കറന്‍സിയുടെ വിലയിടിച്ച് രാജ്യങ്ങളെ പാപ്പരാക്കാന്‍ കഴിയുന്ന കടല്‍ക്കിഴവന്‍; പാക് തീവ്രവാദികള്‍ തൊട്ട് രാഹുല്‍ ഗാന്ധിക്ക് വരെ ഫണ്ടിങ്ങെന്ന് ബിജെപി; പക്ഷേ യുഎസ് നല്‍കിയത് പമോന്നത ബഹുമതി; ആഗോള സാമ്പത്തിക കുറ്റവാളിയോ, വേദനിക്കുന്ന കോടീശ്വരനോ? ജോര്‍ജ് സോറോസ് ഇല്യൂമിനാറ്റിയോ!
ആഗോള സാമ്പത്തിക കുറ്റവാളിയോ, വേദനിക്കുന്ന കോടീശ്വരനോ? ജോര്‍ജ് സോറോസ് ഇല്യൂമിനാറ്റിയോ!
ചില വ്യക്തികള്‍ അങ്ങനെയാണ്. അവര്‍ നായകനാണോ, പ്രതിനായകനാണോ എന്ന് ജീവിതാന്ത്യം വരെ പിടികിട്ടില്ല. ഇപ്പോള്‍ 92 വയസ്സുള്ള ഒരു ശതകോടീശ്വരനാണ് കഴിഞ്ഞ ദിവസം ലോക മാധ്യമങ്ങളുടെ തലക്കെട്ടായത്. ആരാധകര്‍ക്ക് അയാള്‍ വ്യവസായി, നിക്ഷേപകന്‍, ജീവകാരുണ്യ പ്രവര്‍ത്തകന്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ പ്രശസ്തനായ ഒരു ബഹുമുഖപ്രതിഭയാണ്. എന്നാല്‍ വിമര്‍ശകര്‍ക്ക് ഏത് രാജ്യത്തിന്റെ കറന്‍സിയുടെ വിലയും ഇടിക്കാന്‍ കഴിയുന്ന, സാമ്പത്തിക യുദ്ധം ചെയ്ത ഏത് കമ്പനിയെയും തകര്‍ക്കാന്‍ കഴിയുന്ന, വിധ്വസംക പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് ചെയ്യുന്ന കടല്‍ക്കിഴവനാണ്!
അതാണ് ജോര്‍ജ് സോറോസ് എന്ന അമേരിക്കന്‍ മില്യണര്‍. ഇന്ത്യയിലും സജീവ ചര്‍ച്ചയാണ് ഇദ്ദേഹം. അടുത്തിടെ നടന്ന പാര്‍ലിമെന്റ് സമ്മേളനത്തില്‍ ഫ്രഞ്ച് മീഡിയയെ ഉദ്ധരിച്ച്, ബിജെപി എംപിമാരായ കെ ലക്ഷ്മണനും, സിബിത്ത് ബത്രയും രാഹുല്‍ ഗാന്ധിയെ രാജ്യദ്രോഹിയെന്ന് വിശേഷിപ്പിക്കയുണ്ടായി. ജോര്‍ജ് സോറസില്‍നിന്ന് പണം കൈപ്പറ്റി, രാജ്യത്തിന്‍െ ജനാധിപത്യ പക്രിയ അട്ടിമറികക്കാന്‍ രാഹുല്‍ ശ്രമിക്കുന്നു എന്നായിരുന്നു ബിജെപിയുടെ കണ്ടെത്തല്‍.
എന്നാല്‍ കഴിഞ്ഞ ദിവസം യുഎസിലെ പരമോന്നത ബഹുമതിയായ, പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം നല്‍കി, ജോര്‍ജ് സോറസിനെ പ്രസിഡന്റ് ബൈഡന്‍ ആദരിക്കുകയുണ്ടായി. സോറസും മെസിയും അടക്കം അമേരിക്കയിലെ 18 പേര്‍ക്ക് പുരസ്‌ക്കാരം ലഭിച്ചു. ഇതിനെതിരെയും വന്‍ വിവാദം പുകയുകയാണ്. ശതകോടീശ്വരനും സ്പേസ് എക്സ് സ്ഥാപകനുമായ ഇലോന്‍ മസ്‌ക്ക് സോറസിന് അവാര്‍ഡ് നല്‍കിയതിനെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരിക്കയാണ്. പുതിയ പ്രസിഡന്റായി മസ്‌ക്കിന്റെ സുഹൃത്ത് ഡോണാള്‍ഡ് ട്രംപ് അധികാരത്തിലേറാന്‍ ദിവസങ്ങള്‍ ബാക്കിയിരിക്കയൊണ്് ഈ സംഭവ വികാസങ്ങള്‍ എന്നോര്‍ക്കണം.
