ് എന്നാണ് എല്ലാവരും കരുതിയത്. പക്ഷേ, ഇരുപത്തിനാലു വയസ്സുള്ള ബെയ്റൂട്ടില്‍ നിന്നുള്ള സിര്‍ഹാന്‍ സിര്‍ഹാന്‍ എന്ന ഫലസ്തീനിയായിരുന്നു കൊലപാതകി. കെന്നഡിയുടെ ഇസ്രായേല്‍ അനുകൂല അനുഭാവത്തോടുള്ള പ്രതികാരമായാണ് താന്‍ പ്രവര്‍ത്തിച്ചതെന്ന് വിചാരണവേളയില്‍ അദ്ദേഹം പറഞ്ഞു. 1969-ല്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടെങ്കിലും മൂന്ന് വര്‍ഷത്തിന് ശേഷം ആ ശിക്ഷ ജീവപര്യന്തമാക്കി മാറ്റി. പരോളിനുള്ള അദ്ദേഹത്തിന്റെ നിരവധി അപേക്ഷകള്‍ നിരസിക്കപ്പെട്ടു.
ഇന്ന് തിരിഞ്ഞ് നോക്കുമ്പോള്‍ അമേരിക്കയിലെ ഏറ്റവും വലിയ ജിഹാദി കൊലയായി റോബര്‍ട്ട് കെന്നഡി വധത്തെ കാണുന്നവരുണ്ട്. പക്ഷേ അപ്പോഴും ഒരുപാട് സംശയങ്ങള്‍ ബാക്കിയായിരുന്നു. ഒരാള്‍ ഒറ്റക്ക് ഈ കൃത്യം ചെയ്തുവെന്നത് വിശ്വസിക്കാനാവില്ലെന്ന് മാധ്യമങ്ങള്‍ എഴുതി. പൊട്ടന്‍ഷ്യല്‍ ജിഹാദിസം അമേരിക്കയെ ബാധിക്കാത്ത കാലമാണ് അതെന്ന ഓര്‍ക്കണം. അന്ന് ഡ്രഗ് കാര്‍ട്ടലുകള്‍ തൊട്ട്, ക്യൂബയും സോവിയറ്റ് യൂണിയനും വരെ റോബര്‍ട്ട് കെന്നഡിയുടെ മരണത്തില്‍ ആരോപിതരായി. പക്ഷേ ഇന്നും ആസൂത്രകര്‍ ആരൊക്കെയാണ് എന്ന സംശയം ബാക്കിയാണ്.
അമേരിക്കന്‍ ഗാന്ധിക്കും വെടിയുണ്ട!
1968 ഏപ്രില്‍ നാലിന് അമേരിക്കയില്‍ നടന്ന മറ്റൊരു കൊലപാതകത്തിന്റെ പേരിലും ലോകം നടുങ്ങി. അതായിരുന്ന അമേരിക്കന്‍ ഗാന്ധി എന്ന് അറിയപ്പെട്ടിരുന്ന, മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന്റെ മരണം. യുഎസില്‍ ഒരു കാലത്ത് ബസ്സില്‍പോലും വര്‍ണ്ണവിവേചനം ഉണ്ടായിരുന്നത് തുടച്ചു നീക്കിയത് മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിനെ നേതൃത്വത്തിലുള്ള സമര പരമ്പരകളിലൂടെയാണ്.
