ശിവ് നാടാര്‍ മകള്‍ക്ക് കൊടുത്തത് 3,65,000 കോടിയുടെ കമ്പനി; മരുമക്കളെയും മക്കളായി കാണുന്ന അദാനി; ഗോദ്റേജ് കുടുംബത്തില്‍ സ്നേഹ വിഭജനം; അംബാനിയിലും ടാറ്റയിലും തലമുറമാറ്റം; അപ്പന്‍ കട്ടിലൊഴിയുമ്പോള്‍മാത്രം മക്കളെ നിയമിക്കുന്ന രീതി മാറുന്നു; തന്തവൈബില്ലാതെ ഇന്ത്യന്‍ ബിസിനസ് ലോകവും!
തന്തവൈബില്ലാതെ ഇന്ത്യന്‍ ബിസിനസ് ലോകവും!
മഹാഭാരത യുദ്ധത്തിനുശേഷം ഇന്ത്യയിലുണ്ടായ ഏറ്റവും വലിയ സ്വത്തുതര്‍ക്കം! ധീരുഭായ് അംബാനി എന്ന ഒറ്റയാന്‍, ഒന്നുമില്ലായ്മയില്‍നിന്ന് ഉണ്ടാക്കിയെടുത്ത, ശതകോടികളുടെ സാമ്രാജ്യത്തിനുവേണ്ടി മക്കള്‍ അനിലും മുകേഷും പോരടിച്ചപ്പോള്‍ മാധ്യമങ്ങള്‍ എഴുതിയത് അങ്ങനെയായിരുന്നു. അന്ന് മൂത്തവനായ മുകേഷിനേക്കാള്‍, ഇളയവനായ അനിലാണ് ധീരുഭായിയുടെ പിന്‍ഗാമി എന്ന് വിശേഷിപ്പിക്കപ്പെട്ടത്. 2008 -ല്‍ ഫോര്‍ബ്‌സ് പട്ടികയില്‍ 43 ബില്യണ്‍ ഡോളര്‍ സമ്പത്തുമായി മുകേഷ് അംബാനി ലോകസമ്പന്നരില്‍ അഞ്ചാമനായിരുന്നു. തൊട്ടുപുറകില്‍ 42 ബില്യണ്‍ ഡോളറുമായി അനിയന്‍ അനില്‍ അംബാനി ആറാം സ്ഥാനത്തുണ്ട്. പക്ഷേ 2021 -ല്‍ 96 ബില്യണ്‍ ഡോളര്‍ സമ്പത്തുമായി മുകേഷ് ലോകസമ്പന്നരില്‍ പത്താമനായപ്പോള്‍, എല്ലാം നഷ്ടപ്പെട്ട് പാപ്പരത്ത നടപടികള്‍ നേരിടുന്ന ദയനീയ അവസ്ഥയാണ് അനിലുണ്ടായത്. ചേട്ടനുമായി നടത്തിയ അനാവശ്യ മത്സരവും അനിലിനെ തകര്‍ത്തു. ഒടുവില്‍ മുകേഷ് തന്നെയാണ് കോടികള്‍ മുടക്കി സഹോദരനെ ജയിലില്‍നിന്ന് മോചിപ്പിച്ചത്!
ഒരു ശരാശരി ഇന്ത്യന്‍ ബിസിനസ് ഫാമിലിയുടെ അവസ്ഥ ഇങ്ങനൊയിരുന്നു. തന്തമാര്‍ സമ്പാദിച്ച് കൂട്ടും മക്കള്‍ ദീപാളി കുളിക്കും! മരിക്കുന്നതുവരെ എല്ലാകാര്യവും നിയന്ത്രിക്കുന്ന പിതാവ് ഒരുകാര്യവും മക്കളെ സ്വതന്ത്രമായി ചെയ്യാന്‍ അനുവദിക്കില്ല. അതിന്റെ ഫലമോ? അപ്പന്‍ എന്ന ആ വന്‍മരം വീഴുന്നതോടെ ബിസിനസ് തകരും. എന്നാല്‍ ഇപ്പോള്‍ ഇന്ത്യന്‍ ബിസിനസ് കുടുംബങ്ങളും ഏറെ മാറുകയാണെന്നാണ് റിപ്പോര്‍ട്ട്. കടല്‍ക്കിഴവന്‍മ്മാരെപ്പോലെ പിതാക്കള്‍ കോടികള്‍ അള്ളിപ്പിടിച്ചിരുന്ന കാലം പോയി. ഇന്ത്യന്‍ ബിസിനസ് രംഗത്തും തലമുറമാറ്റം നടക്കുകയാണ്. അപ്പന്‍ ചത്താല്‍ മാത്രം കമ്പനിയുടെ നിയന്ത്രണം മക്കള്‍ക്ക് കിട്ടുന്ന കാലം കഴിഞ്ഞു. ജീവിച്ചിരക്കുമ്പോള്‍ തന്നെ മക്കളെ കമ്പനികളുടെ വിവിധ ചുമതയലകള്‍ ഏല്‍പ്പിച്ച്, പതുക്കെ ഹാപ്പി റിട്ടയര്‍മെന്റ് ലൈഫിലേക്ക് പോവുന്ന, അസാധാരണമായ മാറ്റത്തിലേക്ക് ഇന്ത്യന്‍ ബിസിനസ് ലോകവും മാറുകയാണ്.
ഇന്ത്യയിലെ മുന്‍നിര ബിസിനസുകാര്‍ തലമുറ മാറ്റത്തിന് തയ്യാറെടെക്കുകയാണെന്ന് ഇക്കണോമിക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മുകേഷ് അംബാനി, ഗൗതം അദാനി എന്നിവരും, ഗോദ്റെജും, എച്ച്.സി.എല്‍ ടെക്നോളജീസും ഈ ലിസ്റ്റില്‍ ഉള്‍പ്പെടുന്നു. ഇന്ത്യയിലെ ചില തുറമുഖങ്ങള്‍, എയര്‍പോര്‍ട്ടുകള്‍, റിഫൈനറികള്‍, റിയല്‍ എസ്റ്റേറ്റ്, ഐ.ടി,എഫ്.എം.സി.ജി സെക്ടറുകളിലെ പ്രമുഖ കോര്‍പറേറ്റ് കമ്പനികള്‍ തുടങ്ങിയവയുടെയെല്ലാം 'നിയന്ത്രണം' വൈകാതെ തന്നെ പുതിയ കരങ്ങളിലേക്കെത്തും. 2024 മുതല്‍ 2030 വരെയുള്ള വര്‍ഷങ്ങളിലെ ഈ തലമുറക്കൈമാറ്റത്തിലൂടെ ഏകദേശം 1.5 ട്രില്യണ്‍ ഡോളറുകള്‍ അഥവാ ഏകദേശം 125 ലക്ഷം കോടി രൂപയാണ് പുതു തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നത്!