സത്യത്തില്‍ ആരാണ് സോറസ്? ഈ പറയുന്ന രീതിയില്‍ ഇല്യൂമിനാറ്റിക്ക് സമാനനായ ഭീകരനാണോ, അതോ മനുഷ്യപുരോഗതിക്കായി പ്രവര്‍ത്തിക്കുന്ന വെല്‍ഫയര്‍ ക്യാപിറ്റലിസ്റ്റാണോ?
ഹിറ്റ്ലറെ പേടിച്ച് നാടുവിട്ട യഹൂദന്‍
ലോകത്തിലെ ഏറ്റവും വലിയ ധനികരുടെ പട്ടികയില്‍ വരുന്ന പേരാണ് ജോര്‍ജ് സോറോസ്. ബ്ലൂബര്‍ഗിന്റെ കണക്കുകള്‍ പ്രകാരം 8.5 ബില്യണ്‍ ഡോളര്‍ ആസ്തിയുണ്ട്. 1930-ല്‍ ഹംഗറിയിലെ ബുഡാപെസ്റ്റില്‍ സമ്പന്നമായ ഒരു യഹൂദ കുടുംബത്തിലാണ് സോറോസ് ജനിച്ചത്. ജൂത ആചാരങ്ങളില്‍ വിമുഖരായിരുന്നു ഈ കുടുംബം. ജൂത ആന്റി സെമിറ്റിക് കുടുംബം എന്ന് ജോര്‍ജ് തമാശയായി തന്റെ കുടുംബത്തെ പരാമര്‍ശിക്കുന്നുണ്ട്. പിതാവായ തിവാഡര്‍ ഷ്വാര്‍സ് അഭിഭാഷകനും, എസ്പെരന്‍ഡോ എന്ന ആഗോള ഭാഷയിലെ എഴുത്തുകാരനുമായിരുന്നു. ലിറ്ററാച്ചുറ മോണ്‍ഡോ എന്ന പ്രസിദ്ധീകരണത്തിന്റെ പത്രാധിപന്‍ കൂടിയായിരുന്ന അദ്ദേഹം, മകനേയും ഈ ഭാഷ പരിശീലിപ്പിച്ചു. ഒന്നാം ലോക മഹായുദ്ധകാലത്ത് തടവിലായിരുന്ന തിവാഡര്‍, റഷ്യയില്‍ നിന്ന് രക്ഷപ്പെട്ട് ബുഡാപെസ്റ്റിലെത്തുകയായിരുന്നു.
സോറേസിന്റെ മാതാവ് എര്‍സബെറ്റ് പട്ടുവ്യാപാരരംഗത്ത് സജീവമായിരുന്നു. 1924-ലാണ് എര്‍സബെറ്റും തിവാഡറും വിവാഹിതരാകുന്നത്. 1936-ലാണ് കുടുംബനാമം ഷ്വാര്‍സ് എന്ന ജൂത ചുവയുള്ളതില്‍നിന്ന് സോറോസ് എന്ന് മാറ്റുന്നത്. ഹംഗറിയില്‍ അന്ന് വര്‍ധിച്ചുവന്ന സെമിറ്റിക് വിരുദ്ധതയില്‍ നിന്ന് രക്ഷപ്പെടാനായാണ് ഇങ്ങനെ ചെയ്തത്. ഹിറ്റ്ലര്‍ ഉയര്‍ത്തിയ ജൂതവെറി അത്രക്ക് ഉണ്ടായിരുന്നു. ലോകമെമ്പാടും ജൂത വിദ്വേഷം പടര്‍ന്ന കാലത്ത് നാസികളെ ഭയന്ന് ഈ കുടുംബം ലണ്ടനിലേക്ക് കുടിയേറി. രണ്ടാം ലോക യുദ്ധാനന്തരം ഹംഗറിയെ കമ്മ്യൂണിസ്റ്റുകള്‍ പിടിച്ചെടുക്കുന്ന സമയത്ത്, സോറോസ് ലണ്ടനിലായിരുന്നു.
ലോക പ്രശസ്തമായ ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ പഠിച്ച അദ്ദേഹം തത്ത്വചിന്തയില്‍ ബിരുദവും (1951), ബിരുദാനന്തര ബിരുദവും (1954) നേടി. ഇക്കാലത്ത് പഠനത്തിന് പണം കണ്ടെത്തുന്നതിനായി റെയില്‍വേ പോര്‍ട്ടറായും വെയിറ്ററായും ജോലി ചെയ്ത കടുത്ത ജീവിതാനുഭവങ്ങള്‍ ഇദ്ദേഹത്തിനുണ്ടെന്ന് ആത്മകഥ പറയുന്നു. ശാസ്ത്രവും, ഫിലോസഫിയുമായിരുന്നു, അദ്ദേഹത്തിന്റെ ഇഷ്ടവിഷയം. കാള്‍പോപ്പറെപ്പോലെ, ഒരു ശാസ്ത്രഞ്ജന്‍ ആകണമെന്നും സോറോസിന്റെ ആഗ്രഹമായിരുന്നു. പക്ഷേ അതു നടന്നില്ല. സാമ്പത്തിക രംഗത്ത്് അമ്മാനമാടാനായിരുന്നു അദ്ദേഹത്തിന്റെ നിയോഗം.