അമേരിക്കന്‍ ഐക്യനാടുകളിലെ സ്റ്റേറ്റുകളിലൊന്നായ ജോര്‍ജിയയിലാണ് മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജനിച്ചത്. പുരോഹിതനായിരുന്നു പിതാവായ കിങ് സീനിയര്‍. അദ്ദേഹത്തിന്റെ പ്രസംഗപാടവം വളരെ ചെറുപ്പം മുതലേ കിങ് ജൂനിയറിനെ സ്വാധീനിച്ചിരുന്നു. ഗാന്ധിജിയുടെ അഹിംസാമാര്‍ഗങ്ങളും നിരാഹാര രീതികളും അടിമത്തത്തിനെതിരായുള്ള സമരമുറയായി മാര്‍ട്ടിനും സ്വീകരിച്ചു. കറുത്തവരെ അഭിസംബോധനചെയ്തിരുന്നത് പ്രായഭേദമന്യേ ബോയ് എന്നായിരുന്നു. ഏതു മുതിര്‍ന്ന കറുത്തമനുഷ്യനെയും നോക്കി വെളളപ്പോലീസുകാര്‍ ബോയ് എന്നു വിളിക്കുന്നത് മാര്‍ട്ടിന് അസഹനീയമായ അപമാനമായി തോന്നി.
1955-ല്‍ ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ ലൂഥര്‍ കിങ് ആദ്യസമരത്തിനിറങ്ങിപ്പുറപ്പെട്ടത് വിദ്യാഭ്യാസസംരക്ഷണത്തിനായിരുന്നു. കറുത്തവരുടെ മക്കള്‍ക്കും വെള്ളക്കാരുടെ മക്കള്‍ക്കും തുല്യവിദ്യാഭ്യാസം എന്ന നിര്‍ബന്ധത്തില്‍ മാര്‍ട്ടിന്‍ ഉറച്ചുനിന്നു. ചരിത്രപ്രസിദ്ധമായ റോസാപാര്‍ക്ക്സ് സംഭവവും അരങ്ങേറുന്നത് അക്കാലത്താണ്. നഗരത്തില്‍ ബസില്‍ വെള്ളക്കാര്‍ക്ക് സീറ്റ് സംവരണം ചെയ്യുകയും, കറുത്തവര്‍ പിറകിലൂടെ മാത്രം ഇറങ്ങുകയും കയറുകയും വേണമെന്ന നിയമവും അന്നുണ്ടായിരുന്നു. വെള്ളക്കാര്‍ ഇരിക്കുന്ന സീറ്റ് നിറഞ്ഞിരിക്കുകയാണെങ്കില്‍ മധ്യഭാഗത്തുനിന്നും കറുത്തവര്‍ഗക്കാരന്‍ എഴുന്നേറ്റ് സീറ്റൊഴിഞ്ഞുകൊടുക്കണം എന്നാണ് ബസിലെ നിയമം. റോസാ പാര്‍ക്ക്സ് എന്ന കറുത്ത വനിത ജോലി ചെയ്ത് ക്ഷീണിച്ച് ബസില്‍ കയറുകയും കറുത്തവരുടെ സീറ്റിലിരിക്കുകയും ചെയ്തു. എന്നാല്‍ അല്പസമയം കഴിഞ്ഞപ്പോള്‍ ഒരു വെള്ളക്കാരനുവേണ്ടി സീറ്റിലുള്ള നാല് കറുത്തവരും എഴുന്നേറ്റു കൊടുക്കണമെന്നായി ഡ്രൈവര്‍. മറ്റ് മൂന്ന് പേരും എഴുന്നേറ്റപ്പോള്‍ റോസാ പാര്‍ക്ക്സ് എഴുന്നേല്‍ക്കാന്‍ വിസമ്മതിച്ചു. വെള്ളക്കാരനെ അപമാനിച്ചുവെന്നാരോപിച്ച് റോസാപാര്‍ക്ക്സിനെ പോലീസ് അറസ്റ്റ് ചെയ്യുകയും അത് കറുത്തവര്‍ക്കിടയില്‍ വ്യാപക പ്രതിഷേധം സൃഷ്ടിക്കുകയും ചെയ്തു. റോസ് പാര്‍ക്ക്സ് സംഭവത്തോടെ കറുത്തവരുടെ പ്രക്ഷോഭം ആരംഭിക്കുകയായിരുന്നു. 1955 സിസംബറില്‍ നടന്ന ആ സംഭവം ഡോ. കിങ് ഏറ്റെടുക്കുകയും കറുത്തവര്‍ ബസ് യാത്ര ബഹിഷ്‌കരിക്കുകയും ചെയ്തു. ബസ് കമ്പനികളുടെ വരുമാനത്തിന്റെ എഴുപത്തഞ്ച് ശതമാനവും കറുത്തവരുടെ യാത്രാക്കൂലിയില്‍ നിന്നായിരുന്നു. കാലിയായ ബസുകള്‍ പോകുന്നതും നോക്കി ബസ് സ്റ്റോപ്പുകളില്‍ ഇരുന്ന് അവര്‍ പൊട്ടിച്ചിരിച്ചു. ആദ്യമായി തങ്ങളുടെ മാനം കാത്തതിന്റെ സംതൃപ്തി ഓരോ മുഖങ്ങളിലും കാണാമായിരുന്നു.
