വാളെടുത്തവന്‍ വാളാല്‍; ഐഡന്റി കാര്‍ഡു നോക്കി പാക്ക് പഞ്ചാബ് പ്രവശ്യയിലുള്ളവരെ വെടിവെച്ചിടുന്ന ബലൂചികള്‍ മുന്നേറുന്നു; ഇറാന്‍-അഫ്ഗാന്‍ അതിര്‍ത്തിയിലും പ്രശ്നങ്ങള്‍; തക്കം പാര്‍ത്ത് പാക് താലിബാനും; ഇമ്രാന്റെ പാര്‍ട്ടിയും ആയുധമെടുക്കുന്നു; ബംഗ്ലാദേശ് വിമോചനം പോലെ വീണ്ടും പാക്കിസ്ഥാന്‍ മുറിക്കപ്പെടുമോ?
''പത്തിഞ്ച് കത്തികൊണ്ട് കുത്തിവാങ്ങും പാക്കിസ്ഥാന്‍''- നമ്മുടെ മലപ്പുറത്തെയും കോഴിക്കോട്ടെയും തെരുവുകളില്‍പോലും 1947-ല്‍ ഉയര്‍ന്നുകേട്ട മുദ്രാവാക്യമാണിത്. അന്തരിച്ച് കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദിനെപ്പോലുള്ളവര്‍ ഇത്തരം പ്രകടനങ്ങള്‍ നേരിട്ട് കണ്ടതിന്റെ അനുഭവം പ്രസംഗിച്ചിട്ടുണ്ട്. പാക്കിസ്ഥാന്‍ എന്നത് ഇന്ന് പലരും പ്രചരിപ്പിക്കുന്നതുപോലെ, നെഹ്റുവിന്റെ നയതന്ത്രവീഴ്ചയില്‍ ഉണ്ടായ രാജ്യമൊന്നുമല്ല. മുസ്ലീം ലീഗ് പിടിച്ചുവാങ്ങിയതാണ്. ജിന്നയുടെ ഡയറക്ട് ആക്ഷന്‍ പ്ലാനിന്റെ ഭാഗമായി കൊല്‍ക്കത്തയിലും മറ്റും ആയിരങ്ങള്‍ കൊല്ലപ്പെട്ടപ്പോള്‍, ഇനിയും ചോര ഒഴുകാതിരിക്കാനായി നാം കണ്ണീരോടെ സമ്മതിച്ചതാണ് ഭാരതത്തിന്റെ വിഭജനം.
ചരിത്രം പക്ഷേ ആവര്‍ത്തിച്ചു. ഒരു രാജ്യത്തെ വിഭജിക്കുമ്പോഴുള്ള വേദനയെന്തെന്ന് പാക്കിസ്ഥാനും നന്നായി അറിഞ്ഞു. 1971-ല്‍ ചോര ചിന്തിക്കൊണ്ടുതന്നെ ബംഗ്ലാദേശും ഉണ്ടായി. അതിന് കാര്‍മ്മകത്വം വഹിച്ചതും ഇന്ത്യയായിരുന്നു. എന്നിട്ടും പാക്കിസ്ഥാന്‍ ചരിത്രത്തില്‍നിന്നുപോലും യാതൊരു പാഠങ്ങളും ഉള്‍ക്കൊണ്ടില്ല. അവര്‍ വീണ്ടും വീണ്ടും മതവര്‍ഗീയതെയും ഭീകരതയെയും പാലൂട്ടി വളര്‍ത്തി. മുംബൈ സ്ഫോടന പരമ്പരയും, മുംബൈ ഭീകാരക്രമണവും, പാര്‍ലിമെന്റ് ആക്രമണവും, പുല്‍വാമയും, ഇപ്പോള്‍ പഹല്‍ഗാമും അടക്കമുള്ള എത്രയെത്ര രക്തപ്പുഴകള്‍!
പക്ഷേ 'വാളെടുത്തവന്‍ വാളാല്‍' എന്ന പ്രയോഗം തങ്ങള്‍ക്കും ബാധകമാണെന്ന് പാക്കിസ്ഥാന്‍ ഓര്‍ക്കേണ്ടിയിരിക്കുന്നു. ഇപ്പോള്‍ ഇന്ത്യ ശക്തമായ പ്രത്യാക്രമണം നടത്തി, രാജ്യം ആകെ അരക്ഷിതമായ തക്കം നോക്കി ബലൂചിസ്ഥാന്‍ പ്രക്ഷോഭകാരികളും അടിച്ചുകയറുകയാണ്. ബലൂചിസ്ഥാന്റെ തലസ്ഥാനമായ ക്വറ്റ ബലൂച് പ്രക്ഷോഭകാരികള്‍ പിടിച്ചു എന്ന വാര്‍ത്തയാണ് വരുന്നത്. ഇതോടെ ബംഗ്ലാദേശ് വിഘടിച്ചുപോയതുപോലെ, പാക്കിസ്ഥാനില്‍നിന്ന് ആ രാജ്യത്തിന്റെ നാല്‍പ്പതുശതമാനം അവരുന്ന പ്രവിശ്യയും വേര്‍പെടുമോ എന്ന ആശങ്കയാണ് ഉയരുന്നത്.