സാമ്പത്തികാക്രമണത്തിന്റെ സൂത്രധാരന്‍
1956-ല്‍, സോറോസ് യു.എസിലേക്ക് കുടിയേറി. അപ്പോഴോക്കെ അദ്ദേഹത്തിന് സാമ്പത്തികമായി ബുദ്ധിമുട്ടിലായിരുന്നു. അമേരിക്കയിലെ നിരവധി മര്‍ച്ചന്റ് ബാങ്കുകളുടെ അനലിസ്റ്റായാണ് തൊഴില്‍ തുടങ്ങിയത്. 1969-ല്‍ അദ്ദേഹം തന്റെ ആദ്യത്തെ ഫണ്ട് മാനേജ്മെന്റ് സ്ഥാപനമായ 'ഡബിള്‍ ഈഗിള്‍' ആരംഭിച്ചു. ഈ ഫണ്ടിന്റെ വിജയം 1970-ല്‍ രണ്ടാമത്തെ ഹെഡ്ജ് ഫണ്ടായ 'സോറോസ് ഫണ്ട് മാനേജ്‌മെന്റ്' സ്ഥാപിക്കുന്നതിലേക്ക് നയിച്ചു. അത് ചരിത്രത്തിലെ ഏറ്റവും വിജയകരമായ ഹെഡ്ജ് ഫണ്ടുകളില്‍ ഒന്നായി മാറി. അതോടെയാണ് സോറോസിന്റെ തല വരമാറുന്നത്. നിക്ഷേപ മേഖലയുമായി ബന്ധപ്പെട്ട് നിര്‍ണായക തീരുമാനമെടുക്കുന്നതില്‍ കഴിവു തെളിയിച്ച ഇദ്ദേഹം സാമ്പത്തിക രംഗത്തെ ശക്തനായി അതിവേഗം വളര്‍ന്നു. പിന്നീട് സമ്പദ് വ്യവസ്ഥകളിലെ ഊടുവഴികള്‍ ഉപോയോഗിച്ച്, നിരവധി നിക്ഷേപങ്ങളും ഊഹക്കച്ചവടവും നടത്തി.
ഏതൊരു കോടീശ്വരന്റെ പിന്നിലും ഒരു ക്രൈം ഉണ്ടാവും എന്നു പറയുന്നതുപോലെ, ലക്ഷപ്രഭുവില്‍നിന്ന് സോറോസ് കോടീശ്വരനിലെത്തിയത്, ചില ഫിനാല്‍ഷ്യല്‍ ക്രൈമുകളിലൂടെയാണ്. 1992-ല്‍ യുകെയിലുണ്ടായ ബ്ലാക്ക് വെനസ്ഡേ കറന്‍സി പ്രതിസന്ധിയില്‍ കൊള്ളലാഭമുണ്ടാക്കാന്‍ വേണ്ടി 10 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ബ്രിട്ടീഷ് കറന്‍സി പൗണ്ട് സ്റ്റെര്‍ലിംഗ് അധാര്‍മ്മികമായി വില്‍പ്പന നടത്തിയെന്ന ആരോപണം, സോറോസിന് നേര്‍ക്കുണ്ട്. ഇതിലൂടെ യൂറോപ്യന്‍ സാമ്പത്തിക വ്യവസ്ഥയില്‍ നിന്ന്, ബ്രിട്ടീഷ് കറന്‍സി പിന്‍വലിക്കേണ്ടി വന്നു. തങ്ങളുടെ കറന്‍സിക്ക് ചരിത്രത്തിലെ ഏറ്റവും വലിയ മൂല്യശോഷണം നേരിട്ടതോടെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് തകര്‍ന്നു. അങ്ങിനെ സോറോസിന് ''ദി മാന്‍ ഹൂ ബ്രോക്ക് ദി ബാങ്ക് ഓഫ് ഇംഗ്ലണ്ട്'' എന്ന വട്ടപ്പേര് ലഭിച്ചു. ഇത് ശക്തമായി നിഷേധിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. പക്ഷേ താന്‍ ഒരു സാമ്പത്തിക സാധ്യത ഉപയോഗിക്കയായിരുന്നെന്നും അത് ഒരു കുറ്റകൃത്യമല്ല എന്ന മുടന്തന്‍ ന്യായമാണ് പില്‍ക്കാലത്ത് സോറോസിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. ബ്രിട്ടീഷ് പൗണ്ടില്‍ ഷോര്‍ട്ട് സെല്ലിംഗ് വഴി അദ്ദേഹം ഏകദേശം 100 കോടി ഡോളര്‍ ലാഭം ഉണ്ടാക്കിയെന്നത് വസ്തുതയാണ്.