മക്കള്‍ക്ക് കൈമാറുന്ന മുകേഷ്
ധീരുഭായ് അംബാനിയെന്ന സാധാരണക്കാരനായ ഒരു കച്ചവടക്കാരന്‍ പടുത്തുയര്‍ത്തിയ അംബാനി സാമ്രാജ്യം ഇന്ന് ലോകത്തെ തന്നെ ഏറ്റവും വലിയ ബിസിനസ് കുടുംബങ്ങളിലൊന്നായി വളര്‍ന്നു കഴിഞ്ഞു. മുകേഷ് അംബാനി ലോകത്തെ പതിനൊന്നാമത്തെ കോടീശ്വരനുമാണ്. ഫോര്‍ബ്സ്, ഹുറുണ്‍ 2025 ബില്യണയേഴ്സ് ലിസ്റ്റ് പ്രകാരം ഇന്ത്യയിലെയും, ഏഷ്യയിലെയും ഏറ്റവും വലിയ സമ്പന്നാണ് മുകേഷ്. നിലവില്‍ അദ്ദേഹത്തിന്റെ ആസ്തി 91.3 ബില്യണ്‍ യുഎസ് ഡോളറാണ്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ നിലവിലെ വിപണി മൂല്യം 16.30 ലക്ഷം കോടി രൂപയും.
പക്ഷേ വില്‍പ്പത്രം എഴുതാതെ മരിച്ചുപോവുക എന്ന തന്റെ പിതാവിന് പറ്റിയ അബദ്ധം തനിക്ക് പറ്റരുത് എന്ന് നിര്‍ബന്ധമുള്ളയാളാണ് മുകേഷ്. അതിനുവേണ്ടി അദ്ദേഹം താന്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ മക്കളെ താക്കോല്‍ സ്ഥാനങ്ങളില്‍ കയറ്റിയിരിക്കയാണ്. മൂന്ന് മക്കളേയും 2023-ല്‍ തന്നെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ബോര്‍ഡില്‍ അദ്ദേഹം ഉള്‍പ്പെടുത്തിയിട്ടുണ്ട്. റിലയന്‍സ് റീട്ടെയിലിന്റെ ചുമതല ഇഷ അംബാനിക്കും, ജിയോയുടെ നേതൃത്വം ആകാശ് അംബാനിക്കും, ഗ്രീന്‍ എനര്‍ജി ബിസിനസുകളുടെ ചുമതല ആനന്ദ് അംബാനിക്കുമാണ് നല്‍കിയിരിക്കുന്നത്. ഇത്തരത്തില്‍ മൂന്ന് ബിസിനസ് സാമ്രാജ്യങ്ങളാണ് മുകേഷ് അംബാനി വിഭാവനം ചെയ്യുന്നത്.
മാസങ്ങള്‍ക്ക് മുമ്പ് ഇന്ത്യയിലെ ഏറ്റവും ധനികരായ വ്യക്തികളുടെ ലിസ്റ്റിലേയ്ക്ക് മുകേഷ് അംബാനിയുടെ ആണ്‍മക്കള്‍ ഇടംപടിച്ചിരുന്നു. 360 വണ്‍ വെല്‍ത്ത്- ക്രിസില്‍ വെല്‍ത്ത് റിപ്പോര്‍ട്ടിലാണ് ആകാശ് അംബാനിയും, അനന്ത് അംബാനിയും പ്രത്യക്ഷപ്പെട്ടിരിക്കന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം അംബാനിയുടെ രണ്ട് ആണ്‍മക്കള്‍ക്കും 3.6 ലക്ഷം കോടി രൂപ (ഏകദേശം 43 ബില്യണ്‍ യുഎസ് ഡോളര്‍) വീതം ആസ്തിയുണ്ട്.
പക്ഷേ, ഇഷ അംബാനിയാണ് മുകേഷിന്റെ പ്രിയ പുത്രിയെന്നും, അംബാനിയുടെ യഥാര്‍ത്ഥ പിന്‍ഗാമി ഈ 33കാരിയാണെന്നുമാണ് മുംബൈ ബിസിനസ് പത്രങ്ങള്‍ എഴുതുന്നത്. ഈയിടെ മകള്‍ ഇഷ അംബാനിയെ 'ഓഫീസിലെ ബോസ്' എന്ന് വിശേഷിപ്പിച്ചത് വലിയ വാര്‍ത്തയായിരുന്നു. വനിതാ സംരംഭകത്വത്തിനുള്ള എക്‌സ്പ്രസ് അവാര്‍ഡുകളില്‍ സംസാരിക്കവേയായിരുന്നു മുകേഷ് അംബാനിയ ഇങ്ങനെ പറഞ്ഞത്. -''എനിക്ക് ഇതിനകം തന്നെ ഓഫീസില്‍ ഒരു ബോസ് ഉണ്ട്. മീറ്റിങ്ങുകളില്‍ ഇഷ എന്റെ പ്രകടനത്തിന് ഗ്രേഡ് നല്‍കുന്നു. ചിലപ്പോ്െഴല്ലാം അവള്‍ എനിക്ക് ഡി റാങ്കിംഗ് നല്‍കുന്നു. വാസ്തവത്തില്‍ അവള്‍ എന്നെ നിരന്തരം ഗ്രേഡ് ചെയ്യുന്നു.'- അംബാനി പറഞ്ഞു. സര്‍വൈല്‍ ഓഫ് ദ ഫിറ്റസ്റ്റ് എന്ന ആശയത്തിലല്ല സര്‍വൈവല്‍ ഓഫ് ദ കൈന്‍ഡസ്റ്റ് എന്ന ആശയത്തിലാണ്, ഇഷ അംബാനി വിശ്വസിക്കുന്നതെന്നും അംബാനി കൂട്ടിച്ചേര്‍ത്തു.