തിരിച്ചറിയില്‍ കാര്‍ഡ് നോക്കി കൊല്ലുന്നവര്‍
ഇന്ത്യയുടെ പ്രത്യാക്രമണം കനത്ത പ്രഹരമാണ് പാകിസ്ഥാനേല്‍പ്പിച്ചത്. ഇതിന് പിന്നാലെ രാജ്യത്തെ അസ്ഥിരത മുതലെടുത്ത് ബലൂചിസ്ഥാന്‍ വിഘടനവാദികളായ ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി എന്ന ബിഎല്‍എയും ആക്രമണം കടുപ്പിച്ചിരിക്കയാണ്. ബിഎല്‍എ കഴിഞ്ഞ ദിവസം പാകിസ്ഥാനില്‍ നടത്തിയ ആക്രമണങ്ങളില്‍ 14 സൈനികരെയാണ് വധിച്ചത്. തലസ്ഥാനമായ ക്വറ്റ പിടിച്ചെടുത്തുവെന്ന് അവര്‍ അവകാശപ്പെടുന്നു. ഇപ്പോള്‍ ക്വറ്റ നഗരത്തില്‍ ബലൂച് ആര്‍മിയുടെ ആഹ്ലാദ പ്രകടനം നടക്കുന്നുണ്ട്. പല സര്‍ക്കാര്‍ ഓഫീസുകളും പിടിച്ചെടുത്ത് അതില്‍ പാക്കിസ്ഥാന്റെ പതാക മാറ്റി ബലൂചിസ്ഥാന്റെ പതാക അവര്‍ ഉയര്‍ത്തുകയാണ്. ദിവസങ്ങള്‍ക്കുമുമ്പ് ജാഫര്‍ എക്പ്രസ് എന്ന ട്രയിന്‍ തട്ടിക്കൊണ്ടുപോയി പാക്കിസ്ഥാനെ ഭീതിയിലാഴ്ത്തിയ ബലൂച് പ്രക്ഷോഭകാരികള്‍, പാക്കിസ്ഥാന്‍ ദുര്‍ബലമാവുന്ന തക്കം നോക്കിയിരിക്കയായിരുന്നു.
പഗല്‍ഗാമില്‍ നാം കണ്ടത് കലിമ ചൊല്ലാന്‍ ആവശ്യപ്പെട്ടും, വസ്ത്രംപരിശോധിച്ചുമൊക്കെ മതം തിരിച്ചറിയാന്‍ ആവശ്യപ്പെട്ടുകൊണ്ട്, ഭീകരര്‍ നടത്തിയ ആക്രമണമായിരുന്നു. എന്നാല്‍ അതിന്റെ വംശീയ വേര്‍ഷനാണ് ബലൂഷ് പ്രക്ഷോഭകാരികള്‍ നടത്താറുള്ളത്. കഴിഞ്ഞ വര്‍ഷം അവര്‍ നടത്തിയ ബസ് ആക്രമണം ഞെട്ടിക്കുന്നതായിരുന്നു. ബസ്സ് തടയുന്ന ഒരു സംഘം തീവ്രവാദികള്‍ തിരിച്ചറിയല്‍ കാര്‍ഡ് ചോദിക്കുന്നു. അതുനോക്കി, പഞ്ചാബില്‍നിന്ന് വന്നവരെ കണ്ടെത്തി വെടിവെച്ച് കൊല്ലുന്നു! പഞ്ചാബികള്‍ എന്ന് പറയുമ്പോള്‍ ഇന്ത്യാക്കാര്‍ അല്ല. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലുള്ളവരാണ്. സിന്ധും, പഞ്ചാബ് ചേര്‍ന്നാല്‍ പാക്കിസ്ഥാന്‍ ആയെന്നും അവിടെ ബലൂചികള്‍ക്ക് യാതൊരു പരിഗണനയുമില്ലെന്നാണ് ബലൂചി തീവ്രവാദികള്‍ ആരോപിക്കുന്നത്. ആ ഒരുഒറ്റദിവസം കൊണ്ട് വിവിധ ഭാഗങ്ങളിലായി ബലൂച് തീവ്രവാദികള്‍ കൊന്നുതള്ളിയത് 38 നിരപരാധികളെയാണ്. പഞ്ചാബില്‍നിന്നെത്തിയ ബസ് ദേശീയപാതയില്‍ തടഞ്ഞുനിര്‍ത്തിയാണ്, ഐഡന്റിറ്റി കാര്‍ഡ് പരിശോധിച്ച ശേഷം 23 പേരെ ഒറ്റയടിക്ക് വെടിവച്ചുകൊന്നത്. ആ ആക്രമണ പരമ്പരയില്‍ മൊത്തം 70-ലേറെപ്പേര്‍ കൊല്ലപ്പെട്ടിരുന്നു.
ബലൂച് വിഘടനവാദ നേതാവായിരുന്ന നവാബ് അക്ബര്‍ ഖാന്‍ ബുട്ടി സൈനിക ആക്രമണത്തില്‍ കൊല്ലപ്പെട്ടതിന്റെ 18-ാം ചരമ വാര്‍ഷികത്തോട് അനുബന്ധിച്ചായിരുന്നു ആക്രമണങ്ങള്‍. ബലൂചിസ്ഥാനിലെ വിമത നീക്കങ്ങളെ അമര്‍ച്ച ചെയ്യാന്‍ പാക്കിസഥാന്‍ സൈന്യം പലപ്പോഴായി നിരപരാധികള്‍ ഉള്‍പ്പെടെയുള്ളവരെ നിയമവിരുദ്ധമായി പിടിച്ചുകൊണ്ടുപോകുകയും എന്‍കൗണ്ടറുകള്‍ നടത്തുകയും ചെയ്തിരുന്നു. ഇതിനെതിരെ ബലൂച് ജനത ഇസ്ലാമബാദില്‍ വലിയ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ബലൂച് യക്ജഹ്തി കമ്മിറ്റി എന്ന സംഘടനായിരുന്നു പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിരുന്നത്.