പക്ഷേ അദ്ദേഹത്തിന്റെ സാമ്പത്തിക അധിനിവേശങ്ങള്‍ പിന്നെയും തുടര്‍ന്നു. 96- ല്‍ ഫിന്‍ലാന്‍ഡിന് മേല്‍ നടന്ന സാമ്പത്തിക ആക്രമണത്തിന് പിന്നിലും ജോര്‍ജ് സോറോസ് ആയിരുന്നു. 1997-ല്‍, തായ്‌ലന്‍ഡ് കറന്‍സിയാബാത്തില്‍ന്മേലുള്ള ഊഹക്കച്ചവട ആക്രമണങ്ങള്‍ക്ക് പിന്നില്‍ സോറോസ് ആണെന്ന് ആരോപിക്കപ്പെടുന്നു. ആ വര്‍ഷം ഏഷ്യയുടെ ഭൂരിഭാഗവും കടന്നുപോയ സാമ്പത്തിക പ്രതിസന്ധിയുമായി സോറോസിന്റെ പേര് ബന്ധപ്പെട്ടിരിക്കുന്നു. അന്നത്തെ മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ ബിന്‍ മുഹമ്മദ് പോലും മലേഷ്യന്‍ റിംഗിറ്റിന്റെ ഇടിവിന് സോറോസാണ് കാരണമെന്ന് പറഞ്ഞു. മുന്‍ സോവിയറ്റ് റിപ്പബ്ലിക്കുകളിലേക്കായി പിന്നീട് ഇദ്ദേഹത്തിന്റെ കണ്ണ്. അവിടെ നടന്ന കളര്‍ റെവല്യൂഷനുകളില്‍ പലതിലും സോറോസിന്റെ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന് പങ്കുണ്ടായിരുന്നുവെന്നും ആരോപണമുണ്ട്. ഇന്നും സോറോസ് വിചാരിച്ചാല്‍, ലോകത്തിലെ ഏതൊരു കറന്‍സിയുടെയും വിലയിടിക്കാന്‍ കഴിയുമെന്നാണ് പറയുന്നത്!
കോടികളുടെ സാമൂഹിക പ്രവര്‍ത്തനങ്ങള്‍
ഒരു കൈകൊണ്ട് ശിക്ഷിക്കുമ്പോഴും, മറുകൈകൊണ്ട് രക്ഷിക്കുന്ന നമ്മുടെ ദൈവങ്ങളെപ്പോലെയാണ് സോറോസും. എതിരാളികള്‍ക്ക് അയാള്‍ സാമ്പത്തിക കുറ്റവാളിയാണെങ്കില്‍, അനുകൂലിക്കുന്നവര്‍ക്ക് ജീവകാരുണ്യ പ്രവര്‍ത്തകനായ, മനുഷ്യസ്നേഹിയാണ്. 1984-ല്‍ രൂപം കൊടുത്ത 'സോറോസ് ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍' എന്ന തന്റെ സംഘടനയിലൂടെ ശതകോടികളുടെ സാമൂഹിക പ്രവര്‍ത്തനങ്ങളാണ് അദ്ദേഹം നടത്തുന്നത്. 120-ലധികം രാജ്യങ്ങളില്‍ നീതി, ജനാധിപത്യം, മനുഷ്യാവകാശങ്ങള്‍ എന്നിവയുടെ മൂല്യങ്ങള്‍ നിലനിര്‍ത്താന്‍ പ്രതിജ്ഞാബദ്ധമായ ഒരു സംഘടനയായാണ് ഇത് അറിയപ്പെടുന്നത്. 1979-നും 2011-നും ഇടയില്‍, വിവിധ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കായി 1,1000 കോടി ഡോളറിലധികം സോറോസ് സംഭാവന ചെയ്തുവെന്നാണ് കണക്ക്.