പക്ഷേ അംബാനി കുടുംബത്തിലെ ഏറ്റവും മിടുക്കിയായ സ്ത്രീ ആരാണെന്ന് ചോദിച്ചാല്‍ അത്, മുകേഷ് അംബാനിയുടെ ഭാര്യ നിതാ അംബാനി എന്ന് പറയേണ്ടിവരും. ഭാര്യയുടെ കഴിവുകള്‍ ഒന്നും പരിഗണിക്കാതെ അവരെ കെട്ടിപ്പൂട്ടിയിടുന്ന അഴകിയ രാവണനല്ല മുകേഷ്. നിത, മുകേഷ് അംബാനികൊപ്പം ബിസിനസിലും സജീവമാണ്. റിലയന്‍സ് ഫൗണ്ടേഷന്റെ തലപ്പത്തും, ധീരുഭായ് അംബാനി ഇന്റര്‍നാഷല്‍ സ്‌കൂള്‍ സ്ഥാപകയും, റിലയന്‍സ് ഡയറക്റ്ററുമായെല്ലാം ബിസിനസ് ലോകത്ത് നിറഞ്ഞു നില്‍ക്കുന്നവരാണ്. കുടുംബ ബിസിനസിലെ പ്രധാന തീരുമാനങ്ങളിലെല്ലാം അംബാനിയുടെ ഉപദേഷ്ടാവാണ് നിത. അംബാനി കുടുംബത്തില്‍ സമ്പുര്‍ണ്ണ ഐക്യം കൊണ്ടുവന്നതും അവര്‍ ആയിരുന്നു. മുടിയനായ പുത്രനായ അനിയന്‍ അനില്‍ അംബാനിയോട് ക്ഷമിച്ച്, അയാളെ കടുംബത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ പ്രേരിപ്പച്ചതും നിതയാണ്. പക്ഷേ മക്കള്‍ക്കൊപ്പം ഭാര്യക്കും ചുമതലകള്‍ മുകേഷ് വീതിച്ചുകൊടുക്കുന്നുണ്ട്. ഇതെല്ലാം നല്ലരീതിയില്‍പോയാല്‍ വൈകാതെ തന്നെ വിരമിക്കാനാണ് മുകേഷ് അംബാനിയുടെ തീരുമാനം എന്നാണ് ഇക്കണോമിക്ക് ടൈംസ് എഴുതുന്നത്.
നിലവില്‍ ഇഷ അംബാനിയാകും, മുകേഷ് അംബാനിക്കു ശേഷം റിലയന്‍സിന്റെ ചുമതലയില്‍ എത്തുകയെന്നാണ് പൊതുവേ വിശ്വസിക്കപ്പെടുന്നത്. എന്നാല്‍ സഹോദരന്‍ ആകാശ് അംബാനിക്കും മികച്ച സാധ്യതകളുണ്ട്. ജിയോ എന്ന ബ്രാന്‍ഡ് നിലവില്‍ റിലയന്‍സില്‍ വന്‍ ശക്തിയായി മാറികൊണ്ടിരിക്കുകയാണ്. ഇതിനു പിന്നില്‍ അകാശ് അംബാനിയാണ്. അംബാനിക്കു ശേഷം നിത ആ സ്ഥാനത്ത് എത്താനുള്ള സാധ്യതയും പൂര്‍ണമായി തള്ളാന്‍ കഴിയില്ല എന്നാണ് ബിസിനസ് മാധ്യമങ്ങള്‍ പറയുന്നത്. പക്ഷേ എന്തായാലും അനിലും മുകേഷും പരസ്പരം മത്സരിച്ച്, അനില്‍ കടക്കാരനായിപ്പോയതുപോലുള്ള ഒരു അവസ്ഥ ഇവര്‍ തമ്മിലുണ്ടാവില്ല. ഭാവിയില്‍ എന്ത് മാറ്റമുണ്ടായാലും പരസ്പരം മത്സരിക്കരുത് മക്കളുടെ ഇടയില്‍ മുകേഷ് ധാരണയില്‍ എത്തിയിട്ടുണ്ട്. എന്തിന് അനില്‍ അംബാനിയുടെ മക്കളോട്പോലും ഇവര്‍ക്ക് സൗഹൃദമാണ്. വല്യച്ചന്റെ തണലിലാണ് അനിലിന്റെ മക്കള്‍, പാപ്പരായ ആ കമ്പനിയെ ഉയര്‍ത്തികൊണ്ടുവരുന്നത്. ഇന്ത്യന്‍ ബിസിനസ് ഫാമിലികളുടെ സങ്കല്‍പ്പങ്ങള്‍ പൂര്‍ണ്ണമായി മാറുകയാണെന്ന് ചുരുക്കം.
മരുമക്കളും അദാനിക്ക് മക്കള്‍
ശൂന്യതയില്‍നിന്ന് കഠിനാധ്വാനത്തിലൂടെ വ്യവസായ സാമ്രാജ്യം പടുത്തുയര്‍ത്തിയ ബിസിനസ് മാനാണ് ഗൗതം അദാനി. അഹമ്മദബാദിലെ ഒരു ജൈന കുടുംബത്തിലെ 8 മക്കളില്‍ ഏഴാമനായി ജനിച്ച ഇയാള്‍ 16 വയസ്സുള്ളപ്പോള്‍ നാടുവിട്ട് മുംബൈയിലെത്തി രത്്നങ്ങള്‍ തരംതിരിക്കുന്ന പണി തുടങ്ങിയതാണ്. തുടര്‍ന്ന് ചേട്ടന്റെ ഒരു പിവിസി ഫിലിം നിര്‍മ്മാണ ഫാക്ടറി ഏറ്റെടുത്ത് തുടങ്ങിയ യാത്രയാണ് ഇന്നുകാണുന്ന അദാനിയിലേക്ക് എത്തിച്ചത്. തന്റെ സഹോദരങ്ങളുമായി ഇന്നും നല്ല ബന്ധം പുര്‍ത്തുന്ന അദാനി, കുടുംബ ബന്ധങ്ങള്‍ക്ക് വലിയ വിലകൊടുക്കുന്നയാളാണ്. അതുകൊണ്ടുതന്നെ തനിക്കുശേഷം ഇവര്‍ തമ്മില്‍ തല്ലി തീരരുതെന്നും അദ്ദേഹത്തി്ന് നിര്‍ബന്ധമുണ്ട്. ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ധനികനായ ഗൗതം അദാനിക്ക് നിലവില്‍ 63 വയസ് കഴിഞ്ഞു. ഏകദേശം 213 ബില്യണ്‍ ഡോളറിന്റെ സാമ്രാജ്യമാണ് അദ്ദേഹം കെട്ടിപ്പടുത്തിരിക്കുന്നത്. തന്റെ 70-ാം വയസ്സില്‍ വിരമിക്കാനും ബിസിനസുകള്‍ നാല് അനന്തരാവകാശികള്‍ക്ക് നല്‍കാനുമാണ് ഗൗതം അദാനി തീരുമാനിച്ചിരിക്കുന്നത്.