ഇപ്പോള്‍ പാക്കിസ്ഥാനിനെ പഞ്ചാബില്‍നിന്ന് വന്നവരെപ്പോലെ തന്നെ ബലൂചികള്‍ വെറുക്കുന്ന മറ്റൊരു കൂട്ടുരുണ്ട് അതാണ് ചൈന. പാക്കിസ്ഥാന്‍ തങ്ങളുടെ മണ്ണിനെ ഒരു ചൈനീസ് കോളനിയാക്കി മാറ്റി എന്നാണ്, ബലൂചികളുടെ ആരോപണം. വിവിധ റോഡ് നിര്‍മ്മാണത്തിനും തുറമുഖ നിര്‍മ്മാണത്തിനും, ഒക്കെയായി ബലുചിസ്ഥാനില്‍ എത്തിയ ചൈന ഇപ്പോള്‍ അവിടം അടക്കി ഭരിക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുക. മേഖലയിലെ ഖനനം പൂര്‍ണ്ണമായും ചൈനയ്ക്കും വിട്ടുകൊടുത്തു. അതോടെ സംഘര്‍ഷം കടുത്തു. ഗ്വാദര്‍ തറുമുഖം, ചൈനയുടെ വണ്‍ ബെല്‍റ്റ്, വണ്‍ റോഡ് പദ്ധതിയിലെ നിര്‍ണായക സ്ഥാനത്താണ്. അതും ഇറാന്റെ ചാബഹാര്‍ തുറമുഖവും ബലൂച് മേഖല സിസ്റ്റാന്‍ ബലൂചിസ്ഥാനിലാണ്. ചാബഹാര്‍ തുറമുഖം വികസിപ്പിക്കുന്നത് ഇന്ത്യയാണ്. പാകിസ്ഥാന്റെ ചൈനീസ് ഗ്വാദോറിനുള്ള മറുപടിയായണ് ഇത് വിലയിരുത്തപ്പെടുന്നത്.
പണ്ട്, കച്ചവടത്തിന് വന്ന ഇസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യാക്കാരെ അടക്കിഭരിച്ചതുപോലെ, ഇപ്പോള്‍ ചൈന ഈ മേഖലയെ അടക്കി ഭരിക്കയാണ്. പാവപ്പെട്ട ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞ്, അവര്‍ ഔട്ട്പോസ്റ്റും ചെക്ക് പോസ്റ്റും സ്ഥാപിച്ചിട്ടുണ്ട്. ചൈനീസ് കമ്പനികളുടെ നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്നിടത്ത് ചൈനീസ് സുരക്ഷാസേനയാണ്. അതായത് ഒരു രാജ്യത്തിനുള്ളില്‍ മറ്റൊരു രാജ്യം എന്നപോലെ ഈ മേഖലയെ ചൈനക്ക് തീറെഴുതിക്കൊടുക്കുന്നുവെന്നാണ് ആരോപണം.
മാത്രമല്ല, ബലൂചികള്‍ക്കുനേരെ പാക്ക് പട്ടാളം നടത്തുന്ന അതിക്രൂരമായ അടിച്ചമര്‍ത്തലുകളിലും ചൈനയുടെ പിന്തുണയുണ്ട്. ഇപ്പോഴും പാക്കിസ്ഥാന്റെ ആത്മവിശ്വാസം, ഇവിടെ ഒരു പ്രശ്നമുണ്ടായാല്‍ ചൈന സഹായിക്കുമെന്നാണ്. അതുകൊണ്ടുതന്നെ പഞ്ചാബികളെ കാണുന്നതുപോലെ, ബലൂചികള്‍ക്ക് കലിയാണ്, ചൈനക്കാരെ കാണുന്നതും. 2022 മെയില്‍ കറാച്ചിയില്‍ മൂന്ന് ചൈനീസ് വംശജരെ ഉള്‍പ്പെടെ നാലുപേരെ, രണ്ടുകുട്ടികളുടെ അമ്മയായ ഒരു അദ്ധ്യാപിക, ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിക്കുവേണ്ടി ചാവേറായി കൊലപ്പെടുത്തിയിരുന്നു. അതുപോലെ നിരവധി സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടു. ഇന്നും ചൈനീസ് സമൂഹം ഭീതിയോടെയാണ് ഈ മേഖലയില്‍ കഴിയുന്നത്. പക്ഷേ ഇവിടെനിന്ന് പിന്‍മാറാനും ചൈനക്ക് താല്‍പ്പര്യമില്ല. കാരണം കോടികളുടെ വരുമാനമാണ് അവര്‍ക്ക് ഈ പ്രദേശത്തുനിന്ന് കിട്ടുന്നത്. ഗ്വാദര്‍ തറുമുഖത്തിന്റെ നിയന്ത്രണം വഴി മാത്രം വരുന്നതാണ് ശതകോടികള്‍. തങ്ങളുടെ വിഭവങ്ങള്‍ കൊള്ളയടിക്കുന്നതിലെ, ഒരു ഗുണവും ബലൂചികള്‍ക്ക് കിട്ടുന്നില്ല. അവര്‍ ദാരിദ്ര്യത്തില്‍ തന്നെ കഴിയുന്നു.
കോടികളുടെ സ്വത്ത് കൊടും പട്ടിണി
ഇന്ത്യക്ക് കാശ്മീര്‍പോലെ പാക്കിസ്ഥാന് എന്നും തലവേദനയാണ് ബലൂചിസ്ഥാന്‍. മൂന്ന് മതങ്ങളുടെയും കേന്ദ്രമായ ജറുസലേം ആണ് ലോകത്തില്‍ ഏറ്റവും സംഘര്‍ഷമുള്ള പ്രദേശം എന്ന് പറയുന്നതുപോയൊണ്, മൂന്ന് രാജ്യങ്ങളില്‍ പരന്നുകിടക്കുന്ന ബലൂചിസ്ഥാന്റെ അവസ്ഥ. പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ഇറാന്‍ എന്നീ മൂന്ന് രാജ്യങ്ങളിലായി പരന്ന് കിടക്കുന്ന മേഖലയാണിത്. ഭൂരിഭാഗം ബലൂച് ജനതയും സുന്നി മുസ്ലിം വിഭാഗത്തില്‍പ്പെട്ടവരാണ്. ഹിന്ദു, സിഖ്, വിഭാഗത്തില്‍പ്പെട്ട ചെറു വിഭാഗങ്ങളും ഇവിടെ അധിവസിക്കുന്നു.