വര്‍ണവിവേചനത്തിന്‍ കീഴിലുള്ള ദക്ഷിണാഫ്രിക്കക്കാര്‍ക്കുള്ള സ്‌കോളര്‍ഷിപ്പോടെയാണ് അദ്ദേഹത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. കിഴക്കന്‍ യൂറോപ്പിലെ ജനാധിപത്യ പ്രസ്ഥാനങ്ങളെ പിന്തുണക്കുന്നതിനായി അത് വിപുലീകരിച്ചു. ബുഡാപെസ്റ്റിലെ സെന്‍ട്രല്‍ യൂറോപ്യന്‍ യൂണിവേഴ്‌സിറ്റി പോലുള്ള വിദ്യാഭ്യാസ പരിപാടികള്‍ ഉള്‍പ്പെടെ 'തുറന്ന സമൂഹങ്ങളെ വളര്‍ത്തിയെടുക്കാന്‍ ലക്ഷ്യമിട്ടുള്ള' നിരവധി സംരംഭങ്ങള്‍ക്ക് സോറോസിന്റെ ഫൗണ്ടേഷനുകള്‍ ധനസഹായം നല്‍കിയിട്ടുണ്ട്. സാമൂഹിക കാരണങ്ങളോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത, യു.എസിലെ മയക്കുമരുന്ന് നയ പരിഷ്‌കരണത്തിനും എല്‍.ജി.ബി.ടി.ക്യു അവകാശങ്ങള്‍ക്കും വേണ്ടി വാദിക്കുന്നതിലേക്കും അദ്ദേഹത്തെ നയിച്ചു.
ജോര്‍ജ് സോറോസ് തന്റെ 25 ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക-ചാരിറ്റബിള്‍ ഓര്‍ഗനൈസേഷന്റെ നിയന്ത്രണം മകന്‍ അലക്സ് സോറോസിന് കൈമാറിയിരിക്കുകയാണ്. ന്യൂയോര്‍ക്ക് സര്‍വകലാശാലയില്‍ നിന്ന് ചരിത്ര ബിരുദവും ബെര്‍ക്ക്‌ലിയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ നിന്ന് പി.എച്ച്.ഡിയും നേടിയ 37 കാരനായ അലക്‌സ് ജോര്‍ജ് സോറോസിന്റെ അഞ്ച് മക്കളില്‍ രണ്ടാമത്തെ ആളാണ്. 'സോറോസ് ഫണ്ട് മാനേജ്‌മെന്റി'ന്റെ നിക്ഷേപ സമിതിയിലെ ഏക കുടുംബ പ്രതിനിധിയാണ് ഇദ്ദേഹം. 2022 ഡിസംബര്‍ മുതല്‍, അലക്സ് ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷനുകളുടെ ചെയര്‍മാനായി സേവനമനുഷ്ഠിക്കുന്നുണ്ട്. കൂടാതെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഫണ്ട് നല്‍കുന്ന പിതാവിന്റെ 'സൂപ്പര്‍ പി.എ.സി'യും കൈകാര്യം ചെയ്യുന്നു. ഒരു അഭിമുഖത്തില്‍, തന്റെ മകന്റെ നേതൃത്വത്തിലുള്ള ആത്മവിശ്വാസം ജോര്‍ജ് വീണ്ടും ഉറപ്പിച്ചു. പിതാവിനേക്കാള്‍ 'കൂടുതല്‍ രാഷ്ട്രീയക്കാരനാണ്' എന്നാണ് അലക്‌സ് സ്വയം വിശേഷിപ്പിച്ചത്.
അദാനി വിരുദ്ധ റിപ്പോര്‍ട്ടിലെ വിവാദ കേന്ദ്രം
ഇന്ത്യയില്‍ സോറോസ് എന്ന വാക്ക് മാധ്യമങ്ങളില്‍ നിറയുന്നത്, 2023 ജനുവരിയില്‍, യു.എസ് ആസ്ഥാനമായുള്ള ഷോര്‍ട്ട് സെല്ലറായ ഹിന്‍ഡന്‍ബര്‍ഗ്, അദാനി ഗ്രൂപ്പിനെതിരെ റിപ്പോര്‍ട്ട് പുറത്തിറക്കിയതോടെയാണ്. മ്യൂണിച്ച് സെക്യൂരിറ്റി കോണ്‍ഫറന്‍സിനെ അഭിസംബോധന ചെയ്യവേ, സോറോസ് ഈ വിഷയം എടുത്തിട്ട് അദാനിയെയും, മോദിയെയും വിമര്‍ശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും അദാനിയുടേയും വിധി പരസ്പരം ബന്ധപ്പെട്ടു കിടക്കുകയാണെന്നും, ഓഹരി വിപണിയില്‍ അദാനി നേരിടുന്ന പ്രതിസന്ധിക്ക് മോദി ഉത്തരം പറയേണ്ടി വരുമെന്നുമായിരുന്നു സോറോസിന്റെ പരാമര്‍ശം. അദാനി ഓഹരി വിവാദം മോദിക്ക് തിരിച്ചടിയാകുമെന്നും ഈ സംഭവം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നവോത്ഥാനത്തിന് തുടക്കം കുറിക്കുമെന്നും സോറോസ് പറഞ്ഞു.