തുടര്‍ന്നങ്ങോട്ട് ഗാന്ധിയന്‍ മാര്‍ഗത്തിലുള്ള നിരവധി സമര പരമ്പരകളായിരുന്നു.
റസ്റ്റോറന്റില്‍ കറുത്തവര്‍ നേരിടുന്ന വിവേചനത്തിനും അപമാനത്തിനുമെതിരെയാണ് കിങ് പിന്നെ സമരവുമായി രംഗത്തെത്തിയത്. സമരാനുകൂലികള്‍ക്കൊപ്പം കിങ്ങിനെയും ജയിലിലടച്ചപ്പോള്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡണ്ട് ജോണ്‍. എഫ് കെന്നഡി ഇടപെട്ടാണ് ജയില്‍മോചിതനാക്കിയത്. തുടര്‍ന്ന് 1962-ല്‍ ബര്‍മിങ് ഹാം പ്രക്ഷോഭം തുടങ്ങി. കറുത്തവര്‍ഗക്കാരെ മെച്ചപ്പെട്ട ജോലികളില്‍ നിയമിക്കുക, വര്‍ണവിവേചനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു കിങ്ങിന്റെ നേതൃത്വത്തില്‍ സമരമാരംഭിച്ചത്. കുട്ടികളും യുവാക്കളും മുതിര്‍ന്നവരുമടങ്ങുന്ന ആയിരക്കണത്തിന് കറുത്തവരാണ് തെരുവിലിറങ്ങി പ്രക്ഷോഭം നടത്തിയത്. ദേഹത്തേക്കു തുളഞ്ഞുകയറുന്ന ജലപീരങ്കികള്‍ക്കു പുറമേ ഏറ്റവും ക്രൂരമായ അക്രമം കൂടി പോലീസ് സമരക്കാര്‍ക്കുനേരെ അഴിച്ചുവിട്ടു. പോലീസുകാര്‍ സമരക്കാര്‍ക്കിടയിലേക്ക് നായകളെ തുടലഴിച്ചുവിടുകയായിരുന്നു. ലോകം മുഴുവന്‍ ഞെട്ടിത്തരിച്ച ഒരു അക്രമമായിരുന്നു അത്. മുവ്വായിരത്തോളം പേര്‍ മര്‍ദ്ദനമേറ്റ ബര്‍മിങ് ഹാം സമരം അഹിംസയിലൂടെ മാര്‍ഗത്തിലൂടെ ഡോ. കിങ് വിജയിപ്പിക്കുകയായിരുന്നു.