ഗൗതം അദാനി- പ്രീതി അദാനി ദമ്പതികള്‍ക്ക് കരണ്‍ അദാനി, ജീത് അദാനി എന്നിങ്ങനെ രണ്ടു മക്കള്‍ ആണുള്ളത്. എന്നാല്‍ അദാനി സാമ്രാജ്യം ആരിലേയ്ക്ക് എന്ന ചോദ്യത്തിന് നാലു പേരുകള്‍ ഉയര്‍ന്നുവരുന്നത്. ഗൗതം അദാനിയുടെ മരുമക്കളായ പ്രണവ് അദാനി, സാഗര്‍ അദാനി എന്നിവരും ചിത്രത്തിലുണ്ട്. ഇരുവരും തനിക്ക് മക്കള്‍ക്കു സമമാണെന്ന് ഗൗതം അദാനി തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഏഷ്യയിലെ ഏറ്റവും വലിയ മുംബൈ ചേരിയുടെ മുഖം മാറ്റം മുതല്‍, പുനരുപയോഗ ഊര്‍ജ പാര്‍ക്ക് നിര്‍മ്മാണം വരെ വമ്പന്‍ പദ്ധതികളാണ് അദാനി ഇതോടകം ഏറ്റെടുത്തിട്ടുള്ളത്. അദാനി ഗ്രൂപ്പിന്റെ വൈവിധ്യമാര്‍ന്ന ബിസിനസുകള്‍ക്ക് നാലുപേരും ഇതിനകം തന്നെ ഗണ്യമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.
ഗൗതം അദാനി പിന്തുടര്‍ച്ച പദ്ധതികള്‍ ആവിഷ്‌കരിച്ചിരുന്നുവെന്നും, 2030-കളുടെ തുടക്കത്തോടെ അദ്ദേഹത്തിന്റെ അനന്തരാവകാശികള്‍ നേതൃത്വം ഏറ്റെടുക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കുടുംബ ട്രസ്റ്റില്‍ നാലുപേര്‍ക്കും തുല്യ പങ്കാളിത്തമുണ്ടെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പര്‍ഡ്യൂ സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയ ആളാണ് കരണ്‍ അദാനി. നിലവില്‍ അദാനി പോര്‍ട്ട്സ് ആന്‍ഡ് സെസ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറാണ്. തുറമുഖ ബിസിനസ് വിപുലീകരിക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്ക് വഹിക്കുന്നു.
അദ്ദേഹത്തിന്റെ സഹോദരന്‍ ജീത് അദാനി പെന്‍സില്‍വാനിയ സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയിട്ടുണ്ട്. അദാനി ഗ്രൂപ്പിന്റെ എയര്‍പോര്‍ട്ട് പോര്‍ട്ട്‌ഫോളിയോയുടെ മേല്‍നോട്ടമാണ് ജീത്തിനുള്ളത്. അവരുടെ ബന്ധുവായ പ്രണവ് അദാനി, അദാനി ഗ്രൂപ്പിന്റെ അഗ്രോ, ഓയില്‍, ഗ്യാസ് മേഖലകളെ നയിക്കുന്നു. ബോസ്റ്റണ്‍ യൂണിവേഴ്സിറ്റി ബിരുദധാരിയായ പ്രണവ് മുംബൈയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയെ പുനര്‍വികസിപ്പിക്കാനുള്ള പദ്ധതിക്ക് നേതൃത്വം നല്‍കുന്നു.
ബ്രൗണ്‍ സര്‍വകലാശാലയുടെ ഉല്‍പ്പന്നമാണ് സാഗര്‍ അദാനി. നിലവില്‍ അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറാണ്. ബഹിരാകാശത്ത് നിന്ന് ദൃശ്യമാകുന്ന ലോകത്തിലെ ഏറ്റവും വലിയ പുനരുപയോഗ ഊര്‍ജ പാര്‍ക്കുകളിലൊന്ന് നിര്‍മ്മിക്കാനുള്ള അതിമോഹമായ പദ്ധതിക്ക് അദ്ദേഹം നേതൃത്വം നല്‍കുന്നു. മക്കളും മരുമക്കളും തമ്മില്‍ പരസ്പരം മത്സരിക്കരുതെന്നും തമ്മിലടക്കരുതെന്നും അദാനി കുടുംബയോഗങ്ങളില്‍ പറയാറുണ്ട്. ഭാവിയില്‍ ഇവര്‍ തമ്മില്‍ മത്സരിക്കാനുള്ള സാഹചര്യം ഒഴിവക്കാനായി കരാര്‍ ഒപ്പിടീപ്പിച്ചിട്ടുണ്ടെന്നും നേരെത്ത വാര്‍ത്തകള്‍ വന്നിരുന്നു.
ഗോദ്റേജിന്റെ സ്നേഹപ്പൂട്ട്!
ഇന്ത്യന്‍ കുടുംബ ബിസിനസ് ചരിത്രം നോക്കിയാല്‍ ഒരു ചെറിയ ജ്വല്ലറി നടത്തുന്നവര്‍പോലും സ്വത്തിന്റെ പേരില്‍ അടിച്ചുപിരിയുന്നതാണ് നമുക്ക് കാണാന്‍ കഴിയുക. അവിടെയാണ് കോടികള്‍ ആസ്തിയുള്ള, 127 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള, പൂട്ടിന്റെയും താക്കോലിന്റെയും അലമാരയുടെയുമൊക്കെ പര്യായമായി മാറിയ, ഗോദ്റേജില്‍ യാതൊരു പ്രശ്നവുമില്ലാതെ ഒരു പങ്കുവെക്കല്‍ നടന്നത്. സമാധാനപരമായ മ്യൂച്ചല്‍ ഡിവോഴസ്പോലെ, കുടുംബ ബിസിനസില്‍ പരസ്പര സമ്മതത്തോടെയുള്ള വിഭജനമാണ് കഴിഞ്ഞ വര്‍ഷം നടന്നത്.