ഇതോടെ, ഇന്ത്യയിലെ ഭരണ പക്ഷത്ത് നിന്നും രൂക്ഷമായ വിമര്‍ശനങ്ങളായിരുന്നു സോറോസ് നേരിട്ടത്. രാജ്യത്തിനു നേരെയുള്ള വിദേശ ശക്തികളുടെ ആക്രമണമായി കാണണമെന്നായിരുന്നു ബിജെപി നേതാക്കള്‍ സ്വീകരിച്ച നിലപാട്. സോറസിന്റെ ലക്ഷ്യം ഇന്ത്യന്‍ ജനാധിപത്യത്തെ നശിപ്പിക്കുക എന്നതു മാത്രമാണെന്നും അവര്‍ കുറ്റപ്പെടുത്തി. ഇന്ത്യയുടെ ജനാധിപത്യ വ്യവ്സ്ഥിതിയെ കുറിച്ചു അതിന്റെ ഭാവിയെ കുറിച്ചും സംസാരിക്കാന്‍ ഒരു വിദേശിക്കെന്താണ് അധികാരം എന്നുള്‍പ്പെടെയാണ് ബിജെപി നേതാക്കള്‍ ചോദിച്ചത്. ഇതിന് മറുപടിയായി, ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ മോദി, ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കാന്‍ പദ്ധതിയിടുകയാണെന്ന പരാമര്‍ശം കൂടിവന്നതോടെ ജോര്‍ജ് സോറോസ് സംഘപരിവാറിന്റെ കടുത്ത ശത്രുവായി.
പക്ഷേ അദാനി വിഷയത്തിന് എത്രയോ മുമ്പുതന്നെ ബിജെപിയും സോറോസിന്റെ ഓപ്പണ്‍ ഫൗണ്ടേഷനുമായി പ്രശ്നങ്ങളുണ്ട്. ഇന്ത്യയിലെ വിധ്വംസക ശക്തികള്‍ക്കും, പാക്കിസ്ഥാനും, കശ്മീര്‍ തീവ്രവാദികള്‍ക്കും, സര്‍ക്കാറിനെ എതിര്‍ക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കുമൊക്കെ സോറാസിന്റെ പണം എത്തുന്നുവെന്ന് ഇന്ത്യ ആരോപിക്കുന്നുണ്ട്. ഇന്ത്യന്‍ കോടതികളില്‍ സോറോസിന്റെ വകയായി നിരവധി കേസുകള്‍ ഫയല്‍ ചെയ്യപ്പെട്ടെങ്കിലും ഒന്നും ക്ലച്ചു പിടിച്ചില്ല. റാഫേല്‍ ഇടപാടിനെതിരെ പോലും ഈ എന്‍ജിഒ കോടതിയെ സമീപിച്ചു. പക്ഷേ അതോടെ സോറോസിനെ പൂട്ടാന്‍ കേന്ദ്രവും ഒരുങ്ങി. മുന്‍കൂട്ടി അനുവാദം വാങ്ങാതെ, എന്തിനെന്നു കൃത്യമായി ബോധ്യപ്പെടുത്താതെ നയാപൈസ ഇന്ത്യയിലേക്ക് കൊണ്ട് വരാനാകില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍ സോറോസിനെ അറിയിച്ചു. 2016 ല്‍ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍ സര്‍ക്കാര്‍ വാച്ച് ലിസ്റ്റില്‍ പെടുത്തി. പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ തുടങ്ങി.
2019 ഓഗസ്റ്റ് 5 നു ഭാരതസര്‍ക്കാര്‍ കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞപ്പോഴും വിമര്‍ശനമായി സോറോസ് ഉണ്ടായിരുന്നു. 2019 സെപ്റ്റംബര്‍ 22 നു ഹൂസ്റ്റണില്‍ നരേന്ദ്രമോദിയുടെ വന്‍ ജനസമ്പര്‍ക്കം നടന്നു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ആ മീറ്റിങ്ങില്‍ പങ്കെടുത്തു. തൊട്ടു പിറ്റേ ദിവസം ജോര്‍ജ് സോറോസ് ഇമ്രാന്‍ ഖാനുമായി കൂടിക്കാഴ്ച നടത്തി. കശ്മീര്‍ വിഷയത്തില്‍ എല്ലാ പിന്തുണയും പാക്കിസ്ഥാന് വാഗ്ദാനം ചെയ്തവെന്നും വിമര്‍ശകര്‍ പറയുന്നു.