പാക്കിസ്ഥാനിലെഏറ്റവും വലുതും, വിഭവ സമൃദ്ധമായ പ്രവിശ്യയുമാണിത്. പാക്കിസ്ഥാനിലെ 'സ്ഥാന്‍' വിഭാവനം ചെയ്യുന്നതും ഇവരെ തന്നെ. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ രാജസ്ഥാന്റെ അത്ര വലിപ്പം വരും ബലൂചിസ്ഥാന്‍ പ്രവിശ്യ. പാക്കിസ്ഥാന്റെ ആകെ ഭൂവിസ്തൃതിയുടെ 44 ശതമാനം. അതേ സമയം, രാജസ്ഥാന്‍ ഇന്ത്യന്‍ ഭൂവിസ്തൃതിയുടെ 10 ശതമാനം മാത്രമേ വരൂ. പക്ഷേ ബലൂചിസ്ഥാനില്‍ ജനസംഖ്യ കുറവാണ്. 22 കോടിവരുന്ന രാജ്യ ജനസംഖ്യയില്‍ വെറും ഒരു കോടി 20 ലക്ഷം മാത്രമാണ് ബലൂചികള്‍. അതുകൊണ്ടുതന്നെ വെറും 6 സീറ്റുകളാണ് പാക് പാര്‍ലിമെന്റിലേക്ക് ഇവിടെനിന്നുള്ളത്.
മലനിരകളും ഊഷരഭൂമിയുമാണ് ഏറെയും. പക്ഷേ കോപ്പര്‍, ഗോള്‍ഡ്, മിനറല്‍സ് നാച്ച്വറല്‍ ഗ്യാസ് എന്നിവകൊണ്ട് സമ്പുഷ്ടമായ മേഖലയുമാണ്. ഭൂമി ശാസ്ത്രപരമായി ഏറെ പ്രത്യേകതകളും പ്രാധാന്യവുമുള്ള മേഖലയാണ് ബലൂചിസ്ഥാന്‍. മിഡില്‍ ഈസ്റ്റ്, സൗത്ത് വെസ്്റ്റ് ഏഷ്യ, സെന്‍ട്രല്‍ ഏഷ്യ, സൗത്തേഷ്യ എന്നിവിടങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശം. അന്താരാഷ്ട്ര വാണിജ്യ ഭൂപടത്തില്‍ ഏറ്റവുമധികം പ്രാധാന്യമുള്ള ഹോര്‍മൂസ് ഉള്‍ക്കടല്‍ കിടക്കുന്ന ഇവിടെയാണ് സെന്‍ട്രല്‍ ഏഷ്യയിലേക്കുള്ള ഏറ്റവും ദൂരം കുറഞ്ഞ തുറമുഖങ്ങള്‍ സ്ഥിതി ചെയ്യുന്നതും. അറേബ്യന്‍ കടലുമായി ചൈനയെ ബന്ധിപ്പിക്കുന്ന പാക്കിസ്ഥാനിലൂടെയുള്ള ഇകണോമിക് കോറിഡോറും സ്ഥിതി ചെയ്യുന്നത് ബലൂചിസ്ഥാനിലെ മക്രാന്‍ തീരത്താണ്. അങ്ങനെ അതീവ തന്ത്ര പ്രധാനമായ മേഖലയാണ് ഇവിടം. 60 ബില്യന്‍ ഡോളറിന്റെ ചൈന-പാക് സാമ്പത്തിക ഇടനാഴി വരുന്നത് ഇവിടെയാണ്. എന്നിട്ടും ഏറ്റവും ദരിദ്രമായ പ്രവിശ്യയായി ഇത് മാറി.
ഇന്ത്യ സ്വാതന്ത്ര്യം നേടിയപ്പോള്‍ ബലൂചിസ്ഥാനും സ്വതന്ത്രമായിരുന്നു. പക്ഷേ അതിന് വെറും 227 ദിവസം മാത്രമായിരുന്നു ആയുസ്. പിന്നെ അത് പാകിസ്ഥാന്‍ ഈ മേഖല സ്വന്തമാക്കി. ഏതാണ്ട് ബലമായി തന്നെ. അന്ന് തുടങ്ങിയതാണ് ബലൂചിസ്ഥാനിലെ അസംതൃപ്തി. പലതവണ കലാപം പൊട്ടിപ്പുറപ്പെട്ടു. 2005 -ല്‍ അത് രൂക്ഷമായി. അന്നത്തെ ഗവര്‍ണര്‍ നവാബ് അക്ബര്‍ ഖാന്‍ ബുഗ്തി, പ്രദേശത്തിന്റെ പ്രകൃതിസമ്പത്തില്‍ നിയന്ത്രണം ആവശ്യപ്പെട്ടു. അടുത്ത വര്‍ഷം നവാബ് കൊല്ലപ്പെട്ടു. പര്‍വേസ് മുഷറഫായിരുന്നു അന്നത്തെ ഭരണാധികാരി. ദിവസങ്ങള്‍ക്കകം മുഷറഫിനുനേരെയും വധശ്രമം നടന്നു. സത്യത്തില്‍ ബലൂചികളെക്കൊണ്ട് ആയുധം എടുപ്പിച്ചത് പാക്കിസ്ഥാന്റെ കളികളാണ്. ഒരു പ്രദേശത്തെ നിരന്തരം അവഗണിക്കുകയും, കൊള്ളയടിക്കുകയും, അടിച്ചമര്‍ത്തുകയും ചെയ്താല്‍ അവര്‍ റെബലുകള്‍ ആവുന്നതില്‍ അത്്ഭുതമില്ല.