നാട്ടില്‍ മോഷണം പെരുകുന്നത് സൗഭാഗ്യമാക്കി മാറ്റിയ ഒരു കമ്പനിയാണ് ഗോദ്റേജ് എന്നാണ് തമാശയായി പറയുക. പൂട്ടിലും താക്കോലിലും തുടങ്ങി സേഫിലൂടേയും സോപ്പിലൂടേയും വളര്‍ന്ന് ബഹിരാകാശം വരെ വളര്‍ന്നുനില്‍ക്കുന്ന ഗോദ്‌റേജിന്റെ ചരിത്രത്തിന് സമാനതകള്‍ ഏറെയില്ല. ഇന്ത്യയുടെ സ്വദേശി പ്രസ്ഥാനത്തിന്റെ തുടക്കത്തിനൊപ്പമാണ് ഗോദ്‌റേജും വളര്‍ന്നത്.
അഭിഭാഷകനായിരുന്ന ആര്‍ദേഷിര്‍ ഗോദ്റേജും സഹോദരനായ പിര്‍ജോഷ ബുര്‍ജോര്‍ജിയും ചേര്‍ന്ന് 1897ലാണ് ഗോദ്‌റേജ് എന്ന കമ്പനി സ്ഥാപിച്ചത്. വക്കീലായിരുന്നെങ്കിലും സ്വന്തമായി ബിസിനസ്സ് ചെയ്യണമെന്ന ആഗ്രഹം ആര്‍ദേഷിറിനെ ലോക്ക് കച്ചവടത്തിലേക്കെത്തിക്കുകയായിരുന്നു. അന്ന് പൂട്ടും താക്കോലും ഇന്ത്യന്‍ വ്യവസായ മേഖലയ്ക്ക് അത്ര പരിചയമുള്ള ഒന്നായിരുന്നില്ല. അതുവരെ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്തിരുന്ന ഉപകരണം സ്വന്തമായി നിര്‍മിച്ചുനോക്കണമെന്ന തീരുമാനമാണ് ഇന്ത്യയിലെ ലോക്ക് വിപ്ലവത്തിന്' തുടക്കമിട്ടത്.
ആ സംഭവം ക്ലിക്കായി. കമ്പനി വളര്‍ന്നു. അര്‍ദേഷിറന് ആണ്‍മക്കള്‍ ഇല്ലായിരുന്നു. തുടര്‍ന്ന് കമ്പനി പിരോജ്ഷായുടെ കൈയില്‍ എത്തി. സൊഹ്‌റാബ്, ദോസ, നേവല്‍, ബര്‍ജോര്‍ എന്നിവരായിരുന്നു പിരോജ്ഷായുടെ മക്കള്‍. സൊഹ്‌റാബിന് കുട്ടികളില്ലായിരുന്നു. ദോസയ്ക്ക് റിഷാദ് എന്നൊരു കുട്ടിയുണ്ടായിരുന്നു. കാലക്രമേണ ഗ്രൂപ്പിന്റെ നേതൃത്വം ബര്‍ജോറിന്റെ പിന്‍ഗാമികളായ ആദി, നാദിര്‍, നേവലിന്റെ സന്തതികളായ ജംഷിദ്, സ്മിത എന്നിവരിലേക്ക് പോയി. ഇപ്പോള്‍ ഇവരാണ് കമ്പനി വിഭജിച്ച് എടുത്തത്.
വിഭജന കരാര്‍ അനുസരിച്ച് സഹോദരങ്ങളായ ജംഷിദ് ഗോദ്‌റേജിനും സ്മിത കൃഷ്ണനും ഗോദ്‌റെജ് ആന്‍ഡ് ബോയ്‌സ് മാനുഫാക്ച്ചറിങ് കമ്പനി ലിമിറ്റഡ് ലഭിച്ചു. എയ്റോസ്പേസ്, വ്യോമയാനം, പ്രതിരോധം, എന്‍ജിന്‍, മോട്ടോറുകള്‍, കണ്‍സ്ട്രക്ഷന്‍, ഫര്‍ണിച്ചര്‍, സോഫ്റ്റ്വെയര്‍, ഐടി തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ലിസ്റ്റ് ചെയ്യാത്ത കമ്പനിയാണ് ഗോദ്റേജ് ആന്‍ഡ് ബോയ്സ് മാനുഫാക്ചറിങ് കമ്പനി ലിമിറ്റഡ്. ഗോദ്റേജ് എന്റര്‍പ്രൈസസ് ഗ്രൂപ്പിന് കീഴിലാകും ഇത് പ്രവര്‍ത്തിക്കുക. സ്മിതയുടെ മകളായ നൈരിക ഹോള്‍ക്കര്‍ ഈ വിഭാഗത്തിന്റെ നിയുക്ത എക്സിക്യൂട്ടീവ് ഡയറക്ടറാണ്. ജംഷിദ് ഗോദ്റെജ് ചെയര്‍പേഴ്സണും മാനേജിംഗ് ഡയറക്ടറുമായിരിക്കും.
ഗോദ്‌റേജ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, ഗോദ്‌റേജ് പ്രോപ്പര്‍ട്ടീസ് ലിമിറ്റഡ്, ഗോദ്‌റെജ് അഗ്രോവെറ്റ് ലിമിറ്റഡ്, ഗോദ്‌റെജ് കണ്‍സ്യൂമര്‍ പ്രോഡക്ട്സ് ലിമിറ്റഡ്, ആസ്ടെക് ലൈഫ് സയന്‍സ് ലിമിറ്റഡ് എന്നീ ലിസ്റ്റഡ് കമ്പനികള്‍ നാദിര്‍, ആദി ഗോദ്റെജ് കുടുംബങ്ങള്‍ക്ക് ലഭിക്കും. ഗോദ്‌റെജ് ഇന്‍ഡസ്ട്രീസ് ഗ്രൂപ്പിനെ നാദിര്‍ ഗോദ്‌റെജ് നയിക്കും. 2026 ഓഗസ്റ്റില്‍ നാദിറിന്റെ പിന്‍ഗാമിയായി ആദിയുടെ മകന്‍ പിറോജ്ഷ എക്സിക്യൂട്ടീവ് വൈസ് ചെയര്‍പഴ്സണാകും.