ഹിന്ദു സംഘടനകള്‍ക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ പ്രചാരണം നടത്തുന്നതും ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്റെ സ്ഥിരം ഏര്‍പ്പാടാണെന്ന്, ബിജെപി നേതാക്കാള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. 2020 ജനുവരിയില്‍ ലോക സാമ്പത്തിക ഫോറത്തില്‍ നടത്തിയ പ്രസംഗത്തില്‍ ഇന്ത്യയിലെ ദേശീയതക്കും ദേശീയവാദികള്‍ക്കും സര്‍ക്കാറിനുമെതിരെ പോരാടാന്‍ ഒരു ബില്യണ്‍ ഡോളര്‍ നീക്കി വെക്കും എന്ന് ജോര്‍ജ് സോറോസ് പറഞ്ഞതും വിവാദമായി. സിറ്റിസണ്‍ഷിപ്പ് അമേന്റ്മെന്റ് ആക്റ്റിനെതിരെ ആഗോള തലത്തില്‍ കടുത്ത പ്രചാരണമാണ് സോറോസ് അഴിച്ചു വിട്ടത്. അതുപോലെ റോഹീങ്ക്യന്‍ തീവ്രാവാദികള്‍ക്ക് പണം കൊടുക്കുന്നുവെന്നും ആരോപണമുണ്ട്.
ഇന്ത്യന്‍ പാര്‍ലിമെന്റില്‍ കേന്ദ്ര മന്ത്രി സ്മൃതി ഇറാനി നടത്തിയ പ്രസംഗത്തില്‍ ജോര്‍ജ് സോറോസിനെ 'ലോക സാമ്പത്തിക- യുദ്ധ കുറ്റവാളി' എന്നാണ് വിശേഷിപ്പിച്ചത്. തന്റെ കാഴ്ച്ചപ്പാടിലൂടെയാണ് ലോകം പ്രവര്‍ത്തിക്കുന്നതെന്നു കരുതുന്ന, ന്യൂയോര്‍ക്കിലെ ഒരു വൃദ്ധനായ കോടീശ്വരന്‍ മാത്രമാണ് സോറോസ് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പരിഹസിച്ചത്. ഇതിന്റെയെല്ലാം തുടച്ചയായാണ്, ഇപ്പോള്‍ രാഹുല്‍ഗാന്ധിക്ക് നേരെവരെ ഉണ്ടായ ആരോപണം. രാഹുലും, സോറോസിന്റെ ഓപ്പണ്‍ ഫൗണ്ടേഷന്റെ പണം പറ്റുന്നുണ്ടെന്ന് ബിജെപി ആരോപിക്കുന്നുണ്ട്. പക്ഷേ കോണ്‍ഗ്രസ് ഇക്കാര്യം നിഷേധിക്കയാണ്.
ട്രംപിന്റെ കടുത്ത എതിരാളി
സാമ്പത്തിക രംഗത്തെ പ്രഗല്‍ഭനാണെങ്കിലും രാഷട്രീയ രംഗത്തും സജീവ സാന്നിധ്യമാണ് സോറോസ്. അതുകൊണ്ടുതന്നെ, അമേരിക്കയിലും പലതവണ സോറോസ് വിവാദകേന്ദ്രമായിട്ടുണ്ട്. എന്നും ഡെമോക്രാറ്റുകള്‍ക്ക് ഒപ്പമാണ് അദ്ദേഹം. ബരാക് ഒബാമ, ഹിലരി ക്ലിന്റണ്‍, ജോ ബൈഡന്‍ എന്നീ അമേരിക്കന്‍ ഡെമോക്രാറ്റിക്ക് സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി തിരഞ്ഞെടുപ്പിലും സോറോസ് അണി നിരന്നിരുന്നു. ഇവരുടെയൊക്കെ അടുത്ത സുഹൃത്തുകൂടിയാണ് ഈ ബിസിനസ് മാഗ്നറ്റ്. സോറോസിനെ ഡെമോക്രാറ്റുകള്‍ പുരോഗമനവാദിയായ ഒരു ക്യാപറ്റിലസ്റ്റായിട്ടാണ് കാണുന്നത്. വിവിധ ഡെമോക്രാറ്റിക് സംരംഭങ്ങളെയും പ്രചാരണങ്ങള്‍ക്കും അദ്ദേഹം സംഭാവന കൊടുക്കുന്നുമുണ്ട്.
