പെട്ടെന്ന് ഒരാള്‍ കത്തിയുമായോ തോക്കുമായോ ആക്രമിക്കുന്ന 'ലോണ്‍ വുള്‍ഫ് അറ്റാക്കിന്റെ' ഭീതിയില്‍ യൂറോപ്പ്; ആഘോഷം കുറച്ച് പാരീസ്; 'സിസിടിവിയിലുടെ ജീവിക്കാന്‍ വയ്യ, അല്‍പ്പം സ്വകാര്യത തരൂ' എന്ന് പറയുന്ന യുവാക്കള്‍; സുരക്ഷയില്‍ വീര്‍പ്പുമുട്ടി ലോകം ക്രിസ്മസ് ആഘോഷിക്കുമ്പോള്‍!
സുരക്ഷയില്‍ വീര്‍പ്പുമുട്ടി ലോകം ക്രിസ്മസ് ആഘോഷിക്കുമ്പോള്‍!
പതിനേഴാം നൂറ്റാണ്ടില്‍ ഇംഗ്ലണ്ടിലും അമേരിക്കയിലെ ചില ഭാഗങ്ങളിലും ക്രിസ്മസ് ആഘോഷിക്കുന്നത് നിയമവിരുദ്ധമായിരുന്നു! ക്രിസ്മസ് എപ്പോഴും ആഘോഷിക്കാന്‍ അനുവാദമുള്ള ഒന്നായിരുന്നില്ല. പ്യൂരിറ്റന്‍ ഭരണാധികാരിയായ ഒലിവര്‍ ക്രോംവെല്‍ ക്രിസ്മസിനെ ഒരു അനാചാരമായി പ്രഖ്യാപിക്കുകയും പള്ളികളിലെ പ്രത്യേക പ്രാര്‍ത്ഥനകള്‍ പോലും നിരോധിക്കുകയും ചെയ്തിരുന്നു. ആരെങ്കിലും ക്രിസ്മസ് ആഘോഷിച്ചാല്‍ അവര്‍ക്ക് പിഴയോ ജയില്‍ശിക്ഷയോ അനുഭവിക്കേണ്ടി വരുമായിരുന്നു. പിന്നീട് ഭരണമാറ്റം വന്നതിന് ശേഷമാണ് ക്രിസ്മസ് വീണ്ടും ജനകീയമായ ഒരു ആഘോഷമായി മാറിയത്.
ഇപ്പോള്‍ വീണ്ടും ഒരു ക്രിസ്മസ്- പുതുവത്സര കാലം കടന്നുപോവുമ്പോള്‍, ലോകത്ത് 17-ാം നൂറ്റാണ്ടിലെ ഇംഗ്ലണ്ടിന് സമാനമായ ഒരു സാഹചര്യം വരുമോ എന്ന് പല ക്രിസ്ത്യന്‍ ഫണ്ടമെന്റല്‍ ഗ്രൂപ്പുകളും ചോദിക്കുന്നത്, അതിവായന മാത്രമാണ്. പക്ഷേ കടുത്ത ഭീതിയിലുടെയും, സുരക്ഷാ മുന്‍കരുതലുകള്‍ക്കിടയിലൂടെയുമാണ് ഈ വര്‍ഷത്തെ ന്യൂഇയര്‍-ക്രിസ്മസ് ആഘോഷപരിപാടികള്‍ കടന്നുപോവുന്നത് എന്ന് പറയാതെ വയ്യ. ലണ്ടനും, പാരീസും, വിയന്നയും, ബ്രസല്‍സും, ഉള്‍പ്പെടെയുള്ള യുറോപ്പിന്റെ ആഘോഷ നഗരങ്ങളില്‍ ഇത്തവണ പതിവ് പകിട്ടില്ല. അതിരുകളില്ലാത്ത സ്വാതന്ത്ര്യം ജന്‍മാവകാശമായി കരുതുന്ന യൂറോപ്യന്‍ യുവത, കടുത്ത പ്രതിഷേധത്തിലുമാണ്. പാരീസില്‍ പല ആഘോഷങ്ങളും റദ്ദ് ചെയ്യുകയാണ്. ജര്‍മ്മനിയില്‍ 'സിസിടിവിയിലുടെ ജീവിക്കാന്‍ വയ്യ, അല്‍പ്പം സ്വകാര്യത തരൂ' എന്ന് പറഞ്ഞ് യുവാക്കാള്‍ പ്രകടനം നടത്തുകയാണ്!