പക്ഷേ ഇന്ത്യയുടെ സുഹൃത്തുക്കളാണ് ബലൂചികള്‍. ഇന്ത്യാ വിരുദ്ധവികാരം ഇല്ലാത്ത പാക്കിസ്ഥാനിലെ ഏക പ്രദേശമാണ് ഇവിടം. 2016-ല്‍ ഇന്ത്യാ- പാക്ക് ബന്ധം ഏറെ വഷളായിരിക്കെ, സ്വാതന്ത്ര്യദിനത്തിലെ ചെങ്കോട്ട പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ബലൂചികളുടെ പ്രശ്നം എടുത്തിട്ടതും അത് ലോക ശ്രദ്ധയില്‍ കൊണ്ടുവന്നതും. പഹല്‍ഗാമിലെ ഭീകരാക്രമണത്തിലും ആയിരിക്കണക്കിന് ബലൂചികള്‍ പ്രതിഷേധിച്ച് തെരുവില്‍ ഇറങ്ങിയിരുന്നു. പാക്കിസ്ഥാന്‍ പൗരന്‍മ്മാര്‍, ഇന്ത്യക്കുവേണ്ടി പാക് തെരുവുകളില്‍ ഇറങ്ങുക എന്നത് എന്ത് അത്ഭുതമാണ്.
തക്കം പാര്‍ത്ത് ഇറാനും
കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ മൂന്ന് രാജ്യങ്ങളാണ് പാക്കിസ്ഥാനെ അതിര്‍ത്തികടന്ന് ആക്രമിച്ചിട്ടുള്ളത്. ഇന്ത്യയും, ഇറാനും, അഫ്ഗാനും. ഇല്ലാത്ത പ്രശ്നങ്ങള്‍ക്ക് തിരികൊളുത്തുമ്പോള്‍ തങ്ങള്‍ ജീവിക്കുന്നത്, ശത്രുക്കളുടെ നടുവിലാണെന്ന് പാക്കിസ്ഥാനും മറന്നുപോയി. അതിര്‍ത്തിയില്‍ വര്‍ഷങ്ങളായി പാക്കിസ്ഥാനും ഇറാനും തമ്മില്‍ സംഘര്‍ഷമുണ്ട്. കഴിഞ്ഞ വര്‍ഷം അത് പാക് അതിര്‍ത്തി കടന്നുള്ള ഇറാന്റെ ആക്രമണത്തിലേക്ക് പോയി. തങ്ങളുടെ അതിര്‍ത്തി പങ്കിടുന്ന പാക്കിസ്ഥാനിലെ ബലൂചി സുന്നി തീവ്രവാദ ഗ്രൂപ്പുകളെയാണ് ഇറാന്‍ ലക്ഷ്യമിട്ടത്. ജെയ്ഷ് അല്‍ അദില്‍ എന്ന ഭീകര സംഘടനെയാണ് ഇറാന്റെ പ്രഖ്യാപിത ശത്രുവാണ്. 2012-ല്‍ സ്ഥാപിതമായ സുന്നി ഭീകര സംഘടനയാണ് ഇത്. ബലൂചി പ്രവിശ്യയിലാണ് ഈ സംഘടനയുടെ പ്രവര്‍ത്തന മേഖല. 909 കിലോമീറ്ററാണ് പാക്കിസ്ഥാനുമായി ഇറാന്‍ ഈ മേഖലയില്‍ അതിര്‍ത്തി പങ്കിടുന്നത്. പാക്കിസ്ഥാന്‍ ഷിയകളെ ക്രൂരമായ അടിച്ചമര്‍ത്തുന്നുവെന്നും ഇറാനും, സുന്നികളെ ഇറാന്‍ അടിച്ചമര്‍ത്തുന്നുവെന്ന് പാക്ക് തീവ്രവാദ സംഘടനകളും പതിവായി പറയാറുണ്ട്. ഇറാനിലെ സിസ്താന്‍-ബലൂചിസ്ഥാന്‍ മേഖലയില്‍ സുന്നി വിഭാഗങ്ങള്‍ അനുഭവിക്കുന്ന അവഗണനകള്‍ സുന്നി സംഘടനകള്‍ നിരന്തരം ഉന്നയിക്കാറുണ്ട്.
ജെയ്ഷ് അല്‍അദില്‍ എന്ന സുന്നി തീവ്രവാദ സംഘടന ശക്തമായതോടെ പാക് അതിര്‍ത്തിയില്‍നിന്ന് ഇറാനിലേക്ക് ആക്രമണം ശക്തമായി. ഇതിന് മറുപടിയായി ജുന്‍ദല്ല എന്ന വിഘടനവാദ സംഘനയുടെ നേതാവ് അബ്ദോല്‍ മാലിക് റിജിയെ ഇറാന്‍ കൊലപ്പടുത്തി. അതോടെ പാക്കിസ്ഥാനിലെ സുന്നി തീവ്രാവാദികള്‍ക്ക് പക വര്‍ധിച്ചു. ബലൂച് ഗോത്രവിഭാഗങ്ങളുടെ പിന്തുണ ഉറപ്പിച്ച ജെയ്ഷ് അല്‍അദില്‍, ഇറാനെതിരെ നിരന്തരം ആക്രമണങ്ങള്‍ നടത്തി. ഇറാന്‍ മാത്രമല്ല, അമേരിക്കയും ഇസ്രായേലും സംഘടനയുടെ പ്രഖ്യാപിത ശത്രുക്കളാണ്. പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ 2013-ല്‍ അല്‍ അദില്‍ നടത്തിയ ആക്രമണത്തില്‍ 13 ഇറാന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇറാന്റെ സിറിയന്‍ അധിനിവേശത്തിനുള്ള മറുപടിയായാണ് ആക്രമണം നടത്തിയത് എന്നായിരുന്നു സംഘടനയുടെ വാദം.
2014-ല്‍ ഇറാന്‍ സൈനികരെ തട്ടിക്കൊണ്ടുപോയി അല്‍ അദില്‍ ലോകത്തെ ഞെട്ടിച്ചിരുന്നു. ഇറാനിലെ സിസ്താന്‍-ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ കയറി കഴിഞ്ഞ വര്‍ഷം ഇവര്‍ ഒരു പോലീസ് സ്റ്റേഷന്‍ ആക്രമിച്ചു. ഈ ആക്രമണത്തില്‍ 11 പോലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. നോക്കുക, ഹമാസ് ഇസ്രയേലില്‍ നടത്തിയ ആക്രമണം പോലെതന്നെയല്ലേ ഇതും. ഇതിന് മറുപടിയായാണ് പാക് അതിര്‍ത്തി കടന്ന് ഇറാന്‍ ആക്രമിച്ചത്.
ബലൂചിസ്ഥാനിലെ മറ്റൊരു വലിയ ഭാഗം സ്ഥിതിചെയ്യുന്നത് ഇറാനിലാണ്. ഇറാനിലെ 31 പ്രവിശ്യകളില്‍ ഏറ്റവും വലിയ രണ്ടാമത്തെ പ്രവിശ്യയാണ് സിസ്താന്‍-ബലുചിസ്ഥാന്‍. ഷിയ ഭൂരിപക്ഷ ഇറാനില്‍, സിസ്താന്‍ ബലൂചിസ്ഥാന്‍ മേഖലയില്‍ കൂടുതലുമുള്ളത് സിസ്താനി പേര്‍ഷ്യന്‍ ഗോത്രത്തില്‍പ്പെട്ടവരും സുന്നി മുസ്ലിമുകളുമാണ്. ഷിയാ ഭൂരിപക്ഷമായ ഈ രാഷ്ട്രം ഇവിടുത്തെ സുന്നികളെ അവഗണിക്കയാണെന്നാണ് ബലൂചികളുടെ പരാതി. 2004-മുതല്‍ ഇറാനില്‍ നിന്ന് സ്വാതന്ത്ര്യം വേണമെന്ന് ആവശ്യപ്പെട്ട് ബലൂചിസ്ഥാന്‍ വിഘടനവാദികള്‍ സായുധ പോരാട്ടം നടത്തുന്നുണ്ട്. എന്നിരുന്നാലും പാക്കിസ്ഥാന്‍ മേഖലയിലേത് പോലെ തീവ്രമായ ഏറ്റുമുട്ടലുകള്‍ ഇറാന്‍ ഭാഗത്തുനടക്കുന്നില്ല. ഇപ്പോള്‍ ഇന്ത്യയോട് മുട്ടി പാക്കിസ്ഥാന്‍ തളര്‍ന്നുനില്‍ക്കുമ്പോള്‍ ഇറാന്റെ നീക്കങ്ങളും ഭയക്കേണ്ടതുണ്ടെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ തക്കം നോക്കി തീവ്രവാദികളെ തീര്‍ക്കാന്‍ ഇറാന്‍ ആക്രമണം നടത്തിയാല്‍ പാക്കിസ്ഥാന്റെ അവസ്ഥ അതീവ ദയനീയമാവും.
അഫ്ഗാന്‍ അതിര്‍ത്തിയിലും പ്രശ്നങ്ങള്‍
പാക്കിസ്ഥാനിലെ അഫ്ഗാന്‍ അതിര്‍ത്തിയും സുരക്ഷിതമല്ല. അഫ്ഗാനില്‍ നിന്ന് പാകിസ്ഥാനിലേക്ക് നുഴഞ്ഞുകയറ്റമുണ്ടാകുന്നതും താലിബാന്റെ ഭീകരവാദവും പാകിസ്ഥാന് തലവേദനയാണ്. കഴിഞ്ഞയാഴ്ച ഏറ്റവും വലിയ സൈനിക നടപടിയാണ് അഫ്ഗാന്‍ അതിര്‍ത്തിയില്‍ പാക് സൈന്യം നടത്തിയത്. അതിന് ആറുമാസം മുമ്പ് അഫ്ഗാന്‍ സേന പാക്് അതിര്‍ത്തികടന്നും ആക്രമണം നടത്തിയിരുന്നു.
ബലൂചിസ്ഥാനിലെ മറ്റൊരു പ്രധാനപ്പെട്ട ഭാഗം സ്ഥിതി ചെയ്യുന്നത് അഫ്ഗാനിസ്ഥാനിലാണ്. അഫ്ഗാന്റെ തെക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഈ മേഖലയില്‍, മറ്റു രണ്ടു രാജ്യങ്ങളെ അപേക്ഷിച്ച് പ്രശ്നങ്ങള്‍ കുറവാണ്. വടക്കന്‍ ബലൂചിസ്ഥാന്‍ എന്നാണ് ഈ മേഖല അറിയപ്പെടുന്നത്. അഫ്ഗാനില്‍ പരിശീലനം ലഭിച്ച ബലൂച് വിഘടനവാദികള്‍ ഇറാനെതിരായ ആക്രമണങ്ങളില്‍ പങ്കാളികളാകാറുണ്ട്. ഫ്രണ്ടിയര്‍ കോര്‍പ്സ് എന്ന വിഘടനവാദി ഗ്രൂപ്പിന് അഫ്ഗാനില്‍ 30 ട്രെയിനിങ് ക്യാമ്പുകളുണ്ടെന്നാണ് കരുതുന്നത്. ഇവര്‍ പാക്കിസ്ഥാനും എതിരാണ്. അതുകൊണ്ടുതന്നെ അതിര്‍ക്കപ്പുറത്തുനിന്ന് പലപ്പോഴും പാക്കിസ്ഥാനും ആക്രമണം ഉണ്ടാവുന്നു. ഇപ്പോള്‍ അഫ്ഗാനും പാക്കിസ്ഥാനും തമ്മില്‍ തീരെ രസത്തിലല്ല. പാക് താലിബാന്‍ കരുത്താര്‍ജ്ജിക്കുന്നത് രാജ്യം ഭീഷണിയോടെയാണ് കാണുന്നത്.