ബര്‍മിങ് ഹാം സമരത്തിന് ശേഷമാണ് 1963 മാര്‍ച്ചില്‍ വാഷിങ്ടണിലേക്ക് ജനബാഹുല്യമുള്ള ഒരു മാര്‍ച്ച് സംഘടിപ്പിക്കുന്നത്. ഏതാണ്ട് രണ്ടരലക്ഷം പേരാണ് മാര്‍ച്ചില്‍ അണിനിരന്നത്! കിങ് പ്രതീക്ഷിച്ചതിലും ഇരട്ടി ജനങ്ങള്‍. വാഷിങ്ടമിലെ എബ്രഹാം ലിങ്കണ്‍ സ്മാരകത്തിന് മുന്നില്‍ നിന്നാണ് ചരിത്രപ്രസിദ്ധമായ 'എനിക്കൊരുസ്വപ്നമുണ്ട്' എന്ന പ്രസംഗം അദ്ദേഹം നടത്തിയത്. വാഷിങ്ടണ്‍ പ്രസംഗത്തിന് ശേഷവും ഏതാനും ഒറ്റപ്പെട്ട ആക്രമങ്ങള്‍ കറുത്തവര്‍ക്കുനേരെയുണ്ടായി.
നവംബര്‍ 22 ന് അമേരിക്കന്‍ പ്രസിഡണ്ട് ജോണ്‍ എഫ്.കെന്നഡി വെടിയേറ്റ് കൊല്ലപ്പെട്ടു. ആ സംഭവത്തില്‍ അത്യധികം ദു:ഖിച്ച ഡോ.കിങ് പിന്നീട് തന്റെ ജനങ്ങള്‍ക്ക് വോട്ടവകാശം ലഭിക്കാനുള്ള സമരമാര്‍ഗങ്ങളാണ് അന്വേഷിച്ചത്. 1964 ലെ പൗരാവകാശനിയമം അന്നത്തെ പ്രസിഡണ്ട് ലിന്‍ഡന്‍ ജോണ്‍സണ്‍ ഒപ്പുവക്കുന്നതുവരെ ആ സമരം തുടര്‍ന്നു. ദൈവത്തിന്റെ ബൂത്തില്‍ തുല്യരായവര്‍ ഇനി പോളിങ് ബൂത്തുകള്‍, ക്ളാസ് മുറികള്‍, ഫാക്ടറികള്‍, ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, സിനിമാ തിയേറ്ററുകള്‍,മറ്റു പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ തുല്യരായിരിക്കും എന്ന് പൗരാവകാശനിയമം ഉറപ്പുനല്‍കി.
ആസൂത്രകര്‍ എവിടെ?
നിരവധി തവണ ആക്രമിക്കപ്പെട്ട മനുഷ്യനാണ് മാര്‍ട്ടിന്‍ ലൂഥര്‍ കിങ്്. നേരത്തെ
മാനസികാസ്വാസ്ഥ്യമുള്ള ഒരു കറുത്തവര്‍ഗക്കാരി കുത്തിയതിനാല്‍ അദ്ദേഹം ഗുരുതരാവസ്ഥയിലായിരുന്നു. ഉടനടി ആശുപത്രിയിലെത്തിച്ചതുകൊണ്ട് ദീര്‍ഘശസ്ത്രക്രിയയിലൂടെ അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിച്ചു. അപ്പോള്‍ ഡോക്ടര്‍ പറഞ്ഞത് ലോകവാര്‍ത്തയായി. ഡോ.കിങ് ഒന്നു തുമ്മിയിരുന്നെങ്കില്‍ തീര്‍ന്നുപോകുമായിരുന്നു ആ ജീവിതം.
1968 ഏപ്രില്‍ ആദ്യവാരം. തൊഴിലാളികള്‍ തുല്യവേതനത്തിലുള്ള സമരത്തിലാണ് അമേരിക്കയില്‍. അവരെ അഭിസംബോധന ചെയ്യാനായി കിങ് യോഗസ്ഥലത്തെത്തി. നിരന്തരം വധഭീഷണികള്‍ നേരിടുന്നതിനാല്‍ കിങ് പ്രസംഗം തുടങ്ങിയതിങ്ങനെയാണ്. ' ദീര്‍ഘകാലം ജീവിക്കാന്‍ എല്ലാവരെയും പോലെ ഞാനും ആഗ്രഹിക്കുന്നു. എന്നാലിപ്പോള്‍ ഞാനിക്കാര്യം ഗൗനിക്കുന്നില്ല. എനിക്ക് ദൈവത്തിന്റെ ഇഷ്ടം നിറവേറ്റണം. ഇന്നു രാത്രി ഞാന്‍ സ്നതോഷവാനാണ്. ഒന്നിനെക്കുറിച്ചും ഉത്കണ്ഠയില്ല. ഒരു മനുഷ്യനെയും ഭയക്കുന്നില്ല. ദൈവാഗമനത്തിന്റെ മഹത്വം എന്റെ കണ്ണുകള്‍ ദര്‍ശിച്ചിരിക്കുന്നു.'