ബോണ്ടി ബീച്ച് ആക്രമണത്തിന്റെ നടുക്കം മാറാത്ത ഓസ്ട്രേലിയയിലും ഈ കനത്ത സുരക്ഷയാണ്്. ഇനി അതില്‍നിന്ന് മാറാന്‍ കഴിയില്ല. ഇസ്ലാമിക ഭീകരതയെന്നത് ഇന്ന് യുകെയെയും, ജര്‍മ്മനിയെയും, ന്യുസിലന്‍ഡിനെയും, ഓസ്ട്രേലിയയെയുമെല്ലാം ആഘോഷകാലത്തെ ഭീതിദമാക്കുകയാണ്. എവിടെനിന്നോ കത്തിയുമായോ, തോക്കുമായോ ചാടിവീഴുന്ന, അല്ലെങ്കില്‍ കാര്‍ ആള്‍ക്കൂട്ടത്തിലേക്ക് ഓടിച്ചുകയറ്റുന്ന ഒരു 'ഒറ്റക്കുറുക്കനെ' അവര്‍ ഭയക്കുകയാണ്! സമാധാനത്തിന്റെ രാജ്യങ്ങള്‍ എന്ന് അറിയപ്പെടുന്ന സ്‌കാന്‍ഡനേവിയന്‍ രാജ്യങ്ങളില്‍പോലും ഭീതി നിലനില്‍ക്കയാണ് ആഘോഷം.
തുടക്കം സാക്കിര്‍ നായിക്കില്‍ നിന്ന്
2022-ല്‍ വിവാദ ഇസ്ലാമിക പ്രാസംഗികന്‍ സാക്കിര്‍ നായിക്ക് തുടങ്ങിവെച്ച ഒരു ഹേറ്റ് കാമ്പയിനാണ് തീവ്ര ഇസ്ലാമിക വിശ്വാസികളെ ബാധിക്കുന്ന രീതിയില്‍ ഇന്ന് പ്രശ്നവത്ക്കരിക്കപ്പെട്ടത്. ക്രിസ്മസ് ആശംസകള്‍ കൈമാറരുതെന്നും, അത് അനിസ്ലാമികം ആണെന്നുമായിരുന്നു സാക്കിര്‍ നായിക്ക് മലേഷ്യയിലിരുന്ന് പരസ്യമായി പറഞ്ഞത്. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്ന സാക്കിര്‍ നായിക്കിന്റെ വിവാദ പ്രസ്താവന.
'അമുസ്ലിങ്ങളുടെ ആഘോഷങ്ങള്‍ ഏതെങ്കിലും വിധത്തില്‍ അനുകരിക്കുന്നത് ഇസ്ലാമില്‍ അനുവദനീയമല്ല. ആഹാരം, വസ്ത്രം, തിരിതെളിക്കല്‍ എന്നിവയും സാധാരണയായുള്ള ആരാധനാക്രമത്തില്‍ മാറ്റം വരുത്തുന്നതൊന്നും അനുവദനീയമല്ല. ആഘോഷങ്ങളുടെ ഭാഗമായി വിരുന്ന് നല്‍കുന്നതോ സമ്മാനങ്ങള്‍ കൊടുക്കുന്നതോ വാങ്ങുന്നതോ അനുവദനീയമല്ല'- സാക്കിര്‍ നായിക്ക് വ്യക്തമാക്കി.
എന്നാല്‍ പോസ്റ്റിന് താഴെ നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തി. സാക്കിര്‍ നായിക്കിന്റെ പോസ്റ്റ് ഷെയര്‍ ചെയ്ത് ക്രിസ്മസ് ആശംസകള്‍ നേര്‍ന്നും കമന്റുകളായി ക്രിസമസ് ആശംസകളര്‍പ്പിച്ചുമാണ് സമൂഹമാധ്യമങ്ങളില്‍ ഈ പോസ്റ്റിനെതിരെ പ്രതികരണമുയര്‍ന്നത്. മറ്റ് മതവിഭാഗങ്ങളുടെ ആഘോഷങ്ങളില്‍ ആശംസകള്‍ നേരുന്നത് നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണെന്നാണ് കമന്റുകള്‍. മലയാളികളടക്കം നിരവധി പേരാണ് സാക്കിര്‍ നായിക്കിന്റെ പോസ്റ്റിനെ വിമര്‍ശിച്ച് രംഗത്തെത്തിയത്. അതോടെ വ്യത്യസ്തമായൊരു ക്രിസ്തുമസ് അപ്പൂപ്പനെ ഇറക്കിയാണ് സോഷ്യല്‍ മീഡിയയിലെ ആഘോഷങ്ങള്‍ പൊടി പൊടിച്ചത്.സാക്കിര്‍ നായിക്കിന്റെ ചിത്രം അവര്‍ ക്രിസ്തമസ് അപ്പൂപ്പനാക്കി. ഇത്തരം ട്രോളുകളും ലോകമെമ്പാടും ഉണ്ടായി.