നിലവിലെ പുനഃസംഘടന അനുസരിച്ച് ഗോദ്‌റേജ് എന്റര്‍പ്രൈസ് ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായ നൈറിക ഹോള്‍ക്കറും ഗോദ്‌റേജ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ എക്സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്സണായ പിറോജ്ഷാ ഗോദ്റെജും 2026 ഓഗസ്റ്റില്‍ നാദിറിന്റെ പിന്‍ഗാമികളായി നേതൃസ്ഥാനത്തേയ്ക്ക് ഉയരും.
മുംബൈയിലെ കണ്ണായ സ്ഥലമായ വിക്രോളിയില്‍ ഗോദ്‌റേജിന് മൂവായിരത്തിലധികം ഏക്കര്‍ ഭൂമിയുണ്ട്. ആദിയുടെ മുത്തച്ഛന്‍ പിറോജ്ഷ രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടീഷുകാരില്‍ നിന്നാണ് 3,000 ഏക്കര്‍ ഭൂമി വാങ്ങിയത്. തുടര്‍ന്ന് 400 ഏക്കര്‍ കൂടി വാങ്ങി കൂട്ടിയാണ് ഇന്നത്തെ നിലയില്‍ എത്തിയത്. ഇതില്‍ 2,000 ഏക്കര്‍ കണ്ടല്‍ക്കാടുകളാണ്. ഏകദേശം 1000 ഏക്കര്‍ ഭൂമി വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഗോദ്‌റേജ് കുടുംബത്തിലുണ്ടായ തര്‍ക്കമാണ് വിഭജനത്തില്‍ കലാശിച്ചത്. പക്ഷേ അവര്‍ക്ക് അത് സമാധാനപരമായി പരിഹരിക്കാന്‍ കഴിഞ്ഞു. പരസ്പരം ഈഗോ കാട്ടി മത്സരിച്ച് മുടിയുക എന്ന ഇന്ത്യന്‍ പരമ്പരാഗത രീതികളില്‍നിന്ന് ബിസിനസ് കുടുംബങ്ങളും മോചിതമാവുകയാണ്.
ഇന്ത്യയിലെ ഏറ്റവും ധനികയായ വനിത!
ഇന്ത്യയിലെ ആദ്യത്തെ ആഭ്യന്തര കമ്പ്യൂട്ടര്‍ നിര്‍മിച്ച് ചരിത്രം സൃഷ്ടിച്ച, എച്ച്.സി.എല്‍ ടെക്നോളജീസിന്റെ സ്ഥാപകന്‍ ശിവ് നാടാര്‍ തന്റെ ബിസിനസ് സാമ്രാജ്യം മകളായ റോഷ്നി നാടാരിന് കൈമാറിയിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും ധനികയായ വനിതയാരാണ് എന്ന ചോദ്യത്തിന്, അംബാനിയുടേയോ അദാനിയുടേയോ ഭാര്യയോ മകളോ ആയിരിക്കും ഉത്തരം എന്നാണ് പൊതുവെ കരുതകു. പക്ഷേ അത് റോഷ്നി നാടാര്‍ മല്‍ഹോത്ര എന്ന 43കാരിയാണ്. ശിവ് നാടാറുടെ ഏക മകളാണ് റോഷ്നി. എച്ച്.സി.എല്‍ ഗ്രൂപ്പിലെ നാല്‍പ്പത്തിയേഴു ശതമാനം ഓഹരികള്‍ ശിവ് നാടാര്‍ കൈമാറിയതോടെയാണ് റോഷ്നി രാജ്യത്തെ ഏറ്റവും സമ്പന്നയായ വനിതയായി മാറിയത്. ഇന്ന്, ഇന്ത്യയിലെ ധനികരുടെ പട്ടികയില്‍ മുകേഷ് അംബാനിക്കും ഗൗതം അദാനിക്കും പിന്നില്‍ മൂന്നാം സ്ഥാനത്താണ് റോഷ്നിയുടെ സ്ഥാനം. ഫോര്‍ബ്സ് മാഗസിന്റെ കണക്കുപ്രകാരം 42 ബില്യണ്‍ യു.എസ്. ഡോളറാണ് റോഷ്നിയുടെ ഏകദേശ ആസ്തി. അതായത് 3 ലക്ഷത്തി അറുപത്തയ്യായിരം കോടിയോളം രൂപ!
1976-ല്‍ സ്ഥാപിക്കപ്പെട്ട എച്ച്.സി.എല്‍. ടെക്നോളജീസ്, ഇന്ത്യയിലെ മുന്‍നിര ഐടി കമ്പനികളില്‍ ഒന്നാണ്. രാജ്യത്തെ കമ്പ്യൂട്ടിംഗ്, ഐടി വ്യവസായത്തിന്റെ തുടക്കക്കാരില്‍ ഒരാളാണ് ശിവ് നാടാര്‍. അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ അദ്ദേഹത്തെ സ്നേഹപൂര്‍വ്വം 'മാഗസ്' എന്ന് വിളിക്കുന്നു, പുരാതന കാലത്തെ 'മാന്ത്രികന്‍' എന്നാണ് ഇതിനര്‍ത്ഥം. ഹാര്‍ഡ്വെയര്‍ രംഗത്തായിരുന്നു ശിവ് നാടാരുടെ തുടക്കം. അന്ന് കമ്പ്യൂട്ടര്‍ ബിസിനസൊന്നും ഇന്ത്യയില്‍ ക്ലച്ച് പിടിക്കില്ല എന്നായിരുന്നു പ്രചാരണം. ഇന്ത്യയിലെ ആദ്യത്തെ ആഭ്യന്തര കമ്പ്യൂട്ടര്‍ നിര്‍മിച്ചത് കമ്പനിയായിരുന്നു. തുടര്‍ന്ന് സോഫ്‌റ്റ്വെയര്‍ സേവന രംഗത്തേക്കുകൂടി കടന്നു. 2020ലാണ് റോഷ്നി നാടാര്‍ മല്‍ഹോത്ര എച്ച്.സി.എല്‍. ടെക്നോളജീസിന്റെ ചെയര്‍പേഴ്സണ്‍ സ്ഥാനത്തെത്തിയത്. അതോടെ കമ്പനി വെച്ചടി വളര്‍ന്നു. വെറുതെ കുടുംബ സ്വത്ത് ഓഹരിവെച്ച് കൊടുത്തതല്ല. അര്‍ഹതക്കുള്ള അംഗീകരാം കൂടിയാണിത്.