പിറ്റേന്ന് വൈകുന്നേരം തുല്യവേതനസമരപരിപാടികള്‍ ചര്‍ച്ചചെയ്യുന്നതിനുവേണ്ടി കൂട്ടുകാരോടൊത്ത് താമസിക്കുന്ന ഹോട്ടലിന്റെ ബാല്‍ക്കണിയില്‍ ഇരിക്കുമ്പോള്‍ അടുത്ത കെട്ടിടത്തില്‍ ഒളിച്ചിരുന്ന ഒരു അക്രമി അദ്ദേഹത്തിനുനേരെ വെടിയുതിര്‍ത്തു. സുഹൃത്തുക്കള്‍ ഉടനടി ആശുപത്രിയിലെത്തിച്ചെങ്കിലും ഒരു മണിക്കുറിനകം, മുപ്പത്തിയൊമ്പതാം വയസ്സില്‍, ഏപ്രില്‍ നാലിന് അദ്ദേഹം മരണമടഞ്ഞു. ഒരു ലക്ഷത്തിലധികം പേര്‍ പങ്കെടുത്ത മാര്‍ട്ടിന്‍ ലൂര്‍ കിങ്ങിന്റെ ശവസംസ്‌കാരച്ചടങ്ങ് അമേരിക്കയെയാകെ ദുഖത്തിലാഴ്ത്തിക്കൊണ്ടായിരുന്നു നടന്നത്.
ജെയിംസ് ഏള്‍ റേ എന്ന കൊലയാളിയെ പൊലീസ് അറസ്റ്റ് ചെയ്തു. കവര്‍ച്ചാകേസുകളില്‍ 20 വര്‍ഷം തടവിന് ശിക്ഷക്കപെട്ട കുറ്റവാളിയായിരുന്നു അയാള്‍. പക്ഷേ നല്ലനടപ്പ് വാങ്ങി എഴുവര്‍ഷം കൊണ്ട് മോചിതനായി. ഇയാള്‍ കടുത്ത വംശീയവാദിയായിരുന്നുവെന്നാണ് പറയുന്നത്. ടെലിവിഷനില്‍ മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങ് പ്രത്യക്ഷപ്പെടുന്നത്് കാണുമ്പോള്‍ ഇയാള്‍ രോഷാകുലനാവുമായിരുന്നു എന്നാണ് ജയില്‍ സുഹൃത്തുക്കള്‍ മൊഴി നല്‍കിയത്. ജോര്‍ജ്ജ് വാലസ് എന്ന വലതുപക്ഷ നേതാവിന്റെ അനുനായി കൂടിയായിരുന്നു ഇയാള്‍ എന്ന് പറയുന്നു. വാലസിന് മാര്‍ട്ടിന്‍ ലൂഥറിനോടുള്ള എതിര്‍പ്പും ഇയാളൂെട വിദ്വേഷം വര്‍ധിപ്പിച്ചു.
മാര്‍ട്ടിന്‍ ലുഥര്‍കിങ്്, ലോറൈന്‍ മോട്ടലിന്റെ 306-ാം മുറിയില്‍ താമസിക്കുമെന്ന് പ്രാദേശിക മാധ്യമ റിപ്പോര്‍ട്ടുകളില്‍ നിന്ന് റേ മനസ്സിലാക്കി. ജോണ്‍ വില്ലാര്‍ഡ് എന്ന പേര് ഉപയോഗിച്ച്, എതിര്‍വശത്തെ ഹോട്ടലില്‍ കൃത്യമായി ഷൂട്ടിങ്ങ് പൊസിഷനില്‍ റൂം വരുന്ന രീതിയില്‍ മുറിയെടുത്തു. തുടര്‍ന്നാണ് അതിവിദഗ്ധമായി കൃത്യം നടപ്പാക്കിയത്.
മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് കൊല്ലപ്പെട്ടന്ന വാര്‍ത്ത വന്നതോടെ അമേരിക്കയുടെ കറുത്തവര്‍ഗ്ഗക്കാര്‍ പൊട്ടിത്തെറിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളില്‍, 100-ലധികം നഗരങ്ങളില്‍ കലാപം, തീവെപ്പ് ,കൊള്ള, അക്രമം എന്നിവയുണ്ടായി. ഏകദേശം 27,000 പേര്‍ അറസ്റ്റിലായി. 3,500 പേര്‍ക്ക് പരിക്കേല്‍ക്കുകയും 40-ലധികം പേര്‍ കൊല്ലപ്പെടുകയും ചെയ്തു. ഏകദേശം 58,000 യുഎസ് നാഷണല്‍ ഗാര്‍ഡും ആര്‍മി ട്രൂപ്പുകളും ചേര്‍ന്ന് രാജ്യത്തുടനീളമുള്ള പോലീസ് സേനയെ ശക്തിപ്പെടുത്തിയതിന് ശേഷമാണ് അക്രമം ശമിച്ചത്. പക്ഷേ ഈ മരണത്തോടെയാണ്, അമേരിക്ക കറുത്തവര്‍ഗക്കാര്‍ക്കെതിരായ വിവേചനങ്ങള്‍ പൂര്‍ണ്ണമായി എടുത്തുകളയുന്നതും, ഇന്ന് നീഗ്രായൊന്ന് വിളിക്കുന്നതുപോലും കുറ്റകരമായതും. പിന്നെ കറുത്തവര്‍ഗക്കാരന്‍ അമേരിക്കന്‍ പ്രസിഡന്റ്പോലുമായി.
ഈ കേസിലും കൊലപാതകി പിടിയിലായെങ്കിലും ആസൂത്രകര്‍ പിടിയിലായിട്ടില്ല. ഇവിടെയും ഉയര്‍ന്നുവന്ന ഒരു ചോദ്യം ഒരു വ്യക്തിക്ക് ഒറ്റയടിക്ക് ഇതൊക്കെ ചെയ്യാന്‍ കഴിയുമോ എന്നാണ്. വെള്ളക്കാരനായ വംശീയ നേതാക്കളുടെ ഒത്താശ കൊലക്ക് കിട്ടിയോ എന്ന സംശയം ഉയര്‍ന്നു. പക്ഷേ ഈ മരണത്തിന്റെയും ഗുഢാലോചനയും ആസൂത്രണവും ഇനിയും വെളിപ്പെട്ടിട്ടില്ല. ട്രംപ് പുറത്തുവിടുമെന്ന് പറയുന്ന ഫയലുകളില്‍ എന്തൊക്കെ രഹസ്യങ്ങള്‍ ഉള്‍പ്പെടുന്നെന്ന് നമുക്ക് കാത്തിരുന്ന് കാണാം.
വാല്‍ക്കഷ്ണം: അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ ഒരു പ്രത്യേകത അവര്‍ ഒരാളെ കൊല്ലാന്‍ തീരുമാനിച്ചാലും അത് കൃത്യമായി രേഖപ്പെടുത്തി വെക്കുമെന്നതാണ്. ആ അര്‍ത്ഥത്തില്‍ അവര്‍ സത്യസന്ധരാണ്. ട്രംപ് ആവട്ടെ അതൊക്കെ പുറത്തുവിട്ടുകൊണ്ട്, കൂടുതല്‍ കൂടുതല്‍ സുതാര്യനാവാനും ശ്രമിക്കുന്നു.