ഒന്നും രണ്ടുമല്ല, 132 സ്‌കുള്‍ കുട്ടികളെയാണ് ആ ഭീകരര്‍ വെടിവെച്ചിട്ടത്! 2014ന് ഡിസംബര്‍ 14ന് പാക്കിസ്ഥാനിലെ പെഷവാറില്‍, ആര്‍മി പബ്ലിക്ക് സ്‌കൂളിനുനേരെ നടന്ന ആക്രമണം, ലോക ചരിത്രത്തിലെ ഏറ്റവും കിരാതമായ കൂട്ടക്കൊലകളില്‍ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്. അത് ചെയ്തതാവട്ടെ ഒരു കാലത്ത് പാക്കിസ്ഥാന്‍ പാലൂട്ടി വളര്‍ത്തിയ സംഘടനതന്നെയായിരുന്നു. പാക്ക് താലിബാന്‍ എന്ന തെഹ്രിക്ക് എ താലിബാന്‍!132 കുട്ടികളുടെ മൃതദേഹങ്ങള്‍ നിരനിരയായി കിടക്കുന്നത്, ലോക മനസാക്ഷിയെ ഞെട്ടിച്ചിരുന്നു.പാക് സൈന്യം താലിബാനെതിരെ നടത്തുന്ന സൈനിക നീക്കങ്ങള്‍ക്ക് പ്രതികാരമായിട്ടാണ് അവര്‍ നിരപരാധികളായ കുട്ടികളെ വെടിവെച്ച് കൊന്നത്.
അതിനിടെ, ഇനി ഒരാളെ തീറ്റിപ്പോറ്റാന്‍ കഴിയാത്ത വിധം പാക്കിസ്ഥാന്‍ സാമ്പത്തികമായി തകരുകയും ചെയ്തു. ഇതോടെ അവര്‍ ഒരു കടുത്ത തീരുമാനം എടുത്തു. രേഖകളില്ലാത്ത 22 ലക്ഷത്തിലധികം അഫ്ഗാന്‍ അഭയാര്‍ഥികളെയും കുടിയേറ്റക്കാരെയും പുറത്താക്കും. അഭയാര്‍ഥികള്‍ക്ക് രാജ്യം വിടാനുള്ള സമയപരിധി അവസാനിച്ച ഒക്ടോബര്‍ 31 മുതല്‍, രണ്ടു ലക്ഷത്തിലധികം അഫ്ഗാനികള്‍ അതിര്‍ത്തി കടന്നെന്നാണ് റിപ്പോര്‍ട്ട്. ഇനിയും 20 ലക്ഷത്തിലേറെ ബാക്കിയാണ്. ലോകം കണ്ട മറ്റൊരു വലിയ പലായനമായി അത് മാറുകയാണ്. ഈ അസംതൃപ്തിയും പാക്കിസ്ഥാനെ ബാധിക്കാനിടയുണ്ട്. തക്കം നോക്കി പാക് താലിബാനും തിരിഞ്ഞാല്‍ പാക്കിസ്ഥാന്റെ അവസ്ഥ ദയനീയമാവും. രാജ്യം ഛിന്നഭിന്നമാവും.
അസീമും ഷെരീഫും എവിടെ?
ഏറ്റവുമൊടുവില്‍ പാക്കിസ്ഥാനില്‍ എന്താണ് സംഭവിക്കുന്നത് എന്നതിന്റെപോലും കൃത്യമായ വിവരങ്ങള്‍ കിട്ടുന്നില്ല. സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ പാക്കിസ്ഥാന്‍ സൈന്യത്തിനുള്ളില്‍ അട്ടിമറി നടന്നെന്ന റിപ്പോര്‍ട്ടുകള്‍ പല ഇന്ത്യന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് ഒരു പരിധിവരെ കാരണക്കാരന്‍ എന്ന് പറയാന്‍ കഴിയുക, ഒരു ഇമാമിന്റെ ഭാഷയില്‍ എന്തിലും ഏതിലും മതം കലര്‍ത്തി സംസാരിക്കുന്ന പാക് സൈനിക മോധാവി അസീം മുനീറാണ്. രാജ്യം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലുടെ കടന്നുപോവുമ്പോഴും, ഭീകരതയെ പ്രോല്‍സാഹിപ്പിച്ചുകൊണ്ടിരുന്നത് ഇദ്ദേഹമായിരുന്നു.
അസീം മുനീറിനെ സ്ഥാനഭ്രഷ്ടനാക്കി ലെഫ്റ്റനന്റ് ജനറല്‍ സാഹിര്‍ ഷംഷാദ് മിര്‍സയെ ആര്‍മി ചീഫ് ആക്കിയെന്നാണ് സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ വരുന്നത്. നിലവില്‍ പാകിസ്താന്റെ ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് കമ്മിറ്റി (സിജെസിഎസ്സി) ചെയര്‍മാനാണ് ലെഫ്റ്റനന്റ് ജനറല്‍ സാഹിര്‍ ഷംഷാദ് മിര്‍സ. 2022-ലാണ് അദ്ദേഹത്തെ ഈ സ്ഥാനത്തേയ്ക്ക് നിയോഗിക്കുന്നത്. ഇതിന് മുമ്പ് റാവല്‍പിണ്ടി നോര്‍ത്തേണ്‍ കമാന്‍ഡിന്റെ കമാന്‍ഡറായിരുന്നു മിര്‍സ. സിന്ധ് റെജിമെന്റില്‍ നിന്നുള്ളയാളാണ് ലെഫ്റ്റനന്റ് ജനറല്‍ മിര്‍സ. നിലവില്‍ പാക്കിസ്ഥാന്‍ സൈന്യത്തിലെ രണ്ടാമന്‍ എന്നാണ് മിര്‍സ അറിയപ്പെട്ടിരുന്നത്.