1982-ല്‍ ഡല്‍ഹിയില്‍ ജനിച്ച റോഷ്നി, വസന്ത് വാലി സ്‌കൂളിലാണ് പഠിച്ചത്. അമേരിക്കയില്‍ ഉന്നതപഠനം പൂര്‍ത്തിയാക്കിയ റോഷ്നിക്ക് കമ്യൂണിക്കേഷനില്‍ ബിരുദമുണ്ട്. റേഡിയോ, ടെലിവിഷന്‍, ഫിലിം എന്നിവ പ്രധാന വിഷയങ്ങളായി എടുത്താണ് നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് റോഷ്നി കമ്യൂണിക്കേഷനില്‍ ബിരുദം സ്വന്തമാക്കിയത്. സോഷ്യല്‍ എന്റര്‍പ്രൈസ് മാനേജ്മെന്റില്‍ എംബിഎയും റോഷ്നിയുടെ പേരിലുണ്ട്. എച്ച്.സി.എല്‍ ഹെല്‍ത്ത് കെയര്‍ വൈസ് ചെയര്‍മാന്‍ ശിഖര്‍ മല്‍ഹോത്രയാണ് റോഷ്നിയുടെ ജീവിതപങ്കാളി. തന്റെ മകള്‍ക്ക് കമ്പനിയെ നയിക്കാന്‍ കഴിയുമെന്ന പൂര്‍ണ്ണവിശ്വാസമുണ്ടെന്നും അത് അവര്‍ തെളിയിച്ചതാണെന്നുമാണ് ശിവ് നാടാര്‍ ഒരു അഭിമുഖത്തില്‍ റോഷ്ണിയെക്കുറിച്ച് പറയുന്നത്. താന്‍ ലക്ഷ്യമിട്ടതിന്റെ അപ്പുറത്തേക്ക് കമ്പനിയെ എത്തിക്കാന്‍ മകള്‍ക്ക് കഴിയുമെന്നും അദ്ദേഹം പറയുന്നു.
താന്‍ സ്ഥാപിച്ചിച്ച ശിവ് നാടാര്‍ ഫൗണ്ടേഷനിലുടെ ഒരുപാട് വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങങളും ചാരിറ്റി പ്രവര്‍ത്തനങ്ങളും അദ്ദേഹം നടത്തുന്നുണ്ട്. അത് കൂടതല്‍ ശക്തമായി തുടരുമെന്നാണ് മകളും പറയുന്നത്. ഇനിയുള്ള കാലം റിട്ടയേഡ് ലൈഫ് അല്ലെന്നും, മകള്‍ക്ക് ഒപ്പം താനുമുണ്ട് എന്നുമാണ് ശിവ് നാടാര്‍ പറയുന്നത്.
ടാറ്റയിലും മാറ്റത്തിന്റെ കാലം
30ലക്ഷം കോടി രൂപയുടെ ആസ്തിയുള്ള ലോകമെമ്പാടും പടര്‍ന്ന് പന്തലിച്ചു നില്‍ക്കുന്ന, സാമ്രാജ്യം. മൊത്തം എഴരലക്ഷം തൊഴിലാളികള്‍ക്ക് പ്രത്യക്ഷമായും, ജനകോടികള്‍ക്ക് പരോക്ഷമായും ജോലികൊടുക്കുന്ന ടാറ്റ ഇന്ത്യയിലെ ഏറ്റവും വിശ്വസ്ത സ്ഥാപനമാണ്. ഉത്തരേന്ത്യയിലൊക്കെ സര്‍ക്കാര്‍ ജോലിപോലും വലിച്ചെറിഞ്ഞാണ് ആളുകള്‍ ടാറ്റയില്‍ ജോലിക്ക് കയറുക! ആ ടാറ്റയിലും തലമറുമാറ്റം നടന്ന വര്‍ഷമാണ് കടഞ്ഞുപോയത്. മറ്റ് ബിസിനസ് ഗ്രൂപ്പുകളെപ്പോലെ അപ്പന്‍ കട്ടിലൊഴിയുമ്പോള്‍ മക്കളെ നിയമിക്കുന്ന രീതി ടാറ്റയില്‍ ഇല്ല. അവിടെ മെറിറ്റാണ് പ്രധാനം. ഇന്ത്യന്‍ ബിസിനസ് ലോകത്തെ അതികായനായ രത്തന്‍ ടാറ്റക്കാവട്ടെ, മക്കളുമില്ല. രത്തന്‍ ടാറ്റ മരിച്ചതോടെ പിന്‍ഗാമിയായി ടാറ്റ ട്രസ്റ്റിന്റെ ചെയര്‍മാനായി അദ്ദേഹത്തിന്റെ അര്‍ധ സഹോദരന്‍ നോയല്‍ ടാറ്റയെയാണ് മുംബൈയില്‍ നടന്ന ടാറ്റ ട്രസ്റ്റുകളുടെ ബോര്‍ഡ് യോഗം കഴിഞ്ഞവര്‍ഷം തിരഞ്ഞെടുത്തത്.
വിശാലമായ ടാറ്റ ഗ്രൂപ്പിന്റെ ഹോള്‍ഡിംഗ് കമ്പനിയായ ടാറ്റ സണ്‍സില്‍ 66% നിയന്ത്രിത ഓഹരി കൈവശമുള്ള ടാറ്റ ട്രസ്റ്റ് ഗ്രൂപ്പിന്റെ ഭരണത്തില്‍ നിര്‍ണായക പങ്കാണ് വഹിക്കുന്നത്. ടാറ്റാ കുടുംബം ഉത്്ഭവം കൊണ്ട് നോക്കുകയാണെങ്കില്‍ ഇന്ത്യാക്കാര്‍ പോലുമല്ല. സ്ഥാപകന്‍ ജാംഷെഡ്ജി ടാറ്റയുടെ വേരുകള്‍ ചെന്നു നില്‍ക്കുന്നത് ഇറാനിലാണ്. അവിടെ നിന്ന് വന്ന പാര്‍സികള്‍ ആണ് അവര്‍.