കടുത്ത ട്രംപ് വിരുദ്ധനുമാണ് അദ്ദേഹം. യു.എസ് പ്രസിഡന്റായി രണ്ടാം തവണയും ഡൊണാള്‍ഡ് ട്രംപിന്റെ ശ്രമത്തെ എതിര്‍ക്കുമെന്ന് സോറോസ് നേരത്തെ പ്രതിജ്ഞയെടുത്തുവെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ട്രംപിനുവേണ്ടി ഇലോണ്‍ മസ്‌ക്ക് അടക്കമുള്ളവര്‍ കോടികള്‍ പൊടിച്ചപ്പോള്‍, സോറാസിന്റെ ഫണ്ട് പോയത് കമല ഹാരീസിന് ആയിരുന്നു. ഇതോടെ ഡൊണാള്‍ഡ് ട്രംപിനെ പിന്തുണക്കുന്നവരുടെ വിമര്‍ശനങ്ങളുടെ കേന്ദ്രബിന്ദുവായി അദ്ദേഹം. ഇതും അമേരിക്കയില്‍ ചര്‍ച്ചയായി. തന്റെ സംഭാവനകളിലൂടെ രാഷ്ട്രീയ വിഷയങ്ങളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതായി വിമര്‍ശകര്‍ ആരോപിച്ചു. അമേരിക്കയുടെ സാമ്പത്തിക-സാമൂഹിക കാഴ്ചപ്പാടുകള്‍ രൂപപ്പെടുത്തുന്ന യു.എസ് 'ഡീപ് സ്റ്റേറ്റി'ന്റെ ഭാഗമാണ് സോറാസ് എന്നും വിമര്‍ശനം ഉയര്‍ന്നു.
ട്രംപിന്റെ അടുത്ത കൂട്ടാളിയായ മസ്‌ക്കിന് ഈ വിഷയത്തില്‍ സോറോസിനോട് കടുത്ത അരിശമാണ്. കുടിയേറ്റക്കാരുടെ താവളമാക്കി അമേരിക്കയെ നശിപ്പിക്കാനുള്ള നീക്കമാണ് സോറോസ് നടത്തുന്നത് എന്നുവരെ മസ്‌ക്ക് ആരോപിക്കുന്നു. ഇപ്പോള്‍ അമേരിക്കയുടെ പരമോന്നത ബഹുമതി കിട്ടിയതും, ബൈഡന്‍ അടക്കമുള്ള ഡെമോക്രാറ്റുകള്‍ക്ക് ഫണ്ട് കൊടുത്തതിന്റെ പ്രതിഫലമാണെന്ന്, റിപ്പബ്ബിക്കന്‍മാര്‍ പ്രചാരണം നടത്തുന്നുണ്ട്. ഒരുപാട് കഥകള്‍ ഒരു പ്രഹേളികപോലെ, ജീവിത സായാഹ്നത്തിലെത്തിയ ഈ ശതകോടീശ്വര വയോധികനെ ചൂഴ്ന്നുനില്‍ക്കുന്നുണ്ട്. സോറോസ് ഇല്ല്യൂമിനാറ്റിയുടെ തലവന്‍ ആണെന്നും, ലോകം നിയന്ത്രിക്കുന്നെന്ന് പറയുന്ന ലോത്ത് ഫാമിലിയെന്ന ജൂത കുടുംബം, ഇദ്ദേഹത്തിന്റെതാണെന്നൊക്കെ വീഡിയോ ചെയ്യുന്നവരുണ്ട്! പക്ഷേ ഇതിലൊന്നും യാതൊരു കഥയുമില്ല. ഇല്ല്യൂമിനാറ്റി എന്ന സങ്കല്‍പ്പം തന്നെ ഒരു കെട്ടുകഥയാണ്.
പക്ഷേ ഒരു സാമ്പത്തിക കുറ്റവാളിയാണോ, നന്‍മമരമാണോ എന്ന് തീര്‍ത്തു പറയാന്‍ കഴിയാത്ത രീതിയിലാണ്, ഈ ശതകോടീശ്വരന്റെ പ്രവര്‍ത്തനം. രാമായണം മുഴവന്‍ വായിച്ചാലും, 'രാമന്‍ സീതക്ക് എപ്പടി' എന്ന് ചോദിച്ചുവെന്ന് പറയുന്ന തമാശപോലെ, സോറോസിനെ കുറിച്ചുള്ള പഠനങ്ങള്‍ മുഴുവന്‍ വായിച്ചാലും ഇയാള്‍ എന്താണ് എന്ന് കൃത്യമായി പിടികിട്ടില്ല. അതുകൊണ്ടുതന്നെയാവും ചിലര്‍ ഇദ്ദേഹത്തെ ഇല്യൂമിനാറ്റി തലവനാക്കിയൊക്കെ മാറ്റുന്നതും!
വാല്‍ക്കഷ്ണം: വാദവും പ്രതിവാദവും രണ്ടുകൂട്ടര്‍ക്കും പറയാനുണ്ടെങ്കിലും ഒരു കാര്യം വ്യക്തമാണ്. ഈ എന്‍ജിഒകള്‍ എന്ന് പറയുന്നവര്‍ക്ക് വരുന്ന പണവും, അവരുടെ ലക്ഷ്യവും കൃത്യമായി പഠിക്കപ്പെടേണ്ടതും, ഓഡിറ്റ് ചെയ്യപ്പെടേണ്ടതുമുണ്ട്.