പ്രശസ്തമായ അറബ് ന്യൂസ് പത്രം 'സൗദി അറേബ്യയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ക്രിസ്തുമസ് സ്പിരിറ്റ് ഉണ്ടായിരിക്കുന്നത്' എന്ന് പറഞ്ഞുകൊണ്ടാണ് ലീഡ് സ്റ്റോറി കൊടുത്തത്. അതായത് സാക്കിര്‍ നായിക്കിന്റെ ആഹ്വാനം കൊണ്ട് അന്ന് അതായത് 2022-ല്‍ വിപരീത ഫലമാണ് ഉണ്ടായത്. മറ്റ് അറബ് രാഷ്ട്രങ്ങളിലും ഇത്തവണ ക്രിസ്മസ് ആഘോഷം പൊടിപൊടിച്ചു. ഇതോടെ പണി പാളുന്നെന്ന് മനസ്സിലായ സാക്കിര്‍ നായിക്ക് ആവട്ടെ തന്റെ പോസ്റ്റ് ഡിലിറ്റ് ചെയ്ത് തടിയെടുക്കുകയാണ് ചെയ്തത്. പച്ച മലയാളത്തില്‍ പറഞ്ഞാല്‍ കണ്ടം വഴി ഓടുക തന്നെ! പിന്നെ പുതിയൊരു പോസ്റ്റുമായി സാക്കിര്‍ നായിക്ക് എത്തിയിട്ടുണ്ട്. മേരിയുടെ പുത്രനായ ക്രൈസ്റ്റ് ജീസസ് അള്ളാഹുവിന്റെ സന്ദേശ വാഹകന്‍ ആണെന്നാണ് ഇതില്‍ പറയുന്നത്.
ഇത് സാക്കിര്‍ നായിക്ക് ആദ്യമായി പറയുന്നതല്ല. മുന്‍കാലത്തും അദ്ദേഹത്തിന്റെ നിലപാട് ഇതുതന്നെയാണ്. ബിന്‍ലാദനെയും താലിബാനെയും ജിഹാദിന്റെ പേരില്‍ ന്യായീകരിച്ച ആളാണ് അദ്ദേഹം. തീവ്രവാദ ബന്ധങ്ങളുടെയും, വിദ്വേഷ പ്രസംഗങ്ങളുടെയും കള്ളപ്പണം വെളുപ്പിക്കലിന്റെയും പേരില്‍ ഇന്ത്യാഗവണ്‍മെന്റ് നടപടിയെടുത്തതോടെ മുങ്ങിയ ഇയാള്‍, മലേഷ്യയില്‍ പോയിരുന്നാണ് ഈ പരിപാടികള്‍ ഒക്കെ ഒപ്പിക്കുന്നത്. ഇന്ത്യാ ഗവണ്‍മെന്റ് ഇന്റര്‍പോളിനോട് ആവശ്യപ്പെട്ട പ്രതിയാണ് സാക്കിര്‍. എന്നിട്ടും അയാള്‍ നിരവധി ഇന്ത്യാവിരുദ്ധ പ്രസ്താവനകളും നടത്തി. ഇന്ത്യന്‍ മുസ്ലീങ്ങള്‍ പൊളിറ്റിക്കലായി കേരളത്തെ മാതൃകയാക്കണമെന്നും, കേരളത്തിലേക്ക് പോകണമെന്നും നേരത്തെ സാക്കിര്‍ ആഹ്വാനം ചെയ്തതും വിവാദമായിരുന്നു.
എവിടെ സാക്കിര്‍ നായിക്ക് ഉണ്ടോ അവിടെ തീവ്രവാദമുണ്ടെന്നത്, ഇന്ന് ഒരു പഴഞ്ചൊല്ലുപോലെ ആയ കാര്യമാണ്. ശ്രീലങ്കയിലെ ചാവേറുകളാവട്ടെ, ബംഗ്ലാദേശിലെ ജിഹാദികള്‍ ആവട്ടെ, കേരളത്തില്‍നിന്ന് ഐസിസില്‍ പോയവര്‍ ആവട്ടെ, അവരുടെ കൈയില്‍ നിന്ന് പിടികൂടി സാധനങ്ങളില്‍ സാക്കിര്‍ നായിക്കിന്റെ ലഘുലേഖയും സീഡിയും കാണാം! 2016-ല്‍ ബംഗ്ലാദേശിലെ ധാക്കയില്‍ ഭീകരാക്രമണത്തില്‍ പങ്കെടുത്ത ഭീകരരുടെ മൊഴിയെ തുടര്‍ന്നാണ് വിവാദ മതപ്രഭാഷകന് മേല്‍ കുരുക്ക് വീഴുന്നത്. ഐസിസില്‍ ചേരാന്‍ പ്രചോദനം കിട്ടിയത് സാക്കിര്‍ നായിക്കിന്റെ പ്രഭാഷണങ്ങള്‍ ആയിരുന്നു എന്നാണ് അവരുടെ മൊഴി. ഭീകരവാദം, മതപരിവര്‍ത്തനം തുടങ്ങിയ കേസുകളില്‍ ആണ് ദേശീയ അന്വേഷണ ഏജന്‍സി ഇദ്ദേഹത്തെ പ്രതി ചേര്‍ത്തിട്ടുള്ളത്. 2022-ല്‍ സാക്കിര്‍ നായിക്ക് വിവാദ പ്രസ്താവനയുടെ പേരില്‍ ഒറ്റപ്പെടുകയായിരുന്നെങ്കില്‍, റാഡിക്കല്‍ മുസ്ലീങ്ങളുടെ മനസ്സില്‍ അത് തറഞ്ഞുകിടന്നുവെന്നാണ് പല യുറോപ്യന്‍ ചിന്തകരും എഴുതുന്നത്. പിന്നീട് ഇത് ഏറ്റെടുക്കാന്‍ ഒരുപാട് പേര്‍ ഉണ്ടായി. ഫലസ്തീന്‍ സംഘര്‍ഷങ്ങള്‍ വിദ്വേഷത്തിന്റെ ആ ഗന്ധകത്തീ ആളിക്കത്തിച്ചു. നിങ്ങള്‍, അവര്‍ എന്ന ബോധമുണ്ടാക്കി. അതിന്റെ പ്രതിഫലനമാണ് ഇപ്പോള്‍ യൂറോപ്പില്‍ കാണുന്നത്.