രത്തന്‍ ടാറ്റയുടെ അച്ഛന്‍ നാവല്‍ ടാറ്റയുടെ രണ്ടാം വിവാഹത്തില്‍ നിന്നുള്ള മകനായ നോയല്‍ വര്‍ഷങ്ങളായി ടാറ്റ ഗ്രൂപ്പിന്റെ വിവിധ ഭാഗങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.ടാറ്റയുടെ റീട്ടെയില്‍ വിഭാഗമായ ട്രെന്റിനെ വിജയകരമായ വളര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. കുടുംബത്തിനല്ല, പ്രൊഫഷണലിസത്തിനാണ് മുന്‍തൂക്കം എന്നായിരുന്നു ജീവിതകാലമത്രയും രത്തന്‍ ടാറ്റയുടെ സിദ്ധാന്തം. അര്‍ധസഹോദരന്‍ നോയല്‍ ടാറ്റയെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നതിനുള്ള രത്തന്റെ ഉത്തരവും ഇതുതന്നെയായിരുന്നു. നേതൃപദവിയുടെ ഉത്തരവാദിത്തങ്ങള്‍ ചുമലിലേറ്റാന്‍ നോയല്‍ ടാറ്റ പ്രാപ്തനല്ലായെന്നായിരുന്നു രത്തന്‍ ടാറ്റയുടെ പക്ഷം. പക്ഷേ ചുമതലലേറ്റ് ഒരു വര്‍ഷമാവുമ്പോള്‍ എല്ലാവവും നോയലിന്റെ ശാന്തവും സൗമ്യവുമായ നേതൃത്വത്തെ പുകഴ്ത്തുന്നുമുണ്ട്്. രത്തന്‍ ടാറ്റയെപ്പോലെ വെട്ടൊന്ന് മുറി രണ്ട് അല്ല അദ്ദേഹത്തിന്റെ ശൈലി. എല്ലാവരെയും ചേര്‍ത്ത് കൊണ്ടുപോവുകയാണ്.
2017 മുതല്‍ ടാറ്റ സണ്‍സിന്റെ ചെയര്‍മാനായ എന്‍ ചന്ദ്രശേഖരനും ടാറ്റയില്‍ ഗണ്യമായ റോളുണ്ട്. അതിനുമുമ്പ്, ചന്ദ്രശേഖരന്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ (ടിസിഎസ്) സിഇഒ ആയിരുന്നു, അവിടെ അദ്ദേഹം അതിന്റെ ആഗോള വിപുലീകരണത്തിലും നിര്‍ണായക പങ്കുവഹിച്ചു. ഇപ്പോഴും ടാറ്റ കുടുംബത്തിലെ അംഗമല്ലെങ്കിലും ഗ്രൂപ്പിലെ കരുത്തനാണ് അദ്ദേഹം. നോയല്‍ ടാറ്റയുടെ മക്കളും ബിസിനസ് രംഗത്ത് സജീവമാണ്. മൂത്തവളായ ലിയ ടാറ്റ, മാഡ്രിഡിലെ ഐഇ ബിസിനസ് സ്‌കൂളില്‍ നിന്ന് മാര്‍ക്കറ്റിംഗില്‍ ബിരുദാനന്തര ബിരുദം നേടി, 2006-ല്‍ ടാറ്റ ഗ്രൂപ്പില്‍ ചേര്‍ന്നു. നിലവില്‍ ഗ്രൂപ്പിന്റെ ഹോസ്പിറ്റാലിറ്റി വിഭാഗമായ ദി ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി ലിമിറ്റഡില്‍ (ഐഎച്ച്‌സിഎല്‍) വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിക്കുന്നു.
പക്ഷേ രത്തന്‍ ടാറ്റയുടെ പിന്മുറക്കാരിയായായാണ് പരക്കെ പരിഗണിക്കപ്പെടുന്നത്, നോയലിന്റെ രണ്ടാമത്തെ മകളായ 35കാരിയായ മായയാണ്. ലണ്ടനിലെ ബെയ്‌സ് ബിസിനസ് സ്‌കൂളിലും വാര്‍വിക്ക് യൂണിവേഴ്‌സിറ്റിയിലും വിദ്യാഭ്യാസം നേടിയ അവര്‍ ടാറ്റ ഓപ്പര്‍ച്യുണിറ്റീസ് ഫണ്ടിലൂടെയാണ് കരിയര്‍ ആരംഭിക്കുന്നത്. ഒരുപാട് വിഷന്‍സ് കൈയിലുള്ള ഇവരാണ്, രത്തന്‍ ടാറ്റയുടെ യഥാര്‍ത്ഥ പിന്‍ഗാമിയെന്നാണ് മുബൈ ബിസിനസ് മീഡിയ എഴുതുന്നത്. മൂവരില്‍ ഇളയവനായ നെവില്‍ ടാറ്റ, തന്റെ പിതാവ് പണിയാന്‍ സഹായിച്ച റീട്ടെയില്‍ കമ്പനിയായ ട്രെന്റില്‍ തന്റെ കരിയര്‍ ആരംഭിച്ചു. ഗ്രൂപ്പിന്റെ റീട്ടെയില്‍ മേഖലയുമായി ആഴത്തിലുള്ള ബന്ധമുള്ളതിനാല്‍, കമ്പനിയിലെ നെവിലിന്റെ ഭാവിയും വ്യവസായ നിരീക്ഷകര്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നു. ഈ പറഞ്ഞ അഞ്ചുപേരാണ് നിലവില്‍ ടാറ്റയില്‍ എറ്റവും കരുത്തര്‍. അതില്‍ ഭൂരിഭാഗവും ചെറുപ്പക്കാര്‍ തന്നെ.
വാല്‍ക്കഷ്ണം: ചുരുക്കിപ്പറഞ്ഞാല്‍ കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍ പുതിയ തലമുറയുടെ കൈയിലെത്തിയിരിക്കയാണ്. അവരുടെ നല്ല പ്രായത്തില്‍തന്നെ അവര്‍ക്ക് അത് കിട്ടുന്നു. പുതിയ കാലത്തിനൊത്ത് പുതുതലമുറാ നേതൃതത്തിലുടെ ഇന്ത്യയിലെ ബിസിനസ് ഗ്രൂപ്പുകളും മുന്നോട്ട് പോവുകയാണ്. ബിസിനസ് ലോകത്തും തന്തവൈബ്് ഇല്ലാതാവുന്നുവെന്നത് ആശ്വാസം തന്നെ!