നിരോധിത തെഹ്രീക്-ഇ-താലിബാന്‍ പാകിസ്താനും വടക്കന്‍ വസീറിസ്ഥാനിലെ മറ്റ് തീവ്രവാദി സംഘടനകള്‍ക്കുമെതിരായി നടന്ന സൈനിക നടപടിക്ക് മേല്‍നോട്ടം വഹിച്ച ജനറല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ ജനറലായിരുന്ന ഷെരീഫിന്റെ കോര്‍ ടീമിന്റെ ഭാഗമായിരുന്നു മിലിട്ടറി ഓപ്പറേഷന്‍സിന്റെ ഡയറക്ടര്‍ ജനറലായിരിക്കെ മിര്‍സ. മാത്രമല്ല, പാകിസ്താന്‍, ചൈന, അഫ്ഗാനിസ്ഥാന്‍, അമേരിക്ക എന്നിവ ഉള്‍പ്പെടുന്ന അഫ്ഗാന്‍ ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിച്ച ക്വാഡ്രിലാറ്ററല്‍ കോര്‍ഡിനേഷന്‍ ഗ്രൂപ്പിലും ലെഫ്റ്റനന്റ് ജനറല്‍ മിര്‍സ സജീവ പങ്കാളിയായിരുന്നു. ഗില്‍ഗിറ്റ്-ബാള്‍ട്ടിസ്ഥാനിലെ പരിഷ്‌കാരങ്ങള്‍ക്കായുള്ള സര്‍താജ് അസീസ് നേതൃത്വത്തിലുള്ള കമ്മിറ്റിയിലും ലെഫ്റ്റനന്റ് ജനറല്‍ സാഹിര്‍ ഷംഷാദ് മിര്‍സ അംഗമായിരുന്നു.
പക്ഷേ സൈനിക മേധാവിയായി ഇദ്ദേഹത്തെ നിയമിച്ചതിന് സ്ഥിരീകരണമൊന്നുമില്ല. പക്ഷേ ഒരു കാര്യം ഉറപ്പാണ്, പാക്കിസ്ഥാന്‍ സൈന്യത്തില്‍ നല്ല ഭിന്നതയുണ്ട്. അസീം മുനീറിനെതിരെ വലിയൊരു വിഭാഗം രംഗത്തുണ്ട്. അതിനിടയില്‍ അസീം മുനീര്‍ എവിടെയാണെന്നും ആര്‍ക്കും അറിയില്ലെന്നും വാര്‍ത്തകള്‍ വരുന്നു. ഏറ്റവും നാണക്കേട് പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിനുപോലും സുരക്ഷിതതാവളത്തിലേക്ക് മാറിയെന്ന റിപ്പോര്‍ട്ടുകളാണ്. ഇതൊന്നും സ്ഥിരീകരിച്ച വാര്‍ത്തകള്‍ അല്ല. പക്ഷേ ഷഹബാസിന് ശക്തമായ ഒരു പ്രസ്താവന ഇറക്കാന്‍പോലും കഴിയുന്നില്ല.
ഇതിനിടെയാണ് പാകിസ്ഥാന്‍ തെഹ്രികെ ഇന്‍സാഫ് പാര്‍ട്ടി (പിടിഐ) നേതാവും മുന്‍ പ്രധാനമന്ത്രിയുമായ ഇമ്രാന്‍ ഖാന്റെ മോചനം ആവശ്യപ്പെട്ട് അനുയായികള്‍ തെരുവിലിറങ്ങിയതും മറ്റൊരു ക്രമസമാധാന പ്രശനമാവുകയാണ്. ലാഹോറിലാണ് ജനം, ജയിലില്‍കിടക്കുന്ന ഇമ്രാനുവേണ്ടി തെരുവിലിറങ്ങിയത്. പാകിസ്ഥാനെ രക്ഷിക്കാന്‍ ഇമ്രാന്‍ ഖാനെ മോചിപ്പിക്കണം എന്നാണ് പിടിഐ പ്രവര്‍ത്തകരുടെ ആവശ്യം. ഇതും ഒരു സംഘര്‍ഷത്തിലേക്ക് പോയാല്‍ പാക്കിസ്ഥാന്റെ എന്ന രാജ്യം ആഭ്യന്തരയുദ്ധത്തിന് സമാനമായ അവസ്ഥയിലേക്കാണ് നീങ്ങുക. ഈ സമ്പുര്‍ണ്ണ അരക്ഷിതാവസ്ഥ ഗുണം ചെയ്യുക ബലുച് പ്രക്ഷോഭകര്‍ക്ക് തന്നെയാണ്. അങ്ങനെയാണെങ്കില്‍ ബലൂചിസ്ഥാന്‍ എന്ന ഒരു പുതിയ രാജ്യത്തിന്റെ പിറവിയാവും ലോകം കാണുക! വളരുംതോറും പിളരുകയും, പിളരുംതോറും വളരുകയും ചെയ്യുന്നത് കേരളാ കോണ്‍ഗ്രസ് മാത്രമല്ലല്ലോ?
വാല്‍ക്കഷ്ണം: ഈ പ്രശ്നങ്ങള്‍ക്കെല്ലാം പ്രധാന കാരണം എന്താണ് എന്ന് ചോദിച്ചാല്‍, ലോകത്തിലെ സകലമാന ഇസ്ലാമിക തീവ്രവാദ സംഘടനകള്‍ക്കും പാക്കിസ്ഥാനില്‍ ആക്സസ് ഉണ്ട് എന്നതാണ്. ഭീകരതയുടെ കളിത്തൊട്ടിലാണ് പാക്കിസ്ഥാന്‍. ഒന്നുരണ്ടുമല്ല, ചെറുതും വലതുമായ നൂറോളം തീവ്രാവാദ സംഘടനകള്‍ 'ജിന്നയുടെ വിശുദ്ധ നാട്ടില്‍' ഉണ്ടെന്നാണ് കണക്ക്! ഇതില്‍ ആര്‍ക്കൊക്കെ എന്ത് താല്‍പ്പര്യങ്ങളാണ് ഉള്ളത് ആര് ആരെയാണ് ആക്രമിക്കുന്ന എന്നതൊന്നും യാതൊരു പിടിയും കിട്ടുന്നില്ല. ഭീകരതയെ വളര്‍ത്തി വളര്‍ത്തി, ഭീകരന്‍ ആര് സിവിലിയന്‍ ആര് എന്ന് പെട്ടെന്ന് തിരിച്ചറിയാന്‍പോലും കഴിയാത്ത അവസ്ഥയാണ്.