'ഒറ്റക്കുറുക്കന്റെ' പേടിയില്‍ യൂറോപ്പ്
യൂറോപ്പില്‍ ഈ ക്രിസ്മസ് കാലത്ത് മാത്രമല്ല കഴിഞ്ഞ കുറേ ക്രിസ്മസ് -പുതുവത്സരകാലത്ത കനത്ത സുരക്ഷയാണ്. അതിന് പ്രധാനകാരണം മുന്‍കാലത്ത് ഈ സമയത്തുണ്ടായ ഭീകരാക്രമണങ്ങളാണ്. യൂറോപ്പില്‍ ക്രിസ്മസ് മാര്‍ക്കറ്റുകളും ആഘോഷങ്ങളും നടക്കുമ്പോള്‍ വലിയ ജനക്കൂട്ടങ്ങള്‍ ഒരിടത്ത് കൂടുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ നടന്ന ചില ജിഹാദിസ്റ്റ്പ്രേരിത ഭീകരാക്രമണങ്ങള്‍ കാരണം സുരക്ഷാ ഏജന്‍സികള്‍ ഇപ്പോള്‍ പ്രത്യേക ജാഗ്രത പുലര്‍ത്തുകയാണ്.
2015-2016 കാലഘട്ടത്തില്‍ യൂറോപ്പില്‍ ഐഎസുമായി ബന്ധമുള്ള നിരവധി ആക്രമണങ്ങള്‍ നടന്നു. ക്രിസ്മസ് മാര്‍ക്കറ്റിലേക്ക് വണ്ടിയോടിച്ച് കയറ്റി റാന്‍ഡമായി ആളുകളെ കൊല്ലുക, കത്തി ഉപയോഗിച്ച് കണ്ണില്‍ കണ്ടവരെയൊക്കെ കുത്തി മലര്‍ത്തുക തുടങ്ങിയവ പലതവണ ആവര്‍ത്തിക്കപ്പെട്ടു. 2015-ല്‍ പാരീസിലും, 2016-ല്‍ ബെര്‍ലിന്‍ ക്രിസ്മസ് മാര്‍ക്കറ്റ് ആക്രമണം തുടങ്ങിയ ചെറുതും വലുതുമായി നിരവധി ഭീകരാക്രമണങ്ങള്‍ യുറോപ്പ് കണ്ടു.
'ലോണ്‍ വുള്‍ഫ് അറ്റാക്ക്' എന്നാണ് ഈ ആക്രമണ സാധ്യതക്ക് സുരക്ഷാ ഏജന്‍സികള്‍ പേരിട്ടിരിക്കുന്നത്. അതായത് 'ഒറ്റക്കുറുക്കനെ പോലെയിരിക്കുന്ന' ഒരാള്‍ പെട്ടന്ന് ആക്രമണം അഴിച്ചുവിടുക. അതാണ് ക്രിസ്മസ് കാലത്ത് പൊതുവെ കണ്ടിരിക്കുന്നത്. ഇത്തവണ ബോണ്ടി ബീച്ച് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ യൂറോപ്പില്‍ കനത്ത സര്‍വൈലന്‍സസാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
വാഹനങ്ങള്‍ ഇടിച്ചു കയറ്റുന്ന ആക്രമണം തടയാന്‍ മാര്‍ക്കറ്റുകളിലും നഗരചത്വരങ്ങളിലുമടക്കം പൊലീസ് ബാരിക്കേഡുകള്‍ തീര്‍ത്തിരിക്കയാണെന്ന്, ബിബിസിയടക്കമുള്ള മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ആയുധധാരികളായ പോലീസ് - സൈനിക പട്രോളുകള്‍ ഇടക്കിടെയുണ്ട്. ബാഗ് പരിശോധന, സിസിടിവി നിരീക്ഷണം, സംശയാസ്പദരെ നിരീക്ഷിക്കുന്ന അണ്ടര്‍കവര്‍ പോലീസ് എന്നിവയും ശക്തമാണ്. ഫ്രീ ബേഡുകളുടെപ്പോലെ പറഞ്ഞ് നടന്നിരുന്ന യൂറോപ്യന്‍ സമൂഹത്തിന് അസഹനീയമാണ് കര്‍ശന പരിശോധകള്‍. ഈ ടൈറ്റ് സെക്യൂരിറ്റി ആഘോഷങ്ങളുടെ മാറ്റുകുറക്കുന്നുവെന്ന് പൊതുവിമര്‍ശനം. പക്ഷേ അതല്ലാതെ വേറെ വഴിയില്ല.
ആഘോഷം കുറച്ച് പാരീസ്
ബോണ്ടി ബീച്ച് ആക്രമണത്തെ തുടര്‍ന്ന് ഓസ്ട്രലിയയിലും ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് കനത്ത സുരക്ഷയാണ്. ഡിസംബര്‍ 14ന് സിഡ്‌നി ബോണ്ടി ബീച്ചില്‍ ഒരു ജൂത കമ്മ്യൂണിറ്റിയുടെ ഹന്നുക്കാ ആഘോഷത്തില്‍ നടന്ന വെടിവയ്പ്പില്‍ 15 പേര്‍ കൊല്ലപ്പെട്ടതിന്റെ ഭീതിയില്‍ നിന്ന് രാജ്യം ഇനിയും കരയറിയിട്ടില്ല. ആക്രമണത്തില്‍ ഉപയോഗിച്ച വാഹനത്തില്‍ ഐ.എസ്.തീവ്രവാദ ഗ്രൂപ്പിന്റെ കൊടികള്‍ കണ്ടെത്തിയിട്ടുണ്ട്. യഹൂദ സമൂഹത്തെ ലക്ഷ്യമിട്ടുള്ള കൃത്യമായ ഭീകരാക്രമണം തന്നെയായിരുന്നു അത്. ഇപ്പോള്‍ ക്രിസ്മസിനും ന്യൂ ഇയറിനും മുന്നോടിയായി പോലീസും ഫെഡറല്‍ ഏജന്‍സികളും ഓപ്പറേഷന്‍ ഷെല്‍ട്ടര്‍ പോലെയുള്ള നിരന്തര പട്രോളുകള്‍ നടത്തുകയാണെന്ന് മാധ്യമങ്ങള്‍ പറയുന്നു. പ്രത്യേകിച്ച് വലിയ ജനക്കൂട്ടങ്ങള്‍ ഏറെയായുള്ള സ്ഥലങ്ങളില്‍ സുരക്ഷ കൂട്ടിയിട്ടുണ്ട്. ബോണ്ടി ബീച്ച് ആക്രമണത്തിനുശേഷം, തോക്കു നിയമങ്ങളും ഓസ്ട്രേലിയയില്‍ ശക്തമാക്കിയിട്ടുണ്ട്.
വിവിധ സംസ്ഥാനങ്ങളില്‍ ഹേറ്റ് സ്പീച്ച്, തീവ്രവാദ ചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ ഇപ്പോള്‍ ഓസ്ട്രലിയന്‍ സര്‍ക്കാര്‍ കര്‍ശന നടപടിയെടുത്തുവരികയാണ്. ഇങ്ങോട്ടുവരുന്ന ഇമാമുമാര്‍ അടക്കമുള്ള മതപ്രഭാഷകര്‍ക്കും നിയന്ത്രണം വരികയാണ്. ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആല്‍ബനീസ് ക്രിസ്മസ് സന്ദേശത്തില്‍ രാജ്യത്തിന് ഒത്തുചേരാമെന്ന് അഭ്യര്‍ത്ഥിച്ചു ആഘോഷങ്ങള്‍ 'സുരക്ഷയും സമാധാനവും നിലനിര്‍ത്തി'' നടത്താന്‍ അദ്ദേഹം ആഹ്വാനം ചെയ്തു.
ആഘോഷങ്ങളുടെ അവസാനവാക്കായ ഫ്രാന്‍സിലെ പാരീസിലും ഇത്തവണ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിലുണ്ടാകുന്ന വലിയ ജനക്കൂട്ടങ്ങളും പഴയ ഭീകരാക്രമണങ്ങളുടെ ഓര്‍മ്മയും കൂടി കണക്കിലെടുത്താണ് സുരക്ഷാ നടപടി ശക്തമാക്കിയിരിക്കുന്നതന്ന് ദ ഗാര്‍ഡിയന്‍ എഴുതുന്നു. ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയം ഇത്തവണ 'വളരെ ഉയര്‍ന്ന'' ഭീകരഭീഷണി അവസ്ഥയെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രത്യേകിച്ച്, ഇസ്രായേല്‍-ഫലസ്തീന്‍ സംഘര്‍ഷം പോലെയുള്ള അന്താരാഷ്ട്ര സാഹചര്യം തുടരുന്ന ഘട്ടത്തില്‍. ആയിരക്കണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരാണ്, പാരീസില്‍ ഇപ്പോള്‍ അവധിയില്ലാതെ പണിയെടുക്കുന്നതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പാരീസിലെ ക്രിസ്മസ് മാര്‍ക്കറ്റുകള്‍, പ്രധാന പബ്ലിക് സ്ഥലം എന്നിവിടങ്ങളില്‍ പട്രോളിംഗ്, പരിശോധന, സുരക്ഷാ നിരീക്ഷണം എന്നിവ നടത്തുന്നു. ആള്‍ക്കൂട്ട നിയന്ത്രണത്തിന് പൊലീസ് ശ്രമിക്കുന്നത്, നാട്ടുകാര്‍ക്ക് വലിയ പ്രശ്നമാവുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഒരുപാട് വലിയ ഷോകള്‍ റദ്ദാക്കപ്പെടുകയും ചെയ്യുന്നുണ്ട്. സാധാരണയായി പാരീസിന്റെ ചാമ്പ്‌സ്-എലിസീസില്‍ ന്യൂ ഇയര്‍ ആഘോഷത്തിന്റെ ഭാഗമായി, ഒരു വലിയ പബ്ലിക് സെറിബ്രേഷന്‍, കണ്‍സര്‍ട്ട്, ഫയര്‍വര്‍ക്ക് ഷോ തുടങ്ങിയവ സംഘടിപ്പിക്കപ്പെടുന്നുണ്ട്. പക്ഷേ ഇത്തവണ അത് റദ്ദാക്കിയിട്ടുണ്ട്. അതേസമയം, ഫയര്‍വര്‍ക്ക് അവതരണങ്ങള്‍, പ്രീ-റേക്കോര്‍ഡുചെയ്ത പരിപാടികള്‍ എന്നിവ ടെലിവിഷന്‍ വഴി പ്രദര്‍ശിപ്പിക്കും എന്ന രീതിയിലും അധികൃതര്‍ പറയുന്നു. വലിയ ചടങ്ങുകള്‍ പാസ് വെച്ചും നിയന്ത്രിക്കയാണ
ഉത്തരേന്ത്യയിലും ഭീതി
യൂറോപ്യന്‍ രാജ്യങ്ങളില്‍ തീവ്ര ഇസ്ലാമിസ്റ്റുകളാണ് ഭീഷണിയെങ്കില്‍ ഇന്ത്യയിലേക്ക് എത്തുമ്പോള്‍ അത് തീവ്ര ഹിന്ദുത്വശക്തികളായി. ഈ ക്രിസ്മസ് കാലം ഉത്തരേന്ത്യയിലും സംഘര്‍ഷഭരിതമാണ്. നേരത്തെ തന്നെ ക്രിസ്ത്യന്‍ മിഷനറിമാര്‍ ആക്രമിക്കപ്പെടുന്നതിന്റെയും, ആരാധന തടസപ്പെടുന്നതിന്റെയടക്കം വാര്‍ത്തകള്‍ ധാരളമുണ്ടായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പാണ്, മധ്യപ്രദേശിലെ രണ്ട് ക്രൈസ്തവ ദേവാലയങ്ങളില്‍ ബിജെപി നേതാവിന്റെയടക്കം നേതൃത്വത്തില്‍ ആക്രമണം നടന്നത്. ജബല്‍പൂരിലും സിയോനിയിലുമാണ് ആക്രമണം നടന്നത്. ജബല്‍പുരിലെ ഹവാബാഗ് വനിതാ കോളേജിന് സമീപത്തെ പള്ളിയിലാണ് ആദ്യം ആക്രമണം നടന്നത്. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് അഞ്ജു ഭാര്‍ഗവയ്‌ക്കൊപ്പം തീവ്ര വലത് സംഘടനകളില്‍പെട്ട ഒരു സംഘമാളുകള്‍ പള്ളിയിലേക്ക് ഇരച്ചുകയറുകയായിരുന്നു. പള്ളിക്ക് പുറത്ത് ഇവര്‍ മുദ്രാവാക്യം വിളിക്കുകയും പരിസരത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തു. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി.
ഇവിടെ അന്ധയായ യുവതിയെ ബിജെപി ജബല്‍പൂര്‍ വൈസ് പ്രസിഡന്റ് അഞ്ജു ഭാര്‍ഗവയാണ് പൊലീസിന്റെ സാന്നിധ്യത്തില്‍ മര്‍ദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. പള്ളിയിലെ പ്രാര്‍ത്ഥനയിലും തുടര്‍ന്നുള്ള പരിപാടികളിലും പങ്കെടുക്കാന്‍ എത്തിയതായിരുന്നു യുവതി.
ശനിയാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ ദേശീയ തലത്തില്‍ തന്നെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ വീഡിയോ പങ്കുവച്ച് ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി.അന്ധയായ യുവതിയോട് ഭരണകക്ഷി നേതാവ് കാട്ടിയ ക്രൂരത അംഗീകരിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം പ്രതികരിച്ചു. സംഭവത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. പൊലീസും അക്രമികള്‍ക്ക് കൂട്ടുനില്‍ക്കയാണ് ചെയ്തത്. മതപരിവര്‍ത്തന നിരോധന നിയമപ്രകാരം പള്ളി വികാരിക്കും മറ്റ് മൂന്ന് പേര്‍ക്കുമെതിരെയാണ് പോലീസ് കേസെടുത്തത്!
സിയോനി ജില്ലയിലെ ലഖ്‌നാഡണ്‍ പ്രദേശത്തും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തു. ഇവിടെയും മതപരിവര്‍ത്തനം ആരോപിച്ച് ഒരു സംഘം ആളുകള്‍ പള്ളിയിലേക്ക് ഇരച്ചുകയറി. പ്രാര്‍ത്ഥന തടസ്സപ്പെടുത്തി. ക്രിസ്മസ് ആഘോഷങ്ങള്‍ക്കായി തയ്യാറെടുക്കുന്നതിനിടെയുണ്ടായ ഈ രണ്ട് സംഭവങ്ങളും ക്രൈസ്തവ സമൂഹത്തെ സംസ്ഥാനത്ത് ആശങ്കയിലാക്കിയിട്ടുണ്ട്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പള്ളികള്‍ക്കും ആഘോഷ സ്ഥലങ്ങള്‍ക്കും പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി അറിയിച്ചുണ്ട്. ഡല്‍ഹി ലജ്പത് നഗറില്‍ തീവ്രഹിന്ദുത്വ സംഘടനകള്‍ ക്രിസ്മസ് കരോള്‍ തടഞ്ഞു. ഇതിനെതിരെ ഓള്‍ ഇന്ത്യ കാത്തലിക് ഫോറം രംഗത്തെത്തി. ചില മതങ്ങള്‍ക്കും വ്യക്തികള്‍ക്കും ഇന്ത്യയില്‍ എന്തു ചെയ്യുന്നതിനുമുള്ള അവകാശം ഉണ്ടെന്ന് കാത്തലിക് ഫോറം കുറ്റപ്പെടുത്തി.
അതിനിടെ ഇന്നലെ ഡല്‍ഹിയില്‍ മറ്റൊരു ക്രിസ്മസ് കരോള്‍ സംഘത്തിന് നേരെയും ആക്രമണം ഉണ്ടായി. കഴിഞ്ഞ ദിവസം ഒഡിഷയില്‍ ക്രിസ്മസ് സാന്റയുടെ വസ്ത്രം വിറ്റ നാടോടി സംഘത്തെയും തീവ്ര ഹിന്ദുത്വ സംഘടനകള്‍ ഭീഷണിപ്പെടുത്തിയിരുന്നു. മധ്യപ്രദേശിലടക്കം പലയടിത്തും സാന്തോക്ലോസിന്റെ വസ്ത്രങ്ങളോ,എന്തിന് ക്രിസ്മസ് സ്റ്റാറോ പോലും വില്‍ക്കാന്‍, തീവ്ര ഹൈന്ദവ സംഘടനകള്‍ അനുവാദിക്കുന്നില്ലെന്ന് പരാതിയുണ്ട്. ഉത്തര്‍പ്രദേശില്‍ ഇത്തവണ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ക്രിസ്മസ് അവധിയില്ല. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ ജന്മശതാബ്ദിയോട് അനുബന്ധിച്ചുള്ള പരിപാടികള്‍ ഈ ദിവസം സ്‌കൂളില്‍ നടത്തണമെന്നാണ് യുപി സര്‍ക്കാറിന്റെ നിര്‍ദേശം. ഈ ദിവസം വിദ്യാര്‍ഥികളുടെ ഹാജര്‍ നിര്‍ബന്ധമാണെന്നും അധികൃതര്‍ വ്യക്തമാക്കി. ഇതും വലിയ പ്രതിഷേധവും രോഷവുമാണ് ക്രൈസ്ത സമൂഹത്തിനിടയില്‍ ഉണ്ടാക്കിയിരിക്കുന്നത്.
കേരളത്തിലേക്ക് പടര്‍ത്തരുത്
എന്തെല്ലാം പരാതികളും പ്രശ്നങ്ങളുമുണ്ടെങ്കിലും ഒരിക്കലും ഉത്തരേന്ത്യന്‍ മോഡലില്ല കേരളത്തിലെ രാഷ്ട്രീയം. അപവാദങ്ങള്‍ എന്തൊക്കെയുണ്ടെങ്കിലും ഈ മണ്ണ് പൊതുവെ മതസൗഹാര്‍ദത്തിന്റെയും, സഹിഷ്ണുതയുടെയും വിളനിലമായാണ് അറിയപ്പെടുന്നത്. മുമ്പ് സാക്കിര്‍ നായിക്കിനെ അനുകരിച്ചുകൊണ്ട്, മുജാഹിദ് ബാലുശ്ശേരിയെന്ന ഇസ്ലാമിക പ്രഭാഷകന്‍ ഓണവും ക്രിസ്മസും ഒന്നും ആഘോഷിക്കരുത് എന്നും മറ്റുമതക്കാര്‍ക്ക് സംഭാവന കൊടുക്കരുത് എന്നുമൊക്കെ പറഞ്ഞിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധം ഇസ്ലാമിക സമൂഹത്തില്‍നിന്നുതന്നെ ഉയര്‍ന്നിരുന്നു. അതുപോലെ കേരളത്തിലെ സംഘപരിവാര്‍ നേതാക്കളാവട്ടെ ഉത്തരേന്ത്യയില്‍നിന്ന് ഭിന്നമായ, ഒരു സോഷ്യല്‍ എഞ്ചിനീയറിങ്ങാണ് നടപ്പക്കാന്‍ ശ്രമിക്കുന്നത്. അത് ക്രൈസ്ത സമൂഹവുമായി യോജിച്ച് പോവുക എന്നായിരുന്നു. ഇസ്ലാമിക തീവ്രാദത്തെ അതിശക്തമായി വിമര്‍ശിക്കുന്ന ഒരു വിഭാഗം ക്രൈസ്തവരില്‍നിന്ന് തന്നെ ഉയര്‍ന്നുവരികയും ചെയ്തൂ. ക്രിസംഘി എന്ന പേരുതന്നെ ഉണ്ടായത്, സംഘപരിവാറിന് ക്രിസ്ത്യന്‍ കമ്യൂണിറ്റിയില്‍ വര്‍ധിച്ചുവരുന്ന സ്വാധീനം തന്നെയായിരുന്നു.
എന്നാല്‍ ദിവസങ്ങള്‍ക്ക്മുമ്പ് പാലക്കാട് പുതുശ്ശേരിയില്‍ കരോള്‍ സംഘത്തിന് നേരെ ആക്രമണമുണ്ടായി എന്ന വാര്‍ത്ത കേരളത്തെയും അമ്പരപ്പിച്ചു. ബിജെപി പ്രവര്‍ത്തകനായ പുതുശ്ശേരി കാളാണ്ടിത്തറ സ്വദേശി അശ്വിന്‍ രാജാണ് സംഭവത്തില്‍ അറസ്്റ്റിലായത്. കുട്ടികള്‍ ഉള്‍പ്പെട്ട കരോള്‍ സംഘം പുതുശ്ശേരിയില്‍ പാടിക്കൊണ്ടിരിക്കെ പ്രതി ഇവരെ തടയുകയും ആക്രമിക്കുകയുമായിരുന്നു. കരോള്‍ സംഘം ഉപയോഗിച്ചിരുന്ന ബാന്‍ഡില്‍ സിപിഐഎം എന്ന് എഴുതിയിരുന്നതിനെ ചോദ്യം ചെയ്ത അശ്വിന്‍ രാജ്, കുട്ടികളുടെ അടുത്തേക്ക് എത്തി ബാന്‍ഡ് പിടിച്ചെടുക്കാന്‍ ശ്രമിച്ചതായാണ് പരാതി. ഇതോടെ ഭയന്ന കുട്ടികള്‍ സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് സിപിഐഎം പ്രവര്‍ത്തകര്‍ പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തിലാണ് കസബ പൊലീസ് അശ്വിന്‍ രാജിനെ അറസ്റ്റ് ചെയ്തത്.
പുതുശ്ശേരിയില്‍ കുട്ടികളുടെ കരോള്‍ സംഘത്തിന് നേരെ ഉണ്ടായ ആക്രമണത്തെ ന്യായീകരിച്ചുകൊണ്ട് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ് നടത്തിയ പരാമര്‍ശങ്ങളും വലിയ വിവാദമായി.'മാന്യമല്ലാത്ത രീതിയില്‍ കരോള്‍ നടത്തിയാല്‍ അടി കിട്ടും' എന്നായിരുന്നു ഷോണ്‍ ജോര്‍ജിന്റെ പ്രതികരണം. കരോള്‍ നടത്തുന്നവര്‍ പള്ളിയുടെ അറിവോടെയാണോ വരുന്നതെന്നും അദ്ദേഹം ചോദിച്ചു. പാലക്കാട്ടെ സംഭവത്തില്‍ ആര്‍എസ്എസിനോ ബിജെപിക്കോ പങ്കില്ലെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു. കുട്ടികള്‍ക്ക് നേരെ നടന്ന ഈ ആക്രമണത്തെ ന്യായീകരിച്ച ഷോണ്‍ ജോര്‍ജിന്റെ നിലപാടിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധം ഉയര്‍ന്നു. ഇതോടെ ബിജെപി പ്രസിഡന്റ് രാജീവ് ചന്ദ്രശേഖരടക്കം തിരുത്തലുമായി രംഗത്തുവന്നു. ഇതും വലിയ ആശ്വാസമാണ് നല്‍കുന്നത്. എല്ലാവര്‍ക്കും എല്ലാ മതസ്ഥരുടെ ആഘോഷങ്ങളും മറ്റുള്ളവന് ശല്യമില്ലാതെ നടത്താന്‍ കഴിയുന്ന ഇടമായി കേരളം നിലനില്‍ക്കട്ടെ.
വാല്‍ക്കഷ്ണം: ഇതില്‍ മാതൃകയാവുന്നത് ഗള്‍ഫ് രാജ്യങ്ങളാണ്. യുഎഇയിലും ബഹൈറിനലും എന്തിന് സൗദി അറേബ്യയില്‍ പോലുമുണ്ട്, വിപുലമായ ക്രിസ്മസ് ആഘോഷങ്ങള്‍. ബുര്‍ജ് ഖലീഫയിലെ ന്യൂ ഇയര്‍ ആഘോഷം കാണാന്‍ ആയിരങ്ങള്‍ എത്തുന്നു. ഗള്‍ഫ് രാജ്യങ്ങള്‍ മത തീവ്രവാദത്തെ അതിശക്തമായി അടിച്ചൊതുക്കുമ്പോള്‍, യുറോപ്പും അമേരിക്കയും പോലുള്ള നാടുകളാണ് ഭീകരതയുടെ സ്ലീപ്പര്‍ സെല്ലുകളാവുന്നത്.
